Asianet News MalayalamAsianet News Malayalam

മാഞ്ഞു പോയൊരാള്‍

പതിവ് മുഖങ്ങള്‍ ഒന്നും അവിടെ കാണാനുണ്ടായിരുന്നില്ല. സ്‌റ്റേഷന്‍ നിറയെ പോലീസുകാരായിരുന്നു. എന്റെ ചുറ്റിത്തിരിയല്‍ കണ്ടിട്ടാവും സ്റ്റേഷനിലെ ചായക്കടയുടെ മുന്നില്‍ കയ്യില്‍ ആവി പറക്കുന്ന കപ്പുകളുമായി നിന്ന പോലീസുകാരുടെ കൂട്ടത്തില്‍ നിന്നും രണ്ടു പേര്‍ എനിക്ക് നേരെ നടന്നു വന്നു.

Haritha Savithri column on a man who disappeared mysteriously
Author
Thiruvananthapuram, First Published Sep 22, 2017, 12:40 PM IST

യന്ത്രത്തോക്കേന്തിയ കാവല്‍ക്കാര്‍ സദാ കാവല്‍ നില്‍ക്കുന്ന മെട്രോയുടെ  കോണിപ്പടികള്‍ക്കും എസ്‌കലേറ്ററിനുമിടയിലുള്ള ഒരു മൂലയിലാണ് അയാളിരിക്കാറ്. ഒറ്റനോട്ടത്തില്‍ ഭിക്ഷാടകനെന്നു തോന്നും. എന്നാല്‍, പട്ടിണിയിലാണെന്ന് ഒരിക്കലും തോന്നാത്ത, ഉറച്ച ശരീരമുള്ള, പൊലീസുകാരുമായും റെയില്‍വേ ജീവനക്കാരുമായും സദാ കുശലം പറയുന്ന അയാള്‍ അതാവാന്‍ ഒരു സാദ്ധ്യതയുമില്ല. വഴിവാണിഭക്കാരെ പോലും ഓടിക്കുന്ന പൊലീസ് അയാളെ തൊട്ടില്ല. അങ്ങനെയിരിക്കെ അവിടെ ഒരു ഭീകരാക്രമണം നടന്നു. പിന്നെ ആരും അയാളെ കണ്ടിട്ടില്ല. അയാളെക്കുറിച്ചുള്ള എല്ലാ അന്വേഷണവും ദുരൂഹതയില്‍ചെന്നു മുട്ടിനിന്നു. 

ആരായിരുന്നു അയാള്‍? എവിടേക്കാണ് അയാള്‍ മറഞ്ഞുപോയത്? എന്തായിരുന്നു ശരിക്കും അയാളവിടെ ചെയ്തുവന്നത്? 
 

നേരിയ കുലുക്കത്തോടെയുള്ള ട്രെയിന്‍ യാത്രകള്‍ എനിക്ക് പൊതുവേ ഇഷ്ടമാണ്. എല്ലാ ചെറിയ സ്‌റ്റേഷനുകളിലും നിര്‍ത്തി, മലകള്‍ തുരന്നുണ്ടാക്കിയ തുരങ്കങ്ങളും ചെറിയ അരുവികള്‍ക്ക് കുറുകെയുള്ള പാലങ്ങളും കടന്നങ്ങനെ പതുക്കെപ്പതുക്കെ ആടിയുലഞ്ഞ്, ലക്ഷ്യത്തിലെത്താന്‍ കുറെ നേരമെടുക്കുന്ന ലോക്കല്‍ ട്രെയിനുകള്‍. ചില നേരത്ത് വായിക്കാനെടുത്ത പുസ്തകങ്ങള്‍ തുറക്കാതെ ബാഗില്‍ തന്നെ വച്ചിട്ട്, ഓടിമറയുന്ന മരക്കൂട്ടങ്ങളിലേയ്ക്കും മേഘങ്ങളുടെ നിഴല്‍ വീണു കിടക്കുന്ന പുല്‍മേടുകളിലെയ്ക്കും ശീതകാലവിളകള്‍ നിറഞ്ഞു നില്‍ക്കുന്ന മഞ്ഞയും പച്ചയും നിറങ്ങള്‍ കലര്‍ന്ന പാടങ്ങളിലേയ്ക്കും ഇടയ്ക്കിടയ്ക്ക് മിന്നിമറയുന്ന ചെറിയ അരുവികളിലേയ്ക്കും സ്വയം മറന്നു  നോക്കിയിരുന്നു പോവും. പരിസരബോധമില്ലാതെ ഇണയുടെ കണ്ണുകളില്‍ മുങ്ങിത്താഴുന്ന പ്രണയ ജോടികളെയും വിരസതയോടെ ലക്ഷ്യമില്ലാത്ത നോട്ടവുമായിരിക്കുന്ന മദ്ധ്യ വയസ്‌കരെയും കടും ചുവപ്പ് ചായം ചുണ്ടില്‍ പുരട്ടി, നിറയെ പൂക്കളുള്ള ഉടുപ്പുകളിട്ട് ഷോപ്പിങ്ങിനിറങ്ങിയ അമ്മൂമ്മമാരുടെ, ഉറക്കെ ചിരിക്കുകയും ബഹളം വയ്ക്കുകയും ചെയ്യുന്ന കൂട്ടങ്ങളെയും അവരറിയാതെ നോക്കിക്കൊണ്ട് കണ്ണുകളില്‍ പകുതിയുറക്കവുമായി അലസമായങ്ങനെയിരിക്കാനും എനിക്കേറെയിഷ്ടമാണ്

നഗരമെത്തുമ്പോള്‍ ട്രെയിന്‍ ഭൂഗര്‍ഭ പാതയിലേയ്ക്കു പ്രവേശിക്കും. ചുറ്റും പൊടുന്നനെ വ്യാപിക്കുന്ന ഇരുട്ടും മിന്നായം പോലെ കടന്നുപോകുന്ന മഞ്ഞനിറത്തില്‍ പ്രകാശം പൊഴിക്കുന്ന വിളക്കുകളും ഇറങ്ങാറായി എന്നതിന്റെ അടയാളങ്ങളാണ്. സീറ്റിനടിയില്‍ എവിടെയോ പെട്ടുപോയ ഷൂസുകള്‍ തപ്പിയെടുത്ത്, അതിനകം അലങ്കോലമായ മുടിയൊന്നു കോതി, രോമക്കോട്ടെടുത്തു തോളിലിടുമ്പോഴേക്കും സ്‌റ്റേഷനെത്തും. മെട്രോ സ്‌റ്റേഷനിലെ ദുര്‍ഗന്ധം കലര്‍ന്ന വായുവും ചൂടും സഹിക്കാന്‍ കഴിയാതെ, ശ്വാസമടക്കിപ്പിടിച്ചു കൊണ്ട്, ഓടുന്നത് പോലെയാണ് പുറത്തേയ്ക്കുള്ള കോണിപ്പടികള്‍ വരെയുള്ള നടപ്പ്. ജലോപരിതലത്തിലേക്ക് പൊങ്ങിവന്നു ശ്വാസമെടുക്കും പോലെ തണുത്ത ശുദ്ധവായു ഉള്ളിലേക്ക് വലിച്ചെടുത്ത്, സൂര്യപ്രകാശത്തിന്റെ ഇളം ചൂടുമാസ്വദിച്ചു ഒരു നിമിഷം നിന്ന ശേഷം ക്ലാസ്സിലേയ്‌ക്കോടും.

അങ്ങനെയൊരു ഓട്ടത്തിനിടയ്ക്കാണ് ഞാന്‍ അയാളെ ആദ്യമായി ശ്രദ്ധിക്കുന്നത്. കോണിപ്പടികള്‍ക്കും എസ്‌കലേറ്ററിനുമിടയിലുള്ള ഒരു മൂലയില്‍ ഇരിക്കുന്ന ദീര്‍ഘകായനായ ഒരു മനുഷ്യന്‍. പര്‍വതാരോഹകര്‍ കൊണ്ടുനടക്കുംപോലുള്ള രണ്ടു നീളന്‍ ബാഗുകള്‍ അയാള്‍ക്കടുത്തു ചാരി വച്ചിരുന്നു. ദീര്‍ഘദൂരം യാത്ര ചെയ്തു തളര്‍ന്ന ഏതോ ദരിദ്രനായ യാത്രക്കാരനാണെന്നാണ് ഒറ്റനോട്ടത്തില്‍ തോന്നിയത്. ഓഫീസിലും യുണിവേഴ്‌സിറ്റിയിലും എത്താനുള്ള തിടുക്കത്തില്‍ തിക്കിത്തിരക്കുകയും തള്ളിമാറ്റുകയും ചെയ്യുന്ന ആള്‍ക്കൂട്ടത്തിനിടയില്‍ പെട്ട് ആ കാഴ്ച മറയുകയും ഒരു സാധാരണ ദൃശ്യം പോലെ ഞാനത് മറന്നു പോവുകയും ചെയ്തു.

വൈകുന്നേരം, തളര്‍ന്ന തലച്ചോറുമായി പതിയെ തിരിച്ചു നടന്നു വരുമ്പോള്‍ ഞാന്‍ അയാളെക്കുറിച്ച് വീണ്ടുമോര്‍ത്തു. പോകേണ്ട ട്രെയിന്‍ കിട്ടിക്കാണുമോ, എന്തെങ്കിലും കഴിച്ചു കാണുമോ എന്നൊക്കെ ആലോചിച്ചു കൊണ്ട് വന്ന ഞാന്‍ അയാളെ അതേ സ്ഥലത്ത് തന്നെ കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു പോയി. വീടില്ലാത്തവര്‍ പാര്‍ക്കുകളിലും കടകളുടെ വരാന്തകളിലും കിടന്നുറങ്ങുന്നത് വന്‍ നഗരങ്ങളില്‍ സാധാരണയാണ്. അവരില്‍ പെട്ട ഒരാളാവും ഇതെന്ന് അപ്പോഴാണ് മനസ്സിലായത്. പക്ഷെ അത്തരമൊരാള്‍ നഗരത്തിലെ ഏറ്റവും തിരക്കേറിയ മെട്രോ സ്‌റ്റേഷന്റെ പ്രവേശന കവാടത്തിനടുത്ത് താവളമടിച്ചത് തികച്ചും അസാധാരണമായി തോന്നി.

നിരന്തരമുണ്ടായിക്കൊണ്ടിരുന്ന ഭീകരാക്രമണ ഭീഷണികള്‍ മൂലം നഗരത്തില്‍ വളരെ ശക്തമായ സുരക്ഷാ സന്നാഹങ്ങളായിരുന്നു. സ്റ്റേഷന്റെ മുന്നില്‍ സദാ സമയവും ഇരുണ്ട വേഷങ്ങള്‍ ധരിച്ചു മെഷീന്‍ ഗണ്ണുകളുമായി നടക്കുന്ന പോലീസുകാരെ കാണാമായിരുന്നു. ബോംബുകളെ മണത്തു കണ്ടുപിടിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച പട്ടികളെയും താലോലിച്ചു കൊണ്ട് അവര്‍, കടന്നു പോകുന്ന ഓരോ യാത്രക്കാരെയും നോക്കി നില്‍ക്കുന്നത് കാണാം. വഴിവക്കില്‍ തുണിവിരിച്ച് അതില്‍ കൗതുകവസ്തുക്കളും സ്ത്രീകളുടെ ഏറ്റവും പുതിയ ഫാഷനില്‍ ഉള്ള ഹാന്‍ഡ് ബാഗുകളും മറ്റും നിരത്തി വച്ചു വില്‍ക്കുന്ന സമര്‍ത്ഥരായ വില്‍പ്പനക്കാര്‍ പോലും ഈ പോലീസുകാരുടെ നിഴല്‍ കണ്ടാല്‍ ഓടിയൊളിക്കും. കോവണിച്ചുവട്ടിലെ ആ മനുഷ്യന് അവരെപ്പോലും പേടിയില്ലേ എന്നായിരുന്നു എന്റെ സംശയം.

അടുത്ത ദിവസങ്ങളിലും അയാള്‍ അവിടെത്തന്നെയുണ്ടായിരുന്നു. 

ഒരു പഴകിയ ട്രാക്ക് സ്യൂട്ടും കൈത്തണ്ട വരെ മറയുന്ന കട്ടിയില്ലാത്ത ജാക്കറ്റുമായിരുന്നു സ്ഥിരം വേഷം. തറയില്‍ വിരിച്ചിട്ട ഒരു മുഷിഞ്ഞ തുണിയിലിരുന്നുകൊണ്ട് സിഗരറ്റുകള്‍ വലിച്ചു തള്ളുകയും ഇടയ്ക്കിടയ്ക്ക് യാത്രക്കാര്‍ എറിഞ്ഞു കൊടുക്കുന്ന നാണയങ്ങള്‍ നന്ദിപുരണ്ട പുഞ്ചിരിയോടെ പോക്കറ്റിലാക്കുകയും പരിചയമുള്ള മുഖങ്ങളോട് ഉറച്ച സ്വരത്തില്‍ കുശലാന്വേഷണങ്ങള്‍ നടത്തുകയും ചെയ്തുകൊണ്ട് സ്വന്തം വീടെന്ന പോലെ അയാള്‍ ആ മൂലയില്‍ കഴിഞ്ഞു.

നെറുകയിലേയ്ക്ക് വീണു കിടക്കുന്ന സ്വര്‍ണ്ണ മുടിയിഴകളും തിളങ്ങുന്ന കണ്ണുകളും ഉന്മേഷമുള്ള മുഖവും കണ്ടാല്‍ ആ മനുഷ്യന്‍ പട്ടിണിയൊന്നും കിടക്കുന്നില്ല എന്നറിയാമായിരുന്നു. ദേഹമാകെ മൂടിയ വസ്ത്രങ്ങള്‍ ധരിച്ചു ചുരുണ്ടു കൂടിയുള്ള ഇരുപ്പിലും ആരോഗ്യമുള്ള ശരീരമാണെന്ന് കണ്ടാലറിയാം. സ്റ്റേഷനില്‍ തോക്കുകളുമായി പാറാവ് നില്‍ക്കുന്ന ഗൗരവക്കാരായ പോലീസുകാരോടും തേച്ചു മിനുക്കിയ പിച്ചളക്കുടുക്കുകള്‍ നിറഞ്ഞ യുണിഫോം ഇട്ട റെയില്‍വേ ജോലിക്കാരോടും ഉറക്കെ കുശലപ്രശ്‌നങ്ങള്‍ നടത്തുകയും തമാശകള്‍ പൊട്ടിച്ചു ചിരിക്കുകയും ചെയ്തു കൊണ്ട് ഒരു കൂസലുമില്ലാതെ അയാള്‍ അവിടെ ഇരിക്കുന്നത് കാണാമായിരുന്നു. മറ്റുള്ളവരുടെ ഔദാര്യം സ്വീകരിക്കാതെ ഇവന് എന്തെങ്കിലും ജോലിക്ക് പോയ്ക്കൂടെ എന്നായിരുന്നു എന്റെ അരിശം കലര്‍ന്ന സംശയം.

എല്ലാ ദിവസവും കാണുന്നവര്‍ക്ക് കൈമാറുന്ന പുഞ്ചിരി താമസിയാതെ എനിക്കും കിട്ടിത്തുടങ്ങി. ബുദ്ധിമുട്ടിയാണെങ്കിലും ഞാനും തിരിച്ചു ചിരിക്കാന്‍ ശ്രമിച്ചു. ഒട്ടും ഇഷ്ടമില്ലാതിരുന്നിട്ടും ക്രിസ്മസ് പ്രമാണിച്ചു യുണിവേഴ്‌സിറ്റി സംഘടിപ്പിച്ച കൂറ്റന്‍ വിരുന്നു നടന്ന ദിവസം അപ്രതീക്ഷിതമായി എനിക്കയാളോട് സംസാരിക്കേണ്ടിവന്നു.

പതിവുപോലെ ഉറക്കം തൂങ്ങി ട്രെയിനിന്റെ മൂലയിലിരുന്ന എന്നെ ക്ലാര വന്നു തട്ടിയുണര്‍ത്തുകയായിരുന്നു. 

'ഇതെന്തൊരു കോലം?' അവള്‍ അമ്പരപ്പോടെ ചോദിച്ചു. 

'ഇന്ന് ക്രിസ്മസ് ലഞ്ച് ഉണ്ടെന്നു നീ മറന്നോ?'

ഞാന്‍ സ്വയമൊന്നു നോക്കി. തണുപ്പ് കാലത്ത് രോമക്കുപ്പായങ്ങള്‍ക്കുള്ളില്‍ സാധാരണ ഉപയോഗിക്കാറുള്ള വേഷം. ടീ ഷര്‍ട്ടും അതിനു മുകളില്‍ ചതുരക്കളങ്ങളുള്ള നീല ഷര്‍ട്ടും നരച്ച ജീന്‍സും സ്‌പോര്‍ട്‌സ് ഷൂസും. പാര്‍ട്ടിയ്ക്ക് പോകാന്‍ പറ്റിയ കോലം! എന്താ ചെയ്യുക!

ഞാന്‍ ക്ലാരയെ ദയനീയമായി നോക്കി. 'ഞാന്‍ തിരിച്ചു പോയാലോ?' അത് പറ്റില്ലെന്നായി അവള്‍. ശരീര വടിവുകളോട് ചേര്‍ന്ന് കിടക്കുന്ന ഒരു കറുത്ത ഗൗണ്‍ ആയിരുന്നു അവളുടെ വേഷം. പഴയതെങ്കിലും അന്തസുള്ള, ചിത്രപ്പണികള്‍ ചെയ്ത ഒരു ചുവന്ന ജാക്കറ്റ് അതിന്റെ ഭംഗി കൂട്ടി. അഴിച്ചിട്ട തവിട്ടു നിറമുള്ള മുടിയും കടും ചുവപ്പ് നിറമുള്ള ലിപ്‌സ്റ്റിിക്കും ഒക്കെക്കൂടിയായപ്പോള്‍ ഒരു ചിത്രത്തില്‍ നിന്നിറങ്ങി വന്ന രാജകുമാരിയെപ്പോലെ പോലെ സുന്ദരിയായിരുന്നു അവള്‍.

വസ്ത്രങ്ങളുടെ കാര്യം ഞാന്‍ പെട്ടെന്ന് തന്നെ മറന്നു. പക്ഷെ രാത്രി എട്ടുമണിയ്ക്ക് വീട്ടിലെത്തും വരെ പിടിച്ചു നില്‍ക്കാനുള്ള ഭക്ഷണം ബാക്ക് പാക്കില്‍ നിറച്ചിട്ടുണ്ട്. ഇതെന്തു ചെയ്യുമെന്നായി അടുത്ത ചിന്ത. കുരുമുളകിട്ടു വരട്ടിയ ബീഫ് നിറച്ച ചപ്പാത്തിച്ചുരുളുകള്‍ ആണ് പ്രധാനം. അതിനു പുറമേ തേനൊഴിച്ച നാരങ്ങാ വെള്ളം നിറച്ച ചെറിയ കുപ്പികളും ചീസും ചുവന്ന മുളകിട്ട സോസേജും നിറച്ച രണ്ടു സാന്‍ഡ് വിച്ചുകളും. പ്രഭാത ഭക്ഷണം പോലും ആ ഭക്ഷണ സഞ്ചിക്കുള്ളിലാണ്. സംഗീതവും നൃത്തവും നിറഞ്ഞ, മുന്തിയ ചുവന്ന വൈന്‍ ഒഴുകുന്ന, സാദാ സമയവും നിറഞ്ഞ തീന്മേശയുള്ള ആ ക്രിസ്മസ് പാര്‍ട്ടിയ്ക്കിടയില്‍ ഇതും ചുമന്നു നടക്കുക സാധ്യമല്ല.

അപ്പോഴാണ് എനിക്ക് സ്‌റ്റേഷനിലെ താമസക്കാരനെ ഓര്‍മ്മ വന്നത്. എത്തിയ പാടെ ഞാന്‍ ക്ലാരയെയും വലിച്ചു കൊണ്ട് നേരെ അയാളുടെ നേരെ നടന്നു. ഒരു ചെറിയ തുണിസഞ്ചിയില്‍ നിന്നെടുത്ത പുകയില നിറച്ചു ഒരു സിഗരറ്റ് ശ്രദ്ധയോടെ ചുരുട്ടിയെടുക്കുകയായിരുന്നു അയാള്‍. 'നിനക്ക് എരിവ് ഇഷ്ടമാണോ?' 

തലയുയര്‍ത്തി നോക്കിയിട്ട് മറുപടി ഒന്നും പറയാതെ അതിശയത്തോടെയിരിക്കുകയാണ് ആ മനുഷ്യന്‍ ചെയ്തത്. കയ്യിലിരുന്നപ്ലാസ്റ്റിക് ബാഗ് നീട്ടിക്കൊണ്ടു ഞാന്‍ പറഞ്ഞു, 'കുറച്ചു എരിവു കൂടുതലാണ്. എന്നാലും നിനക്കിഷ്ടമാകും. ഞാന്‍ വീട്ടിലുണ്ടാക്കിയ ഭക്ഷണമാണ്'.

നന്ദിയും സന്തോഷവും കലര്‍ന്ന ചിരിയോടെ അത് വാങ്ങാനായി എഴുന്നേറ്റു നിവര്‍ന്നു നിന്നപ്പോഴാണ് അയാളുടെ വലിപ്പം ഞാന്‍ കണ്ടത്. വിരിഞ്ഞ തോളുകളും ഉറച്ച മാംസപേശികളും. സ്‌റ്റേഷന്റെ കവാടത്തിന്റെ പകുതിയോളം ഉയരവുമായി നിന്ന ആ മനുഷ്യന്റെ മുന്നില്‍ ഞാനും ക്ലാരയും രണ്ടു ചെറിയ കുട്ടികളെപ്പോലെ തോന്നിച്ചു.

പെട്ടെന്ന് അകാരണമായ ഒരു ഭീതി എന്റെ മനസ്സിലൂടെ കടന്നു പോയി. 'എളുപ്പം വാ' എന്ന് പറഞ്ഞു കൊണ്ട് ഞാന്‍ അമ്പരപ്പോടെ അയാളെയും നോക്കി നിന്ന അവളെ വലിച്ചു കൊണ്ട് എസ്‌കലേറ്ററിനടുത്തെയ്ക്ക് ഓടി. മുകളിലേയ്ക്ക് ചലിക്കുന്ന പടവുകളില്‍ കിതച്ചു കൊണ്ട് നിന്നപ്പോള്‍ ഒന്നു തിരിഞ്ഞു നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല. മുഖം നിറച്ചു ചിരിയുമായി അയാള്‍ എന്നെ നോക്കി കണ്ണിറുക്കി.

അസൈന്‍മെന്റുകളും പേപ്പറുകള്‍ സബ്മിറ്റ് ചെയ്യാനുള്ള തിരക്കുകളും മറ്റുമായി കോഴ്‌സ് വളരെ പെട്ടെന്ന് കഴിഞ്ഞു. എല്ലാ ദിവസവും കടന്നു പൊയ്‌ക്കൊണ്ടിരുന്ന ആ വാതിലിനു മുന്നിലെത്തുമ്പോള്‍ അയാളിരിക്കുന്ന വശത്തേക്ക് നോക്കാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. എന്റെ വൈമുഖ്യം കണ്ടായിരിക്കണം നന്ദി പറയാനോ പാത്രങ്ങള്‍ തിരിച്ചു തരാനോ ഒന്നും അയാള്‍ ശ്രമിച്ചതേയില്ല. പക്ഷെ മുഖം നിറച്ചു ചിരിയുമായി അയാള്‍ എന്നെ നോക്കുന്നത് കണ്‍കോണുകളിലൂടെ ഞാന്‍ കാണുന്നുണ്ടായിരുന്നു.

നേരം വെളുക്കും മുമ്പുണര്‍ന്നുള്ള പാചകവും ട്രെയിന്‍ പിടിക്കാനുള്ള നെട്ടോട്ടവും ഇനി വേണ്ടല്ലോ എന്ന ആശ്വാസത്തോടെ ഞാന്‍ വീണ്ടും വീട്ടിലിരിപ്പായി. സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാനും ലൈബ്രറിയില്‍ നിന്ന് കടമെടുത്ത ചില പുസ്തകങ്ങള്‍ തിരികെ കൊടുക്കാനുമായി ഒരു ദിവസം വീണ്ടും യൂണിവേഴ്‌സിറ്റിയില്‍ പോകാന്‍ ഞാനും ക്ലാരയും തീരുമാനിച്ചു. ഉച്ചയ്ക്ക് മുമ്പ് ജോലികളൊക്കെ തീര്‍ത്ത ശേഷം നഗരത്തില്‍ ചില്ലറ ഷോപ്പിങ്ങുമായി അലഞ്ഞു തിരിയാനായിരുന്നു ഞങ്ങളുടെ പ്ലാന്‍.

'നീ ന്യൂസ് കണ്ടോ? നാളെ നിനക്ക് പോകാനാവുമെന്നു തോന്നുന്നില്ല'. ജോലി കഴിഞ്ഞെത്തിയ ഇവാന്‍ തിടുക്കത്തില്‍ ടിവി ഓണ്‍ചെയ്തു. എന്തുപറ്റി എന്ന എന്റെ ചോദ്യത്തിന് മറുപടി ഒന്നുംകിട്ടിയില്ല.

ടിവി നിറയെ ചോരയായിരുന്നു. ആംബുലന്‍സിന്റെ അലര്‍ച്ചയും പോലീസുകാരുടെ പരിഭ്രാന്തി നിറഞ്ഞ മുഖങ്ങളും കണ്ടെനിക്ക് തല കറങ്ങുന്നത് പോലെ തോന്നി. ഇതെവിടെയാണ് എന്ന പേടിയോടെ നോക്കി നിന്ന എന്റെ മുന്നില്‍ എന്നും നടന്നു പോകാറുള്ള വഴികള്‍ തെളിഞ്ഞു വന്നു. സ്‌റ്റേഷനില്‍ നിന്ന് യുണിവേഴ്‌സിറ്റിയിലേക്കുള്ള ധിറുതി പിടിച്ചുള്ള പാച്ചിലിനിടയ്ക്ക് കടന്നു പോകുന്ന രണ്ടു സിഗ്‌നല്‍ ലൈറ്റുകള്‍, നടവഴിയുടെ വശങ്ങളില്‍ വച്ചു പിടിപ്പിച്ചിട്ടുള്ള പച്ച പുതച്ച കനത്ത മേപ്പിള്‍ മരങ്ങള്‍, തിടുക്കത്തില്‍ നടന്നു പോവുന്നതിനിടയില്‍ കൊതിയോടെ നോക്കാറുള്ള വിലപിടിപ്പുള്ള ഷൂസുകളുടെ ഷോറൂം.

ടിവിയില്‍ ദൃശ്യങ്ങള്‍ മാറി മറിഞ്ഞു കൊണ്ടേയിരുന്നു. നടവഴിയിലേക്ക് ഓടിച്ചു കയറ്റിയ വാനും വെടിയേറ്റ് മരിച്ച കൗമാരപ്രായക്കാരായ ഭീകരന്മാരുടെ മൃതദേഹങ്ങളും അവര്‍ തകര്‍ത്ത ശരീരങ്ങളും തളം കെട്ടിക്കിടക്കുന്ന, ആരുടെതെന്നു തിരിച്ചറിയാന്‍ കഴിയാത്ത ഒരേ നിറമുള്ള ചോരയും. 

വിങ്ങുന്ന തലയും കൈകളില്‍ താങ്ങി ടിവിയില്‍ നിന്ന് കണ്ണുകള്‍ എടുക്കാന്‍ കഴിയാതെ മണിക്കൂറുകളോളം ഞാന്‍ ഒരേയിരുപ്പിരുന്നു .

അടുത്ത ആഴ്ച യുണിവേഴ്‌സിറ്റിയില്‍ പോകാന്‍ ഞാന്‍ ഒറ്റയ്ക്കിറങ്ങി പുറപ്പെട്ടു. ക്ലാര ഷോക്കില്‍ നിന്ന് മോചിതയായിരുന്നില്ല. ഫോണില്‍ കൂടി അവളുടെ വിറങ്ങലിച്ച ശബ്ദം കേട്ട് എനിക്ക് സങ്കടം തോന്നി. 

ട്രെയിനിറങ്ങി നടന്നപ്പോഴാണ് ഞാന്‍ അയാളെപ്പറ്റി ചിന്തിച്ചത്. പതിവ് മൂലയില്‍ ആരുമുണ്ടായിരുന്നില്ല. അയാളുടെ കീറത്തുണിയോ നെടുങ്കന്‍ ബാഗുകളോ ഒന്നും. ആരോ വൃത്തിയാക്കിയിട്ടത് പോലെ ആ സ്ഥലം മിനുങ്ങിക്കിടക്കുന്നു. എവിടെപ്പോയി അയാള്‍? വലിയൊരു ശൂന്യത എനിക്കനുഭവപ്പെട്ടു. മരിച്ച ആളുകളുടെ കൂട്ടത്തില്‍ അയാളുമുണ്ടായിരുന്നോ എന്ന ചിന്തയില്‍ ഞാനൊന്നു നടുങ്ങി.

ആരോട് ചോദിക്കും?

പതിവ് മുഖങ്ങള്‍ ഒന്നും അവിടെ കാണാനുണ്ടായിരുന്നില്ല. സ്‌റ്റേഷന്‍ നിറയെ പോലീസുകാരായിരുന്നു. എന്റെ ചുറ്റിത്തിരിയല്‍ കണ്ടിട്ടാവും സ്റ്റേഷനിലെ ചായക്കടയുടെ മുന്നില്‍ കയ്യില്‍ ആവി പറക്കുന്ന കപ്പുകളുമായി നിന്ന പോലീസുകാരുടെ കൂട്ടത്തില്‍ നിന്നും രണ്ടു പേര്‍ എനിക്ക് നേരെ നടന്നു വന്നു.

'നീയെന്താ ഇവിടെ നിന്ന് കറങ്ങുന്നത്?' -അവര്‍ ഗൌരവത്തോടെ ചോദിച്ചു. 

ഒരാളെ തിരയുകയാണെന്നു പറഞ്ഞു ഞാന്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു. 

'ആരെയാണ്? ചിലപ്പോള്‍ എനിക്ക് സഹായിക്കാന്‍ കഴിഞ്ഞേക്കും'- മെഴുകു പുരട്ടി ചുരുട്ടി വച്ചത് പോലെ കൂര്‍ത്ത മീശയുള്ള, കൂട്ടത്തില്‍ അല്‍പ്പം പ്രായമുള്ള പോലീസുകാരന്‍ ചോദിച്ചു.

'ആരുമല്ല.' ഞാന്‍ വിക്കി വിക്കി പറഞ്ഞു. 'ആ മൂലയിലിരുന്ന ആള്‍. ചിലപ്പോഴൊക്കെ ഞാന്‍ അയാള്‍ക്ക് ഭക്ഷണം കൊടുത്തിരുന്നു.'

ഒരു ചിരി അയാള്‍ മറച്ചു പിടിയ്ക്കുന്നത് പോലെ എനിക്ക് തോന്നി. 

'അവന്‍ പോയി. ഇനി വരില്ല.' -നര കയറാന്‍ തുടങ്ങിയ കരുത്തന്‍ മീശയ്ക്കടിയില്‍ ചിരി ഒളിപ്പിച്ചു വീണ്ടും ഗൗരവം മുഖത്തണിഞ്ഞു കൊണ്ട് ആ പോലീസുകാരന്‍ പറഞ്ഞു. 

ഇങ്ങേരെന്തിനാ ഇളിക്കുന്നത് എന്ന് ഈര്‍ഷ്യയോടെ ചിന്തിച്ചു കൊണ്ട് ഞാന്‍ മുന്നോട്ടു നടന്നു. 

'ഭക്ഷണത്തിനു നല്ല എരിവായിരുന്നു.' പിന്നില്‍ നിന്നാരോ വിളിച്ചു പറഞ്ഞു. അമ്പരപ്പോടെ ഞാന്‍ തിരിഞ്ഞു നിന്നു. ചുവന്ന മുഖങ്ങളുമായി ചിരി പൊട്ടാതെ കടിച്ചു പിടിച്ചെന്ന പോലെ നില്‍ക്കുന്ന ആ പോലീസുകാരുടെ കൂട്ടത്തില്‍ ആരോ ആണത് പറഞ്ഞതെന്ന് എനിക്കുറപ്പുണ്ടായിരുന്നു.

രഹസ്യങ്ങളും നിഗൂഡതകളും നിറഞ്ഞ എന്റെ പ്രിയ നഗരമേ! എന്തൊക്കെ അതിശയങ്ങള്‍ എനിക്കായി നീ ഇനിയും ഒളിപ്പിച്ചു വച്ചിട്ടുണ്ട്? 

പ്രകാശത്തിലേയ്ക്കുയര്‍ന്നു പോകുന്ന എസ്‌കലേറ്ററിന്റെ പടികളില്‍ നിന്ന് കൊണ്ട് ഞാന്‍ വിഷാദത്തോടെ ചിന്തിച്ചു.

 

ഹരിത എഴുതിയ മറ്റു കുറിപ്പുകള്‍

മനോലോയുടെ ബിക്കിനി

Follow Us:
Download App:
  • android
  • ios