Asianet News MalayalamAsianet News Malayalam

ഒരു 'മലയാളി  മന്ത്രവാദിനി'യുടെ ജീവിതത്തില്‍നിന്ന്!

വീണ്ടും ഒരു തണുപ്പുകാലത്ത് നാട്ടു വിശേഷങ്ങളും ചായയുമായി തീ കാഞ്ഞിരുന്ന സമയത്ത് ഞാന്‍ അവളോട് സത്യം പറഞ്ഞു. ഒരു ഖാദി ഷോപ്പില്‍ നിന്ന് വാങ്ങിയതാണ് ആ മാല. അതിനു ഒരു ശക്തിയുമില്ല. ഒരു നിമിഷം എന്നെ തുറിച്ചു നോക്കിയിരുന്നിട്ടു അവള്‍ പൊട്ടിച്ചിരിച്ചു. വിശ്വാസം, അതല്ലേ എല്ലാം!

Haritha Savithri on wichcraft
Author
Thiruvananthapuram, First Published Apr 13, 2017, 7:42 AM IST

ലൗറയെ ഞാനാദ്യം കാണുന്നത് ഒരു ബസ് സ്റ്റോപ്പില്‍ വച്ചാണ്. 

ഇളം പച്ച നിറത്തിലുള്ള അയഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിച്ച്, നിറയെ വയലറ്റ് പൂക്കളുള്ള ഒരു മരത്തണലില്‍ അങ്ങനെ ഗമയില്‍ നില്‍ക്കുന്ന പൂര്‍ണ്ണ ഗര്‍ഭിണിയായ രൂപം ഞാനിപ്പോഴും ഓര്‍ക്കുന്നു.  ഞങ്ങള്‍ തമ്മില്‍ ഒരു പുഞ്ചിരി കൈമാറി. പിന്നെ രണ്ടാഴ്ച  കഴിഞ്ഞു, അതേ സമയത്ത്, അതേ സ്ഥലത്ത്  അവളെ വീണ്ടും കണ്ടു.  ഒന്നും സംഭവിക്കാത്തത് പോലെ മൂത്ത കുട്ടിയുടെ കയ്യും പിടിച്ചു നടന്നു പോകുന്നു. ഇത്രയെളുപ്പമാണോ ഇവിടെ പ്രസവം എന്നായി എന്റെ സംശയം. 

പതുക്കെ ഞങ്ങള്‍ സുഹൃത്തുക്കളായി. ഭര്‍ത്താവ് സീപ്രിയാനോ ഒരു ഫാക്ടറിയില്‍ സൂപ്പര്‍വൈസര്‍ ആണ്.  ഉണ്ടായിരുന്ന ഒരു ചെറിയ ജോലി കുട്ടികളെ നോക്കാനായി ലൗറ രാജി വച്ചു.  ഞായറാഴ്ച ചന്തകളില്‍ നിന്ന് പച്ചക്കറി വാങ്ങാനും മറ്റും ഞങ്ങളൊരുമിച്ചു പുറത്തു പോകാന്‍ തുടങ്ങി. മഞ്ഞു കാലങ്ങളില്‍ എന്റെ വീട്ടിലെ ഫയര്‍ പ്ലേസിന്റെ അടുത്തിരുന്ന്, ചൂടുള്ള ഏലക്കാ ചായയും കുടിച്ച്  നാട്ടു വിശേഷങ്ങളും ഭര്‍ത്താക്കന്മാരുടെ കുറ്റങ്ങളും പൊട്ടിച്ചിരികളുടെ അകമ്പടിയോടെ ഞങ്ങള്‍ കൈമാറി. വേനല്‍ക്കാലങ്ങളില്‍ സമീപത്തുള്ള ചെറിയ ചെമ്മണ്‍ കുന്നുകളില്‍ വിയര്‍ത്തൊലിച്ചു ഓടിക്കയറാനും ശരത് കാലങ്ങളില്‍ കാട്ടുവഴികളിലൂടെ സൈക്കിളില്‍ കൂണുകള്‍ അന്വേഷിച്ചു അലഞ്ഞു തിരിയാനും അവള്‍ എന്റെ കൂടെ കൂടി.

ഒരു ദിവസം പതിവ് നടത്തത്തിനായി എത്തിയ ലൗറയുടെ മുഖത്ത് വല്ലാത്തൊരു ആകുലത കണ്ടു ഞാന്‍ വിഷമിച്ചു. എന്ത് പറ്റിയതാണെന്നു ഒരുപാടു ചോദിച്ച ശേഷമാണു കാര്യം പുറത്തു വരുന്നത്. ബ്രൗണ്‍ നിറമുള്ള കണ്ണുകള്‍ വിടര്‍ത്തി എന്നോടൊരു ചോദ്യം. 'നിനക്കറിയാമോ എന്റെ കൂടെ ഒരു ആത്മാവുണ്ടെന്ന്?' അപ്രതീക്ഷിതമായ ചോദ്യം കേട്ട് ഞാന്‍ എന്ത് പറയണമെന്നറിയാതെ അമ്പരന്നു. എന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാതെ  നാളെ ഒരു സ്ഥലത്ത് പോകാന്‍ കൂടെ വരണം എന്ന് മാത്രം പറഞ്ഞിട്ട് അവള്‍ ഇറങ്ങി നടന്നു.  എന്താണ് പറ്റിയതെന്നു എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. 

ലൗറ

അടുത്ത ദിവസം വൈകുന്നേരം അവള്‍ കാറുമായി വന്നു. അശ്രദ്ധമായി വസ്ത്രം ധരിച്ചു ലൗറയെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. അലങ്കോലമായി കിടക്കുന്ന മുടിയും കരഞ്ഞതെന്നു തോന്നിക്കുന്നതു പോലെ വീങ്ങിയ മുഖവും കണ്ടു എനിക്ക് വിഷമം തോന്നി. ഡ്രൈവ് ചെയ്യുമ്പോള്‍ ശല്യം ചെയ്യേണ്ട എന്ന് കരുതി മൗനം പാലിച്ചുവെങ്കിലും എന്റെ മനസ്സ് നിറയെ ആശങ്കകളായിരുന്നു. കഷ്ടകാലമെന്നു പറയട്ടെ , പോകുന്ന വഴിയില്‍ വച്ച് കാര്‍ എതിരെ വന്ന ഒരു ബൈക്കില്‍ ചെറുതായി തട്ടുകയും ചെയ്തു.  അതോടെ തിങ്ങി നിന്ന സങ്കടവും പേടിയും എല്ലാം കൂടി  ഒരു പൊട്ടിക്കരച്ചിലിന്റെ രൂപത്തില്‍ വെളിയില്‍ ചാടി. 

കരച്ചിലിന്റെ ഇടയില്‍ പുറത്തു വന്ന വാചകങ്ങളില്‍ നിന്ന് ഒരു കാര്യം പിടി കിട്ടി. നടുവ് വേദന മാറ്റാനായി റെയ്കി ട്രീറ്റ്‌മെന്റ് ചെയ്യുന്ന കാര്യം ഒരിക്കല്‍ അവള്‍ പറഞ്ഞിരുന്നു. റെയ്കി ചെയ്യുന്ന ആ സ്ത്രീ എന്തൊക്കെയോ ആത്മാക്കളെ പറ്റി പറഞ്ഞു പിടിപ്പിച്ചിട്ടുണ്ട്. നീ ഇന്ത്യക്കാരി അല്ലേ, നിനക്കിതൊന്നും അറിഞ്ഞുകൂടെ എന്നാണ് ചോദ്യം. ആത്മാക്കളെപ്പറ്റി വലിയ വിവരമൊന്നുമില്ലാത്ത ഇന്ത്യക്കാരികളും ഉണ്ട് എന്ന് ഇവളെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്നാലോചിച്ചു നില്‍പ്പായി ഞാന്‍.  എന്തായാലും കരച്ചിലൊക്കെ തീര്‍ന്നു പതുക്കെ വണ്ടിയുമെടുത്ത് ഞങ്ങള്‍ യാത്ര തുടര്‍ന്നു.

ടൗണില്‍ തന്നെയായിരുന്നു റെയ്കി മാസ്റ്ററിന്റെ താമസം. മനോഹരമായി പുഞ്ചിരിക്കുന്ന, നാല്‍പ്പതുകളുടെ അവസാനത്തിലെത്തി നില്‍ക്കുന്ന ഒരു സ്ത്രീയാണ് കതകു തുറന്നത് .  ആര്‍ക്കും ഇഷ്ടം തോന്നുന്നത്ര പ്രശാന്തമായ ഒരു വലിയ  രൂപം.  എന്നെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കിയ ശേഷം ഒരു മുറിയിലേക്ക് ഞങ്ങളെ അവര്‍ ക്ഷണിച്ചു. കറുത്ത കല്ലില്‍ തീര്‍ത്തതെന്ന് തോന്നിക്കുന്ന വലിയ ഒരു ബുദ്ധ പ്രതിമയാണ് മുറിയിലേക്ക് കയറി ചെല്ലുന്നവരെ സ്വീകരിക്കുന്നത്. പലനിറങ്ങളിലുള്ള മെഴുകു തിരികളുടെ അരണ്ട വെളിച്ചമല്ലാതെ അവിടെ മറ്റൊരു പ്രകാശവുമുണ്ടായിരുന്നില്ല. ചന്ദനത്തിരികളുടെ സുഗന്ധവും നേര്‍ത്ത ഇരുട്ടും കലര്‍ന്ന  അന്തരീക്ഷം ആ മുറിയ്ക്ക് നിഗൂഢമായ ഒരു പരിവേഷം നല്‍കി.

ഹീലിംഗ് കഴിയുന്നത് വരെ ഞാന്‍ ആ മുറിയുടെ ഒരു മൂലയ്ക്കിട്ടിരുന്ന കസേരയില്‍ കാത്തിരുന്നു.  അടക്കിയ ശബ്ദത്തില്‍ അവര്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ലൗറ എന്നെ അടുത്തേയ്ക്ക് വിളിച്ചു. ലൗറയുടെ കുടുംബത്തിലെ, തലമുറകള്‍ക്ക് മുന്‍പ് അകാലമരണത്തിനിരയായ, ഒരു കുട്ടിയെപ്പറ്റിയാണ് അവര്‍ സംസാരിച്ചു കൊണ്ടിരുന്നത്. സമീപകാലത്ത് ലൗറ അനുഭവിക്കേണ്ടി വന്ന ആരോഗ്യപ്രശ്‌നങ്ങളെല്ലാം ഈ കുട്ടിയുടെ ബാധ മൂലമാണ് എന്നാണ് അവരുടെ വാദം. 

ലൗറ

നിസ്സഹായമായ കണ്ണുകള്‍ വിടര്‍ത്തി അവള്‍ എന്നെ നോക്കി. 'എന്റെ ഇന്ത്യന്‍ മന്ത്രവാദമോ മറ്റോ ഉപയോഗിച്ചു അവളെ രക്ഷിക്കൂ' എന്നൊരപേക്ഷ ആ കണ്ണുകളില്‍ ഞാന്‍ കണ്ടു. നിങ്ങള്‍ ഇതിനെന്തു പരിഹാരമാണ് നിര്‍ദ്ദേശിക്കുന്നത് എന്ന് ഞാന്‍ ആ സ്ത്രീയോട് അന്വേഷിച്ചു. ആ കുട്ടിയെ അകറ്റി നിര്‍ത്താനും ലൗറയ്ക്ക് ചുറ്റും ഒരു സംരക്ഷണ വലയം തീര്‍ക്കാനും ഇന്നത്തെ ഹീലിങ്ങിലൂടെ കഴിഞ്ഞു  എന്നായിരുന്നു അവരുടെ അവകാശവാദം . ഇരുപതു ദിവസം കഴിഞ്ഞു വീണ്ടും അവള്‍ വരണം. അപ്പോള്‍ അവര്‍ ഈ സംരക്ഷണ വലയത്തിന്റെ ശക്തി കൂട്ടും.
    
എന്ത് പറയണം എന്നാലോചിച്ചു ഞാന്‍ തലപുകച്ചു. അപ്പോഴാണ് ആക്രമണം എന്റെ നേരെ തിരിഞ്ഞത്. 'നീ ഈ വീട്ടില്‍ കാലുകുത്തിയത് മുതല്‍ ഒരു ഇരുണ്ട രൂപത്തിന്റെ സാന്നിധ്യം ഞാന്‍ അറിയുന്നു.നിന്റെ കൂടെ നീ ഒരു ആത്മാവിനെ കൊണ്ട് നടക്കുന്നുണ്ട' എന്നായി റെയ്കി അമ്മായി. എനിക്ക് ചിരി പൊട്ടി. എന്റെ ചിരി കണ്ടു അവര്‍ക്ക് ദേഷ്യം വന്നു എന്ന് തോന്നുന്നു. ഞാന്‍  വിശദീകരിച്ചു. ' എന്റെ സംരക്ഷണത്തിനായി ഒരെണ്ണത്തിനെ ഞാന്‍ കൂടെ കൊണ്ട് നടക്കുന്നതാണ്. നിങ്ങള്‍ അതോര്‍ത്തു വിഷമിക്കണ്ട'.

മുഖം വീര്‍പ്പിച്ചു നില്‍ക്കുന്ന അവരെ അവഗണിച്ചു കൊണ്ട് അവളെയും വലിച്ചു ഞാന്‍ വെളിയിലിറങ്ങി. വെളിയിലിറങ്ങിയതും ആ സ്ത്രീയെ ഞാന്‍ അപമാനിച്ചു എന്ന് പറഞ്ഞ് ലൗറ എന്റെ നേരെ ഒറ്റച്ചാട്ടം. ഇവളെ എങ്ങനെ കാര്യങ്ങള്‍  ബോധ്യപ്പെടുത്തും എന്നായി എന്റെ സംശയം. അവസാനം ഞാന്‍ പറഞ്ഞു, എനിക്ക് ആത്മാക്കളുടെ സാന്നിധ്യം മനസ്സിലാക്കാനുള്ള കഴിവുണ്ട്. നിന്റെ ദേഹത്ത് ആത്മാവൊന്നും ഇല്ല . അവര് ചുമ്മാതെ പണം പിടുങ്ങാന്‍ പറഞ്ഞതാണ് . ഞാന്‍ ഇന്ത്യക്കാരിയല്ലേ.. എനിക്കിതൊക്കെ മനസ്സിലാകില്ലേ'. ഇന്ത്യ എന്ന പ്രയോഗത്തില്‍ അവള്‍ വീണു എന്ന് തോന്നി. 

എന്തായാലും തിരിച്ചു  വരുന്ന വഴി ആശുപത്രിയില്‍ കയറാന്‍ അവള്‍ മുറുമുറുപ്പോടെ സമ്മതിച്ചു. തല്‍ക്കാലാശ്വാസത്തിനു വേദനാ സംഹാരികളും സ്‌കാന്‍, എക്‌സ് റേ ഇത്യാദി സംഭവങ്ങള്‍ക്കുള്ള കുറിപ്പടികളുമായി ഞങ്ങള്‍ വീട്ടിലേക്കു തിരിച്ചു. ഒരു ചൂട് ചായയും കൊടുത്തു ലൗറയെ സ്വീകരണ മുറിയിലിരുത്തിയിട്ടു പണ്ടെന്നോ ഇവാന് വേണ്ടി നാട്ടില്‍ നിന്ന് കൊണ്ട് വന്ന രക്ത ചന്ദനത്തിന്റെ മാല അലമാരയില്‍ നിന്ന് ഞാന്‍ തപ്പിയെടുത്തു.  അത് കഴുത്തിലിട്ട് കൊടുത്തപ്പോള്‍ അവളുടെ കണ്ണുകള്‍ തിളങ്ങി. ആത്മാക്കളെ അകറ്റി നിര്‍ത്താനുള്ള മാലയാണോ എന്നായി ചോദ്യം. എന്നോടുള്ള അവളുടെ സ്‌നേഹവും വിശ്വാസവും മാത്രമാണ് ആ മാലയുടെ ശക്തി എന്നറിയാമായിട്ടും 'നിന്നെ ഇത് സംരക്ഷിക്കും' എന്ന് പറയാന്‍ എനിക്കൊരു മടിയും തോന്നിയില്ല. 
    
തല്‍ക്കാലത്തേയ്ക്ക് ഒരു മന്ത്രവാദിനിയുടെ വേഷം കെട്ടേണ്ടി വന്നെങ്കിലും നല്ല ചികിത്സയും മരുന്നുകളും ഒക്കെയായി ഉശിരുള്ള പഴയ ലൗറയെ ഞങ്ങള്‍ക്ക് തിരിച്ചു കിട്ടി. 

വീണ്ടും ഒരു തണുപ്പുകാലത്ത് നാട്ടു വിശേഷങ്ങളും ചായയുമായി തീ കാഞ്ഞിരുന്ന സമയത്ത് ഞാന്‍ അവളോട് സത്യം പറഞ്ഞു. ഒരു ഖാദി ഷോപ്പില്‍ നിന്ന് വാങ്ങിയതാണ് ആ മാല. അതിനു ഒരു ശക്തിയുമില്ല. ഒരു നിമിഷം എന്നെ തുറിച്ചു നോക്കിയിരുന്നിട്ടു അവള്‍ പൊട്ടിച്ചിരിച്ചു. വിശ്വാസം, അതല്ലേ എല്ലാം!

 

ഹരിത എഴുതിയ മറ്റു കുറിപ്പുകള്‍

മനോലോയുടെ ബിക്കിനി

 

Follow Us:
Download App:
  • android
  • ios