Asianet News MalayalamAsianet News Malayalam

ഡോ. ലത: ചാലക്കുടിപ്പുഴയുടെ  മറ്റൊരു കൈവഴി!

homage Dr latha by Sony RK
Author
Thiruvananthapuram, First Published Nov 17, 2017, 4:38 PM IST

അതിരപ്പിള്ളി പദ്ധതി നടക്കില്ല എന്ന കാര്യത്തില്‍ ഉത്തമവിശ്വാസം ഉണ്ടായിരുന്നു ലതേച്ചിക്ക്. പുതിയ വൈദ്യുതിമന്ത്രി പദ്ധതി എങ്ങനെയും നടപ്പാക്കും എന്ന് പറഞ്ഞതിനു ഒന്ന് രണ്ടു ദിവസത്തിനു ശേഷമായിരുന്നിട്ടുകൂടി ലതേച്ചിക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. കേരളത്തിന് ഇനിയൊരു ഡാം വേണ്ട എന്ന ഒരു പൊതു ബോധം ഉണ്ടാക്കിയെടുക്കാന്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നവര്‍ വിശ്വസിച്ചു. ആ വിശ്വാസം തെറ്റാതെ നിലനില്‍ക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. മാറി വരുന്ന സര്‍ക്കാരുകള്‍ എന്ത് വന്നാലും അതിരപ്പിള്ളി നടപ്പാക്കും എന്ന് മുറവിളി കൂട്ടുമ്പോള്‍ സാധാരണക്കാരായ നമുക്ക് മറ്റെന്താണ് ചെയ്യാന്‍ പറ്റുക?

homage Dr latha by Sony RK

ചില മനുഷ്യരുണ്ട്. അവര്‍ പുഴ പോലെയാണ്. തേടിപ്പോകുന്നവരെ അതിന്റെ ഓളങ്ങളില്‍ അതങ്ങനെ ചേര്‍ത്തു നിര്‍ത്തും. ഇടയേണ്ടി വരുമ്പോള്‍  വനാന്തരങ്ങളിലൂടെയുള്ള രൗദ്രതയുടെ കുത്തിയൊഴുക്കില്‍പ്പെടുത്തിക്കളയും. 

ലതേച്ചിയും അതുപോലൊരു പുഴ. കേരളത്തിന്റെ പാരിസ്ഥിതിക മുന്നേറ്റങ്ങള്‍ക്ക് ഒഴുക്ക് സമ്മാനിച്ച പുഴ. സ്വജീവിതം മറ്റു പുഴകളുടെ ഒഴുക്കിന് വേണ്ടി സമര്‍പ്പിച്ചവള്‍. കയ്യേറാന്‍ വന്നപ്പോഴോക്കെയും പുഴയുടെ ഒഴുക്കിനെ തടയുന്ന ഒന്നിനെയും അനുവദിക്കാതിരിക്കാന്‍ സമരം ചെയ്തവള്‍. പുഴയ്ക്ക് വേണ്ടി, പുഴയായി ജീവിച്ചവള്‍. ചാലക്കുടിപ്പുഴയുടെ കൂട്ടുകാരി. തന്റെ ഇടപെടലുകളുടെ ഓര്‍മ്മയും ആവേശവും ബാക്കി നിര്‍ത്തി ചാലക്കുടിപ്പുഴയെ ഒഴുകാന്‍ പിന്നില്‍വിട്ട് ലതേച്ചി ഇന്നലെ അനന്തതയിലേക്ക് ഒഴുകി.

കഴിഞ്ഞ കൊല്ലം ഒരു മഴക്കാലത്താണ് ഞാന്‍ ലതേച്ചിയെ ആദ്യമായും അവസാനമായും കണ്ടത്. കൃത്യമായി പറഞ്ഞാല്‍ 2016 ജൂണ്‍ പത്തിന്. ഗവേഷണ ആവശ്യത്തിനായുള്ള ഒരു അഭിമുഖ സംഭാഷണത്തിനു വേണ്ടിയായിരുന്നു ആ കണ്ടുമുട്ടല്‍. അതിനു ശേഷം തമ്മില്‍ കണ്ടിട്ടില്ല. സംസാരിച്ചിട്ടില്ല. പക്ഷെ ഞാന്‍ കണ്ടുകൊണ്ടേയിരുന്നു. കേട്ടുകൊണ്ടേയിരുന്നു. ഒരിക്കല്‍മാത്രം കാണുകയും സംസാരിക്കുകയും ചെയ്ത ഒരാള്‍ക്ക് നമ്മളെ അത്രയധികം സ്വാധീനിക്കാന്‍ കഴിയുമോ? കഴിയും എന്നാണു ലതേച്ചിയുടെ കാര്യത്തില്‍ എനെറ ഉത്തരം. ഒരിക്കല്‍ മാത്രമേ ഞാന്‍ അവരെ  കണ്ടിട്ടുള്ളൂ.  ഒരിക്കല്‍ മാത്രമേ സംസാരിച്ചിട്ടുള്ളൂ. പക്ഷെ അത് മതിയായിരുന്നു. ഒരു ജീവിതകാലത്തിന്റെ  ഓര്‍മ്മയ്ക്ക്. ആ ഓര്‍മ്മ തന്നെയാണ് എന്നെക്കൊണ്ട് ഈ കുറിപ്പ് എഴുതിക്കുന്നതും.

ലതേച്ചിയും അതുപോലൊരു പുഴ. കേരളത്തിന്റെ പാരിസ്ഥിതിക മുന്നേറ്റങ്ങള്‍ക്ക് ഒഴുക്ക് സമ്മാനിച്ച പുഴ

നേരത്തെ വിളിച്ചു സംസാരിച്ചതനുസരിച്ച് രാവിലെ പത്തരയോടെയാണ് ഞാന്‍ ഒല്ലൂരെത്തിയത്. ഒല്ലൂര്‍ ഇഎസ് ഐ ബസ് സ്‌റ്റോപ്പില്‍നിന്ന് കുറച്ചു മുന്നോട്ട് നടന്നാല്‍ ഇടതു വശത്ത് കാണുന്ന റോഡില്‍ക്കൂടി വന്നാല്‍ മതിയെന്ന് ലതേച്ചി തലേദിവസം പറഞ്ഞതോര്‍മ്മിച്ച് ആ വഴിയിലൂടെ കനത്ത മഴയില്‍ നടന്നു. ഗേറ്റ് കടന്ന് തെങ്ങും, മറ്റു പലതരം മരങ്ങളും, അങ്ങിങ്ങായി വാഴകളും ഉള്ള നിറഞ്ഞ ഒരു പറമ്പിലൂടെ ഒരിത്തിരി നടന്നാല്‍ വീടെത്തി. വീട്ടിലേക്ക് കയറിച്ചെല്ലുമ്പോള്‍ രാവിലെത്തെ മരുന്നും മറ്റു വ്യായാമങ്ങളും തീര്‍ത്തതിനു ശേഷം എന്നെ കാത്തിരിക്കുകയായിരുന്നു ലതേച്ചി. കണ്ടപാടെ അകത്തേക്ക് കയറിയിരിക്കാനുള്ള സ്‌നേഹക്ഷണം. കുറച്ച് നേരം മരുന്നിനെക്കുറിച്ചും വ്യക്തിപരമായ കാര്യങ്ങളും സംസാരിച്ചതിന് ശേഷം ചര്‍ച്ചയിലേക്ക് കടന്നു ( കേരളത്തിലെ പരിസ്ഥിതി മുന്നേറ്റങ്ങളെക്കുറിച്ചും ചാലക്കുടി പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംസാരിക്കുകയായിരുന്നു എന്റെ ലക്ഷ്യം). 

'സോണിക്ക് വേണ്ടത് ചോദിച്ചോളൂ. അല്ലെങ്കില്‍ കാട് കയറിപ്പോകും' എന്ന് പറഞ്ഞാണ് തുടങ്ങിയത് (അതെ. ആ കാടുകയറ്റങ്ങള്‍ ആണല്ലോ ലതേച്ചിയെ അവരാക്കി മാറ്റിയത്). ഒന്നര മണിക്കൂറോളം കേരളത്തിന്റെ പരിസ്ഥിതിയെപ്പറ്റിയും സമരങ്ങളെപ്പറ്റിയും പലതും സംസാരിച്ചു. ചാലക്കുടിപ്പുഴയെക്കുറിച്ച് പറഞ്ഞു. കുന്തിപ്പുഴയേയും സയലന്റ് വാലിയെയും കുറിച്ച് സംസാരിച്ചു.  ഇടയ്ക്ക് സംസാരത്തില്‍ ഉണ്ണിയേട്ടനും കൂടി.  അക്കാദമിക ബൗദ്ധിക തലങ്ങളില്‍ പരിസ്ഥിതിയെക്കുറിച്ച് സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്നവര്‍ അടിത്തട്ടിലേക്ക് ഇറങ്ങിവന്നാലേ പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി കൂടുകയുള്ളൂ എന്നായിരുന്നു ലതേച്ചിയുടെ അഭിപ്രായം.

മനസ്സില്‍ ഒരു മരമല്ല ഒരുപാട് മരങ്ങള്‍ നട്ട ഒരു പരിസ്ഥിതി പ്രവര്‍ത്തകയാണ് ലതേച്ചി.

അതിരപ്പിള്ളി പദ്ധതി നടക്കില്ല എന്ന കാര്യത്തില്‍ ഉത്തമവിശ്വാസം ഉണ്ടായിരുന്നു ലതേച്ചിക്ക്. പുതിയ വൈദ്യുതിമന്ത്രി പദ്ധതി എങ്ങനെയും നടപ്പാക്കും എന്ന് പറഞ്ഞതിനു ഒന്ന് രണ്ടു ദിവസത്തിനു ശേഷമായിരുന്നിട്ടുകൂടി ലതേച്ചിക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. കേരളത്തിന് ഇനിയൊരു ഡാം വേണ്ട എന്ന ഒരു പൊതു ബോധം ഉണ്ടാക്കിയെടുക്കാന്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നവര്‍ വിശ്വസിച്ചു. ആ വിശ്വാസം തെറ്റാതെ നിലനില്‍ക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. മാറി വരുന്ന സര്‍ക്കാരുകള്‍ എന്ത് വന്നാലും അതിരപ്പിള്ളി നടപ്പാക്കും എന്ന് മുറവിളി കൂട്ടുമ്പോള്‍ സാധാരണക്കാരായ നമുക്ക് മറ്റെന്താണ് ചെയ്യാന്‍ പറ്റുക?

വളരെ സമഗ്രമായി ഇക്കോളജിയെ മനസ്സിലാക്കിയ ഒരു പരിസ്ഥിതി പ്രവര്‍ത്തകയാണ് ഡോ. ലത. അതിനു അടിസ്ഥാനമായി പ്രവര്‍ത്തിച്ചത് കേരളത്തില്‍ ജോണ്‍സി അടക്കമുള്ള ആദ്യകാല പരിസ്ഥിതിപ്രവര്‍ത്തകര്‍ മുന്നോട്ടു വച്ച ഭൗമനൈതികതയിലുള്ള ഉറച്ച വിശ്വാസം തന്നെയാണ്. അത് കൊണ്ട് തന്നെയാണ്, അതിരപ്പിള്ളിയില്‍ ഡാം വേണ്ട എന്ന് തീരുമാനിച്ചാലും സമരമോ പ്രവര്‍ത്തനമോ വിജയിച്ചതായി കരുതാന്‍ കഴിയില്ല എന്നവര്‍ പറയുന്നത്. പുഴയുടെ സംരക്ഷണം എന്ന ആത്യന്തിക ലക്ഷ്യത്തിലെത്തണമെങ്കില്‍  പ്രവര്‍ത്തനങ്ങള്‍ പിന്നെയും തുടരേണ്ടിയിരിക്കുന്നു. 'അണക്കെട്ട് വേണ്ട പോംവഴിയുണ്ട്' എന്നെഴുതുമ്പോഴും അണ കേട്ടാതിരുന്നാല്‍ മാത്രം പുഴയുടെ സുഗമമായ ഒഴുക്കിനെ തിരിച്ചു പിടിക്കാന്‍ കഴിയില്ല എന്നവര്‍ക്ക് ഉത്തമബോധ്യമുണ്ടായിരുന്നു. അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയിലാണ് കേരളത്തിലെ പരിസ്ഥിതിപ്രവര്‍ത്തകര്‍ക്ക് പുഴകള്‍ തിരിച്ചുപിടിക്കാനുള്ള വലിയൊരു ഉത്തരവാദിത്തം ബാക്കിവച്ചുകൊണ്ട് ലതേച്ചി വിടവാങ്ങുന്നത്.

കേരളത്തിലെ പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചും സമരങ്ങളെക്കുറിച്ചും ആണ് സംസാരിച്ചു തുടങ്ങിയതെങ്കിലും ലതേച്ചി ആവേശത്തോടെ സംസാരിച്ചത് മുഴുവനും കാടിനെക്കുറിച്ചും പുഴയെക്കുറിച്ചും ആയിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകര്‍ ആദ്യം മനസ്സില്‍ ഒരു മരം നടണം എന്നര്‍ത്ഥത്തില്‍ ജോണ്‍സി പറഞ്ഞതിനെക്കുറിച്ച് പലയിടങ്ങളില്‍നിന്നായി കേട്ടിട്ടുണ്ട്. മനസ്സില്‍ ഒരു മരമല്ല ഒരുപാട് മരങ്ങള്‍ നട്ട ഒരു പരിസ്ഥിതി പ്രവര്‍ത്തകയാണ് ലതേച്ചി.

കഴിഞ്ഞയാഴ്ച തൃശ്ശൂരില്‍വച്ച് അവിചാരിതമായി കണ്ടുമുട്ടിയപ്പോള്‍ അനിതേച്ചി (എസ് അനിത) ലതേച്ചിയെ കണ്ട കാര്യം പറഞ്ഞിരുന്നു. ഒന്ന് പോയി കാണണം എന്നും പറഞ്ഞു. ഒന്ന് രണ്ടു ദിവസത്തിനകം ലതേച്ചിയെ പോയി കാണാം എന്ന് മനസ്സിലുറപ്പിച്ചാണ് അനിതേച്ചിയോട് യാത്ര പറഞ്ഞത്. എന്തുകൊണ്ടോ ആ പോക്ക് നടന്നില്ല. പിറ്റേ ദിവസം തൃശ്ശൂരില്‍ നിന്നും ഏലൂരിലെക്കുള്ള യാത്രയില്‍ ഒല്ലൂര്‍ ബസ്‌സ്റ്റോപ്പില്‍നിന്ന്  ഇടത്തേക്കുള്ള ആ റോഡിന്റെ അറ്റം വരെ എന്റെ കണ്ണും മനസ്സും സഞ്ചരിച്ചിരുന്നു. ഇന്നലെ രാവിലെ 'Latha has left us....' എന്ന അനിതേച്ചിയുടെ മെസേജ് കണ്ടപ്പോള്‍, എന്ത് കൊണ്ടോ ആ വഴിയാണ് ആദ്യം ഓര്‍മ്മ വന്നത്. അതിലൂടെ ഒരാഴ്ച മുമ്പ് ഞാന്‍ നടക്കാതിരുന്ന ഒരു നടത്തമാണ് മനസ്സിലേക്ക് വന്നത്. 

മനുഷ്യര്‍ പുഴകളെക്കുറിച്ച് സംസാരിക്കാറുണ്ട്. പുഴകള്‍ മനുഷ്യരെക്കുറിച്ചും സംസാരിക്കാറുണ്ട്. പുഴകളെക്കുറിച്ച് സംസാരിച്ച ഒരുപാട് മനുഷ്യരില്‍ ഒരാളായിരിക്കും ലതേച്ചി. എന്നാല്‍ പുഴകള്‍ സംസാരിച്ച വളരെക്കുറച്ചു മനുഷ്യരില്‍ ഒരാളാണ് അവര്‍. ചാലക്കുടിപ്പുഴയ്ക്ക് ലത എന്ന വ്യക്തിയും പേരും അന്യമല്ല. തന്റെ തന്നെ ഒരു കൈവഴിയാണ്. അതിന്റെ ഒഴുക്കിനെ തടയുന്ന എന്തിനും എതിരെ തന്റെ ജീവിതത്തിന്റെ ഒഴുക്കിനെ ക്രമീകരിച്ചവളാണ്.

അതെ. അവരൊരു പുഴയാണ്. കേരളത്തിലെ പരിസ്ഥിതി സ്‌നേഹികളുടെ മനസ്സില്‍ അവര്‍ ഇനിയും ഒഴുകിക്കൊണ്ടിരിക്കും.

 

Follow Us:
Download App:
  • android
  • ios