Asianet News MalayalamAsianet News Malayalam

മധുര എന്നു കേള്‍ക്കുമ്പോള്‍ ഇപ്പോഴും  ആ ഓട്ടം ഓര്‍മ്മവരും

hostel days Sreeja Anup
Author
Thiruvananthapuram, First Published Dec 5, 2017, 8:42 PM IST

ജീവിതത്തെ മാറ്റിമറിക്കുന്ന ഹോസ്റ്റല്‍ കാലം നിങ്ങള്‍ എങ്ങനെ അനുഭവിച്ചു. മറക്കാനാവാത്ത ഓര്‍മ്മകള്‍ ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ ഇടനാഴി എന്ന് എഴുതാന്‍ മറക്കരുത്. 

hostel days Sreeja Anup
അച്ഛനാണ് ഒരു ദിവസം പറഞ്ഞത്. തമിഴ്‌നാട്ടില്‍ ഒരു നല്ല കോളേജ് ഉണ്ട് എക്‌സ് എം എല്‍ എ ആണ് അതിന്റെ സെക്രട്ടറി. വിമന്‍സ് കോളേജ് ആണ്. നമ്മുടെ അടുത്തുള്ള നിമ്മി, അമ്പിളി, സുലു ഒക്കെ അവിടെ പഠിക്കുന്നുണ്ട്. അവിടെ ഡിഗ്രി ക്ക് ചേര്‍ന്നോളൂ. 

മറുത്ത് പറയാന്‍ പ്രത്യേകിച്ച് ഒന്നും ഉണ്ടാവാത്തതു കൊണ്ടോ എന്തോ എന്റെ പേരും ആ കോളേജിന്റെ യും ഹോസ്റ്റലിന്റെയും രജിസ്റ്ററില്‍ പതിഞ്ഞു. 

കുറച്ചു ദിവസങ്ങള്‍ കൊണ്ട് തന്നെ സീനിയേഴ്‌സ് വഴി അറിഞ്ഞു, കോളേജില്‍ നല്ല സ്ട്രിക്ട്. ഹോസ്റ്റലിലും. നീണ്ട പബ്ലിക് ഹോളിഡേയ്‌സ് വരുമ്പോഴൊക്കെയേ ഹോസ്റ്റലില്‍  നിന്ന് വീട്ടില്‍ വിടൂ. നാട്ടിലെ അമ്പലങ്ങളിലെ ഉത്സവങ്ങളും കല്യാണങ്ങളും കാതുകുത്തും എന്തിനധികം വീട്ടിലെ ചോറും കൂട്ടാനും വരെ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നത് പോലെ തോന്നി. പെട്ടുപോയി എന്ന് അറിഞ്ഞപ്പോള്‍  രക്ഷപെടാന്‍ ഒരു ചെറിയ ശ്രമം നടത്തി. അതു പൊളിഞ്ഞു. പിന്നെ വീണിടം വിഷ്ണുലോകമായി. 

മാസത്തില്‍ ഒരിക്കല്‍ വീണുകിട്ടുന്ന വിസിറ്റേഴ്‌സ് ഡേ ഒരു ആശ്വാസം തന്നെ ആയിരുന്നു. അമ്മയെയും അച്ഛനെയും ഏട്ടനേയും കാണാം. വീട്ടിലെ ഭക്ഷണം കഴിക്കാം 
അന്ന് രാത്രി മെസ്സിലേക്ക് എത്തിനോക്കില്ല. 

ജിന്‍സിടെ വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന ഒരു വലിയ പാത്രമുണ്ട്. അതില്‍ നിറയെ എല്ലും കപ്പയുമാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ കാലിയാകും. പിന്നെ ചക്ക വേവിച്ചത്, ചിക്കന്‍ കറി, അപ്പം, നല്ല മട്ട അരിയുടെ ചോറും മീന്‍കറിയും എന്നു വേണ്ട സകലതും ഒരുമിച്ചിരുന്നു വാരിക്കഴിക്കും. പിന്നെ ഏതെങ്കിലും ബെഡില്‍ വീണു കിടന്നുറങ്ങും. അടുത്ത ദിവസം മുതല്‍ വീണ്ടും ഇരുമ്പ് ഇഡലിയും അടപ്പു തുറന്നാല്‍ മൂക്ക് തെറിച്ചു പോകുന്ന മണമുള്ള സാമ്പാറും.

ഫൈനല്‍ ഇയറിലെ ധനലക്ഷ്മി അക്ക പറഞ്ഞാണ് അറിഞ്ഞത് നല്ല ബിരിയാണി കിട്ടുന്ന സ്ഥലമുണ്ട് ടൗണില്‍. പക്ഷെ കോളേജ് ഗേറ്റിന്റെ പുറത്തേക്ക് കടക്കാന്‍ അനുവാദമില്ല.  അങ്ങനെയാണ് ഞങ്ങളുടെ റൂമില്‍ എല്ലാവര്ക്കും ഇടയ്ക്കിടെ പനിയോ മറ്റ് അസുഖങ്ങളോ ഒക്കെ വരാന്‍ തുടങ്ങിയത്. ആര്‍ക്കാണ് വരേണ്ടത് എന്നു എല്ലാവരും കൂടെ ആലോചിച്ചു തീരുമാനിക്കും. അങ്ങനെ അവിടുത്തെ ഓള്‍ ഇന്‍ ഓള്‍ ആയ ശിവകാമി അക്ക നമ്മളെ ഹോസ്പിറ്റലില്‍ കൊണ്ടുപോകും. 
വരുന്ന വഴി ശിവകാമി അക്കക്ക് ടിപ്പ് കൊടുത്തു ബിരിയാണി വാങ്ങും.  

അതൊരു ഒന്നൊന്നര തുടക്കമായിരുന്നു. ബിരിയാണി കഴിക്കാന്‍ തോന്നുമ്പോഴെല്ലാം അസുഖങ്ങള്‍. 

രാത്രിയിലെ സ്റ്റഡിടൈം ആഘോഷമാണ്. അന്താക്ഷരി വരെ ഉണ്ടാവും ഇടയില്‍. നമ്മളെ നോക്കാന്‍ ഒരു മാം ഡ്യൂട്ടിയിലുണ്ടാവും. പണിഷ്‌മെന്റ് ഒകെ എല്ലാവര്‍ക്കും മാറി മാറി വന്നുകൊണ്ടേ ഇരുന്നു. ആരും അത് മുഖവിലക്കെടുത്തിട്ടില്ല. 

തമിഴ്കുട്ടികളുടെ റൂം അറിയാനൊക്കെ എളുപ്പമാണ്. ഒരു റൂമിലുള്ള എല്ലാവര്‍ക്കും സെയിം കളര്‍ നെയില്‍ പോളിഷ് ആവും. ഞങ്ങള്‍ക്കാണെങ്കില്‍ ഏഴെട്ട് റൂമിലുള്ളവര്‍ക്കെല്ലാം കൂടെ ഒരൊറ്റ നെയില്‍ പോളിഷ് ആവും. 

കോളജും ഹോസ്റ്റലുമൊക്കെ ഒരു കോമ്പൗണ്ടിനുള്ളിലാണ്. രാത്രി സ്റ്റഡി ടൈമില്‍ കോളേജ് ബില്‍ഡിങ്ങില്‍ ഇരുന്നാണ് പഠിക്കുക. എന്റെ ക്ലാസ് റൂമില്‍ ഇരുന്നു ഞാന്‍പഠിക്കാറില്ല. ബിസിനസ് ലോ ക്ലാസ് ഒകെ ഓര്‍മ വരും. എന്തിനാ വെറുതെ...!

രാത്രിയിലെ സ്റ്റഡി ടൈം കഴിഞ്ഞാല്‍ പിന്നെ 10 മണിക്ക് ശേഷം  ഓവര്‍ സ്റ്റഡി ഉണ്ട്. വേണമെങ്കില്‍ ഇരിക്കാം. ശബ്ദം ഉണ്ടാകാന്‍ പാടില്ലാന്നു മാത്രം. ഞങ്ങള്‍ മലയാളികള്‍ എല്ലാവരും തന്നെ ഓവര്‍ സ്റ്റഡിക്ക് ഉണ്ടാവും. ഇതേ ഓവര്‍ സ്റ്റഡി ടൈമിലാണ് സ്മിതച്ചേച്ചിയും ബിന്‍സിച്ചേച്ചിയും റിഞ്ചുചേച്ചിയുമൊക്കെ തന്നിരുന്ന 'ഒരു സങ്കീര്‍ത്തനം പോലെ'യും 'ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നതും' 'മയ്യഴിപ്പുഴയുടെ തീരങ്ങളി'ലും 'മഞ്ഞും' 'നൃത്ത'വും 'കയറും' എല്ലാം വായിച്ച തീര്‍ത്തത്.

അങ്ങനെ ഒരീസം  രാത്രി. പിന്‍ഡ്രോപ് സൈലന്‍സ്. കോളേജ് ഡേ ഫങ്ഷന് വേണ്ടി 500 ല്‍ അധികം കസേരകള്‍ ഞങ്ങള്‍ പഠിക്കുന്ന റൂമിനു അടുത്ത് ഒരു ഹാളില്‍ അടുക്കി വച്ചിരുന്നു. അതിനടുത്തു ഒരു സിന്റക്‌സ് ടാങ്ക് ഇരിപ്പുണ്ട്. റിന്‍സിയും ഞാനും അതിലെ നടന്നു പഠിക്കുന്നു. എങ്ങനെയോ റിന്‍സിയുടെ ബുക്ക് അതില്‍ വീണു. എടുക്കാതെ നിവൃത്തിയില്ല. കയറി എടുക്കാവുന്നതേ ഉള്ളൂ. ഒരു കൈ സഹായം കൊടുത്തു. ആള്‍ കയറി. പക്ഷെ സ്ലിപ് ആയി. ടാങ്ക് മറിഞ്ഞു. നേരെ വീണത് ആ അടുക്കി വച്ചിരിക്കുന്ന കസേരകളുടേ മേലേക്ക്. പിന്നെ കസേരകള്‍ വീഴുന്ന ശബ്ദം.
 
എങ്ങനെ അവിടെ നിന്ന് എസ്‌കേപ്പ് ആയെന്ന് എത്ര ശ്രമിച്ചിട്ടും ഓര്‍മ വരുന്നില്ല. 

ആയിടക്ക് ഒരു ചെറിയ കള്ളത്തരം ചെയ്തു.  ഹോസ്റ്റല്‍ റൂമില്‍ പ്‌ളഗ് പോയ്ന്റ്‌സ് എല്ലാം ഡിസ്‌കണക്ടഡ് ആണ്. ചാര്‍ജിങ്ങിനും മറ്റുമായി കുറച്ച് കറന്റ് വേണം.  

അങ്ങനെ റൂമില്‍ കറന്റ് മോഷ്ടിക്കപ്പെട്ടു. മോഷണം എന്നൊന്നും പറയാന്‍ പറ്റില്ല. വയറുകള്‍ തമ്മില്‍ കണക്ട് ചെയ്തു ചെറിയ ഓപ്പറേഷന്‍. ചെയ്തത് ഞാന്‍ അല്ല. ഹെല്‍പ്പര്‍ മാത്രം. പക്ഷെ ഞാന്‍ പിടിക്കപ്പെട്ടു. പുലിമേടയിലേക്ക് വിളിപ്പിച്ചു. 

മാം ചോദിച്ചു, 'ഇത് പോലെ ഞങ്ങളുടെ റൂമിലും ചെയ്ത തരാമോ?'

ഒരു നിമിഷം ചെയ്ത് കൊടുത്താലോ എന്നു ഓര്‍ത്തെങ്കിലും അടുത്ത നിമിഷം അത് ഒരു ട്രാപ് ആണെങ്കിലോ എന്നോര്‍ത്തു പറഞ്ഞു, അത് എന്താണെന്നു പോലും എനിക്കറിയില്ല!'

ഒടുവില്‍ മാം പൊക്കോളാന്‍ പറഞ്ഞു....
.
ആയിടക്ക് മധുരയിലെ യൂണിവേഴ്‌സിറ്റിയില്‍ പോവേണ്ട ഒരു ആവശ്യം വന്നു. സീനിയേഴ്‌സും ജൂനിയേഴ്‌സുമായി  ഞങ്ങള്‍  6 പേരുണ്ട്. യൂണിവേഴ്‌സിറ്റിയിലൊക്കെ പോയിട്ട് തിരിച്ചു ബസ് സ്‌റാന്‍ഡിലേക് കയറാന്‍ ഒരു ടൗണ്‍ ബസ് നോക്കി നില്‍ക്കുകയാണ്. ബസ്  വന്നു നാല് പേര് കയറിയപ്പോള്‍ തന്നെ ബസ് ഏതാണ്ട് മൂവ് ചെയ്യാന്‍ തുടങ്ങി. ഞാനും കയറാന്‍ തുടങ്ങിയപ്പോ പുറകില്‍ നിന്ന കുട്ടി എന്നെ പിടിച്ച പിന്നിലേക്കു വലിച്ചു. എന്തായാലും ബസ് പോവും, അപ്പോ ഒരു കമ്പനിക്ക്!

ഈശ്വരാ,  പിന്നെ ആ പൊരിവെയിലത്ത് ബിസനു പിറകെ ഒരോട്ടമായിരുന്നു. ആദ്യം കേറിയ നാലുപേരും ബസ് നിര്‍ത്തിക്കാന്‍ കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. കുറെ ഓടിയപ്പോള്‍ ബസ് നിന്നു. 

ബസിലെ അണ്ണന്മാരോട് നിങ്ങള്‍ എന്ത് പണിയാ കാണിച്ചെ എന്നു  ചോദിച്ചപ്പോ അവര്‍ കൂള്‍ ആയിട്ട് പറഞ്ഞു, ഇത്ര ടൈമില്‍ കൂടുതല്‍ ബസ് അവിടെ നിര്‍ത്താന്‍  പറ്റില്ല. 

ഇന്നും മധുരൈ എന്നു കേള്‍ക്കുമ്പോള്‍ അന്നത്തെ ഓട്ടം ഓര്‍മ്മവരും. 

'ഇടനാഴി'യില്‍ ഇതുവരെ

ഷിബു ഗോപാലകൃഷ്ണന്‍:  ഒരു പാതിരാ പ്രണയത്തിന്റെ കഥ

ആന്‍സി ജോണ്‍: ഹോസ്റ്റലിനെ വിറപ്പിച്ച ആ ഭരണി!

രാഹുല്‍ രവീന്ദ്ര: ആ കള്ളന്‍ അവനായിരുന്നു; ഹോസ്റ്റലിന്റെ വീരനായകന്‍!​

ഷീബാ വിലാസിനി: പാതിരാത്രിയിലെ കറുത്തരൂപം!

മുഫീദ മുഹമ്മദ് എഴുതുന്നു: കൈവിട്ടുപോയ ഒരു പിറന്നാള്‍ ആഘോഷം!

ഹസ്‌നത് സൈബിന്‍: വിരട്ടി ഡയലോഗുകള്‍ പറയിപ്പിച്ച ചേച്ചിമാര്‍!

അമ്മു സന്തോഷ്: വനിതാ ഹോസ്റ്റലിനകത്ത്  ഒരു 'മീശമാധവന്‍'

സബീഹ് അബ്ദുല്‍കരീം: ആത്മഹത്യയില്‍നിന്നാണ് അവനന്ന് തിരിച്ചുനടന്നത്!

മുസ്തഫലി ചെര്‍പ്പുളശേരി: ഹോസ്റ്റല്‍ മുറിയില്‍ ഒരു  നുഴഞ്ഞുകയറ്റക്കാരന്‍!

സ്മിത അജു: പ്രണയം എന്നാല്‍, എനിക്ക് അമുതയാണ്!

പ്രിന്‍സ് പാങ്ങാടന്‍: എംജി സര്‍വകലാശാലാ ഹോസ്റ്റലിലെ ഇടി; ഒരു ഫ്ലാഷ് ബാക്ക്

ഷാനിൽ ചെങ്ങര: പാളത്തിന്റെ മറ്റൊരറ്റത്ത് അന്നേരം ചിതറികിടപ്പായിരുന്നു ദേവന്‍... ​

റീന സുന്ദരേശന്‍: 'എന്ത് രസാണെന്നോ കൊച്ച്  നടക്കുന്നത് കേള്‍ക്കാന്‍!'

സുമയ്യ ഹിജാസ്: പാറുവമ്മ ഇനി കരയില്ല!

വിനീത പാട്ടീല്‍: ഹോസ്റ്റലില്‍ ഒരു ചക്കമോഷണം!​

മിഷാല്‍: ആ പഴ്‌സില്‍ എന്റെ ജീവിതമായിരുന്നു!

 പ്രസാദ് പൂന്താനം: തല്ലിയതും പോരാ, ഗുണ്ടകള്‍  കുപ്പികളും കൊണ്ടുപോയി!​

ശ്രുതി രാജേഷ് :  സെല്‍ഫിക്കാലത്തിനു മുമ്പുള്ള ഒരു ഹോസ്റ്റല്‍!

റാഷിദ് സുല്‍ത്താന്‍: എഞ്ചിനീയറിംഗ് ഹോസ്റ്റല്‍ ഡാ!

ജുനൈദ് ടി പി തെന്നല : ഞങ്ങള്‍ക്കൊന്നും വെവ്വേറെ പാത്രങ്ങള്‍ ഉണ്ടായിരുന്നില്ല

ആതിര സന്തോഷ്: എങ്കിലും ഹോസ്റ്റല്‍ എനിക്കിഷ്മാണ്!

അപര്‍ണ എസ്: ഒച്ചയില്ലാതെ ഞാന്‍ കരഞ്ഞു!

കെ.എം തോമസ്: വാര്‍ഡനെതിരെ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക്!
 

Follow Us:
Download App:
  • android
  • ios