Asianet News MalayalamAsianet News Malayalam

കോളിളക്കം സൃഷ്ടിച്ച ആദിവാസി ഭൂമി  കേസ് അപ്രത്യക്ഷമായത് എങ്ങനെയാണ്?

How Kerala adivasis are losing a legal battle for land
Author
Thiruvananthapuram, First Published Jul 1, 2017, 3:35 PM IST

How Kerala adivasis are losing a legal battle for land

സുപ്രീം കോടതി റിപ്പോര്‍ട്ടിംഗ് തുടങ്ങിയിട്ട് 12 വര്‍ഷം ആയി. മാസം തോറും പത്തുപതിനഞ്ച് പുതിയ കേസുകള്‍ പഠിക്കാം എന്നതാണ് സുപ്രീം കോടതി റിപ്പോര്‍ട്ടിങ്ങിലെ ത്രില്‍. എല്ലാ കേസും റിപ്പോര്‍ട്ട് ചെയ്യാന്‍ ഇഷ്ടം ആണെങ്കിലും, വാര്‍ത്താ പ്രാധാന്യം ഉള്ള കേസുകള്‍ പഠിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും പ്രത്യേക താത്പര്യമാണ്. കേരളത്തിലെ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ 1999 ല്‍ കൊണ്ട് വന്ന, നിയമ ഭേദഗതി കേസ് അത്തരത്തില്‍ ഒന്നായിരുന്നു.

ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാന്‍ 1975 ലാണ് സര്‍ക്കാര്‍ ആദ്യം നിയമം പാസ്സാക്കിയത്. എന്നാല്‍, പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം, 1986 ല്‍ മാത്രമാണ് നിയമം വിജ്ഞാപനം ചെയ്തതും, ചട്ടങ്ങള്‍ രൂപീകരിച്ചതും. അതനുസരിച്ച് 1960 നും, 1982 നും ഇടയില്‍ അന്യാധീനപ്പെട്ട ഭൂമി തിരിച്ച് പിടിച്ച് ആദിവാസികള്‍ക്ക് നല്‍കണം. എന്നാല്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നിയമം നടപ്പാക്കാതെ ഒഴിഞ്ഞു മാറി. ഈ സാഹചര്യത്തില്‍, ഡോ. നല്ല തമ്പി തേരയും മറ്റും ഹൈക്കോടതിയെ സമീപിച്ചു. നിയമം നടപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

ഉത്തരവ് നടപ്പാക്കാനല്ല, മറി കടക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അതിനായി, 1999 ല്‍ സംസ്ഥാന സര്‍ക്കാര്‍ 1975 ലെ നിയമം ഭേദഗതി ചെയ്തു. നിയമസഭ ഏതാണ്ട് ഏകകണ്ഠമായി പാസ്സാക്കിയ ഭേദഗതി അനുസരിച്ച്, രണ്ട് ഹെക്ടറില്‍ കൂടുതല്‍ ഉള്ള ആദിവാസി ഭൂമി മാത്രം തിരിച്ചു പിടിച്ച് കൈമാറിയാല്‍ മതി. കൈമാറ്റം ചെയ്യപ്പെട്ട ഭൂമി രണ്ട് ഹെക്ടറില്‍ താഴെ ആണെങ്കില്‍ തിരിച്ചു പിടിക്കേണ്ടതില്ല. അതിന് പകരം തുല്യമായ ഭൂമി സര്‍ക്കാര്‍ ആദിവാസികള്‍ക്ക് നല്‍കും. ഭേദഗതിക്ക് എതിരെ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബേര്‍ട്ടീസ് എന്ന സംഘടന ഹൈകോടതിയെ സമീപിച്ചു. ഭേദഗതി നിയമത്തിലെ സുപ്രധാനമായ അഞ്ച്, ആറ് വകുപ്പുകള്‍ ഹൈകോടതി റദ്ദാക്കി. 1975 ലെ നിയമം നടപ്പിലാക്കാനും ഹൈകോടതി ഉത്തരവിട്ടു.

ഉത്തരവ് നടപ്പാക്കാനല്ല, മറി കടക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.

സുപ്രീം കോടതിയിലേക്ക്
ഹൈക്കോടതി ഉത്തരവിന് എതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചു. ജസ്റ്റിസുമാരായ എസ് ബി സിന്‍ഹയും, മുകുന്ദകം ശര്‍മ്മയും അടങ്ങുന്ന ബെഞ്ച് ആയിരുന്നു കേരളത്തിന്റെ ഹര്‍ജിയില്‍ (State of Kerala & Anr Vs Peoples Union for Civil Liberties & Ors, Civil Appeal No 104  105 of 2001) വാദം കേട്ടിരുന്നത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത് സീനിയര്‍ അഭിഭാഷകന്‍ ടി എല്‍ വിശ്വനാഥ അയ്യര്‍. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബേര്‍ട്ടിസിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ രജീന്ദര്‍ സച്ചാര്‍്.

നീണ്ട വാദത്തിന് ഒടുവില്‍ ജസ്റ്റിസുമാരായ എസ് ബി സിന്‍ഹയും, മുകുന്ദകം ശര്‍മ്മയും അടങ്ങുന്ന ബെഞ്ച് 2009 ജൂലൈ 21ന് ഹൈക്കോടതി വിധി റദ്ദാക്കി. 1999 ല്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി സുപ്രീം കോടതി ശരി വച്ചു. ജസ്റ്റിസ് എസ് ബി സിന്‍ഹ എഴുതിയ വിധിയില്‍ 2010 ജനുവരിക്കുള്ളില്‍ കൈമാറ്റം ചെയ്യപ്പെട്ട രണ്ട് ഹെക്ടറില്‍ കൂടുതല്‍ ഉള്ള ആദിവാസി ഭൂമി സര്‍ക്കാര്‍ തിരിച്ച് പിടിച്ച് ആദിവാസികള്‍ ആയ ഉടമസ്ഥര്‍ക്ക് നല്‍കണം എന്ന് നിര്‍ദേശിച്ചു. കൈമാറ്റം ചെയ്യപ്പെട്ട ഭൂമി രണ്ട് ഹെക്ടറില്‍ താഴെയാണെങ്കില്‍ അതിന് പകരം തുല്യമായ ഭൂമി സര്‍ക്കാര്‍ ആദിവാസികള്‍ക്ക് നല്‍കണം എന്നും കോടതി ഉത്തരവിട്ടു.

സര്‍ക്കാര്‍ അഭിഭാഷകന്‍ ജി പ്രകാശിനോട് ജസ്റ്റിസ് മുകുന്ദകം ശര്‍മ്മ പൊട്ടിത്തെറിച്ചു.

വീണ്ടും കാലതാമസം
അന്യാധീനപ്പെട്ട ഭൂമി ആദിവാസികള്‍ക്ക് തിരിച്ചു പിടിച്ച് വിതരണം ചെയ്യാന്‍ സുപ്രീം കോടതി അനുവദിച്ച സമയപരിധി കഴിഞ്ഞതിന് തൊട്ടുപിന്നാലെ സര്‍ക്കാര്‍ അഭിഭാഷകന്‍ ജി. പ്രകാശ് ഉത്തരവ് നടപ്പിലാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഒരു അപേക്ഷ നല്‍കി. 2010 ഏപ്രില്‍ ഒമ്പതിന് ഈ അപേക്ഷ ജസ്റ്റിസുമാരായ വി എസ് സിര്‍പ്പുക്കറും, മുകുന്ദകം ശര്‍മ്മയും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചു. കോടതി ഉത്തരവ് പ്രകാരം ഭൂമി വിതരണം ചെയ്യാത്തതിന് കോടതി അലക്ഷ്യ നടപടി സ്വീകരിക്കണം എന്ന് പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബേര്‍ട്ടിസ് വേണ്ടി ഹാജര്‍ ആയ രജീന്ദര്‍ സച്ചാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം അന്ന് കോടതി അംഗീകരിച്ചില്ല. അതേസമയം സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് ആദിവാസികള്‍ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിച്ച് വിതരണം ചെയ്യാന്‍ സുപ്രീം കോടതി ജൂലൈ 31 വരെ സമയം അനുവദിച്ചു.

2010 ഡിസംബര്‍ 13 നാണ് പിന്നീട് ഈ കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നത്. അന്ന് കേസ് പരിഗണിച്ചത് ജസ്റ്റിസുമാരായ മുകുന്ദകം ശര്‍മ്മയും അനില്‍ ആര്‍ ദാവെയും. 2009 ലെ വിധി നടപ്പിലാക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട സര്‍ക്കാര്‍ അഭിഭാഷകന്‍ ജി പ്രകാശിനോട് ജസ്റ്റിസ് മുകുന്ദകം ശര്‍മ്മ പൊട്ടിത്തെറിച്ചു. 2009 ലെ ഉത്തരവ് ഘട്ടം ഘട്ടമായി നടപ്പിലാക്കാം എന്ന പ്രകാശിന്റെ നിര്‍ദേശം കോടതി തള്ളി. സര്‍ക്കാര്‍ പാസ്സാക്കിയ ഭേദഗതി നടപ്പിലാക്കുന്നതില്‍ എന്താണ് ബുദ്ധിമുട്ട് എന്ന് കോടതി ആരാഞ്ഞു. നിയമലംഘകര്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കണം എന്നും കോടതി നിര്‍ദേശിച്ചു. 2009 ലെ ഉത്തരവ് 2011 മാര്‍ച്ച് 31 നകം നടപ്പിലാക്കണം എന്ന് കോടതി അന്ത്യശാസനം നല്‍കി. അന്നത്തെ ഉത്തരവിന്റെ കാതലായ ഭാഗം ഇങ്ങനെ ആണ്.

'Despite our orders dated 9th April, 2010, directions of this Court have not been complied with. We had given time to comply with the directions of this Court by 31st July, 2010. Despite that, those orders have not been complied with till date and again an application seeking for six months time has been filed. It is not possible for us to go on extending time in terms of the prayer but taking into consideration the fact that these applications were filed with the expectation that some more time would be given to the appellant, we extend the time to comply with the directions of this Court up to 31st March, 2011. However, we make it clear that no further opportuntiy will be granted to the appellant for the said purpose and if the ordered work is not completed by then, appropriate action will be taken against the defaulting person'.

സര്‍ക്കാരുകള്‍ സുപ്രീം കോടതിക്ക് നല്‍കിയ ഉറപ്പ് സൗകര്യപൂര്‍വ്വം വിസ്മരിച്ചു.

ആ കേസ് മറഞ്ഞതെങ്ങനെ?
ആദിവാസികള്‍ക്ക് നഷ്ടപ്പെട്ട നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിച്ച് നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കും എന്നും സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍, പിന്നീട് ഒരിക്കല്‍ പോലും ഈ കേസ് സുപ്രീം കോടതിയുടെ പരിഗണയ്ക്ക് വന്നില്ല. പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ പോലും പിന്നീട് ഈ കേസ് സ്ഥാനം പിടിച്ചില്ല. ദുരൂഹതകള്‍ ബാക്കി വച്ച് ആരും കാണാതെ ഈ കേസ് എങ്ങോട്ടോ മറഞ്ഞു. അതിലും ദുരൂഹത, പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബേര്‍ട്ടിസ് എന്ന സംഘടനയ്ക്ക് ഈ കേസില്‍ ഉണ്ടായിരുന്ന താല്‍പ്പര്യം നഷ്ടപ്പെട്ടതാണ്. പട്ടയ മേളകള്‍ സംഘടിപ്പിക്കുന്ന സര്‍ക്കാരുകള്‍ സുപ്രീം കോടതിക്ക് നല്‍കിയ ഉറപ്പ് സൗകര്യപൂര്‍വ്വം വിസ്മരിച്ചു.

ഈ കേസ് എന്റെ മാധ്യമ പ്രവര്‍ത്തന ജീവിതത്തിലും വ്യക്തിപരം ആയ ജീവിതത്തിലും മറക്കാന്‍ ആകാത്ത ഒരു ഏടാണ്. അത് കൊണ്ടാണ് ദുരൂഹതകള്‍ ബാക്കി വച്ച് എങ്ങോട്ടോ മറഞ്ഞ ഈ കേസ് ഇടയ്ക്ക് ഓര്‍ത്ത് പോകുന്നത്. ദൃശ്യമാധ്യമ പ്രവര്‍ത്തകരില്‍ ദീജു ശിവദാസും ഞാനും ആയിരുന്നു ഈ കേസ് നിരന്തരം ഫോളോ ചെയ്തിരുന്നത്. 2010 ഏപ്രില്‍ 9 ലെ കോടതി നടപടികള്‍ ഇന്നലെ കഴിഞ്ഞത് പോലെ ഇപ്പോഴും ഓര്‍മ്മയുണ്ട്. അന്ന് ഞാന്‍ കോടതിയില്‍ എത്തുന്നത് വ്യക്തിപരമായ ഒരു ആവശ്യത്തിന് ആയിരുന്നു. അതിന് രണ്ട് ദിവസം മുമ്പായിരുന്നു കല്യാണി ജനിച്ചത് (ഏപ്രില്‍ 7). പപ്പിയുടെ കടിഞ്ഞൂല്‍ പ്രസവം ആ വര്‍ഷം ഏപ്രില്‍ 14 ന് ശേഷമേ ഉണ്ടാകൂ എന്നായിരുന്നു പ്രതീക്ഷ. അതിനാല്‍ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് എടുത്തിരുന്നത് ഏപ്രില്‍ 10 ലേക്ക് ആയിരുന്നു. ഇന്നത്തെ പോലെ തന്നെ അന്നും സാമ്പത്തിക സ്ഥിതി അത്ര ഭദ്രം അല്ലാത്തതിനാല്‍ ബുക്ക് ചെയ്ത ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തത് നേരത്തെ ആക്കാന്‍ സാധിച്ചില്ല. വ്യക്തിപരമായ ഈ പ്രയാസങ്ങള്‍ക്ക് ഇടയില്‍ ആയിരുന്നു അന്ന് കോടതിയില്‍ എത്തിയത്. കോടതി വരാന്തയില്‍ ഞാനും ദീജുവും സംസാരിച്ച് കൊണ്ട് ഇരിക്കെ ആണ് പ്രകാശ് സാര്‍, വളരെ നിസ്സാരമായ കേസ് ഉണ്ടെന്ന് പറഞ്ഞ് കൊണ്ട് ഞങ്ങള്‍ക്ക് അടുത്തേക്ക് എത്തിയത്. സാറിനും ബീന മാഡത്തിനും ഒപ്പം കോടതിയില്‍ അന്ന് വെറുതെ കയറിയതാണ്. പിന്നീട് കേരളത്തില്‍ ദിവസങ്ങളോളം ഈ വിഷയം ആയിരുന്നു ചര്‍ച്ച.

അക്കാലത്ത് ഞാന്‍ ഇന്ത്യാവിഷനില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. പിന്നീട് റിപ്പോര്‍ട്ടറിലേക്ക് മാറി. ദീജു ഏഷ്യാനെറ്റ് ന്യൂസ് വിട്ട് ഓസ്‌ട്രേലിയിലേക്ക് കുടിയേറി. കോടതിക്ക് ഉറപ്പ് നല്‍കിയ വി എസ് സര്‍ക്കാര്‍ മാറി. ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ വന്നു. 2011 ജൂണില്‍ പ്രകാശ് സാര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ പദവി ഒഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന് ഈ കേസ് ഫയല്‍ തിരികെ നല്‍കിയപ്പോള്‍ ഒരു വലിയ തലവേദന ഒഴിഞ്ഞ പ്രതീതി ആയിരുന്നു സാറിന്. പ്രകാശ് സാറിന് ശേഷം ഈ കേസ് ഏതു സര്‍ക്കാര്‍ അഭിഭാഷകനാണ് ലഭിച്ചത് എന്ന് അറിയില്ല. അല്ലെങ്കിലും കോടതിയില്‍ വരാത്ത ഒരു കേസ് ആര്‍ക്ക് ലഭിച്ചിട്ട് എന്ത് കാര്യം?

കേരളത്തില്‍ പിന്നീടും വല്യ ഭൂപ്രശ്‌നങ്ങള്‍ ചര്‍ച്ച ആയിട്ടുണ്ട്. പക്ഷേ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഈ കേസ് മാത്രം പൊതു മണ്ഡലത്തില്‍ ചര്‍ച്ച ആക്കിയില്ല. ഇതൊക്കെ  ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം, സമീപകാലത്ത് വായിച്ച, മാധ്യമ പ്രവര്‍ത്തകന്‍ സാബ്ലു തോമസ് ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ വെബ്ബില്‍ എഴുതിയ ആദിവാസി ഭൂപ്രശ്‌നം സംബന്ധിച്ച ഒരു ലേഖനമാണ്

2009 ലെ സുപ്രീം കോടതി ഉത്തരവ് എത്രത്തോളം നടപ്പിലാക്കി എന്നത് പഠന വിഷയം ആക്കേണ്ടതാണ്. അത് പോലെ തന്നെ ഈ കേസ് എങ്ങനെ വിസ്മൃതിയില്‍ ആയി എന്നതിനെ കുറിച്ചും. 

Follow Us:
Download App:
  • android
  • ios