Asianet News MalayalamAsianet News Malayalam

ആരോപണങ്ങള്‍, ആക്രോശങ്ങള്‍;  പി. ജിംഷാര്‍ മറുപടി പറയുന്നു!

Interview with P JImshar
Author
Thiruvananthapuram, First Published Jul 28, 2016, 9:02 PM IST

Interview with P JImshar

ആരാണ് ജിംഷാര്‍? ഇത്ര കാലം ആരുമറിയാത്ത അയാളെങ്ങനെ 'പ്രശസ്ത എഴുത്തുകാര'നാവും? ജിംഷാര്‍ ആശുപത്രിയില്‍ കിടക്കുന്ന സമയത്ത് ചിലര്‍ നടത്തിയ പ്രചാരണത്തില്‍ ഉയര്‍ന്ന ചോദ്യങ്ങളില്‍ രണ്ടെണ്ണം ഇതായിരുന്നു. സത്യത്തില്‍, ആരാണീ ജിംഷാര്‍? 
എഴുത്തും സിനിമയും സൗഹൃദവുമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണ മനുഷ്യനാണ് ഞാന്‍. ഉമ്മയ്ക്കും കൂടപ്പിറപ്പുകള്‍ക്കുമൊപ്പം, പെരുമ്പിലാവിലാണ് താമസം. ഡിഗ്രി വരെ ഉപ്പയുടെ നാടായ കൂനംമൂച്ചിയിലായിരുന്നു. പിന്നീട് ഇവിടെ വന്നു. ദാരിദ്ര്യവും കഷ്ടപ്പാടുകളുമൊക്കെ മറികടക്കാന്‍ ചെറുപ്പത്തിലേ ഞാന്‍ കണ്ടെത്തിയ വഴിയായിരുന്നു വായന. പിന്നീട്, എഴുത്ത് വഴങ്ങിത്തുടങ്ങി. കണ്ണൂര്‍ സര്‍വകലാശാലയില്‍ ജേണലിസം പഠനകാലത്താണ്, എഴുത്ത് അങ്ങേയറ്റം കാര്യമായി എടുക്കുന്നത്. പിന്നീടങ്ങോട്ട് നിരന്തരമായി എഴുതി. വായിച്ചു. നല്ല സിനിമകള്‍ കണ്ടു തുടങ്ങിയ കാലം മുതല്‍ സിനിമ കൂടെയുണ്ട്. എഴുത്തും സിനിമയുമല്ലാതെ മറ്റൊരു ലോകവും എനിക്കില്ല. അലഞ്ഞു നടന്നും സുഹൃത്തുക്കള്‍ക്കൊത്തും ഞാനിങ്ങനെ ജീവിച്ചുപോവുകയാണ്. 

പ്രചരിപ്പിക്കപ്പെടുന്നതുപോലെ എഴുത്തുകാരന്‍ എന്ന നിലയില്‍ ആരുമറിയാത്ത ആളാണോ ജിംഷാര്‍? 
അതെനിക്കറിയില്ല. കുറേകാലമായി ഞാന്‍ എഴുതുന്നുണ്ട്. കുറച്ച് കഥകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ആദ്യമായി എഴുതിയ കുറച്ചു കഥകള്‍ ചേര്‍ത്ത് കണ്ണൂരിലെ പായല്‍ ബുക്‌സ് 'ദൈവം വല നെയ്യുകയാണ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് അതിനും മുമ്പാണ്. ആ കഥകളൊന്നും എനിക്കത്ര ഇഷ്ടമുള്ളതല്ല. പിന്നീട്, ഡിസി ബുക്‌സ് നടത്തിയ നോവല്‍ മല്‍സരത്തില്‍, 'ഭൂപടത്തില്‍നിന്ന് കുഴിച്ചെടുത്ത കുറിപ്പുകള്‍' എന്ന എന്റെ നോവല്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു.  2014ല്‍ ഡിസി ബുക്‌സ് അത് പ്രസിദ്ധീകരിച്ചു. ഇപ്പോഴിത് മാര്‍ക്കറ്റിലില്ല. ഇക്കാലം കൊണ്ട് മുഴുവനും വിറ്റു പോയ ഒരു പുസ്തകമായിരുന്നു അത്. അതിനെ കുറിച്ചു ഇപ്പോഴും ഫേസ്ബുക്കിലും അല്ലാതെയും ധാരാളം പേര്‍ സംസാരിക്കാറുണ്ട്. മൂന്നാമത്തെ പുസ്തകമാണ് പടച്ചോന്റെ ചിത്രപ്രദര്‍ശനം. ഒമ്പത് കഥകളുടെ സമാഹരമാണ് അത്. രണ്ട് കഥകള്‍ ഒഴിച്ച് മറ്റ് കഥകള്‍ മുമ്പ് പ്രസിദ്ധീകരിച്ചവയാണ്. അതിന്റെ  പ്രകാശനം നടക്കാനിരിക്കുകയാണ്. വായിക്കുന്നവരില്‍ പലര്‍ക്കും എന്നെ അറിയാം. ഒന്നും വായിക്കാത്തവര്‍, എന്നെ അറിയില്ലെന്ന് പറയുന്നതും ശരിയാണ്. 

സിനിമയിലും പ്രവര്‍ത്തിച്ചിരുന്നില്ലേ? 
എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയുടെ അസി. ഡയരക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു മുറൈ വന്ത് പാര്‍ത്തായാ എന്ന സിനിമയിലും അസിസ്റ്റന്റായിരുന്നു. എഴുതുന്ന ഓരോ കഥയും വിഷ്വലായാണ് ഞാന്‍ ആലോചിക്കാറ്. കഥ മാത്രമായല്ല, സിനിമയും കൂടിയായാണ് ആലോചിക്കാറുള്ളത്. കഥയും നോവലും എഴുതുമ്പോള്‍ അതിന്റെ തിരക്കഥയും എഴുതാറുണ്ട്. രണ്ടു വര്‍ഷമായി എഴുതിക്കൊണ്ടിരിക്കുന്ന നോവലാണ്  'എഡിറ്റിങ് നടന്നുകൊണ്ടിരിക്കുന്ന ആകാശം'. അത് പൂര്‍ത്തിയായി. അതിന്റെ തിരക്കഥയും ഒപ്പമെഴുതിയിട്ടുണ്ട്. 

ജേണലിസ്റ്റ് എന്ന നിലയില്‍ എവിടെയൊക്കെയാണ് ജോലി ചെയ്തത്?
തൃശൂരിലെ കേരളീയം മാസികയില്‍ വളരെ കുറച്ച് കാലമുണ്ടായിരുന്നു. പിന്നെ, പട്ടാമ്പിയില്‍ എസിവിയില്‍ കുറച്ചു നാള്‍. വര്‍ത്തമാനം പത്രത്തിന്റെ ഓണ്‍ലൈനില്‍ കുറച്ചു നാള്‍. ഇപ്പോള്‍ മാധ്യമപ്രവര്‍ത്തനത്തേക്കാള്‍ എഴുത്തിലും സിനിമയിലും തന്നെയാണ് ഞാനുള്ളത്. 

Interview with P JImshar

നാട്ടില്‍ കാര്യമായ ബന്ധങ്ങളൊന്നുമില്ല, അല്ലേ?
ശരിയാണ്. വല്ലപ്പോഴും വരുന്ന സ്ഥലമാണ് എനിക്ക് നാട്. കാര്യമായി എനിക്ക് കമ്യൂണിക്കേറ്റ് ചെയ്യാത്ത സ്ഥലമാണത്. ഞാനവിടെ അത്ര കംഫര്‍ട്ടബിളുമല്ല. അത്ര അടുപ്പമുള്ള ആളുകളൊന്നുമില്ല അവിടെ. ബന്ധുക്കളുണ്ട്. പിന്നെ പരിചയക്കാരും. പരിചയക്കാരും സുഹൃത്തുക്കളും തമ്മില്‍ വ്യത്യാസമുണ്ടല്ലോ. എനിക്ക് കമ്യൂണിക്കേറ്റ് ചെയ്യാനാവുന്ന ധാരാളം മനുഷ്യര്‍ പല സ്ഥലങ്ങളിലായുണ്ട്. എന്റെ സുഹൃത്തുക്കള്‍. അതിനാലാണ്, അധികം നാട്ടില്‍ നില്‍ക്കാത്തത്.  

ഞാന്‍ ജനിച്ചു വളര്‍ന്ന സ്ഥലമാണ് കൂനംമൂച്ചി. ഡിഗ്രി പഠനകാലം വരെ  അവിടെയായിരുന്നു. എന്റെ ആദ്യ നോവലിന്റെ പശ്ചാത്തലം അവിടെയാണ്. 1900 മുതല്‍ 1992 വരെയുള്ള 92 വര്‍ഷത്തെ കൂനംമൂച്ചിയുടേയും തണ്ണീര്‍ക്കോടിന്‍റേയും  ഫിക്ഷണല്‍ ചരിത്രമാണത്. എനിക്കേറെ വൈകാരികതയുള്ള പ്രദേശമായിരുന്നു അത്. എന്നാല്‍, ആക്രമണം ഉണ്ടായ ദിവസം മുതല്‍  അതു മാറി. ഇന്ന് എനിക്കാ നാടിനെ ഭയമാണ്. 

മത, സാമൂഹ്യ കാര്യങ്ങളിലൊക്കെ നാട്ടുകാരുമായി അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിക്കാറുണ്ടോ? ആരെങ്കിലുമൊക്കെയായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ? 
മതം, വിശ്വാസം എന്നിവയുമായി ബന്ധപ്പെട്ട ഓപ്പണ്‍ സ്‌പേസ് ഒന്നും അവിടെ എനിക്കില്ല. അതിനാല്‍, തന്നെ തര്‍ക്കങ്ങളുടെ ആവശ്യവുമില്ല. തുറന്ന ഫൈറ്റുകളും ഉണ്ടായിട്ടില്ല. കമ്യൂണിക്കേഷന്‍ സാധ്യമല്ല എന്നതായിരിക്കാം കാരണം. നാട്ടില്‍ മഹാത്മാ വായനശാലയാണ് എനിക്കേറ്റവും വൈകാരികമായ അടുപ്പമുള്ള സ്ഥലം. പിന്നെ ഞാന്‍ പഠിച്ച സ്‌കൂള്‍. കഥാപുസ്തകം വാങ്ങിയിരുന്ന കട. അത്രയൊക്കെയേയുള്ളൂ. 

കൂനംമൂച്ചിയില്‍ പോയി വരുന്ന വഴി ആയിരുന്നില്ലേ ഇപ്പോഴത്തെ ആക്രമണം? അതിനെ കുറിച്ച്, ചില മാധ്യമങ്ങളില്‍ ആദ്യം വന്ന വിവരങ്ങളേ ആളുകള്‍ക്കറിയൂ. അത് വിശദമായി ഒന്നു പറയാമോ? 
പകല്‍ കിടന്നുറങ്ങാന്‍ ഇഷ്ടമുള്ള ഒരാളാണ് ഞാന്‍. അന്നു ഞാന്‍ പെരുമ്പിലാവിലെ വീട്ടിലായിരുന്നു. ഉച്ച വരെ കിടന്നുറങ്ങി. പിന്നെ എനിക്കേറെ ഇഷ്ടമുള്ള വല്യുമ്മയെ കാണാന്‍ കൂനംമൂച്ചിയിലെ വീട്ടില്‍ പോയി. ആ വീട് എനിക്കിഷ്ടമായിരുന്നു. അവിടെ നിന്നും ഒരു ഫോട്ടോ എടുത്ത് വല്യുമ്മയും കഥകളുമുള്ള വീട് എന്ന് എഴുതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഞാന്‍ നാട്ടില്‍ ഉണ്ടെന്ന് ഒരു പക്ഷേ അക്രമികള്‍ അറിഞ്ഞത് അങ്ങനെയാവാം. വൈകിട്ട് ആറു മണിവരെ ഞാന്‍ അവിടെ നിന്നു. എന്നെ സയന്‍സ് പഠിപ്പിച്ച ശശി മാഷ് കാണണം എന്നാവശ്യപ്പെട്ടതായി ഉപ്പയുടെ അനിയന്‍ പറഞ്ഞത് അപ്പോഴാണ്. എന്റെ കൂടെ പഠിച്ച ഹേമന്ദിന്റെ അച്ഛനാണ് മാഷ്. ഞാന്‍ മാഷെ കാണാന്‍ ചെന്നു. സ്‌കൂളിലെ കുട്ടികള്‍ക്കായി സിനിമയെ കുറിച്ച് ക്ലാസ് എടുക്കുമോ എന്ന് ചോദിക്കാനായിരുന്നു മാഷ് കാണാന്‍ പറഞ്ഞത്. എട്ടുമണിയോടെ അവിടെ നിന്നിറങ്ങി. പെരുമ്പിലാവിലേക്ക് തിരിച്ചു പോവണം. അതിനായി, ബസ്‌സ്‌റ്റോപ്പില്‍ ചെന്നു. അവിടെ ബസ്‌സ്‌റ്റോപ്പില്‍ കുറേ പേരുണ്ടോയിരുന്നു. പരിചയമുള്ളവരും ഇല്ലാത്തവരും. പരിചയക്കാരില്‍ ചിലര്‍ സംസാരിച്ചു. എന്തൊക്കെയോ പറഞ്ഞു നിന്നു സമയം പോയി. അതിനിടെ ഒരു ബസ് പോയി. 8.45നു പോവേണ്ട എടപ്പാള്‍-കുറ്റനാട് ബസ് അന്നില്ലായിരുന്നു. ഏതൊക്കെയോ പരിചയക്കാര്‍ ചേര്‍ന്ന് ഏതോ ബൈക്കില്‍ ഒരു ലിഫ്റ്റ് ഒപ്പിച്ചുതന്നു. അങ്ങനെ കുറ്റനാട് പോയിറങ്ങി. അടുത്തുള്ള കടയില്‍നിന്നും റീ ചാര്‍ജ് കൂപ്പണൊക്കെ വാങ്ങി അവിടെയിരുന്നു. പിന്നെ ഫേസ്ബുക്ക് നോക്കിയിരുന്നു. സുഹൃത്ത് മൃദുല ഭവാനിയുടെ കശ്മീരിനെ കുറിച്ചുള്ള കവിത ഷെയര്‍ ചെയ്തു. പത്ത് പത്തരയൊക്കെ ആയിരിക്കണം. ഒരു പാലാ ബസ് വന്നു. അതില്‍ കയറാന്‍ നോക്കുമ്പോള്‍, ആരോ പുറത്തു തട്ടിവിളിച്ചു. നിങ്ങളെ എനിക്ക് പരിചയമുണ്ട് എന്നോ മറ്റോ പറഞ്ഞു. എഫ് ബിയിലൊക്കെ പരിചയമുള്ള പലരും അങ്ങിനെ പല സ്ഥലത്തുവെച്ചും ഇങ്ങോട്ട് വന്ന് പരിചയപ്പെടാറുണ്ട്. അങ്ങനെ ആരോ ആവുമെന്ന് കരുതി ഞാന്‍ തിരിഞ്ഞു നിന്നു. എനിക്ക് മനസ്സിലായില്ലല്ലോ എന്നു പറഞ്ഞപ്പോള്‍,  പേര് റഊഫ് എന്നാണെന്നും പെരുമ്പിലാവ് അടുത്താണ് വീട് എന്നും അയാള്‍ പറഞ്ഞു. മനസ്സിലായില്ല എന്നു ഞാന്‍ വീണ്ടും പറഞ്ഞു. അപ്പോഴേക്കും ബസ് പോയി. താനും നാട്ടിലേക്കാണ് എന്നും തന്റെ വണ്ടിയില്‍ പോവാമെന്നും അയാള്‍ പറഞ്ഞു. എന്നിട്ടും അയാളെ എനിക്ക് മനസ്സിലായതേ ഇല്ല. എവിടെ നിന്നാണ് പരിചയപ്പെട്ടതെന്നു ഞാന്‍ ചോദിച്ചു. 

'നീ പടച്ചോനെ കുറിച്ച് എഴുതും അല്ലേടാ' എന്നു പറഞ്ഞ് പെട്ടെന്നയാള്‍ എന്റെ  നെഞ്ചില്‍ ചവിട്ടി. ഞാന്‍ നിലത്തു വീണുപോയി. അയാള്‍ക്കു പുറകില്‍ നിന്ന് മൂന്ന് പേര്‍ കൂടി വന്ന് എന്നെ വളഞ്ഞു നിന്നു. അല്ലാഹുവിനെ കുറിച്ച് എഴുതുമോ എന്നു ചോദിച്ച് അവര്‍ എന്നെ ചവിട്ടിക്കൂട്ടി. ഞാന്‍ 'ഉമ്മാ' എന്ന് വിളിച്ച് കരഞ്ഞപ്പോള്‍ ഉമ്മ എന്ന് വിളിക്കാന്‍ നിനക്ക്  അവകാശമില്ല എന്നൊക്കെ അവര്‍ പറയുന്നുണ്ടായിരുന്നു. അതു കഴിഞ്ഞ് അവര്‍ പെട്ടെന്ന് സ്ഥലം വിട്ടു. ഞായറാഴ്ചയാണ്. നല്ല മഴയുള്ള രാത്രി. പത്തര മണി.  അടുത്തുള്ള കടകളൊക്കെ അടഞ്ഞു കിടക്കുകയാണ്. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചമുണ്ട്. അവിടെയൊന്നും ആരെയും കണ്ടില്ല. എങ്ങനെയൊക്കെയോ ഞാന്‍ എഴുന്നേറ്റു നില്‍ക്കാന്‍ ശ്രമിച്ചു. നിന്നു. ബസ് സ്‌റ്റോപ്പിലേക്ക് രണ്ടു മൂന്നടി മുന്നോട്ട് നടന്നതും വീണു പോയി. ഞാനവിടെ കിടന്ന് നിലവിളിച്ചു. ഗുരുവായൂര്‍ സൈഡില്‍നിന്ന് ഏതോ ഓട്ടോ വന്നു. ഞാന്‍ നിലവിളിച്ചപ്പോള്‍ അയാള്‍ നിര്‍ത്തി. പിന്നെ ആരൊക്കെയോ കൂടി വന്നു. ഞാനവരോട് എന്നെ ചിലര്‍ ചേര്‍ന്ന് അടിച്ചതാണെന്നും പടച്ചോനെ കുറിച്ച് എഴുതുമോ എന്നു പറഞ്ഞാണ് അടിച്ചതെന്നുമൊക്കെ പറഞ്ഞു. എനിക്ക് നില്‍ക്കാനോ ഇരിക്കാനോ പറ്റുന്നില്ലായിരുന്നു. എന്നെ ഓട്ടോയുടെ പിറകിലെ സീറ്റില്‍ കിടത്തി. ഓട്ടോക്കാരന്‍ ചേട്ടന്‍ എന്നെ കുറ്റനാട് മോഡേണ്‍ ആശുപത്രിയില്‍ എത്തിച്ചു. നല്ല വേദനയായിരുന്നു. കാഴ്ചയൊക്കെ ആകെ ബ്ലര്‍ ആയി. നടന്നതൊക്കെ ഞാന്‍ ആശുപത്രിയിലുള്ളവരോട് പറഞ്ഞു. ബന്ധുക്കളോ പരിചയക്കാരോ വന്നിട്ടേ ചികില്‍സിക്കാനാവൂ എന്നവര്‍ പറഞ്ഞു. ഞാന്‍ ആന്റിയുടെ മകന്‍ ജഷീമിനെ വിളിപ്പിച്ചു.

ആരെങ്കിലും വരുന്നത് വരെ അങ്ങനെ കിടക്കണം. അന്നേരമാണ് സത്യത്തില്‍, എന്തിനാണ് അവരെന്നെ അക്രമിച്ചതെന്ന് ഞാന്‍ ആലോചിക്കുന്നത്. പടച്ചോനെക്കുറിച്ച് എഴുതുമോ എന്നാണവര്‍ വിളിച്ചു പറഞ്ഞത്. പടച്ചോനെ കുറിച്ച് ഞാന്‍ അടുത്തൊന്നും എഴുതിയിട്ടില്ല. 

മതവുമായി ബന്ധപ്പെട്ടു പറയാവുന്നത്, മലപ്പുറത്തെ ഭാഷാ സമരവുമായി ബന്ധപ്പെട്ട്  എഴുതിയ 'മുണ്ടന്‍ പറമ്പിലെ ചെങ്കൊടി കണ്ട ബദര്‍ യുദ്ധം' എന്ന കഥയാണ്. അടുത്ത സുഹൃത്തുക്കളേ അതു വായിച്ചിട്ടുള്ളൂ. പുതിയ സമാഹാരത്തിലെ പ്രസിദ്ധീകരിക്കാത്ത രണ്ടു കഥകളില്‍ ഒന്ന് അതാണ്. പെരുന്നാളിന്റെ സമയത്ത് ഒരു എഫ്ബി പോസ്റ്റ് എഴുതിയിരുന്നു. അതിലും അത്ര പ്രശ്‌നമൊന്നുമില്ലായിരുന്നു. പിന്നെ ഒരു തിരക്കഥ. അതും അടുത്ത സുഹൃത്തുക്കളേ കണ്ടിട്ടുള്ളൂ. അന്നേരമാണ്, പുതിയ പുസ്തകത്തിന്റെ ടൈറ്റില്‍ 'പടച്ചോന്റെ ചിത്രപ്രദര്‍ശനം എന്ന് മാറ്റിയത് ഓര്‍മ്മ വന്നത്. പുസ്തകത്തിന്റെ കവര്‍ വാട്‌സാപ്പില്‍ പ്രൊഫൈല്‍ ചിത്രമാക്കിയപ്പോള്‍ കണ്ടു പരിചയമുള്ള ഒരു പയ്യന്‍ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് ഓര്‍മ്മ വന്നു. 

Interview with P JImshar

അപ്പോള്‍, പുസ്തകത്തിന്റെ ടൈറ്റില്‍ അതായിരുന്നില്ലേ?
ആദ്യം കൊടുത്ത പേര് 'ഫീമെയില്‍ ഫാക്ടറി' എന്നാണ്. പേരിടുന്നതില്‍ അത്ര നല്ല ആളല്ല ഞാന്‍. ആദ്യ നോവലിന്റെ പേരിട്ടത് എന്റെ അധ്യാപകന്‍ കൂടിയായ കഥാകൃത്ത് വിഎച്ച് നിഷാദാണ്. 'ഫീമെയില്‍ ഫാക്ടറി' എന്ന പേരും ഒരു കൂട്ടുകാരനാണിട്ടത്.  ഒരു ഡമ്മി പേരു പോലെയാണ് അത് കൊടുത്തത്. ആ കഥ എനിക്കത്ര ഇഷ്ടവുമായിരുന്നില്ല. ആ പേരിട്ടാല്‍, പുസ്തകത്തിന്റെ പൊതുസ്വഭാവം സ്ത്രീകേന്ദ്രീകൃതമാണെന്ന ധാരണ ഉണ്ടാവാനും സാദ്ധ്യതയുണ്ട്. അടുത്ത കൂട്ടുകാരിയാണ് എന്നോട് പടച്ചോന്റെ ചിത്രപ്രദര്‍ശനം എന്ന കഥയുടെ പേര് സമാഹാരത്തിന് ഇട്ടുകൂടേ എന്നു ചോദിച്ചത്. അത്ര ഇഷ്ടമല്ലെങ്കിലും ആ കഥയോട് വൈകാരികമായ അടുപ്പം എനിക്കുണ്ടായിരുന്നു.  മലയാള സര്‍വകലാശാലയുടെ പുരസ്‌കാരം കിട്ടിയ കഥയാണത്. എനിക്കാദ്യം കിട്ടിയ പുരസ്‌കാരം. അതിലെ കഥാപാത്രത്തിന് എന്റെ ഉമ്മാന്റെ അനിയത്തിയുടെ പേരാണ്. അങ്ങനെയൊക്കെയാണ് പേരു മാറ്റിയത്. 

അങ്ങനെ പേര് അതായി. അതാണ് മര്‍ദ്ദനത്തിന് പ്രകോപനമായത് എന്ന് എങ്ങനെയാണ് കണക്കുകൂട്ടിയത്. 
വാട്ട്‌സാപ്പില്‍ഒരു പയ്യന്‍ വന്ന് ആ പേരിനെ കുറിച്ച് പറഞ്ഞ് തെറി വിളിച്ചിരുന്നു. ഉപ്പാന്റെ അനിയന്റെ വീടിന് അടുത്തുള്ള, പേര് പോലും അറിയാത്ത, കണ്ടാല്‍ പരിചയമുള്ളൂ ഒരു പയ്യനാണ്. വാട്ട്‌സാപ്പില്‍ വന്ന് വല്ലപ്പോഴും ഹൈ പറയും. വാട്ട്‌സാപ്പ് പ്രൊഫൈല്‍ ചിത്രമായി പടച്ചോന്റെ ചിത്ര പ്രദര്‍ശനത്തിന്റെ കവര്‍ ചിത്രമിട്ടപ്പോഴാണ് അവന്‍ പ്രകോപിതനായത്. പടച്ചോനെ കുറിച്ച് എഴുതുമോ എന്നൊക്കെ ചോദിച്ച് അവന്‍ മെസേജ് അയച്ചു. പടച്ചോന്‍ എന്താ സ്വകാര്യ സ്വത്താണോ എന്ന് ഞാന്‍ ചോദിച്ചതോടെ അവന്‍ റോങ് ആയി. തെറി തുടങ്ങി. ഞാനും പ്രകോപിതനായി. എന്നെങ്കിലും നാട്ടില്‍ വന്നാല്‍ തീര്‍ത്തുകളയും എന്നൊക്കെ അവന്‍ മെസേജിട്ടു. വോയ്‌സ് നോട്ടും അയച്ചു. ഞാനന്ന് പാലാരിവട്ടത്ത് സുഹൃത്തുക്കള്‍ക്ക് ഒപ്പമായിരുന്നു. റിയാസ് ആമി അബ്ദുല്ല എന്ന സുഹൃത്ത് അന്നെന്റെ കൂടെയുണ്ട്. അവനും ഈ മെസേജൊക്കെ കണ്ടിരുന്നു. 

അവന്‍ ഭീഷണിപ്പെടുത്തിയത് പോലെ നാട്ടില്‍ ചെന്നപ്പോഴാണ് എനിക്ക് മര്‍ദ്ദനമേറ്റത്. അവന്‍ ചോദിച്ചതു പോലെ 'പടച്ചോനെക്കുറിച്ച് എഴുതുമോ' എന്ന് പറഞ്ഞാണ് അവര്‍ മര്‍ദ്ദിച്ചത്. അതു മാത്രമല്ല, അക്രമണം കഴിഞ്ഞ് ഞാന്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ അവനെനിക്ക് ഒരു വാട്ട്‌സാപ്പ് വോയ്‌സ് മേസേജ് അയച്ചു. ഇതുവരെയുള്ളതൊക്കെ കഴിഞ്ഞു. ഇനി നമ്മള്‍ തമ്മില്‍ പ്രശ്‌നമില്ല എന്നൊക്കെ അവന്‍ പറഞ്ഞു. അവന്‍ വാട്ട്‌സാപ്പില്‍ അന്‍സാര്‍ എന്നാണ് പറഞ്ഞിരുന്നത്. ജാഫര്‍ എന്നാണ് അവന്റെ പേരെന്ന് പിന്നീടാണ് അറിഞ്ഞത്. അവന്റെ മെസേജും മറ്റും ഞാന്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. 

ഇത് തന്നെയാണ് അക്രമണത്തിനു കാരണമായത് എന്ന് ബോധ്യമായപ്പോഴാണ് 'പടച്ചോന്റെ അന്തം കമ്മികള്‍' എന്നെ അക്രമിച്ചതായി ഞാന്‍ ഫേസ്ബുക്ക് സ്റ്റാറ്റസ് ഇട്ടത്. എന്റെ സുഹൃത്തുക്കളും മറ്റും വിവരമറിഞ്ഞ് ആശുപത്രിയില്‍ വന്നു. അവര്‍ പൊലീസില്‍ വിവരമറിയിച്ചിട്ടാണ് അവര്‍ വന്നത്. 

Interview with P JImshar

പടച്ചോന്റെ ചിത്രപ്രദര്‍ശനം എന്ന കഥയ്ക്ക് ജിംഷാര്‍ തയ്യാറാക്കിയ തിരക്കഥ
പൊലീസ് എന്താണ് പറഞ്ഞത്? അവര്‍ക്ക് എന്തോ തെറ്റായ മെസേജ് കിട്ടിയതായി കേട്ടിരുന്നു. 
എനിക്കതറിയില്ല. സുഹൃത്ത് നോയലാണ് അത് പറഞ്ഞത്. മദ്യപിച്ച് ലക്കുകെട്ട  ഒരാള്‍ക്ക് തല്ലു കിട്ടിയെന്നോ മറ്റോ ആരോ അറിയിച്ചിരുന്നു എന്ന് പൊലീസില്‍നിന്ന് അറിഞ്ഞതായാണ്  നോയല്‍ പറഞ്ഞത്. ആശുപത്രിയില്‍ ആദ്യം വന്നത് ചാലിശ്ശേരി എ.എസ്.ഐയും മറ്റൊരു പൊലീസുകാരനുമാണ്.. നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടോ എന്നാണ് അദ്ദേഹം ചോദിച്ചത്. അവര്‍ക്ക് കിട്ടിയ വിവരപ്രകാരമായിരിക്കണം ആചോദ്യം. ഇതൊരു ഹോസ്പിറ്റല്‍ ആണെന്നും രക്ത പരിശാധന നടത്തിയാല്‍ അവര്‍ക്കത് മനസ്സിലാവുമെന്നും ഞാന്‍ മറുപടി പറഞ്ഞു. മദ്യപിച്ചിട്ടുണ്ടോ എന്നതല്ല ഇവിടെ പ്രശ്‌നമെന്നും ഒരാളെ ഇത്തരമൊരു പേരില്‍ മര്‍ദ്ദിച്ചു എന്നതാണ് വിഷയമെന്നും ഞാന്‍ പറഞ്ഞു. ഇവിടെ ഞാനാണ് ഇരയെന്നും എന്നെ കേള്‍ക്കുകയാണ് വേണ്ടതെന്നും ഞാന്‍ ദേഷ്യപ്പെട്ട് പറഞ്ഞു. അതോടെ നാളെ വരാമെന്ന് പറഞ്ഞ് പൊലീസ് പോയി. 

എന്തായിരുന്നു അപ്പോള്‍ അവസ്ഥ? 
ആശുപത്രിയില്‍നിന്ന് എക്‌സ്‌റേ എടുത്തു. ശരീരമാസകലം വേദനയായിരുന്നു. എക്‌സ് റേ എടുക്കാന്‍ മലര്‍ന്നു കിടക്കാന്‍ പറഞ്ഞപ്പോള്‍ എനിക്ക് പറ്റുന്നില്ല. എങ്ങനെയോ അവര്‍ കിടത്തിയതാണ്. അന്നേരം ഞാന്‍ കരഞ്ഞ കരച്ചില്‍ ഞാന്‍ മറന്നാലും എക്‌സ്‌റേ എടുത്ത ചേട്ടന്‍ മറക്കാന്‍ സാദ്ധ്യതയില്ല. വാര്‍ഡ് നമ്പര്‍ 22ല്‍ അഡ്മിറ്റായി. അവിടെ കുറച്ച് രോഗികള്‍ ഉണ്ടായിരുന്നു. എന്‍െ അവസ്ഥ ആ രോഗികളോട് ചോദിച്ചാലും അറിയാം. വിവരമറിഞ്ഞ് എത്തിയ സുഹൃത്തുക്കളും കണ്ടതാണ് അന്നത്തെ എന്റെ അവസ്ഥ. ഡോക്ടര്‍ പെയിന്‍ കില്ലര്‍ തന്ന ശേഷമാണ് കിടന്നത്. പിറ്റേന്ന് ചെരിഞ്ഞ് കിടക്കാനൊക്കെ പറ്റി. ബെഡില്‍ മൂവ്‌മെന്റ് സാദ്ധ്യമായി. രാവിലെ വീട്ടുകാര്‍ വന്നു. അപ്പോഴാണ്, വാട്ട്‌സാപ്പില്‍ നേരത്തെ തെറി പറഞ്ഞ പയ്യന്റെ വോയ്‌സ് മെസേജ് വന്നത്. പത്തു മണിക്കു ശേഷം ലാല്‍ എന്ന പോലിസുകാരനും മറ്റൊരു പോലിസുകാരനും വന്നു. അവര്‍ മൊഴിയെടുത്തു. അപ്പോഴേക്കും ഇത് വലിയ വാര്‍ത്തയായിരുന്നു. ആഷിഖ് അബു അടക്കമുള്ള ഒരു പാട് പേര്‍ പിന്തുണച്ച് രംഗത്തുവന്നു. ഒരു പാടാളുകള്‍ കാണാന്‍ വന്നു. ഇതിനിടെ വന്ന കൂനംമൂച്ചിക്കാരില്‍ ചിലരാണ് മറ്റൊരു വിവരം പറഞ്ഞത്. തലേന്ന് രാത്രി കൂനംമൂച്ചിയിലെ ബസ് സ്‌റ്റോപ്പില്‍ ഞാന്‍ പരിചയക്കാരോട് സംസാരിക്കുന്ന സമയത്ത്, തീവ്ര ഇസ്‌ലാമിക രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ട ചിലര്‍ എന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്നത്രെ. അവിടെ വെച്ചായിരിക്കണം ഞാന്‍ ബൈക്കില്‍ കയറി കുറ്റനാട് പോയതൊക്കെ അവര്‍ അക്രമികളെ അറിയിച്ചിട്ടുണ്ടാവുക എന്ന സാദ്ധ്യതയും കൂനം മൂച്ചിയില്‍നിന്നു വന്ന പരിചയക്കാര്‍ പറഞ്ഞു. ഗൂഢാലോചന അവിടെ വെച്ചാവണം നടന്നിട്ടുണ്ടാവുക എന്നും അവര്‍ അഭിപ്രായപ്പെട്ടു. 

പോപ്പുലര്‍ ഫ്രണ്ടാണ് അക്രമം നടത്തിയതെന്ന് ജിംഷാര്‍ പറഞ്ഞതായി ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതാണ് പിന്നീട് ഏറെ പേര്‍ ഷെയര്‍ ചെയ്തതും. അവരായിരുന്നു അക്രമികള്‍ എന്നറിയാമായിരുന്നോ? അങ്ങനെ പറഞ്ഞിരുന്നോ? 

പോപ്പുലര്‍ ഫ്രണ്ടിന് കൃത്യമായ വേരോട്ടമുള്ള പ്രദേശമാണ് കൂനംമൂച്ചി. പടച്ചോനെതിരെ എഴുതുമോ എന്നു ചോദിച്ചാണ് എന്നെ അക്രമിച്ചത്. അതിനാല്‍, സംഭവത്തിനു പിന്നില്‍, അവര്‍ ആവാനുള്ള സാദ്ധ്യത തള്ളിക്കളയാന്‍ പറ്റില്ല എന്നാണ് ഞാന്‍ പറഞ്ഞത്.  അല്ലാതെ അവര്‍ ആണ് എന്നല്ല. എന്തായാലും അക്രമണം നടത്തിയത് പടച്ചോന്റെ അന്തം കമ്മികളാണ്. തീവ്രഇസ്‌ലാമിക മതബോധമുള്ള അന്തംകമ്മികള്‍. അത് പോപ്പുലര്‍ ഫ്രണ്ടാവാം. അതേ രാഷ്ട്രീയമുള്ള മറ്റുള്ളവരാവാം. 

എന്നാല്‍, എനിക്കെതിരെ എസ്.ഡിപിഐ പ്രവര്‍ത്തകര്‍ കൊണ്ടു പിടിച്ച പ്രചാരണം നടത്തുന്നുണ്ട്. 24ാം തിയതി പകലാണ് എനിക്ക് മര്‍ദനമേറ്റതെന്ന് അടക്കമുള്ള നുണക്കഥകള്‍. നാട്ടില്‍ എന്നെ കണ്ടവരോട് അന്വേഷിച്ചാല്‍ സത്യമറിയാം. അല്ലെങ്കില്‍, പൊലീസുകാര്‍ക്ക് മൊബൈല്‍ നമ്പരിന്റെ ടവര്‍ ലൊക്കേഷന്‍ അന്വേഷിച്ചാല്‍ അറിയാം. എന്റെ ഫേസ്ബുക്ക് സ്റ്റാറ്റസുിലെ സമയം നോക്കിയാലും അതറിയാം. ഉച്ചയ്ക്കു ശേഷം വല്യുമ്മയുടെ വീട്ടില്‍ വെച്ച് ഞാനെടുത്ത ഫോട്ടോ ഒക്കെ ഫേസ്ബുക്കിലുണ്ട്. അതിന്റെ സമയമൊക്കെ നോക്കിയാല്‍ അറിയാം എന്താണ് സത്യമെന്ന്. 

ഇതുമായി ബന്ധപ്പെട്ട് ജിംഷാറിനെതിരെ പ്രധാനമായും പ്രചരിച്ച ഒരു ഫേസ്ബുക്ക് പോസ്റ്റ് ഒരു ഡോക്ടറുടേതാണ്. ജിംഷാറിന്റെ സുഹൃത്താണ് എന്നു പറഞ്ഞ്, അക്രമണം എന്നത് കെട്ടിച്ചമച്ചതാണെന്ന് സ്ഥാപിക്കുന്ന തരത്തിലുള്ള ചോദ്യങ്ങളാണ് അയാള്‍ ഉന്നയിച്ചത്. 
അയാളെന്റെ സുഹൃത്തല്ല. പരിചയക്കാരന്‍ എന്നു വേണമെങ്കില്‍ പറയാം. അയാളെ ഞാന്‍ പരിചയപ്പെടുന്നത് ഫേസ്ബുക്കിലാണ്. നോവല്‍ വായിച്ചെന്ന് പറഞ്ഞ് അയാള്‍ ഒരു കുറിപ്പിട്ടിരുന്നു. അത് ഞാന്‍ ലൈക്ക് ചെയ്തു. പിന്നെ മെസേജ് ഒക്കെ അയച്ചു. ഞാന്‍ പെരുമ്പിലാവില്‍ ഉള്ളപ്പോള്‍ ഒരു ദിവസം രാത്രിയില്‍ അയാള്‍ കാറെടുത്ത് കാണാന്‍ വന്നു. അയാളെന്നെ തൃശൂരിലുള്ള ക്വാര്‍ട്ടേഴ്‌സിലേക്ക് കൂട്ടി. രാത്രി ഉടുത്ത അതേ വസ്ത്രത്തില്‍,  ഞാന്‍ അയാളുടെയും കട്ടുകാരുടെയും കൂടെ പോയി. അന്ന് അയാള്‍ എടുത്ത ഫോട്ടോയാണ് സുഹൃത്ത് എന്നൊക്കെ പറഞ്ഞ് പോസ്റ്റ് ചെയ്തത്. നിങ്ങള്‍ മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ എന്നെ വിളിക്കാനുള്ള മാന്യത കാട്ടിയത്, ഇതിന്റെ വാസ്തവം അറിയാനാണ്. സുഹൃത്തോ പരിചയക്കാരനോ ആയിരുന്നുവെങ്കില്‍, ഇത്തരമൊരു സംഭവം അറിഞ്ഞാല്‍, അയാള്‍ എന്നെ വിളിക്കണമായിരുന്നു. ഈ ചോദ്യങ്ങള്‍ക്ക് വാസ്തവം അറിയണമെന്നാണ് ആഗ്രഹമെങ്കില്‍ അയാളാദ്യം എന്നോടായിരിക്കണം ചോദിക്കേണ്ടത്. ഞാന്‍ വയ്യാത്ത അവസ്ഥയില്‍ ആണ് എന്നാണെങ്കില്‍, എന്റെ കൂടെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അവരോട് ആരോടും ആയാള്‍ക്ക് ചോദിക്കാമായിരുന്നു. ഇതൊന്നും അയാള്‍ ചെയ്തില്ല. ഒന്നു വിളിച്ച് കാര്യം അന്വേഷിക്കുക പോലും ചെയ്യാതെ അയാളുണ്ടാക്കിയ ചോദ്യങ്ങള്‍ക്ക് അയാള്‍ തന്നെ ഉത്തരമുണ്ടാക്കിയിട്ട് കള്ളക്കഥ പ്രചരിപ്പിക്കുകയായിരുന്നു. ഒരു സുഹൃത്ത് ഇത്തരമാരു അവസ്ഥയില്‍ കിടക്കുമ്പോള്‍ നിങ്ങളാണെങ്കില്‍ ഇങ്ങനെയാണോ ചെയ്യുക? 

ജിംഷാറിനെതിരെ പ്രചരിക്കപ്പെട്ട ചോദ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്  ആക്രമണം ആരെങ്കിലും കണ്ടിട്ടുണ്ടോ എന്നായിരുന്നു. ഇല്ല എന്ന് ഇത് പ്രചരിക്കുന്നവര്‍ മറുപടി നല്‍കി. എന്താണ് ജിംഷാറിന്റെ ഉത്തരം? 
പെരുമ്പിലാവിലാണ് താമസമെങ്കിലും, എത്രയോ കാലമായി ഞാന്‍ നാട്ടില്‍ ഉണ്ടാവാറില്ല. അതിനാല്‍, തന്നെ സമീപപ്രദേശത്തുള്ള ആളുകള്‍ക്ക് എന്നെയോ എനിക്ക് അവരെയോ വലിയ പരിചയം കാണുക സാധ്യമല്ല. ഞായറാഴ്ച രാത്രി പത്തരയ്ക്ക്, നല്ല മഴയുള്ള നേരത്ത്, കടകളൊക്കെ അടഞ്ഞു കിടക്കുന്ന നേരത്താണ് അവര്‍ എന്നെ അക്രമിച്ചത്. ആരെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍, അവരത് തടയുമായിരുന്നു. ആരുമില്ലാത്തതിനാലാണ് ആ ചവിട്ടുകളെല്ലാം ഞാന്‍ ഏല്‍ക്കേണ്ടി വന്നത്. എന്നാല്‍, അവിടെ ചവിട്ടേറ്റ് കിടന്ന ഞാന്‍ നേരെ ആശുപത്രിയില്‍ നടന്നു പോയതല്ല. ഒരു ഓട്ടോക്കാരനും മറ്റ് ചിലരും പിന്നെ അവിടെ എത്തിയിരുന്നു. അവരാവണം എന്നെ ഓട്ടോയില്‍ കിടത്തിയത്. നല്ലവനായ ആ ഓട്ടോക്കാരനാണ് എന്നെ ആശുപത്രിയില്‍ എത്തിച്ചത്. ആ വിവരമൊക്കെ പൊലീസിന് അറിയാവുന്നതാണ്. പിന്നെ, അത്തരമൊരു അവസ്ഥയില്‍, കാഴ്ച ബ്ലര്‍ ആയി, വേദന കൊണ്ട് പുളയുന്ന അവസ്ഥയില്‍, നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍, അവിടെ കുത്തിയിരുന്ന് കാര്യങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം എന്നത് എത്രമാത്രം സാധ്യമാണോ എന്നത് നിങ്ങള്‍ ആലോചിക്കണം. 

ആരെയെങ്കിലും സംശയമുണ്ടോ എന്നാണ് മറ്റൊരു ചോദ്യം? 
അതിന്റെ ഉത്തരം ഞാന്‍ പറഞ്ഞല്ലോ. സംശയമുള്ള കാര്യങ്ങള്‍. ഞാനറിഞ്ഞ വിവരങ്ങള്‍. അതൊക്കെ മുകളില്‍ പറയുന്നുണ്ടല്ലോ. 

പ്രതികളെ കണ്ടാല്‍ ജിംഷാര്‍ തിരിച്ചറിയുമോ? 
റഊഫ് എന്നു പറഞ്ഞ് പരിചയപ്പെടുത്തിയ ആളാണ് എന്നോട് നേരിട്ട് നിന്നു സംസാരിച്ചത്. ആക്രമിക്കുന്നതിന് അയാളാണ് നേതത്വം നല്‍കിയത്. അയാളെ തീര്‍ച്ചയായും ഞാന്‍ തിരിച്ചറിയും. അക്കാര്യം പൊലീസിനോടും പറഞ്ഞതാണ്. അയാളുടെ അടയാളങ്ങളും പറഞ്ഞു കൊടുത്തിട്ടുണ്ട്. ചാലിശ്ശേരി പൊലീസ് സ്‌റ്റേഷനില്‍ ഒന്നന്വേഷിച്ചാല്‍ നിങ്ങള്‍ക്കും അതറിയാനാവും. പിന്നെ ഒരു കാര്യം ആലോചിക്കണം. പെട്ടെന്നുള്ള ആക്രമണമായിരുന്നു. മറ്റുള്ളവര്‍ നില്‍ക്കുകയും ഞാന്‍ നിലത്തു വീണു കിടക്കുകയുമായിരുന്നു. അവരുടെ കാലുകളാണ് കിടക്കുന്ന എന്റെ മേല്‍ പതിഞ്ഞത്. ആ മൂന്നു പേരെ എനിക്ക് എങ്ങനെ തിരിച്ചറിയാനാവും? 

ആശുപത്രിയില്‍നിന്ന് എക്‌സ്‌റേ എടുത്തു. ശരീരമാസകലം വേദനയായിരുന്നു. എക്‌സ് റേ എടുക്കാന്‍ മലര്‍ന്നു കിടക്കാന്‍ പറഞ്ഞപ്പോള്‍ എനിക്ക് പറ്റുന്നില്ല. എങ്ങനെയോ അവര്‍ കിടത്തിയതാണ്. അന്നേരം ഞാന്‍ കരഞ്ഞ കരച്ചില്‍ ഞാന്‍ മറന്നാലും എക്‌സ്‌റേ എടുത്ത ചേട്ടന്‍ മറക്കാന്‍ സാദ്ധ്യതയില്ല.

മര്‍ദ്ദനം എന്തിനാണെന്ന് വ്യക്തമാകുന്ന തെളിവുകളോ സൂചനകളോ ഉണ്ടോ?
അവര്‍ എന്നെ മര്‍ദ്ദിച്ചത് പടച്ചോനെതിരെ എഴുതുമോ എന്നു പറഞ്ഞാണ്. അന്നു വരെ കാണാത്ത ആളുകള്‍ എന്നെ മര്‍ദ്ദിച്ചത് അതു പറഞ്ഞാണ്. ഉമ്മയെ വിളിച്ച് കരയുമ്പോള്‍ നിനക്കതിന് അവകാശമില്ലെന്നും അവര്‍ പറഞ്ഞു. അതിനു മുമ്പ് വാട്ട്‌സാപ്പില്‍ നടന്ന കാര്യങ്ങള്‍ ഞാന്‍ പറഞ്ഞല്ലോ. മര്‍ദ്ദനമേറ്റ് അവശനായ ഒരാള്‍ അതിനിടെ എങ്ങനെയാണ് സുഹൃത്തേ വ്യക്തമായ തെളിവുകള്‍ ശേഖരിക്കുന്നത്? 

മെഡിക്കല്‍ റെക്കോര്‍ഡ്‌സില്‍ ഗുരുതരമായി പരിക്കൊന്നുമില്ലേ?
ആശുപത്രി രേഖകള്‍ അവിടെയുണ്ട്. അതു നോക്കിയാല്‍ നിങ്ങള്‍ക്കതറിയാം. എല്ലിന് പൊട്ടലൊന്നുമില്ല എന്നാണ് എക്‌സ്‌റേ, സ്‌കാന്‍ പരിശോധനകളില്‍  കണ്ടത്. അതിനര്‍ത്ഥം എന്നെ അവര്‍ ചവിട്ടിയില്ല എന്നാണോ? നടക്കാന്‍ കഴിയുന്നില്ല എന്നതാണ് ഇപ്പോഴും എന്റെ പ്രശ്‌നം. ശരീരമാകെ വേദനയാണ്. അതൊരു ചെറിയ ആശുപത്രി ആയിരുന്നു. വിദഗ്ധ ചികില്‍സയ്ക്ക് മറ്റൊരു ആശുപത്രിയില്‍ പോവാനുള്ള സാഹചര്യങ്ങളാണ് ഞാന്‍ തേടുന്നത്. പിന്നെ, ആശുപത്രിയില്‍ എന്നെ എക്‌സ് റേ എടുക്കാന്‍ പെട്ട പാട് അവിടെ എക്‌സ് റേ എടുത്ത ചേട്ടനറിയാം. അദ്ദേഹത്തോട് നിങ്ങളൊന്ന് ചോദിച്ചു നോക്കൂ. 

ജിംഷാറിനെതിരെ മുമ്പ് കേസുകളുണ്ടായിരുന്നോ? പൊതുജനങ്ങളെ ശല്യപ്പെടുത്തിയതിനും മറ്റുമായി കസ്റ്റഡിയില്‍ എടുത്തു്വെന്നാണ് മറ്റൊരു പ്രചാരണം
കേരളത്തിലെ ഒരൊറ്റ പൊലീസ് സ്‌റ്റേഷനിലും എനിക്കെതിരെ ഒരു കേസുമില്ല. ഒരു പെറ്റി കേസു പോലും കാണിക്കാനാവില്ല എന്നറിഞ്ഞിട്ടു തന്നെയാണ് അവര്‍ ഇങ്ങനെ പ്രചരിപ്പിക്കുന്നത്. 

സംഭവ സമയത്ത് ലഹരിയിലായിരുന്നോ? 
കുറ്റനാട് ചെന്നിറങ്ങിയപ്പോള്‍ ഒരു സിഗരറ്റ് വാങ്ങി വലിച്ചിരുന്നു. അതിനപ്പുറം ഒരു ലഹരിയും ഇല്ലായിരുന്നു. എന്നെ അഡ്മിറ്റ് ചെയ്ത ആശുപത്രിയില്‍ നടത്തിയ പരിശോധനകളിലും അങ്ങനെയൊരു കാര്യം പറയുന്നേയില്ല. പൊലീസ് സ്‌റ്റേഷനില്‍ ആരോ വിളിച്ച് ഇതേ കാര്യം പറഞ്ഞിരുന്നു എന്ന് കേട്ടല്ലോ. ആദ്യം വന്ന പൊലീസുകാരനും ഇതേ ചോദ്യമാണ് ചോദിച്ചത്. അദ്ദേഹത്തിനോട് ഞാന്‍ അന്നേരം തന്നെ പറഞ്ഞതാണ്, അവിടെ വെച്ച് പരിശോധനകള്‍ നടത്തിക്കോളാന്‍. 

കേരളത്തിലെ ഒരൊറ്റ പൊലീസ് സ്‌റ്റേഷനിലും എനിക്കെതിരെ ഒരു കേസുമില്ല. ഒരു പെറ്റി കേസു പോലും കാണിക്കാനാവില്ല എന്നറിഞ്ഞിട്ടു തന്നെയാണ് അവര്‍ ഇങ്ങനെ പ്രചരിപ്പിക്കുന്നത്. 

പുസ്തക പ്രകാശനം അടുത്ത സാഹചര്യത്തില്‍, അതിന്റെ പ്രമോഷന് വേണ്ടി നിങ്ങളിത് ചെയ്തു എന്നാണ് മറ്റൊരു ആരോപണം. എന്താണ് പറയാനുള്ളത്. 
2014ല്‍ ഇറങ്ങിയതാണ് എന്റെ ആദ്യ നോവല്‍.  ചെറിയ കാലംകൊണ്ട് അതു സോള്‍ഡ് ഔട്ടായി. ഇപ്പോഴും ആ നോവലിനെക്കുറിച്ച് ചര്‍ച്ചകള്‍ എന്റെ വാളിലൊക്കെ നടക്കാറുണ്ട്. പലരും വിളിക്കാറുണ്ട്. ആ നോവലിനെ കുറിച്ചുള്ള കൃത്യമായ അഭിപ്രായം അറിയാവുന്നവര്‍ ഡിസി ബുക്‌സാണ്. അവര്‍ തന്നെയാണ് അടുത്ത പുസ്തകം പ്രസിദ്ധീകരിക്കുന്നത്. നേരത്തെയൊന്നും പ്രമോഷന് വേണ്ടി ഒന്നും ചെയ്യാത്ത ഞാന്‍ ഇപ്പോള്‍ എന്തിനാണ് ഇത്തരമൊരു നാടകം കളിക്കുന്നത് എന്ന് ഒന്നാലോചിച്ചു നോക്കൂ. വായനക്കാര്‍ അത്ര മണ്ടന്‍മാരൊന്നുമല്ല. തല്ല് കിട്ടിയത് കൊണ്ട് ജിംഷാറിന്റെ ബുക്ക് വാങ്ങാം എന്നു കരുതുന്നവരല്ല നല്ല വായനക്കാര്‍. പുസ്തകം നന്നെങ്കില്‍ അവര്‍ വായിക്കും. ഇല്ലെങ്കില്‍, എന്ത് പ്രമോഷന്‍ നടത്തിയാലും വായിക്കില്ല. അതവരുടെ കാര്യം. എന്നെ സംബന്ധിച്ച്, എന്റെ പണി ഞാനെടുത്തു കഴിഞ്ഞു. ഇനി അതു പുസ്തകമായാല്‍, ഞാനതും ആലോചിച്ചിരിക്കില്ല. എനിക്ക് അടുത്ത വര്‍ക്ക് ചെയ്യണം. നോക്കൂ, എന്റെ എഴുത്തില്‍ എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്. ഞാനെത്ര മോശം എഴുത്തുകാരനായാലും, ഞാനെഴുതുന്നത് എന്റെ ബോധ്യങ്ങളാണ്. അതിജീവിക്കാനുള്ള യോഗ്യത ഉണ്ടെങ്കില്‍ അത് നിലനില്‍ക്കും. ഇല്ലെങ്കില്‍, എത്ര കളിച്ചാലും നില്‍ക്കില്ല. ഇനിയിപ്പോള്‍ എനിക്ക് പറയാനുള്ളത് ഇതാണ്. പബ്ലിസിറ്റിക്കു വേണ്ടിയാണ് ഇതെന്നു കരുതുന്നവര്‍ എന്റെ പുസ്തകം വാങ്ങരുത്. സംശയമുള്ളവര്‍ ഇത് വാങ്ങുകയേ ചെയ്യരുത്. ഇത് അഹങ്കാരമല്ല. ജീവിതത്തില്‍ മറ്റെല്ലാത്തിനേക്കാളും എഴുത്തിനെ കാണുന്ന ഒരു മനുഷ്യന്റെ ആത്മാഭിമാനമാണ്. 

Follow Us:
Download App:
  • android
  • ios