Asianet News MalayalamAsianet News Malayalam

ഒമ്പത് റാണിമാരും ഒരു രാജാവും!

Jaipur travelogue
Author
Jaipur, First Published Apr 30, 2016, 7:46 AM IST

Jaipur travelogue

ആദ്യ ഭാഗം
സ്വപ്‌നത്തിലേക്ക് ഒരു തീവണ്ടി
രണ്ടാം ഭാഗം
മഴ കാത്തൊരു കൊട്ടാരം

അഞ്ചു മണിക്ക് ജയ്പൂര്‍ സ്റ്റേഷനില്‍ ട്രെയിന്‍ എത്തുമ്പോള്‍ എല്ലാവരും ഗാഢനിദ്രയിലായിരുന്നു. ടൂര്‍  മാനേജര്‍   ഫൈസല്‍ വന്നു വിളിച്ചപ്പോഴാണ് എല്ലാവരും ഉണര്‍ന്നത്. ജയ്പുരിന്റെ  പ്രാഭാതത്തിനു നല്ല   തണുപ്പുണ്ടായിരുന്നു. ഉറക്കച്ചടവോടെ ബസിലേക്ക് നടന്നു. വിശാലമായ മുറ്റമുള്ള ഒരു സത്രത്തിനു മുന്‍പിലാണ് ബസ്  നിന്നത്. തലേ  ദിവസം  താമസിച്ച ഡോര്‍മെറ്ററിയെക്കാളും   സൗകര്യമുണ്ടായിരുന്നു ഈ സത്രത്തിലെ ഡോര്‍മെറ്ററിക്ക്. എട്ടുമണിയാവുമ്പോള്‍ ബസ് പുറപ്പെടും ആദ്യം ആമ്പര്‍ കോട്ടയിലേക്കാണ്  പോവുന്നത് എന്ന് പറഞ്ഞിരുന്നു. ഏഴരക്ക് ഞങ്ങള്‍ എത്തിയപ്പോള്‍ വിശാലമായ മുറ്റത്ത് പ്രഭാത ഭക്ഷണം വിളമ്പി  തുടങ്ങിയിരുന്നു .ഐ ആര്‍ സി റ്റി സി രാവിലെ ചായ തരുന്ന പതിവില്ലായിരുന്നു. ബസ് പുറപ്പെടാന്‍ ഇനിയും സമയമുണ്ടെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍  മൂന്നു പേരും തെരുവിന്റെ  പുറത്തേക്ക് നടന്നു. റോഡരികില്‍ കണ്ട പന്ത്രണ്ട് വയസ് തോന്നിക്കുന്ന ഒരു പയ്യനോട്  അടുത്തെവിടെയെങ്കിലും ചായ  കിട്ടുമോ എന്നന്വേഷിക്കാനാണ് അടുത്തേക്ക് ചെന്നത്.രാജസ്ഥാന്‍  പാരമ്പര്യ വസ്ത്രമണിഞ്ഞ അവന്‍ താഴെ ഇരുന്ന് ഷൂ കെട്ടുകയായിരുന്നു. ചെണ്ട പോലെ വലിയൊരു  വാദ്യോപകരണം തോളില്‍ തൂക്കി ഞങ്ങളെ നോക്കി പുഞ്ചിരിച്ചു. കൊട്ടികാണിക്കു എന്ന്   പറഞ്ഞതും രണ്ടുകോലുമായി   അവന്‍   കൊട്ടിതുടങ്ങി.സംഗീതം രാജസ്ഥാനികളുടെ   രക്തത്തില്‍  അലിഞ്ഞിരിക്കയാണെന്ന് തോന്നി. അടുത്തൊരു   വിവാഹവീട്ടില്‍   നടക്കുന്ന ആഘോഷത്തില്‍  പരിപാടി   അവതരിപ്പിക്കാന്‍  പോവുകയാണെന്ന്  പറഞ്ഞ് ഓടി പോവുമ്പോള്‍ ചെന്നൈ എക്‌സ്പ്രസ്സിലെ ഹിന്ദി പോലെയാ ദീദി  സംസാരിക്കുന്നത് എന്നു കളിയാക്കാന്‍  അവന്‍ മറന്നില്ല.

ബസ് പുറപ്പെടാന്‍ സമയമായിരുന്നു.ജയ്പൂരിന്റെ രാജവീഥിയിലൂടെ ബസ് നീങ്ങി. വാസ്തു ശാസ്ത്ര പ്രകാരം പണിതുയര്‍ത്തിയ ഇന്ത്യയിലെ ആദ്യ നഗരമാണ് ജയ്പൂര്‍. 1727ല്‍ മഹാരാജാ സവാഇ ജയ് സിങ് രണ്ടാമന്‍ ആണ്‍ ഈ നഗരം സ്ഥാപിച്ചത്. സവായ് റാം സിങ്ങിന്റെ  ഭരണ കാലത്ത്  വെയില്‍സിലെ രാജകുമാരന്‍ എഡ്വാര്‍ഡ്  ഏഴാമന്റേയും ഭാര്യ  വിക്ടോറിയയുടേയും  ഇന്ത്യാ സന്ദര്‍ശന വേളയില്‍ എല്ലാ   കെട്ടിടങ്ങള്‍ക്കും ആതിഥ്യത്തിന്റെ  നിറമായ പിങ്ക് നിറംപൂശാന്‍ രാജാവ് ഉത്തരവിട്ടു.അങ്ങിനെയാണ് ജെയ്പൂരിന്റെ തെരുവുകള്‍ക്ക് പിങ്ക്  നിറം വന്നത്.ഹവാ മഹലിന്റെ മുന്‍പിലെ   തിരക്കുള്ള തെരുവിലൂടെ ബസ്   നീങ്ങി.

പുറത്തിറങ്ങി   നോക്കിയപ്പോള്‍ വിജനമായ വളഞ്ഞു മുകളിലേക്ക് പോവുന്ന പാത. ദൂരെ കുന്നിന്‍  മുകളിലായി ഒരു പൊട്ടു പോലെ കോട്ടമതില്‍ കാണാം. ഇപ്പൊ കരയും എന്ന ഭാവത്തില്‍ നില്‍ക്കുന്ന മോട്ടോ റിക്ഷാ ഡ്രൈവറെ കണ്ടപ്പോള്‍ പാവം തോന്നി.

ആമ്പര്‍ കോട്ട 
കച്ച്‌വാ രാജാവായിരുന്ന മാന്‍ സിംഗ് ഒന്നാമന്‍ 1592ല്‍ പണി കഴിപ്പിച്ച ആമ്പര്‍ കോട്ടയിലേക്കായിരുന്നു ആദ്യ  സന്ദര്‍ശനം. വിശാലമായ ഒരു പാര്‍ക്കിങ്ങിങ്ങ്  ഏരിയയില്‍ ബസ് നിര്‍ത്തി. ജീപ്പില്‍ വേണം കോട്ടയില്‍   എത്താന്‍ നാനൂറ്റി  അമ്പത് രൂപയാണ് ജീപ്പുകാരന്‍  ചോദിച്ചത്. ഒന്‍പത് പേരെ കയറ്റാം എന്നയാള്‍ പറഞ്ഞപ്പോള്‍  ഞങ്ങളുടെ ഗ്രൂപ്പില്‍   ഉണ്ടായിരുന്ന ആറു സഹയാത്രികരേയും കൂടെ കൂട്ടി. വില പേശി ഉറപ്പിച്ചു. ജീപ്പില്‍  യാത്ര തുടര്‍ന്നു.മൂന്നു മണിക്കൂറായിരുന്നു സമയം   അനുവദിച്ചിരുന്നത്. വാഹനങ്ങളുടെ ആധിക്യം കാരണം ജീപ്പ് ഇഴഞ്ഞാണ് നീങ്ങിയിരുന്നത്. രാജകീയ പ്രൗഢിയോടെ  ആനപ്പുറത്തേറി കോട്ടയുടെ സൂര്യ കവാടത്തിലൂടെയും കോട്ടയിലേക്ക്   പ്രവേശിക്കാം.

വൈകിയാല്‍ ഇരട്ടി ചാര്‍ജ്   തരേണ്ടി വരുമെന്ന് പറഞ്ഞ് ഡ്രൈവര്‍ ജഗ്ദീശ് കോട്ടവാതിലിനു മുന്‍പില്‍ ഞങ്ങളെ  ഇറക്കി വിട്ടു.സ്വദേശികളും വിദേശിയരുമായ സഞ്ചാരികളുടെ വന്‍ തിരക്ക്.സാവധാനം ടിക്കറ്റ് കൗണ്ടറിലേക്ക് നടക്കുമ്പോഴാണ് ആറടിയിലധികം പൊക്കമുള്ള, രാജസ്ഥാനി തലപ്പാവ് ധരിച്ച, പഴയ  ഹിന്ദി നടന്‍ രാജ്കപൂറിനെ   പോലൊരാള്‍ ഞങ്ങളുടെ അടുത്തേക്ക് വന്നത്.ഇരുന്നൂറു രൂപ തന്നാല്‍ എല്ലായിടവും കൊണ്ടുപോയി  കാണിക്കാമെന്നായി അയാള്‍. തലേ ദിവസത്തെ ഉദയ്പൂര്‍ യാത്രയില്‍ ഗൈഡ് ഇല്ലാത്തതിനാല്‍സിറ്റി   പാലസിലെ മുറികളിലൂടെ വെറുതെ കാഴ്ച്ചയും കണ്ട്  ഒന്നും മനസിലാവാതെ ചുറ്റിനടന്ന സങ്കടം മനസില്‍   ബാക്കിയുണ്ടായിരുന്നു.ഒരു ഗൈഡ് ഇല്ലാതെ നിങ്ങള്‍ക്കിവിടെ കെട്ടിടങ്ങളല്ലാതെ ഒന്നും കാണാനാവില്ല എന്നയാള്‍ പറയുന്നതിനു മുന്‍പ് തന്നെ ഞങ്ങള്‍ അയാളെ വിളിക്കാന്‍   തീരുമാനിച്ചിരുന്നു എന്നതാണ്   സത്യം.

ടിക്കറ്റ് കൗണ്ടറിലെ വലിയ ക്യൂവില്‍ നിന്ന് നിമിഷങ്ങള്‍ക്കകം ടിക്കറ്റെടുത്ത്  അയാള്‍ വന്നു. പിറകെ വരാന്‍ ആംഗ്യം കാണിച്ച്  കാലുകള്‍ നീട്ടി വെച്ച് അയാള്‍ നിങ്ങി.കൂടെയെത്താന്‍ ഞങ്ങള്‍ക്കിടക്ക് ഓടേണ്ടിവന്നു.

വലിയൊരു നടുമുറ്റത്തെത്തിയപ്പോള്‍ അദ്ദേഹം നിന്നു. യുദ്ധം കഴിഞ്ഞെത്തുന്ന രാജാവിനെ റാണി സ്വികരിച്ചിരുന്നതും പട്ടാള  പരേഡുകള്‍ നടന്നിരുന്നതുമെല്ലാം അവിടെ വെച്ചായിരുന്നു. ദിവാന്‍ ഇആം എന്നറിയപ്പെടുന്ന നാല്‍പ്പതു തൂണുകളുള്ള   മണ്ഡപത്തിലേക്കാണ് പിന്നീട് ഞങ്ങളെ  കൊണ്ടു പോയത്. രാജാവ് പൌര മുഖ്യരുമായി സംവദിക്കുകയും അവരുടെ പരാതികള്‍  പരിഹരിക്കുകയും ചെയ്തിരുന്നത് ഇവിടെ വെച്ചായിരുന്നു.

Jaipur travelogue

കണ്ണാടിത്തുണ്ടുകളുടെ കൊട്ടാരം
സസ്യ നിര്‍മിത ചായക്കൂട്ടുകളും സ്വര്‍ണ്ണവും ചാലിച്ചു ചേര്‍ത്ത് ചിത്രവേലകള്‍ ചെയ്ത ഗണേഷ് പോള്‍ എന്നു  പേരുള്ള കവാടത്തിലൂടെ പോയാല്‍ ശീഷ് മഹല്‍ എന്ന കൊട്ടാരമായി.ആയിരക്കണക്കിന് ബെല്‍ജിയന്‍ കണ്ണാടിത്തുണ്ടുകള്‍ പതിപ്പിച്ച  ശീഷ് മഹല്‍ അതിമനോഹരമായ ഒരു   കാഴ്ച്ചയാണ്. ചുറ്റും കണ്ണാടി മയം.  ലേഖയുടെ മൊബൈല്‍ വാങ്ങി   ഗൈഡ്. ഫ്‌ലാഷ് ലൈറ്റ് ഓണ്‍ ചെയ്തു. ശീഷ് മഹലിന്റെ മേല്‍ക്കൂരയിലേക്കത് തിരിച്ചു പിടിച്ചപ്പോള്‍ വെളിച്ചത്തിന്റെ  പ്രളയം. തണുപ്പിനെ ചെറുക്കാനുള്ള ഒരു മാര്‍ഗ്ഗവും കൂടിയായാണ് ശീഷ്മഹല്‍   നിര്‍മിച്ചിരിക്കുന്നത്.രാജസ്ഥാനിലെ ശൈത്യകാലത്ത് അതി കഠിനമായ തണുപ്പാണ്. അക്കാലത്ത് വിളക്കുകാലുകളില്‍ കുത്തി നിര്‍ത്തിയ ദീപങ്ങളില്‍ നിന്ന് ചൂട് അകത്തെ കണ്ണാടികളില്‍ പ്രതിഫലിച്ച് മഹലിനു ഉള്ളിലാകെ ചൂടു നല്‍കുന്നു. വാതില്‍  പാളികളില്ലാത്ത മുറികളില്‍ നിന്ന് ചൂട് നഷ്ടപ്പെടാതിരിക്കാന്‍ കനമുള്ള പര്‍ദ്ദകള്‍   തൂക്കിയിടുമായിരുന്നു.വാതിലുകളില്ലാത്ത മുറികള്‍ക്കെല്ലാംഅപ്പോള്‍ സുഖകരമായ ഒരു  തണുപ്പുണ്ടായിരുന്നു.
     
ഒറ്റ നോട്ടത്തില്‍  ഒരു പ്രത്യേകതയും തോന്നാത്ത ഒരു മാര്‍ബിള്‍ ചിത്രം ആലേഖനം ചെയ്ത തൂണിന്റെ   മുന്‍പിലേക്കാണ്   ഗൈഡ് പിന്നീട് ഞങ്ങളെ കൊണ്ട് പോയത്. പൂപാത്രത്തിന്റെ രൂപംകൊത്തിയ ഒരു  മാര്‍ബിള്‍  ചിത്രത്തില്‍  ഗൈഡ് കൈകള്‍ വെച്ചു മറച്ചു പിടിക്കുന്നതിനനുസരിച്ച് വ്യാളിയും ഞണ്ടും ആനയും തുടങ്ങി അനേകം മൃഗ രൂപങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് കണ്ട്  ഞങ്ങള്‍ അത്ഭുതപെട്ടു നിന്നു പോയി. വിശാലമായ മട്ടുപ്പാവിലെ  ജനലിലൂടെ നോക്കിയപ്പോള്‍ സഞ്ചാരികളുമായി നിരയായി നീങ്ങുന്ന ആനകളുടെ മനോഹര കാഴ്ച്ച. തടാകത്തിനു നടുവില്‍ മുഗള്‍ രീതിയില്‍ പണിത പൂന്തോട്ടം. രാജകാലത്ത് കുങ്കുമപൂവാണ് അവിടെ കൃഷി ചെയ്തിരുന്നത്.

സുഖ് നിവാസ് എന്ന വേനല്‍ക്കാല വസതിയാണ്  അടുത്ത കെട്ടിടം.  മനോഹരമായ ചിത്ര വേലകള്‍ കൊണ്ട് അലങ്കരിച്ച ചുവരുകള്‍.  മാന്‍സിങ്ങിന് അനേകം ഭാര്യമാരുണ്ടായിരുന്നു. റാണിമാര്‍ക്ക്   താമസിക്കാനുള്ളതായിരുന്നു സുഖ്   നിവാസ്. അന്തപുരങ്ങള്‍ക്ക് മുകളിലേക്കുള്ള പടികള്‍ തോഴിമാര്‍ക്ക്   താമസിക്കാനുള്ള   മുറികളിലേക്കുള്ളതാണ്. കെട്ടിടത്തിനു   മുകളിലെ   ഉയര്‍ന്ന  ഗോപുരത്തിലെ വാച്ച് ടവറിലെ ജോലിക്കാര്‍ സ്ത്രീകളായിരുന്നു.രാജാവൊഴികെ  പുരുഷന്മാര്‍ക്ക്  സുഖ്   നിവാസിലേക്ക് പ്രവേശനമില്ലായിരുന്നു. കൊച്ചു കുട്ടികളെ പോലെ  ഗൈഡ്   പറയുന്ന കഥകള്‍ കേട്ട് ഞങ്ങള്‍ നടന്നു. ഒരിടത്ത്  വീല്‍   ചെയര്‍ പോലെ  ചക്രങ്ങള്‍ ഘടിപ്പിച്ച ഒരു കസേര   കണ്ടു.രത്‌നങ്ങളും മുത്തുകളും ഘടിപ്പിച്ച ഇരുപത്തഞ്ച്  കിലോയോളം തൂക്കമുള്ള  ആഭരണങ്ങളും വസ്ത്രങ്ങളും ധരിച്ച റാണിക്ക് കൊട്ടാരത്തിനുള്ളിലൂടെ  നടക്കാന്‍ ബുദ്ധിമുട്ടായിരുന്നു.അതു കൊണ്ട് റാണിക്ക്   ഒരിടത്ത്   നിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കേണ്ടി  വരുമ്പോള്‍ ഈ   കസേരയില്‍ ഇരുത്തി തോഴിമാര്‍   ഉന്തി   നടക്കുകയാണ്   ചെയ്തിരുന്നത്.  കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍, മുറിക്കുള്ളില്‍ ഒരു കൃത്രിമ വെള്ളച്ചാട്ടം തന്നെ സുഖനിവാസില്‍ ഉണ്ടായിരുന്നു. ഈ വെള്ളം പാഴാക്കി കളയാതെ, മുറികള്‍ക്കിടയിലൂടെ നിര്‍മിച്ച സ്ഫടിക ചാലുകള്‍ക്കുള്ളിലൂടെ പൂന്തോട്ടത്തിലെയ്ക്ക് ഒഴുക്കുകയാണ്   ചെയ്തിരുന്നത്.

Jaipur travelogue

ജല്‍ മഹല്‍
പിന്നീട് പോയത് രാജാവിന്റെ സേനാന മഹല്‍ എന്നറിയപ്പെടുന്ന  ഭാഗത്തേക്കാണ്.  താരതമ്യേന ഭംഗി കുറഞ്ഞ   ഭാഗമാണിത്.  ഭക്ഷണം പാകം   ചെയ്തിരുന്ന വലിയ ഉരുളികള്‍ നിരത്തി വെച്ച മുറികളിലൂടെ ഞങ്ങള്‍ നടന്നു. ജോധാ അക്ബര്‍ എന്ന സിനിമയില്‍ ഐശ്വര്യ റായുടെ കഥാപാത്രം ഭര്‍ത്താവ് അക്ബറിന് പാചകംചെയ്ത വലിയ ഉരുളിയുടെ മുന്‍പില്‍ ഫോട്ടോക്ക് പോസ് ചെയ്യുന്ന സഞ്ചാരികളുടെ തിരക്ക്. രാജാവ്  ഉപയോഗിച്ചിരുന്ന സ്വകാര്യ ടണലിന്റെ   വഴിയും കണ്ട് ഞങ്ങള്‍   പുറത്തിറങ്ങിയപ്പോള്‍   ജീപ്പുമായി ഡ്രൈവര്‍ ജഗദീശ് കാത്തിരിക്കുന്നുണ്ടായിരുന്നു.

ബസിലേക്ക് കയറിയപ്പോള്‍ സഹ യാത്രികരെല്ലാം  എത്തിയിരുന്നു. കോട്ടയില്‍ നിന്ന്   തിരിച്ചുള്ള  യാത്രയില്‍  തടാകത്തില്‍ നിന്ന് ഉയര്‍ന്നു വന്നതെന്ന് തോന്നിപ്പിക്കുന്ന മനോഹരമായ ഒരു കൊട്ടാരത്തിനു മുന്‍പില്‍  ബസ്   നിര്‍ത്തി. 'ജല്‍ മഹല്‍    എന്നു   പേരുള്ള ഈ  കൊട്ടാരം സവായ് ജയ് സിംഗ് രണ്ടാമന്‍ നിര്‍മിച്ചതാണ്. പതിനെട്ടാം  നൂറ്റാണ്ടില്‍ ആംബറിന്റെ  അന്നത്തെ ഭരണാധികാരിയായിരുന്ന രാജ മാന്‍ സിംഗ് ഒന്നാമന്‍ ദര്‍ഭാവതി നദിയ്ക്ക്  കുറുകെ  കെട്ടിയ അണക്കെട്ടിന്റെ  ഫലമായി രൂപം കൊണ്ട തടാകമാണ് മന്‍സാഗര്‍. അഞ്ചു നിലകളുള്ള ഒരു കൊട്ടാരമാണ് ജല്‍ മഹല്‍. മന്‍സാഗര്‍ തടാകത്തില്‍ വെള്ളം നിറയുമ്പോള്‍ ഇതില്‍ നാല് നിലകളും വെള്ളത്തിനടിയിലാകും.തടാകത്തിന്റെ ഒത്ത നടുക്കായി  നില്‍ക്കുന്ന ഈ മനോഹര  കൊട്ടാരത്തിലേക്ക്  പാവാന്‍   അനുമതിയില്ല.ബസിലേക്ക്   കയറി.

ഉച്ച ഭക്ഷണം ഒരുക്കിയിരുന്നത്  രാജസ്ഥാന്‍  ക്രാഫ്റ്റ്  മ്യൂസിയത്തിനു പിറകിലെ ഒരു   പന്തലിലായിരുന്നു. ഭക്ഷണത്തിനുള്ള   വരിയില്‍ നില്‍ക്കുമ്പോഴാണ്   കൂട്ടുകാരന്‍   ഷഫീഖുമായി  സാഹില്‍   വന്നത്.  മ്യൂസിയം,സിറ്റി പാലസ് , ഹവാ  മഹല്‍ ,ജന്തര്‍ മന്തര്‍ എന്നിടങ്ങളിലേക്കാണ് അടുത്ത യാത്ര  എന്ന്   ഫൈസല്‍   പറഞ്ഞിരുന്നു. പെട്ടെന്നു ഭക്ഷണം കഴിച്ചു സിറ്റി പാലസ് കണ്ട്,  ഹര്‍ഗഡ് കോട്ട കാണാന്‍   പോവുന്നു, വരുന്നോ എന്ന് ചോദിക്കാന്‍   വന്നതായിരുന്നു അവര്‍. ആറുമണിക്ക് പാലസിനടുത്തുള്ള പാര്‍ക്കിങ്ങില്‍നിര്‍ത്തിയിട്ട ബസ്സില്‍ ഹാജരുണ്ടാവും എന്ന് പറഞ്ഞ് ടൂര്‍ മാനേജരോട് സമ്മതം വാങ്ങി ഒരു ഓട്ടോയില്‍ ഞങ്ങള്‍  സിറ്റി  പാലസിലേക്ക്   പുറപ്പെട്ടു.

ടിക്കറ്റ് വില്പന കേന്ദ്രത്തിലും റിസപ്ഷനിലും കണ്ട  ഉദ്യോഗസ്ഥര്‍  പുഞ്ചിരിയോടു കൂടി സ്വീകരിച്ചു. നിലവാരമുള്ള ശബ്ദവും, രസകരമായ വിവരണങ്ങളുമടങ്ങിയ ഓഡിയോ ഗൈഡ് വാങ്ങി ഇയര്‍ ഫോണും ചെവിയില്‍ തിരുകി കൊട്ടാരത്തിലേക്ക്   നടന്നു.

രാജാവിന് ഒന്‍പത്   ഭാര്യമാരുണ്ടായിരുന്നു.ഓരോ മുറിയില്‍നിന്നും നിണ്ട ഒരു ഇടനാഴിയിലേക്ക് തുറക്കാവുന്ന  വാതിലുകള്‍.ഇടനാഴിയില്‍ നിന്ന് കടന്നു ചെല്ലുന്നത് രാജാവിന്റെ   കിടപ്പുമുറിയിലേക്കാണ്. രാജാവ്  റാണിമാരുടെ മുറികളിലേക്ക് പോയിരുന്നത് ഈ ഇടനാഴിയിലൂടെയാണ്. ഏതു റാണിയുടെ  മുറിയിലേക്കും മറ്റുള്ള റാണിമാരറിയാതെ പോവാകുന്ന തരത്തിലായിരുന്നു ഈ കെട്ടിടത്തിന്റെ   നിര്‍മാണം.

സിറ്റി പാലസ്
1729ല്‍ സവായ് ജയ് സിംഗ് രണ്ടാമന്‍   ആണ് സിറ്റി പാലസ് നിര്‍മിച്ചത്. പില്‍ക്കാലത്ത്  ഇരുപതാം നൂറ്റാണ്ട് വരെ  പല കൂട്ടിച്ചേര്‍ക്കലുകളും ഈ   കൊട്ടാരത്തില്‍   നടത്തിയിട്ടുണ്ട്. രജപുത്ര മുഗള്‍ ബ്രിട്ടീഷ് ശൈലികളുടെ സമന്വയമാണ് സിറ്റി പാലസ്. ജയ്പൂര്‍ നഗരത്തിന്റെ ശില്പിയായ വിദ്യാധര ഭട്ടാചാര്യയാണ് സിറ്റി  പാലസും രൂപകല്‍പ്പന ചെയ്തത്. വിരേന്ദ്ര പോള്‍, ഉദയ് പോള്‍, ട്രിപ്പോളിയ ഗേറ്റ് എന്നീ മൂന്നു ഗേറ്റുകളാണ് സിറ്റി പാലസിലുള്ളത്. അതിഥികളെ സ്വീകരിക്കാനായി മുബാറക്ക്   മഹലിലേക്കാണ് ഞങ്ങള്‍ ആദ്യം പോയത്.1900 ല്‍ .മഹാരാജ സവായ് മാധവ് സിംഗ് പണികഴിക്കപ്പെട്ട കൊട്ടാരമാണിത്.  രാജാക്കന്മാരുടെയും റാണിമാരുടെയും ആഡംബരപൂര്‍ണ്ണമായ വസ്ത്രങ്ങള്‍ ഇവിടെയാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. സ്വര്‍ണ്ണനൂലില്‍ നെയ്‌തെടുത്ത  ലക്ഷക്കണക്കിനു രൂപ വില മതിക്കുന്ന വസ്ത്രങ്ങള്‍.   

ദിവാന്‍ ഇ ഘാസിസിലേക്കാണ് പിന്നീട് പോയത്. കൂറ്റന്‍ തൂണുകള്‍, മേല്‍ക്കൂരയില്‍ നിന്ന് തൂങ്ങികിടക്കുന്ന വലിയ വെള്ളി ഷാന്റലിയറുകള്‍. അമ്പിളി അമ്മാവന്‍ കഥാ പുസ്തകത്തില്‍ കണ്ട രാജസദസ്സ് ഓര്‍മ വന്നു. രാജാവ് ഔദ്യോഗിക കൂടിക്കാഴ്ച്ചകള്‍  നടത്തിയിരുന്നത് ഇവിടെ വെച്ചാണ്.

ഔഡിയോ   ഗൈഡിലൂടെ ബില്‍ഡിങ്ങ്  നമ്പര്‍ പറയുന്നതിനനുസരിച്ച് ഞങ്ങള്‍   നടന്നു. സിലേഹ് ഘാന എന്ന ആയുധപ്പുരയിലേക്കായിരുന്നു അടുത്ത   സന്ദര്‍ശനം. പല വലിപ്പത്തിലും   ആകൃതിയിലുമുള്ള   തോക്കുകളും   വാളുകളും ഈ   മ്യൂസിയത്തിലുണ്ട്.  പ്രീതം  നിവാസ് , സുഖ നിവാസ്, കണ്ണാടിച്ചില്ലുകള്‍ പതിച്ച രംഗ് മഹല്‍,  ഛവി മഹല്‍,എന്നീ  നാലുനിലകളുള്ള   ചന്ത്രമഹലിനു  മുന്‍പിലേക്കാണ് പിന്നീടെത്തിയത്. ജയ്പൂരിലെ ഇപ്പോഴത്തെ രാജകുടുംബം ഇവിടെയാണ് വസിക്കുന്നത്.അതു കൊണ്ട് സന്ദര്‍ശകര്‍ക്ക് ഇവിടേക്ക്  പ്രവേശനമില്ല. ചന്ദ്ര മഹലിനു സമീപത്തായി മനോഹരമായ ഒരു നടുമുറ്റമുണ്ട്. പ്രീതം നിവാസ് ചൌക്ക് എന്നാണതിന്റെ പേര്. ഈ നടുമുറ്റത്തേക്ക് തുറക്കുന്ന നാലു പടിപ്പുര വാതിലുകളുണ്ട്. . ഈ വാതിലുകള്‍  ഓരോന്നും നാലു ഋതുക്കളെ പ്രധിനിധാനം ചെയ്യുന്നതാണ്.
        
മഹാ വിഷ്ണുവിന്റെ  രൂപം കൊത്തിയ നീല മയിലുകള്‍ പീലി വിടര്‍ത്തിയാടുന്ന വടക്ക് കിഴക്കേ പടിപ്പുര ശരത് കാലത്തിന്റെ പ്രതീകമാണ്. അടുത്ത പടിപ്പുര താമരപൂക്കള്‍ കൊത്തിവെച്ചതാണ് ഈ  പടിപ്പുര ഗ്രീഷ്മകാലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. പച്ചനിറത്താല്‍ അലംകൃതമായ അടുത്തകവാടം ഹേമന്തത്തിനുള്ളതാണ്.ഗണപതിക്കാണ് ഈ കവാടം സമര്‍പ്പിച്ചിരിക്കുന്നത്. ദേവിക്കായി സമര്‍പ്പിച്ചിരിക്കുന്ന നാലാമത്തെ കവാടം ശിശിരകാലത്തെ പ്രതിനിധാനം ചെയ്യുന്നു.കവാടത്തിനരികില്‍ നിന്ന് ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു കൂട്ടുകാരെല്ലാവരും. പ്രീതം നിവാസ് ചൌക്കിന്റെ ചുവരുകളും അതി മനോഹരമാണ്.

മഹാരാജാ സവായ് പ്രതാപ് സിംഗ് പതിനെട്ടാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച  സഭാ നിവാസായിരുന്നു അടുത്ത കാഴ്ച്ച. ഹാളിനു നടുവിലായി ഗംഭീരമായ സിംഹാസനവും സുവര്‍ണ്ണ ചാമരങ്ങളും. ചുറ്റും ആഡംബര പൂര്‍ണ്ണമായ ഇരിപ്പിടങ്ങള്‍. നിലത്ത് മനോഹരമായ പരവതാനി. മേല്‍ക്കൂരയില്‍  വിലപിടിപ്പുള്ള ചില്ലുവിളക്കുകള്‍. ഇന്ത്യയിലെ ഏറ്റവും വലിയ ചില്ല് വിളക്കാണ് സഭാ നിവാസിന്റെ മേല്‍ക്കൂരയെ അലങ്കരിക്കുന്നത്. സ്വര്‍ണവും ചെടികളുടെ ചാറും പിഴിഞ്ഞെടുത്ത വര്‍ണങ്ങള്‍ കൊണ്ട് ചെയ്ത ചിത്ര പണികള്‍ മച്ചിനെ അലങ്കരിക്കുന്നു.

340 കിലോഗ്രാം ഭാരം വരുന്നതും 4000 ലിറ്റര്‍ ജലം സംഭരിക്കാന്‍ കഴിയുന്നതുമായ ഗംഗാ ജലി എന്ന് പേരുള്ള  കൂറ്റന്‍ വെള്ളിപ്പാത്രങ്ങള്‍ നോക്കിനില്‍ക്കുമ്പോഴാണ് അതിനെ കുറിച്ചു ചരിത്രം കേട്ടത്. 1901 ല്‍ അന്നത്തെ ജയ്പൂര്‍ രാജാവായിരുന്ന മഹാരാജ സവായ് മാധവ് സിംഗ് രണ്ടാമന്‍  ഇംഗ്ലണ്ടിലെ രാജാവ് എഡ്വേര്‍ഡ് ഏഴാമന്റെ കിരീടധാരണ ചടങ്ങില്‍ പങ്കെടുക്കാനായി പോയ ഇംഗ്ലണ്ട് യാത്രയില്‍ ഗംഗാ ജലം നിറച്ച ഈ ഭരണികളും കൂടെ കൊണ്ടു പോയിരുന്നു. ഹിന്ദു മത ചിട്ടകള്‍ കര്‍ശനമായി പാലിച്ചിരുന്ന രാജാവ്് വിദേശരാജ്യത്തെ ജലം കുടിക്കാന്‍ ഒരുക്കമായിരുന്നില്ല. മൂന്നു പാത്രങ്ങളിലുമായി വെള്ളവും കൊണ്ടാണ് രാജാവ് പോയത്. കടല്‍ ക്ഷോഭം വന്നപ്പോള്‍ ദേവപ്രീതിക്കായി അതിലൊരു പാത്രം കടലിലെറിഞ്ഞു എന്നാണാ കഥ.

Jaipur travelogue

മോട്ടോ റിക്ഷയില്‍ കുന്നുകയറുന്ന വിധം
സിറ്റി പാലസില്‍ നിന്നിറങ്ങുമ്പോള്‍ സമയം   മൂന്നു   മണികഴിഞ്ഞിരുന്നു. നഹര്‍ഗഡ് ഫോര്‍ട്ട് ആയിരുന്നു അടുത്ത ലക്ഷ്യം. പാലസ് മുന്‍പിലെ ഓട്ടോക്കാര്‍ എത്ര  വിലപേശിയിട്ടും അഞ്ഞൂറില്‍ കുറച്ചു പറയുന്നില്ല.കാണുന്ന ഓട്ടോക്കെല്ലാം കൈകാണിച്ചും വിലപേശിയും ഞങ്ങള്‍ നടക്കുന്നതിനിടെ മുന്‍ഭാഗം ഒരു  മോട്ടോര്‍ സൈക്കിളിന്റെ രൂപമുള്ള  അഞ്ചു പേര്‍ക്കിരിക്കാവുന്ന ഒരു വാഹനവുമായി വന്ന ഡ്രൈവര്‍    മുന്നൂറ്റമ്പത് രൂപക്ക് കൊണ്ടു പോവാമെന്നേറ്റു. ഈ വാഹനം മലമുകളിലേക്ക് കയറുമോ എന്നൊന്നും ചിന്തിക്കാന്‍   നില്‍ക്കാതെ അഞ്ചു പേരും ചാടിക്കയറി.തുറന്ന വണ്ടിയിലുള്ള ആ  യാത്ര രസകരമായിരുന്നു. ട്രീസയും ഷഫീക്കും. പിങ്ക്  നിറമുള്ള   തെരുവിനെ ക്യാമറക്കുള്ളിലാക്കുന്ന തിരക്കിലായിരുന്നു. സഹിലും ഷഫീക്കും ജോലിയുടെ ഒഴിവുദിനങ്ങളില്‍ യാത്രകള്‍ പോകുന്നവരാണ്. മനോഹരമായി യാത്രാ  വിവരണങ്ങള്‍ എഴുതാറുള്ള രണ്ടു പേരുടേയും   ഹിമാലയന്‍ ട്രെക്കിങ്ങിനെ കുറിച്ച് കൊതിയോടെ കേട്ടിരിക്കുന്നതിനിടെ കോട്ടയിലേയ്ക്കുള്ള  വഴിയായി.

വളഞ്ഞു പുളഞ്ഞു പോകുന്ന കുത്തനെയുള്ള  മലമ്പാതയിലൂടെ ഞങ്ങള്‍ യാത്ര ആരംഭിച്ചു.ഒരു  വളവു   തിരിഞ്ഞപ്പോള്‍ തന്നെ വാഹനം വളരെ പതുക്കെയായി.അപ്പോഴാണ് എല്ലാവര്‍ക്കും അബദ്ധം മനസിലായത്. ഒരു ബൈക്കില്‍ മൂന്നു പേരല്ലേ കയറു എന്നൊക്കെ  ചിന്തിച്ചു തുടങ്ങിയത് അപ്പോഴാണ്. കടന്നു പോകുന്ന വാഹനങ്ങളിലുള്ളവരെല്ലാം  ഞങ്ങളെ നോക്കി   ചിരിക്കുന്നുണ്ട്.. ബായ്   ഇതങ്ങോട്ട് എത്തുമോ എന്ന ഞങ്ങളുടെ ചോദ്യത്തിന് ഞാന്‍ എത്തിക്കുമെന്ന അയാളുടെ  മറുപടി കേട്ടപ്പോള്‍ ഇതെന്റെ നാട്ടിലെ മയമാക്കാന്റെ ചായ  പോലെയാകുമോ പടച്ചോനേ എന്നായി ഷഫീക് തനി മലപ്പുറം ഭാഷയില്‍ ഷഫീക് കഥ പറഞ്ഞു തുടങ്ങി. മയമാക്ക  അവരുടെ   നാട്ടിലെ ചായകടക്കാരനാണ്. കടയില്‍ വരുന്നവര്‍ മയമാക്ക ഒരു ലൈറ്റ് ചായ കടുപ്പത്തില്‍  ഒരു ചായ എന്നൊക്കെ ഓര്‍ഡര്‍ ചെയ്താല്‍  ചായപ്പൊടി   ഇട്ട ചായ  ഉണ്ടാക്കുന്ന തുണി  സഞ്ചിയിലേക്ക് ചൂടു വെള്ളം ഒഴിച്ചു മയമാക്ക പറയും ഇതിനുള്ളിലൂടെ വരുന്നത് വരും എന്ന്. അതു പോലെ എത്തുന്നിടത്ത് എത്തുമ്പോള്‍ എത്തും  എന്ന് പറഞ്ഞതും എല്ലാവരും പൊട്ടിചിരിച്ചു.അടുത്ത വളവ്  തിരിഞ്ഞതും വണ്ടി നിന്നു.

പുറത്തിറങ്ങി   നോക്കിയപ്പോള്‍ വിജനമായ വളഞ്ഞു മുകളിലേക്ക് പോവുന്ന പാത. ദൂരെ കുന്നിന്‍  മുകളിലായി ഒരു പൊട്ടു പോലെ കോട്ടമതില്‍ കാണാം. ഇപ്പൊ കരയും എന്ന ഭാവത്തില്‍ നില്‍ക്കുന്ന മോട്ടോ റിക്ഷാ ഡ്രൈവറെ കണ്ടപ്പോള്‍ പാവം തോന്നി. ചുരം പാതയുടെ കൈവരിയില്‍ കയറി ഇരുന്ന് ഏതെങ്കിലും വാഹനത്തില്‍ ലിഫ്റ്റ് ചോദിക്കാമെന്നൊക്കെ പറഞ്ഞിരിക്കുമ്പോള്‍ പൊടുന്നനെ വളവ് തിരിഞ്ഞ് ആളില്ലാത്ത ഒരു ഓട്ടോ ഞങ്ങള്‍ക്ക് മുന്‍പില്‍ നിന്നു. മോട്ടോ റിക്ഷയില്‍ ഞങ്ങള്‍ക്ക് കോട്ടമുകളിലെത്താനാവില്ല എന്നറിയാവുന്ന നാട്ടുകാര്‍ താഴെ നിന്ന് പറഞ്ഞുവിട്ട ഓട്ടോറിക്ഷയായിരുന്നു അത്.     

Jaipur travelogue

രാജകുമാരന്റെ ആത്മാവ്
ആരവല്ലി  മലനിരകളുടെ വളഞ്ഞു പുളഞ്ഞ വഴിയിലൂടെ ഓട്ടോ നീങ്ങി.ജയ്പൂര്‍ രാജാവായിരുന്ന സാവായ് ജയ് സിങ് നിര്‍മ്മിച്ച  നഹര്‍ഗഡ് ഫോര്‍ട്ടിന്റെ   കോട്ടവാതിലിനു മുന്‍പില്‍ ഓട്ടോ എത്തി.ഞങ്ങള്‍ ഉള്ളിലേക്ക് നടന്നു. 1734ല്‍   നിര്‍മിച്ച   കോട്ട  1880ല്‍  പുനരുദ്ധരിച്ചിരുന്നു. ഇന്തോ യൂറോപ്യന്‍ ശൈലിയിലാണ് കോട്ട നിര്‍മിച്ചിരിക്കുന്നത്.ജയ്പൂരിലെ രാജകുമാരനായിരുന്ന നഹര്‍ സിങിന്റെ പേരാണ് കോട്ടയ്ക്ക് ഇട്ടിരിക്കുന്നത്. ഈ കോട്ടയെ കുറിച്ച് രസകരമായ  ഒരു  കഥയുണ്ട്.കോട്ടയുടെ   പുനരുദ്ധാരണ വേളയില്‍  രാജകുമാരന്റെ ആത്മാവ് ജോലികള്‍ തടസ്സപ്പെടുത്തുക പതിവായിരുന്നുവത്രേ, ആത്മാവിനെ പ്രീതിപ്പെടുത്താനായി ഒരു ക്ഷേത്രം പണിതതിന് ശേഷമാണത്രേ കോട്ടയുടെ ജോലികള്‍ തടസ്സമില്ലാതെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. പണിപൂര്‍ത്തിയായപ്പോള്‍ രാജകുമാരന്റെ പേര് ചേര്‍ത്ത് നഹര്‍ഗഡ് എന്ന് പേരിടുകയായിരുന്നു.നഹര്‍ഗഡിന്   കടുവയുടെ   താവളമെന്നും അര്‍ഥമുണ്ട്.

രാജാക്കന്മാരും രാജകുടുംബാംഗങ്ങളും വേനല്‍ക്കാല വസതിയായി ഉപയോഗിച്ചിരുന്ന മാധവേന്ദ്ര ഭവന്‍  കൊട്ടാരത്തിലേക്ക് ഞങ്ങള്‍  നടന്നു.ക്ഷേത്രങ്ങളായാലും കൊട്ടാരമായാലും പ്രൗഢവും സമ്പന്നുവമായ കാഴ്ച്ചയാണെവിടേയും. ചെടികളും ഇലകളും പിഴിഞ്ഞെടുത്ത ചായ  കൂട്ടുകളും  സ്വര്‍ണവും   ചാലിച്ചെടുത്ത ചിത്രവേലകള്‍ ചെയ്ത മച്ചുകള്‍. നടുത്തളങ്ങളും  മട്ടുപാവുകളും ബാല്‍ക്കണികളുമുള്ള  കൊട്ടാരത്തിലെ   നടുമുറ്റങ്ങളെല്ലാം ഒരുപോലെയുണ്ട്. എല്ലാ നിലകളിലും   നടുമുറ്റത്തേക്ക് തുറക്കുന്ന  മട്ടുപാവുകള്‍. കൂട്ടം തെറ്റിയാല്‍ കണ്ടുപിടിക്കാന്‍ പാടുപെടേണ്ടി വരും. മട്ടുപാവില്‍ വീഴുന്ന മഴവെള്ളം താഴെ ജലസംഭരണികളിലേക്ക് വന്നുവീഴാനുള്ള സംവിധാനം നോക്കി നില്‍ക്കുമ്പോഴാണ് അന്‍പതു രൂപ തന്നാല്‍ എല്ലാം   വിവരിച്ചു പറഞ്ഞു തരാമെന്ന് പറഞ്ഞ് ഗൈഡ് വന്നത്. അയാള്‍ക്ക് പിറകെ വലിയൊരു കെട്ടിട   സമുച്ചയത്തിലേക്കാണ്   നടന്നെത്തിയത്.

റാണിമാരുടെ വസതിയായിരുന്നു അത്. മഹാറാണിയുടെ   കിടപ്പുമുറിയിലേക്കാണ് ആദ്യം എത്തിയത്. വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന അലമാരകള്‍. എല്ലാ രജപുത്ര കൊട്ടാരങ്ങളുടെ ഉള്‍ത്തളങ്ങള്‍ക്കും  ഏസിയിലെന്ന പോലെ  സുഖകരമായൊരു തണുപ്പാണ്.

ചിത്രപണികള്‍ ചെയ്ത മച്ചിന്റെ രണ്ടറ്റത്തേക്കും അര്‍ദ്ധവൃത്താകൃതിയില്‍ ചിത്ര പണി ചെയ്ത ആര്‍ച്ചിന്റെ ഒരു സ്ഥലത്ത് ചെവി വെക്കാന്‍ ഗൈഡ്  പറഞ്ഞപ്പോള്‍ ലേഖ ഓടി പോയി ചെവി വെച്ചുനിന്നു.ആര്‍ച്ചിന്റെ മറുവശത്ത് ചുണ്ടുകള്‍ ചേര്‍ത്ത് ഗൈഡ്  എന്തോ   സ്വകാര്യം പറഞ്ഞപ്പോള്‍ ലേഖ വിടര്‍ന്നു  ചിരിച്ചു.ഞങ്ങളും  ഓരോരുത്തരായി ചെവി വെച്ചു നോക്കി.ഗൈഡ് അവിടെ  പറയുന്നത്  ഇപ്പുറത്ത് കേള്‍ക്കാമായിരുന്നു. മഹാറാണി ഉറക്കത്തിലാവുമ്പോള്‍ ഇരുവശവുമിരുന്ന് ചാമര വിശറികള്‍ വീശിയിരുന്ന തോഴിമാര്‍ സംസാരിച്ചിരുന്നത് ഇങ്ങിനെയായിരുന്നത്രേ.സത്യമാകുമോ അതെന്ന് എല്ലാവര്‍ക്കും സംശയം  .

Jaipur travelogue
ജയ്പൂരിലെ ആറന്‍മുള കണ്ണാടി 
രാജാവിന് ഒന്‍പത്   ഭാര്യമാരുണ്ടായിരുന്നു.ഓരോ മുറിയില്‍നിന്നും നിണ്ട ഒരു ഇടനാഴിയിലേക്ക് തുറക്കാവുന്ന  വാതിലുകള്‍.ഇടനാഴിയില്‍ നിന്ന് കടന്നു ചെല്ലുന്നത് രാജാവിന്റെ   കിടപ്പുമുറിയിലേക്കാണ്. രാജാവ്  റാണിമാരുടെ മുറികളിലേക്ക് പോയിരുന്നത് ഈ ഇടനാഴിയിലൂടെയാണ്. ഏതു റാണിയുടെ  മുറിയിലേക്കും മറ്റുള്ള റാണിമാരറിയാതെ പോവാകുന്ന തരത്തിലായിരുന്നു ഈ കെട്ടിടത്തിന്റെ   നിര്‍മാണം.വലിയ റാണിക്കായിരുന്നു കൊട്ടാരത്തിലെ മുഖ്യ സ്ഥാനം. റാണിമാര്‍ തമ്മില്‍ വലിയ മത്സരമായിരുന്നു. ഗൈഡ് നിര്‍ത്താതെ കഥപറയുന്നതിനിടെ അന്നത്തെ രാജാവ്   ആവാതിരുന്നത് ഭാഗ്യം എന്ന ഷഫീക്കിന്റെ   ആത്മഗതം കേട്ട് എല്ലാവരും   പൊട്ടിചിരിച്ചു.ഒന്നിനെ  തന്നെ കൊണ്ടുനടക്കാനുള്ള പാട് എന്താണ് എന്ന് നമ്മക്കല്ലേ  അറിയൂ എന്നെല്ലാം  ഷഫീക്ക് പറയുന്നത് കേട്ട് പൊട്ടിചിരിച്ചപ്പോള്‍ ഒന്നും  മനസിലായില്ലെങ്കിലും ഗൈഡും   കൂടെ ചിരിച്ചു.

ട്രിസയെ കാണുന്നില്ലെന്ന് അപ്പോഴാണ് ഞങ്ങള്‍ ശ്രദ്ധിച്ചത്. കിളിവാതിലിനരികില്‍ നിന്നു നോക്കിയാല്‍ കാണുന്ന ജയ്പ്പൂരിന്റെ മനോഹര ദൃശ്യം ക്യാമറയില്‍ പകര്‍ത്തുന്നതിനിടെ ഞങ്ങള്‍ ഗൈഡിനു   പിറകില്‍   നടന്നത് അവള്‍ അറിഞ്ഞില്ല. ഒരു   പോലെയുള്ള വരാന്തകളിലൂടേയും നടുതളത്തിലൂടെയും  ഞങ്ങളെ   തിരഞ്ഞു കാണാതെ പരിഭ്രമിച്ചു കരച്ചിലിന്റെ വക്കത്തെത്തിയ അവളെ  സാഹിലാണ്   കണ്ടെത്തിയത്.

ലോഹത്തില്‍  തീര്‍ത്ത കണ്ണാടി കാണിക്കാമെന്ന് പറഞ്ഞ് ഗൈഡ് ഞങ്ങളെ വീണ്ടും ഉള്ളിലേക്ക്   കൂട്ടികൊണ്ടു പോയി. അത്  നമ്മുടെ ആറന്മുള കണ്ണാടിയാണ് പണ്ട് ആറന്മുളയില്‍ നിന്ന് കണ്ണാടി  നിര്‍മിക്കാന്‍ ആളെ   കൊണ്ടു പോയത് ഞാനെവിടേയോ വായിച്ചിട്ടുണ്ട് എന്നായി ലേഖ. നേരം നാലുമണി കഴിഞ്ഞിരുന്നു.കാഴ്ച്ചകള്‍ കണ്ടു  മതിയാവാതെ ഞങ്ങള്‍ പുറത്തിറങ്ങി. ഓട്ടോ കുന്നിറങ്ങുമ്പോള്‍ ജന്തര്‍ മന്തിര്‍ അഞ്ചു മണിക്ക് അടക്കുമെന്ന്  സഹില്‍ തിരക്കു   കൂട്ടി.നമ്മക്കത് നെലോളിച്ച് തുറപ്പിക്കാം എന്ന ഷഫീക്കിന്റെ കമന്റു കേട്ടപ്പോള്‍ എല്ലാവരും പൊട്ടിചിരിച്ചു. ജന്തര്‍  മന്തറിനു മുന്‍പില്‍ ഓട്ടോ ഇറങ്ങിയപ്പോള്‍ അഞ്ചു മണി  കഴിഞ്ഞിരുന്നു. കാണാനാവില്ല എന്നറിഞ്ഞപ്പോള്‍ അതേ  ഓട്ടോയില്‍ ഹവാ മഹല്‍ കാണാന്‍ പോവാമെന്ന് തീരുമാനിച്ചു.
     
റോഡിന്റെ  എതിര്‍വശത്തു നിന്ന് എടുത്താലേ ഹവാ മഹല്‍ മുഴുവനായി ക്യാമറയില്‍ പതിയൂ എന്നു പറഞ്ഞ് തന്ന ഡ്രൈവര്‍ യാത്ര പറഞ്ഞത്.1799 ല്‍ അന്നത്തെ ജയ്പൂര്‍ രാജാവായിരുന്ന സവായ് പ്രതാപ് സിംഗിന്റെ നിര്‍ദ്ദേശ പ്രകാരം, ഉസ്താദ് ലാല്‍ ചന്ദ് എന്ന ശില്‍പ്പിയാണ് ഹവാ മഹല്‍ രൂപകല്‍പന ചെയ്തത്. ഇരുനൂറ്റിപ്പതിനഞ്ചു വര്‍ഷത്തെ പഴക്കമുണ്ട് ഹവാ  മഹലിന്.ഒരു സിനിമയുടെ സെറ്റിട്ടത് പോലെയാണ് ഹവാ മഹല്‍   കണ്ടപ്പോള്‍   എനിക്ക്   തോന്നിയത്. ഹവാ മഹലില്‍ നിന്ന് തെരുവിലേക്ക്  തുറന്നിരിക്കുന്ന കൊത്തുപണികള്‍ ചെയ്ത വലപോലെ  ആയിരത്തോളം കുഞ്ഞു കിളിവാതിലുകള്‍.അകത്തു നിന്ന് നോക്കിയാല്‍ പുറം കാഴ്ച്ചകള്‍ കാണാം. പക്ഷേ പുറത്ത് നിന്ന് നോക്കിയാല്‍ ജാലകത്തിനു ഉള്ളിലൂടെ അകത്തേയ്ക്ക് കാണാനാവില്ല എന്നതാണ് ഈ ജനാലകളുടെ പ്രത്യേകത. രാജസ്ഥനിലെ രജപുത്ര സ്ത്രീകള്‍ ആഘോഷയാത്രകള്‍ കണ്ടിരുന്നത് ഈ കുഞ്ഞു ജാലകങ്ങളിലൂടെയായിരുന്നു.

ടിക്കറ്റെടുത്ത് ഇടുങ്ങിയ   ഗോവണികളിലൂടെ കയറിയാല്‍ ഹവാമഹലിന്റെ ഉള്‍ത്തളങ്ങള്‍ കാണാം. നേരം വളരെ വൈകിയതിനാല്‍ ബാക്കി സമയം തെരുവിലൂടെ നടക്കാന്‍ തീരുമാനിച്ചു. സിറ്റി പാലസിലേക്ക്   വരാനുള്ള തെരുവും വഴികളും വിശദമായി പറഞ്ഞു തന്ന് ഷഫീക്കും സഹിലും പോയി.കണ്ണാടി ചില്ലുകള്‍ പിടിപ്പിച്ച പാവാടകളും ബ്ലോക്ക് പ്രിന്റ് ചെയ്ത  വസ്ത്രങ്ങളും ബാഗുകളും ചെരിപ്പുകളും രാജസ്ഥാനി വളകളും  വെള്ളിയാഭരണങ്ങളും വില കുറവില്‍   വാങ്ങണമെങ്കില്‍ ഹവാ മഹലിന്റെ മുന്‍പിലെ തെരുവിലൂടെ  നടന്നാല്‍ മതി.സമയം ഒരു പാടായി   വരുന്നില്ലേ   എന്ന് ബസ്സില്‍ നിന്ന് ഫൈസല്‍ വിളിച്ചപ്പോഴാണ് സമയത്തെകുറിച്ചോര്‍ത്തത്. ബസില്‍ റെയില്‍ വെ സ്റ്റേഷനില്‍  എത്തുമ്പോള്‍  ഞങ്ങളെ കാത്ത് ട്രെയിന്‍ സ്റ്റേഷനില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.എല്ലാവരും  കണ്ട കാഴ്ച്ചകളെ   കുറിച്ചും വിലക്കുറവില്‍ വാങ്ങിയ വസ്ത്രങ്ങളെകുറിച്ചും ഉത്സാഹത്തോടെ സംസാരിക്കുന്നത് കേട്ട് മുകളിലെ  ബര്‍ത്തിലേക്ക്  കയറി.തീവണ്ടിയുടെ താളത്തിന് ചെവിയോര്‍ത്ത് കിടന്ന് എപ്പോഴോ ഉറങ്ങി പോയി.       

ആദ്യ ഭാഗം
സ്വപ്‌നത്തിലേക്ക് ഒരു തീവണ്ടി
രണ്ടാം ഭാഗം
മഴ കാത്തൊരു കൊട്ടാരം

Follow Us:
Download App:
  • android
  • ios