Asianet News MalayalamAsianet News Malayalam

മരുഭൂമിയില്‍ ഒരു മരണക്കിണര്‍ അഭ്യാസി!

jaisalmer travelogue
Author
Jaisalmer, First Published May 2, 2016, 7:02 AM IST

jaisalmer travelogue

ആദ്യ ഭാഗം

രണ്ടാം ഭാഗം

മൂന്നാം ഭാഗം:

രാവിലെ എട്ടു മണിക്കാണ് ഞങ്ങള്‍  ജയ്‌സാല്‍മീര്‍ സ്റ്റേഷനില്‍ ചെന്നിറങ്ങിയത്. മഞ്ഞകലര്‍ന്ന സാന്‍ഡ്‌സ്റ്റോണുകളില്‍ തീര്‍ത്ത ജയ്‌സല്‍മീര്‍ സ്റ്റേഷന്റെ കെട്ടിടത്തിന് വല്ലാത്തൊരു കാല്‍പ്പനികസൗന്ദര്യമുണ്ട്. ആദ്യം  പോവുന്നത്  ജയ്‌സാല്‍മീര്‍ കോട്ടയിലേക്കാണെന്ന് ടൂര്‍ മാനേജര്‍ പറഞ്ഞിരുന്നു. അലസഭാവത്തില്‍ ഉലാത്തുന്ന ഒട്ടകങ്ങളുടെയും രാജകൊട്ടാരങ്ങളുടെയും വര്‍ണ തലപ്പാവുകള്‍ അണിഞ്ഞ  പുരുഷന്മാരുടേയും വീതികൂടിയ കൊലുസുകളും കാല്‍വിരലുകള്‍ നിറയെ  മിഞ്ചികളുമണിഞ്ഞ് കല്ലു  പിടിപ്പിച്ച പാവാടയണിഞ്ഞ്  മുഖം മറച്ചു നടക്കുന്ന സ്ത്രീകളുടേയും നാട്ടിലെ ലോകപ്രസിദ്ധമായ താര്‍ മരുഭൂമിയുടെ നടുവിലായി ഒരു സുവര്‍ണനഗരം. അതാണ് ജയ്‌സാല്‍മീര്‍. പന്ത്രണ്ടാം നൂറ്റാണ്ടിലെ രാജാവായ റാവു ജയ്‌സലിന്റെ പേരില്‍ നിന്നാണ് ഈ നഗരത്തിനീ പേര് ലഭിച്ചത്.

അലസഭാവത്തില്‍ ഉലാത്തുന്ന ഒട്ടകങ്ങളുടെയും രാജകൊട്ടാരങ്ങളുടെയും വര്‍ണ തലപ്പാവുകള്‍ അണിഞ്ഞ  പുരുഷന്മാരുടേയും വീതികൂടിയ കൊലുസുകളും കാല്‍വിരലുകള്‍ നിറയെ  മിഞ്ചികളുമണിഞ്ഞ് കല്ലു  പിടിപ്പിച്ച പാവാടയണിഞ്ഞ്  മുഖം മറച്ചു നടക്കുന്ന സ്ത്രീകളുടേയും നാട്ടിലെ ലോകപ്രസിദ്ധമായ താര്‍ മരുഭൂമിയുടെ നടുവിലായി ഒരു സുവര്‍ണനഗരം. അതാണ് ജയ്‌സാല്‍മീര്‍. 

മഞ്ഞകലര്‍ന്ന സാന്‍ഡ്‌സ്റ്റോണുകളില്‍ തീര്‍ത്ത കെട്ടിടങ്ങളാണ് ചുറ്റും. പുലരി വെയിലില്‍ സ്വര്‍ണ നിറമായിരുന്നു ജയ്‌സല്‍മീറിന്. കാഴ്ച്ചകള്‍ കണ്ടിരിക്കെ ബസ് ഒരു കുന്നിന്‍ ചെരിവിലെ പാര്‍ക്കിങ്ങ് റോഡില്‍ നിര്‍ത്തി.വെള്ള കുപ്പികള്‍ ബാക്ക്പാക്കിലാക്കി ബസ്സിന്റെ പിന്‍ സീറ്റിലിരുന്ന ഞങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ മറ്റു യാത്രക്കാരെല്ലാം തിരക്കിട്ടു നടന്നു മറഞ്ഞിരുന്നു. ഏതു വഴി പോകുമെന്ന് കണ്‍ഫ്യൂഷനില്‍ നില്‍ക്കെ അടുത്ത് കണ്ട ടാക്‌സി ഡ്രൈവറോട് കോട്ടയിലേക്കുള്ള വഴി ചോദിച്ചപ്പോള്‍ ഒരു ഗൈഡിനെ പോലെ കോട്ടയുടെ ഭംഗിയുള്ള ആര്‍ക്കിട്ടെക്കിനെ കുറിച്ചും കോട്ടക്കുള്ളിലെ ജെയിന്‍ അമ്പലത്തെ കുറിച്ചുമെല്ലാം അയാള്‍ വാചാലനായി..കോട്ടയിലേക്കുള്ള വഴിയുടെ ഇരു വശവും ഒട്ടകത്തൊലി കൊണ്ടുണ്ടാക്കിയ ബാഗുകളും സോവനീരുകളും തൊപ്പികളും വില്‍ക്കുന്ന കടകളാണ്. വെയിലിന് നല്ല ചൂടുണ്ടായിരുന്നു. ഒരു കടയില്‍  കയറി  തൊപ്പി  വാങ്ങി. ഡ്രൈവര്‍കാണിച്ചു തന്നവഴിയിലൂടെ   നടന്നു.

jaisalmer travelogue

സ്വര്‍ണ്ണ വെയിലില്‍ ജയ്‌സാല്‍മീര്‍ കോട്ട
കുന്നിന്‍ മുകളിലേക്ക് കയറുമ്പോള്‍ കാണുന്ന കോട്ടയുടെ ദൃശ്യം അതിമനോഹരമാണ്.സൂര്യപ്രഭയില്‍   സ്വര്‍ണ്ണം പോലെ  വെട്ടിതിളങ്ങുന്ന മഞ്ഞ  സാന്റ്‌സ്റ്റോണില്‍ പണിത കോട്ട കണ്ടപ്പോള്‍ ഏതോ ഫെയറി   ടെയിലിലെ  കോട്ടയില്‍ എത്തപ്പെട്ട പോലെ തോന്നി.കുതിരപ്പുറത്ത് വരുന്ന  രാജകുമാരനെ സ്വപ്നം കണ്ട കുട്ടിക്കാലത്ത് വായിച്ചിരുന്ന ചിത്ര പുസ്തകത്തില്‍ കണ്ട   കോട്ടയുടെ ഓര്‍മ വന്നതു കൊണ്ടാവണം എന്റെ ഹൃദയത്തെ ഈ   കോട്ട ഇത്ര തരളിതമാക്കിയത്. ഇത്രയും സൗന്ദര്യം രാജസ്ഥാനിലെ ഒരു  കോട്ടക്കുമില്ലെന്നാണ്  തോന്നിയതും അതുകൊണ്ട് കൂടിയാവണം.

വിദേശികളായ ഒരു   സഞ്ചാരികൂട്ടത്തിനു പുറകില്‍ ഞങ്ങളും നടന്നു. അനേകം പടിവാതിലുകള്‍   കടന്നു വേണം കോട്ടക്കകത്ത് എത്താന്‍. ആദ്യ വാതിലിനടുത്ത് എത്തിയപ്പോള്‍ ഗൈഡിനെ ആവശ്യമുണ്ടോ എന്ന് ചോദിച്ച് ഒരു രാജസ്ഥാനി തലപ്പാവുകാരന്‍ അടുത്തേക്ക് വന്നു. മൂന്നു പേര്‍ക്ക് ഇരുന്നൂറു രൂപയാണയാള്‍ ചോദിച്ചത്. അയാള്‍ക്ക് പിറകെ നടന്നു. ഒരു  സ്‌കൂള്‍ അദ്ധ്യാപകനെ പോലെ ഓരോന്നും വിശദീകരിച്ചും  ഇടക്കിടെ ഞങ്ങളോട്  ചോദ്യങ്ങള്‍ ചോദിച്ചും ഞങ്ങള്‍ തമ്മില്‍ മലയാളം പറയുമ്പോള്‍ അതിന്റെ  അര്‍ഥമെന്താണെന്ന് ചോദിച്ചറിഞ്ഞും ഉറക്കെ പൊട്ടിച്ചിരിച്ചും കൂടെ നടന്ന അയാള്‍ക്ക് സ്വന്തം നാടിനെ കുറിച്ചു വലിയ അഭിമാനമായിരുന്നു. 

രജപുത്ര വാസ്തുകലയും മുഗളന്‍ വാസ്തുകലയും ചേര്‍ന്ന ശില്പശൈലിയില്‍   ഉണ്ടാക്കിയ   വാതിലിലൂടെ  കോട്ടക്കുള്ളിലേക്ക്   കയറി. ഗണേഷ് പോളിനടിയില്‍ എത്തിയപ്പോള്‍ തണുത്ത കാറ്റ്.ആ വാതിലിന്റെ പേര്  ഡംഡാ ഡംഡാ  കൂള്‍  കൂള്‍ ആണെന്ന് പറഞ്ഞ അയാളെ  നോക്കി കണ്ണുകള്‍ ചുളിച്ചപ്പോള്‍ ഗണേഷ് പോളാണെന്ന് പറഞ്ഞയാള്‍ പൊട്ടിചിരിച്ചു.

മഹാറാവല്‍  ജയ്‌സല്‍ സിംങ്ങാണ് 1156 എ ഡിയില്‍ ഈ കോട്ടക്ക് തറക്കല്ലിട്ടത്.രണ്ടു കൊട്ടാരങ്ങളാണ്  കോട്ടക്കുള്ളിലുള്ളത്. ഏഴു ജൈന ക്ഷേത്രങ്ങളും ഇവിടെയുണ്ട്. അവയില്‍ പ്രധാനപ്പെട്ടത് ശാന്തിനാഥ് ക്ഷേത്രം, ചന്ദ്രപ്രഭു ക്ഷേത്രം എന്നിവയാണ്. അന്നത്തെകാലത്ത്   രാജകൊട്ടാരത്തില്‍ പണം കുറവായിരുന്നു. കച്ചവടക്കാരായ മാര്‍വാഡികളാവട്ടെ അതി സമ്പന്നരും. അവരാണ് കോട്ടക്കുള്ളിലെ ആ ക്ഷേത്രങ്ങള്‍ പണിതത്.

jaisalmer travelogue

റാണിയെ ബന്ദിയാക്കാന്‍ ആര്‍ക്കാവും?
ആദ്യം രാജകൊട്ടാരത്തിലേക്ക്   കയറി.ഒരു   മായിക   ലോകത്തെത്തിയപോലെ തോന്നി.രാജസ്ഥാനിലെ കൊടും ചൂടിനുപകരമായി ദൈവം ഞങ്ങള്‍ക്ക് തന്നതാണി സാന്റ് സ്റ്റോണ്‍ എന്നാണ് ഗൈഡ് പറഞ്ഞത്.തറയിലെ ചില കല്ലുകളില്‍ കണ്ട ഇളം കറുപ്പ് നിറത്തിലുള്ള വരകള്‍ കാണിച്ചു ഫോസിലുകളാണവ എന്നാണ് ഗൈഡ് പറഞ്ഞത്.ആ കല്ലുകള്‍ കൊണ്ടുള്ള കോപ്പകളില്‍ വെള്ളം കുടിച്ചാല്‍ ശരീരത്തിന് വളരെ നല്ലതാണെന്നാണയാള്‍ പറഞ്ഞത്.

ഗന്ധര്‍വന്മാരുടേയും, വാദ്യോപകരണങ്ങള്‍ വായിച്ചിക്കിരിക്കുന്ന കിനര്‍വന്മാരുടേയും രൂപങ്ങള്‍ കൊത്തിയ  നിരയായി നില്‍ക്കുന്ന തൂണുകള്‍, ഇടനാഴികള്‍,നടുമുറ്റങ്ങള്‍. ഓരോ  ഇഞ്ചും മനോഹരമായ കൊത്തുപണികളാല്‍  അലംകൃതമായ കെട്ടിട  സമുച്ചയങ്ങള്‍.  അവര്‍ണനീയമായ  ശില്പ  ചാരുത ആരേയും  അത്ഭുതപരവശരാക്കുന്നതാണ്.

അരിമണിയോളം വലിപ്പം മാത്രമുള്ള അതിമനോഹരമായ ചിത്രങ്ങള്‍ കണ്ട്  അത്ഭുതപരവശരായി നില്‍ക്കുന്ന വിദേശികള്‍ക്കിടയിലൂടെ നടക്കുമ്പോഴാണ് അടച്ചിട്ട ഒരു   വാതില്‍   കണ്ടത്.  യുദ്ധത്തില്‍ തോറ്റാല്‍ ആദ്യം എന്താണ് സംഭവിക്കുക എന്ന ചോദ്യവുമായി ഗൈഡ് ഞങ്ങളെ നോക്കി.റാണിയെ ബന്ദിയായി പിടിക്കും അയാള്‍ തന്നെ ഉത്തരവും പറഞ്ഞു.ആ വാതിലിലൂടെ പോയാലേ റാണിയുടെ അരമനയില്‍ എത്താനാവൂ.ആ വാതിലിലൂടെകയറി, നിറയെ  ഇടനാഴികളും ഹാളുകളും പിരിഞ്ഞു കിടക്കുന്ന മുറികളിലൂടെ വഴി  തെറ്റാതെ കൊട്ടാരത്തെകുറിച്ച് പരിചയമുള്ള ഒരാള്‍ക്കല്ലാതെ റാണിയുടെ കൊട്ടാരത്തില്‍കടന്ന് റാണിയെ ബന്ദിയാക്കാനാവില്ല.

ജയ്‌സല്‍മീര്‍ ഭരിച്ച രാജാക്കന്മാരുടെ   ഛായാ ചിത്രങ്ങളും ആയുധങ്ങളും അമര്‍ നാഗ സിംഹാസനവും കണ്ട്  പുറത്തിറങ്ങി. ഇരുവശത്തും വസ്ത്രങ്ങളും, ആഭരണങ്ങളും സാന്റ് സ്റ്റോണില്‍ തീര്‍ത്ത കുഞ്ഞു ശില്പങ്ങളും, ഒട്ടക തൊലി  കൊണ്ടുണ്ടാക്കിയ ബാഗുകളും വില്‍ക്കുന്ന ഇടുങ്ങിയ തെരുവിലൂടെ  ക്ഷേത്രത്തിലേക്ക് നടന്നു 1459ലാണ് ഈ ക്ഷേത്രങ്ങള്‍ നിര്‍മിക്കപ്പെട്ടത്.

ജിത്തമണി വിശ്വനാഥ് നിര്‍മിച്ച ഏറ്റവും പഴക്കമേറിയ ക്ഷേത്രത്തിലേക്കാണ് ഞങ്ങള്‍ പോയത്. വിവിധ തരത്തിലുള്ള എട്ട് ലോഹങ്ങളാല്‍ നിര്‍മിക്കപ്പെട്ട പത്താമത് തീര്‍ഥങ്കരനായ ശീതള്‍ നാച്ചിയുടെ പ്രതിമക്കു മുന്‍പില്‍ കണ്ണടച്ചു നില്‍ക്കുന്ന ഭക്തര്‍. ചിത്രങ്ങളും ഗ്രന്ഥങ്ങളും താളിയോലകളും സൂക്ഷിച്ചു  വെച്ചിരിക്കുന്ന ഇടത്തിനു ഗ്യാന്‍ഗംഗ എന്നാണ് ഗൈഡ്   പറഞ്ഞത്. ജൈനമതവിശ്വാസത്തിലെ പ്രധാനിയായിരുന്നു കുശ്‌വല്‍ സൂരജി എന്നയാളുടെ ശവസംസ്‌കാര സമയത്ത് അണിഞ്ഞിരുന്ന വസ്ത്രത്തിന്റെ ഒരു കഷ്ണം  സൂക്ഷിച്ചിരിക്കുന്ന സ്ഥലമാണ് ഗ്യാന്‍ഗംഗ. ഗ്യാന്‍ഗംഗയ്ക്ക് അരികിലാണ് ജൈനമത സ്ഥാപകനും 24ാമത് തീര്‍ഥങ്കരനുമായ മഹാവീരന്റെ വിഗ്രഹം സ്ഥിതിചെയ്യുന്നത്. സമയം പന്ത്രണ്ട് മണിയോട്   അടുത്തിരുന്നു.കോട്ട മതിലിനരികില്‍ ഇരുന്ന് രാജസ്ഥാനി വീണ മീട്ടി പാടുന്ന  ഗായകനരികില്‍ ആ  സംഗീതത്തില്‍ മതി   മറന്നു നില്‍ക്കുമ്പോള്‍ സമയത്തെ കുറിച്ചു മറന്നു പോയിരുന്നു.പന്ത്രണ്ട്   മണിക്ക് ബസ്സിലെത്തണമെന്ന് ഫൈസല്‍ പറഞ്ഞിരുന്നു. പരിചയമുള്ള  ആരേയും കാണുന്നില്ല.കുന്നിറങ്ങി പോവുന്ന വഴിയിലൂടെ തിരക്കിട്ട് നടക്കുന്നതിനിടെ  റോഡ് മാറി പോയതറിഞ്ഞിരുന്നില്ല. എത്ര നടന്നിട്ടും ബസ്സുകളൊന്നും കാണാതിരുന്നപ്പോഴാണ് വഴിതെറ്റിയെന്ന് മനസിലായത്. ഒരു ടാക്‌സിക്കാരനോട് വഴി ചോദിച്ച് ബസ്സ് കണ്ടെത്തിയപ്പോഴേക്കും മൂന്നാളും തളര്‍ന്നിരുന്നു.

ജയ്‌സല്‍മീറിലെ മനോഹരമായ റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് ഉച്ച ഭക്ഷണം ഒരുക്കിയിരുന്നത്. അടുത്ത പ്‌ളാറ്റ് ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന റോയല്‍ രാജസ്ഥാന്‍ ഓണ്‍ വീല്‍സ് എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യന്‍ റെയില്‍വേയുടെ ആഡംബര ട്രെയിനിനു മുന്‍പില്‍ ഫോട്ടോക്ക് പോസ് ചെയ്യുന്ന സഹയാത്രികരെ നോക്കി നില്‍ക്കുമ്പോള്‍ സഹിലും ഷഫീക്കും തിരഞ്ഞു വരുന്നു. പട്വോ കി  ഹവേലി  സന്ദര്‍ശനം ക്യാന്‍സല്‍ ചെയ്തു ബിക്കനീറിലേക്കാണ് ഇനി  പോകുന്നത്. ബസ്സിറങ്ങിയാല്‍ ഞങ്ങളെ കാത്തു നില്‍ക്കണം എന്നു പറയാന്‍   വന്നതാണവര്‍.

jaisalmer travelogue

താര്‍ മരുഭൂമിയ്ക്ക് നടുവിലെ അത്ഭും
ബസ്  സാം സാന്റ് ഡ്യൂണ്‍സിലേക്കുള്ള പാതയിലൂടെ കുതിച്ചുപാഞ്ഞു. കത്തുന്ന ചൂടില്‍ അവിടെ എന്തു  ചെയ്യാനാണെന്നൊക്കെ പറഞ്ഞ് ടൂര്‍ മാനേജര്‍ ഫൈസലിനോട് തട്ടികയറുകയാണ് സഹ യാത്രികര്‍.ബാക്ക് സീറ്റില്‍ ഞങ്ങളുടെ കൂടെ ഇരുന്നിരുന്ന കോയമ്പത്തൂരില്‍  നിന്നുള്ള ഗൗഡര്‍ അയാള്‍ പോയ  മാനസസരോവര യാത്രയെ കുറിച്ച് പറയുന്നതും കേട്ട് പുറത്തേക്ക് നോക്കി ഞാനിരുന്നു.അതിനിടയില്‍ എന്റെ ബാഗിലെ വെള്ളം മുഴുവന്‍ അയാള്‍ കുടിച്ചു   തീര്‍ത്തിരുന്നു.

താര്‍ മരുഭൂമിയ്ക്ക് നടുവിലെ അത്ഭുതമാണ്  സാം സാന്റ് ഡ്യൂണ്‍സ്. .അവിടുത്തെ   സ്വര്‍ണമണല്‍ കൂനകള്‍ക്കിടയിലൂടെ ഒട്ടകത്തിന്റെ പുറത്തേറി യാത്ര ചെയ്യാനും മണല്‍ കുന്നുകള്‍ക്കപ്പുറത്ത് സൂര്യന്‍ താഴുന്ന മനോഹര   കാഴ്ച കാണാനുമാണീ യാത്ര. റോഡിനിരുവശത്തും പരന്നു കിടക്കുന്ന മണലാരണ്യം. ഇടക്കിടെ  കുറ്റിചെടികള്‍. വര്‍ണ   തോരണങ്ങള്‍ കഴുത്തില്‍ തൂക്കി  നിരനിരയായി   പോകുന്ന ഒട്ടകങ്ങള്‍,അവര്‍ക്ക്   പിറകെ   ദാരിദ്ര്യം വിളിച്ചോതിക്കുന്ന മുഷിഞ്ഞ വസ്ത്രം ധരിച്ച  തലപ്പാവണിഞ്ഞ ആളുകള്‍. ഇടക്ക് ഗ്ലൈഡറില്‍പറക്കാനൊരുങ്ങുന്നവരേയും   കാണാമായിരുന്നു.

നിമിഷം കൊണ്ട് വലിയ മണല്‍കുന്നുകള്‍ മുന്‍പില്‍ പൊങ്ങി   വരുന്നു. മരണക്കിണറിന്റെ  ചെരിവിലൂടെ വട്ടത്തില്‍ ചെരിച്ച്  പറത്തുന്ന മോട്ടോര്‍ സൈക്കിള്‍ അഭ്യാസിയുടെ   ലാഘവത്തോടെ ജീപ്പോടിക്കുന്ന ഡ്രൈവര്‍ക്ക് ഞങ്ങള്‍  ആര്‍ത്തട്ടഹസിക്കുന്നത്  കാണുമ്പോള്‍ കൂടുതല്‍ ഉത്സാഹം.അവസാനം കൊണ്ട്   നിര്‍ത്തിയത്

സാന്‍ഡ് ഡ്യൂണ്‍സ് എന്നെഴുതിയ  കവാടം കടന്നു ഒരു വലിയ പാര്‍ക്കിങ്ങില്‍ ബസ് നിര്‍ത്തി. കത്തുന്ന വെയിലില്‍   സ്വര്‍ണം പോലെ വെട്ടിതിളങ്ങുന്ന മരുഭൂമി. ഉത്സവ പറമ്പിലെ പോലെ വന്‍ ജനത്തിരക്ക്. ഒട്ടക സവാരിക്കായി   കാത്തിരിക്കുന്ന ഒട്ടക  കൂട്ടങ്ങള്‍. ആകെയൊരു   വര്‍ണശബളമായ   അന്തരീക്ഷം. എട്ടോളം ബസ്സില്‍ വന്ന സഞ്ചാരികളെ കണ്ട  സന്തോഷത്തിലാണ് അവര്‍. യാത്രക്കാരില്‍ അധികവും ബസ്സില്‍ തന്നെ  ഇരുന്നു. സഹിലും ഷഫീക്കും   വരുന്നത് കണ്ട് ഞങ്ങള്‍ പുറത്തിറങ്ങി. ഒട്ടകസവാരിക്ക് വലിയ  പ്രതിഫലമാണവര്‍ ആവശ്യപ്പെട്ടത്. ഒട്ടകവുമായി പിറകെ  കൂടിയവരെയൊക്കെ ഒഴിവാക്കി കുറേ താഴെയായി കണ്ട തുറന്ന ജീപ്പിനരികിലേക്ക് ഞങ്ങള്‍ നടന്നു.

jaisalmer travelogue
ചുവന്ന മണല്‍ കുന്നുകള്‍
ആരും  കൊണ്ടുപോകാത്ത  ഭാഗത്തേക്ക് കൊണ്ടു പോവാമെന്ന് പറഞ്ഞു പിറകെ കൂടിയ ഡ്രൈവര്‍  കാശിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ലായിരുന്നു. കുറേ നേരം വില  പേശി   നോക്കി. അവസാനം ഒത്തു തീര്‍പ്പിലെത്തിയപ്പോള്‍ ജീപ്പിന്റെ പിറകില്‍ കയറി.സഞ്ചാരികള്‍ ആരുമില്ലാത്തിടത്തേക്ക് തന്നെയാണയാള്‍  ഞങ്ങളെ കൊണ്ടു പോയത്. അബുദാബി  യാത്രയിലെ ഡെസേര്‍ട്ട്  സഫാരി പോലെ ആയിരുന്നില്ല ഇത്. എനിക്കുള്ളില്‍  അല്‍പ്പം ഭയം തോന്നിയിരുന്നു. നോക്കെത്താദൂരത്തോളം മരുകാറ്റുകള്‍ സൃഷ്ഠിച്ച ചുവന്ന മണല്‍ കുന്നുകള്‍. ബജ്രംഗീ ബാഇജാന്‍ എന്ന ഹിന്ദി പടത്തിന്റെ ഷൂട്ടിങ്ങിനു വന്ന സല്‍മാന്‍ ഖാനുമായി ഈ കുന്നുകള്‍ക്കിടയിലൂടെ സഫാരി പോയതും ചെറിയ ഒരു  റോളില്‍ അഭിനയിച്ചതുമെല്ലാം പറയുന്നതിനിടയില്‍  ഇടക്കിടെ പിറക്   വശത്തേക്ക് നോക്കുന്ന ഡ്രൈവറെ നോക്കി മുന്‍പിലേ നോക്കി ഓടിക്ക് ബായ് എന്ന് പറഞ്ഞ്  സഹില്‍ ടെന്‍ഷനടിച്ചു. ഷഫീക്ക് ഒരു  ജിംനാസ്റ്റിക്കിനെ പോലെ ഉയര്‍ന്നു പൊങ്ങുന്ന ജീപ്പിലിരുന്ന് ഫോട്ടോ എടുക്കുന്നു.

നിമിഷം കൊണ്ട് വലിയ മണല്‍കുന്നുകള്‍ മുന്‍പില്‍ പൊങ്ങി   വരുന്നു. മരണക്കിണറിന്റെ  ചെരിവിലൂടെ വട്ടത്തില്‍ ചെരിച്ച്  പറത്തുന്ന മോട്ടോര്‍ സൈക്കിള്‍ അഭ്യാസിയുടെ   ലാഘവത്തോടെ ജീപ്പോടിക്കുന്ന ഡ്രൈവര്‍ക്ക് ഞങ്ങള്‍  ആര്‍ത്തട്ടഹസിക്കുന്നത്  കാണുമ്പോള്‍ കൂടുതല്‍ ഉത്സാഹം.അവസാനം കൊണ്ട്   നിര്‍ത്തിയത് ഒരു കുഞ്ഞുചായക്കടക്ക് മുന്നിലാണ്. മണല്‍ കുന്നുകള്‍ക്കിടയിലെ  വിജനതയില്‍ പുല്ലും മരകൊമ്പും കൊണ്ടുണ്ടാക്കിയ  ഒരു ചായക്കട    .

മര ബെഞ്ചിലിരുന്ന് ചായ  കുടിക്കുമ്പോള്‍ ഒട്ടകങ്ങളുമായി മൂന്നു പേര്‍ അടുത്തേക്ക്   വന്നു. ഒട്ടകപുറത്ത് അസ്തമയം നന്നായി കാണാവുന്ന സ്ഥലത്തേക്ക് കൊണ്ടുപോവാമെന്നായി അവര്‍. ഇവിടെ എവിടെ ഇരുന്ന് നോക്കിയാലും  മനോഹരമായി അസ്തമയം കാണാനാവും എന്നാലും ഒട്ടകസവാരി കൂടെ നടത്തി കളയാമെന്നായി എല്ലാവരും. ആറരക്ക് വന്ന് കൂട്ടികൊണ്ടുപോവാമെന്ന് ജീപ്പ് ഡ്രൈവര്‍ മണല്‍ കുന്നുകള്‍ക്ക്  പിറകില്‍ അപ്രത്യക്ഷനായി. യാത്ര പറയുന്നതിനു മുന്‍പ് സല്‍മാന്‍ ഖാന്റെ  കൂടെയുള്ള ജീപ്പ് സവാരിയുടെ വീഡിയോ കാണിക്കാന്‍ അയാള്‍ മറന്നില്ല.

ആദ്യം മുന്‍പിലേക്ക് കുനിഞ്ഞ് കുറച്ചു പിന്നിലേക്ക്  ഞെളിഞ്ഞ് വീണ്ടും മുന്നിലേക്കൊന്നു ചെരിഞ്ഞു  എഴുന്നേല്‍ക്കുന്ന  ഒട്ടകപുറത്ത് കയറുന്നത് തന്നെ കുറച്ച്   ആയാസകരമാണ്. നന്നായി പിടിച്ചിരുന്നില്ലെങ്കില്‍ താഴെ വീഴുമെന്നുറപ്പ്. ഒട്ടകപുറത്തുള്ള യാത്ര അത്ര സുഖകരമല്ല.ഉയര്‍ന്ന മണല്‍കൂനകള്‍ കയറിയിറങ്ങി   ഒട്ടകം   ഞങ്ങളേയും കൊണ്ട് നടക്കുമ്പോള്‍ മരുഭൂമിയിലൂടെ യാത്ര ചെയ്തിരുന്ന കച്ചവടക്കാരായ പൂര്‍വ്വികരെ  ഓര്‍ക്കുകയായിരുന്നു   ഞാന്‍. ഒട്ടകത്തിന്റെ ചരടും പിടിച്ച് കൂടെ നടന്നിരുന്ന റിസ്വാന്‍ ഖാനെന്ന് പേരുള്ള ഗ്രാമീണന്  കേരളത്തെ കുറിച്ചും  ഇവിടുത്തെ ആളുകളെ   കുറിച്ചും അറിയാന്‍ വലിയ ഉത്സാഹം.കേരളത്തില്‍ ഒട്ടകമില്ലെന്ന് പറഞ്ഞപ്പോള്‍ അയാള്‍ക്ക്  അത്ഭുതം. മുന്‍പിലെ ഒട്ടകത്തിനൊപ്പം നടന്നിരുന്ന പേരമകന്‍സ്‌കൂളില്‍  പോവാത്തത് എന്തു കൊണ്ടാണെന്ന് ചോദിച്ചപ്പോള്‍ എന്നിട്ടെന്താ മേംസാബ് ഇതിപ്പോള്‍ ഭക്ഷണം വാങ്ങാനുള്ള  കാശെങ്കിലും കിട്ടുമല്ലോ  എന്നായിരുന്നു ഉത്തരം.കേട്ടപ്പോള്‍ വല്ലാത്ത സങ്കടം   തോന്നി.

jaisalmer travelogue

മരുഭൂമിയിലെ അസ്തമയം 
അസ്തമയത്തിനു  ഇനിയും സമയം ഉണ്ടായിരുന്നു.അപ്പോഴാണ് ദൂരെ ഒരു വിവാഹം നടക്കുന്നത് കണ്ടത്.സഞ്ചാരികള്‍ക്ക്  അങ്ങോട്ട് പോകാനനുവാദമില്ല. വെയിലില്‍  നിന്ന് രക്ഷപ്പെടാന്‍ ഒട്ടകത്തിന്റെ നിഴല്‍ വീഴുന്നിടം നോക്കി നടക്കുമ്പോള്‍ അമ്പതു രൂപ വെച്ച് ഒരാള്‍ക്ക് തന്നാല്‍ അതിനടുത്ത് വരെ ഒട്ടകപുറത്ത് കൊണ്ടു പോവാമെന്നായി  അവര്‍.എല്ലാവരും ഉത്സാഹത്തോടെ വീണ്ടും ഒട്ടകപുറത്ത് കയറി.ഏതോ   വാദ്യോപകരണത്തില്‍ താളത്തില്‍ കൊട്ടുന്ന തലപ്പാവും  രാജസ്ഥാനി പാരമ്പര്യ   വ്‌സ്ത്രവുമണിഞ്ഞ   പുരുഷന്മാര്‍. മനോഹരമായ താളത്തിനനുസരിച്ച് പാട്ടു പാടി നൃത്തം ചെയ്യുന്ന വര്‍ണ വസ്ത്രങ്ങളണിഞ്ഞ ഗ്രാമീണ പെണ്‍കുട്ടികള്‍. ഒട്ടകപുറത്തിരുന്ന് അതെല്ലാം   പകര്‍ത്തുന്ന ഷഫീക്കിന്റെ ക്യാമറക്കു മുന്‍പില്‍ വിവിധ തരത്തില്‍ അവരെല്ലാം പോസ് ചെയ്തു. നൃത്തത്തിന്റെ പേരെന്താണെന്ന ചോദ്യത്തിന് എല്ലാവരും കലപില കൂട്ടി ഉത്തരം പറഞ്ഞപ്പോള്‍  ഞങ്ങള്‍ക്കൊന്നും മനസിലായില്ല.

വലിയ ഒരു മണല്‍കൂനക്കരികില്‍ അവര്‍ ഞങ്ങളെ ഇറക്കി.അസ്തമയ സൂര്യന്റെ പ്രകാശത്തില്‍ മരുഭൂമിക്ക് ഒരു ചുവന്ന നിറം.കൂട്ടുകാര്‍ നാലു പേരും ക്യാമറയുമായി പലസ്ഥലത്തേക്ക് നീങ്ങി. ദൂരെ ഇരുളും പ്രകാശവും ഇട കലര്‍ന്ന ആകാശത്തിനു കീഴിലെ മണല്‍കൂനകളിലൂടെ നടന്നു നീങ്ങുന്ന ഒട്ടകങ്ങളുടെ മനോഹര ദൃശ്യം വലിയൊരു ക്യാന്‍വാസില്‍ വരച്ച ചിത്രം പോലെ അതി ഗംഭീരമായ ഒരു കാഴ്ച്ചയായിരുന്നു.

മരുഭൂമിക്ക് നടുവിലെ കുഞ്ഞു  ചായകടയുടെ മുന്‍പിലെ മരബെഞ്ചില്‍ പൊയി ഞാനിരുന്നു. ചായകടക്കാരനും അപ്പുറത്ത് വന്നിരുന്നു. ആകെ ഒരു നിശബ്ദത. എല്ലാവരും  അവനവന്റെ ലോകത്ത്. ദൂരേനിന്ന്  പൊടി പറപ്പിച്ചു വരുന്ന വാഹനം ഞങ്ങള്‍ക്കുള്ളതായിരുന്നു.ചായകടക്കാരനോട് യാത്ര പറഞ്ഞ് ജീപ്പില്‍ കയറി.ബസിലെത്തിയപ്പോള്‍   എല്ലാവരും വരുന്നതേ ഉണ്ടായിരുന്നുള്ളു. സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ കയറുമ്പോള്‍ നേരം ഒന്‍പതു മണിയായിരുന്നു. ജയ്‌സല്‍മീറില്‍നിന്ന് വെള്ളം നിറച്ചിട്ടില്ല.വെള്ളം   ശ്രദ്ധിച്ചുപയോഗിക്കണം നാലുമണിക്ക്   ജോധ്പൂരില്‍ എത്തിയാല്‍ റൂമില്‍  ചെന്നേ കുളിക്കാവു എന്നൊക്കെ  പറഞ്ഞ്   ഫൈസല്‍ പോയി.കമ്പാര്‍ട്ട്‌മെന്റിലെ മറ്റു യാത്രക്കാരുമായി സംസാരിച്ചിരുന്ന് കിടക്കാനൊരുങ്ങുമ്പോള്‍ രാത്രി ഒരുപാട്  വൈകിയിരുന്നു. അതുകൊണ്ട് തന്നെ ജോധ്പൂര്‍ സ്റ്റേഷനില്‍ വണ്ടി   എത്തിയതൊന്നും ആരും അറിഞ്ഞില്ല.ആരും പുറത്തിറങ്ങാത്തത് കണ്ട് മറ്റു കമ്പാര്‍ട്ട്‌മെന്റിലുള്ളവര്‍ വന്നു വിളിച്ചപ്പോഴാണ് എല്ലാവരും ചാടി എഴുന്നേറ്റത്.

അടുത്ത ഭാഗം നാളെ
 

ആദ്യ ഭാഗം

രണ്ടാം ഭാഗം

മൂന്നാം ഭാഗം:

Follow Us:
Download App:
  • android
  • ios