Asianet News MalayalamAsianet News Malayalam

അസൂയ എനിക്ക് സഹിക്കാൻ വയ്യേ..

Jimmy James column
Author
Thiruvananthapuram, First Published Jul 6, 2016, 8:33 AM IST

രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്ത ബിജെപി സർക്കാരിന് ഈ അടുത്ത കാലത്തൊന്നും പൊതുസിവിൽ കോഡെന്നല്ല, പ്രധാനപ്പെട്ട ഒരു നിയമ പരിഷ്‍കാരവും നടപ്പാക്കാനാവില്ല.  അപ്പോൾ ഉദ്ദേശം വേറെ എന്തെങ്കിലുമായിരിക്കണം.

Jimmy James column

 
“എടാ കോയേ.. നീയൊക്കെ നാല് കെട്ടിയാൽ അത് നിയമാനുസൃതം. ഞങ്ങൾ ചെയ്‍താൽ കുറ്റം. അതെന്ത് ന്യായമാണെടോ”

ഏക സിവിൽ കോഡിന്‍റെ സാധ്യതകളേക്കുറിച്ച് ബിജപി സർക്കാർ ആലോചിക്കുന്നതായുള്ള വാർത്തക്ക് താഴെ ഒരു  വെബ്സൈറ്റിൽ കണ്ട കമന്റാണ് മുകളിൽ കൊടുത്തത്. നാല് കെട്ടാണ് പ്രശ്‍നം. നാല് കെട്ടുന്നതോ, അതോ മറ്റുള്ളവരെ കെട്ടാൻ അനുവദിക്കാത്തതോ?

പ്രാകൃതരും ‘ഇതേക്കുറിച്ച്’ മാത്രം ചിന്തിക്കുന്നവരുമായവരെ പരിഹസിച്ചെന്നേ ഉള്ളു എന്നാണ് മറുപടിയെങ്കിലും പ്രശ്‍നമാണ്.

ഫ്ളാഷ് ബാക്ക്..

ഒരു 65 വർഷം പുറകോട്ടുവരാമോ? നമ്മളിപ്പോൾ 1951ൽ ഇന്ത്യൻ പാർലമെന്‍റിലാണ്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ നിയമമന്ത്രി, ഡോക്ട‍ർ ബി ആർ അംബേദ്‍കർ ഹിന്ദു കോ‍ഡ് ബില്ല് അവതരിപ്പിക്കുകയാണ്. ഇന്ത്യയിലെ എല്ലാ ഹൈന്ദവവിഭാഗങ്ങൾക്കുമായി ഒരു പൊതു നിയമമായിരുന്നു ലക്ഷ്യം.   ഹിന്ദു കോഡ് ബില്ലിന് വേണ്ടിയുള്ള ശ്രമങ്ങൾ അംബേദ്‍കർ തുടങ്ങിയിട്ട് നാലു വർഷം കഴിഞ്ഞിരുന്നു.  പ്രധാന പരിഷ്‍കാരങ്ങൾ ഇതൊക്കെയായിരുന്നു;

1. ഹിന്ദുക്കൾക്ക് ഒന്നിൽ കൂടുതൽ വിവാഹം പറ്റില്ല

2. വിധവയ്ക്കും മകൾക്കും മരിച്ച ആളുടെ സ്വത്തിൽ മകന്‍റെ അത്രതന്നെ അവകാശം ഉണ്ടായിരിക്കും.

3. ഭർത്താവിൽ നിന്ന് ഭാര്യക്കും വിവാഹമോചനം നേടാം. അവർക്ക്  ഭർത്താവ് ചിലവിന് കൊടുക്കണം.

4. വിവാഹത്തിനോ, ദത്തെടുക്കാനോ ജാതിവ്യത്യാസങ്ങളും തടസ്സമല്ല

ന്യായമായ കാര്യങ്ങൾ, അല്ലെ?. പക്ഷെ സഭയ്ക്കകത്തും പുറത്തും ശക്തമായ എതിർപ്പാണ് ഉണ്ടായത്.

ഇന്ത്യയുടെ ആദ്യ പ്രിസഡന്‍റ് രാജേന്ദ്രപ്രസാദ് പോലും ഭൂരിപക്ഷം ഹിന്ദുക്കളുടേയും താൽപര്യത്തിന് എതിരാണ് ബില്ലെന്ന നിലപാട് എടുത്തു. സർദ്ദാർ വല്ലഭായി പട്ടേൽ, ശ്രാമപ്രസാദ് മുഖർജി, പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ തുടങ്ങിയവരായിരുന്നു പാർലമെന്‍റിൽ പ്രതിഷേധത്തിന്‍റെ മുൻനിരയിൽ.

സഭയ്ക്കുപുറത്ത് ആർ എസ് എസായിരുന്നു പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയത്. പ്രമുഖ ഹിന്ദു സന്യാസി സ്വാമി കർപ്പാത്രി മഹരാജായിരുന്നു പ്രതിഷേധ യോഗങ്ങളിലെ പ്രധാന പ്രാസംഗികൻ. യാജ്ഞവൽക്യ സ്‍മൃതി  ഉദ്ധരിച്ചുകൊണ്ട് ഒന്നിലധികം വിവാഹങ്ങൾ കഴിക്കാൻ ഹിന്ദു പുരുഷന് അവകാശമുണ്ടെന്ന് സ്വാമിയാർ സമർദ്ധിച്ചു. വിവാഹമോചനവും ജാതി മാറിയുള്ള ദത്തെടുക്കലും, പിതൃസ്വത്തിൽ സ്ത്രീക്ക് തുല്യാവകാശവും അംഗീകരിക്കില്ലെന്ന് വാദിച്ചു. പുതിയ ബില്ല് വേദങ്ങൾക്ക് വിരുദ്ധമല്ലെന്ന് സ്ഥാപിക്കാൻ നെഹറുവിനെ പരസ്യ ചർച്ചക്ക് വെല്ലുവിളിച്ചു. (അംബേദ്‍കറെ ക്ഷണിച്ചില്ല. അദ്ദേഹത്തിന്‍റെ –കീഴ്-ജാതിയേക്കുറിച്ചുള്ള പരാമർശങ്ങൾ പലപ്പോഴും കർപ്പാത്രി മഹാരാജ് പ്രസംഗങ്ങളിൽ നടത്തിയിരുന്നു*)

1949 ഡിസംബർ 11ന് ആർ എസ് എസ് ദില്ലി രാംലീല മൈതാനത്ത് നടത്തിയ  പ്രതിഷേധ യോഗത്തിൽ പങ്കെടുത്തവർ ബില്ലിനെ വിശേഷിപ്പിച്ചത് ഹൈന്ദവസമുദായത്തിൽ വീണ ആറ്റം ബോംബെന്നായിരുന്നു. അടുത്ത ദിവസം, ഡിംസംബർ  12 ന്, ആർ എസ് എസ് നടത്തിയ അംസംബ്ളി മാർച്ചിൽ നെഹ്റുവിന്‍റെയും അംബേദ്‍കറുടേയും കോലം കത്തിച്ചു. ഷെയ്ക്ക് അബ്‍ദുള്ളയുടെ കാർ തല്ലിപ്പൊളിച്ചു.**

വിവിധ ഹിന്ദു സംഘടനകൾ ചേർന്ന് ഹിന്ദു കോ‍ഡ് ബില്ല് വിരുദ്ധ കമ്മറ്റി ഉണ്ടായി. ദില്ലിയിലേപോലെ രാജ്യമെങ്ങും സന്യാസിമാരെ അണിനിരത്തി നൂറുകണക്കിന് യോഗങ്ങൾ നടന്നു.

ബില്ല് പാസാക്കിയെടുക്കാൻ അബേദ്‍കർ ശ്രമിച്ചുകൊണ്ടേയിരുന്നു. പക്ഷെ നടന്നില്ല. ഒടുവിൽ നെഹ്രുവിന് പോലും ബില്ലിൽ താൽപര്യമില്ലെന്ന് കുറ്റപ്പെടുത്തി അംബേദ്‍കർ രാജിവച്ചു.

1952ൽ ആദ്യ പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ വൻവിജയം നേടിയ ശേഷമാണ് ജവഹർലാൽ നെഹ്റുവിന് ഹിന്ദു കോഡ് ബില്ല് പാസ്സാക്കിയെടുക്കാൻ ധൈര്യമുണ്ടായത്. അപ്പോഴേയ്ക്കും ബില്ലിനെതിരായ പ്രതിഷേധത്തിന്‍റെ ശക്തി ക്ഷയിച്ചിരുന്നു. അപ്പോൾ പ്രതിഷേധക്കാർ അടവു മാറ്റി. എന്തുകൊണ്ട് മുസ്ലിങ്ങൾക്ക് നിയമം ബാധമാക്കുന്നില്ല എന്നായി**. അഥവാ ഹിന്ദു കോഡ് ബില്ലിന്‍റെ എട്ടു വർഷത്തെ തർക്കങ്ങളുടെ ചരിത്രത്തിൽ  അവസാനം മാത്രമായിരുന്നു പൊതു സിവിൽ കോഡ് എന്ന ആവശ്യം ഉയർന്നുവന്നത്.  ഉദ്ദേശ്യം വ്യക്തം. എനിക്കില്ലെങ്കിൽ ആർക്കും വേണ്ട! പക്ഷെ വിലപ്പോയില്ല. 1956ൽ ബില്ല് നിയമമായി.

എത്ര വേണമെങ്കിലും കെട്ടാനുള്ള അവകാശത്തിന് വേണ്ടി (കൂടി) ഇന്ത്യയിൽ നടന്ന  ആദ്യ സമരത്തിന്‍റെ ചരിത്രമാണിത്. നാല് കെട്ടുന്നതിനെ കളിയാക്കുന്നവർ കേൾക്കുന്നുണ്ടോ?

മുസ്ലിം സമുദായ നേതാക്കളാകട്ടെ, ഈ സമയം മുഴുവൻ ഗാലറിയിൽ ഇരുന്ന് കളി കാണുകയായിരുന്നു. മുസ്ലിം സമുദായത്തിൽ നിന്ന് പരിഷ്‍കരണത്തിനായി ശക്തമായ ആശ്യം ഉയരാത്തതതായിരുന്നു പൊതു സിവിൽ കോഡെന്ന ലക്ഷ്യത്തിൽ നിന്ന് നെഹൃറുവിനെയും അംബേദ്‍കറേയും പിന്തിരിപ്പിച്ചത്.  ഇന്ത്യാ - പാക്ക് വിഭജനത്തിന് ശേഷം സർക്കാർ മുസ്ലിം വിരുദ്ധമാണെന്ന പ്രതീതി ഉണ്ടാക്കാൻ പ്രധാനമന്ത്രി ആഗ്രഹിച്ചിരുന്നില്ല.

പക്ഷെ 33 വർഷത്തിന് ശേഷം നെഹ്‍റുവിന്‍റെ കൊച്ചുമകന് അതിന് അവസരം കിട്ടി. 1985 ഏപ്രിൽ 23ന്, വിവാഹമോചനം നടത്തിയാൽ മുസ്ലിം പുരുഷനും ഭാര്യക്ക് സ്ഥിരമായി ചിലവിന് കൊടുക്കണമെന്ന്  സുപ്രീംകോടതി വിധിച്ചു. ഇൻഡോറിൽ നിന്നുള്ള ഷാ ബാനോ എന്ന സ്ത്രീ ജയിച്ച ആ നിയമപോരാട്ടം രാജ്യത്തെ മുസ്ലിം സ്ത്രീകളുടെ ചരിത്രം മാറ്റി എഴുതേണ്ടതായിരുന്നു. പക്ഷെ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് മുട്ടുവിറച്ചു.  മതമൗലിക വാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി. കോടതിവിധിയെ മറികടക്കാൻ പുതിയ നിയമം പാർലമെന്‍റ് പാസ്സാക്കി. മതഭ്രാന്തൻമാർ തീതുപ്പിയ ആ നാളുകളിൽ ഷാ ബാനോ പോലും തനിക്ക് കോടതിവിധിയിലൂടെ കിട്ടിയ ജീവനാംശം വേണ്ടെന്ന് വച്ചു. കോടതി മുസ്ലിംങ്ങളുടെ ഇത്തരം കാര്യത്തിൽ ഇടപെടേണ്ടെന്ന് പ്രസ്‍താവനയും ഇറക്കി!

Jimmy James column

ഇനി..

രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്ത ബിജെപി സർക്കാരിന് ഈ അടുത്ത കാലത്തൊന്നും പൊതുസിവിൽ കോഡെന്നല്ല, പ്രധാനപ്പെട്ട ഒരു നിയമ പരിഷ്‍കാരവും നടപ്പാക്കാനാവില്ല.  അപ്പോൾ ഉദ്ദേശം വേറെ എന്തെങ്കിലുമായിരിക്കണം.

അതേസമയം കോടതികൾ വീണ്ടും ഈ വിഷയങ്ങളിൽ ഇടപെട്ടുതുടങ്ങിയിട്ടുണ്ട്. (ക്രിസ്ത്യൻ) പള്ളിക്കോടതിയിലെ വിവാഹമോചനം അംഗീകരിക്കാനാവില്ലന്ന് സുപ്രീംകോടതി വ്യക്തമാക്കിയത് കഴിഞ്ഞ ആഴ്ചയാണ്. ഇനിയും ഇത്തരം വിധികൾ വന്നേക്കാം. ചിലപ്പോൾ മറ്റൊരു ഷാ ബാനോ കേസ് തന്നെ. അതുവരെ മോദീജീ, ഇടപെട്ട് ചളമാക്കരുത്..
…………………………………………..

* Ramachandra Guha, India After Gandhi, (Macmillan: 2007), p 231

** Based on the reports and documents in subject file106, D P Mishra Papers, Third and Fourth Instalments, NMML

*** Lok Sabha Debates, 29 April, 1955

Follow Us:
Download App:
  • android
  • ios