Asianet News MalayalamAsianet News Malayalam

ഏതോ ഒരു പിള്ള അവിടെ നില്‍ക്കട്ടേ, എകെജി സെന്ററിന്റെ കാര്യമോ?

Jimmy James on Law academy issue
Author
Thiruvananthapuram, First Published Feb 4, 2017, 8:22 PM IST

ഭൂമിക്ക് വലിയ വിലയോ ആവശ്യക്കാരോ ഇല്ലാതിരുന്ന കാലത്തെ ഇടപാടുകൾ എന്ന് വേണമെങ്കിൽ പറയാം.  പക്ഷെ കാലം മാറിയല്ലോ. ചവിട്ടിനിൽക്കാൻ മണ്ണില്ലാതെ, കേരളത്തിൽ പതിനായിരങ്ങൾ നരകിക്കുമ്പോൾ പണ്ടത്തെ ചെയ്തികളൊക്ക പുന:പരിശോധിക്കേണ്ടേ?  - ജിമ്മി ജെയിംസ് എഴുതുന്നു.

Jimmy James on Law academy issue

ഭാര്യയുടേയും അച്ഛന്‍റെയും ഒക്കെ മൃതദേഹം മറവുചെയ്യാൻ ദളിതർ വീടിന്‍റെ അടുക്കള കുഴിക്കുന്ന നാട്ടിൽ വീണ്ടും ഒരു ഭൂമി തർക്കം നടക്കുകയാണ്. ലോ അക്കാദമിയിലെ വിദ്യാർത്ഥി സമരം, ആ സ്ഥാപനത്തിന്‍റെ പതിനൊന്നര ഏക്കർ എങ്ങനെ ആര് ഉപയോഗിക്കുന്നു എന്ന ചോദ്യത്തിലേക്ക് കടക്കുമ്പോൾ കളി മാറുന്നു. ലോ കോളേജ് തുടങ്ങാൻ നൽകിയ ഭൂമിയിൽ, നടത്തിപ്പുകാരായ അച്ഛനും മകളും മറ്റു കുടുംബക്കാരും വീടുവച്ചതെങ്ങനെ എന്ന അന്വേഷണം തുടങ്ങിയപ്പോൾ സാക്ഷാൽ മുഖ്യമന്ത്രി തന്നെ ഭൂമി തിരിച്ചെടുക്കില്ലെന്ന് വ്യക്തമാക്കി. പറഞ്ഞതിന് ശക്തി കൂട്ടാൻ, ഏതോ ഒരു പിള്ളയുടെ ഭൂമി പണ്ട് സർക്കാർ ഏറ്റെടുത്തത് ഇപ്പോൾ ഏങ്ങനെ അന്വേഷിക്കാനെന്നും അദ്ദേഹം ചോദിച്ചു.

നാക്കിൽ ഗുളികനിരുന്നാൽ വിചാരിക്കാതെ പലതും വായിൽ നിന്നു വീഴും. പിണറായിയുടെ കാര്യത്തിലാണെങ്കിൽ ഗുളികന്‍ അദ്ദേഹത്തിന്‍റെ നാക്കിലാണ് കുറേക്കാലമായി സ്ഥിരതാമസം. അപ്പോൾ സ്വാതന്ത്രസമരത്തിന്‍റെ പേരിൽ ഭൂമി നഷ്ടപ്പെട്ട നടരാജ പിള്ളയേക്കുറിച്ച്, പിന്നീട് കേരള സർക്കാർ അത് തിരിച്ചുനൽകാൻ തയ്യാറായപ്പോൾ വേണ്ടെന്ന് പറഞ്ഞ, ഒടുവിൽ വാടവീട്ടിൽ കിടന്ന് മരിച്ച മനുഷ്യനേക്കുറിച്ച് ഏതോ ഒരു പിള്ള എന്നുതന്നെ പറയും.

പക്ഷെ പ്രശ്നം നാക്ക് പിഴയോ, ധാർഷ്യട്യമോ അല്ല. ഭൂമിയാണ്. ലോ അക്കാദമിക്കായി നൽകിയ പതിനൊന്നര ഏക്കറിൽ എത്രയാണ് അതിനായി ഉപയോഗിക്കുന്നത്. അല്ലാത്തത് എത്ര?

ഈ ചോദ്യം ലോ അക്കാദമിയോട് മാത്രം ചോദിച്ചാൽ മതിയോ? തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് അടുത്ത്, പഠന ഗവേഷണ കേന്ദ്രം തുടങ്ങാൻ 40 വർഷം മുൻപ് കേരള സർക്കാർ 28 സെന്‍റ് സ്ഥലം സൗജന്യമായി കൊടുത്തിരുന്നു. ആ കേന്ദ്രത്തിന്‍റെ രേഖകളിലെ പേര് എകെജി പഠന ഗവേഷണ കേന്ദ്രമെന്നാണ്. സിപിഎമ്മിന്‍റെ കേരളത്തിലെ ആസ്ഥാനം.

കേരള സർവകലാശാലയുടെ കെമിസ്ട്രി ഡിപ്പാർട്ട്മെന്‍റ് നിന്ന സ്ഥലമാണ് അന്ന് എ കെ ആന്‍റണി സർക്കാർ വിട്ടുകൊടുത്തത്. അവിടെ ഇപ്പോൾ എന്ത് പഠന-ഗവേഷണമാണ് നടക്കുന്നത്. അന്വേഷിക്കുമോ? സിപിഎം ഓഫീസ് മാത്രമാണ് അതെന്ന് തെളിഞ്ഞാൽ തിരിച്ചെടുക്കുമോ?

1988ൽ ഇത് ഉന്നയിക്കപ്പെട്ടു. വലിയ വിവാദമായി. അന്ന് പാർട്ടി സെക്രട്ടറിയായ വി എസ് അച്യുതാനന്ദൻ പറഞ്ഞത്, ഒരു നില പാർട്ടി ഓഫീസായി ഉപയോഗിക്കാൻ  എകെജി മെമ്മോറിയൽ കമ്മറ്റിയുടെ ബൈലോയിൽ വ്യവസ്ഥയുണ്ട് എന്നാണ്. ഒരു വാദത്തിന് ഇത് അംഗീകരിച്ചാൽ തന്നെ, സർവ്വകലാശയുടെ കെമിസ്ട്രി വിഭാഗം പ്രവർത്തിച്ച സ്ഥലം എങ്ങനെയാണ് പാർട്ടി ഓഫീസിന് കൂടിയായി സൗജന്യമായി വിട്ടുകൊടുക്കുന്നത്?

അങ്ങനെ നോക്കിയാൽ ലോ അക്കാദമി മഹാ അപരാധമൊന്നും ചെയ്തിട്ടില്ല. കോളേജ് അവിടെ പ്രവർത്തിക്കുന്നെങ്കിലും ഉണ്ടല്ലോ. എകെജി സെന്‍റർ ഒരു ഉദാഹരണം മാത്രം. കാലാകാലങ്ങളായി ഏത്ര എത്ര സ്ഥലങ്ങളാണ് സർക്കാരിൽ നിന്ന് പാർട്ടികളും സമുദായ സംഘടനകളും പല പേരിൽ എഴുതിവാങ്ങിയത്. ക്രൈസ്തവ, മുസ്ളിം, ഈഴവ, നായർ...(സമസ്ത ജാതികൾ എന്ന് വായിക്കുക) സംഘടനകൾക്കെല്ലാം ഇങ്ങനെ ഭൂമി കിട്ടിയിട്ടുണ്ട്. തൃശ്ശൂർ സെന്‍റ് തോമസ് കോളേജിന് പതിനെട്ടര ഏക്കർ ഭൂമിയാണ് ഇങ്ങനെ കിട്ടയത്. തിരുവന്തപുരത്ത് എൻഎസ്എസിന്‍റെ എം ജി കോളേജിനുമുണ്ട് കണ്ണായ ഇടത്ത് ഇഷ്ടം പോലെ സ്ഥലം. ആദ്യം പാട്ടത്തിനും പിന്നീട് അത് സ്വന്തം പേരിലും ആക്കുകയുമാണ് ഇതിന്‍റെ രീതി. കുറച്ച് സെന്‍റല്ല, ഏക്കറു കണക്കിനാണ് ഇങ്ങനെ ഭൂമി പോയത്. ഇപ്പോഴത്തെ നിലക്ക് ലക്ഷം കോടിയുടെ എങ്കിലും ഇടപാട്. പലതും മറ്റ് ആവശ്യങ്ങൾക്ക് വിനയോഗിക്കപ്പെട്ടു. ചിലത് അന്യാധീനപ്പെട്ടു. കുറേ ഇപ്പോഴും  ഒന്നിനും ഉപയോഗിക്കാതെ കിടക്കുന്നു.

ഭൂമിക്ക് വലിയ വിലയോ ആവശ്യക്കാരോ ഇല്ലാതിരുന്ന കാലത്തെ ഇടപാടുകൾ എന്ന് വേണമെങ്കിൽ പറയാം. അതു ശരിയുമാണ്. പക്ഷെ കാലം മാറിയല്ലോ. ചവിട്ടിനിൽക്കാൻ മണ്ണില്ലാതെ, കേരളത്തിൽ പതിനായിരങ്ങൾ നരകിക്കുമ്പോൾ പണ്ടത്തെ ചെയ്തികളൊക്ക പുന:പരിശോധിക്കേണ്ടേ?  

ഇപ്പോൾ ലോ ആക്കാദമിയിലൂടെ തലങ്ങും വിലങ്ങും ഓടിനടക്കുന്ന സർവെയർമാരും പരിവാരങ്ങളും മതസമുദായസംഘടകൾക്കും പാർട്ടികൾക്കും സർക്കാർ നൽകിയ ഭൂമിയിൽ കാലുകുത്തുമോ? ഭൂമി ആരുടെ കൈയ്യിലാണെന്നും, എന്തിനാണ് അതൊക്കെ ഉപയോഗിക്കുന്നതന്നും കണ്ടെത്തുമോ?.

അതിമോഹമാണ്. മിക്കവാറും നടക്കില്ലായിരിക്കും. പക്ഷെ ഒരു പുതിയ മുദ്രവാക്യത്തിന് സാധ്യത കാണുന്നു. അഡ്ജസ്റ്റുമെന്‍റ് രാഷ്ട്രീയത്തിനിടയ്ക്കുണ്ടായ ഒരു ചെറിയ പാളിച്ചകൊണ്ട് സംഭവിച്ച ലോ അക്കാദമി സമരത്തിൽ നിന്ന് ഒരിക്കലും ഭൂമിയുടെ ഉടമയാകാൻ ഗതിയില്ലാത്തവന് വീണുകിട്ടിയ ഒരു സ്വപ്നം.

 

Follow Us:
Download App:
  • android
  • ios