Asianet News MalayalamAsianet News Malayalam

ജിമ്മി ജെയിംസ്: ഞാന്‍ കാഴ്ചക്കാരനായി; വിനായകന്‍ ഗോള്‍ വല നിറച്ചു

Jimmy james on Vinayakan interview
Author
Thiruvananthapuram, First Published Mar 15, 2017, 9:02 AM IST

Jimmy james on Vinayakan interview

മയക്കുവെടി, വാരിക്കുഴി, എലിക്കെണി തുടങ്ങിയ ആയുധങ്ങളാണ് സാധാരണ പോയിന്റ് ബ്ലാങ്കില്‍ ഉപയോഗിക്കുക.  ആദ്യ ചോദ്യത്തില്‍ സംഭ്രമിപ്പിച്ച്, അടുത്തതില്‍ അനുനയിപ്പിച്ച്, ഓര്‍ക്കാപ്പുറത്ത് ഓര്‍മിപ്പിച്ച് ക്ലൈമാക്‌സിലേക്ക് നീങ്ങുമ്പോഴാണ് സ്‌ക്രീന്‍ ത്രസിക്കുക. സംവാദം മറയില്ലാതെ സംഭവിക്കുക. ചിലപ്പോള്‍ ഇത് നടക്കും. മറ്റുചിലപ്പോള്‍ വരാല്‍ മുദ്ര കാണിച്ച് അതിഥി തെന്നിമാറും. അല്ലെങ്കില്‍ തൊടുത്തുവിടുന്നത് അതേ വേഗതിയില്‍ നെഞ്ചിന് നേരെ തിരിച്ചുവരും. 

കഴിഞ്ഞ ദിവസം നടന്‍ വിനായകനെ കാണാന്‍ പോയതും പതിവ് ടൂള്‍സുമായി തന്നെ. എല്ലാം എടുത്തിട്ടുണ്ടല്ലോ എന്ന് ഉറപ്പ് വരുത്തി ക്യാമറയ്ക്ക് മുന്നില്‍ ഇരുന്നു.  മികച്ച നടനുള്ള അവാര്‍ഡ് തനിക്ക് കിട്ടാന്‍ ജനം ആഗ്രഹിച്ചത്  അവരുടെ പ്രതിഷേധത്തിന്റെ ഭാഗമായി കൂടിയാണെന്ന് ടിയാന്‍ മുമ്പ് പറഞ്ഞത് ശ്രദ്ധിച്ചിരുന്നു. അല്‍പം ബുദ്ധിജീവികൂടിയാണല്ലേ എന്ന് മനസ്സില്‍ പറഞ്ഞ് അതിനുള്ള വകയും കൈയ്യില്‍ കരുതിയിരുന്നു. അതിലാണ് തുടങ്ങിയത്. 

നടന്‍ വിനായകനെ കാണാന്‍ പോയതും പതിവ് ടൂള്‍സുമായി തന്നെ.

ആദ്യത്തെ രണ്ട് മിനിട്ട് വിചാരിച്ചതുപോലെ തന്നെ. അതിന് ശേഷമാണ് വിനായകന്റെ ആദ്യ പ്രഖ്യാപനം വരുന്നത്. 'കുട്ടികള്‍ക്ക് അറിയാം അവര്‍ ജീവിക്കേണ്ടത് സന്തോഷത്തിന് വേണ്ടിയാണെന്ന്. പഴയ തലമുറയ്ക്ക് അത് അറിയില്ലായിരിക്കാം..' 

അത് പ്രതീക്ഷിച്ചില്ല. 

അതുകൊണ്ട് തന്നെ ഉപചോദ്യം വൈകി. അതിഥിയാകട്ടെ കൂടുതല്‍ മൊഴിമുത്തുകള്‍ വാരിവിതറി മുന്നോട്ട്. ആ വാക്കുകള്‍ പിന്നെ ശക്തമായ ബിംബങ്ങളായി.

'പാലം വന്നപ്പോള്‍ ഞങ്ങള്‍ നാട്ടുകാര്‍, പാലത്തിനടിയിലെ ആള്‍ക്കാരായി, വീടിരിക്കുന്നിടം ഇരുട്ടിലായി, അധോലോകമായി'

ഞാന്‍ ചോദ്യപുസ്തകം മടക്കി. ഫുടബോള്‍ കളിയിലെ ഗ്യാലറിയിലായി പിന്നെ സ്ഥാനം. ഗോളുകള്‍ക്കുള്ള പ്രോല്‍സാഹനമായി പിന്നെയുള്ള ചോദ്യങ്ങള്‍. വിനായകനാകട്ടെ ഗോള്‍വല നിറച്ചുകൊണ്ടേയിരുന്നു..

Jimmy james on Vinayakan interview

ഞാന്‍ ചോദ്യപുസ്തകം മടക്കി. ഗ്യാലറിയിലായി പിന്നെ സ്ഥാനം.

കാരണം, അഭിമുഖങ്ങള്‍ സത്യാന്വേഷണങ്ങളാണ്. സംഭവങ്ങള്‍, നിലപാടുകള്‍, ചിലപ്പോള്‍ ചിലരുടെ ജീവിതങ്ങള്‍ തന്നെയും അഭിമുഖകാരന് മുന്നില്‍ വരും. ചോദ്യങ്ങള്‍ തിരയുന്നത് അതിലെ സത്യമാണ്. ഉത്തരത്തിലെ അവ്യക്തതയ്ക്കും പൊരുത്തക്കേടിനും പിന്നാലെയാണ്  ഉപചോദ്യങ്ങള്‍ പായുന്നത്. ചോദ്യങ്ങളും ഉപചോദ്യങ്ങളും നിര്‍ദ്ദോഷങ്ങളെന്ന് തോന്നിക്കുന്ന ചില അഭിപ്രായ പ്രകടനങ്ങളും അടങ്ങുന്ന ഒരു ചക്രവ്യൂഹം നേരത്തെ ചമച്ച്, അതിന്റെ ഒത്ത നടുക്ക് കളംവരച്ച് അതിഥിയെ ഇരുത്തുമ്പോള്‍ മനസ്സ് നിഷ്‌കാമ കര്‍മ്മിയുടേതാണ്. ലക്ഷ്യം സത്യം മാത്രം.

പക്ഷെ ഏതാണ് സത്യം? ഒരു ജീവിതം അനാവരണം ചെയ്യുമ്പോള്‍ അഭിമുഖകാരന്റെ സത്യവും അതിഥിയുടെ സത്യവും രണ്ടാവാം. അഭിമുഖകാരന്റെ താല്‍പര്യങ്ങളില്‍ നിന്ന് ഉയരുന്ന ചോദ്യങ്ങളില്‍ നിന്ന് കുതറി മാറി അതിഥി തന്റെ വഴിയേ പോയാല്‍ എന്ത് ചെയ്യും? 

രണ്ട് വഴിയേ ഉള്ളു. ചക്രവ്യൂഹത്തില്‍.  അതിഥിയെ തളയ്ക്കാം.അല്ലെങ്കില്‍ അയാള്‍ക്ക് പിന്നാലെ പോകാം.

രണ്ട് വഴിയേ ഉള്ളു. ചക്രവ്യൂഹത്തില്‍, ചോദ്യശരങ്ങളാല്‍ അതിഥിയെ തളയ്ക്കാം. അപ്പോള്‍ എല്ലാത്തിനും സംശയ നിവാരണം ഉണ്ടാകും. അവ്യക്തതകള്‍ നീങ്ങും. അഭിമുഖകാരനും പ്രേക്ഷകരും സംതൃപ്തരാകും.

അല്ലെങ്കില്‍ ചക്രവ്യൂഹം പിരിച്ചുവിട്ട് അയാള്‍ക്ക് പിന്നാലെ പോകാം. ചിലപ്പോള്‍ അത് എത്തുക അപരിചിതമായ ഒരു അത്ഭുത ദ്വീപിലായിരിക്കും. ആരും ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരിടത്ത്. ചിലപ്പോള്‍, എവിടെയും എത്തിയില്ലെന്നും വരും. രണ്ടായാലും അതിഥി സംതൃപ്തനായിരിക്കും. 

എഡിറ്റിംഗ് ടേബിളില്‍  ഒരു മണിക്കൂറോളും നീണ്ട അഭിമുഖം മുറിച്ച് 23 മിനിട്ടാക്കുമ്പോഴും ഈ പക്ഷം ചേരലുണ്ട്. മാനായും മയിലായും പുലിയായും വേഷമാറ്റാന്‍ പറ്റുന്ന ഇടത്തെ പ്രലോഭനങ്ങള്‍ ചില്ലറയല്ല. 

നിങ്ങള്‍ ആര്‍ക്കൊപ്പമാണ് ആദ്യം മുതലേ എന്നതാണ് ചോദ്യം. അതു മാത്രമാണ് അഭിമുഖങ്ങളിലെ ഒരേ ഒരു ചോദ്യം. പോയിന്റ്ബ്ലാങ്കില്‍ കേട്ടത് വിനായകന്റെ സത്യമാണ്. അദ്ദേഹത്തിന്റെ മാത്രം.

Follow Us:
Download App:
  • android
  • ios