Asianet News MalayalamAsianet News Malayalam

ആ ഡീപ്പ് ഫേക്ക് പോണ്‍ വീഡിയോ അവര്‍  പ്രചരിപ്പിച്ചത് വെറുതെയല്ല;  റാണാ അയ്യൂബ് തുറന്നുപറയുന്നു

ആ സമയം ബി.ജെ.പിയിലെ ഒരു വാര്‍ത്താ സോഴ്‌സില്‍ നിന്ന് എനിക്കൊരു മെസേജ് വന്നു. 'വാട്ട്‌സാപ്പില്‍ ഒരു മെസ്സേജ് കറങ്ങുന്നുണ്ട്. ഞാനത് അയച്ചുതരാം. പക്ഷെ, നിങ്ങള്‍ തളരരുത്'. ഇതായിരുന്നു അയാളുടെ മെസേജ്. കുഴപ്പമിലെന്ന് ഞാന്‍ മറുപടി അയച്ചു. അല്‍പ്പം കഴിഞ്ഞ് അയാളെനിക്ക് ഒരു വീഡിയോ അയച്ചു തന്നു. അതൊരു പോണ്‍ വീഡിയോ ആയിരുന്നു. അതിലെ പെണ്ണ് ഞാനായിരുന്നു!

Journalist Rana Ayub reveals Deep fake porn plot against her
Author
Thiruvananthapuram, First Published Nov 22, 2018, 8:30 PM IST

ഗുജറാത്ത് കലാപം മൂടിവെക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെ തുറന്നുകാണിക്കുന്ന' ഗുജറാത്ത് ഫയല്‍സ്: അനാട്ടമി ഓഫ് എ കവറപ്പ്' എന്ന പുസ്തകത്തിലൂടെ ശ്രദ്ധേയയായ മാധ്യമപ്രവര്‍ത്തക റാണാ അയ്യൂബ് താന്‍ കുറച്ചുകാലമായി നേരിടുന്ന കൊടുംപീഡനങ്ങളെക്കുറിച്ച് തുറന്നുപറയുന്നു. ഡീപ് ഫേക്ക് എന്ന പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് റാണാ അയ്യൂബിന്‍േറതെന്ന പേരില്‍ വ്യാജ പോണ്‍ വീഡിയോകള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് അവര്‍ മാനസികമായി  തകര്‍ന്നുപോയത്.  ആ ദിവസങ്ങളെക്കുറിച്ച് ഹഫിങ്ടണ്‍ പോസ്റ്റ് പ്രതിനിധി ലൂസി പാഷ റോബിന്‍സണ്‍ റാണാ അയ്യൂ ബുമായി സംസാരിച്ച് തയ്യാറാക്കിയ കുറിപ്പിന്റെ സ്വതന്ത്ര വിവര്‍ത്തനം. 

Journalist Rana Ayub reveals Deep fake porn plot against her

സോഷ്യല്‍ മീഡിയയില്‍ ഒരുപാട് വെറുപ്പ് ഏറ്റുവാങ്ങേണ്ടി വരുന്ന ഒരാളാണ് ഞാന്‍. വ്യവസ്ഥയ്ക്ക് എതിരാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്ന ഒരു അന്വേഷണാത്മക പത്രപ്രവര്‍ത്തകയാണ് ഞാന്‍.  (investigative journalist). പോരാത്തതിന് മുസ്ലിമും. ഇതെല്ലാം എനിക്ക് പാകമാണ്.  

എന്റെ ജോലിയില്‍ തെറ്റ് കണ്ടെത്താന്‍ കഴിയാത്തവര്‍ എനിക്കെതിരെ സ്ത്രീവിരുദ്ധ കമന്റുകള്‍ പറഞ്ഞും മറ്റും ഉപദ്രവിച്ചു കൊണ്ടേയിരുന്ന ഒരിടമെന്ന നിലയില്‍ ഓണ്‍ലൈന്‍ ലോകം എനിക്കെപ്പോഴും ദുര്‍ഘടം നിറഞ്ഞതായിരുന്നു.  ഇന്ത്യയിലെ തന്നെ 'ഏറ്റവും നിന്ദിക്കപ്പെട്ട സ്ത്രീ' എന്ന് പലരും പറഞ്ഞു. ട്വിറ്ററില്‍ ഞാന്‍ ഒരു ഫുള്‍സ്റ്റോപ് ഇട്ടാല്‍ പോലും ആയിരക്കണക്കിന് പ്രതികരണങ്ങള്‍ പിന്നാലെ വരും.

ഞാന്‍ എല്ലായ്‌പ്പോഴും ഇത് അവഗണിക്കാന്‍ ശ്രമിച്ചിരുന്നു. ഇത് ഓണ്‍ലൈനില്‍ നില്‍ക്കുമെന്നും പുറത്തുള്ള ജീവിതത്തിലേക്ക് അതൊന്നും വരില്ലല്ലോ എന്നും സമാധാനിച്ചു. 

പക്ഷെ, ഈ വര്‍ഷം ഏപ്രിലില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. 

എട്ട് വയസുള്ള ഒരു കാശ്മീരി പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു, രാജ്യത്താകമാനം അത് ചര്‍ച്ചയായി. ആ സമയം ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി) അതില്‍ കുറ്റമാരോപിക്കപ്പെട്ടവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മാര്‍ച്ച് നടത്തി. അതുമായി ബന്ധപ്പെട്ട് ബിബിസി, അല്‍ ജസീറ എന്നീ മാധ്യമങ്ങള്‍ എന്നെ ചര്‍ച്ചയ്ക്ക് വിളിച്ചു. എങ്ങനെയാണ് ഇന്ത്യ കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവരെ പിന്തുണച്ച് മുന്നോട്ട് വരുന്നത്, അതില്‍ അപമാനം തോന്നുന്നില്ലേ എന്ന തരത്തിലായിരുന്നു ചര്‍ച്ച. 

പിറ്റേ ദിവസം മുതല്‍  സോഷ്യല്‍ മീഡിയയില്‍  എനിക്കെതിരെ വ്യാജപ്രചരണങ്ങളുടെ പരമ്പര തന്നെയുണ്ടായി. 'ഞാന്‍ ഇന്ത്യയും ഇന്ത്യക്കാരെയും വെറുക്കുന്നു', 'ഞാന്‍ പാകിസ്ഥാനെ സ്‌നേഹിക്കുന്നു', 'ഇസ്ലാമിന്റെ പേരിലാണ് കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നതെങ്കില്‍ പീഡിപ്പിക്കുന്നവരെ ഞാന്‍ പിന്തുണക്കും' എന്നിന്നെ വാചകങ്ങള്‍ എന്റെ പേരില്‍ എഴുതിപ്പിടിപ്പിച്ച് നിരവധി വ്യാജ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചു തുടങ്ങി. 

എന്റെ അക്കൗണ്ടില്‍ നിന്നുള്ളത് എന്നു തോന്നിക്കുന്ന സ്‌ക്രീന്‍ഷോട്ടുകളാണ് പ്രചരിച്ചത്. അതവര്‍ എല്ലായിടത്തും പ്രചരിപ്പിച്ചു. അവസാനം ഇതെല്ലാം വ്യാജമാണ് എന്നും, ഞാന്‍ അത്തരം പോസ്റ്റുകള്‍ ഇട്ടിട്ടില്ല എന്നും എന്റെ അക്കൗണ്ടില്‍ എനിക്ക് വിശദീകരണം നല്‍കേണ്ടി വന്നു. എന്നാല്‍, ഒന്നും അവിടെ തീര്‍ന്നില്ല. പകരം, പിറ്റേന്ന് മുതല്‍ വ്യാജപ്രചാരണത്തിന്റെ തീവ്രത കൂടി. 

പിറ്റേ ദിവസം മുതല്‍  സോഷ്യല്‍ മീഡിയയില്‍ എനിക്കെതിരെ വ്യാജപ്രചരണങ്ങളുടെ പരമ്പര തന്നെയുണ്ടായി

പിന്നാലെ, ഒരു ദിവസം, ഞാനൊരു സുഹൃത്തിനൊപ്പം കോഫീ ഷോപ്പില്‍ ഇരിക്കുകയായിരുന്നു. എന്തുകൊണ്ടാണ് ഞാനിങ്ങനെ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നത് എന്ന് ഞങ്ങള്‍ അന്നേരം സംസാരിച്ചു. ആ സമയം ബി.ജെ.പിയിലെ ഒരു വാര്‍ത്താ സോഴ്‌സില്‍ നിന്ന് എനിക്കൊരു മെസേജ് വന്നു. 'വാട്ട്‌സാപ്പില്‍ ഒരു മെസ്സേജ് കറങ്ങുന്നുണ്ട്. ഞാനത് അയച്ചുതരാം. പക്ഷെ, നിങ്ങള്‍ തളരരുത്'. ഇതായിരുന്നു അയാളുടെ മെസേജ്. കുഴപ്പമിലെന്ന് ഞാന്‍ മറുപടി അയച്ചു. അല്‍പ്പം കഴിഞ്ഞ് അയാളെനിക്ക് ഒരു വീഡിയോ അയച്ചു തന്നു.

അതൊരു പോണ്‍ വീഡിയോ ആയിരുന്നു. അതിലെ പെണ്ണ് ഞാനായിരുന്നു!

അത് തുറന്നപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അതിലെന്റെ മുഖമായിരുന്നു. പക്ഷെ, അത് ഞാനല്ലെന്ന് ഉറപ്പിച്ച് പറയാനാകുമായിരുന്നു. എന്‍േറത് ചുരുണ്ട മുടിയായിരുന്നു. വീഡിയോയിലെ പെണ്‍കുട്ടിക്ക് സ്‌ട്രെയിറ്റന്‍ ചെയ്ത മുടിയായിരുന്നു. പിന്നെ, അതൊരു പതിനാറോ, പതിനേഴോ വയസുള്ള ചെറിയ പെണ്‍കുട്ടിയായിരുന്നു. 

എന്ത് ചെയ്യണമെന്ന് മനസിലായില്ല. ഇന്ത്യയെ പോലൊരു രാജ്യത്ത് ഇത് ചെറിയ കളിയല്ല. എന്ത് പറയണമെന്നറിയാതെ ഞാന്‍ കരയാന്‍ തുടങ്ങി. 

'എന്തുകൊണ്ടാണ് ഇത് പ്രത്യേക രാഷ്ട്രീയ ഇടങ്ങളില്‍ മാത്രം പ്രചരിക്കുന്നു' -ഞാന്‍ അയാളോട് ചോദിച്ചു. 

പാര്‍ട്ടിക്കാരാണ് അത് പ്രചരിപ്പിക്കുന്നത്, അയാള്‍ അത്ര മാത്രം പറഞ്ഞു. 

മനോനില വീണ്ടെടുക്കുന്നതിന് മുമ്പ് തന്നെ ഫോണ്‍ ശബ്ദിച്ചു തുടങ്ങി. നൂറിലധികം ട്വിറ്റര്‍ നോട്ടിഫിക്കേഷനുകള്‍. എല്ലാം ആ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടുള്ളതായിരുന്നു. 

ട്വിറ്റര്‍ അക്കൌണ്ട് ഡിലീറ്റ് ചെയ്യാന്‍ എന്റെ സുഹൃത്ത് ഉപദേശിച്ചു. പക്ഷെ, ഞാനതിന് നിന്നില്ല. അങ്ങനെ ചെയ്താല്‍ വീഡിയോയില്‍ ഉള്ളത് ഞാന്‍ ആണെന്ന് ആളുകള്‍ കരുതുമെന്ന് എനിക്കറിയാമായിരുന്നു. 

എന്‍േറത് ചുരുണ്ട മുടിയായിരുന്നു. വീഡിയോയിലെ പെണ്‍കുട്ടിക്ക് സ്‌ട്രെയിറ്റന്‍ ചെയ്ത മുടിയായിരുന്നു.

ഞാന്‍ ഫേസ്ബുക്കില്‍ ചെന്നു. അവിടെയും നിരവധി മെസേജുകള്‍ കാത്തുനിന്നിരുന്നു. പലരും പലതരത്തിലുള്ള കമന്റുകള്‍ പറഞ്ഞു. 'നിനക്ക് ഇത്രയും നല്ല  ശരീരമാണെന്ന് അറിയില്ലായിരുന്നു' തുടങ്ങിയ കമന്റുകള്‍. സഹിക്കാനാവാതെ ഞാന്‍ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാമിലാകട്ടെ എന്റെ പോസ്റ്റുകള്‍ക്കു താഴെ വന്ന കമന്റുകളെല്ലാം ആ വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ടുകളായിരുന്നു. 

പിന്നെയൊരു ബി.ജെ.പി നേതാവിന്റെ ഫാന്‍പേജ് ആ വീഡിയോ ഷെയര്‍ ചെയ്തു. അതോടെ കാര്യങ്ങള്‍ വീണ്ടും വഷളായി. 40,000 ത്തിലധികം തവണ അത് ഷെയര്‍ ചെയ്യപ്പെട്ടു. 

വൈകിയില്ല, ഇന്ത്യയിലെ ഓരോ ഫോണിലും അത് എത്തി. 

അതെന്നെ തകര്‍ത്തു കളഞ്ഞു. നിങ്ങള്‍ ജേണലിസ്റ്റ് ആവട്ടെ, ഫെമിനിസ്റ്റ് ആവട്ടെ, അന്നേരം, അങ്ങേയറ്റത്തെ അവഹേളനവും അപമാനവും മാത്രമേ ഞാന്‍ കണ്ടുള്ളൂ. 

തല്ലിക്കൊല്ലാന്‍ വെമ്പുന്നൊരാള്‍ക്കൂട്ടത്തെ ഞാന്‍ കണ്ടു. എന്നെ എന്തും ചെയ്യാമെന്ന് കരുതുന്ന ഒരാള്‍ക്കൂട്ടം. 

പിറ്റേദിവസം, അവരെന്നെ വീണ്ടും തകര്‍ത്തു കളഞ്ഞു. എന്റെ ഫോണ്‍ നമ്പറും ആ വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ടുമായി ഒരു ട്വീറ്റ് പ്രചരിച്ചു തുടങ്ങി. 'ഹായ്, ഇതാണെന്റെ നമ്പര്‍, ഞാന്‍ റെഡിയാണ്' എന്ന വാചകത്തോടെ അത് പ്രചരിപ്പിക്കപ്പെട്ടു.

ആളുകള്‍ എനിക്ക് വാട്ട്‌സാപ്പ് മെസേജ് അയച്ചു തുടങ്ങി. എത്രയാണ് എന്റെ നിരക്ക് എന്ന് ചോദിച്ചുകൊണ്ടായിരുന്നു മെസേജുകള്‍. 

എത്രയാണ് എന്റെ നിരക്ക് എന്ന് ചോദിച്ചുകൊണ്ടായിരുന്നു മെസേജുകള്‍. 

ഞാന്‍ ആശുപത്രിയിലായി. ആകാംക്ഷാ രോഗവും നെഞ്ചിടിപ്പും കലശലായി. ഡോക്ടര്‍ മരുന്ന് തന്നു. പക്ഷെ, ഞാന്‍ ചര്‍ദ്ദിച്ചു. ബി.പി കുറഞ്ഞു. എന്റെ ശരീരം ഞാനനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളോട് മോശമായി പ്രതികരിച്ചു തുടങ്ങി. 

എന്റെ സഹോദരന്‍ മുംബൈയില്‍ നിന്നും എന്നെ കാണാന്‍ ദില്ലിയിലെത്തി. പക്ഷെ, കുടുംബാംഗങ്ങളെ ആരെയും കാണാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല ഞാന്‍. അടിമുടി തകര്‍ന്നിരുന്നു ഞാന്‍. എന്‍േറതെന്ന് പറഞ്ഞ് പ്രചരിക്കുന്ന ഒരു പോണ്‍ വീഡിയോ രാജ്യമാകെ കണ്ടു കൊണ്ടിരിക്കുന്നു. എനിക്ക് അതിനെതിരെ ഒന്നും ചെയ്യാനാവുന്നില്ല. 

അവസാനം, ഞാന്‍ പ്രശസ്തയായ ഒരു സ്ത്രീപക്ഷ അഭിഭാഷകയെ കണ്ടു. അവര്‍ എന്റെ കേസ് ഏറ്റെടുക്കാമെന്ന് പറഞ്ഞു. പൊലീസില്‍ പരാതിയുമായി പോയാല്‍ പിന്നെ എന്തും നേരിടാന്‍ തയ്യാറായിരിക്കണമെന്ന് അവരെന്നോട് പറഞ്ഞു. സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അവകാശ ലംഘനങ്ങളോടും, അക്രമങ്ങളോടും മാന്യമായി ഇടപെടുന്ന ഒരു ലിബറല്‍ രാജ്യമല്ല ഇന്ത്യയെന്നും അവര്‍ പറഞ്ഞു. ആ വീഡിയോ പൊലീസില്‍ കാണിച്ചാല്‍ എന്തിനും തയ്യാറായിരിക്കണമെന്ന് വീണ്ടുമവര്‍ ആവര്‍ത്തിച്ചു.  

സ്റ്റേഷനിലെത്തിയപ്പോള്‍ പൊലീസുകാര്‍ പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല. ഈ വീഡിയോ ഷെയര്‍ ചെയ്യുന്നത് രാഷ്ട്രീയ നേതാക്കളാണ്. അധികാരമുള്ളവര്‍ക്കെതിരെ എന്തെങ്കിലും ചെയ്യാന്‍ പൊലീസ് തയ്യാറല്ലായിരുന്നു. 

സ്റ്റേഷനില്‍ ആറു പൊലീസുകാരുണ്ടായിരുന്നു. എന്നെ മുന്നിലിരുത്തി അവരാ വീഡിയോ കണ്ടു തുടങ്ങി. അവരുടെ മുഖത്തുണ്ടായിരുന്ന വികൃതമായ ചിരി നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ. 

അവരെന്നോട് ഇതെവിടെ വെച്ചാണ് ആദ്യം കണ്ടതെന്ന് ചോദിച്ചു. ഒരു കഫേയിലിരിക്കുമ്പോഴാണ് ഇത് ലഭിച്ചതെന്ന് ഞാന്‍ പറഞ്ഞു. എങ്കില്‍, അതിനടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ ചെന്ന് പരാതി കൊടുക്കൂ-അവര്‍ പറഞ്ഞു. 

എനിക്കത് വിശ്വസിക്കാനായില്ല. ഞാന്‍ ഒരു സ്ത്രീയാണ്. ഇങ്ങനെയൊരു പരാതി കൊടുക്കാന്‍ ധൈര്യം കാണിച്ച സ്ത്രീയാണ്. എന്നിട്ടും അവരെന്നെ പിന്തിരിപ്പിക്കുകയാണ്. നിവൃത്തിയില്ലാതെ ഞാനവരെ വിരട്ടി. പരാതി സ്വീകരിച്ചില്ലെങ്കില്‍ ഇക്കാര്യം സമൂഹമാധ്യമങ്ങളിലെഴുതുമെന്ന് പറഞ്ഞു. എന്റെ അഭിഭാഷകയും ഇടപെട്ടു. ഈ വിവരം വാര്‍ത്തയാക്കുമെന്ന് പറഞ്ഞതോടെ അവര്‍ പരാതി സ്വീകരിച്ചു. 

സ്റ്റേഷനില്‍ ആറു പൊലീസുകാരുണ്ടായിരുന്നു. എന്നെ മുന്നിലിരുത്തി അവരാ വീഡിയോ കണ്ടു തുടങ്ങി.

ഏപ്രിലില്‍ ആയിരുന്നു അത്. അതു കഴിഞ്ഞ് ആറ് മാസങ്ങള്‍ പിന്നിട്ടു. പൊലീസ് അനങ്ങിയില്ല. ഞാന്‍ മജിസ്‌ട്രേറ്റിന് നേരിട്ട് മൊഴി നല്‍കി. ഒപ്പം എല്ലാ സ്‌ക്രീന്‍ ഷോട്ടുകളും ഭീഷണികളുടെയും വ്യാജ പ്രചാരണങ്ങളുടെയും കോപ്പികളും നല്‍കി. പക്ഷേ, അങ്ങേര് മിണ്ടിയില്ല. 

അവസാനം ഐക്യരാഷ്ട്രസഭ ഇടപെട്ടു. അവര്‍ നിയോഗിച്ച പതിനാറ് പ്രത്യേക അംഗങ്ങള്‍ എനിക്ക് സംരക്ഷണം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. രാജ്യാന്തര തലത്തില്‍ സര്‍ക്കാറിന് ഇത് ക്ഷീണമുണ്ടാക്കുമെന്ന് അവര്‍ക്ക് മനസ്സിലായിക്കാണണം. അക്രമണം ആരോ പിടിച്ചുനിര്‍ത്തിയതുപോലെ അത്ഭുതകരമായി കുറഞ്ഞു. 

എന്നാല്‍ അതുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ മാറിയില്ല. 

ആ വീഡിയോ ഷെയര്‍ ചെയ്യപ്പെടുന്നതിന് മുമ്പ് ഉണ്ടായിരുന്ന ഞാനേയല്ല അതിനുശേഷമുണ്ടായിരുന്നത്. എല്ലാത്തിലും ഞാന്‍ കടുത്ത കരുതല്‍ പുലര്‍ത്തി. എല്ലാത്തിലും കൂടുതല്‍ ജാഗ്രത കാണിച്ചു. എല്ലാത്തിലും അഭിപ്രായം പറയുന്ന ആളായിരുന്നു. ഞാന്‍. എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുന്നതില്‍ ഞാന്‍ വല്ലാത്ത ജാഗ്രത കാണിച്ചു. ഞാനെന്നെത്തന്നെ സെന്‍സര്‍ ചെയ്തു. 

ഞാനിപ്പോള്‍ ഫേസ്ബുക്കില്‍ ഒന്നും പോസ്റ്റ് ചെയ്യാറില്ല. ഇനിയും ആരെങ്കിലും എന്തെങ്കിലും ചെയ്താലോ എന്ന് ചിന്തിച്ചു. എല്ലാം സധൈര്യം തുറന്നു പറയുന്ന ഒരാളില്‍നിന്നുള്ള ഈ മാറ്റം വലുതായിരുന്നു. എന്നെയാരും ഒന്നും ചെയ്യില്ലെന്നായിരുന്നു അതുവരെ എന്റെ വിചാരം. പക്ഷേ, ഈ സംഭവം ആ വിശ്വാസം തകര്‍ത്തു. 

എന്നും ഞാന്‍ തീയിലൂടെ തന്നെയായിരുന്നു നടന്നിരുന്നത്. അപവാദ പ്രചരണവും തേജോവധവും കൊണ്ടായിരുന്നു എന്റെ എതിരാളികള്‍ എന്നെ നേരിട്ടിരുന്നത്. 

അവരെന്നെ ജിഹാദി എന്ന് വിളിച്ചു. ഐസിസിന്റെ ലൈംഗിക അടിമ എന്നു വിളിച്ചു. ഒരു മന്ത്രിയുടെ വീടിനു മുന്നില്‍ നില്‍ക്കുന്ന പടമെടുത്ത് ഞാനദ്ദേഹത്തിന്റെ കൂടെ ഉറങ്ങി എന്നും പറഞ്ഞ് പ്രചരിപ്പിച്ചു. കോളിളക്കം സൃഷ്ടിച്ച ഒരു കൊലക്കേസിനു പിന്നിലെ അഴിമതി പുറത്തുകൊണ്ടുവന്നതിനു പിന്നാലെ അവര്‍ എന്റെ ചിത്രം പല തരത്തിലുള്ള  സെക്ഷ്വല്‍ പൊസിഷനുകളില്‍ ഫോട്ടോഷോപ്പ് ചെയ്ത് പ്രചരിപ്പിച്ചു. 

എന്റെ പുസ്തകം പ്രസിദ്ധീകരിച്ചപ്പോള്‍ ഒരു പൊലീസ് ഓഫീസര്‍ എഴുതിയത്, ഞാന്‍ വിവരങ്ങള്‍ ലഭിക്കാന്‍ ആളുകളുടെ കൂടെ കിടക്കാറുണ്ടെന്നും, തെറ്റായ വഴിയിലൂടെയാണ് ഞാന്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് എന്നുമായിരുന്നു. 

പക്ഷെ, അതൊന്നും എന്നെ തളര്‍ത്തിയിരുന്നില്ല. എന്നാല്‍, ഈ വീഡിയോ എന്നെ അടിമുടി മാറ്റി. 

അവരെന്നെ ജിഹാദി എന്ന് വിളിച്ചു. ഐസിസിന്റെ ലൈംഗിക അടിമ എന്നു വിളിച്ചു.

ഈ വീഡിയോ ഇറങ്ങുന്നതിന് ഒരാഴ്ച മുമ്പാണ്, പ്രശസ്തനായ ഒരു എഡിറ്റര്‍ ഡീപ് ഫേക്ക് എന്ന പുതിയ മുഖംമാറ്റ സാങ്കേതിക വിദ്യ ഇന്ത്യയില്‍ വിതയ്ക്കാവുന്ന അപകടത്തെക്കുറിച്ച് പറയുന്നത് ഞാന്‍ കേട്ടത്. ഞാനാദ്യമായി കേള്‍ക്കുകയായിരുന്നു ആ സാങ്കേതിക വിദ്യയെക്കുറിച്ച്. ഞാനത് ഗൂഗിളില്‍ തെരഞ്ഞ് ഞെട്ടി. പുതിയ സാങ്കേതിക വിദ്യയായിരുന്നു അത്. ചുണ്ടനക്കങ്ങളടക്കം രണ്ടു പേരുടെ മുഖങ്ങള്‍ പരസ്പരം മാറ്റി മറിച്ച് ഒരാളുടേതാണ് എന്ന് തോന്നിപ്പിക്കുന്ന പുത്തന്‍ സാങ്കേതിക വിദ്യയായിരുന്നു ഡീപ് ഫേക്ക്. അതിന്റെ വിധ്വംസക ശേഷി അപാരമായിരുന്നു. 

അതു കഴിഞ്ഞ് കൃത്യം ഒരാഴ്ചയ്ക്ക് ശേഷമാണ് എനിക്കും ഇത് സംഭവിക്കുന്നത്. 

ഒരുപാട് കാലം ഞാനിതിനെ കുറിച്ച് സംസാരിച്ചിരുന്നില്ല. കാരണം, ജനങ്ങള്‍ സഹാനുഭൂതിയോ, സഹതാപമോ കാണിക്കുകയല്ല, മറിച്ച് കൂടുതലറിയാനാവും ശ്രമിക്കുക. ഡീപ് ഫേക്ക് സാങ്കേതിക വിദ്യയെ പ്രശസ്തമാക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. 

പക്ഷെ, യാദൃശ്ചികമായി കഴിഞ്ഞ ആഴ്ചകളില്‍ പ്രശസ്തരായ പല സിനിമാ നടിമാരുടെയും ഡീപ് ഫേക്ക് വീഡിയോ ഇതുപോലെ പ്രചരിക്കുന്നത് കാണാനിടയായി. അപ്പോഴാണ് പ്രതിരോധിക്കാന്‍ ഏറെ വൈകിപ്പോയി എന്നെനിക്ക് തോന്നുന്നത്. 

ഡീപ് ഫേക്ക് വളരെ വളരെ അപകടകാരിയായ ഒരു ടൂളാണ്. അത് നമ്മെ എങ്ങോട്ടാണീ കൊണ്ടുപോവുന്നതെന്ന് ഒരു പിടിയുമില്ല. 

(Courtesy: Huffington Post)

Follow Us:
Download App:
  • android
  • ios