Asianet News MalayalamAsianet News Malayalam

കെ.ഇ. മാമന്‍: ആ സമരം അവസാനിച്ചു...

kE maman freedom fighter
Author
First Published Jul 26, 2017, 3:56 PM IST

പഴയൊരു കഥയാണ്. തിരുവിതാംകൂറെന്ന ശ്രീപദ്മനാഭന്റെ വഞ്ചിനാട്ടില്‍ 1939ല്‍ നടന്നത്. ശ്രീ പത്മനാഭനെക്കാളും അധികാരത്തില്‍ സര്‍ സിപി ദിവാനായി വാഴുന്ന കാലം. ഇന്ന് ആകാശവാണി സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ഭക്തവിലാസം കൊട്ടാരമായിരുന്നു അന്ന് ദിവാന്റെ ഔദ്യോഗികവസതി.  ഈ സംഭവം നടക്കുന്ന ദിവസം തിരുവനന്തപുരം ആര്‍ട്‌സ് കോളേജ് പ്രിന്‍സിപ്പാള്‍ സഹസ്രനാമ അയ്യരും സ്ഥലത്തെ പ്രമുഖ പത്രക്കാരും അടക്കം പലരും ദിവാനുമായി കൂടിക്കാഴ്ചക്കായി ഭക്തവിലാസം കൊട്ടാരത്തില്‍ എത്തിയിരുന്നു. ഇവരെല്ലാം ഇരുന്നിരുന്ന വേദിയിലേയ്ക്കാണ് ഖദര്‍ വേഷവും ഗാന്ധിത്തൊപ്പിയും ധരിച്ച് ആ യുവാവ് കടന്നുവന്നത്. 

ഖദറും ഗാന്ധിത്തൊപ്പിയും കണ്ടപ്പൊഴേ സിപിയുടെ ബ്ലഡ് പ്രഷര്‍ കൂടി

ഖദറും ഗാന്ധിത്തൊപ്പിയും കണ്ടപ്പൊഴേ സിപിയുടെ ബ്ലഡ് പ്രഷര്‍ കൂടി. കോണ്‍ഗ്രസ് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ മൈസൂരുകാരനായ  കെ.ടി. ബാഷ്യത്തെ ക്ഷണിച്ചത് എന്തിനെന്നായിരുന്നു ദിവാന്റെ ചോദ്യം.  മൈസൂരുകാരനായ ബാഷ്യം തിരുവിതാംകൂറിന് അന്യനാട്ടുകാരനാണെങ്കില്‍ മൈലാപ്പൂരുകാരനായ താങ്കളോ?  എന്നായിരുന്നു അതിന് യുവാവിന്റെ മറുപടി.  സര്‍ സിപിക്ക് മുന്നിലെന്നല്ല ഒരാള്‍ക്ക് മുന്നിലും ആ മനുഷ്യന്‍ തന്റെ നട്ടെല്ലു വളച്ചിട്ടില്ല.  പക്ഷെ ഒരാള്‍ക്ക് മുന്നില്‍ മാത്രം സര്‍വം മറന്ന് ഭക്തനായി. സാക്ഷാല്‍ ഗാന്ധിക്ക് മുന്നില്‍. ഗാന്ധിച്ചിത്രത്തെ നെഞ്ചോട് ചേര്‍ത്ത് , ഗാന്ധി വചനങ്ങളെ മനസ്സില്‍ നിറച്ചുള്ള യാത്രയായിരുന്നു കെ.ഇ. മാമന്റെ ജീവിതം.  

സര്‍ സിപിക്ക് മുന്നിലെന്നല്ല ഒരാള്‍ക്ക് മുന്നിലും ആ മനുഷ്യന്‍ തന്റെ നട്ടെല്ലു വളച്ചിട്ടില്ല

കണ്ടത്തില്‍ കുടുംബാംഗമായ കെ.സി ഈപ്പന്റെയും മാവേലിക്കര കറുത്തേടത്ത് കുഞ്ഞാണ്ടമ്മയുടെയും മകനായി 1921 ജൂലൈ 31ന് തിരുവല്ലയിലാണ് കെ ഇ മാമന്‍ ജനിച്ചത്.  ഈപ്പന്റെയും കുഞ്ഞാണ്ടമ്മയുടെയും ഏഴുമക്കളില്‍ ആറാമനായ മാമന്‍ പതിനാലാം വയസില്‍ ഖദര്‍ ധരിച്ചു. ക്ഷേത്ര പ്രവേശനവിളംബരത്തില്‍ ചിത്തിരുതിരുനാളിനെ അനുമോദിക്കാന്‍ ഗാന്ധി കേരളത്തിലെത്തിയപ്പോള്‍ അദ്ദേഹത്തെ നേരിട്ടുകണ്ടു. ആ വിരലുകളില്‍ തൊട്ട നിമിഷങ്ങളെക്കുറിച്ച് പറയുമ്പോള്‍ എന്നും കെ.ഇ. മാമന്റെ കണ്ണുകളില്‍ വല്ലാത്തൊരു തിളക്കം നിറഞ്ഞിരുന്നു. 

കോണ്‍ഗ്രസിന്റെ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ പ്രവര്‍ത്തനങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു ആര്‍ട്‌സ് കോളേജില്‍ ഇന്റര്‍മീഡിയറ്റിന് പഠിക്കുന്ന കാലത്ത് മാമന്‍. സ്റ്റുഡന്‍സ് ഫെഡറേഷന്റെ ആദ്യ പ്രസിഡന്റ് എന്‍.ജി. ചാക്കോയെ തിരുവിതാംകൂര്‍ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ കെ ഇ മാമന്‍ രണ്ടാമത്തെ പ്രസിഡന്റായി. ആ സമയത്താണ് മേല്‍വിവരിച്ച ദിവാനുമായുള്ള കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ച്ക്ക് ശേഷം മാമനും ജയിലഴിക്കുള്ളിലായി. സര്‍വകലാശാല പരീക്ഷ എഴുതാനും ആര്‍ട്‌സ് കോളേജില്‍ നിന്ന് ഇന്റര്‍ മീഡിയറ്റ് പൂര്‍ത്തിയാക്കാനും കഴിഞ്ഞില്ല. കോളേജില്‍ നിന്ന് പുറത്താക്കിക്കൊണ്ട് സഹസ്രനാമയ്യര്‍ നല്‍കിയത് മോശം സ്വഭാവക്കാരനെന്ന സര്‍ട്ടിഫിക്കറ്റും.  

കോളേജില്‍ നിന്ന് പുറത്താക്കിക്കൊണ്ട് സഹസ്രനാമയ്യര്‍ നല്‍കിയത് മോശം സ്വഭാവക്കാരനെന്ന സര്‍ട്ടിഫിക്കറ്റും.  

സമാന സര്‍ട്ടിഫിക്കറ്റുള്ള വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സിഎസ് സ്റ്റീഫനുമായി കൊച്ചി മഹാരാജാസ് കോളേജില്‍ ചെന്നെങ്കിലും അവിടെയും പ്രവേശനം നിഷേധിക്കപ്പെട്ടു. അങ്ങനെയാണ് തൃശ്ശൂര്‍ വഴി കെ.ഇ. മാമന്‍ മദ്രാസ് ക്രിസ്ത്യന്‍ കോളേജിലെത്തുന്നത്. പഠനം തുടങ്ങിയെങ്കിലും അത് മുഴുമിപ്പിക്കാന്‍ അവിടെയും മാമന്‍ നിന്നില്ല. ക്വിറ്റിന്ത്യ സമരകാലത്ത് കോളേജ് വിട്ട് രാഷ്ട്രീയപ്രവര്‍ത്തനത്തിനിറങ്ങി. 1943 ല്‍ തിരുവിതാംകൂറില്‍ തിരിച്ചെത്തി ഉത്തരവാദിത്ത ഭരണത്തിനുവേണ്ടിയുള്ള സ്റ്റേറ്റ് കോണ്‍ഗ്രസ് സമരത്തിന്റെ ഭാഗമായി.  സര്‍ സിപിയെ കെസിഎസ് മണി വെട്ടിയതിനെത്തുടര്‍ന്ന് കെ.ഇ മാമനെയും പൊലീസ് ജയിലിലാക്കി. പിന്നീട് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷമാണ് പുറത്തുവന്നത്.

ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടുപോയ ശേഷവും കെ.ഇ. മാമനെപ്പോലുള്ളവര്‍ക്ക് സ്വാതന്ത്ര്യത്തിനു വേണ്ടിയും സമത്വത്തിന് വേണ്ടിയും  അഴിമതിക്കെതിരായും ഉള്ള പോരാട്ടം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റ ദൗര്‍ഭാഗ്യം. ഗാന്ധിയില്ലാത്ത കോണ്‍ഗ്രസിന്റെ ദുരവസ്ഥ കണ്ട് മനസ്സ് വേദനിച്ച് അദ്ദേഹം സോഷ്യലിസ്റ്റ് ചേരിയില്‍ പോയി.  കുടുംബക്കാരുടെയും സഭയുടെയും എതിര്‍പ്പുകളെ അവഗണിച്ച് പിഎസ്പി സ്ഥാനാര്‍ത്ഥിയായി തിരുവല്ലയില്‍ മത്സരിച്ച് തോറ്റു.  തോല്‍വികളിലൊന്നും തളരുന്നതായിരുന്നില്ല ആ മനസ്സ്. തെരഞ്ഞെടുപ്പിലെ മത്സരവും അദ്ദേഹത്തിന് ഒരു സമരമായിരുന്നു. ഒരു സമരത്തില്‍ നിന്ന് മറ്റൊന്നിലേക്കുള്ള അവിരാമമായ യാത്ര, ആ യാത്ര ഒറ്റയ്ക്കാകട്ടെയെന്ന് എപ്പോഴോ അദ്ദേഹം തീരുമാനിച്ചു.

ഒരു സമരത്തില്‍ നിന്ന് മറ്റൊന്നിലേക്കുള്ള അവിരാമമായ യാത്ര, ആ യാത്ര ഒറ്റയ്ക്കാകട്ടെയെന്ന് എപ്പോഴോ അദ്ദേഹം തീരുമാനിച്ചു.

കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള മാറ്റം കെ.ഇ. മാമന്റെ സമരജീവിതത്തിലെ നിര്‍ണായ സംഭവമാണ്. കുന്നുകുഴിയിലെ സഹോദര പുത്രന്റെ വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ താമസം. രാവിലെ കുന്നുകുഴിയില്‍ നിന്നുള്ള മാമന്റെ യാത്ര അവസാനിക്കുന്നത് സെക്രട്ടേറിയറ്റിന് മുന്നില്‍. അതിനിടയില്‍ അസംഖ്യം പരിചയക്കാരോട് സംസാരിക്കും.  അവരുടെ സങ്കടങ്ങള്‍ കേള്‍ക്കും. സെക്രട്ടേറിയറ്റിന് മുന്നിലെത്തിയാലും മാമന് കേള്‍ക്കാന്‍ നിരവധി പരാതികള്‍ ഉണ്ടായിരുന്നു. 

സെക്രട്ടറിയേറ്റിന് മുന്നിലെ അസംഖ്യം സമരക്കാരില്‍ ആരാരും ഏറ്റെടുക്കാനില്ലാത്തവരുടെ പരാതികള്‍ മാമന്‍ സ്വയം ഏറ്റെടുക്കും. പലരുടെയും  ആവലാതികളുമായി കെ.ഇ. മാമന്‍ എന്നും മന്ത്രിമാരെ അലോസരപ്പെടുത്തിക്കൊണ്ടേയിരുന്നു. ബന്ദിനെതെതിരെയും വഴിതടയല്‍ സമരങ്ങള്‍ക്കെതിരെയും ഒക്കെ മാമന്‍ ഒറ്റയ്ക്ക് ശബ്ദം ഉയര്‍ത്തി. ഒക്കെത്തിനും കൂട്ടായിരുന്നത് ഗാന്ധിമാത്രം. മദ്യത്തിനെതിരായ സമരത്തിനും കൂട്ട് ഗാന്ധി തന്നെയായിരുന്നു.  വാര്‍ദ്ധക്യം അത്രമേല്‍ ശരീരത്തെ ബാധിച്ചതു വരെ ആ സമരങ്ങള്‍ തുടരുകയും ചെയ്തു.

''സ്വാതന്ത്ര്യ സമര സേനാനിയാണ്, എന്റെ പ്ലക്കാര്‍ഡ് എനിക്ക് വേണം

ഗാന്ധിയെന്ന കവിതയില്‍ മധുസൂദനനന്‍ നായര്‍ കുറിച്ചിട്ട വരികള്‍ ഈ ഗാന്ധി ഭക്തനും ഏറെ ചേരുമായിരുന്നു. തനിയേ നടന്നു നീ പോവുക തളര്‍ന്നാലും അരുതേ പരാശ്രയവുമിളവും. ''സ്വാതന്ത്ര്യ സമര സേനാനിയാണ്, എന്റെ പ്ലക്കാര്‍ഡ് എനിക്ക് വേണം, എന്നും ബന്ദ്, ബിജെപിക്കും കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുമൊക്കെ ബന്ദ്. എന്റെ പ്ലക്കാര്‍ഡ് തന്നില്ലെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യ്.'' ബന്ദിനെതിരെ സമരം ചെയ്ത മാമന്റെ ദൃശ്യം മലയാളികള്‍ക്ക് പെട്ടെന്ന് മറക്കാന്‍ കഴിയില്ല. വാക്കില്‍ മാത്രമല്ല, പ്രവൃത്തിയിലും മനസ്സിലും ഗാന്ധിയെ ചേര്‍ത്തുവച്ച ആ മനുഷ്യന്‍ ഇനി നമുക്കൊപ്പമില്ല.   കെ.ഇ. മാമന്റെ വിയോഗം കേരളത്തിന് ഒരിക്കലും നികത്താനാകാത്ത നഷ്ടമാകുന്നതും അതുകൊണ്ടാണ്.


 

Follow Us:
Download App:
  • android
  • ios