Asianet News MalayalamAsianet News Malayalam

മഴ; വാക്കായും വരയായും

kerala rain by Namath
Author
Thiruvananthapuram, First Published Jun 8, 2016, 2:49 PM IST

kerala rain by Namath

മഴ. ആദിയില്‍ വചനത്തിനും മുമ്പുണ്ടായിരുന്നത് മഴയായിരുന്നു. കുറഞ്ഞത് കേരളത്തിലെങ്കിലും. ഒരു പച്ചമതിലിനപ്പുറത്ത് തമിഴ് വെയിലിനെ കൊതിപ്പിക്കുന്ന മഴ ധാരാളിത്തം എന്നും മലയാളിക്കുണ്ടായിരുന്നു. ജീവിതത്തിന്റെ ഭാഗമായി. ഓര്‍മ്മകളില്‍.

കേരളത്തില്‍ പിറന്ന എല്ലാവരിലെയും സജീവ ഓര്‍മ്മകളുടെ മഴനൂലുകള്‍.  ജനിപ്പാനൊരു കരച്ചില്‍ മഴ. മരിക്കാനൊരു കണ്ണീര്‍ മഴ. ദു:ഖത്തിന്റെ കണ്ണീര്‍ മഴക്കാറുകള്‍ നീങ്ങിയ പുഞ്ചിരി മഴ. പ്രിയമുള്ള എന്തെങ്കിലും അല്ലെങ്കില്‍ ഹൃദയത്തെ തൊട്ട എന്തെങ്കിലും സംഭവിച്ചത്, സംഭവിക്കുന്നത് പലപ്പോഴും മഴക്കാലത്താണ്.

ചരിത്രത്തെ നിര്‍മ്മിച്ചത്, ചരിത്രത്തെ തൂത്തുകളഞ്ഞത് എല്ലാം മഴയാണ്. കൊടുംമഴയില്‍ വസ്ത്രങ്ങള്‍ നനഞ്ഞൊട്ടിയെന്നു പരാതിപറഞ്ഞ പട്ടാളത്തോട് അറുനഗ്‌നരായി കുതിരയോടിക്കാന്‍ ഉത്തരവിട്ട് പടനയിച്ച ടിപ്പുവിനെ പെരിയാറിന്റെ കരയ്ക്കു തളച്ചത് ഒരു പെരുമഴയാണ്.  കുരുമുളകിന്റെ കൊടി കൊണ്ടു പോയ പറങ്കിക്ക് കൊടിയല്ലേ കൊണ്ടു പോവാന്‍ പറ്റൂ. തിരുവാതിര ഞാറ്റുവേല കൊണ്ടു പോവാന്‍ പറ്റില്ലല്ലോന്ന് ആത്മഗതിച്ചതും ഒരു മഴക്കാലത്തായിരിക്കണം. ഏതോ കാല സുനാമിയില്‍ കുമരീകാണ്ഡം കടലെടുത്തതും ശ്രീമൂലവാസം മാഞ്ഞു പോയതും മറ്റൊരു പെരുമഴക്കാലത്തായിരിക്കണം.

മലയാളിയുടെ ജീവതത്തിലെന്നും എപ്പോഴും മഴക്കാലമുണ്ട്. കാല്‍പനിക സുന്ദരമായും കഷ്ടകാലയാഥാര്‍ത്ഥ്യമായും. പഞ്ഞക്കര്‍ക്കടകത്തിലെ പെരുമഴയേക്കാള്‍ വലിയ ഭയങ്ങള്‍. വാവുബലിയുടെ തോരാമഴയത്തെ കണ്ണീരുകള്‍. മലയാളിയുടെ മഴക്കാലത്തേക്ക് നടത്തിയ  ചെറിയ ഒരു സഞ്ചാരത്തിന്റെ രേഖാചിത്രങ്ങള്‍.

kerala rain by Namath

മഴ തുടങ്ങുന്നു.
അപ്പോഴാണ് മഴ വന്നത്. ക്യാമറയും കൊണ്ടെന്തായാലും പതിവു അരൂപി അശരീരി നാടുകാണലിനിറങ്ങണം. ആരെയുമറിയിക്കാതെ, കൂട്ടിമുട്ടാതെ, തനിവഴിയിലെ യാത്ര. എന്നാല്‍ പിന്നെ മരിയോമിരാന്‍ഡയുടെ ഗോവ സീരീസു പോലൊന്ന്. ഒരു പത്തു മുപ്പത് വര ചിത്രങ്ങളുടെ സീരീസ്... ചിലപ്പോള്‍ ഇച്ചിരി ചരിത്രം കൂടെ, അല്ലെങ്കില്‍ സമൂഹം. ബട്ട് ‍ഡെഫിനിറ്റ്ലി മഴ. 

എന്നാ പിന്നെ.. മഴ തുടങ്ങുന്നു.. 

kerala rain by Namath

വിയ്യപുരം കൌബോയ്

kerala rain by Namath
മഴവറുതി

kerala rain by Namath
ഇലയൊരു കുടയായ് പൊതിയുമ്പോഴെന്‍


kerala rain by Namath
മഴവഴി

kerala rain by Namath

ആനമഴ

kerala rain by Namath
കുട്ടനാട്ടിലെ മഴ

kerala rain by Namath
മഴച്ചാര്‍ത്ത്

kerala rain by Namath
മഴജാലകം

kerala rain by Namath
വെള്ളപ്പൊക്കത്തില്‍ 

kerala rain by Namath
മഴക്കുട, മറക്കുട

kerala rain by Namath
നരച്ച ടെറസ്സിലെ കൗമാരമഴ

ഒരു പക്ഷെ നാട്ടില്‍ മഴ തുടങ്ങിക്കാണണം. അല്ലെങ്കില്‍ തുടങ്ങാതെയും. ബാല്യത്തില്‍ നരച്ച ഫ്ലാറ്റിന്റെ ജാലകത്തിനു പുറത്തു പെയ്ത മഴ കൗമാരത്തില്‍ ടെറസ്സിലേക്കു പ്രായപൂര്‍ത്തിയായി. പ്രായപൂര്‍ത്തിയായവരുടെ ലോകത്തിന്റെ അനുകരണങ്ങളിലേക്ക്. പൊരിവെയിലിലും അടമഴയത്തും ടെറസ്സ് മുതിര്‍ന്നവര്‍ക്ക് പ്രവേശനമില്ലാത്ത കൗമാരസ്വപ്നങ്ങളുടെ ഗെറ്റോ. എന്നിട്ടുമവശേഷിക്കുന്ന കടന്നു കയറ്റങ്ങളില്‍ കോണിപ്പടിയുടെ മൂടാപ്പിന്റെ പാരപ്പെറ്റിലേക്കൊരു ഒളിവാസം. ആദ്യത്തെ ബെര്‍ക്ക്‍ലിക്ക് തിരികൊളുത്തുന്നത് ഒരു പെരുമഴപ്പെരുക്കത്തില്‍ കുടയും ചൂടിയാണ്. ആദ്യത്തെ ഗ്ലാസ്സ് ചാരായം നെഞ്ചിലൂടെരിപൊരികൊണ്ടിറങ്ങുന്നത് തൂമ്പിലൂടെ കുതറിച്ചാടുന്ന മഴവെള്ളത്തിലലിഞ്ഞാണ്. ഉടലന്വേഷണങ്ങളിലാദ്യത്തെ ഒന്നില്‍ ഋഷ്യശ്രംഗനായി, ഒളിച്ചിരിക്കുന്ന പൂച്ചക്കുട്ടികളെ ആദ്യം കണ്ടു പിടിച്ചതുമൊരു പെരുമഴക്കാലത്ത്, മഴയെക്കാള്‍ പെരുകിയ ഹൃദയത്തോടെയാണ്. മുതിര്‍ന്നവരുടെ ജീവിതത്തിലേക്ക്, ചൂടില്‍ നനഞ്ഞു മുതിര്‍ന്നത് അതിനുടുത്ത മഴക്കാലത്ത് ടെറസ്സില്‍ വീണു ചിതറിയ മഴയിലാണ്.. എത്ര മുതിര്‍ന്നിട്ടും നിരന്തരം നനഞ്ഞു കൊണ്ടിരിക്കുന്ന ടെറസ്സിലെ മഴ. ഇപ്പോഴും കൊള്ളുന്ന സ്വയം ചെന്നു നില്‍ക്കുന്ന മഴ.
 

Follow Us:
Download App:
  • android
  • ios