Asianet News MalayalamAsianet News Malayalam

എം.എം. മണി: തൊഴിലാളിയില്‍നിന്ന് കങ്കാണിയിലേക്ക്

kp jayakumar column on mm mani
Author
First Published Apr 23, 2017, 11:27 AM IST

kp jayakumar column on mm mani

മൂന്നാറിലെ തൊഴിലാളികള്‍ വീണ്ടും സമരത്തിലാണ്. സമരത്തിന്റെ മുന്‍നിരയില്‍ ഇപ്പോഴും സ്ത്രീകളാണ്. 

മൂന്നാറില്‍ ഇപ്പോള്‍ നടക്കുന്നത് തൊഴില്‍ സമരം മാത്രമല്ല, മുമ്പും അത് തൊഴില്‍ സമരം മാത്രമായിരുന്നില്ല. കണ്ണന്‍ദേവന്‍ മലനിരകളില്‍ ഒന്നരനൂറ്റാണ്ടായി അധിവസിക്കുന്ന തമിഴ് ജനതയുടെ അതിജീവന സമരമായിരുന്നു പൊമ്പിള ഒരുമൈ. ഇന്നത് സ്വാഭിമാനത്തിന്റെ സമരമുഖമാണ്. തൊഴിലാളി സ്ത്രീകളെയും സ്ത്രീത്വത്തെയും അപമാനിച്ച എം എം മണി എന്ന പഴയ സഖാവിനും ഇപ്പോഴത്തെ മന്ത്രിക്കുമെതിരായാണ് ഈ സമരം. 

വര്‍ഗപരമായി നോക്കിയാല്‍ മണിയും തൊഴിലാളി ജനതയും തമ്മില്‍ ഭേദമുണ്ടാകേണ്ടതല്ല. ഇവര്‍ക്കിടയില്‍ ഈടുറ്റ വര്‍ഗബന്ധം സാധ്യമാകേണ്ടതുമാണ്. എന്നാല്‍ഏ അങ്ങനെയല്ല കാര്യങ്ങള്‍. എം എം മണിയും തൊഴിലാളികളും മുന്നോട്ടുവയ്ക്കുന്ന നിലപാടുകളില്‍ വലിയ വര്‍ഗ്ഗവൈരുധമുണ്ട്. അതെന്താണെന്നറിയാന്‍ സഖാവ് മണിയെ അറിയണം.

രണ്ടു കോടി 82 ലക്ഷം രൂപയുടെ സ്വത്താണ് തെരഞ്ഞെടുപ്പ് വേളയില്‍ മണി വെളിപ്പെടുത്തിയത്.

മണിയുടെ ജീവിതം

എം.എം മണി എന്ന തൊഴിലാളി നേതാവ് 1944 ഡിസംബറില്‍ കോട്ടയം ജില്ലയിലെ കിടങ്ങൂരിനു സമീപം മുണ്ടക്കല്‍ വീട്ടില്‍ മാധവന്റെയും ജാനകിയുടെയും ഏഴു
മക്കളില്‍ ഒന്നാമനായി ജനിച്ചു. കിടങ്ങൂര്‍ എന്‍ എസ് എസില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛനമ്മമാര്‍ക്കൊപ്പം ഹൈറേഞ്ചില്‍ എത്തി. വീട്ടിലെ ദാരിദ്ര്യം കാരണം പഠനം തുടരാനായില്ല. ചെറുപ്രായത്തില്‍ തന്നെ ജോലിചെയ്തു ജീവിക്കേണ്ടിവന്നു. തോട്ടത്തില്‍ കൂലിവേല ചെയ്തു വളര്‍ന്നു, പിന്നീട് അവര്‍ക്കിടയില്‍ നിന്ന് കര്‍ഷക തൊഴിലാളി നേതാവായി. 

1966 ല്‍ ഇരുപത്തിയൊന്നാം വയസ്സില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1970 ല്‍ ബൈസണ്‍വാലി, 1971 ല്‍ രാജാക്കാട് ലോക്കല്‍ കമ്മിറ്റികളുടെ സെക്രട്ടറിയായി. 1985 ല്‍ ആദ്യമായി ഇടുക്കി ജില്ല സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് എട്ടുതവണ സി.പി.ഐ(എം) ഇടുക്കി ജില്ലാ സെക്രട്ടറിയായി. കേരളസംസ്ഥാനത്ത് ഏറ്റവുമധികം കാലം സി.പി.എം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച വ്യക്തി എന്ന ബഹുമതിയും സഖാവ് എം എം മണിക്കാണ്. (വിക്കിപീഡിയ)

അരനൂറ്റാണ്ട് കാലത്തെ രാഷ്ട്രീയ ജീവിതത്തിന്റെ കാല്‍ നൂറ്റാണ്ട് കാലം ജില്ലയില്‍ പാര്‍ട്ടിയെ നയിച്ചതിന്റെ ബാലന്‍സ് ഷീറ്റുമായാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണി മത്സരിക്കാനിറങ്ങിയത്. കിടപ്പാടവും ലക്ഷങ്ങള്‍ വിലയുള്ള ഭൂസ്വത്തും ഇപ്പോള്‍ സഖാവിന് സ്വന്തമായുണ്ട്.

സഖാവിനൊപ്പം പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ സജീവമായിരിക്കുകയും സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വരെയാവുകയും ചെയ്ത സഹോദരന്‍ എം എം ലംബോധരന്‍ പിന്നീട് പാര്‍ട്ടിവിട്ട്, റിയല്‍ എസ്റ്റേറ്റ് ബിസിനസ് ഉള്‍പ്പെടെ പലതരം കച്ചവടങ്ങളിലൂടെ സമ്പന്നനായി. തനിക്കും കുടുംബാംഗങ്ങള്‍ക്കും മണിയുടെ പേരിലുള്ള പാര്‍ട്ടിയുടെ സ്ഥാപന ജംഗമ വസ്തുക്കള്‍ക്കുമായി രണ്ടു കോടി 82 ലക്ഷം രൂപയുടെ സ്വത്താണ് തെരഞ്ഞെടുപ്പ് വേളയില്‍ മണി വെളിപ്പെടുത്തിയിത്. അതിനര്‍ത്ഥം സഖാവ് എം എം മണിയും കുടുംബവും പട്ടിണിയില്‍നിന്ന് പട്ടിണിയിലേക്കല്ല വളര്‍ന്നത് എന്നാണ്. സാമ്പത്തിക മധ്യവര്‍ഗത്തിലേക്കും അധികാരത്തിലേക്കുമായിരുന്നു സഖാവിന്റെ വളര്‍ച്ച.

സാമ്പത്തിക മധ്യവര്‍ഗത്തിലേക്കും അധികാരത്തിലേക്കുമായിരുന്നു സഖാവിന്റെ വളര്‍ച്ച.

kp jayakumar column on mm mani ഭിത്തിയെന്നാല്‍ ഭൂതകാലത്തിന്റെ ചുമര്‍ ചിത്രങ്ങളാണ്. കുട്ടികളുടെ, മുതിര്‍ന്നവരുടെ പിരിഞ്ഞുപോയവരുടെ തലമുറകളുടെ ചുമരെഴുത്തുകള്‍.

അത് തൊഴിലാളി വർഗ്ഗമല്ല

സഖാവിന്റെ പട്ടിണിക്കാലവും വിദ്യാഭ്യാസം നേടാനാവാതെപോയ തൊഴിലാളി ഭൂതകാലവും പരുക്കന്‍ കമ്യൂണിസ്റ്റു ഭാവവും ജീവിതാനുഭവങ്ങള്‍
കാച്ചിപ്പഴുപ്പിച്ച നിറവും ഭാഷയും സത്യത്തില്‍, ഇന്ന്  പ്രതിനിധാനം ചെയ്യുന്നത് തൊഴിലാളി വര്‍ഗ്ഗത്തെയല്ല, മധ്യവര്‍ഗത്തെയാണ്. അതുകൊണ്ടാണ് എം എം മണിയുടെ വാക്കുകളില്‍ തൊഴിലാളി സഖാക്കളുടെ ഉള്ളുപൊള്ളുന്നത്.

തൊഴിലാളി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെ മണി വളര്‍ന്നു. എന്നാല്‍, മൂന്നാറിലെ തൊഴിലാളി സഖാക്കളോ? അവര്‍ അപ്പോഴും വളര്‍ന്നില്ല. മൂന്നാറിലെ തേയില തോട്ടങ്ങളില്‍ തുച്ഛമായ കൂലിക്ക് തലമുറകളായി പണിയെടുക്കുന്നവരാണ് അവരുള്‍പ്പെടുന്ന ഈ തമിഴ് ജനത. 

ഭൂരിപക്ഷവും സി.പി.ഐ നേതൃത്വംകൊടുക്കുന്ന എ.ഐ.ടി.യു.സി തൊഴിലാളികള്‍. സി.ഐ.ടി.യു ആണ് മറ്റൊരു പ്രബല യൂണിയന്‍. തൊഴിലാളികള്‍ ഇപ്പോള്‍ തെരുവിലിറങ്ങിയത് ഈ യൂണിയനുകളുടെ നേതൃത്വത്തിലല്ല. സ്വയം ഇറങ്ങിത്തിരിച്ചതാണ് അവര്‍. അതിനു കാരണം മറ്റൊന്നല്ല. തൊഴിലാളി യൂണിയനുകളില്‍ അവര്‍ക്ക് വിശ്വാസമില്ല.

തൊഴിലാളി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെ മണി വളര്‍ന്നു. എന്നാല്‍, മൂന്നാറിലെ തൊഴിലാളി സഖാക്കളോ?

അടിമകളും അദൃശ്യരായ മുതലാളിമാരും

ആദ്യം ബ്രിട്ടീഷ് മുതലാളിയും പിന്നീട് ടാറ്റയും അടിമകളാക്കി വെച്ച തൊഴില്‍ തലമുറയാണിത്. ടാറ്റ പിന്നീട് തൊഴിലാളികളുടെ സൊസൈറ്റി രൂപീകരിച്ച് തൊഴിലാളികളെ മുഴുവന്‍ കൈവിട്ടു. സാങ്കേതികമായി ഈ തൊഴിലാളികളുടെ കാര്യത്തില്‍ ടാറ്റക്ക് ഉത്തരവാദിത്തമില്ല. ടാറ്റയുടെ ഭൂമിയില്‍ താമസിച്ച്, അവരുടെ ഭൂമിയില്‍ പണിയെടുക്കുന്നവര്‍ മാത്രം. 

തൊഴിലുടമ സൊസൈറ്റിയാണ്. അവര്‍ ചെയ്യുന്ന അധ്വാനത്തിന്റെ ഫലം ടാറ്റക്കും. തൊഴിലാളികളുടെ മുന്‍കയ്യില്‍ സൊസൈറ്റി എന്ന ആശയത്തെ വെള്ളം തൊടാതെവിഴുങ്ങിയതും ടാറ്റക്ക് അനുകൂലമായി കരാറുകളില്‍ ഏര്‍പ്പെട്ടതും തൊഴിലാളിയൂണിയനുകള്‍ക്ക് ഭരണച്ചുമതലയുള്ള സൊസൈറ്റിയാണ്. ഫലത്തില്‍ മുതലാളി അദൃശ്യനാണ്. 

ഈ അദൃശ്യ മുതലാളിക്കുവേണ്ടി കാലാകാലങ്ങളായി തൊഴിലാളികളുടെ അധ്വാനവും ജീവിതവും പിഴിഞ്ഞെടുക്കുക എന്നതിലപ്പുറം അവരെ
സംരക്ഷിക്കുന്നതിനോ, പുനരധിവസിപ്പിക്കുന്നതിനോ മെച്ചപ്പെട്ട ജീവിത സാഹചര്യം സൃഷ്ടിക്കുന്നതിനോ തൊഴിലാളിയൂണിയനുകള്‍ ശ്രമിച്ചിട്ടേയില്ല.
തൊഴിലാളികളുടെ വരിസംഖ്യ വാങ്ങി മുതലാളിക്കുവേണ്ടി പ്രവര്‍ത്തിച്ച് തടിച്ചുകൊഴുത്ത തൊഴിലാളി വിരുദ്ധ പ്രസ്ഥാനമായിരുന്നു മൂന്നാറിലെ
തോട്ടം തൊഴിലാളി യൂണിയനുകള്‍. സിപിഐയാണ് ഇതില്‍ ഒന്നാം പ്രതി. രണ്ടാം പ്രതി സിപിഎമ്മും. തൊഴിലാളികളുടെ ജീവിതം ഇത്രയേറെ ദുരിതപൂര്‍ണമാക്കിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഇരുപാര്‍ട്ടികള്‍ക്കും ഒഴിയാനാവില്ല.

നിരക്ഷരരും നിരാലംബരുമായ ഈ കീഴാള ജനതയെ പതിറ്റാണ്ടുകള്‍ നയിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടികളാണ്. അതുകൊണ്ടുകൂടിയാണ് എം എം മണി എന്ന പഴയ തൊഴിലാളിനേതാവ് സ്ത്രീകളുടെ അവകാശ സമരത്തെ, സ്ത്രീത്വത്തെ തന്നെ, അപമാനിക്കുമ്പോള്‍ അത് അതീവ ഗുരുതരമായി രാഷ്ട്രീയമായിത്തീരുന്നത്.

തൊഴിലാളികളുടെ വരിസംഖ്യ വാങ്ങി മുതലാളിക്കുവേണ്ടി പ്രവര്‍ത്തിച്ച് തടിച്ചുകൊഴുത്ത ഒരു തൊഴിലാളി വിരുദ്ധ പ്രസ്ഥാനമായിരുന്നു യൂണിയനുകള്‍.

കങ്കാണികൾ ഉണ്ടാവുന്നത്

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തമിഴ്‌നാട്ടില്‍ നിന്ന് തൊഴിലാളികളെ കൂട്ടത്തോടെ ആട്ടിത്തെളിച്ച് മലമുകളിലെത്തിക്കാന്‍ ബ്രിട്ടീഷുകാര്‍ ഒരു മാര്‍ഗം കണ്ടെത്തി. ഈ തൊഴിലാളികളില്‍ നിന്നുതന്നെ യജമാനന്‍മാരെ റിക്രൂട്ട് ചെയ്യുക. കൂടുതല്‍ കൂലിയും വടിയും ട്രൗസറും തൊപ്പിയും ഷൂസും നല്‍കി ചിലരെ അവര്‍ കങ്കാണിമാരാക്കി. 

തൊഴിലാളികളെ അറിയുന്ന, അവരുടെ കൂടപ്പിറപ്പുകളില്‍ നിന്നായിരുന്നു ഈ കങ്കാണിവരവ്. അവര്‍ക്ക് തൊഴിലാളിയെ അറിയം അവരുടെ സ്‌നേഹത്തിന്റെയും രോഷത്തിന്റെയും ആഴമറിയാം. പ്രീണിപ്പിച്ചും ഭീഷണിപ്പെടുത്തിയും എങ്ങനെ കമ്പനി സായപ്പന്‍മാര്‍ക്കുവേണ്ടി പണിയെടുപ്പിക്കണമെന്നറിയാം. 

കൂടപ്പിറപ്പുകളെ മുതുകത്തടിച്ചും പീഡിപ്പിച്ചും ശിക്ഷിച്ചും കങ്കാണിമാര്‍ കൂറുകാട്ടി. മുതലാളിക്ക് നന്നായി സുഖിച്ചു. സഖാവ് എം എം മണിയുടെ വാക്കുകളില്‍ ഈ കങ്കാണിക്കൂറാണുള്ളത്.

ഈ കങ്കാണിക്കൂറിന്റെ രാഷ്ട്രീയം അറിയണമെങ്കില്‍ സമരം ചെയ്യുന്ന തമിഴ് സ്ത്രീകള്‍ ആരാണെന്നറിയണം. അവരുടെ ജീവിതം എന്താണെന്നറിയണം. ഒന്നര നൂറ്റാണ്ട് പിന്നിടുമ്പോഴും ലയങ്ങള്‍ എന്ന ഒറ്റമുറി വീടിനപ്പുറം ഭൂമിയെന്ന സ്വപ്നംപോലുമില്ലാതെ കഴിയന്ന മനുഷ്യരെ അറിയണം. അപ്പോഴാണ് അവരുടെ ആത്മാഭിമാനത്തിന്റെ വില നമ്മള്‍ തിരിച്ചറിയുന്നത്.

ഈ കങ്കാണിക്കൂറിന്റെ രാഷ്ട്രീയം അറിയണമെങ്കില്‍ സമരം ചെയ്യുന്ന തമിഴ് സ്ത്രീകള്‍ ആരാണെന്നറിയണം.

kp jayakumar column on mm mani മല്ലിക Photo: KP Jayakumar

തോട്ടങ്ങളിലെ അടിമജീവിതങ്ങള്‍

ശരണ്യ എന്ന 50 വയസുകാരി മുപ്പത് വര്‍ഷമായി തോട്ടം തൊഴിലാളിയാണ്. തിരച്ചിറപ്പള്ളിയാണ് ജന്‍മദേശം. 18 വയസ്സില്‍ വിവാഹം കഴിച്ച് മൂന്നാര്‍
മലനിരകളിലെത്തിയതാണ്. ഞായറും തിങ്കളും നോക്കാതെ പണിയെടുക്കുന്നു. 220 രൂപയാണ് ഒരുദിവസത്തെ കൂലി. രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് ജോലിസമയം. മാസ ശമ്പളമാണ്. ഞായറാഴ്ച ജോലി ചെയ്താല്‍ കൂലി അന്നുതന്നെ കിട്ടും. ചെറുചെറു വീട്ടാവശ്യങ്ങള്‍ അങ്ങനെയാണ് കഴിക്കുക. ഇനി ഒമ്പത് കൊല്ലം കൂടിയുണ്ട്, 59 വയസില്‍  പെന്‍ഷന്‍.

പച്ചയും മഞ്ഞകലര്‍ന്ന വെളുപ്പും നിറം പൂശിയ ലയത്തിലെ ആദ്യ വീടായിരുന്നു മല്ലികയുടേത്. വീടെന്നാല്‍ ഒറ്റമുറിയാണ്. ആ മുറിക്കപ്പുറം ഒരു ചെറു
ചായ്പ്പ്. അതാണ് അടുക്കള. മുറിയില്‍ ഒരു വീടു മുഴുവന്‍ ആവാഹിച്ചുവച്ചിരിക്കുന്നു. ടിവിയും ഫ്രിഡ്ജും തയ്യല്‍ മെഷീനും കട്ടിലും മേശയും കസേരകളും കമ്പിളിവസ്ത്രങ്ങളും...പിന്നെ കഷ്ടിച്ച് നില്‍ക്കാനുള്ള ഇടമേയുള്ളു. ഭിത്തിയെന്നാല്‍ ഭൂതകാലത്തിന്റെ ചുമര്‍ ചിത്രങ്ങളാണ്. കുട്ടികളുടെ, മുതിര്‍ന്നവരുടെ പിരിഞ്ഞുപോയവരുടെ തലമുറകളുടെ ചുമരെഴുത്തുകള്‍. മല്ലിക ഈ മണ്ണില്‍, തേയിലക്കാടുകള്‍ക്കുള്ളില്‍, ഈ ഒറ്റമുറി വീട്ടില്‍ ജനിച്ചുവളര്‍ന്ന നാലാം തലമുറയാണ്. ഒന്നര നൂറ്റാണ്ടിന്റെ ജീവചരിത്രത്തിലെ ഇങ്ങേയറ്റത്തെ കണ്ണി. മല്ലികയുടെ ഭര്‍ത്താവ് മുരുകന്‍ ചൊക്കനാട് ടീ ഫാക്ടറിയിലെ തൊഴിലാളിയാണ്. മക്കള്‍ രണ്ട് പേരും പഠിക്കുന്നു. 

നാട്ടുനടപ്പു പ്രകാരം, മറ്റെല്ലാ രക്ഷിതാക്കളെയും പോലെ ആ കുട്ടികളെ ഈ ജോലിക്ക് വിടരുതെന്നു തന്നെയാണ് മല്ലികയും മുരുകനും ആഗ്രഹിക്കേണ്ടത്. മക്കള്‍ നല്ല ജോലി കിട്ടി രക്ഷപ്പെടണമെന്നും. എന്നാല്‍, ആ ആഗ്രഹത്തിന് പറ്റാത്ത ഒരു കുരുക്കിലാണ് അവര്‍. തോട്ടം തൊഴിലാളികളുടെ പിന്‍ഗാമികളെ എന്നേക്കുമായി അടിമത്തൊഴിലില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ കാലാകാലങ്ങളായി തുടര്‍ന്നുപോരുന്ന കെണി. മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ജീവിതത്തിലെ ഏറ്റവും വലിയ മുറിവ്. 

അത് ഇങ്ങനെയാണ്. മല്ലികയും ഭര്‍ത്താവും പെന്‍ഷന്‍ പറ്റുന്നതോടെ അവര്‍ക്ക് കിടപ്പാടം നഷ്ടപ്പെടും. അതു വെറും കിടപ്പാടമല്ല. തലമുറകളായി അവരുടെ മുന്‍ഗാമികള്‍ താമസിച്ചു പോന്ന, അവര്‍ ജനിച്ചു ജീവിച്ച ലയത്തിലെ ഒറ്റമുറിവീട് ആണ്. അന്നന്നേക്കുള്ള ജീവിതം മാത്രം നടന്നുപോവുന്ന കൂലി വാങ്ങുന്ന മല്ലികയ്ക്കും മുരുകനും ഇന്നത്തെ മൂന്നാറിലോ പരിസരങ്ങളിലോ മറ്റൊരു തുണ്ട് ഭൂമി വാങ്ങാനോ വീടുണ്ടാക്കാനോ സാധ്യമല്ല. അതിനാല്‍, കിടപ്പാടം നഷ്ടമാവുമ്പോള്‍ അവര്‍ തെരുവിലേക്ക് വലിച്ചെറിയപ്പെടും. തലമുറകളായി ജീവിച്ച ജീവിതത്തില്‍നിന്നു കൂടിയാണ് ഈ പറിച്ചെറിയപ്പെടല്‍. 

അങ്ങനെ സംഭവിക്കാതിരിക്കാന്‍ എന്തു ചെയ്യണം? അതിനുള്ള വഴി മക്കളുടെ ജീവബലിയാണ്. അവരില്‍ ആരെങ്കിലും ഒരാളെങ്കിലും, മല്ലികയ്ക്കും മുരുകനും പകരമായി തോട്ടത്തില്‍ തൊഴിലാളികളാവണം. മല്ലികയും മുരുകനും ജീവിച്ച അതേ ദുരിതജീവിതം തുടരണം. മുതലാളിക്കും കങ്കാണിക്കുമായി ശിഷ്ടജീവിതം അടിമജീവിതമാക്കി മാറ്റണം. ഈ കെണിയിലാണ്, മൂന്നാര്‍ തോട്ടങ്ങളിലെ അടിമജീവിതങ്ങള്‍ തുടരുന്നത്. തോട്ടങ്ങള്‍ നടന്നുപോരുന്നത്. മുതലാളിമാര്‍ അവരായും കങ്കാണിമാര്‍ അവരായും തൊഴിലാളി നേതാക്കള്‍ അവരായും തുടരുന്നത്. നൂറ്റാണ്ടുകളായി നീളുന്ന തൊഴില്‍ ചങ്ങലയാണത്. 

മനുഷ്യരായി,പൗരസമൂഹമായി ഈ തമിഴ് തൊഴിലാളികളെ അംഗീകരിക്കാനുള്ള ജനാധിപത്യ ധാര്‍മികതയെയാണ് മണി ഇല്ലാതാക്കുന്നത്.

മണി ഇല്ലാതാക്കുന്നത്

ജനിച്ചുവളര്‍ന്ന മണ്ണില്‍ അഭയാര്‍ത്ഥികളായി ജീവിതം ജീവിച്ചു തീര്‍ക്കുന്ന മനുഷ്യരുടെ പ്രതിനിധികളാണ് മല്ലികയും മുരുകനും. കൊടും മഞ്ഞിലും മഴയിലും തേയിലനുള്ളി വളര്‍ന്നവര്‍. പിച്ചവെച്ചതും തിരണ്ടതും പ്രണയിച്ചതും വിവാഹം കഴിച്ചതും കുടുംബമായിപ്പുലര്‍ന്നതും തലമുറകള്‍ക്ക് ജന്‍മം നല്‍കി പോറ്റിവളര്‍ത്തിയതും ഈ പച്ചിലക്കാടുകള്‍ക്കുള്ളിലാണ്. അതുകൊണ്ടാണ് അവരുടെ സങ്കടങ്ങളെയും സമരങ്ങളെയും പുച്ഛിച്ചു തള്ളുേേമ്പാള്‍, അപമാനിക്കുമ്പോള്‍ ആ പെണ്‍ജീവിതങ്ങള്‍ക്ക് ഇത്രമേല്‍ പൊള്ളുന്നത്.

സഖാക്കളായി അംഗീകരിക്കാന്‍ കഴിഞ്ഞില്ലങ്കിലും മനുഷ്യരായി പൗരസമൂഹമായി ഈ തമിഴ് തൊഴിലാളികളെ അംഗീകരിക്കാനുള്ള ജനാധിപത്യ ധാര്‍മികതയെയാണ് മന്ത്രി എം എം മണി ഇല്ലാതാക്കുന്നത്.
 

ബോണസിനും കൂലിക്കൂടുതലിനും വേണ്ടിമാത്രം നടന്ന സമരമായിരുന്നില്ല പൊമ്പിള ഒരുമൈ.

അതൊരു സാധാരണ സമരമല്ല!

1877 മുതല്‍ 1964വരെ പൂര്‍ണമായും 1983വരെ ഭാഗികമായും വൈദേശികാധിപത്യത്തിന്‍ കീഴിലായിരുന്നു കണ്ണന്‍ ദേവന്‍ മലനിരകള്‍. ഇക്കാലമത്രയും കമ്പനിയുടെ പ്രജകളായിരുന്നു ഈ തമിഴ്് മക്കള്‍. 1983ല്‍ വിദേശ കമ്പനികള്‍ പൂര്‍ണമായും പിന്‍വാങ്ങി. കണ്ണന്‍ദേവന്‍ കുന്നുകള്‍ ടാറ്റയുടെ അധീനതയിലായി. ഒന്നിലധികം പ്രജാത്വവും പൗരത്വവും ഒരേസമയം വഹിക്കേണ്ടിവന്ന ജനത. അധിനിവേശത്തിന്റെയും മുതലാളിത്തത്തിന്റെയും ഇരകളായി കഴിയേണ്ടിവന്ന ജനത. കാര്‍ഷിക മുതലാളിത്തത്തിന്റെയും ദേശീയ ഭരണകൂടത്തിന്റെയും ഉഭയപൗരത്വത്തിന്റെ സംഘര്‍ഷങ്ങള്‍ അനുഭവിക്കേണ്ടിവന്നവര്‍.

കാര്‍ഷികചരിത്രമെന്നാല്‍ വന്‍കിടതോട്ടങ്ങളുടെയും തോട്ടമുടമകളുടെയും കമ്പനികളുടെയും ചരിത്രമായിരുന്നു. കാര്‍ഷിക ഭൂപ്രദേശത്തിന്റെ നിര്‍മ്മാണത്തിലും തുടര്‍ച്ചയിലും വലിയ പങ്കുവഹിച്ച തൊഴിലാളികളുടെ ജീവിതത്തിന്  ചരിത്രത്തില്‍ ഇടം കിട്ടിയില്ല. ഇന്നും ലയങ്ങളില്‍ അടിമജീവിതം നയിക്കുന്ന നൂറ്റാണ്ടുകള്‍ പിന്നിട്ട തമിഴ് ജീവിതത്തെ നാം തിരിഞ്ഞു നോക്കിയിട്ടില്ല. 

അതുകൊണ്ടുതന്നെയാണ് പൊമ്പിള ഒരുമൈ സമരം സവിശേഷമായ ഒന്നായി മാറുന്നത്. തോട്ടം മേഖലയില്‍പതിവായി നടക്കുന്ന ബോണസിനും കൂലിക്കൂടുതലിനും വേണ്ടി മാത്രം നടന്ന സമരമായിരുന്നില്ല അത്. ഒരു ജനത എന്ന നിലയില്‍ തങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്തുന്ന സവിശേഷ മുഹൂര്‍ത്തം കൂടിയായിരുന്നു. അര നൂറ്റാണ്ടുകാലം തൊഴിലാളി വര്‍ഗ പ്രവര്‍ത്തകനായിരുന്നിട്ടും കാല്‍ നൂറ്റാണ്ട് കാലം ജില്ലയില്‍ പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ചിട്ടും തൊഴില്‍ ജീവിതത്തിന്റെ അടരുകളെക്കുറിച്ച് അതിന്റെ ആഴങ്ങളില്‍ ഉരുള്‍പൊട്ടിയ സമരസന്ദര്‍ഭങ്ങളെക്കുറിച്ച് അതിലെ പെണ്‍മുഴക്കങ്ങളെക്കുറിച്ച് അറിയാനാവാതെ പോയ നേതാവ് എന്നാണ് ചരിത്രം എം എം മണിയെ വിലയിരുത്തുക. 

ആ ഇച്ഛാഭംഗത്തിന്റെ ആണത്തപ്രകടനമായിരുന്നു കങ്കാണിയുടെ ഭാഷയില്‍ എം എം മണിയില്‍ നിന്ന് പുറത്തുവന്നത്. അതാകട്ടെ അങ്ങാടിയില്‍ തോറ്റ കേവലപുരുഷനല്ല, പദവിയുമധികാരവുമുള്ള ആണത്തമാണ്.
 

Follow Us:
Download App:
  • android
  • ios