Asianet News MalayalamAsianet News Malayalam

ഡി എസ് എന്‍ ജി, എവനൊരു പുലി തന്നെ

KP Vinod column on DSNG
Author
Thiruvananthapuram, First Published Jun 1, 2016, 10:18 AM IST

KP Vinod column on DSNG

കേന്ദ്ര ഭക്ഷ്യസഹമന്ത്രി  കെ വി തോമസിന്റെ വാക്കുകള്‍ കടമെടുത്താല്‍ 'ഭൂമിയില്‍ കുറ്റം ചെയ്യുന്നവരെ നരകത്തില്‍ എണ്ണയില്‍ വറക്കുന്ന വലിയചട്ടിയുമായി വരുന്ന വണ്ടി 'എന്ന ഡി എസ് എന്‍ ജി (ഡിജിറ്റല്‍ സാറ്റലൈറ്റ് ന്യൂസ് ഗാതറിങ് യൂണിറ്റ്) വിപ്‌ളവകരമായ മാറ്റമാണ് ദ്യശ്യമാധ്യമരംഗത്ത് വരുത്തിയത്. അതുവരെ വാര്‍ത്തകള്‍ സംഭവിക്കുന്ന സ്ഥലത്ത് എത്തി വാര്‍ത്താസംഘം ശേഖരിക്കുന്ന ദൃശ്യങ്ങള്‍ തിരികെ സ്റ്റുഡിയോയില്‍ എത്തിച്ച് വിഷ്വല്‍ എഡിറ്റ് ചെയ്ത് ശബ്ദം കൊടുത്തുകാണിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. ഇവിടേക്ക് ആണ് ഔട്‌സൈഡ് ബ്രോഡ്കാസ്റ്റിങ് വാന്‍ (ഒ ബി വാന്‍) എന്നു സാധാരണ വിളിക്കുന്ന സഞ്ചരിക്കുന്ന സംപ്രേഷണ സങ്കേതം ഓടിക്കേറിയത്. ഇതോടെ ഒരു ഡി എസ് എന്‍ ജി ടെക്‌നീഷ്യനും ഒരു ഡ്രൈവറും കൂടി വാര്‍ത്താ സംഘത്തിന്റെ  ഭാഗമായി. കേരളത്തിലെ വാര്‍ത്തകള്‍ തത്സമയംഎത്തിക്കുന്നതില്‍ ചരിത്രത്തില്‍ ഇടം  നേടിയത് ഇന്ത്യാവിഷന്‍  ആണ്. ഏഷ്യാനെറ്റിന്  ഈ സാങ്കേതിക വിദ്യ കൈവശപ്പെടുത്താന്‍ ഉള്ള സാമ്പത്തിക ഭദ്രത ഉണ്ടായിരുന്നെങ്കിലും ആ തീരുമാനം എടുക്കുന്നതില്‍ പിന്നിലായിപ്പോയി. അതിന്  ഏഷ്യാനെറ്റിന്റെ കളരിയില്‍ ടി വി ജേര്‍ണലിസത്തിന്റെ മെയ് വഴക്കം സിദ്ധിച്ച എം.വി നികേഷ് കുമാര്‍ വേണ്ടിവന്നു എന്നത് ചരിത്രം.   

സാധാരണ ചാനലുകള്‍ സ്ഥിരം സംപ്രേഷണം തുടങ്ങുന്നതിനു മുമ്പുളള ടെസ്റ്റ് സംപ്രേഷണം നടത്തിയിരുന്നത് ചലച്ചിത്രഗാനങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് സംപ്രേഷണം ചെയ്തുകൊണ്ടായിരുന്നു. 2003ല്‍ ഇന്ത്യാവിഷന്‍ ചാനലിന്റെ തുടക്കം.  കേരളം അന്നൊരു സമരമുഖത്തായിരുന്നു. യു ഡി എഫ് സര്‍ക്കാര്‍ കറന്റുചാര്‍ജ് കൂട്ടിയതില്‍ പ്രതിഷേധിച്ച്, സി പി എമ്മിനേയും അമ്പരപ്പിച്ച് സി പി ഐ  സമരമുഖത്ത് മുന്നേറുന്ന സമയം, കേരളത്തില്‍ അങ്ങോളമിങ്ങോളം സി പി ഐ- എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ പോലീസുമായി നിരന്തരം സംഘര്‍ഷം നടത്തി, കേരളത്തിലെ വൈദ്യുതി ഓഫീസുകള്‍ അടിച്ചു തകര്‍ക്കുന്ന സമരം ഈ ദൃശ്യങ്ങള്‍ ആയിരുന്നു ഇന്ത്യാവിഷന്റെ ടെസ്റ്റ് സംപ്രേഷണദൃശ്യങ്ങള്‍.  ഇത് എഴുതുമ്പോഴും ഓര്‍മ്മയില്‍ വേദനയോടെ നില്‍ക്കുന്ന ഒരു ദൃശ്യമുണ്ട്. കൊല്ലത്തെ ഏതോ കെ എസ് ഇ ബി  ഓഫീസ് അടിച്ചു തകര്‍ക്കുന്നതിനിടയില്‍ പോലീസ് എത്തുകയും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പുറത്തേക്കോടുന്ന പ്രവര്‍ത്തകന്റെ നാഭിക്കു ബൂട്ടിട്ട് തൊഴിക്കുന്ന പോലീസുകാരനും  അടിവയറ്റില്‍ തൊഴിയുടെ പ്രതിപ്രവര്‍ത്തനത്തില്‍ അലറിവിളിച്ച് താഴെ വീണ ആ ഹതഭാഗ്യനും. രാവിലെ മുതല്‍ വൈകുന്നേരം വരെ ഈ ദൃശ്യങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് കാണിക്കുന്നത് മലയാളിക്ക് മറ്റൊരു ദൃശ്യാനുഭവമായിരുന്നു. പിന്നീട് ഏഷ്യാനെറ്റ് ഈ വാഹനം സ്വന്തമാക്കി. ഇപ്പോള്‍ ചാനല്‍ തുടങ്ങുന്നതിനു മുമ്പേ ഡി എസ് എന്‍ ജി ചാനല്‍മുറ്റത്ത് പത്തിതാഴ്ത്തിക്കിടക്കും.

KP Vinod column on DSNG

ഫോട്ടോ: പി.ടി മില്‍ട്ടന്‍

ഡി എസ് എന്‍ ജിയും രാജ്‌മോഹന്‍ ഉണ്ണിത്താനും 
പത്രപ്രവര്‍ത്തനത്തിന്റെ തുടക്കം മുതല്‍ കേട്ടിരുന്ന ഒരു കാര്യമാണ് വാര്‍ത്ത എഡിറ്റിങ് ടേബിളില്‍ മറ്റു താല്‍പര്യങ്ങളുടെ ഭാഗമായി  കൊന്നുകളയുന്നത് (കില്‍ ചെയ്യല്‍ എന്നാണ് സാധാരണ പറയുക, ഇക്കാര്യത്തില്‍ കുപ്രസിദ്ധിയാര്‍ജിച്ച സീരിയല്‍ കില്ലര്‍മാര്‍ക്ക് പഞ്ഞമില്ലാത്ത നാട്ടിലേക്കാണ് തമ്പുരാന്‍ ഡി എസ് എന്‍ ജിയെ അയച്ചത്.) ഈ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ ഇവനൊരു പുലിയാണ്. പല സന്ദര്‍ഭങ്ങളിലും ചില സത്യങ്ങള്‍ ചിലര്‍ വിളിച്ചു പറഞ്ഞപ്പോള്‍ ഇവന്‍ സ്വദേശാഭിമാനി രാമകൃഷ്ണപിളളയുടെ പത്രത്തിന്റെ ഉടമ വക്കം മൗലവിയുടെ റോള്‍ എടുത്തിട്ടുണ്ട്.  മുരളീധരനും രാജ്‌മോഹന്‍ ഉണ്ണിത്താനുമായുള്ള ഇപ്പോഴും നില നില്‍ക്കുന്ന ശത്രുതക്ക് ഒരു കാരണം ഡി എസ് എന്‍ ജി എന്ന കൂടോത്രമാണെന്ന് എനിക്ക് തോന്നുന്നു. 

കേരളത്തിലെ ഗ്രൂപ്പുരാഷ്ട്രീയത്തില്‍ ഡി ഐ സി യുടെ രൂപീകരണം വരെ എത്തിയ കാലം മുരളീധരന്റെയും കരുണാകരന്റെയും യുദ്ധ തന്ത്രങ്ങള്‍ക്ക് ഒപ്പിച്ച് പൊതുജനമധ്യത്തില്‍ തേരുതെളിക്കുന്നതില്‍ പ്രധാനിയായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍.  അദ്ദേഹത്തെ കാസര്‍കോഡ് മുതല്‍ കളിയിക്കാവിള വരെയുള്ള കൊച്ചു കുട്ടികള്‍ പോലും തിരച്ചറിയുന്നതില്‍ ഡി എസ് എന്‍ ജി ക്ക് നിര്‍ണ്ണായകസ്ഥാനം ഉണ്ടായിരുന്നു. പുതിയ പാര്‍ട്ടിയുണ്ടാക്കും എന്നു പറഞ്ഞ് പുതിയ കൊടി വരെ തയ്പ്പിച്ച് കഴിഞ്ഞ് അവസാനം മുരളീധരന്‍ എത്താതിരുന്ന തിരുവനന്തപുരത്തെ ടാഗോര്‍ തീയറ്ററില്‍ നടന്ന മീറ്റിങ്ങില്‍ സ്റ്റേജിലേക്ക് ക്ഷണിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ കൈയടി ലഭിച്ചത് രാജ്‌മോഹന്‍ ഉണ്ണിത്താനും പിന്നെ ശോഭനാ ജോര്‍ജ്ജിനുമായിരുന്നു. ഈ കൈയ്യടി കേട്ടപ്പോള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മനസ്സുകൊണ്ടെങ്കിലും ഡി എസ് എന്‍ ജി എന്ന തത്സമയ സംപ്രേഷണ വാഹനത്തെക്കുറിച്ച് ഓര്‍മ്മിച്ചുകാണുമോ എന്തോ?           

തിരുവനന്തപുരത്ത് ഇന്ദിരാ പ്രിയദര്‍ശിനിയുടെ പേരിലുള്ള പ്രിയദര്‍ശിനി പ്‌ളാനറ്റേറിയത്തിനു മുമ്പില്‍ നടന്ന മുണ്ടുരിയല്‍ നാടകത്തിനുശേഷം പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയപ്പോള്‍ കെ പി സി സി ഓഫീസിനു  മുന്നില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനും ശരത്ചന്ദ്രപ്രസാദും അനിശ്ചിതകാല സത്യഗ്രഹം നടത്തി. അതുവരെയുളള സമരമുഖത്തൊന്നും അവര്‍ ഉപയോഗിച്ചിട്ടില്ലാത്ത ഒരായുധവും (ഗാന്ധിതൊപ്പി) രണ്ടുപേരുടേയും തലയിലുണ്ടായിരുന്നു. 

സത്യഗ്രഹത്തിന്റെതുടക്കത്തില്‍ ചാനലുകളുടെ മൈക്കിനുമുന്നില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഒരു പ്രസംഗം നടത്തിയിരുന്നു.  അത് ഏഷ്യാനെറ്റും ഇന്ത്യാവിഷനും തത്സമയം സംപ്രേഷണം ചെയ്തു. ഇവിടെ ഡി എസ് എന്‍ ജി വക്കം മൗലവിയെപ്പോലെ പ്രവര്‍ത്തിച്ചപ്പോള്‍ പറഞ്ഞതിലുമപ്പുറമുള്ള പല അര്‍ത്ഥങ്ങളും കാഴ്ചക്കാരന്റെ മനസ്സില്‍ ഉരുത്തിരിഞ്ഞിരിക്കണം. ആ പ്രസംഗത്തിലൂടെ പ്രശസ്തമായ 'ഡെന്നീസേ ഇവിടുത്തെ ബക്കറ്റ് എവിടെപ്പോയി' എന്ന ചോദ്യവും തുടര്‍ന്നുള്ള വിളിച്ചുപറച്ചിലുകളും  ഒരു പക്ഷെ ഈ ഡി എസ് എന്‍ ജി ഇല്ലായിരുന്നെങ്കില്‍ എന്ത് മത്സരത്തിന്റെ അടിസ്ഥാനത്തിലാണെങ്കിലും ജനങ്ങളിലേക്ക് എത്തുമെന്ന് ഇപ്പോഴും ഞാന്‍ കരുതുന്നില്ല. 

കാലം പിന്നെയും ഉരുണ്ടു. വിഷുവും ഓണവും കേരളപ്പിറവിയും വരുന്നതിനൊപ്പം ഓരോരോ ചാനലുകളും പിറന്നുകൊണ്ടിരുന്നു.  ഈ ചാനലുകളില്‍ നിന്നറിഞ്ഞതിനപ്പുറം അറിയിക്കാന്‍ മനോരമയും പുതിയ ചാനല്‍ തുടങ്ങി.  ജീവിതയാത്രയില്‍ പലപ്പോഴും സ്‌നേഹത്തിന്റെ നൂലിഴപൊട്ടിക്കാന്‍-അത് നേട്ടത്തിനായാലും കോട്ടത്തിനായാലും-കഴിയാതിരുന്നതിനാല്‍ 2006 ലെ പ്രണയദിനത്തില്‍ ഞാനും മനോരമാന്യൂസിന്റെ സീനിയര്‍ ക്യാമറാമാനായി.  

ഒരു ദിവസം വികാസ്‌വാണിയുടെ മട്ടുപ്പാവില്‍ നില്‍ക്കുമ്പോള്‍ താഴെ കിടന്നിരുന്ന ഡി എസ് എന്‍ ജി ഒന്നു മുരണ്ടു.  ഫണം ഉയര്‍ത്തി ഇടത്തോട്ടും വലത്തോട്ടും നോക്കി. വീണ്ടും പത്തിതാഴ്ത്തി ഗേയ്റ്റ് കടന്ന് റബ്ബര്‍ തോട്ടത്തിനു നടുവിലൂടെ ഓടിമറിഞ്ഞു. പെട്ടെന്ന് പുറകില്‍ നിന്ന് ഒരുശബ്ദം. 'ഇവര്‍ എന്നും എവിടെ പോകുന്നതാടാ' തിരിഞ്ഞ് നോക്കുമ്പോള്‍ മനോരമാന്യൂസിന്റെ ഡയറക്ടര്‍ ജോണി ലൂക്കോസ്.

പിണറായി വിജയന്റെ 'നികൃഷ്ടജീവി' പ്രയോഗം കത്തിനില്‍ക്കുന്ന കാലം, പാലക്കാട് പിണറായി വിജയന്‍ പ്രസംഗിക്കുന്നുവെന്നറിഞ്ഞ് മനോരമ ന്യൂസിന്റെ കോഴിക്കോട്ടെ ഡി എസ് എന്‍ ജി കേടായതിനാല്‍ കൊച്ചിയിലെ ഡി എസ് എന്‍ ജി ഓടിയണച്ച് ഏഴുമണിയോടെ സ്ഥലത്തെത്തി ഫണം വിടര്‍ത്തി നിന്നു. പിണറായി വിജയന്റെ പ്രസംഗം  അമേരിക്കയില്‍നിന്നു തുടങ്ങി ചൈന വഴി  ഇന്ദ്രപ്രസ്ഥത്തിലെ വിശേഷങ്ങള്‍ കഴിഞ്ഞ് കേരളത്തിലെ മാധ്യമ സിന്‍ഡിക്കേറ്റിലേക്ക് കടന്നപ്പോള്‍ വിഷയം മനോരമയായി.  പതിയെ തുടങ്ങി ആരോഹണത്തിലേക്ക്  കടന്നപ്പോള്‍ അവിടെനിന്ന റിപ്പോര്‍ട്ടര്‍ക്ക് തോന്നി ഇവിടെ നില്‍ക്കുന്നത് പന്തിയല്ല. സാധാരണ സംഭവിക്കുന്നതുപോലെ ക്യാമാറാമാനെ വിട്ട് റിപ്പോര്‍ട്ടര്‍ പതുക്കെ നമ്മുടെ താരമായ ഡി എസ് എന്‍ ജി യുടെ ഉള്ളിലേക്ക് വലിഞ്ഞു.  

തന്റെ  വാക്കുകള്‍  കൂടി നില്‍ക്കുന്ന ജനത്തെ ആവേശം കൊള്ളിച്ചാല്‍,  സ്റ്റേജിനുമുന്നില്‍ മുക്കാലിയില്‍ നിരത്തി വച്ചിരിക്കുന്ന ക്യാമറകള്‍കൊണ്ട് തങ്ങളുടെ നേതാവിന്റെ പ്രസംഗം കാണാന്‍ തടസ്സം ഉണ്ടാക്കുന്ന ക്യാമറാമാന്മാരിലേക്ക് രോഷം തിരിയാതിരിക്കാന്‍ ഒന്നു നിര്‍ത്തി, പിണറായി ഇങ്ങനെ പറഞ്ഞു.  'നിങ്ങള്‍ അവരെ വെറുതേ വിട്ടേക്കൂ ഇവര്‍ വെറും കീടങ്ങള്‍. വെറും കൂലിക്കാര്‍. ഇവരെ നിയന്ത്രിക്കുന്ന കോട്ടയത്തിരിക്കുന്ന തല നരച്ച എല്ലാവരും മാത്തുക്കുട്ടിച്ചായന്‍ എന്നുവിളിക്കുന്ന....'. എല്ലാ വാര്‍ത്താ ചാനലുകളും നിരത്തി വച്ചിരിക്കുന്ന മനോരമ ന്യൂസിന്റെ അരൂര്‍ ന്യൂസ്ഡസ്‌കില്‍ വരാന്‍ പോകുന്ന വാക്കുകള്‍ പ്രതീക്ഷിച്ച് ചിലര്‍ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റു.  ചിലര്‍ റോമി ചേട്ടാ റോമി ചേട്ടാ........എന്ന് വിളിച്ച് അങ്ങോട്ടും ഇങ്ങോട്ടും ഓടി. (റോമി മാത്യവായിരുന്നു ഇന്‍പുട്ട് എഡിറ്റര്‍. ഇപ്പോള്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍) 

അപ്പോഴേക്കും പിണറായി വിജയന്‍ പറഞ്ഞ വാക്കുകള്‍ മൈക്കില്‍ നിന്നു പിടിച്ചെടുത്ത് കേബിളുവഴി നമ്മുടെ ഡി എസ് എന്‍ ജി യില്‍ നിന്ന് ആകാശവിസ്മയങ്ങള്‍ക്കിടയില്‍ മനുഷ്യര്‍ തൊടുത്തുവിട്ട സാറ്റലൈറ്റില്‍ എത്തി തിരിച്ച് കേരളത്തിലെ സ്വീകരണമുറികളില്‍ എത്തിക്കഴിഞ്ഞിരുന്നു.  പിറ്റേദിവസം മനോരമ പത്രത്തിലെ ചില സുഹൃത്തുക്കള്‍ കാന്റീനില്‍ വച്ചു കണ്ടപ്പോള്‍ പറഞ്ഞു എന്താണ്  നിങ്ങള്‍ ടി വി ക്കാര്‍ കാണിച്ചത്. പത്രത്തിലാണെങ്കില്‍ അയാള്‍ പറയുന്ന  ഭോഷ്‌ക്കൊന്നും ഞങ്ങള്‍ കൊടുക്കില്ല. അവര്‍ അറിയുന്നില്ലല്ലോ, ടി വിയില്‍ തത്സമയസംപ്രേഷണം നടക്കുമ്പോള്‍ ഇവനൊരു പുലിയാണെന്ന്.  ഡി എസ് എന്‍ ജി, അവന്‍ ചിലപ്പോള്‍ വാര്‍ത്തകളുടെ കടയ്ക്കല്‍ കത്തിവെക്കാത്ത ആ പഴയ പത്രമുടമ വക്കം മൗലവിയായി മാറും എന്ന്.

KP Vinod column on DSNG

ഏഷ്യാനെറ്റ് ന്യൂസിന്റെ ആദ്യ ഡിഎസ്എന്‍ജി. ഇപ്പോള്‍ പ്രവര്‍ത്തന യോഗ്യമല്ലാത്ത ഇത് തിരുവനന്തപുരം ഏഷ്യാനെറ്റ് ന്യൂസ് ആസ്ഥാനത്ത്   സൂക്ഷിക്കുന്നുണ്ട്. ഫോട്ടോ: പി.ടി മില്‍ട്ടന്‍
 

ഡിഎസ്എന്‍ജിയില്‍ ഉണങ്ങാനിട്ട വസ്ത്രങ്ങള്‍
തിരുവനന്തപുരത്തിന്റെ ഓണംകേറാമൂലയായിരുന്ന പുളിയറക്കോണത്തെ റബ്ബര്‍ തോട്ടത്തിനു നടുവില്‍ കേരളത്തിലെ ആദ്യത്തെ സാറ്റലൈറ്റ് ടെലിവിഷന്‍ തുടങ്ങിയ മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ സാര്‍ ചരിത്രത്തില്‍ ഇടം നേടി. അക്കാലത്തുതന്നെ എറണാകുളത്തിന്റെ കിഴക്ക് തെങ്ങോട് എന്ന ഗ്രാമത്തിലെ റബ്ബര്‍ തോട്ടത്തിനുനടുവില്‍ ടെലിവിഷന്‍ ചാനല്‍ സ്വപ്‌നം കണ്ട് ഫാദര്‍ സിറിയക് തുണ്ടിയില്‍ എന്ന പാതിരി വികാസ്‌വാണി സ്റ്റുഡിയോ തുടങ്ങി.  ആ സ്വപ്‌നം പൂവണിഞ്ഞില്ലെങ്കിലും, വര്‍ഷങ്ങള്‍ക്കുശേഷം മനോരമ ന്യൂസിന്റെ ആദ്യകാല ശട്രയിനിങ് നടന്നത് ഇവിടെയാണ്. തുടക്കത്തിലെ മനോരമ ന്യൂസിന്റെ താല്കാലിക സ്റ്റുഡിയോയുടെ മുമ്പിലും മൂന്ന് ഡി എസ് എന്‍ ജി കള്‍ പത്തി താഴ്ത്തിക്കിടന്നു.

ടെലിവിഷന്‍ വാര്‍ത്താസംഘത്തിന്റെ നേട്ടങ്ങളുടെ കണക്കെടുപ്പില്‍ ക്യാമറാമാന്‍മാര്‍ക്ക് ചെറിയ ഇടം ലഭിച്ചെങ്കിലും, തല്‍സമയസംപ്രേഷണം എന്ന സങ്കേതം വാര്‍ത്താ ടീമിനിടയിലേക്ക് ഓടിക്കയറിയെങ്കിലും   ഡി എസ് എന്‍ ജി ക്കും പ്രവര്‍ത്തകര്‍ക്കും പുറംപണിക്കാരന്റെ സ്ഥാനമേ കിട്ടിയുള്ളൂ.

ഒരു ദിവസം വികാസ്‌വാണിയുടെ മട്ടുപ്പാവില്‍ നില്‍ക്കുമ്പോള്‍ താഴെ കിടന്നിരുന്ന ഡി എസ് എന്‍ ജി ഒന്നു മുരണ്ടു.  ഫണം ഉയര്‍ത്തി ഇടത്തോട്ടും വലത്തോട്ടും നോക്കി. വീണ്ടും പത്തിതാഴ്ത്തി ഗേയ്റ്റ് കടന്ന് റബ്ബര്‍ തോട്ടത്തിനു നടുവിലൂടെ ഓടിമറിഞ്ഞു. പെട്ടെന്ന് പുറകില്‍ നിന്ന് ഒരുശബ്ദം. 'ഇവര്‍ എന്നും എവിടെ പോകുന്നതാടാ' തിരിഞ്ഞ് നോക്കുമ്പോള്‍ മനോരമാന്യൂസിന്റെ ഡയറക്ടര്‍ ജോണി ലൂക്കോസ്. എനിക്ക് പലപ്പോഴും തോന്നിയ ചോദ്യമാണ് ജോണിസാര്‍ ചോദിച്ചത്.  അന്യദേശതൊഴിലാളികളെപ്പോലെ ഇവര്‍ എന്നും ഡി എസ് എന്‍ ജി ക്കുള്ളിലുമായിരുന്നതിനാല്‍ വലിയ പരിചയം ഉണ്ടയിരുന്നില്ല. പിന്നെ രാഷ്ട്രഭാഷയില്‍ ഉള്ള പരിമിതിയും. ഹിന്ദിയും മണിപ്പൂരിയും നല്ലവണ്ണം അറിയാവുന്ന എല്ലാവരേയും വേര്‍തിരിവില്ലാതെ സൗഹൃദമുണ്ടാക്കുന്ന ക്യാമറാമാന്‍ സിന്ധുകുമാറിനോട് (എസ് കെ)ചോദിച്ചു ഇവര്‍ എന്നും എവിടെയാ പോകുന്നത്.

വാടകയ്ക്ക് എടുത്ത ഡി എസ് എന്‍ ജി  യുടെ ഓപ്പറേറ്റര്‍ക്കും ഡ്രൈവര്‍ക്കും ക്യാന്റീനില്‍ പ്രവേശനമില്ലാത്തതിനാല്‍ ഒരു ലിറ്ററിന് അഞ്ചു കിലോമീറ്റര്‍ ഓടുന്ന ഡി എസ് എന്‍ ജി യുമായി പതിനഞ്ചു കിലോമീറ്ററോളം ദിവസം മൂന്നും നാലും പ്രാവശ്യം പോകാന്‍ ഡീസല്‍ അടിച്ചുകൊടുത്ത് ക്യാന്റീന്‍ ചെലവ് കുറയ്ക്കാം എന്ന് പബ്‌ളിക് ആന്റ് അഡ്മിനിസ്ട്രഷന്‍ തലവന്റെ മാനേജ്‌മെന്റ് വൈദഗ്ധ്യമായിരുന്നു ഡി എസ് എന്‍ ജി യുടെ എല്ലാ ദിവസത്തേയും ഈ യാത്ര. 

KP Vinod column on DSNG

മുല്ലപ്പെരിയാര്‍ സമരം കത്തിനില്ക്കുന്ന കാലം. അപ്രതീക്ഷിതമായി സമരത്തിന്റെ ചുക്കാന്‍ കയ്യിലെടുത്ത് സി പി ഐ ഇടുക്കി എം. എല്‍. എ. ഇ എസ് ബിജിമോള്‍ അനിശ്ചിതകാല നിരാഹാരസമരം പ്രഖ്യാപിച്ചു.  നാട്ടിലെ ചാനലുകളുടെ ഡി എസ് എന്‍ ജി കള്‍ ഹൈറേഞ്ച് ചുരം താണ്ടി ചപ്പാത്ത് പാലത്തിന്റെ ഓരത്ത് ഫണം ഉയര്‍ത്തി തന്റെ ഊഴവും കാത്ത് കിടന്നു. ചപ്പാത്തിന്റെ ഓരോ ചലനങ്ങളും അപ്പപ്പോള്‍ നാട്ടിലെത്തിക്കാന്‍ ഇവര്‍ വേണമെങ്കിലും നേരത്തെ സൂചിപ്പിച്ചപോലെ ഇവരുടെ സേവനവ്യവസ്ഥകളില്‍ ഇപ്പോഴും വാര്‍ത്താ ടീമിനൊപ്പം കണക്കാക്കാത്തതിനാല്‍ ഇവിടെയും ഉണ്ടായിരുന്നു രണ്ടു ഹതഭാഗ്യന്മാര്‍.

റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഡി എസ് എന്‍ ജി   അന്യദേശത്തുനിന്നും വാടകക്കെടുത്തതാണ്. അവരുടെ റിപ്പോര്‍ട്ടറും ക്യാമറാമാന്മാരും രാവിലെ മുതല്‍ തുടങ്ങിയ ജോലിയുടെ ക്ഷീണം തീര്‍ക്കാന്‍ ലോഡ്ജിലേക്ക് കൂടണയുമ്പോള്‍ ഡി എസ് എന്‍ ജി  ക്കാര്‍ തങ്ങളുടെ മുഷിഞ്ഞ വസ്ത്രവും തോര്‍ത്തുമായി ആറ്റിലിറങ്ങി കുളിച്ച്, കഴുകിയ വസ്ത്രങ്ങള്‍ ഡി എസ് എന്‍ ജി റയുടെ വലിയ ചട്ടിയില്‍ ഉണങ്ങാന്‍ ഇട്ട് കോടമഞ്ഞിന്റെ തണുപ്പിലേക്ക് ഊളിയിടും.പത്തരയുടെ വാര്‍ത്തയില്‍ റിപ്പോര്‍ട്ടറുടെ ലൈവും കഴിഞ്ഞ് ഞങ്ങള്‍ ഏലപ്പാറയിലെ ലോഡ്ജിലേക്ക് മടങ്ങുമ്പോള്‍ 'രാവിലെ കാണാം' എന്ന വാഗ്ദാനവുമായി ഡ്രൈവര്‍ മൈക്കിള്‍ ചേട്ടന്‍ തേയിലക്കാടിനിടയിലൂടെ കോടമഞ്ഞിലേക്ക് മറയുമ്പോള്‍, അഞ്ചു കിലോമീറ്റര്‍ മൈലേജുള്ള വണ്ടിക്ക് നൂറ്റിയിരുപത് കിലോമീറ്റര്‍ ഓടാന്‍ ഡീസല്‍ അടിച്ചുകൊടുത്ത് ഡ്രൈവറുടെ  മുറിവാടക നൂറ്റിയമ്പതു രൂപാ അധികമാകാതെ ചെലവു റചുരുക്കുന്ന  പബ്‌ളിക് ആന്റ് അഡ്മിനിസ്ട്രഷന്‍ മാനേജരുടെ കണക്കുശാസ്ത്രം ഇപ്പോഴും പതിഞ്ഞതിനപ്പുറത്തെ കാഴ്ചയാണ്. 

Follow Us:
Download App:
  • android
  • ios