Asianet News MalayalamAsianet News Malayalam

യു എസ്സിലെ ജോലി ഉപേക്ഷിച്ചു; നാട്ടിലെ കൃഷിയിടത്തില്‍ പൊന്ന് വിളയിച്ച് യുവാവ്

പുറത്ത് നിന്ന് യാതൊരുവിധത്തിലുള്ള സഹായവും സ്വീകരിക്കാത അച്ഛനും മകനും ചേര്‍ന്ന് പദ്ധതികള്‍ തയ്യാറാക്കി. ആദ്യമൊക്കെ ഹൈദ്രാബാദില്‍ ജോലി ചെയ്തിരുന്ന ഹരി ഭാഗികമായാണ് അച്ഛനെ സഹായിച്ചത്. എന്നാല്‍, പിന്നീട് മുഴുവന്‍ സമയവും കൃഷിക്കായി ചെലവഴിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ ഹരി നാട്ടിലേക്ക് മടങ്ങാനും കൃഷിയിലേക്ക് തിരിയാനും തീരുമാനിച്ചു.

left job in us this telengana man earns lakh from his land
Author
Telangana, First Published Feb 1, 2019, 3:26 PM IST

തെലങ്കാനയിലുള്ള ഹരി കൃഷ്ണ ദേവരപ്പള്ളി യു.എസ്.എയില്‍ ജോലി നോക്കിയിരുന്ന ടെക്കിയായിരുന്നു. അമേരിക്കയില്‍ നിന്ന് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ ഹരി കൃഷ്ണ കര്‍ഷകനാവുകയായിരുന്നു. ആ സമയത്ത് സ്വന്തം വീട്ടുകാരുള്‍പ്പടെ പലരും അമേരിക്കയിലെ ലക്ഷക്കണക്കിന് രൂപ ശമ്പളം ലഭിക്കുന്ന ജോലി ഉപേക്ഷിച്ചതിന് ഹരി കൃഷ്ണയെ വഴക്ക് പറഞ്ഞിരുന്നു.

എന്തുകൊണ്ടാണ് ഹരി അമേരിക്കയിലെ ഇത്രയധികം ശമ്പളം കിട്ടുന്ന ജോലി ഉപേക്ഷിച്ച് ഗ്രാമത്തിലെ, കുടുംബസ്വത്തായ 30 ഏക്കര്‍ ഫാം ഏറ്റെടുക്കാന്‍ തയ്യാറായിട്ടുണ്ടാവുക?

ഹൈദ്രാബാദില്‍ നിന്ന് 350 കിലോമീറ്റര്‍ ദൂരെ ആയിട്ടാണ് ഹരി കൃഷ്ണയുടെ സ്ഥലം. അഞ്ച് വര്‍ഷമായി ഹരി അവിടെ ജോലി തുടങ്ങിയിട്ടുണ്ട്. ഇന്ന്, ഈ ഓര്‍ഗാനിക് ഫാമില്‍ നിന്ന് വര്‍ഷത്തില്‍ 10 മുതല്‍ 15 ലക്ഷം രൂപ വരെ ഹരിക്ക് കിട്ടുന്നു. നെല്ല്, തെങ്ങ്, കൊക്കോ അടക്കം കൃഷി ചെയ്യുന്ന വിശാലമായ കൃഷിയിടമാണിത്.

കര്‍ഷക കുടുംബത്തില്‍ ജനിച്ച ഹരിക്ക് ചെറുപ്പത്തിലേ കൃഷിയോട് ഇഷ്ടമുണ്ട്. പശുക്കളേയും കൃഷിയിടത്തേയും തന്‍റെ അച്ഛനെയും അപ്പൂപ്പനേയും പോലെ ഹരി കൃഷ്ണയും സ്നേഹിച്ചു. 

വളര്‍ന്നപ്പോള്‍ കൃഷി പരിജ്ഞാനം നേടാനായിരുന്നു ഹരി ആഗ്രഹിച്ചത്. പക്ഷെ, ബി.ടെക്കിന് ചേരാനായിരുന്നു നിര്‍ബന്ധിതനായത്. പക്ഷെ, എപ്പോഴും അവനെ ഒരു കാര്യം അലട്ടിയിരുന്നു. അവന്‍റെ മുത്തച്ഛനും ഏഴ് സഹോദരങ്ങളും ചേര്‍ന്ന് ഒരു ചെറിയ കഷ്ണം ഭൂമിയില്‍ നിന്ന് തുടങ്ങി അത് 200 ഏക്കര്‍ വരെ വ്യാപിപ്പിച്ചപ്പോള്‍ അവന്‍റെ അച്ഛന്‍ കെമിക്കല്‍ ഫാമിങ്ങിലൂടെ ആ ഭൂമി നശിപ്പിച്ചു. 

പിന്നീട്, ഹരി കൃഷ്ണ യു.എസ്സിലേക്ക് പോയി. നാല് വര്‍ഷം കഴിഞ്ഞപ്പോള്‍ ഇന്ത്യയിലേക്ക് തിരികെ വന്നു. ഹൈദ്രബാദില്‍ ജോലി ചെയ്തു തുടങ്ങിയെങ്കിലും അച്ഛന്‍റെ കൂടെ കൃഷി സ്ഥലം സന്ദര്‍ശിക്കുമായിരുന്നു. ആ സമയത്താണ് കെമിക്കല്‍ ഫാമിങ്ങാണ് മണ്ണിനെ നശിപ്പിക്കുന്നതെന്ന് ഹരി കൃഷ്ണ തിരിച്ചറിയുന്നത്. മുത്തച്ഛന്‍ ചെയ്ത തരത്തിലുള്ള കൃഷിക്ക് മാത്രമേ മണ്ണിനെ സംരക്ഷിക്കാനാകൂവെന്നും ഹരി കൃഷ്ണയ്ക്ക് മനസിലായി. 

അതിനാല്‍ത്തന്നെ കെമിക്കല്‍ ഫാമിങ് മാറ്റിയെടുക്കണമെന്ന് ഹരി തീരുമാനിക്കുകയും ചെയ്തു. ഓര്‍ഗാനിക്ക് ഫാമിലൂടെ മാത്രമേ ഭൂമിയെ രക്ഷിക്കാനാകൂവെന്ന് പറഞ്ഞപ്പോള്‍ അച്ഛനും സഹായം വാഗ്ദാനം ചെയ്തു. 

പുറത്ത് നിന്ന് യാതൊരുവിധത്തിലുള്ള സഹായവും സ്വീകരിക്കാത അച്ഛനും മകനും ചേര്‍ന്ന് പദ്ധതികള്‍ തയ്യാറാക്കി. ആദ്യമൊക്കെ ഹൈദ്രാബാദില്‍ ജോലി ചെയ്തിരുന്ന ഹരി ഭാഗികമായാണ് അച്ഛനെ സഹായിച്ചത്. എന്നാല്‍, പിന്നീട് മുഴുവന്‍ സമയവും കൃഷിക്കായി ചെലവഴിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ ഹരി നാട്ടിലേക്ക് മടങ്ങാനും കൃഷിയിലേക്ക് തിരിയാനും തീരുമാനിച്ചു. പക്ഷെ, അപ്പോഴും ജോലി മുഴുവനായും ഉപേക്ഷിച്ചിരുന്നില്ല. ഫാമില്‍ ജോലി ചെയ്യുന്നതിനോടൊപ്പം തന്നെ കമ്പനിക്ക് വേണ്ടിയും അയാള്‍ ജോലി ചെയ്തു. 

ഹരി അഞ്ച് ഏക്കര്‍ ഭൂമിയില്‍ നിന്നാണ് തുടങ്ങിയത്. യാതൊരു തരത്തിലുള്ള രാസവളവും മണ്ണിലുപയോഗിച്ചില്ല. ഫാമിലെ സസ്യങ്ങളും മറ്റും ചീഞ്ഞും മറ്റുമുണ്ടാകുന്ന മാലിന്യമെല്ലാം മണ്ണില്‍ തന്നെയിട്ടു. മണ്ണിന്‍റെ വളക്കൂര്‍ വര്‍ധിപ്പിക്കാനായിരുന്നു ഇത്. മൂന്നാമത്തെ വര്‍ഷമായപ്പോഴേക്കും 30 ഏക്കറുകളിലും ഹരിയുടെ ഈ കൃഷിരീതി പടര്‍ന്നു. 

അഞ്ചാമത്തെ വര്‍ഷമായപ്പോഴേക്കും ലാഭം കിട്ടിത്തുടങ്ങി. ഉത്പാദന ചെലവ് 30-40 ശതമാനം വരെ കുറയുകയും ചെയ്തു. എണ്ണപ്പന, നെല്ല്, തെങ്ങ് ഇവയെല്ലാമാണ് കൃഷി ചെയ്തിരുന്നത്. ഉത്പന്നങ്ങളുടെ ഗുണമേന്മ നിരവധി ഉപഭോക്താക്കളെ ഹരി കൃഷ്ണന് നേടിക്കൊടുത്തു. 

ഇന്ന് വര്‍ഷത്തില്‍ 10-15 ലക്ഷം വരെ കൃഷിയിലൂടെ ഈ യുവാവ് നേടുന്നു. ഫാമില്‍ നിന്നുള്ള മാലിന്യങ്ങളെല്ലാം റീസൈക്കിള്‍ ചെയ്യുകയാണ്. അതിനാല്‍ തന്നെ മണ്ണ് കൂടുതല്‍ മികച്ചതായി. പശുവിനെ വളര്‍ത്തുന്നത് വീട്ടിലെ ആവശ്യത്തിനുള്ള പാല്‍, തൈര്, നെയ്യ്, വെണ്ണ തുടങ്ങിയവ ഉത്പാദിപ്പിക്കുന്നതിനാണ്. 

ചെറിയ ഭൂമിയാണെങ്കില്‍ പോലും എന്തെങ്കിലും ഒന്ന് തന്നെ കൃഷി ചെയ്യാതെ പലതരം വിളകള്‍ ഉണ്ടാക്കണം. ഏതെങ്കിലും ഒന്ന് പരാജയമാണെങ്കില്‍ പോലും അടുത്തത് നമ്മളെ കൈവിടില്ലെന്നും ഹരി പറയുന്നു. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും തുടങ്ങിയാണ് പലപ്പോഴും ഹരിയുടെ തോട്ടത്തിലെ ഉല്‍പ്പന്നങ്ങള്‍ മറ്റുള്ളവരിലെത്തുന്നത്. വാട്ട്സാപ്പ് ഗ്രൂപ്പും ഇതിനായി തുടങ്ങിയിട്ടുണ്ട്. അതില്‍ ഉത്പ്പന്നങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും നല്‍കും.

അതുകൊണ്ട് തന്നെയാണ് ഈ അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്വന്തം കൃഷിയിടത്തില്‍ നിന്നും ലാഭമുണ്ടാക്കാനും ഹരിക്ക് കഴിയുന്നത്. 

Follow Us:
Download App:
  • android
  • ios