Asianet News MalayalamAsianet News Malayalam

അമുല്‍ കുര്യന്‍: ആ പ്രചാരണങ്ങള്‍ സത്യമാണോ?

ക്ഷീരകര്‍ഷകര്‍ക്ക് കൃത്യമായ പ്രതിഫലം ലഭിക്കുന്നത് ഉറപ്പാക്കുന്നതിനും മറ്റുമായി ഗ്രാമങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉണ്ടാക്കുന്നതും ഈ സമയത്താണ്. ഗ്രാമത്തിലെ ഓരോ കര്‍ഷകരില്‍ നിന്നും ദിവസത്തില്‍ രണ്ട് തവണ പാല്‍ ശേഖരിച്ചു തുടങ്ങി. പാലിന്‍റെ ഗുണത്തിനനുസരിച്ചുള്ള അര്‍ഹതപ്പെട്ട കൂലിയും നല്‍കി.

life of Dr Varghese Kurien
Author
Thiruvananthapuram, First Published Nov 27, 2018, 8:38 PM IST

ഡോ. വര്‍ഗീസ് കുര്യന്‍ വീണ്ടും വാര്‍ത്തകളിലേക്ക് കടന്നു വരികയാണ്. 'ഇന്ത്യയുടെ പാല്‍ക്കാരന്‍' എന്ന് അറിയപ്പെടുന്ന ഡോ. വര്‍ഗീസ് കുര്യന്‍ ഇത്തവണ ചര്‍ച്ചയാവുന്നത് ഇന്ത്യയിലെ ക്ഷീരകര്‍ഷക മേഖലയില്‍ വിപ്ലവം നടത്തിയതിന്‍റെ പേരിലല്ല. യുക്തിവാദിയായിരുന്ന അദ്ദേഹം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് മതപരിവര്‍ത്തനം നടത്താന്‍ അമുലിന്‍റെ പണമുപയോഗിച്ചുവെന്ന ആരോപണത്തിന്‍റെ പേരിലാണ്. 

ഗുജറാത്തിലെ ബി.ജെ.പി നേതാവും മുന്‍മന്ത്രിയുമായിരുന്ന ദിലീപ് സന്‍ഗാനി  വര്‍ഗീസ് കുര്യനെ കുറിച്ച് ഗുരുതരമായ ഒരു ആരോപണം ഉന്നയിച്ചത് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ്. 'ഗുജറാത്തിലെ ക്ഷീരകര്‍ഷകര്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം, അമുലിന്‍റെ പണം വര്‍ഗീസ് കുര്യന്‍ മതപരിവര്‍ത്തനം നടത്താനായി ഉപയോഗിച്ചു'വെന്നായിരുന്നു ദിലീപ് സന്‍ഗാനിയുടെ ആരോപണം. 

ഡോ. കുര്യന്‍ ഏതെങ്കിലും പ്രത്യേകമതമാണോ? അദ്ദേഹം കര്‍ഷകമതമാണ്

എന്നാല്‍, ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ മാനേജിങ് എഡിറ്റര്‍ ഡോ. ആര്‍.എസ് സോധി, ഈ ആരോപണം പാടേ നിഷേധിച്ചിരുന്നു. 'ഡോ. കുര്യന്‍ ഏതെങ്കിലും പ്രത്യേകമതമാണോ? അദ്ദേഹം കര്‍ഷകമതമാണ്. അദ്ദേഹത്തിന്‍റെ മതം ഇന്ത്യയിലെ ഓരോ കര്‍ഷകരുടേയും മതമാണ്' എന്നാണ് അദ്ദേഹം ഇതിനോട് പ്രതികരിച്ചത്. 

മാത്രമല്ല, താന്‍ മരിച്ചു കഴിഞ്ഞാല്‍ തന്നെ ദഹിപ്പിക്കണം എന്നാണ് തന്‍റെ ആഗ്രഹം എന്നാണ് എന്ന് വര്‍ഗീസ് കുര്യന്‍ ആവശ്യപ്പെട്ടിരുന്നത്. ത്രിഭുവന്‍ദാസ് പട്ടേലിന്‍റെ ശവദാഹം നടന്ന അതേ സ്ഥലത്ത് തന്നെയാണ് അദ്ദേഹത്തിന്‍റെ ശവദാഹവും നടന്നത്. വര്‍ഗീസ് കുര്യന്‍റെ ഭാര്യ സൂസന്‍ മോളി മരിച്ചപ്പോള്‍ അവരേയും ദഹിപ്പിക്കുകയായിരുന്നു എന്നും സോധി പറഞ്ഞു. 

'എനിക്കും ഒരു സ്വപ്നമുണ്ടായിരുന്നു' (I too had a dream) എന്ന ആത്മകഥയുടെ 238 -ാമത്തെ പേജില്‍ 'തന്നെ ദഹിപ്പിക്കുന്നതാണ് തനിക്കിഷ്ടം' എന്നതിനെ കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്. 

വര്‍ഗീസ് കുര്യന് നേരെയുള്ള ആരോപണങ്ങള്‍ വെറും അസംബന്ധമാണ് എന്നും, തന്‍റെ പിതാവ് ഒരു നിരീശ്വരവാദിയായിരുന്നുവെന്നും മകള്‍ നിര്‍മല കുര്യനും പ്രതികരിച്ചിരുന്നു.  

ഇന്ത്യക്ക് ഡോ. വര്‍ഗീസ് കുര്യന്‍ ആരായിരുന്നു?

ധവള വിപ്ലവത്തിലൂടെ ഇന്ത്യയിലെ കര്‍ഷകര്‍ക്ക് പ്രതീക്ഷയുടെ വെട്ടം തെളിച്ചു നല്‍കിയ ആളാണ് വര്‍ഗീസ് കുര്യന്‍. അതുകൊണ്ട് തന്നെയാണ് അദ്ദേഹം 'ഇന്ത്യയുടെ പാല്‍ക്കാരന്‍' എന്ന വിശേഷണത്തിന് അര്‍ഹനായതും. 

1921 നവംബര്‍ 26 -ന് കോഴിക്കോടാണ് വര്‍ഗീസ് കുര്യന്‍ ജനിക്കുന്നത്. അദ്ദേഹത്തിന്‍റെ പിതാവ് ബ്രിട്ടീഷ് കൊച്ചിയില്‍ സിവില്‍ സര്‍ജനായിരുന്നതുകൊണ്ട് തന്നെ, ഇടയ്ക്കിടെ സ്ഥലംമാറ്റവും പതിവായിരുന്നു. അങ്ങനെ പലയിടങ്ങളിലായിരുന്നു വര്‍ഗീസ് കുര്യന്‍റെ വിദ്യാഭ്യാസം. 1940 -ല്‍ മദ്രാസ് ലൊയോള കോളേജില്‍ നിന്നും ഭൌതികശാസ്ത്രത്തില്‍ ഏഴാം റാങ്കോടെ ബിരുദം. പക്ഷെ, വിദേശത്ത് ഉപരിപഠനം എന്നുള്ളതായിരുന്നു എപ്പോഴും  അദ്ദേഹം സ്വപ്നം കണ്ടിരുന്നത്. 

1945 -ലാണ് ഭാരത സര്‍ക്കാര്‍ ഇന്ത്യയിലെ യുവ എഞ്ചിനീയര്‍മാരെ അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും അയച്ച് പരിശീലനം നല്‍കാന്‍ തീരുമാനിച്ചത്. വര്‍ഗീസ് കുര്യനും അതില്‍ പ്രവേശനം ലഭിച്ചു. ഡയറി എഞ്ചിനീയറിംഗിലേക്കായിരുന്നു അദ്ദേഹത്തിന് പ്രവേശനം. അതില്‍ വലിയ താല്‍പര്യമൊന്നുമില്ലായിരുന്നുവെങ്കിലും വേറെ വഴിയില്ലാത്തതിനാലായിരുന്നു അന്ന് അത് തിരഞ്ഞെടുത്തത്. പിന്നീട്, മിഷിഗൻ സർവ്വകലാശാലയിൽ അദ്ദേഹം മെറ്റലർജി മുഖ്യവിഷയമായും, ആണവഭൗതികശാസ്ത്രവും, ഡയറി എൻജിനീയറിംഗും ഉപവിഷയങ്ങളായും എടുത്ത് ബിരുദാനന്തര ബിരുദം. 

സര്‍ക്കാര്‍ സഹായത്തോടെ വിദേശത്ത് പഠിക്കാന്‍ പോകുന്നവര്‍ സര്‍ക്കാരിന് കീഴിലുള്ള ഏതെങ്കിലും സ്ഥാപനത്തില്‍ നിര്‍ബന്ധമായും ജോലി നോക്കണമെന്നുണ്ടായിരുന്നതു കൊണ്ട് മാത്രം സര്‍ക്കാര്‍ ജോലി ചെയ്യേണ്ടി വന്ന ആളായിരുന്നു അദ്ദേഹം. 

അമുലിന്‍റെ പിറവി

ഗുജറാത്തിലെ ആനന്ദിലായിരുന്നു അന്ന് ജോലി ചെയ്യുന്നത്. ആ സമയത്ത് തന്നെയാണ് അവിടെയുള്ള കര്‍ഷകര്‍ ചൂഷണം ചെയ്യപ്പെടുന്നത് ശ്രദ്ധയില്‍ പെടുന്നതും. ആ സമയത്ത് പോള്‍സണ്‍ ഡയറി മാത്രമാണ് ആനന്ദിലുള്ളത്. ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള ഉത്പ്പന്നമായിരുന്നു തങ്ങളുടേതെങ്കിലും കടുത്ത ചൂഷണമാണ് കര്‍ഷകര്‍ അനുഭവിച്ചിരുന്നത്. അവര്‍ക്ക് അര്‍ഹതപ്പെട്ട പണം അവര്‍ നല്‍കുന്ന പാലിന് ഒരിക്കലും കിട്ടിയിരുന്നില്ല. മാത്രവുമല്ല, ആവശ്യക്കാരില്‍ നേരിട്ട് പാല്‍ എത്തിക്കുവാനും സമ്മതിച്ചിരുന്നില്ല.

അങ്ങനെ, അദ്ദേഹം ഖേദ ജില്ലയിലെ സഹകരണ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായി 

കൈറ ഡിസ്ട്രിക്ട് കോ-ഓപറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ ലിമിറ്റഡ്' സ്ഥാപകന്‍ ത്രിഭുവന്‍ദാസ് ആ സമയത്ത് തന്നെയാണ് ഈ ചൂഷണത്തിനെതിരെ പ്രതികരിക്കുന്നത്. ഇത് വര്‍ഗീസ് കുര്യന്‍റെ ശ്രദ്ധയിലും പെട്ടിരുന്നു. ത്രിഭുവന്‍ദാസിന്‍റെ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തെ ആകര്‍ഷിച്ചു. ത്രിഭുവന്‍ദാസ് പട്ടേലിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ആഭിമുഖ്യമുണ്ടായിരുന്നു ഡോ.വര്‍ഗീസ് കുര്യന്. അങ്ങനെ, അദ്ദേഹം ഖേദ ജില്ലയിലെ സഹകരണ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായി. 

ഇതാണ്, 1949 ഡിസംബര്‍ 14 -ന് അമുല്‍ പിറവിയെടുക്കുന്നതിലേക്ക് നയിക്കുന്നത്. തുടക്കത്തില്‍ രണ്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും 247 ലിറ്റര്‍ പാലുമായാണ് അമുല്‍ തുടങ്ങിയത്. 1,44,246 ഡയറി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഇന്നുണ്ട്.

വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഒരു പേരിനായുള്ള അന്വേഷണത്തിലാണ് കൈറ എന്ന പേര് 'അമുല്‍' ആകുന്നത്. ജോലിക്കാരോടും കര്‍ഷകരോടും അങ്ങനെയുള്ളൊരു പേര് നിര്‍ദ്ദേശിക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഒരു ക്വാളിറ്റി കണ്‍ട്രോള്‍ സൂപ്പര്‍വൈസറാണ് അമുല്‍ എന്ന പേര് നിര്‍ദ്ദേശിക്കുന്നത്. പിന്നീട്, ആനന്ദ് മില്‍ക്ക് യൂണിയന്‍ ലിമിറ്റഡും നിലവില്‍ വന്നു. പാല്‍പ്പൊടിയും മറ്റ് പാലുല്‍പ്പന്നങ്ങളും നിര്‍മ്മിക്കാന്‍ തുടങ്ങിയതോടെ അമുലിന് കൂടുതല്‍ പ്രചാരമുണ്ടായി. 

പാല്‍, പാക്ക് ചെയ്ത്, തണുപ്പിച്ച് സൂക്ഷിക്കാനുള്ള സംവിധാനവും ഉണ്ടാക്കി

ക്ഷീരകര്‍ഷകര്‍ക്ക് കൃത്യമായ പ്രതിഫലം ലഭിക്കുന്നത് ഉറപ്പാക്കുന്നതിനും മറ്റുമായി ഗ്രാമങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉണ്ടാക്കുന്നതും ഈ സമയത്താണ്. ഗ്രാമത്തിലെ ഓരോ കര്‍ഷകരില്‍ നിന്നും ദിവസത്തില്‍ രണ്ട് തവണ പാല്‍ ശേഖരിച്ചു തുടങ്ങി. പാലിന്‍റെ ഗുണത്തിനനുസരിച്ചുള്ള അര്‍ഹതപ്പെട്ട കൂലിയും നല്‍കി. അതുപോലെ, പാലിന്‍റെ മേന്മ പരിശോധിക്കുന്നതിനായി മികച്ച യന്ത്രങ്ങള്‍ കൂടി എത്തിച്ചതോടെ പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റമാണ് ക്ഷീരമേഖലയിലുണ്ടായത്. പാല്‍, പാക്ക് ചെയ്ത്, തണുപ്പിച്ച് സൂക്ഷിക്കാനുള്ള സംവിധാനവും ഉണ്ടാക്കി. ആദ്യം മൊത്തക്കച്ചവടക്കാരുടെ അടുത്തെത്തിയ ശേഷം പിന്നീട് ചെറുകിട കച്ചവടക്കാര്‍, പിന്നീട് ഉപഭോക്താക്കള്‍ എന്നിങ്ങനെ പാലും പാല്‍ ഉത്പന്നങ്ങളും സഞ്ചരിച്ചു തുടങ്ങി. ഇതൊരു ക്യത്യമായ വിപണന പാതയിലൂടെ സഞ്ചരിച്ചു തുടങ്ങിയതോടെ കര്‍ഷകര്‍ അതുവരെ അനുഭവിച്ചിട്ടില്ലാത്ത സാമ്പത്തിക സ്വാശ്രയത്വം അനുഭവിച്ചു തുടങ്ങി. ജനങ്ങളിലേക്ക് അതുവരെ കാണാത്ത മികച്ച, ഗുണമേന്മയുള്ള പാലും പാലുല്‍പ്പന്നങ്ങളും എത്താനും തുടങ്ങി. 

ഓപ്പറേഷന്‍ ഫ്ലഡ്

1964 -ല്‍ അമുലിന്‍റെ പുതിയ പ്ലാന്‍റ്  ഉദ്ഘാടനം ചെയ്യാനെത്തിയത് അന്നത്തെ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയാണ്. വര്‍ഗീസ് കുര്യന്‍റെ നേതൃത്വത്തില്‍ അമുലിന്‍റെ വളര്‍ച്ച കണ്ട് മതിപ്പു തോന്നിയ അദ്ദേഹമാണ് അമുല്‍ പിന്തുടര്‍ന്നു പോരുന്ന രീതി രാജ്യത്തിലാകെ വ്യാപിപ്പിക്കണം എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്. രാജ്യത്തിലെ എല്ലാ കര്‍ഷകരുടെയും മെച്ചപ്പെട്ട ജീവിത സാഹചര്യത്തിന് അത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. അത് കര്‍ഷകര്‍ക്ക് അര്‍ഹമായ കൂലി കിട്ടുന്നതിനും അവരുടെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുന്നതിന് സഹായിക്കുമെന്നും കൂടി അദ്ദേഹം പറഞ്ഞു. അങ്ങനെയാണ്, 1965 -ല്‍ നാഷണല്‍ ഡയറി ഡെവലപ്മെന്‍റ് ബോര്‍ഡ് നിലവില്‍ വരുന്നതും വര്‍ഗീസ് കുര്യന്‍ ചാര്‍ജ്ജ് ഏറ്റെടുക്കുന്നതും. ആ സമയത്ത് പാലിനും പാലുല്‍പ്പന്നങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറി വന്നുകൊണ്ടിരുന്നു. പക്ഷെ, ആവശ്യമായ പണമില്ലാത്തതിനാല്‍ പാല്‍ ആവശ്യക്കാരിലെത്തിക്കാന്‍ വേണ്ടപോലെ സാധിച്ചില്ല. അവിടെയും കുര്യന്‍ പിന്നോട്ടില്ലായിരുന്നു. അപ്പോഴും തന്‍റെ പോരാട്ടം തുടര്‍ന്ന അദ്ദേഹം വിവിധ ലോകബാങ്കുകളില്‍ നിന്നും ഉപാധികളില്ലാതെ ലോണ്‍ അനുവദിച്ചു കിട്ടുന്നതിനായി കുര്യന്‍റെ നേതൃത്വത്തില്‍ എന്‍.ഡി.ഡി.ബി ശ്രമിച്ചുകൊണ്ടിരുന്നു. 

1969- ല്‍ വേള്‍ഡ് ബാങ്ക് പ്രസിഡന്‍റ് ഇന്ത്യയിലെത്തിയപ്പോള്‍ ഡോ.കുര്യന്‍ അദ്ദേഹത്തോട് പറഞ്ഞത്. 'എനിക്ക് പണം തരൂ, പിന്നീടത് മറന്നു കളയൂ' എന്നാണ്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ലോണ്‍ ലഭിച്ചു. അതും ഉപാധികളില്ലാതെ തന്നെ. അതിലൂടെ  ഇതാണ് 'ഓപ്പറേഷന്‍ ഫ്ലഡ്'. ആനന്ദ് പ്രൊജക്ട് ഇതിലൂടെ ഇന്ത്യയിലാകെ വ്യാപിപ്പിച്ചു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെല്ലാം വര്‍ഗീസ് കുര്യനെന്ന ആ മനുഷ്യന്‍റെ തലച്ചോറും, നേതൃപാടവവും, കരുത്തുമായിരുന്നു. 

അന്നുയര്‍ന്ന് കേട്ട ശബ്ദങ്ങള്‍, 'കുര്യനെ തൊട്ടുപോകരുത്' (Don’t touch Kurien) എന്നുള്ളതായിരുന്നു

ഒരിക്കല്‍ നാഷണല്‍ ഡയറി ഡെവലെപ്മെന്‍റ്  ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കാന്‍ ശ്രമിച്ച മന്ത്രിക്ക് സ്വന്തം സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. അന്നുയര്‍ന്ന് കേട്ട ശബ്ദങ്ങള്‍, 'കുര്യനെ തൊട്ടുപോകരുത്' (Don’t touch Kurien) എന്നുള്ളതായിരുന്നു. കാരണം, കുര്യനാണ് ശരി എന്നുള്ളത് തന്നെ. 

മൂന്നുപതിറ്റാണ്ടുകാലം ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷന്റെ ചെയർമാനായിരുന്നു ഇദ്ദേഹം. 2006-ലാണ് ഈ സ്ഥാനത്ത് നിന്നും വിരമിക്കുന്നത്. 

1963 ല്‍ രമൺ മാഗ്സസെ പുരസ്കാരം, 1965 ല്‍ പത്മശ്രീ, 1966 ല്‍ പത്മഭൂഷൺ, 1986 ല്‍ കൃഷിരത്ന,1986 വാട്ലർ സമാധാന പുരസ്കാരം, 1989 ല്‍ ലോക ഭക്ഷ്യ പുരസ്കാരം,1993 ല്‍ ഇൻറർനാഷണൽ പേഴ്സൺ ഒഫ് ദി ഇയർ, 1999 ല്‍ പത്മവിഭൂഷൺ, 2007 കർമ്മ വീര പുരസ്കാരം എന്നിവയെല്ലാം അദ്ദേഹത്തെ തേടിയെത്തി. 2012 സംപ്തംബര്‍ ഒമ്പതിനാണ് അദ്ദേഹം മരിക്കുന്നത്.


 

Follow Us:
Download App:
  • android
  • ios