Asianet News MalayalamAsianet News Malayalam

ആദിവാസി കുടുംബത്തില്‍ ജനിച്ചു, ദാരിദ്ര്യത്തെ മനക്കരുത്ത് കൊണ്ട് തോല്‍പ്പിച്ചു; ടിക്കാറാം മീണയുടെ ജീവിതം ഇങ്ങനെ

രാജസ്ഥാനിലെ ഉള്‍പ്രദേശത്ത് അക്ഷരാഭ്യാസമില്ലാത്ത മാതാപിതാക്കളുടെ മകനായി ആദിവാസി കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ജനനം മുതല്‍ അറിയുന്ന ദാരിദ്യത്തിന്‍റെ ദുരിതങ്ങളെ നിശ്ചയദാര്‍ഢ്യം കൊണ്ട് തോല്‍പ്പിച്ചാണ് മീണ സിവില്‍ സര്‍വ്വീസ് സ്വന്തമാക്കുന്നത്. 

life story of tikaram meena
Author
Thiruvananthapuram, First Published May 20, 2019, 3:28 PM IST

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം മുതല്‍ തെരഞ്ഞെടുപ്പിനോളം തന്നെ ശ്രദ്ധ നേടിയ വ്യക്തിയാണ് ടിക്കാറാം മീണ. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ പ്രസ്താവനകള്‍ എല്ലാം തന്നെ വാര്‍ത്തകളില്‍ ഇടം നേടി. ചിലതൊക്കെ വലിയ വിവാദങ്ങളിലേക്കും വഴിതെളിച്ചു. എന്നാല്‍ വിമര്‍ശനങ്ങളും വിവാദങ്ങളും തുടരുമ്പോഴും അതില്‍ അസ്വസ്ഥനാകാതെ വീട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്ന മീണയെയാണ് കേരളം കണ്ടത്. ജീവിതത്തിലുട നീളം അദ്ദേഹം നിലനിര്‍ത്തിയ വ്യക്തിത്വവും നിലപാടുകളുമാണ് മീണയെ ഒരു യഥാര്‍ത്ഥ പോരാളിയെന്ന പേരിന് അര്‍ഹനാക്കുന്നത്. ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് ടിക്കാറാം മീണ നേരത്തെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്.

1988 ബാച്ചിലെ കേരള കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥനാണ് ടിക്കാറാം മീണ. രാജസ്ഥാനിലെ ഉള്‍പ്രദേശത്ത് അക്ഷരാഭ്യാസമില്ലാത്ത കര്‍ഷകരായ മാതാപിതാക്കളുടെ മകനായി ആദിവാസി കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ജനനം മുതല്‍ അറിയുന്ന ദാരിദ്യത്തിന്‍റെ ദുരിതങ്ങളെ നിശ്ചയദാര്‍ഢ്യം കൊണ്ട് തോല്‍പ്പിച്ചാണ് മീണ സിവില്‍ സര്‍വ്വീസ് സ്വന്തമാക്കുന്നത്. 

രാജസ്ഥാനിലെ മീണയെന്ന ആദിവാസി സമൂഹത്തിലെ ആചാരപ്രകാരം ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ടിക്കാറാം മീണ വിവാഹിതനായി. അഞ്ചാം ക്ലാസുവരെ വിദ്യാഭ്യാസമുള്ള ഭാര്യ സോളിയും നാല് മക്കളും  അടങ്ങുന്നതാണ് മീണയുടെ കുടുംബം. കൊല്ലം ജില്ലാ സബ് കളക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 1988-ലാണ് തിരുവനന്തപുരത്ത് എത്തുന്നത്. ഹിന്ദി മാത്രം അറിയാമായിരുന്ന അദ്ദേഹം പിന്നീട് സാക്ഷരതാപ്രസ്ഥാനത്തിന്‍റെ സഹായത്തോടെ മലയാള ഭാഷ പഠിച്ചു. 

1993-ല്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ആയിരുന്ന കാലഘട്ടത്തില്‍ രഹസ്യമായി നടന്ന ഗോതമ്പ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നതിലും തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി എടുത്തതിലും  മീണ പ്രധാന പങ്കുവഹിച്ചു. റേഷന്‍ ഗോതമ്പ് വെട്ടിച്ച് വലിയ മില്ലുകള്‍ക്ക് മറിച്ച് വിറ്റെന്ന 40 കോടിയുടെ അഴിമതിയില്‍ നികുതി വെട്ടിച്ച ഇനത്തില്‍ സര്‍ക്കാരിനുണ്ടായ നഷ്ടം നാല് കോടി രൂപയായിരുന്നു. റേഷന്‍ കടകള്‍ വഴി സാധാരണക്കാര്‍ക്ക് ലഭ്യമാക്കേണ്ട ഗോതമ്പ് മില്ലുടമകള്‍ അതേ വിലയ്ക്ക് വാങ്ങി ആട്ട, മൈദ എന്നീ ഉല്‍പ്പന്നങ്ങളാക്കി ഇരട്ടിയിലധികം വിലയ്ക്ക് വിറ്റുകൊണ്ടിരുന്ന അഴിമതി മീണ ഇടപെട്ടാണ് നിര്‍ത്തലാക്കിയത്. സര്‍ക്കാരിന് നഷ്ടമായ നാല് കോടി രൂപ മില്ലുടമകളുടെ കൈയ്യില്‍ നിന്ന് ഈടാക്കുകയും ചെയ്തു. മീണയുടെ നടപടിയില്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം മുറുകിയതോടെ മീണയെ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായി നിയമിച്ചു. അതിനു ശേഷം ഫ്രീമോ പൈപ്പ് ഫാക്ടറിയുടെ എം ഡിയായി. 

നാലുവര്‍ഷമായി പൂട്ടിക്കിടന്ന സ്ഥാപനത്തില്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ച മീണയെ ജലസേചന വകുപ്പ് സെക്രട്ടറി എന്‍ വി മാധവന്‍ ജോയിന്‍റ് സെക്രട്ടറിയായി നിയമിച്ചു. വീട്ടില്‍ നിന്നും ഓഫീസിലേക്ക് പോയിവരാന്‍ ഐഎഎസുകാര്‍ക്ക് കാര്‍ അനുവദിക്കണമെങ്കിലും മീണയ്ക്ക് കാര്‍ ലഭിച്ചില്ല.  തുര്‍ന്ന് ആരോടും പരാതിപ്പെടാതെ കെ എസ് ആര്‍ ടി സി ബസിലാണ് അദ്ദേഹം  യാത്ര ചെയ്തിരുന്നത്. ഇതറിഞ്ഞ് സിവില്‍ സര്‍വ്വീസിലെ സഹപ്രവര്‍ത്തകര്‍ അവരുടെ സ്വന്തം കാറില്‍ വീട്ടിലെത്തി മീണയെ കൂട്ടിക്കൊണ്ട് ഓഫീസില്‍ എത്തിക്കുമായിരുന്നു. 

ഗോതമ്പ് അഴിമതിയില്‍ നടപടിയെടുത്ത മീണയ്‍ക്കെതിരെ ഉന്നത തലങ്ങളില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. മന്ത്രി ടി എച്ച് മുഹമ്മദ് കോയ മീണയുടെ കണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ അദ്ദേഹത്തെ വിമര്‍ശിച്ച് കുറിപ്പ് എഴുതി. റിപ്പോര്‍ട്ട് തിരുത്തണമെന്നാവശ്യപ്പെട്ട് മീണയും ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷനും അന്നത്തെ മുഖ്യമന്ത്രി കരുണാകരനെയും പിന്നീട് എ കെ ആന്‍റണിയെയും കണ്ടെങ്കിലും ഫലമുണ്ടായില്ല. 1996-ല്‍ ഇ കെ നായനാര്‍ മന്ത്രിയായിരുന്ന കാലത്താണ് ഐ എ എസ് ഓഫീസേഴ്സിന്‍റെ അപേക്ഷ പരിഗണിച്ച് മീണയ്ക്കെതിരായ പരാമര്‍ശം നീക്കം ചെയ്യുന്നതിന് നിര്‍ദ്ദേശം മുമ്പോട്ട് വയ്ക്കുകയും മന്ത്രിസഭാ യോഗം അത് അംഗീകരിക്കുകയും ചെയ്തത്.   

1996- ല്‍ തൃശൂര്‍ കളക്ടറായപ്പോള്‍ കള്ളില്‍ മായം ചേര്‍ത്തുവില്‍ക്കുന്ന വന്‍ തട്ടിപ്പിനെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചു. കരാറുകാരുടെ ഗോഡൗണുകളില്‍ പരിശോധന നടത്തി തട്ടിപ്പിലുള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്തു. കുറ്റക്കാര്‍ക്കെതിരെ നടപടി എടുത്തതിന് ടിക്കാറാം മീണയെ വയനാട്ടിലേക്ക് സ്ഥലം മാറ്റി. പിന്നീട് സസ്പെന്‍ഡ് ചെയ്തു. ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷന്‍റെയും പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെയും ആവശ്യപ്രകാരം സസ്പെന്‍ഷനിലായി അഞ്ചുദിവസത്തിനുള്ളില്‍ സസ്പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ട് ഉത്തരവ് ഇറങ്ങി. 

വയനാട്ടില്‍ നിന്നും തൃശൂരിലെത്തിയ അദ്ദേഹം പിന്നീട് ദില്ലിയിലേക്ക് ഡെപ്യൂട്ടേഷന് വേണ്ടി പോയി. മീണയുടെ പാത പിന്തുടര്‍ന്ന രണ്ട് മക്കളും ഐഎഎസ് ഉദ്യോഗസ്ഥരായി സേവനമനുഷ്ഠിക്കുകയാണ്. മറ്റ് രണ്ട് മക്കള്‍ ദില്ലി ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളാണ്. 

ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികള്‍ക്ക് നടുവിലും മീണയ്ക്ക് കരുത്തായത് പട്ടിണി നിറഞ്ഞ ജീവിതം സമ്മാനിച്ച അനുഭവങ്ങളാണ്.  ഔദ്യോഗിക ജീവിതത്തില്‍ വെല്ലിവിളികള്‍ നേരിട്ടപ്പോള്‍ പിന്തുണ നല്‍കിയ ഐഎഎസ് ഓഫീസേഴ്സ് അസോസിയോഷനെയും കേരള നേതാക്കളെയും പത്രപ്രവര്‍ത്തകരെയും നന്ദിയോടെ സ്മരിക്കുമ്പോഴും വെല്ലുവിളികള്‍ക്ക് മുമ്പില്‍ ഇനിയും പതാറാതെ മുമ്പോട്ട് പോകാനുള്ള കരുത്ത് തനിക്കുണ്ടെന്ന് ശക്തമായ നിലപാടുകളിലൂടെ ടിക്കാറാം മീണ വീണ്ടും തെളിയിക്കുന്നു. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios