Asianet News MalayalamAsianet News Malayalam

ചാലക്കുടിപ്പുഴ  അവസാനശ്വാസം  വലിക്കുകയാണ്!

  • ഈ പുഴയുടെ നിറം പച്ചയായത് എങ്ങനെയാണ്?
  •  മന്‍സൂര്‍ കൊച്ചുകടവ് എഴുതുന്നു
Mansoor Kochukadavu on kathikkudam pollution issue and Chalakkudi river

ഈ പുഴയെ കൊല്ലുന്നത്, ഈ ദേശത്തെ നശിപ്പിക്കുന്ന ഒരു വ്യവസായ ഭീമനാണെന്നാണ് നാട്ടുകാര്‍ കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നത്. വെറുതെയുള്ള പറച്ചിലല്ല. തെളിവുകള്‍ നിരത്തിയുള്ള പറച്ചിലുകള്‍. മാരകരോഗങ്ങള്‍ ബാധിച്ച് മരിച്ചുപോവുന്ന മനുഷ്യരുടെ വലിയ പട്ടിക നിരത്തിവെച്ചുകൊണ്ടുള്ള പറച്ചില്‍. കാതിക്കുടത്ത് സ്ഥിതി ചെയ്യുന്ന നീറ്റാ ജെലാറ്റിന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന ബഹുരാഷ്ട്ര കുത്തക കമ്പനിയാണ് ചാലക്കുടി പുഴയെ കൊല്ലുന്നത് എന്ന് വ്യക്തമായ തെളിവുകളോടെ സ്ഥിരീകരിക്കപ്പെട്ടതാണ്.

Mansoor Kochukadavu on kathikkudam pollution issue and Chalakkudi river

ചാലക്കുടി പുഴയുടെ നിറം മാറിത്തുടങ്ങിയിരിക്കുന്നു. വിഷമലിനീകരണം ഏതുവരെ പോവുമെന്ന വിപല്‍സൂചനകള്‍ പിന്നെയും ശരിയായിക്കൊണ്ടിരിക്കുന്നു. 

പുഴയുടെ നിറം മാറിയത് ഒറ്റയടിക്കല്ല. കുറച്ചു മാസങ്ങളായി ചാലക്കുടി പുഴയുടെ നിറം മാറാന്‍ തുടങ്ങിയിരുന്നു.  ആദ്യം ചുവപ്പും കറുപ്പും നിറത്തില്‍ പുഴയുടെ പ്രതലം കാണപ്പെട്ടിരുന്നു. ഇപ്പോള്‍ വൈകുന്നേരങ്ങളില്‍ കടും പച്ചനിറമാണ് പുഴയ്ക്ക്. ഈ പായലുകള്‍ cyanobacterial harmful algal blooms ആണെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു. മാരക വിഷം നിറഞ്ഞതും മനുഷ്യനും പ്രകൃതിക്കും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതുമാണ് ഇത്തരം പായലുകള്‍.

കഴിഞ്ഞ ദിവസമാണ് മൂഴിക്കുളം, അന്നമനട ഭാഗങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പ്രതിഷേധ യോഗങ്ങള്‍ നടന്നത്. പ്രതിഷേധം ഇവിടെ പുതിയ കാര്യമല്ല. എത്രയോ കാലമായി ഇവിടത്തെ മനുഷ്യര്‍ പ്രതിഷേധിക്കുന്നു. നിലനില്‍പ്പിനായി പൊരുതുന്നു. ബഹളം വെക്കുന്നു. നിരന്തരമായി മനുഷ്യര്‍ വിഷമലിനീകരണത്തിന ഇരളകളായി മരിച്ചു പോവുന്ന നാട്ടില്‍ പ്രതിഷേധമല്ലാതെ അവരുടെ മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ല. അന്നേരമൊക്കെ, സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തും. ഒരിക്കലും പാലിക്കില്ല എന്നുറപ്പുള്ള വാഗ്ദാനങ്ങള്‍ നല്‍കും. പതുക്കെ, ആ പ്രതിഷേധങ്ങള്‍ കെട്ടടങ്ങും. എന്നാല്‍, വിഷമലിനീകരണം കാരണം കൊലചെയ്യപ്പെട്ടുന്ന ഈ ദേശത്തെ, ഈ പുഴയെ രക്ഷിക്കാന്‍ മാറിമാറി വന്ന ഒരു സര്‍ക്കാറും ഒന്നും ചെയ്തിട്ടില്ല. 

കുറച്ചുകാലം മുമ്പ് വരെ ദൂരെനിന്ന് പോലും ഒരുപാട് ആളുകള്‍ ഈ പുഴയില്‍ കുളിക്കാന്‍ വേണ്ടി മാത്രം എത്തുമായിരുന്നു. നിരവധി കുടിവെള്ള പദ്ധതികള്‍ ഈ പുഴയെ ആശ്രയിച്ചു നടന്നിരുന്നു. ഈ പ്രദേശത്തെ കര്‍ഷകര്‍ പ്രധാനമായും കൃഷി ആവശ്യത്തിനായിയുള്ള വെള്ളമെടുത്തിരുന്നത്  ഇവിടെ നിന്നാണ്. പക്ഷെ കുറേകാലമായി സ്ഥിതി അതല്ല. ഈ പുഴയിലെ ജലം ഉപയോഗിക്കാന്‍ ആളുകള്‍ ഭയപ്പെടുകയാണ്.  ഈ വെള്ളം ശരീരത്തില്‍ വീണാല്‍ പോലും അസഹ്യമായ ചൊറിച്ചിലാണ് ദേഹത്ത് അനുഭവപ്പെടുക. അത്രമേല്‍ വിഷമയമായിരിക്കുകയാണ് ചാലക്കുടി പുഴ.

ഈ പുഴയെ കൊല്ലുന്നത്, ഈ ദേശത്തെ നശിപ്പിക്കുന്ന ഒരു വ്യവസായ ഭീമനാണെന്നാണ് നാട്ടുകാര്‍ കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നത്. വെറുതെയുള്ള പറച്ചിലല്ല. തെളിവുകള്‍ നിരത്തിയുള്ള പറച്ചിലുകള്‍. മാരകരോഗങ്ങള്‍ ബാധിച്ച് മരിച്ചുപോവുന്ന മനുഷ്യരുടെ വലിയ പട്ടിക നിരത്തിവെച്ചുകൊണ്ടുള്ള പറച്ചില്‍. കാതിക്കുടത്ത് സ്ഥിതി ചെയ്യുന്ന നീറ്റാ ജെലാറ്റിന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന ബഹുരാഷ്ട്ര കുത്തക കമ്പനിയാണ് ചാലക്കുടി പുഴയെ കൊല്ലുന്നത് എന്ന് വ്യക്തമായ തെളിവുകളോടെ സ്ഥിരീകരിക്കപ്പെട്ടതാണ്. ഈ കമ്പനി ഇന്നും ചാലക്കുടി പുഴയിലേക്ക് വലിയ തോതിലാണ് മാലിന്യങ്ങള്‍ ഒഴുക്കുന്നത്. ചാലക്കുടി പുഴയുടെ  അവസ്ഥ ആദ്യത്തേക്കാള്‍ വളരെ അപകടമായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. 

പുഴയെ രക്ഷിക്കാന്‍ മാറിമാറി വന്ന ഒരു സര്‍ക്കാറും ഒന്നും ചെയ്തിട്ടില്ല. 

പുഴയെ കൊല്ലുന്ന വിധം
തൃശൂര്‍ നഗരത്തില്‍നിന്ന് 40 കിലോ മീറ്റര്‍ അകലെ കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ കാതിക്കുടം ഗ്രാമത്തില്‍ ചാലക്കുടി പുഴയുടെ തീരത്ത് 1975ലാണ് കേരള കെമിക്കല്‍സ് ആന്റ് പ്രോട്ടീന്‍സ് ലിമിറ്റഡ് (കെ.സി.പി.എല്‍) എന്ന സ്ഥാപനം ആരംഭിച്ചത്. ജെലാറ്റിന്‍ ഉണ്ടാക്കാന്‍ ആവശ്യമായ ഓസീന്‍ എന്ന പ്രോട്ടീന്‍ മൃഗങ്ങളുടെ എല്ലില്‍ നിന്ന് വേര്‍തിരിക്കുന്ന പ്രക്രിയയാണ് കാതിക്കൂടത്തെ ഫാക്ടറിയില്‍ നടക്കുന്നത്. ഹൈഡ്രോക്ലോറിക് ആസിഡ്, ചുണ്ണാമ്പ്, വെള്ളം എന്നിവയാണ് ഉല്‍പ്പാദന പ്രക്രിയയിലെ ചേരുവകള്‍. പ്രതിദിനം 120 ടണ്‍ എല്ലാണ് ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നത്. 1.2ലക്ഷം ലിറ്റര്‍ ഹൈഡ്രോക്ലോറിക് ആസിഡും 2കോടി ലിറ്റര്‍ വെള്ളവും പ്രതിദിനം ആവശ്യമായി വരുന്നു.(മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ ഉദ്ധരിച്ച് കമ്പനി അവകാശപ്പെടുന്നത് എല്ല് 80 ടണും വെള്ളം 62 ലക്ഷം ലിറ്ററുമെന്നാണ്). മാലിന്യം കൂടുതലും ഉല്‍പ്പന്നം കുറവും എന്നതാണ് ഓസീന്‍ ഉല്‍പ്പാദനത്തിന്റെ പ്രത്യേകത.

ഉല്‍പ്പാദിക്കപ്പെട്ട ഒസീന്റെ മൂന്നില്‍ രണ്ടു ശതമാനവും ജപ്പാനിലേക്ക് കയറ്റി അയക്കുന്നു. ബാക്കിയുള്ളത് ചുണ്ണാമ്പും വെള്ളവും ചേര്‍ത്ത് ലൈംഡ് ഒസീന്‍ (limed Ossien)എന്ന രൂപത്തിലാക്കുന്നു. ഇത് കാക്കനാടുള്ള ജെലാറ്റിന്‍ നിര്‍മാണ യൂനിറ്റിലേക്ക് അയക്കുന്നു. ഡൈ കാല്‍സ്യം ഫോസ്‌ഫേറ്റ് എന്ന ഉപോല്‍പ്പന്നവും കമ്പനി നിര്‍മിക്കുന്നു.

ഹൈഡ്രോക്ലോറിക് ആസിഡ് കലര്‍ന്ന വെള്ളം, ഭീമമായ അളവില്‍ പുറത്തേക്കു തള്ളുന്ന മജ്ജയും മാംസാവശിഷ്ടങ്ങളും, ഗ്രീസ്, എണ്ണ ഇവയൊക്കെയാണ് പ്രതിദിനം കമ്പനി ചാലക്കുടിപ്പുഴക്കും കാതിക്കൂടത്തിനും സമ്മാനിക്കുന്നത്. ഓസീന്‍ പ്ലാന്റില്‍ നിന്നു മാത്രമുള്ള മാലിന്യപ്പട്ടികയാണ് മുകളില്‍ നിരത്തിയത്. ലൈംഡ് ഒസീന്‍ നിര്‍മ്മാണ യൂനിറ്റില്‍ നിന്ന് വന്‍ തോതില്‍ ചുണ്ണാമ്പും മറ്റ് ദ്രവീകൃത മാലിന്യങ്ങളും പുറത്തെത്തുന്നു. ഡൈ കാല്‍സ്യം ഫോസ്‌ഫേറ്റ് പ്ലാന്റില്‍ നിന്ന് ക്ലോറൈഡുകള്‍ കണ്ടമാനം പുറത്തേക്കൊഴുകുന്നു.

വെള്ളം എടുക്കുന്നു എന്നതു മാത്രമല്ല, ഉല്‍പ്പാദന ശേഷം മാലിന്യം നിറഞ്ഞ നിലയില്‍ ഈ ജലം തിരിച്ച് അതേ പുഴയിലേക്കു തന്നെ ഒഴുക്കുകയുമാണ് കമ്പനി. ഇതിനും പഞ്ചായത്തിന്റെ അനുമതിയില്ല. പൊതുസ്ഥലത്തു കൂടെയാണ് കമ്പനിയുടെ മാലിന്യ ഒഴുക്കല്‍. കാതിക്കുടത്തുകാര്‍ മാത്രമാണ് ഈ വിഷം ചുമക്കുന്നതെന്ന പൊതു ധാരണ തെറ്റാണ്. ചാലക്കുടി പുഴയിലെ വെള്ളം ഉപയോഗിക്കുന്ന നിരവധി ഗ്രാമപഞ്ചായത്തുകളും സ്ഥാപനങ്ങളും വിഷം ഏറ്റുവാങ്ങുന്നുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ പമ്പ് ഹൌസ് പ്രവര്‍ത്തിക്കുന്നത് മലിനജല പൈപ്പ് പുഴയില്‍ ചെന്ന് ചേരുന്നതിന് സമീപത്താണ്. കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ പ്രദേശത്തും മാള, പൊയ്യ, കുഴൂര്‍, അന്നമനട, പുത്തന്‍ചിറ, വെള്ളാങ്ങല്ലൂര്‍, പഞ്ചായത്തുകളിലും കുടിവെള്ളം എത്തിക്കുന്നത് ഈ പമ്പ് ഹൌസില്‍ നിന്നാണ്. വൈന്തല മാമ്പ്ര - ചെട്ടിക്കുന്ന് കുടിവെള്ള പദ്ധതിയിലൂടെ പതിനായിരക്കണക്കിന് ജനങ്ങളാണ് കുടിവെള്ളമുപയോഗിക്കുന്നത്. ഇവിടെയുള്ള വൈന്തല കുടിവെള്ള പദ്ധതിയില്‍ വിതരണം ചെയ്യുന്ന ജലം ഈയടുത്ത് വാട്ടര്‍ അതോറിറ്റി പരിശോധിച്ചപ്പോള്‍ മാരക വിഷാംശം കണ്ടെത്തിയിരുന്നു.

കമ്പനി ചാലക്കുടിപ്പുഴയിലൊഴുക്കുന്ന ദ്രാവക മാലിന്യങ്ങള്‍ പ്രദേശത്തെ ഉപരിതല-ഭൂഗര്‍ഭ ജലസമ്പത്തിനു നല്‍കുന്ന വിപത്ത് ചെറുതല്ല. പെരുന്തോടും ചാത്തന്‍ചാലും പോലുള്ള ചെറുതോടുകളിലെ ജലം പൂര്‍ണമായും മലിനീകരിക്കപ്പെട്ടു. കുടിവെള്ളത്തിനും, അലക്കു കുളിക്കും, കൃഷിക്കും ഈ തോടുകളെ ആശ്രയിക്കാന്‍ പറ്റാതായി. കാഡ്മിയം, ക്രോമിയം, ലെഡ്, നിക്കല്‍ തുടങ്ങിയ അതിഘന മൂലകങ്ങള്‍ വലിയ തോതില്‍ കലര്‍ന്ന് ജലസേചനത്തിനുപോലും ഉപയോഗിക്കാനാവാത്ത വിധം ജലം വിഷമയമായി. കാല്‍സ്യവും പുറന്തള്ളുന്ന മാലിന അവശിഷ്ടങ്ങളിലെ പ്രധാന സാനിധ്യമാണ്. ചാലക്കുടിപ്പുഴയിലെയും പെരുന്താണിപ്പുഴയിലെയും ജലത്തില്‍ കാല്‍സ്യവും ,അതിഘന മൂലകങ്ങളും അമിതതോതില്‍ കലര്‍ന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.

വേനലില്‍ മല്‍സ്യങ്ങള്‍ ചത്തൊടുങ്ങുന്നത് പെരുന്തോട്ടില്‍ സാധാരണമാണ്. കമ്പനി മലിനജലമൊഴുക്കുന്ന ഭാഗത്തിനടുത്ത കക്കാട് പമ്പ് ഹൌസില്‍ നിന്നെത്തുന്ന വെള്ളം ഉപയോഗിച്ചതോടെ വെള്ളരികൃഷി പൂര്‍ണമായി നശിച്ചെന്ന കര്‍ഷകന്റെ പരാതിയെ തുടര്‍ന്ന് പ്രദേശത്തെ മണ്ണും ജലവും പരിശോധിക്കാന്‍ ചാലക്കുടി മുന്‍സിഫ് കോടതി കമ്മീഷനെ നിയമിച്ചു.2006 മെയില്‍ ചാലക്കുടിപ്പുഴയില്‍ മല്‍സ്യങ്ങള്‍ കൂട്ടമായി ചത്തുപൊന്തി. പുലിക്കക്കടവിലും അപ്പിനിക്കടവിലുമായിരുന്നു ഇവ കൂടുതല്‍ കാണപ്പെട്ടത്. അന്തരീക്ഷം ദുര്‍ഗന്ധപൂരിതമായി. തുടര്‍ന്ന് റീജ്യനല്‍ അനലിറ്റിക്കല്‍ ലാബില്‍ നടത്തിയ ജലപരിശോധനയില്‍ ജലത്തില്‍ ആസിഡ് സാനിധ്യമുണ്ടെന്ന് വ്യക്തമായി. ജലത്തിലെ ലേയ ഓക്‌സിജന്റെ(dissolved Oxygen) സാന്നിധ്യം വളരെ കുറഞ്ഞു പോയെന്നും പരീക്ഷണ ഫലം പറഞ്ഞു. കൊടുങ്ങല്ലൂര്‍, മാള പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്ന വാട്ടര്‍ അതോറിറ്റി പമ്പ് ഹൌസും കമ്പനി ചാലക്കുടിപ്പുഴയില്‍ മാലിന്യം പുറന്തള്ളുന്ന ഭാഗത്തിനു തൊട്ടടുത്താണ്.

കാടുകുറ്റി പഞ്ചായത്തിലെ 8,10,12 വാര്‍ഡുകളില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജിലെ സോഷ്യല്‍ വര്‍ക്‌സ് ഡിപ്പാര്‍ട്ട് മെന്റ് നടത്തിയ പഠനത്തില്‍ 40 ശതമാനം കിണറുകളിലും ജലം ഉപയോഗശൂന്യമെന്നു കണ്ടെത്തി.36.3ശതമാനം കിണറിലും അമിത അളവില്‍ ഖരമാലിന്യം അടങ്ങിയതായി പഠനം പറയുന്നു. ക്ലോറൈഡിന്റെ അംശം സാധാരണയിലും നാലുമടങ്ങ് അധികമാണ് ഇവിടങ്ങളിലെ ജലത്തിലെന്നും വ്യക്തമായി. ടി.ഡി.എസ് അളവും(total dissolved solids) ക്രമാതീതമാണെന്ന് പഠനത്തിലുണ്ട്. 2000മിലിഗ്രാം/ലിറ്റര്‍ എന്ന അനുവദനീയ അളവിനെ ബഹുദൂരം പിന്‍തള്ളി ഇവിടത്തെ ടി.ഡി.എസ് അളവ് 8750 മിലിഗ്രാം/ലിറ്ററില്‍ എത്തിയതായും വെളിപ്പെട്ടു.

കാതിക്കുടത്തുകാര്‍ മാത്രമാണ് ഈ വിഷം ചുമക്കുന്നതെന്ന പൊതു ധാരണ തെറ്റാണ്.

ഞെട്ടിക്കുന്ന വിവരങ്ങള്‍
തൃശൂരിലെ ജനനീതി വസ്തുതാന്വേഷണവുമായി ബന്ധപ്പെട്ട് നടത്തിയ രാസ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നിരുന്നു. അവയുടെ വിശദാംശങ്ങള്‍:

* കിണര്‍ വെള്ളം-ഒരു സാമ്പിളില്‍ അമിതമായി കാല്‍സ്യം കണ്ടെത്തി. കുടിക്കാന്‍ പറ്റില്ല.
* പാടത്തെ വെള്ളം-പി.എച്ച് മൂലം കുറവ്. കാല്‍സ്യം കൂടുതല്‍. കുടിക്കാനും കൃഷിക്കും പറ്റില്ല.
* ഓസീന്‍ കഴുകിയ ജലം-കാഡ്മിയം,ലെഡ്, നിക്കല്‍ എന്നിവ കണ്ടെത്തി. ജലം അസിഡിക്. ഉയര്‍ന്ന അളവില്‍ കാല്‍സ്യം. കുടിക്കാനും കൃഷിക്കും പറ്റില്ല.
* തോട്ടുവെള്ളം-ഉയര്‍ന്ന കാല്‍സ്യം. അസിഡിക്. കുടിക്കാനും കൃഷിക്കും പറ്റില്ല.
* പുറന്തള്ളുന്ന വിഷ ജലം-കാല്‍സ്യം ആലോചിക്കാനാവാത്ത തോതില്‍. കുടിക്കാനും കൃഷിക്കും പറ്റില്ല.
*പുഴ വെള്ളം-വമ്പിച്ച അളവില്‍ കാല്‍സ്യം. നിക്കല്‍. കുടിക്കാന്‍ പറ്റില്ല.
*പെരുന്താന്നി പുഴ ജലം-വന്‍തോതില്‍ കാല്‍സ്യം. കുടിക്കാനും കൃഷിക്കും പറ്റില്ല.

കമ്പനി നടത്തുന്ന നിയമലംഘനങ്ങള്‍ അനവധിയാണ്. ഇതില്‍ പ്രധാനം വെള്ളക്കൊള്ളയാണ്. ഓസീന്‍ ഉല്‍പ്പാദനത്തിന് കമ്പനി പ്രതിദിനം രണ്ട് കോടി ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍, പ്രതിദിനം 60 ലക്ഷം ലിറ്റര്‍ വെള്ളമെടുക്കുന്നുവെന്നാണ് കമ്പനിയുടെ അവകാശവാദം. ഇത് തെറ്റാണെന്ന് ആക്ഷന്‍ കൌണ്‍സില്‍ തെളിയിച്ചിട്ടുണ്ട്.

ചാലക്കുടി പുഴയില്‍ സ്വന്തമായി പമ്പ് ഹൌസ് സ്ഥാപിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ട് 60 hp മോട്ടോറുകള്‍ ഉപയോഗിച്ച് പടുകൂറ്റന്‍ പൈപ്പുകളിലാണ് കമ്പനി വെള്ളം ഊറ്റുന്നത്. പഞ്ചായത്തില്‍നിന്നോ മറ്റേതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നോ ഒരനുമതിയും ഇതിന് നേടിയിട്ടില്ല. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയുണ്ടെന്ന് കമ്പനി പിന്നീട് പിന്നീട് വാദിച്ചെങ്കിലും തങ്ങള്‍ക്ക് അനുമതി നല്‍കാന്‍ അധികാരമില്ലെന്ന് 2009ല്‍ ബി.ഡി.ദേവസി എം.എല്‍.എ കാതിക്കുടത്ത് വിളിച്ചു ചേര്‍ത്ത പരിപാടിയില്‍ അന്നത്തെ മലിനീകരണ ബോര്‍ഡ് ചെയര്‍മാന്‍ എസ്.ഡി.ജയപ്രസാദ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

പുഴയോരത്ത് അനുമതിയില്ലാതെയാണ് കമ്പനി പമ്പു ഹൌസ് സ്ഥാപിച്ചത്. വെള്ളം എത്തിക്കുന്നതിനുള്ള കൂറ്റന്‍ പൈപ്പ് സ്ഥാപിച്ചതും അനുമതിയില്ലാതെയാണ്. ഭൂമി കൈയേറിയതു കൂടാതെ മറ്റാര്‍ക്കും പ്രവേശനം നല്‍കാത്ത വിധം കമ്പനി പ്രത്യേക കാവല്‍ക്കാരെയും നിയോഗിച്ചിട്ടുണ്ട്. മലിനീകരണത്തെ കുറിച്ച് പഠിക്കുന്നതിന് ഈ കാവല്‍ക്കാര്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചതായി നെതര്‍ലാന്റ് സര്‍വകലാശാലയിലെ ഗവേഷകന്‍ റാം പ്രസാദ് കാഫ്്‌ലെ ഗവേഷണ പ്രബന്ധത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 32 വര്‍ഷം കൊണ്ട് കമ്പനി 23,000 കോടി ലിറ്റര്‍ ഓളം വെള്ളം ഇവിടെനിന്ന് ഊറ്റിയിട്ടുണ്ട് എന്നാണ് ഏകദേശ കണക്ക്. ആരോടും അനുമതി വാങ്ങാതെ നഗ്‌നമായി നടത്തുന്ന വെളളക്കൊള്ളയായതിനാല്‍ കമ്പനി ചില്ലിക്കാശ് ഇതിനു നല്‍കിയിട്ടില്ല.

കമ്പനി നടത്തുന്ന നിയമലംഘനങ്ങള്‍ അനവധിയാണ്.

പുഴയ്ക്ക് സംഭവിക്കുന്നത് 
കണക്കന്‍ കടവിലെ ഷട്ടറുകള്‍ അടഞ്ഞു കിടക്കുന്നത് കൊണ്ട് തന്നെ പുഴയിലെ ഒഴുക്കും നിലച്ചിരിക്കുകയാണ്. തല്‍ഫലമായി ഈ വെള്ളം തോടുകളിലൂടെ വയലുകളിലേക്കും ഉള്‍ഗ്രാമങ്ങളിക്കും പ്രവേശിക്കും. അമിതമായി രാസമാലിന്യങ്ങള്‍ നിറഞ്ഞത് കൊണ്ട് തന്നെ ഈ വെള്ളം ചെന്നെത്തുന്ന പ്രദേശങ്ങളിലെ കൃഷിയെയും കാര്യമായി ബാധിക്കാന്‍ ഇടയുണ്ട്. അടുത്തിടെ നടത്തിയ പഠനങ്ങളില്‍ പുഴയിലെയും, NGIL കമ്പനിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്തെ കിണറുകളിലെയും വെള്ളത്തില്‍ അമിതമായി ആസിഡിന്റെ അളവ് കണ്ടെത്തിയിരുന്നു.  മാത്രവുമല്ല, പുഴയിലെ കരിമീന്‍, പരല്‍, ചെമ്മീന്‍ തുടങ്ങിയ ശുദ്ധജല മത്സ്യങ്ങള്‍ക്ക് കൂട്ടത്തോടെയുള്ള നാശവും സംഭവിക്കാന്‍ ഇടയുണ്ട്. മലിന ജലത്തില്‍ അതിജീവിക്കാന്‍ പ്രതിരോധ ശേഷി തീരെ കുറഞ്ഞ മത്സ്യങ്ങളാണ് ഇവ. പുഴയിലെ രാസവസ്തുക്കളുടെ അളവ് ക്രമാതീതമായി കൂടിയത് കൊണ്ടായിരുന്നു മുമ്പ് പുഴയിലെ   മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പോയത്. ചാലക്കുടി പുഴയില്‍ മത്സ്യബന്ധനം നടത്തി ജീവിക്കുന്ന നല്ലൊരു ശതമാനം ആളുകളെ ഇത് വളരെ പ്രതികൂലമായി ബാധിക്കും.

കേരളസംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം ശുദ്ധജലമത്സ്യങ്ങളുടെ എണ്ണം കൊണ്ടും വൈവിധ്യം കൊണ്ടും ഏറെ സംരക്ഷണപ്രാധാന്യമര്‍ഹിക്കുന്നതാണ് ചാലക്കുടിപ്പുഴ. എന്നാല്‍ പുഴയുടെയും വൃഷ്ടി പ്രദേശങ്ങളിലെയും സകലമാന ആവാസവ്യസ്ഥകളെയും തകിടം മറിക്കുന്ന ചൂഷണമാണ് കമ്പനി തുടരുന്നത്. പുഴയിലെ വെള്ളം നിശ്ചിത അളവില്‍ കൂടുതല്‍ ഊറ്റിയാല്‍ പുഴയെ ആശ്രയിക്കുന്ന ഒരു വലിയ ആവാസ വ്യവസ്ഥ തകരുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ചാലക്കുടിപ്പുഴയെത്തന്നെ ഉദാഹരണമായി എടുത്ത് വ്യക്തമാക്കിയിട്ടുള്ളതാണ്.

കന്നുകാലികളുടെ എല്ലും സള്‍ഫ്യൂരിക്കാസിഡുമാണ് കാതിക്കുടത്തെ NGIL കമ്പനിയുടെ പ്രധാന അസംസ്‌കൃത വസ്തുക്കള്‍. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ പ്രതിദിനം 120 ടണ്‍ എല്ലും 1.2 ലക്ഷം ലിറ്റര്‍ ഹൈഡ്രോക്ലോറിക്കാസിഡും. 62 ലക്ഷം ലിറ്ററാണ് കമ്പനിക്ക് അനുവദിച്ചിട്ടുള്ളതെങ്കിലും ഈ ജലം കമ്പനിയുടെ പ്രതിദിന ആവശ്യങ്ങള്‍ക്ക് പോരാത്തത് കൊണ്ട്  അവര്‍ മൂന്നിരട്ടി പുഴവെള്ളം വരെ ഊറ്റിയെടുക്കുന്നു എന്ന് പ്രദേശവാസികള്‍ പറയുന്നു. ഉപയോഗശേഷം അവശേഷിക്കുന്ന വിഷജലം യാതൊരു തരം ശുദ്ധീകരണവും നടത്താതെ പുഴയിലേക്ക് തന്നെയാണ് തിരിച്ചൊഴുക്കുന്നത്.

2016-ല്‍ ഈ കമ്പനിയിലെ ബയോഗ്യാസ് പ്ലാന്റില്‍ ഉണ്ടായ പൊട്ടിത്തെറിയെ തുടന്നു ഉപയോഗശൂന്യമായ മാരക അസംസ്‌കൃത വസ്തുക്കള്‍ പാലക്കാട് ജില്ലയിലെ കള്ളിയമ്പാറ ആദിവാസി കോളനിക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ സംസ്‌കരിക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് ആ ശ്രമം ഉപേക്ഷിക്കുകയും ബാക്കിയായ അസംസ്‌കൃത വസ്തുക്കള്‍ കാതിക്കുടത്തെ തന്നെ കമ്പനി കോമ്പൗണ്ടിന്റെ ഉള്ളില്‍ കുഴിച്ചിടുകയുമാണ് ഉണ്ടായത്. എന്നാല്‍ ചാലക്കുടി പുഴയുടെ തീര പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ കമ്പനി കോമ്പൗണ്ടില്‍ നിന്നും കമ്പനിയുടെ അടുത്തുള്ള വെള്ളമൊഴുകുന്ന തോടുകള്‍ വഴി ഈ അസംസ്‌കൃത വസ്തുക്കള്‍ പുഴയിലേക്ക് തന്നെയാണ് എത്തി ചേര്‍ന്നത്. 

ഈ കമ്പനിയില്‍ നിന്നും വമിക്കുന്ന അസഹ്യമായ ദുര്‍ഗന്ധവും മറ്റു രാസവസ്തുക്കളും കാതിക്കുടത്തോട് ചേര്‍ന്ന് കിടക്കുന്ന നാടുകളില്‍ പോലും വായു മലിനമാക്കുന്നുണ്ട്.  കമ്പനിക്ക് കാവലുള്ള പൊലീസുകാര്‍ക്ക് പോലും മുഴുവന്‍ സമയവും മൂക്ക് മറക്കാതെ ഇവിടെ നില്‍ക്കാന്‍ കഴിയില്ല. പ്രദേശവാസികള്‍ക്ക് പലര്‍ക്കും മാരകമായ ശ്വാസകോശ, ക്യാന്‍സര്‍ രോഗങ്ങള്‍ ഇതിനോടകം പിടിപെട്ടു കഴിഞ്ഞു. 

കാതിക്കുടത്തെ NGIL കമ്പനിക്കെതിരെ നിരവധി സമരങ്ങള്‍ മുമ്പ് നടന്നിട്ടുണ്ട്. എന്നാല്‍ സമാധാനപരമായി സമരം ചെയ്തവരെ  ക്രൂരമായാണ് പോലീസ് നേരിട്ടത്. നിരവധി ആളുകള്‍ക്ക് പോലീസ് ലാത്തിച്ചാര്‍ജില്‍ മാരകമായി പരിക്ക് പറ്റിയിരുന്നു. അന്ന് കമ്പനിയോട് ചേര്‍ന്ന പ്രദേശത്ത് ഉണ്ടായിരുന്ന നിരവധി വാഹനങ്ങളും വീടുകളും പോലീസ് തല്ലി തകര്‍ത്തു. സമരത്തിന് നേതൃത്വം കൊടുത്തവര്‍ക്ക് എതിരെ കള്ളക്കേസുകള്‍ ചുമത്തി സമരത്തെ തകര്‍ക്കാനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്.

മാരകമായ രോഗങ്ങളാണ് നാളെ ഈ ജനങ്ങളെ കാത്തിരിക്കുന്നത്

കമ്പനി പറയുന്നത് 
ചാലക്കുടി പുഴയിലേക്ക് തങ്ങള്‍ ഒഴുക്കി കളയുന്നത് ശുദ്ധജലമാണെന്നാണ് NGIL കമ്പനിയുടെ വാദം. എന്നാല്‍ ഒരിക്കല്‍ പുഴയിലേക്ക് ഇട്ട പൈപ്പുകള്‍ പൊട്ടുകയും  അതില്‍നിന്നും വലിയ അളവില്‍ മാലിന്യങ്ങള്‍ ആ പ്രദേശത്ത് ചോരുകയും ചെയ്തിരുന്നതാണ്. കമ്പനിയുടെ അവശിഷ്ടങ്ങള്‍ തള്ളുന്ന പൈപ്പ് ലൈന്‍ എത്തിച്ചേരുന്ന പുഴയുടെ പരിസരങ്ങളിലെ വെള്ളവും അഴുക്ക് ചാലുകളോട് സമാനമാണ്.  

എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ 10 ലക്ഷത്തിലേറെ ജനങ്ങള്‍ കുടിവെള്ള ആവശ്യത്തിനായി മാത്രം ചാലക്കുടി പുഴയെ ആശ്രയിക്കുന്നുണ്ട്. നിരവധി കര്‍ഷകരുടെയും ഏക ആശ്രയം ഈ പുഴയാണ്. ചാലക്കുടി പുഴയില്‍ വിഷം നിറയുന്നതോടെ ഇത്രയധികം മനുഷ്യരുടെ ജീവന് തന്നെയാണ് അത് ഭീഷണിയായിരിക്കുന്നത്. മാരകമായ രോഗങ്ങളാണ് നാളെ ഈ ജനങ്ങളെ കാത്തിരിക്കുന്നത്. മാത്രവുമല്ല ഈ പുഴയെ ബന്ധപ്പെട്ടു കിടക്കുന്ന വലിയൊരു ആവാസവ്യവസ്ഥയുടെ നാശവും ഇതുമൂലം സംഭവിക്കും. 

കാതിക്കുടത്തെ NGIL കമ്പനി ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തിന് മേലുള്ള കടുത്ത വെല്ലുവിളിയായി തുടരുമ്പോഴും കമ്പനിക്കെതിരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. അവസനമായി വന്ന വിവരങ്ങള്‍ അനുസരിച്ച് മുഖ്യമന്ത്രിയുടെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ് എം.സി ദത്തന്‍ കഴിഞ്ഞ മാസം ചാലക്കുടി പുഴ സന്ദര്‍ശിക്കുകയും അതിനെ തുടര്‍ന്ന് മെയ് 6 ന് മുഖ്യമന്ത്രിയുടെ ചേമ്പറില്‍ ഉന്നതല യോഗം വിളിച്ചിട്ടുമുണ്ട്.

ഈ യോഗത്തില്‍ അനുകൂലമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ഈ പുഴയമായി ബന്ധപ്പെട്ടു ദുരിതം അനുഭവിക്കുന്ന മുഴുവന്‍ ജനങ്ങളെയും, സാമൂഹിക പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചു കൊണ്ട് പ്രതിഷേധം തുടരാനാണ്  നീക്കം. അടുത്ത ദിവസങ്ങളിലായി ചാലക്കുടി പുഴയുടെ സംരക്ഷണത്തിന് വേണ്ടി വിപുലമായ സമര സമിതിയുടെ രൂപീകരണവും നടക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios