Asianet News MalayalamAsianet News Malayalam

അമ്മ തമിഴ് മക്കളുടെ അഭിമാനം; പുരട്ചി തലൈവി എതിരാളികളുടെ പേടിസ്വപ്‍നം

Masharsha writes about Jayalalithaa
Author
Thiruvananthapuram, First Published Dec 5, 2016, 5:41 PM IST

Masharsha writes about Jayalalithaa

ദക്ഷിണേന്ത്യയിൽ നിന്ന് ദേശീയ രാഷ്‍ട്രീയത്തിലെ ഏറ്റവും വിലമതിക്കുന്ന ശബ്‍ദങ്ങളിൽ ഒന്ന്. ആരാധകർക്കും പാർട്ടി അണികൾക്കും അവർ ദേവതയെ അവതാരമോ ആയിരുന്നു. ചുറ്റുമുള്ളതിനെ തന്‍റെ  സ്വാധീനത്തില്‍ നിര്‍ത്തുമ്പോള്‍ തന്നെ  സ്വകാര്യ - സിനിമ- രാഷ്‍ട്രീയ ജീവിതത്തിൽ  കയറ്റിറക്കങ്ങളിലും ജീവിതത്തെ അവര്‍ നിഗൂഢമായി സൂക്ഷിച്ചു.

വക്കീലാകാൻ മോഹിച്ച, എല്ലാവരും സ്നേഹത്തോടെ അമ്മു എന്ന് വിളിച്ച കോമളവല്ലി,  ജയലളിത ആയപ്പോള്‍ ലോകത്തെ മറ്റ് വനിതാ നേതാക്കളോടൊപ്പമാണ് സ്വയം പ്രതിഷ്ഠിച്ചത്. ജയലളിത പക്ഷെ അവരിൽ നിന്നൊക്കെ ജീവിതവും പോരാട്ടവും കൊണ്ട് വ്യത്യസ്തയായിരുന്നു. ഒരു ചെറുകിട നടിയുടെ മകളെന്ന നിലയിൽ നിന്നു ദക്ഷിണേന്ത്യയിലെ താരമൂല്യമുള്ള നടിയായും ഇന്ത്യൻ രാഷ്‍ട്രീയത്തിലെ തലമുതിർന്ന നേതാവായി വളർന്നപ്പോഴും ആശുപത്രി കിടക്കയില്‍ മരണവുമായി മല്ലടിച്ചു ദീർഘനാൾ കിടക്കുമ്പോഴും അവരുടെ നിശ്ചയ ദാർഢ്യം നാം കണ്ടു.  ഏഷ്യയിൽ തന്നെ ഇന്ദിരയും ബേനസീറും സിരിമാവോ ഭണ്ഡാരനായകയും ഷെയ്ഖ് ഹസീനയും ഒക്കെ കുടുംബപരമായി രാഷ്‍ട്രീയ പശ്ചാത്തലം ഉള്ളപ്പോൾ ജയലളിത ഒരു  സാധാരണ മധ്യവർഗ കുടുബത്തില്‍ നിന്നു ആയിരുന്നു വന്നത്.

പക്ഷെ , വിധി അവരെ അവരുടെ ബാല്യ കൗമാര സ്വപ്‍നങ്ങളിലെ വക്കീൽ ആകാൻ സമ്മതിച്ചില്ല. മൈലാപ്പൂർ രസിക രജനി സഭയിലെ ജയയുടെ ഡാൻസ് പെർഫോമൻസ് കണ്ടു ശിവാജി അവരിൽ ഒരു നടിയുണ്ടെന്ന് തിരിച്ചറിഞ്ഞു. 1964 നായികയായി കന്നഡത്തിൽ തന്നെ അരങ്ങേറ്റം. തമിഴും കന്നഡയും ഹിന്ദിയും ഇംഗ്ലീഷും മലയാളവും തെലുഗുവും അനായാസം കൈകാര്യം ചെയ്യാനുള്ള ജയയുടെ കഴിവ് തമിഴ് ഭാഷാരാഷ്‍ട്രീയത്തിനപ്പുറത്തേക്ക് അവരെ എത്തിച്ചു.  മുതിർന്ന നേതാക്കളുടെ  ശക്തമായ എതിർപ്പിനെയും ഗൂഢലോചനകളെയും തകർത്തെറിഞ്ഞു 1982 ൽ അവർ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം കക്ഷിയുടെ രാഷ്‍ട്രീയ നിർവാഹക കാര്യ നേതാവായപ്പോള്‍ അസുഖ ബാധിതനായ എംജിആര്‍ ചികിത്സക്കായി അമേരിക്കയിലായിരുന്നു. അക്കാലത്തു എം ജി ആര്‍ നടപ്പാക്കിയ ഉച്ചഭക്ഷണ പരിപാടിയുടെ നടത്തിപ്പ് ചുമതല ജയയ്ക്കായിരുന്നു. അതവരെ രാഷ്‍ട്രീയമായി വളരാൻ സഹായിച്ചു.  എന്നാല്‍  ജനങ്ങളുമായി നേരിട്ട് ബന്ധമുള്ള നേതാവെന്ന ഇമേജ് സൃഷ്ടിക്കപ്പെട്ടപ്പോഴും പാർട്ടിയിലെ മുതിർന്ന നേതാക്കൾ അവർക്കെതിരായ നീക്കങ്ങൾ ശക്തമാക്കിയിരുന്നു.

Masharsha writes about Jayalalithaa

എം ജി ആറിന്‍റെ മരണം ജയയുടെ ജീവിതത്തിലെ നിർണായക വഴിത്തിരിവായി. ശവമഞ്ചത്തിൽ നിന്ന് തല്ലി ഇറക്കപ്പെട്ട പൊതുഇടത്തിൽ വച്ച് അപമാനിക്കപ്പെടുന്നത് ഒരു നൊമ്പരമായി തമിഴരുടെ  മനസ്സിൽ തങ്ങിനിന്നു.

എം ജി ആറിന്‍റെ മരണശേഷം പാർട്ടിയിൽ അധികാര കേന്ദ്രങ്ങൾ പലതായി. ജയക്കെതിരെ പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഒരുമിച്ചു. അവർ  ജാനകി രാമചന്ദ്രനെ മുന്നിൽ നിറുത്തി ജയക്കെതിരെ പടനയിച്ചു. എഐഎഡിഎംകെ പിളർന്നു. ആ പിളർപ്പ് മുതലെടുത്തു 1989 ൽ ആദ്യമായി ഡിഎംകെ അധികാരത്തിൽ വന്നു. പക്ഷെ ജയ ആ സമയം തന്‍റെ  പാർട്ടിയിലെ അപ്രമാദിത്വം അരക്കിട്ടു ഉറപ്പിക്കുകയായിരുന്നു. 1991 ലെ തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെയ്‍ക്കു വൻ ഭൂരിപക്ഷം ലഭിച്ചു. ജയലളിത അധികാരത്തിൽ വന്നു.

ആദ്യമായി ഞാൻ തമിഴ്‌നാട്ടിൽ ചെല്ലുമ്പോൾ ജയലളിതയായിരുന്നു മുഖ്യമന്ത്രി. തമിഴന്‍റെ വ്യക്തി ആരാധനയെക്കുറിച്ച്  ഒരു ശരാശരി മലയാളിയുടെ പുശ്ച്ചം  നിറഞ്ഞ അജ്ഞത മാത്രമായിരുന്നു എനിക്ക് ആ നാടിനെക്കുറിച്ചുള്ള കൈമുതല്‍.

എന്നാല്‍ സ്ത്രീകളുടെ വിഷയങ്ങൾ സൂക്ഷ്മമായി മനസ്സിലാക്കി,  പാവങ്ങളുടെ അമ്മയായി, ജയലളിത പരിണമിക്കുന്ന കാഴ്ച ആണ് പിന്നീട് കണ്ടത്. മത ജാതി വർണ്ണ വർഗ വ്യത്യാസമില്ലാതെ പാവങ്ങൾക്കും അശരണർക്കും അവർ അമ്മയായി. അത്രനാളും പുരുഷ മേധാവിത്വത്തിന്റെ നുകത്തിൽ മാത്രം മുന്നോട്ടുനീങ്ങിയിരുന്ന ഒരു സാമൂഹിക ക്രമത്തെ സ്ത്രീപക്ഷ സാമൂഹിക ക്രമമാക്കി  അവർ പരിവർത്തിപ്പിക്കാൻ ശ്രമിച്ചു.  സ്ത്രീകൾക്ക് അതുവരെ അന്യമായിരുന്ന അവരുടെ  ഇടങ്ങൾ അവർക്ക് കണ്ടെത്തി കൊടുത്തു എന്നതായിരിക്കും മറ്റെന്തിനേക്കാളും ഉപരി ജയലളിതയെന്ന 'അമ്മ" തമിഴ് പെൺകൊടികൾക്ക് പ്രിയപ്പെട്ടതായിരിക്കുക . അവർ പറഞ്ഞത് പോലെ ഒരമ്മയ്‍ക്കു മാത്രമേ അറിയൂ മക്കൾക്ക് എന്താണ് വേണ്ടതെന്ന്.

"ഞാൻ തമിഴ് ജനതയുടെ അമ്മയാണ്," എന്ന് അവരുടെ ഉറച്ച വാക്കുകള്‍ തമിഴന്‍റെ തായ്ബോധത്തിലൂന്നീയ ആത്മാഭിമാനം ഉയർത്തിപിടിച്ചു. അവരുടെ ലക്ഷ്യമായി പറഞ്ഞത്, ഒരുകാലത്തും തമിഴ് ജനത ഒരാളുടെ മുന്നിലും ഒരാവശ്യത്തിനും കൈനീട്ടരുത്. ഒരുകാര്യവും ആരും തമിഴ് മക്കൾക്ക് സൗജന്യമായി തരേണ്ട എന്നാണ്.

ജീവിച്ചിരിക്കെ തന്നെ ആ ലക്‌ഷ്യം നേടണമെന്നതായിരുന്നു അവരുടെ ആഗ്രഹം. ബാലവേലയും പെൺ ഭ്രൂണഹത്യയും നിത്യ സംഭവങ്ങളായിരുന്ന തമിഴ്‌നാട്ടിൽ  അതിനു അന്ത്യം കുറിച്ചുകൊണ്ട് സാർവത്രിക വിദ്യാഭ്യാസം നിർബന്ധമാക്കി. 90കളിൽ വെറും 60 % സാക്ഷരതയുണ്ടായിരുന്ന നാട് ജയലളിതയുടെ അധികാരലബ്‍ധിക്ക് ശേഷം വലിയ മാറ്റങ്ങൾ സംഭവിച്ചു. പെൺകുഞ്ഞുങ്ങൾ ജനിക്കുന്നത് നാണക്കേടെന്നു കരുതിയിരുന്ന നാട്ടിൽ അമ്മത്തൊട്ടിൽ സ്ഥാപിച്ചു. ഉപേക്ഷിക്കപ്പെടുന്ന പെൺകുട്ടികളുടെ അമ്മയായി. സ്റ്റേറ്റ് അവരെ ദത്തെടുത്തു. പിറന്നു വീഴുന്ന ഓരോ പെൺകുഞ്ഞും സ്റ്റേറ്റിന്റെ സ്വത്തായി മാറ്റി. അവരുടെ വിദ്യാഭാസ ചിലവ് മുതൽ വിവാഹം വരെ സ്റ്റേറ്റിന്റെ ബാധ്യതയാക്കി. പെൺകുട്ടികൾക്ക് സൈക്കിൾ മുതൽ ലാപ്ടോപ് വരെ കൊടുത്തു.

പെൺകുട്ടികൾ ഉണ്ടാവുന്നത് അഭിമാനകരമായ ഒന്നായി തമിഴ് ജനതയ്‍ക്കു തോന്നിത്തുടങ്ങിയത് ജയലളിതയുടെ കാലത്തായിരുന്നു മുല്ലപ്പെരിയാർ വിഷയത്തിൽ ജയലളിതയെന്ന ഉരുക്കുശലഭത്തിനു മുന്നിൽ കേരള രാഷ്‍ട്രീയ നേതാക്കൾ മുട്ടുവിറച്ചു നിൽക്കുന്നത് മലയാളികൾ കണ്ടതാണ്. വലിയ വ്യവസായങ്ങളും പദ്ധതികളും കൊണ്ടുവരുന്നതിനൊപ്പം അവർ തമിഴ് അടിസ്ഥാന ജനവിഭാഗങ്ങളുടെ കാര്യത്തിലും ജാഗ്രത പുലർത്തിയ നേതാവായിരുന്നു . 283 'അമ്മ ഉണവകങ്ങൾ വഴി വില കുറച്ച് വൃത്തിയുള്ള ഭക്ഷണം നൽകി.

Masharsha writes about Jayalalithaa

300 രൂപയ്ക്ക് മേൽ വിലയുള്ള സിമന്റ് 190 രൂപയ്ക്ക് കൊടുത്തു. പത്തുരൂപയ്‍ക്കു കുടിവെള്ളം. രണ്ടു ടൺ സ്വർണ്ണം ആണ് കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് തമിഴ് പെണ്‍കൊടികള്‍ക്ക്  'താലിക്ക് തങ്കം' പദ്ധതി വഴി വിതരണം ചെയ്തത്. 35 ലക്ഷം സൈക്കിളുകൾ വിദ്യാർഥിനികൾക്ക് ഇടയിൽ വിതരണം ചെയ്തു . സ്ത്രീ പീഡന കേസുകള്‍ക്ക് അതിവേഗം പരിഹാരം കാണാന്‍ സ്ത്രീ സൗഹൃദ പൊലീസ് സ്റ്റേഷനുകള്‍ സ്ഥാപിച്ചു.

അണ്ണാച്ചി എന്ന് തമിഴനെ ഒളിഞ്ഞും തെളിഞ്ഞും  ഒരു വർണ്ണവെറിയോടെ മാത്രം വിളിക്കുന്ന മലയാളിക്ക്, അവരുടെ അമ്മക്ക് വേണ്ടി ജീവൻ കളയുന്ന തമിഴ് മക്കളുടെ വേദനയെന്തെന്നു മനസ്സിലാവണമെന്നില്ല. കാരണം നമ്മൾ ആരെയും വിശ്വസിക്കുകയോ ആരെങ്കിലും നമ്മെ വിശ്വസിക്കണമെന്നു നിര്‍ബന്ധമില്ലാത്തതോ ആയ ഒരു ജനതയാണല്ലോ ?

ജയലളിത ഒരു മഹാനദിയാണ്.  അഴിമതിക്കാരിയും ധൂർത്തയുമായ ഒരു ഭരണാധികാരിയെന്ന കലങ്ങിയ കാലം കഴിഞ്ഞ് ഒരു യോഗിയുടെ തെളിഞ്ഞ  മനസ്സോടെ തമിഴ് മക്കളുടെ മനസ്സിലേക്ക് ഒരു സമുദ്രഗരിമയോടെ അവര്‍ ഒഴുകി നിറഞ്ഞു. ഫേസ്ബുക്കിലെ ഒരു കമന്റിൽ വായിച്ചു, ജയലളിത പ്രസവിക്കാത്ത അമ്മയായ സ്ത്രീയാണെന്ന്. അതെ കോടിക്കണക്കിനു തമിഴ് മക്കളുടെ മനസ്സിൽ അമ്മയ്ക്കും മേലെ ഒരു സ്ഥാനത്ത് ആയിരിക്കും ജയലളിതയെന്ന ഭരണാധികാരി അടയാളപ്പെടുത്തുക.

Follow Us:
Download App:
  • android
  • ios