Asianet News MalayalamAsianet News Malayalam

ചോരച്ചുവപ്പുള്ള ദിവസങ്ങള്‍!

maya Indira banerjee TTP notes part 2
Author
Thiruvananthapuram, First Published Jun 3, 2017, 11:50 AM IST

maya Indira banerjee TTP notes part 2

അതിജീവനം ഒരു വാക്കല്ല. രണ്ടാം ഭാഗം. 

ആദ്യ ഭാഗം: നോക്കൂ, നിങ്ങള്‍ക്ക് ഒരു അപൂര്‍വ്വ രോഗമാണ്!​

'back to my second home'. നാട്ടിലെ അവധിക്കാലത്തിന്റെ കൊണ്ടാടലിന്  ശേഷം പതിവിന് വിപരീതമായി ഞാന്‍ ഇങ്ങനെ ഫേസ്ബുക്കില്‍ രേഖപ്പെടുത്തി. കൈവിട്ട് പോന്ന നാടിനോടുള്ള അഭിനിവേശം തുടിക്കുന്ന ഗൃഹാതുരമായൊരു വരിയാവുകയാണ്  പതിവ്. 'നാട് നാട്' എന്ന എന്റെ അതിവൈകാരികതയില്‍ ഞാന്‍ സ്‌നേഹിക്കാന്‍ മറന്നു പോയ കാനഡ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ എന്നെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുമെന്നും വിലമതിക്കാനാവാത്ത സാന്ത്വനം കൊണ്ട് മൂടുമെന്നും അപ്പോളെനിക്കറിയില്ലായിരുന്നുവെങ്കിലും.

മടങ്ങിയെത്തിയ ഞങ്ങള്‍ മൂന്നു പേരും ചിതറി വീണ പുസ്തക്കൂട്ടം അലമാരയില്‍ ഭംഗിയായി അടുക്കി വെക്കുന്ന ശുഷ്‌ക്കാന്തിയോടെ ജീവിതത്തെ ചിട്ടപ്പെടുത്തുകയായിരുന്നു. മകള്‍ക്ക് നഷ്ടപ്പെട്ട ക്‌ളാസ്സുകളുടെ വിടവ് ഭംഗിയായി നികത്തുക എന്നതായിരുന്നു എന്റെ പരമപ്രധാനമായ ലക്ഷ്യം.
പുത്തനുണര്‍വോടെ ലക്ഷ്യങ്ങളിലൂടെ ഒഴുകി കൊണ്ടിരിക്കെ ഒരു പ്രഭാതം ചുവന്ന മൂത്രം കണി കാണിച്ച് എന്നെ അമ്പരപ്പിച്ചു.

കുട്ടിക്കാലത്ത് മൂത്രത്തില്‍ റെഡ് ബ്ലഡ് കോര്‍പ്പസല്‍സിന്റെ സാന്നിധ്യം കാരണം നിരന്തര ചികിത്സകളൊക്കെ വേണ്ടി വന്നിട്ടുണ്ട്. പക്ഷെ തീരെ ചെറുപ്പത്തിലെ കഥയായത് കൊണ്ട് ലക്ഷണങ്ങളൊന്നും ഓര്‍മ്മയിലില്ല. അങ്ങനെയെന്തെങ്കിലുമാകുമോ?

'എന്റെ കിഡ്‌നി അടിച്ച് പോവാറായെന്ന് തോന്നുന്നു'.

കാനഡയില്‍ വന്നതിന് ശേഷം ഫാമിലി ഡോക്ടറെ പോയി കാണാന്‍ യാത്രാക്ലേശമോ കാശു മുടക്കോ ഒന്നും ഇല്ലാത്തതു കൊണ്ട് രോഗലക്ഷണങ്ങളെ ഗൗനിക്കാതിരിക്കുന്ന പതിവ്  വീട്ടിലാരുടെ കാര്യത്തിലും ഇല്ലാത്തതാണ് . എന്നിട്ടും ഞാനത് അന്ന് കാര്യമാക്കിയില്ല. പിറ്റേന്നും തേയില വെള്ളം പോലെ  മൂത്രമൊഴിച്ചു കൊണ്ടിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞു. 'എന്റെ കിഡ്‌നി അടിച്ച് പോവാറായെന്ന് തോന്നുന്നു'. 

വെള്ളിയാഴ്ചയായിരുന്നു അത്. വീക്കെന്‍ഡില്‍ ഫാമിലി ഡോക്ടറില്ലായിരുന്നു. തിങ്കളാഴ്ച ഒന്നു പോയി ഡോക്ടറെ കാണാമെന്ന് സ്‌റ്റെര്‍ലി പറഞ്ഞപ്പോള്‍ തിരക്കു പിടിക്കണമെന്ന് എനിക്കും തോന്നിയില്ല. പകരം ധാരാളം വെള്ളം കുടിച്ചു കൊണ്ടിരുന്നു.

നടത്തങ്ങളിലേക്ക് ക്ഷീണവും കിതപ്പും ആവേശിക്കുന്നത്, ദിനചര്യകളിലേക്ക് അലസത കയറിക്കൂടുന്നത് ഞാന്‍ ശ്രദ്ധിക്കാതെ വിട്ടു കളഞ്ഞു.

അന്ന് ഉച്ച കഴിഞ്ഞ് മകളെ സ്‌കൂളില്‍ നിന്നും കൂട്ടികൊണ്ട് വന്ന് വസ്ത്രം മാറുമ്പോള്‍  മുട്ടിന് താഴേക്ക് നിറയെ ചുമന്ന പൊട്ടുകള്‍. പുറത്ത് പോകാന്‍ പാന്റിടുമ്പോള്‍  അതവിടെ ഉണ്ടായിരുന്നില്ല. നല്ല തണുപ്പ് തുടങ്ങിയിരുന്നു. ഞാനാണെങ്കില്‍ തെര്‍മല്‍സൊന്നും ഉപയോഗിച്ചിരുന്നില്ല. കോള്‍ഡ് ബൈറ്റായിരിക്കുമെന്ന് വെറുതെ തോന്നി.

ശനിയാഴ്ച  കാലിലെ ചുമന്ന പൊട്ടുകള്‍ വ്യാപിച്ചു കൊണ്ടിരുന്നു. അവയ്ക്കിടയില്‍ ഇടിച്ച് കൊണ്ടത് പോലെ നീലച്ച, പച്ചച്ച പാടുകളും പ്രത്യക്ഷമായി.

നാട്ടില്‍ നിന്നും ഒരുപാട് പുസ്തകങ്ങള്‍ കൊണ്ട് വന്നിരുന്നു.

രാത്രി മോളുറങ്ങാന്‍ കിടക്കുമ്പോള്‍ കൂടെ കിടന്ന് ടേബിള്‍ ലാംബിന്റെ വെളിച്ചത്തിലുമുണ്ട് കുറച്ച് വായന.

പക്ഷെ ..കുറച്ചു രാത്രികളായി അക്ഷരങ്ങള്‍ കണ്ണുകള്‍ക്ക് പിടി തരാതെ മങ്ങിക്കൊണ്ടിരുന്നു. കണ്ണട വെക്കാറായോ?

കാലിലെ ചുമന്ന പൊട്ടുകള്‍ വ്യാപിച്ചു കൊണ്ടിരുന്നു.

പിന്നെ രാവിലെ ഉണര്‍ന്ന് മൊബൈലിലേക്ക്. ഫേസ്ബുക്ക് വിശേഷങ്ങളിലേക്ക്.നീട്ടുന്ന കണ്ണുകള്‍  മങ്ങുന്ന അക്ഷരങ്ങളോട് തോല്‍വി സമ്മതിച്ച്  ക്ഷീണത്തോടെ പിന്‍വലിയാന്‍ തുടങ്ങി.

എന്നാല്‍ ഞായറാഴ്ച മൂത്രത്തിലെ നിറം നേര്‍ത്തു  പോയത് ആശ്വാസത്തോടെ കണ്ടു.

പതിവില്ലാത്ത പകലുറക്കം. വായിക്കാന്‍ ബുദ്ധിമുട്ടുന്ന കണ്ണുകള്‍. കയറ്റത്തിലും നടത്തത്തിലും പടര്‍ന്നേറുന്ന ക്ഷീണം. തലക്ക് പിന്നില്‍ നിന്നും ചുമലിലേക്കിറങ്ങുന്ന കഠിനമല്ലാത്ത വേദന (കിടപ്പിന്റെ കുഴപ്പമായി ചെറുതാക്കി കളഞ്ഞത്) ഞാന്‍ അറിഞ്ഞില്ലെന്ന് ഭാവിച്ചു കൊണ്ടിരിക്കെ തിങ്കളാഴ്ച രാവിലെ, പുലര്‍വെളിച്ചം ഇനിയും  വീണിട്ടില്ലാത്ത ഇടനാഴിയില്‍ തെളിമയോടെ ഒരെലിയെ കണ്ട് ഞാന്‍ നിലവിളിച്ചു.

വെറുതെ തോന്നിയതാകുമെന്ന് സ്‌റ്റെര്‍ലി പറഞ്ഞിട്ടും ഞാനത് വിശ്വസിച്ചിരുന്നില്ല.

അന്ന് ഉച്ചതിരിഞ്ഞാണ് സ്‌കൂളില്‍ നിന്നും വീട്ടിലേക്കുള്ള നടത്തത്തില്‍ തൊട്ടു അരികില്‍ നില്‍ക്കുന്ന മകളെ കാണുന്നില്ലെന്ന് ഞാന്‍ ബഹളം വെച്ചത്. പെട്ടെന്ന് 'അമ്മേ ഞാനിവിടെയുണ്ടെന്ന്' അവളെന്റെ കയ്യില്‍ പിടിച്ച് കുലുക്കുമ്പോള്‍ അഭ്രപാളിയിലെ മായക്കഥയിലെന്ന  പോലെ അവള്‍ പ്രത്യക്ഷപ്പെട്ടതായാണ് എനിക്ക് തോന്നിയത്. വല്ലാത്ത ജാള്യതയോടെ എന്റെ അശ്രദ്ധയെ പഴിച്ചു മുന്നോട്ട് നടക്കുമ്പോഴും എന്റെ കണ്ണൂകള്‍ക്ക് മുന്‍പില്‍ അവള്‍ ഞൊടിയിടയില്‍ പ്രത്യക്ഷമായ ആ അനുഭവം എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നുണ്ടായില്ല. 

'ബ്ലഡ് റിസല്‍ട്ട് എത്തിയിട്ടുണ്ട്. ഒന്നിവിടെ വരെ വരണം വേഗം'.

അന്നു വൈകുന്നേരം ഫാമിലി ഡോക്ടറുടെ മുമ്പിലിരുന്ന് ഞാന്‍ മൂത്രത്തിന്റെ ശോണവര്‍ണ്ണത്തെ കുറിച്ച് പറഞ്ഞു. അതു അപ്രത്യക്ഷമായ നിലക്ക് തല്‍ക്കാലം   വിട്ടുകളയാമെന്ന് ഡോക്ട്ടറും പറഞ്ഞു.

പിന്നെ ഞാന്‍ കാലിലെ ചുമന്ന പാടുകള്‍ ഡോക്ട്ടറെ കാണിച്ചു. ആദ്യം നിസ്സാരമായതെന്തോ എന്ന് ഡോക്ടര്‍ അതിനെ തള്ളിക്കളഞ്ഞു.

പിന്നെ  കൂടുതല്‍ ചിന്തക്ക് ശേഷം ഡോക്ടര്‍ ഓടി വന്നു പോകാനൊരുങ്ങുന്ന എനിക്ക് നേരെ രോഗത്തിന്റെ പേരെഴുതിയ ഒരു കടലാസ് നീട്ടി.

'ഇതൊരു പക്ഷെ എച്ച് യു എസ് ആകാം. പേടിക്കേണ്ടതൊന്നുമല്ല. ഏതായാലും ഒന്നു ബ്ലഡ് ടെസ്റ്റ് ചെയ്‌തേക്കു'.

ചില അത്യാവശ്യ സാധങ്ങള്‍ വാങ്ങാനുണ്ടായിരുന്നു. അതു കഴിഞ്ഞാണ് വീട്ടിലെത്തുന്നത്. അപ്പോഴേക്കും കാലില്‍ ഒരു നീല ഞരമ്പ് പേടിപ്പിക്കും വിധം ഉരുണ്ട്  തള്ളി വന്നിരുന്നു.

പിറ്റേന്ന് രാവിലെ തന്നെ രക്തപരിശോധനക്കായി ലാബില്‍ പോയി. ലാബ് ടെക്‌നിഷ്യന്‍ ഗൗരവത്തോടെയാണ് എന്റെ ലക്ഷണങ്ങളെ കാണുന്നതെന്ന് തോന്നി.

സന്ധ്യക്ക്  ഫാമിലി ക്‌ളിനിക്കില്‍ നിന്നും വിളി വന്നു. 'ബ്ലഡ് റിസല്‍ട്ട് എത്തിയിട്ടുണ്ട്. ഒന്നിവിടെ വരെ വരണം വേഗം'.

ടെസ്റ്റിന്റെ റിസല്‍ട്ട്  ഇത്ര പെട്ടെന്ന് വരിക പതിവില്ല. എന്തെങ്കിലും പ്രശനമുണ്ടെങ്കിലേ  ഡോക്‌ടേഴ്‌സ് ക്‌ളിനിക്കില്‍ നിന്നും വിളി വരൂ.

'പണി കിട്ടിയോ'-ഞാന്‍ വിചാരിച്ചു.

കസേരയില്‍ അമരുമ്പോള്‍ അമ്പരന്നു പോയി. ദേഹത്തും ഉടുപ്പിലും നിലത്തും ചോര!

ഫാമിലി ഡോക്ടര്‍ പറഞ്ഞു: ബ്ലഡ് ലെവല്‍സില്‍  അങ്ങേയറ്റം വ്യത്യാസങ്ങള്‍ കാണുന്നുണ്ട്. ഹിമോഗ്ലോബിന്‍  വളരെ താഴെയാണ്. ഞാന്‍ ഒരു സ്‌പെഷ്യലിസ്റ്റിനെ റെഫര്‍ ചെയ്താല്‍ അപ്പോയിന്‍മെന്റ് കിട്ടാന്‍ വൈകും. ഒരു കാര്യം ചെയ്യു .നാളെ മകളെ സ്‌കൂളിലാക്കിയതിന് ശേഷം രണ്ട് പേരും സൗകര്യപൂര്‍വം എമര്‍ജന്‍സിയില്‍ പോകൂ. ചിലപ്പോള്‍ അവര്‍ ബ്‌ളഡ്  കയറ്റും. പേടിക്കാനൊന്നുമില്ല. ലൈഫ് ത്രെറ്റനിങ്ങ്  ഒന്നുമല്ല. കുറച്ച് മരുന്ന് കഴിക്കേണ്ടി വരും'

'ഗൂഗിള്‍ ചെയ്തു നോക്ക് എച്ച് യു എസ്സിനെ കുറിച്ച്'

ഞങ്ങള്‍ക്കും പേടിക്കാനൊന്നുമില്ലെന്ന് തന്നെ തോന്നി. നാട്ടിലെ ഡോക്ടര്‍മാരായ ബന്ധുക്കളില്‍ നിന്നും ഉറപ്പ് കിട്ടി, പേടിക്കാന്‍ ഒന്നുമില്ല. ആശുപത്രിയില്‍ നിന്നും വരുമ്പോള്‍ കഴിക്കാനുള്ള ആഹാരം ഫ്രിഡ്ജിലുണ്ടാക്കി വെച്ചു.

ബുധനാഴ്ച പ്രഭാതം.

മുറിയിലേക്ക് വെളിച്ചം തളിച്ചെന്നെ ഉണര്‍ത്തുമ്പോള്‍ എന്നത്തേയും പോലെ അന്നത്തെ പ്രഭാതത്തിനും ഞാന്‍ ദൈവത്തോട് നന്ദി പറഞ്ഞു. എനിക്കപ്പുറവുമിപ്പുറവും കിടക്കുന്ന എനിക്കേറ്റവും പ്രിയപ്പെട്ട രണ്ട് പേര്‍. അവര്‍ക്കൊപ്പം ഉറങ്ങാനും ഉണരാനും കഴിയുന്നതിന് എന്നും ഞാന്‍ നന്ദി പറയാറുണ്ട്.

എനിക്ക് ശക്തമായ ഷിവറിംഗ്  ഉണ്ടായി

രാവിലെ മിസ്സിസോഗയിലെ ക്രെഡിറ്റ് വാലിയിലെത്തി.  വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് വേഗം തന്നെ എമര്‍ജന്‍സി നഴ്‌സ് അകത്തേക്ക് വിട്ടു.

പല ഡോക്ടര്‍മാര്‍ മുന്നിലെത്തി.

വിവരങ്ങള്‍ തിരിച്ചും മറിച്ചും ചോദിച്ചു. വിശദമായ ബ്ലഡ് ടെസ്റ്റ് വേണമെന്ന് പറഞ്ഞു.

പത്ത് കൊച്ചു കുപ്പികളില്‍ രക്തം വേണം. നഴ്‌സുമാര്‍ മാറി മാറി വന്നു യത്‌നിച്ചു. 'ഇതെന്താ ബ്ലഡ് നിന്നു പോകുകയാണല്ലോ'. 

സമയം അസഹ്യമായി നീണ്ടു പോകുന്നു.

കുത്തലും  അഴിക്കലും മാറി മാറി കുത്തലും. ഞാന്‍ വല്ലാതെ അസ്വസ്ഥയാകാന്‍ തുടങ്ങി.

കുറെ നേരത്തെ പരാക്രമത്തിന് ശേഷം അവര്‍ ആവശ്യത്തിന് രക്തം എടുത്ത് ഒരു കയ്യില്‍ ഐവിക്കായി സൂചി കുത്തി വെച്ച് മുറിക്ക് പുറത്തേക്ക് വിട്ടു.

വെയ്റ്റിംഗ് റൂമിലെ കസേരയില്‍ അമരുമ്പോള്‍ അമ്പരന്നു പോയി. ദേഹത്തും ഉടുപ്പിലും നിലത്തും ചോര!

നഴ്‌സ് ഓടി വന്ന് മുറിവില്‍ ശക്തമായി അമര്‍ത്തുമ്പോള്‍ ചോദിച്ചു.'നിങ്ങള്‍ രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നു എന്തെങ്കിലും കഴിക്കുന്നുണ്ടോ?'

'നോ'. ഞാന്‍ ഇല്ലെന്ന് തലയിളക്കി.

അല്പ സമയത്തിനുള്ളില്‍ വീണ്ടും ഒരു നഴ്‌സ് മുന്നിലെത്തി.

'ഇനിയും ബ്ലഡ് വേണ്ടി വരും. അകത്തേക്ക് വരൂ-അവര്‍ ക്ഷണിച്ചു.

രക്തമെടുക്കാന്‍ വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കെ എനിക്ക് ശക്തമായ ഷിവറിംഗ്  ഉണ്ടായി. അവര്‍ എന്നെ കട്ടിലില്‍ കിടത്തി മേലാകെ ചൂടാക്കിയ ബ്‌ളാങ്കറ്റുകള്‍ കൊണ്ട് പൊതിഞ്ഞു. കുറെ നേരത്തിന് ശേഷം ഷിവറിങ്ങ് നിന്നു.

വീണ്ടും രക്തദാഹികളായ കടവാവലുകള്‍ ദേഹത്തേക്ക് പറന്നിറങ്ങി. സൂചികള്‍, സൂചികള്‍...
 .                                                           
കുത്തലും അഴിക്കലും കുത്തലും അഴിക്കലും.

അയ്യോ  ഇതെന്താണിത്, ബ്ലഡ് നിന്നു പോകുകയാണല്ലൊ എന്ന പരിഭ്രമങ്ങള്‍.

എന്റെ കണ്‍കോണിലൂടെ നിസ്സഹായതയുടെ കണ്ണുനീര്‍ ചാലിട്ടൊഴുകാന്‍ തുടങ്ങി.

(മൂന്നാം ഭാഗം തിങ്കളാഴ്ച)  

(കടപ്പാട്: സംഘടിത മാസിക)
 

Follow Us:
Download App:
  • android
  • ios