Asianet News MalayalamAsianet News Malayalam

അരികെ നില്‍ക്കുന്നത് മരണമാണോ?

maya Indira banerjee TTP notes part 4
Author
Thiruvananthapuram, First Published Jun 6, 2017, 12:46 PM IST

maya Indira banerjee TTP notes part 4

ഒന്നാം ഭാഗം: നോക്കൂ, നിങ്ങള്‍ക്ക് ഒരു അപൂര്‍വ്വ രോഗമാണ്!

രണ്ടാം ഭാഗം: ചോരച്ചുവപ്പുള്ള ദിവസങ്ങള്‍!

മൂന്നാംഭാഗം: ആംബുലന്‍സിലെ മാലാഖമാര്‍

 

മൗണ്ട്  സിനായ്  ആശുപത്രി. ടൊറന്റോ.

ടൊറന്റോ ഡൗണ്‍ ടൗണിലാണ് മൗണ്ട് സിനായി ഹോസ്പിറ്റല്‍. ലോകത്തേക്കു വെച്ച് ഏറ്റവും നല്ല ആശുപത്രികളില്‍ ഒന്ന്.

തൊട്ടടുത്ത നിരത്തുകളിലായി ടൊറന്റോ ജനറല്‍ ആശുപത്രി, കുട്ടികള്‍ക്കായുള്ള സിക്ക് കിഡ്‌സ്, കാന്‍സര്‍ ചികിത്സക്ക് പ്രിന്‍സസ് മാര്‍ഗരറ്റ് ഹോസ്പിറ്റല്‍...പുറമേക്ക് വെവ്വേറെ സ്ഥാപനങ്ങളായി  നിലകൊള്ളുമ്പോഴും  രോഗികള്‍ക്ക് ഫലപ്രദമായ  ചികിത്സ  പ്രദാനം ചെയ്യാനായി അവയൊക്കെ കൈകോര്‍ത്ത് പിടിച്ചാണ് പ്രയത്‌നിക്കുന്നത്. ഈ ആശുപത്രികളെ പരസ്പരം ബന്ധിച്ചു കൊണ്ട് ഭൂമിക്കടിയിലൂടെ ടണലുണ്ട്.

അന്നു ഏഴുമണിക്ക് ശേഷം പാരമെഡിക്കല്‍സിനൊപ്പം ഞാന്‍ മൗണ്ട് സിനായിലെത്തുമ്പോള്‍ പതിനെട്ടാം നിലയിലെ ഐ.സി യുവിലൊരു മുറി ഒരുക്കി മൗണ്ട് സിനായിലെ മിടുക്കരായ മെഡിക്കല്‍ സ്റ്റാഫ് എനിക്കായി കാത്തു നില്‍ക്കുകയായിരുന്നു.

കാനഡയില്‍ ആശുപത്രി വാസവും ചികിത്സയുമൊക്കെ സൗജന്യമാണ്. അതു കൊണ്ട് തന്നെ ചികിത്സക്ക്  നേരിടുന്ന കാലവിളംബത്തിന്റെ കഥകളാണ് മുമ്പേറെയും കേട്ടിരുന്നത്.

എന്നാല്‍ രോഗിയുടെ അവസ്ഥ ഗുരുതരമാണെങ്കില്‍ കഥ വേറെയാണെന്ന് ഞങ്ങള്‍ക്കന്ന് മനസ്സിലായി.

maya Indira banerjee TTP notes part 4

മൗണ്ട് സിനായി ഹോസ്പിറ്റല്‍. ലോകത്തേക്കു വെച്ച് ഏറ്റവും നല്ല ആശുപത്രികളില്‍ ഒന്ന്.

എന്റെ രോഗത്തിന്റെ  ഗൗരവം ഞാന്‍ തിരിച്ചറിയും മുമ്പേ, കാനഡ എന്ന രാജ്യം, ഞാനിന്നേവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത  എതൊക്കെയോ നല്ല മനുഷ്യര്‍, തിരിച്ചറിഞ്ഞ്, ഒരു പളുങ്കു പാത്രം പോലെ എന്നെ കയ്യിലെടുക്കുകയും സംരക്ഷിക്കുകയും ചെയ്തുവെന്നത് ഒരു മുത്തശ്ശി കഥ പോലെ അവിശ്വസനീയമായി എനിക്ക് തോന്നി.

എനിക്ക്  ഭര്‍ത്താവും കുഞ്ഞും ഉണ്ടെന്നും അവരുടനെ എത്തിച്ചേരുമെന്നും പാരാമെഡിക്കല്‍സ് മൗണ്ട് സിനായ് സ്റ്റാഫിനെ അറിയിച്ചു, യാത്രപറഞ്ഞ് പോകുന്ന ആ ചെറുപ്പക്കാരോട് ഞാനെന്റെ അകമഴിഞ്ഞ നന്ദി അറിയിച്ചു.

എനിക്കുള്ള ആശുപത്രി ഉടുപ്പും ഭക്ഷണവുമെത്തി. എനിക്ക് മുമ്പില്‍ നിരവധി ചോദ്യങ്ങള്‍ എത്തി. വീണ്ടും ചോരയൂറ്റിയെടുക്കാനുള്ള സൂചികള്‍ എത്തി. മുറിക്കു പുറത്ത് കൂടെ പോകുന്ന ഒരു നഴ്‌സ് എത്തി നോക്കി പുഞ്ചിരിച്ചു. 'നിങ്ങളെ കണ്ടാല്‍ ഐ സി യുവില്‍ കിടക്കേണ്ട ഒരാളെന്ന് തോന്നുന്നില്ലല്ലോ' 

'എന്തിനാണ് ഞാനിവിടെയെന്ന് എനിക്കും മനസ്സിലാകുന്നില്ല'-ഞാനവരോട് ചിരിച്ചു.

സ്‌റ്റെര്‍ലിയുടെ കൈ പിടിച്ച് ആകാംക്ഷ കൊണ്ട് വിടര്‍ന്ന കണ്ണുകളുമായി കുഞ്ഞാവ മുറിയിലേക്ക് കയറി വരുമ്പോള്‍ നിറഞ്ഞ സ്‌നേഹത്തോടെ, ഹര്‍ഷാരവത്തോടെയാണ് ആ മാലാഖമാര്‍ അവളെ സ്വീകരിച്ചത്. അവളുടെ  മനസ്സില്‍ തിങ്ങി വിങ്ങുന്ന നൂറു നൂറു സംശയങ്ങളും സങ്കടങ്ങളും എങ്ങനെ ഒരൊറ്റ നിമിഷം കൊണ്ട് മാന്ത്രിക വടി വെച്ച് മായ്ച്ച് കളയണമെന്ന് മറ്റാരെക്കാളും ഭംഗിയായി അവര്‍ക്കറിയാമായിരുന്നു. മകളേയും ഭര്‍ത്താവിനേയും എനിക്കരികിലിരിക്കാന്‍ അവര്‍ ദയാപൂര്‍വ്വം അനുവദിച്ചു.

'ഞങ്ങളുടേത് ഒരു ഫാമിലി ഫ്രെന്‍ഡ്‌ലി ഹോസ്പിറ്റലാണ' എന്നവര്‍ പറഞ്ഞത് പരിപൂര്‍ണ്ണമായും സത്യമായിരുന്നു.

'ഡോക്ടര്‍ നിങ്ങള്‍ എന്നെ ഭയപ്പെടുത്തുകയാണോ'. ഞാന്‍ മന്ദഹസിക്കാന്‍ ശ്രമിച്ചു.

ഒരുപാട്  പേരുടെ ചോദ്യങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഒടുവില്‍ ബാര്‍ബി പാവയുടെ മുഖമുള്ള വളരെ മൃദുലമായി സംസാരിക്കുന്ന ഒരു  ഡോക്ടര്‍ എനിക്ക് മുന്നില്‍ നിന്നു. അസുഖം  ടിടിപി ആണെന്നത്  'confirmed' ആയിരിക്കുന്നു എന്ന്  അറിയിച്ചു.

'ഇനി വേണ്ടത് പ്ലാസ്മ നല്‍കാനായി സെന്‍ട്രല്‍ വെയ്‌നിലേക്ക് ഒരു ലൈന്‍ ഇടുകയാണ്. സാധാരണ ഗതിക്ക് നെഞ്ചിലൂടെ ഒരു പ്രൊസീജര്‍ വഴിയാണ് ഇതു ചെയ്യുക. പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതു വലിയ റിസ്‌ക്കാണ്. കഴുത്തിലൂടെ ലൈന്‍ ഇടുന്നതാണ് നല്ലതെന്ന് തോന്നുന്നു. കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍  അത് നെഞ്ചിലേക്ക് മാറ്റാം. ആഴ്ചകള്‍, ചിലപ്പോള്‍ മാസങ്ങള്‍ ഈ ലൈന്‍ ശരീരത്തിലുണ്ടാകും. എല്ലാം മാറിയെന്നു ഉറപ്പു വന്നാല്‍ മാത്രം അഴിച്ചെടുക്കാം'  ഡോക്ടര്‍  ഒരു പാക്കറ്റില്‍ അടക്കംചെയ്തിരിക്കുന്ന നീണ്ട ട്യൂബ് പോലൊരു സാധനം കാണിച്ചു തന്നു. എന്നിട്ട് സൗമ്യയായി തുടര്‍ന്നു:'വളരെ സ്‌റ്റെറിലൈസ്ഡ് ആയ സാഹചര്യത്തില്‍ ഇവിടെ വെച്ച് ഇപ്പോള്‍  തന്നെ ഞങ്ങളത് ചെയ്യും. പക്ഷെ ചില റിസ്‌ക്കുകളുണ്ട്. ആര്‍ട്ടിലെറി വെയ്‌നിലേക്കിടുന്ന ഈ സെന്‍ട്രല്‍ ലൈന്‍ ആര്‍ട്ടിലറി വെയിനിനെ കീറിയെന്നു വരാം. ശ്വാസകോശത്തെ മുറിച്ചുവെന്ന് വരാം. പിന്നീട് ചിലപ്പോള്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാകാം'. 

'ഡോക്ടര്‍ നിങ്ങള്‍ എന്നെ ഭയപ്പെടുത്തുകയാണോ'. ഞാന്‍ മന്ദഹസിക്കാന്‍ ശ്രമിച്ചു.

'ഇതൊക്കെ പറയേണ്ടത് ഞങ്ങളുടെ കടമയാണ്. പക്ഷെ അങ്ങനെയൊന്നും സംഭവിക്കില്ല എന്ന് തന്നെ പ്രതീക്ഷിക്കാം. എല്ലാ പ്രിക്കോഷന്‍സും എടുക്കുന്നുണ്ട്. പ്രൊസീജറിന് ശേഷം ഒന്നു കൂടെ സ്‌കാന്‍ ചെയ്തു നോക്കി എല്ലാം ശരിക്കാണെന്ന് ഉറപ്പ് വരുത്തും'.

അവര്‍ നീട്ടിയ അനുമതി പത്രത്തില്‍ ഞാന്‍ ഒപ്പിട്ട് കൊടുത്തു.

പ്രൊസീജറിന് സമയമായപ്പോള്‍ ഭര്‍ത്താവിനേയും മകളേയും പുറത്തേക്കയച്ചു. 

'ഇതു ശരീരത്തിലെത്തി കഴിയുമ്പോള്‍ മദ്യപിച്ചത് പോലൊരു അനുഭവമായിരിക്കും'.

സമയം പാതിരാത്രിയാകുന്നു.

'മായ...മദ്യപിക്കുമോ?'

ബാര്‍ബി മുഖമുള്ള ഡോക്ടറുടെ  സഹായി ചോദിച്ചു. 

'ഇല്ല'- ഞാന്‍ പറഞ്ഞു.

കൈയിലൂടെ കോണ്‍ഷ്യസ് സെഡേറ്റീവ് കയറ്റുമ്പോള്‍ അയാള്‍ പറഞ്ഞു: 'ഇതു ശരീരത്തിലെത്തി കഴിയുമ്പോള്‍ മദ്യപിച്ചത് പോലൊരു അനുഭവമായിരിക്കും'.

വളരെ കരുതലോടെ ഒരുപാട് സോറികളുടെ അകമ്പടിയോടെ ഡോക്ടര്‍മാര്‍ എന്റെ മുഖം ഒരു വശത്തേക്ക് തിരിച്ച് വെച്ച് അവരുടെ പണി  പൂര്‍ത്തിയാക്കുകയാണ്.

പെട്ടെന്ന് ഞാനൊരു രോഗിയായി. 

കഴുത്തിലെ മുറിവില്‍ നിന്നും രക്തം വാര്‍ന്നു കൊണ്ടിരിക്കുന്നു. 

അനക്കാന്‍ വയ്യാത്ത കഴുത്തുമായി, ശരീരത്തില്‍ ഘടിപ്പിച്ച യന്ത്രങ്ങളുമായി, എന്റെ നാട്ടില്‍ നിന്നും ബ്രാംപ്ടണിലെ വീട്ടില്‍ നിന്നുമേറെ, അകലെ ഒരു നഗരത്തില്‍,  മൗണ്ട് സിനായ് ആശുപത്രിയുടെ പതിനെട്ടാം നിലയിലെ ഐ.സി യുവില്‍ അപരിചിതരായ കുറെ മനുഷ്യരുടെ കാരുണ്യത്തിന്റെ തണലില്‍, നൂറായിരം ചിന്തകളുടെ കെട്ടിപ്പുണരലില്‍ ശ്വാസം മുട്ടി, ഞാന്‍ കിടന്നു.

കഴുത്തിലെ മുറിവില്‍ നിന്നും രക്തം വാര്‍ന്നു കൊണ്ടിരിക്കുന്നു. 

മകള്‍ അത്  കണ്ട് പേടിക്കേണ്ട എന്നു സ്‌റ്റെര്‍ലി കരുതി.

വാതില്‍ക്കല്‍ നിന്ന് അവര്‍ യാത്ര പറഞ്ഞു. മകളുടെ കണ്ണുകളില്‍ ഉറക്കവും ഒരു നീണ്ട ദിവസത്തിന്റെ ഭാരവും വിശപ്പും. സ്‌റ്റെര്‍ലിയുടെ കണ്ണുകളില്‍  നിസ്സഹായതയുടെ കനപ്പ് ഞാന്‍ കണ്ടു.

'താരാട്ട് പാടിയാലെ ഉറങ്ങാറുള്ളൂ ഞാന്‍
പൊന്നുമ്മ നല്‍കിയാലേ ഉണരാറുള്ളൂ
കഥയൊന്നു കേട്ടാലേ ഉണ്ണാറുള്ളൂ
എന്റെ കൈവിരല്‍ തുമ്പ് പിടിച്ചേ നടക്കാറുള്ളൂ'

എന്ന മട്ടില്‍ അമ്മയ്ക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന എന്റെ മകളാണ് യാത്ര പറഞ്ഞ് അച്ഛന്റെ കൈവിരലിലൊരു വാടിയ പൂ പോലെ നടന്നു പോയത്.
കാര്‍ സീറ്റില്‍ ഇരുത്തിയ നിമിഷം ഇന്ന് അവളുറങ്ങുമെന്നെനിക്കറിയാം. ഒറ്റയ്ക്ക് ഈ ദൂരം മുഴുവനും ഡ്രൈവ് ചെയ്തു പോകുന്നസ്‌റ്റെര്‍ലിയുടെ മനസ്സില്‍ എന്തായിരിക്കുമെന്ന് ഞാനോര്‍ത്തു.

ഇനി ഞാന്‍  ഞങ്ങളുടെ സ്വര്‍ഗ്ഗത്തിലേക്ക് മടങ്ങി പോകുമോ?

ഉറങ്ങുന്ന കുഞ്ഞാവയെ ചുമലില്‍ കിടത്തി, ഞാനില്ലാത്ത ഞങ്ങളുടെ വീട്ടിലേക്ക് കയറി ചെല്ലുമ്പോള്‍ അവനെ പൊതിയാന്‍ പോകുന്ന ശൂന്യതയെന്തെന്ന് എനിക്കൂഹിക്കാം.

ഞാനുണ്ടാക്കി വെച്ച ചോറും കറികളും ഫ്രിഡ്ജിലുണ്ട്.

ഇനി ഞാന്‍ ആ അടുക്കളയില്‍ നിന്നു ഭക്ഷണമുണ്ടാക്കുമോ? 

ബാല്‍ക്കണിയില്‍ നിന്ന് ഞങ്ങളുടെ മാത്രം ആകാശം കാണുമോ? 

ഇനി ഞാന്‍  ഞങ്ങളുടെ സ്വര്‍ഗ്ഗത്തിലേക്ക് മടങ്ങി പോകുമോ?

ഇന്നലെ ഞാനൊരു പൂമരമായിരുന്നു. എത്ര പെട്ടെന്ന് പൂക്കളും ഇലകളും കൊഴിഞ്ഞൊരു ശിശിരമരമായി  വെറുങ്ങലിച്ചു പോയി!

മയക്കത്തിലെപ്പോഴൊ ഞാന്‍ ബ്രാംടണിലെ എന്റെ വീട് കണ്ടു. പറഞ്ഞറിയിക്കാന്‍ വയ്യാത്തൊരു മൗനം എന്റെ വീടിനെ പൊതിഞ്ഞു നിന്നിരുന്നു.
അവിടേക്ക് കുറെ പേര്‍ വിഷാദമയമായ മുഖങ്ങളോടെ  കടന്ന് വന്നു കൊണ്ടിരുന്നു.

ലിവിങ് റൂമിലെ കോഫി ടേബിളില്‍ എന്റെ ചിരിക്കുന്ന ഫോട്ടോ കണ്ട് ഞാന്‍ മയക്കത്തില്‍ നിന്നുണര്‍ന്നു.

ഞാന്‍ മരണത്തെ കുറിച്ച് ചിന്തിച്ചു.

കഴുത്തില്‍ നിന്നും മുടിയിലേക്കും ചുമലിലേക്കും അവിടെ നിന്ന് പുറത്തേക്കും പടരുന്ന നനവ്.

'ഇറ്റിസ് സ്റ്റില്‍ ബ്ലീഡിങ്!'-ഞാന്‍  പറഞ്ഞു. 

എനിക്ക് കാവലിരിക്കുന്ന നഴ്‌സ് ഓടി വന്നു. രക്തസ്രാവം നിലപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. കയ്യിലെ ഐ വി യിലൂടെ രക്തം കയറ്റുന്നുണ്ടായിരുന്നു.
ഇനിയും ഐ വി കള്‍ വേണ്ടി വരും. വീണ്ടും ഞരമ്പ് കണ്ടെത്താനുള്ള നീണ്ട പരാക്രമങ്ങള്‍. രണ്ട് കയ്യിലും സൂചികള്‍ നിരന്നു. കഴുത്തില്‍ വേദനയുണര്‍ന്നു പടരാന്‍ തുടങ്ങി.

കുത്തനെ ഇറങ്ങിയും കയറിയും അറ്റം കാണാതെ നീളുന്ന പാത പോലൊരു രാത്രി. അതില്‍  മയങ്ങിയും ഉണര്‍ന്നും പൊള്ളുന്ന ചിന്തകളേറ്റ്  നീറിയും ഞാന്‍.

ഇതിനിടയ്‌ക്കെപ്പോഴോ എനിക്കുള്ള പ്ലാസ്മ  ബ്ലഡ് ബാങ്കില്‍ നിന്നെത്തി. അവരത് കൈയിലൂടെ പരീക്ഷണാര്‍ഥം തരാന്‍ തുടങ്ങിയിരുന്നു. സ്റ്റിറോയ്ഡുകള്‍ കടുത്ത ക്ഷീണത്തിലേക്കും മയക്കത്തിലേക്കും വീഴുന്ന എന്നെ തട്ടിയുണര്‍ത്തിക്കൊണ്ടിരുന്നു.

പെട്ടെന്ന് കുത്തിക്കുത്തി ചുമക്കാന്‍ തുടങ്ങി. വെള്ളം ചോദിച്ചപ്പോള്‍ നഴ്‌സ്  അല്‍പം തണുത്ത വെള്ളം വായിലേക്കൊഴിച്ചു.  

എപ്പോഴോ, എനിക്ക് മൂത്രമൊഴിക്കണമെന്ന്  ഞാന്‍ പറഞ്ഞു. ബെഡ് പാനിലൊതുങ്ങാതെ മൂത്രം കവിഞ്ഞൊഴുകി. കാരുണ്യത്തിന്റെ കൈകള്‍ എല്ലാം വൃത്തിയാക്കി.  എന്നിലെ  അഹന്തയത്രയും വറ്റി വരണ്ട് പോയി.

ഇത്രയധികം ഫ്‌ലൂയിഡ് അകത്ത് പോകുന്നത് കൊണ്ട് ഇനി 'കാതറ്റര്‍' ഘടിപ്പിക്കുന്നതാണ് അഭികാമ്യം എന്ന് തീരുമാനമായി. കാതറ്റര്‍ പിടിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍  വീണ്ടും ശരീരം ഞെട്ടി വിറച്ചു.  വല്ലാത്ത ഷിവറിങ്, ചുമ, ദേഹമാസകലം തടിച്ചു പൊന്തുന്നു.

'ഓ..പേഷ്യന്റ് ഈസ് റിയാക്റ്റിങ് ടു പ്ലാസ്മ'.

പെട്ടെന്ന് പ്ലാസ്മ തരുന്നത് നിര്‍ത്തി. നഴ്‌സുമാര്‍ ഡോക്ടറെ ഫോണില്‍ ബന്ധപ്പെടുന്നു. ബഹളങ്ങള്‍.

മകള്‍ എനിക്ക് നഷ്ട്ടപ്പെടുകയാണ്. അവനും നഷ്ടപ്പെടുകയാണ്.

എന്നിലേക്ക് നിരാശയുടെ ചാരമേഘം പെയ്തിറങ്ങിയോ?

പ്ലാസ്മാഫെരസിസ്  മാത്രമാണ് ഇതിനുള്ള ചികിത്സ എന്നല്ലേ കഴിഞ്ഞ കുറച്ചു മണിക്കൂറുകള്‍ എല്ലാവരും എന്നോട് പറഞ്ഞു കൊണ്ടിരുന്നത് ? ശരീരം പ്ലാസ്മയോട്  റിയാക്റ്റ് ചെയ്യുകയാണെങ്കില്‍ ഇനിയെന്തെന്ന് അറിയാതെ ഞാന്‍ അമ്പരന്നു.

ഞാന്‍ മരണത്തെ കുറിച്ച് ചിന്തിച്ചു.

മരണത്തിനപ്പുറമെന്തെന്ന വേവലാതികളൊന്നും അന്നേരം എനിക്കുണ്ടായില്ല. പകരം മകള്‍ക്ക് ചുറ്റും എന്റെ മനസ്സ് പിടഞ്ഞു പിടഞ്ഞു പറന്നു. അവള്‍ എനിക്ക് നഷ്ട്ടപ്പെടുകയാണ്. അവനും നഷ്ടപ്പെടുകയാണ്.

പക്ഷെ, അവളുടെ നഷ്ടങ്ങളാണെന്നെ ആ രാത്രി മുഴുവന്‍ വേട്ടയാടിയത്. അമ്മയില്ലാതാകുക എന്നു വെച്ചാല്‍ എന്താണെന്ന് എനിക്കാരും പറഞ്ഞു തരേണ്ടതില്ലല്ലോ. അവളുടെ ഉള്ളില്‍ വളരുന്തോറും തിങ്ങി വിങ്ങാന്‍ പോകുന്ന അമ്മയെന്ന ശൂന്യത അതെത്ര ഭാരിച്ചതായിരിക്കുമെന്ന് എനിക്കല്ലേ അറിയൂ.

ആരാണവളോട്  അത്  ഏറ്റവും നന്നായി പറയുക? 

അവളുടെ അമ്മ ഒരു പ്രപഞ്ചം മുഴുവന്‍ അവളിലേക്കു ചുരുക്കി വെച്ചിരുന്നുവെന്ന്. 

അവളായിരുന്നു അമ്മയ്ക്ക് മഴയും നിലാവും പുഴയും പൂക്കളുമെന്ന്. 

എന്റെ  ഫോണിലും ക്യാമറയിലും നിറഞ്ഞ അവളുടെ ചിത്രങ്ങള്‍ അവളോട് സംസാരിക്കുമായിരിക്കും. അവളെ ഈ അമ്മ എങ്ങനെ ആഘോഷിച്ചിരുന്നുവെന്ന്.

അമ്മയില്ലാതാകുക എന്നു വെച്ചാല്‍ എന്താണെന്ന് എനിക്കാരും പറഞ്ഞു തരേണ്ടതില്ലല്ലോ

അതി ഭയങ്കരമായി ഞെട്ടി വിറയ്ക്കുന്ന ദേഹം വീണ്ടും എന്റെ അമ്മയെ ഓര്‍മ്മിപ്പിക്കുന്നു. അവസാനദിവസങ്ങളില്‍  അമ്മക്കിങ്ങനെ  'ഷിവറിങ്  വന്നിരുന്നത്, അമ്മയെ പുതപ്പിച്ച് ചൂട് പകരാന്‍ ശ്രമിച്ചിരുന്നത് ഒക്കെ വീണ്ടും കണ്‍മുന്നില്‍ തെളിയുന്നു . 

'കോണ്‍വെക്കേഷന്റെ  ഫോട്ടോ ഇനിയും വന്നില്ലല്ലോ'-അന്ന് അമ്മ ചോദിച്ചുകൊണ്ടിരുന്നിരുന്നല്ലോ. 

'സ്‌ക്കൂള്‍ ഫോട്ടോ എന്താ കിട്ടാത്തേ'-ഞാനും അതിന് കാത്തിരിക്കുകയായിരുന്നല്ലോ.

നിറം മങ്ങി പോയ പല  ഓര്‍മ്മത്തുണ്ടുകള്‍ തെളിമയോടെ പുനര്‍ജ്ജനിക്കുന്നു.

വീണ്ടും മയക്കം. 

ചടച്ച  ഉണര്‍ച്ചകളിലേക്ക് അമര്‍ത്തിപ്പിടിച്ച സംഭാഷണങ്ങള്‍ വന്നു വീഴുന്നു. 

'പാവം...സ്ത്രീ. അവരുറങ്ങുന്നില്ല'- നഴ്‌സുമാര്‍ പരസ്പരം പറയുന്നു. 'ഈ പ്രായത്തില്‍...അവര്‍ക്കിങ്ങനെ  സംഭവിച്ചത്...കഷ്ടമായി'-അവര്‍ മുറിക്ക് പുറത്ത് അടക്കം  പറയുന്നു

ആരൊക്കെയോ എന്തൊക്കെയോ ടെസ്റ്റുകള്‍ക്കായി രക്തമൂറ്റിയെടുക്കുന്നു.

'പാവം...സ്ത്രീ. അവരുറങ്ങുന്നില്ല'- നഴ്‌സുമാര്‍ പരസ്പരം പറയുന്നു.

വീണ്ടും ഉറക്കത്തിലേക്ക്  വഴുതി വീഴുമ്പോള്‍ ഞാനോര്‍ത്തു: നാളെ എന്നെ തട്ടിയുണര്‍ത്തി അവര്‍ പറഞ്ഞേക്കാം. 'മായ വളരെ സോറി നിങ്ങള്‍ക്ക് ലുക്കീമിയ ഉണ്ട്. അല്ലെങ്കില്‍ മറ്റെന്തെങ്കിലും. എനിക്കറിയില്ല. എനിക്കെന്തുമുണ്ടാകാം. എനിക്കൊന്നുമില്ലെന്ന ശാഠ്യത്തില്‍ നിന്നും എനിക്കെന്തുമുണ്ടാകാം എന്ന തിരിച്ചറിവിലേക്ക് ആ ഒറ്റ ദിവസം കൊണ്ട്, അല്ല ഒറ്റ രാത്രി കൊണ്ട്, ഞാന്‍ നടന്നു കയറിയിരിക്കുന്നു.

പക്ഷെ എനിക്കിപ്പോള്‍ ഉറങ്ങണം. 

എല്ലാ സങ്കടങ്ങള്‍ക്കും മീതെ എനിക്കൊന്നുറങ്ങണം.

ഉറക്കം വളരെ കുറച്ചു നേരം എന്നോട് കൂട്ടു കൂടി.

നേരം പുലരുമ്പോള്‍ ഡ്യൂട്ടിക്കെത്തിയ പുതിയ നഴ്‌സിനെ വിവരങ്ങള്‍ ധരിപ്പിച്ച് പഴയ ആള്‍ വിടവാങ്ങാനൊരുങ്ങുന്നു.

കറുത്ത മുഖത്ത് ചിരി ഘടിപ്പിച്ച് പുതിയൊരു വെളുത്ത മുഖത്തെ എനിക്ക് മുന്നില്‍ കൊണ്ട് നിര്‍ത്തി പരിചയപ്പെടുത്തുന്നു.

'ഇത് മായ. മുപ്പത്തേഴ് വയസ്. ടി ടി പി പേഷ്യന്റാണ്. ഇവര്‍ക്ക്  ഭര്‍ത്താവും ഒരു ചെറിയ മകളുമുണ്ട്. കുറച്ചു കഴിഞ്ഞാല്‍ അവരിങ്ങെത്തും'. വിചിത്രമായ  രാത്രിയില്‍ എന്റെ കഷ്ടപ്പാടുകള്‍ക്ക് കാവലിരുന്നവള്‍ യാത്രപറയുന്നു.

പുതിയ ആള്‍, പണ്ടേ നമ്മള്‍ പരിചയക്കാരെന്ന സ്‌നേഹഭാവത്തോടെ എന്നെ പരിചരിക്കുന്നു.

ഇപ്പോള്‍ ശരീരം റിയാക്റ്റ്  ചെയ്യുന്നില്ല

'മായ, നിങ്ങളുടെ ഭര്‍ത്താവ് ഫോണില്‍ വിളിച്ചിരിക്കുന്നു. വിവരങ്ങളറിയാന്‍. എന്തെങ്കിലും പറയണോ അദ്ദേഹത്തോട്..?'

ഇത് കേള്‍ക്കെ എന്റെ മനസ്സിലുണ്ടാകേണ്ട സന്തോഷം മുഴുവനും സ്വന്തം  മുഖത്തേക്ക് ആറ്റിക്കുറുക്കി വെച്ചു കൊണ്ട്  അവര്‍ ചോദിക്കുന്നു.

വേദന അസഹ്യമായുണരുന്നു. നീരു വെച്ചു വീര്‍ക്കുന്ന കയ്യില്‍ നിന്നും ബുദ്ധിമുട്ടി വിവാഹമോതിരം അഴിച്ചെടുത്ത് എന്റെ ഹാന്‍ഡ്  ബാഗിന്റെ പോക്കറ്റിലേക്കിട്ട് മാലാഖ ചിരിക്കുന്നു. 'നോക്കൂ..മോതിരം ഇതിലുണ്ട'.

സൂചി കൊണ്ടിടത്തുനിന്നെല്ലാം, പിന്നെ. കഴുത്തിലെ മുറിവിന്റെ പരിസരങ്ങളിലും മുറിയുന്ന ചെറിയ രക്തക്കുഴലുകള്‍. പടരുന്ന ചുമപ്പും വയലറ്റും  പാടുകള്‍ കയ്യാകെ നിറഞ്ഞിരിക്കുന്നു. പാടുകള്‍ നെഞ്ചിലേക്ക് ഇറങ്ങുന്നു.

maya Indira banerjee TTP notes part 4

അമ്പലത്തിലെ വഴിപാടിന്റെ പ്രസാദം ഒരു ചിത്രമായി  കാതങ്ങള്‍ക്ക് അപ്പുറത്ത് നിന്നും എനിക്ക് നീട്ടുന്നു.

'മായ, കുറച്ച് കഴിഞ്ഞാല്‍ ടൊറന്റോ ജനറലിലെ എഫരസിസ് യൂണിറ്റില്‍ നിന്നും ആള്‍ വരും. പ്ലാസ്മഫെരസിസ് തുടങ്ങാന്‍'

'അപ്പോള്‍  റിയാക്ഷന്‍..?'

'നോക്കൂ, നിങ്ങളുടെ കയ്യിലൂടെ ഞങ്ങള്‍ പ്ലാസ്മയും ബനാഡ്രിലും ഒരുമിച്ചു കയറ്റി നോക്കി ഇപ്പോള്‍ ശരീരം റിയാക്റ്റ്  ചെയ്യുന്നില്ല'-ആശ്വാസത്തോടെ ഞാനത് കേട്ടു.

തുടരെ മണിമുഴക്കുന്ന എന്റെ  സെല്‍ ഫോണ്‍ അവരെനിക്ക് നീട്ടുന്നു. വളരെ ബുദ്ധിമുട്ടി ഞാനതിലെ സന്ദേശങ്ങള്‍ വായിക്കുന്നു.

'മായമ്മേ'-വേദനയോടെ കൂട്ടുകാരി വിളിക്കുന്നു.

'ഇപ്പോള്‍  എങ്ങനുണ്ട?-സ്റ്റെര്‍ലി ചോദിക്കുന്നു.

'വേദനിക്കുന്നുണ്ടോ'-ചേച്ചി അന്വേഷിക്കുന്നു.

അമ്പലത്തിലെ വഴിപാടിന്റെ പ്രസാദം ഒരു ചിത്രമായി  കാതങ്ങള്‍ക്ക് അപ്പുറത്ത് നിന്നും എനിക്ക് നീട്ടുന്നു.

അധികം വൈകാതെ എന്റെ ജീവന്‍ പിടിച്ച് നിര്‍ത്താനുള്ള അത്ഭുത യന്ത്രം തളളിക്കൊണ്ട്  രക്ഷകനെ  പോലൊരാള്‍ മുറിയിലേക്ക് കടന്നു വന്നു.  ടൊറന്‍േറാ ജനറല്‍ ആശുപത്രിയിലെ എഫെരസിസ് യൂണിറ്റില്‍ നിന്നും വന്ന ചൈനക്കാരനായ ലീ. കഴുത്തിലൂടെ പ്രധാന നാഡിയിലേക്കിറക്കിയിരിക്കുന്ന വെനസ് സെന്‍ട്രല്‍ ലൈനിലൂടെ  രക്തം മുഴുവനും പുറത്തെടുത്ത് പ്ലാസ്മ വേര്‍തിരിച്ചു പുതിയ നല്ല പ്ലാസ്മ ചേര്‍ത്ത് കയറ്റുന്ന പ്രക്രിയ തുടങ്ങി. 

ഒന്നാം ഭാഗം: നോക്കൂ, നിങ്ങള്‍ക്ക് ഒരു അപൂര്‍വ്വ രോഗമാണ്!

രണ്ടാം ഭാഗം: ചോരച്ചുവപ്പുള്ള ദിവസങ്ങള്‍!

മൂന്നാംഭാഗം: ആംബുലന്‍സിലെ മാലാഖമാര്‍

അടുത്ത ഭാഗം നാളെ

(കടപ്പാട്: സംഘടിത മാസിക)

Follow Us:
Download App:
  • android
  • ios