Asianet News MalayalamAsianet News Malayalam

ആര്‍ത്തവം അപമാനമല്ല; ആര്‍ത്തവകാരിയും!

Menarche a blessing not curse by Dr Shimna Azeez
Author
Thiruvananthapuram, First Published Feb 28, 2017, 7:02 AM IST

Menarche a blessing not curse by Dr Shimna Azeez

ആറാം ക്ലാസ്സിലേക്ക് ജയിച്ചു കയറി കുടയും വടിയുമായി സ്‌കൂളില്‍ പോകാന്‍ വേണ്ടി ഉണര്‍ന്ന ജൂണ്‍ മാസത്തിലെ നനഞ്ഞ പ്രഭാതം. ഉപ്പ ബാംഗ്ലൂര്‍ക്ക് പോയത് കാരണം ഉമ്മച്ചിയുടെ അടുത്താണ്  തലേന്ന് രാത്രിയുറങ്ങിയത്. ഉമ്മച്ചി നേരത്തേ ഉണര്‍ന്നു അടുക്കളയില്‍ പാത്രങ്ങളുമായി യുദ്ധം തുടങ്ങിയിട്ടുണ്ട്. പോവണോ വേണ്ടയോ എന്ന ചോദ്യത്തിനു പതിവ് പോലെ 'പോവണ്ട' എന്ന് പറഞ്ഞു തരുന്ന തലച്ചോറിനോട് യുദ്ധം നടത്തി ഞാന്‍ കണ്ണ് തുറന്നു. വെള്ളയില്‍ നീല പൂക്കളുള്ള കിടക്കവിരി പതിവ് പോലെ ചുരുണ്ട് കൂടിക്കിടക്കുന്നു. ഉമ്മച്ചിയുടെ ഭാഷയില്‍ 'തേരട്ട ചുരുണ്ടതു പോലെ' ആക്കി വെച്ചിട്ടുണ്ട്'. കിടന്നിടത്ത് നിന്ന് എഴുന്നേറ്റു കിടക്കവിരി നേരെയാക്കാന്‍ ശ്രമിച്ചപ്പോള്‍ വല്ലാത്തൊരു പരിഭ്രമം മിന്നല്‍ പോലെ ദേഹത്തേക്ക് പാഞ്ഞു കയറി.

കിടന്നിടത്ത് രക്തം. ഭയന്ന്  ദേഹത്തേക്ക് നോക്കിയപ്പോള്‍ വെളുത്ത പെറ്റിക്കോട്ടിന്റെ പകുതി ചുവന്നിരിക്കുന്നു. ഉമ്മയെ വിളിച്ചുറക്കെ നിലവിളിച്ചു. എനിക്കന്നു പതിനൊന്നു വയസ്സാണ്. ഈ രക്തം എവിടുന്നു വന്നു, എങ്ങനെ വന്നു എന്നൊന്നും അറിയില്ല. എന്തോ സംഭവിച്ചെന്നറിയാം. അതെന്താണ് എന്നും അറിയില്ല. ഇങ്ങനെ എന്തോ ഒന്ന് വരാന്‍ ഉണ്ടെന്നും സ്‌കൂളില്‍ നിന്ന് ഇങ്ങനെ ഉണ്ടായാല്‍ ടീച്ചറോട് പറയണം  എന്നുമൊരു നിര്‍ദേശം മുമ്പേ കിട്ടിയിട്ടുള്ളതാണ്. പക്ഷെ, രക്തമല്ലേ..കിടന്നിടത്തും നടക്കുന്നിടത്തും കുളിമുറിയിലും, മുന്‍കൂട്ടി പ്രതീക്ഷിച്ചിരുന്നെങ്കിലും പേടിക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല . ഉമ്മ വന്നു ചിരിയോടെ പറഞ്ഞത്  'ഇത്രേയുള്ളൂ' എന്നൊരു വാചകമാണ്.

പിന്നീടറിഞ്ഞു, അവയെന്റെ അടുത്ത തലമുറക്കായുള്ള തയ്യാറെടുപ്പിന്റെ അടയാളമാണെന്ന്.

സ്ത്രീത്വത്തിന്റെ കൈയ്യൊപ്പ് 
ശരീരം വൃത്തിയാക്കുമ്പോള്‍ മൂക്കില്‍ തുളച്ചു കയറിയ ഇരുമ്പ് മണം ഓക്കാനം വരുത്തിയിരുന്നു . അത്രയും രക്തം ആദ്യമായി കണ്ടതിന്റെ ഭീതി ഉണ്ടായിരുന്നു, ഈ മുറിവ് എവിടെയാണാവോ എന്ന ആകുലത ഉണ്ടായിരുന്നു. ചോദിച്ചാല്‍ പറഞ്ഞു തരാന്‍ ആളേറെ ഉണ്ടായിട്ടും ചോദിച്ചില്ല. ബാല്യത്തില്‍ നിന്നും നേരം വെളുത്തത് കൗമാരത്തിലേക്കായത്  ഉള്‍ക്കൊള്ളാന്‍ എന്റെ മനസ്സ് പാകപ്പെട്ടിരുന്നില്ല. ഞാനന്ന് സ്‌കൂളില്‍ പോയില്ല. എന്നില്‍ വന്നു ചേര്‍ന്ന മാറ്റം ലോകമറിയാതിരിക്കാനുള്ള മുന്‍കരുതലുകളുമായി അടുത്ത ദിവസം സ്‌കൂളിലെത്തിയത് മറ്റൊരാളായിട്ടാണ്. ആര്‍ത്തവം തുറന്നു പറയേണ്ടതല്ലെന്നും അത് സ്ത്രീത്വത്തിന്റെ രഹസ്യമാണെന്നും ഇതിനോടകം മനസ്സില്‍ ആരൊക്കെയോ ഉറപ്പിച്ചു തന്നിരുന്നു. അറപ്പോടെ കണ്ട രക്തപ്പാടുകളെ അന്ന് വെറുത്തു തുടങ്ങി. പിന്നീടറിഞ്ഞു, അവയെന്റെ അടുത്ത തലമുറക്കായുള്ള തയ്യാറെടുപ്പിന്റെ അടയാളമാണെന്ന്. ഇതായിരുന്നു എന്റെ ആദ്യ ആര്‍ത്തവം (menarche). ഓരോ പെണ്‍കുട്ടിക്കും ഓര്‍ത്തെടുക്കാന്‍ ഇത് പോലൊരു ചിത്രമുണ്ടാകും. പെണ്‍കുട്ടിയില്‍ നിന്നും പെണ്ണായി മാറിയതിന്റെ ഓര്‍മപ്പെടുത്തലുകള്‍.

കേരളത്തിന് പുറത്ത് താമസിച്ച ചെറിയൊരു കാലയളവില്‍ ആദ്യമായി മാസമുറ തുടങ്ങിയ പെണ്‍കുട്ടിയെ മണവാട്ടിയെ പോലെ ഒരുക്കി ആഘോഷിക്കുന്ന ചടങ്ങ് കണ്ടിട്ടുണ്ട്. അന്ന് വരെ കളിച്ചു നടന്ന കുഞ്ഞുമോളുടെ മുഖത്ത് നാണവും ചിരിയും അത് വരെയില്ലാത്ത ഒരു സൗന്ദര്യവും ഒക്കെയുണ്ടായിരുന്നു. ആര്‍ത്തവം ഒരിക്കലും ഒരു ശല്യമല്ല, സ്ത്രീത്വത്തിന്റെ കൈയ്യൊപ്പ് ആണെന്ന് കാണിച്ചു തന്നതായിരുന്നു ആ ചടങ്ങിന്റെ നിറവും രസങ്ങളും.

ആരോടും മിണ്ടാതെയും പറയാതെയും സഹിക്കേണ്ടി വരുന്ന ദിവസങ്ങള്‍.

ചുവന്ന ഓര്‍മ്മകള്‍
ബുധനാഴ്ചത്തെ അസംബ്ലിക്ക് പോക്ക് മുടക്കി വെളുത്ത ഉടുപ്പ് കഴുകാന്‍ പോയതാണ് ആ ചുവന്ന ഓര്‍മ്മയിലെ മറ്റൊന്ന്. റംസാനിലെ നോമ്പ് ആര്‍ത്തവ സമയത്ത് നിഷിദ്ധമായത് കൊണ്ട് നോമ്പില്ലാത്ത പെണ്‍കുട്ടികള്‍ കഴിക്കാന്‍ വല്ലതുമൊക്കെ കൊണ്ട് വരും. നോമ്പില്ല എന്ന് മറ്റുള്ളവരെ അറിയിക്കുന്നത് വലിയ നാണക്കേടായി കരുതിയിരുന്ന കാലമാണ് സ്‌കൂള്‍കാലം. ഒരിക്കല്‍ ക്ലാസ്സില്‍ ഞങ്ങള്‍ രണ്ടു മൂന്നു പെണ്‍കുട്ടികള്‍ ഇരുന്ന് ഓറഞ്ച് കഴിക്കുന്നതിനിടക്ക് ക്ലാസ്സിലെ ആണ്‍കുട്ടി പെട്ടെന്ന് കയറി വന്നതും അവനെ കാണിക്കാതെ ഒളിച്ചു വെച്ച ഓറഞ്ച് അല്ലികളുടെ ഗന്ധമറിഞ്ഞ് അവന്‍ ഞങ്ങളെ കളിയാക്കിയതുമൊക്കെ ഇന്നോര്‍ക്കുമ്പോള്‍ ചിരിയാണ്.

പിന്നെയെപ്പോഴോ വളര്‍ന്നു. കൂടെ, വലിയ പ്രത്യേകതകള്‍ ഒന്നും അവകാശപ്പെടാനില്ലാതെ മാസാമാസം വിളിക്കാതെ വരുന്ന ആ അതിഥിയും നേരവും കാലവുമൊക്കെ മാറി വന്നു തുടങ്ങി . പോകുന്നിടമെല്ലാം ഒരു സാനിട്ടറി നാപ്കിനും അത് പൊതിഞ്ഞ് ഒഴിവാക്കാനുള്ള പഴയ പത്രക്കടലാസും ബാഗില്‍ കയറിയതൊഴിച്ചാല്‍ വലിയ മാറ്റങ്ങളൊന്നും ജീവിതത്തില്‍ ഉണ്ടായിട്ടില്ല.

എങ്കില്‍ പോലും, അതിനു തൊട്ടു മുന്നേയുള്ള ദിവസങ്ങളില്‍  വരുന്ന വിഷമവും ദേഷ്യവും വൈകാരിക പ്രക്ഷോഭവുമൊക്കെ പതിവ് പോലെ ഇന്നും വല്ലാത്ത അസ്വസ്ഥതയാണ്. എനിക്ക് മാത്രമല്ല, എനിക്ക് ചുറ്റുമുള്ളവര്‍ക്കും. കൂടെ വേദനകളും തളര്‍ച്ചയും മറ്റു ബുദ്ധിമുട്ടുകളും.

ആരോടും മിണ്ടാതെയും പറയാതെയും സഹിക്കേണ്ടി വരുന്ന ദിവസങ്ങള്‍. മെഡിക്കല്‍ സമൂഹത്തില്‍ ഈ വിഷയത്തിനു അല്‍പ്പം കൂടി സ്വീകാര്യത ഉണ്ടെന്നാണ് പൊതുവേയുള്ള അനുഭവം. തുറന്നു സംസാരിക്കാന്‍ അല്പം മടിക്കുമെങ്കിലും, ആണ്‍സമൂഹത്തിനിടയില്‍ പോലും ഈ വിഷയത്തിനു തീണ്ടായ്കയില്ല. പെണ്ണിനെ ഈ രീതിയില്‍ അംഗീകരിക്കാനുള്ള മനോവിശാലത മിക്ക ഡോക്ടര്‍മാരും കാണിക്കാറുണ്ട്. കണ്ടറിഞ്ഞു പെരുമാറുന്നവര്‍ തന്നെയാണ് കൂടുതല്‍.

Menarche a blessing not curse by Dr Shimna Azeez റ്റാമ്പൂന്‍

പുറത്തേക്കിറങ്ങുമ്പോള്‍
എന്നാല്‍ പുറത്തേക്കിറങ്ങുമ്പോള്‍ സ്ഥിതി വ്യത്യസ്തമാണ്. ആവശ്യത്തിനു വെള്ളവും സാനിട്ടറി നാപ്കിന്‍ മാറ്റാനുള്ള സൗകര്യമായി ഒരു ബാസ്‌ക്കറ്റും പലപ്പോഴും മനോഹരമായ നടക്കാത്ത സ്വപ്നമാണ്. യാത്ര ചെയ്യുന്നവരും ജോലി ചെയ്യുന്നവരുമായ സ്ത്രീകളാണ് അനുഭവിക്കുന്നതില്‍ ഭൂരിഭാഗവും. ആര്‍ത്തവസമയത്ത് യാത്ര ചെയ്യേണ്ടി വരുന്നത് വല്ലാത്തൊരു വെല്ലുവിളിയാണ്. ബാഗില്‍ പാഡ് കൊണ്ട് നടക്കുന്നതും അഥവാ പാഡ് മാറ്റിയാല്‍ തന്നെ അത് നിക്ഷേപിക്കാനുള്ള സൗകര്യക്കുറവും എല്ലാം ചേര്‍ന്ന്  'ആ' ദിനങ്ങളെ വല്ലാത്തൊരു പരീക്ഷണമാക്കുകയാണ് പതിവ്. റ്റാമ്പൂന്‍, മെന്‍സ്ചുറല്‍ കപ്പ് പോലുള്ളവ പാഡിന് പകരം ഉപയോഗിക്കാമെങ്കില്‍ കൂടിയും, അണുബാധക്കുള്ള സാധ്യത മുന്‍ നിര്‍ത്തി വളരെ ശ്രദ്ധിച്ചുപയോഗിച്ചില്ലെങ്കില്‍, ശരീരത്തിനകത്ത് തന്നെ കെട്ടിക്കിടക്കുന്ന രക്തം സാരമായ ആരോഗ്യപ്രശ്‌നങ്ങള്‍ വരുത്താം. കൃത്യമായ ഇടവേളകളില്‍ ഇവ മാറ്റിയിരിക്കണം. അല്‍പം വിലക്കൂടുതല്‍ ഉണ്ടെങ്കിലും ഗര്‍ഭാശയമുഖത്ത് വെക്കുന്ന മെന്‍സ്ചുറല്‍ കപ്പ് നല്ലൊരുപാധിയാണ്. കൃത്യമായി അണുമുക്തമാക്കാന്‍ ശ്രദ്ധിക്കണമെന്ന് മാത്രം.

ആര്‍ത്തവത്തെ തലമുറകളായി വെറുക്കപ്പെട്ട സംഗതിയായി കാണുന്നതിനു ഇന്നും വലിയ മാറ്റമൊന്നും വന്നതായി തോന്നുന്നില്ല. 'അശുദ്ധി'യായും ആര്‍ത്തവമുള്ളവള്‍ അശുദ്ധയായും ഇന്നും ഗണിക്കപ്പെടുന്നു എന്നത് നമ്മുടെ മനസ്സിന്റെ ഇടുക്കത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. സത്യത്തില്‍ ആര്‍ത്തവസമയത്ത് ശരീരത്തില്‍ നിന്നും പുറപ്പെടുന്നത് അശുദ്ധരക്തം അല്ല. അശുദ്ധ രക്തം എന്നൊന്നില്ല എന്ന് തന്നെ പറയാം. സംഭവിക്കുന്നത് ഇതാണ്.

Menarche a blessing not curse by Dr Shimna Azeez മെന്‍സ്ചുറല്‍ കപ്പ്

എന്താണ് ആര്‍ത്തവം?
സ്ത്രീകളിലെ ആര്‍ത്തവചക്രം ഏകദേശം 28-40 ദിവസം വരെയാകാം. ഇതിനിടയില്‍ പല സങ്കീര്‍ണമായ ഹോര്‍മോണ്‍ മാറ്റങ്ങളും സ്ത്രീ ശരീരത്തില്‍ നടക്കുന്നുണ്ട്. ഇതിന്റെ ഫലമായി ആര്‍ത്തവ ചക്രത്തിന്റെ മധ്യത്തോടെ അണ്ഡവിസര്‍ജനം നടക്കും. ഇരുപത്തിനാല് മണിക്കൂറാണ് ഒരു അണ്ഡത്തിന്റെ ആയുസ്. ഈ നേരത്തിനുള്ളില്‍ ബീജവുമായി സമ്പര്‍ക്കത്തിനുള്ള അവസരം അണ്ഡത്തിനുണ്ടായില്ലെങ്കില്‍ അത് നശിക്കും. കൂടാതെ, ഭ്രൂണത്തെ സ്വീകരിക്കാന്‍ തയ്യാറായിരുന്ന ഗര്‍ഭപാത്രത്തിന്റെ  അകത്തെ പാളിയും അതിന്റെ പുതുതായുണ്ടായ രക്തക്കുഴലുകളോടെ പുറംതള്ളപ്പെടും.  ഇതാണ് ആര്‍ത്തവം. ഇതൊരു അശുദ്ധിയോ അവള്‍ അശുദ്ധയോ അല്ല. അവള്‍ പൂര്‍വ്വാധികം പരിശുദ്ധിയിലേക്ക്, ഒരു കുഞ്ഞിനായി ശരീരത്തെ ഒരുക്കാനുള്ള പ്രക്രിയയിലേക്ക്  തിരിച്ചു പോകുന്നതിനെ എന്തിന്റെ പേരിലാണ് മാറ്റി നിര്‍ത്തേണ്ടത്? ആര്‍ത്തവം ആരോഗ്യമുള്ള സ്ത്രീയുടെ ലക്ഷണമാണ്. അതിനു പരിധി വിട്ട സ്വകാര്യതയും ലജ്ജയുടെ മേലാവരണവുമെല്ലാം വന്നു ചേര്‍ന്നത് കൊണ്ട് കഷ്ടപ്പെടുന്നത് പുറംലോകത്ത് ജീവിക്കാന്‍ അര്‍ഹതയുള്ള ആധുനികകാലത്തെ സ്ത്രീയും.

ആര്‍ത്തവകാലത്തെ ശരീരസംരക്ഷണം
ആര്‍ത്തവകാലമാണ് എന്നത് പഠനത്തിനോ ജോലിക്കോ ഒരു തടസമല്ല ഇന്ന്. വയറുവേദനയോ മറ്റസ്വസ്ഥതകളോ  ഉണ്ടായതിന്റെ പേരില്‍ 'ആര്‍ത്തവ വാരാഘോഷം' നടത്താനും സാധ്യമല്ല. ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്.

  • വിശ്രമമെന്ന സാധ്യത കുറവായിരിക്കാം. ധാരാളം വെള്ളം കുടിക്കുക. നന്നായി ഭക്ഷണം കഴിക്കുക. കഴിയുന്നത് പോലെ വിശ്രമിക്കുക.

  • വൃത്തി വളരെ പ്രധാനമാണ്. അമിതരക്തസ്രാവം ഇല്ലെങ്കില്‍ പോലും എട്ട് മണിക്കൂറില്‍ കൂടുതല്‍ യാതൊരു കാരണവശാലും ഒരു പാഡ് ഉപയോഗിക്കാന്‍ പാടില്ല. ദിവസവും രണ്ടു നേരം കുളിക്കുക.

  • സ്വകാര്യഭാഗം വൃത്തിയോടെ സൂക്ഷിക്കണം. വെള്ളമൊഴിച്ച് വൃത്തിയാക്കുമ്പോള്‍ എല്ലായ്‌പ്പോഴും മുന്നില്‍ നിന്ന് പിറകു വശത്തേക്ക് എന്ന രീതിയിലെ വൃത്തിയാക്കാന്‍ പാടുള്ളൂ.

  • ചില ബ്രാന്‍ഡ് പാഡുകള്‍ ചിലര്‍ക്ക് അലര്‍ജി ഉണ്ടാക്കാം. അവ മാറ്റി ഉപയോഗിക്കാം. തുണി നാപ്കിന്‍ ഉപയോഗിക്കാത്തതാണ് നല്ലത്. അഥവാ ഉപയോഗിക്കുന്നുവെങ്കില്‍, ചൂടുവെള്ളത്തില്‍ കഴുകി വെയിലത്തിട്ടു ഉണക്കി വേണം രണ്ടാമത് ഉപയോഗിക്കാന്‍.

  • പൂപ്പല്‍ ബാധക്കുള്ള സാധ്യതയും കൂടുതല്‍. ഈര്‍പ്പം നിലനില്‍ക്കുന്നത് കഴിയുന്നത്ര കുറയ്ക്കുക എന്നതാണ് പ്രായോഗികമായ മാര്‍ഗം.

  • ·യാത്രകളില്‍ പാഡ് മാറ്റാന്‍ മടിച്ചു മൂത്രം പിടിച്ചു വെക്കുന്നത് പൊതുവേ കാണുന്ന രീതിയാണ്. പാഡ് മാറാത്തത് കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ക്ക് പുറമേ, മൂത്രത്തില്‍ അണുബാധക്കുള്ള സാധ്യത കൂടി തുറന്നു കിട്ടുമെന്നതാണ് ഈ രീതിയുടെ അപകടം. ഇതേ കാരണം കൊണ്ട് വെള്ളം കുടിക്കുന്നത് മന:പൂര്‍വ്വം കുറക്കുന്നതും കാണാം. ഇതും പ്രോത്സാഹിപ്പിക്കരുത്.

  • ആര്‍ത്തവകാലത്തെ ലൈംഗികബന്ധം അണുബാധക്ക് കാരണമായേക്കാം. ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്.

  • വയറുവേദന/ശരീരവേദന ഉണ്ടായാല്‍ അന്ധമായി വേദനസംഹാരികള്‍ ഉപയോഗിക്കുന്നതും ശീലമാക്കുന്നതും കഴിവതും ഒഴിവാക്കുക. വേദനസംഹാരി ഒരു എളുപ്പവഴിയായി സ്വീകരിക്കുന്നത് ശരിയല്ല.

  • ആര്‍ത്തവത്തിനു മുന്‍പുള്ള വിഷാദവും അമിതകോപവുമെല്ലാം സ്വയം തിരിച്ചറിഞ്ഞു നിയന്ത്രിക്കാന്‍ ശ്രമിക്കുക. ആധുനിക ജീവിത സാഹചര്യങ്ങളില്‍, ജോലിസ്ഥലത്തും മറ്റും വൈകാരികമായി പ്രതികരിക്കുന്നത്  ശരിയായ രീതിയല്ല. പറയുന്ന വാക്കുകള്‍ തിരിച്ചെടുക്കാനാവില്ല എന്നറിയുക.

 

ഇതിനു പുറമേ, പാഡ് ഒഴിവാക്കുന്ന രീതി ശാസ്ത്രീയമായിരിക്കണം. ഉപയോഗിച്ച സാനിട്ടറി നാപ്കിന്‍ ഫ്‌ലഷ് ചെയ്യുന്നതോ അലക്ഷ്യമായി വലിച്ചെറിയുന്നതോ ഒഴിവാക്കണം. അവ കൃത്യമായി നിക്ഷേപിക്കാന്‍ വെച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മാത്രം നിക്ഷേപിക്കുക. ഇതൊരു മാലിന്യം മാത്രമല്ല, പൊതുജനാരോഗ്യത്തെ ബാധിക്കാവുന്ന സാരമായ ഒരു പ്രശ്‌നം കൂടിയാണ്.

 

സ്വാഭിമാനത്തിനോ വ്യക്തിത്വത്തിനോ ഭംഗം വരുത്തുന്നതല്ല ഈ രക്തക്കറ.

അന്ധവിശ്വാസങ്ങളുടെ കറ 
ആര്‍ത്തവം ദൈവങ്ങള്‍ക്ക് അപ്രീതി ഉണ്ടാക്കുന്നതാണ്, ആര്‍ത്തവകാരിയായ സ്ത്രീയുടെ ദേഹത്ത് പാമ്പ് ചുറ്റും എന്ന് തുടങ്ങി കുറെയേറെ അന്ധവിശ്വാസങ്ങള്‍ ശരീരത്തിന്റെ ഈ സ്വഭാവികപ്രക്രിയയെ ചുറ്റിപ്പറ്റിയുണ്ട്. കൗതുകമുണര്‍ത്തുന്ന കെട്ടുകഥകള്‍ക്കിടയില്‍ സ്വന്തം ശരീരം പുറപ്പെടുവിക്കുന്ന ഈ ചുവപ്പ് സ്വാഭാവികമെന്നറിയുക. സ്വാഭിമാനത്തിനോ വ്യക്തിത്വത്തിനോ ഭംഗം വരുത്തുന്നതല്ല ഈ രക്തക്കറ.

ശ്രദ്ധിക്കേണ്ടത് ഒന്നേയുള്ളൂ...സ്ത്രീയെന്ന നിലയില്‍ നിങ്ങളെ പിന്നോട്ട് വലിക്കാന്‍ കാരണമാകുന്ന യാതൊന്നും ഇതില്‍ ഇല്ല. നാണിക്കാനോ നിങ്ങളെ കുറച്ചു കാണിക്കാനോ ഉള്ളൊരു വഴിയുമല്ലിത്. യാത്രകളും ജോലിയുമൊക്കെയായി തിരക്കുള്ളവര്‍ അല്‍ം ശ്രദ്ധിക്കുക. വീട്ടമ്മ എന്ന ഏറ്റവും ഉത്തരവാദിത്ത്വം പേറുന്ന എന്നാല്‍ സ്വന്തം കാര്യം നോക്കാന്‍ മടിക്കുന്ന ഏറ്റവും വിലയേറിയ ജോലി ചെയ്യുന്നവര്‍ അതിലേറെ ശ്രദ്ധിക്കണം. കാരണം, നേരത്തിനു കഴിക്കാനും ആവശ്യത്തിനു ഉറങ്ങാനുമൊക്കെ സാഹചര്യം ഒന്ന് ശ്രമിച്ചാല്‍ ഉണ്ടാകാവുന്ന ഇവരാണ് പുറത്തേക്ക് ഇറങ്ങുന്നവരേക്കാള്‍ സ്വന്തം ആരോഗ്യം നോക്കാന്‍ മടിക്കുന്നവര്‍. എല്ലാവരെയും നന്നാക്കി സ്വന്തം ശരീരം നോക്കാന്‍ ഉപേക്ഷ കരുതുന്നത് ശരിയല്ല.

പെണ്ണിന്റെ ആരോഗ്യം അവളുടേത് മാത്രമല്ല, അടുത്ത തലമുറയുടേത് കൂടിയാണ് എന്നര്‍ത്ഥം. 

ഇവ ശ്രദ്ധിക്കേണ്ടതുണ്ട് 
മാസാമാസം ഉണ്ടാകുന്ന രക്തനഷ്ടം ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയ്ക്കാം. ഇലക്കറികള്‍, ശര്‍ക്കര, റാഗി, ഈന്തപ്പഴം, സോയാബീന്‍, ഉണക്കമുന്തിരി തുടങ്ങിയവ സുലഭമായ ഇരുമ്പിന്റെ സ്രോതസ്സുകളാണ്.  സ്ത്രീശരീരത്തില്‍ വിളര്‍ച്ച തടയുന്നത് അവളുടെ ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിനു പോഷകങ്ങള്‍ നന്നായി ലഭിക്കാനും ഗര്‍ഭസ്ഥശിശുവിന്റെ  വളര്‍ച്ച ത്വരിതപ്പെടുത്താനും കൂടി ഉപയോഗിക്കപ്പെടും. അതായത്, പെണ്ണിന്റെ ആരോഗ്യം അവളുടേത് മാത്രമല്ല, അടുത്ത തലമുറയുടേത് കൂടിയാണ് എന്നര്‍ത്ഥം. 

ഇതെല്ലാം സ്വാഭാവികമായും കൃത്യമായും ആര്‍ത്തവം ഉണ്ടാവുന്നവരുടെ കാര്യം. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ആര്‍ത്തവം ക്രമരഹിതമായി വരാം. ചിലപ്പോള്‍ മാസത്തില്‍ ഒന്നിലേറെ തവണയും ചിലപ്പോള്‍ മാസങ്ങളോളം ഇല്ലാതെയും ചിലപ്പോള്‍ ഇടക്കിടക്ക് വന്നു പോകുന്ന ഒരു കറ മാത്രമായും ആര്‍ത്തവം മാറാം. തൈറോയ്ഡ്  ഹോര്‍മോണ്‍ കുറയുന്ന അവസ്ഥ, അണ്ഡാശയത്തില്‍ വെള്ളം നിറഞ്ഞ കുമിളകള്‍ പോലെ ഉണ്ടാകുന്ന Polycystic Ovarian Disease (PCOD) തുടങ്ങിയവയെല്ലാം തന്നെ ഇന്ന് സര്‍വ്വസാധാരണമാണ്. എപ്പോള്‍ വരുമെന്നറിയാത്ത മാസമുറയും, കൂടെയുള്ള മാനസികശാരീരിക പ്രശ്‌നങ്ങളും ഇവയിലെല്ലാം തന്നെ അല്‍പം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളാണ്. വിളര്‍ച്ചയും ഒരു പരിധി വരെ ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് കാരണമാണ്. കൂടാതെ, കുറച്ചു വേദനയൊക്കെ ആര്‍ത്തവ സമയത്ത് സാധാരണയാണ് എങ്കില്‍ കൂടിയും പരിധി വിട്ട വേദനയും, ആര്‍ത്തവവിരാമത്തിനു ശേഷം വരുന്ന രക്തസ്രാവവും (ആര്‍ത്തവം വീണ്ടും സംഭവിച്ചതാണ് എന്ന് ചിലപ്പോഴെങ്കിലും തെറ്റിദ്ധരിക്കാവുന്ന ഒന്ന്) അല്‍പ്പം ഗൗനിക്കേണ്ട വിഷയങ്ങളാവാം. ഡോക്ടറുടെ സഹായം തേടേണ്ട കാര്യങ്ങളാണ് ഇവയെല്ലാം.

ആര്‍ത്തവം ഒരപമാനമല്ല..ആര്‍ത്തവകാരിയും.

അപമാനമല്ല, ആര്‍ത്തവം
കൗമാരം മുതല്‍ വാര്‍ദ്ധക്യം തുടങ്ങുന്നിടം വരെ കൂടെയുള്ള സന്തത സഹചാരി എന്നതില്‍ കവിഞ്ഞുള്ള യാതൊരു പ്രാധാന്യവും ഈ ഒരു ശാരീരികപ്രക്രിയക്ക് കൊടുക്കേണ്ടതില്ല. പെണ്‍കുട്ടികള്‍ക്ക് ഇപ്പോള്‍ മുന്‍തലമുറകളെക്കാള്‍ വേഗത്തില്‍ ആര്‍ത്തവാരംഭം ഉണ്ടാകുന്നുണ്ട്. കുഞ്ഞിന്റെ ശാരീരിക മാറ്റങ്ങള്‍ അമ്മക്ക് കണ്ടാല്‍ മനസ്സിലാകാവുന്നതേ ഉള്ളൂ. കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാം, കൂടെയുണ്ട് എന്നവളെ ബോധ്യപ്പെടുത്താം. 

തുറന്നു പറയാന്‍ അറപ്പുളവാക്കും വിധമുള്ള യാതൊന്നും ഇതിലില്ല എന്ന് തന്നെ മനസ്സിലാക്കണം. ഉടുപ്പിലൊരു നിറംമാറ്റം കണ്ടാല്‍ പോലും അവളെ തനിച്ചാക്കി പോകാതെ അവളെ സഹായിക്കാന്‍ തയ്യാറാവുന്നവരില്‍ ആണും പെണ്ണും ഒരു പോലെ നില്‍ക്കണം. കുഞ്ഞിനു ഡയപ്പര്‍ വാങ്ങേണ്ടി വന്നാല്‍ സഹായിക്കാന്‍ എല്ലാവരുമുണ്ടാകും. ഒരു പെണ്ണിന് അത്യാവശ്യം വന്നാല്‍ മിണ്ടാന്‍ മടിക്കേണ്ടി വരുന്നത് രക്തം വരുന്ന വഴിയെക്കുറിച്ചുള്ള അപമാനകരമായ ചിന്ത സ്വയവും സമൂഹത്തില്‍ തന്നെയും നിലനില്‍ക്കുന്നത് കൊണ്ടാണ്.

അപമാനിതരായി തോന്നാന്‍ ഒന്നുമില്ല. അമ്മയില്‍ നിന്നും വേറിട്ട് വന്ന വഴിയാണത്. മറ്റൊരര്‍ത്ഥത്തില്‍ മാത്രം അതിനെ കാണാന്‍ സാധിക്കുന്നത് ഒരു തരം മനോവൈകല്യമാണ്.  സങ്കടകരമായ കാര്യം, ഈ വൈകല്യം ബാധിച്ചിരിക്കുന്നത് സമൂഹത്തെ ഒന്നടങ്കം ആണെന്നതാണ്. അവിടെയാണു മാറ്റമുണ്ടാകേണ്ടത്. സ്ത്രീയെ ബഹുമാനിക്കാന്‍ പഠിക്കണം. അവളുടെ ശരീരം ഒരല്‍പം കൂടുതല്‍ ആവശ്യപ്പെടുന്നുണ്ടാകാം. ഒരു കുഞ്ഞിനെ പേറാന്‍ പാകത്തില്‍ അവളെ തയ്യാറാക്കി വെച്ചിരിക്കുന്ന പ്രകൃതിയോടും ഒരമ്മയില്‍ നിന്ന് മുറിഞ്ഞു വന്ന  നമ്മളോടും തന്നെ ചെയ്യാവുന്ന ഏറ്റവും വലിയ നന്മയായിരിക്കുമത്. 

ആര്‍ത്തവം ഒരപമാനമല്ല..ആര്‍ത്തവകാരിയും.

 

ഡോ. ഷിംന എഴുതിയ മറ്റ് കുറിപ്പുകള്‍:

കഥയേക്കാള്‍ ആഴമുള്ള ജീവിതങ്ങള്‍!

വരുന്നു, മുറിവൈദ്യന്‍മാരുടെ കാലം!

​മഴയും നിലാവുമറിയട്ടെ, ഈ കുഞ്ഞുങ്ങള്‍!

കൂട്ടിരിപ്പുകാരുടെ ആശുപത്രി ജീവിതം!

മറയിട്ട വാക്‌സിന്‍ ക്ലാസ്; ഡോക്ടര്‍ ചെയ്തതാണ് ശരി!

പിറവിയുടെ പുസ്തകത്തിലെ ആ അധ്യായം

മരുന്ന് കുറിപ്പടി മലയാളത്തില്‍  വേണോ?

മെഡിക്കല്‍ കെട്ടുകഥകള്‍ പാകം ചെയ്യുന്ന വിധം

Follow Us:
Download App:
  • android
  • ios