Asianet News MalayalamAsianet News Malayalam

കാട്ടാനയോട് വേണോ  സെല്‍ഫി ഭ്രമം?

Moidu vanimel on selfie culture
Author
Thiruvananthapuram, First Published Jul 14, 2017, 11:46 AM IST

Moidu vanimel on selfie culture

രാത്രി യാത്രാ നിരോധനം നിലനില്‍ക്കുന്ന വയനാട് മൈസൂര്‍ ദേശീയ പാതയിലെ മുത്തങ്ങ വനത്തിനരികെ റോഡില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അപകടകരമായ അനുഭവത്തെക്കുറിച്ചാണ് ഈ കുറിപ്പ്. കാട്ടാനകളുടെയും കാട്ടുപോത്തുകളുടെയും പശ്ചാത്തലത്തില്‍ സെല്‍ഫി എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ ഇവിടെയുള്ള പകല്‍ യാത്രകളെ പോലും അപകടമുനമ്പിലാക്കുകയാണ്. സെല്‍ഫിഭ്രമക്കാര്‍ കാരണം സാധാരണ യാത്രക്കാര്‍ പോലും അപകടത്തിലാവുകയാണ് ഇവിടെ. കാട്ടാനയുടെ അക്രമണത്തില്‍നിന്നും കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു ഞങ്ങള്‍. 

സെല്‍ഫി ഭ്രമം ഇവിടെ വന്‍ ദുരന്തത്തിന് കാരണമകാത്തത്, ആനകള്‍ അടക്കമുള്ള വന്യജീവികളുടെ ക്ഷമ കൊണ്ടുമാത്രമാണ്. അവയുടെ വഴികള്‍ മുറിച്ച് ടാര്‍ റോഡ് പണിത് കാറിലും ബസിലും ബൈക്കിലും യാത്ര ചെയ്യുന്നവര്‍ക്ക് വന്യമൃഗങ്ങളുടെ കാരുണ്യമെങ്കിലും ഉണ്ടായില്ലെങ്കില്‍, സെല്‍ഫി ഭ്രമം വന്‍ ദുരന്തങ്ങള്‍ക്ക് ഇടവരുത്തും. 

രണ്ടു ദിവസം മുമ്പാണ് ഞാനും സുഹൃത്ത് പ്രൊഫ. രാമന്‍ കുട്ടിയും കുടുംബങ്ങളും ഇതുവഴി കാറില്‍ സൂര്യകാന്തിപ്പാടങ്ങള്‍ കാണാന്‍ മുത്തങ്ങ വഴി ഗുണ്ടല്‍പ്പേട്ടയിലേക്ക് പോയത്. റോഡരികില്‍, ആനക്കുഞ്ഞും നാലഞ്ച് ആനകളും നിരത്തൊഴിയുന്നതും കാത്തുനില്‍പ്പാണ് വാഹനങ്ങള്‍. മൂന്നു മീറ്റര്‍ അകലത്ത്, റോഡിന്റെ അറ്റത്ത് നാലഞ്ച് ചെറുപ്പക്കാര്‍ തിരിഞ്ഞും മറിഞ്ഞും കൂട്ടു ചേര്‍ന്നും ആനകളെ ഉള്‍പ്പെടുത്തി സെല്‍ഫികള്‍ എടുക്കുന്നു. കുഞ്ഞിനെയും കൊണ്ട് നടക്കുന്ന ആനക്കൂട്ടം അപകടകാരികളാണെന്ന് ഇവര്‍ക്കറിയുമോ എന്നറിയില്ല. 

ഒരു ഘട്ടത്തില്‍ കൊമ്പനാന ചിന്നം വിളിച്ചു. അപകടമാണ് അത് എന്നറിയുന്നതിനാല്‍, ഞങ്ങള്‍ കാര്‍ മുന്നോട്ടുനീക്കി.

ഒരു ഘട്ടത്തില്‍ കൊമ്പനാന ചിന്നം വിളിച്ചു. അപകടമാണ് അത് എന്നറിയുന്നതിനാല്‍, ഞങ്ങള്‍ കാര്‍ മുന്നോട്ടുനീക്കി. ചിന്നം വിളിച്ച ആനയുടെ അടുത്ത നടപടി മിക്കവാറും അക്രമമായിരിക്കും. എങ്കിലും സെല്‍ഫി ഭ്രമക്കാര്‍ അവിടെനിന്നും മാറിയില്ല. എന്നാല്‍, ഞങ്ങളുടെ കാര്‍ കുറച്ചു മുന്നോട്ടു പോയപ്പോള്‍, സെല്‍ഫിക്കാരുടെ കാര്‍ കുതിക്കുന്നതു കണ്ടു. എന്തുണ്ടായി എന്നറിയില്ല. എങ്കിലും അവര്‍ക്കുമൊടുവില്‍, മനസ്സിലായിക്കാണണംം ഇത്തരം സെല്‍ഫി ഭ്രാന്ത് അപകടം ക്ഷണിച്ചുവരുത്തുമെന്ന്.  

കുറച്ചകലെ നിരത്തിനോടടുത്ത് ഒറ്റയ്‌ക്കൊരു കാട്ടുപോത്ത് മേയുന്നുണ്ട്. അതിനടുത്തുമുണ്ട് രണ്ടുമൂന്ന് സെല്‍ഫിക്കാര്‍. ചിലര്‍ക്ക് കാട്ടുപോത്തിന്റെ സ്വഭാവമാണെന്ന് ചിലപ്പോഴെങ്കിലും നാം മനുഷ്യരെ അധിക്ഷേപിക്കാറുണ്ട്. എന്നാല്‍, പരിചയം കൊണ്ടാവണം, കാട്ടുപോത്ത് സെല്‍ഫിക്കാരെ വിരട്ടാന്‍ ശ്രമിക്കാതെ മേയല്‍ തുടര്‍ന്നു. അതിനര്‍ത്ഥം അതൊരിക്കലും ആക്രമകാരിയാകില്ല എന്നല്ല. 

ആന മുടന്തുന്നുണ്ട്. അതിവേഗം ആനയെ മറികടന്നുവന്ന ചരക്കുലോറിയുടെ സംഭാവനയാകാം ആ മുടന്ത്.

മടക്കയാത്രയില്‍ മുത്തങ്ങയില്‍ എത്തുമ്പോള്‍ സന്ധ്യയോടടുത്തു. കുഞ്ഞുമായി ആനക്കൂട്ടം എങ്ങോ പോയിരുന്നു. പകരം രണ്ടാനകള്‍ ബാക്കിയുണ്ട്. അതിലൊന്ന് റോഡ് മുറിച്ചുകടക്കാന്‍ തക്കം നോക്കി നില്‍ക്കുന്നു. റോഡ് മുറിച്ചുകടക്കേണ്ടിടത്തെല്ലാം വാഹനങ്ങള്‍. ക്ഷമ കെട്ട് ഒരാന റോഡിലിറങ്ങുന്നത് കണ്ട് ഏതാണ്ട് പത്തു മീറ്റര്‍ അകലെ എത്തിയപ്പോള്‍ കണ്ടത് ഇതാണ്. 

ഞങ്ങളുടെ കാര്‍ റോഡരികില്‍ നിര്‍ത്തി. ആനയെ കണ്ടപ്പോള്‍ റോഡിന് എതിര്‍ഭാഗത്തെ മിനിവാന്‍ അതിവേഗം മുന്നോട്ടെടുത്തു. ഇടതുഭാഗത്ത് ചേര്‍ത്തു നിര്‍ത്തിയ ഞങ്ങളുടെ കാറിന്റെ ഇടതുഭാഗത്ത് കാടിനരികിലൂടെ വെട്ടിച്ച് മിനിവാന്‍ ഓടി രക്ഷപ്പെട്ടു. ഞങ്ങളുടെ പിറകില്‍നിന്നുവന്ന ഒരു ചരക്കുലോറിയാവട്ടെ, ആനയെ കണ്ടതോടെ വേഗത കൂട്ടി ആനയെ മറികടന്നു. അതിന്റെ  പേടിയിലാവണം ആന റോഡ് മുറിച്ചുകടക്കാതെ വലം തിരിഞ്ഞ് റോട്ടിലൂടെ നടന്നുവന്നു. 

ആന മുടന്തുന്നുണ്ട്. അതിവേഗം ആനയെ മറികടന്നുവന്ന ചരക്കുലോറിയുടെ സംഭാവനയാകാം ആ മുടന്ത്. വല്ലാതെ കലി പൂണ്ടാണ് ആനയുടെ വരവ്. ഇടതുഭാഗത്തായി ഞങ്ങള്‍ നിര്‍ത്തിയിട്ട കാറിനടുത്തേക്കാണ് ആനയുടെ കലിതുള്ളി വരവ്. കാറിലെ സ്ത്രീകള്‍ നിലവിളി തുടങ്ങി. കാര്‍ പെട്ടെന്ന് വലതുഭാഗത്തേക്ക് വെട്ടിച്ചെടുക്കുന്നതില്‍ സുഹൃത്ത് വിജയിച്ചു. ഒരു പക്ഷേ, അതുകൊണ്ടു മാത്രമാവണം ഞങ്ങള്‍ രണ്ടു കുടുംബങ്ങള്‍ രക്ഷപ്പെട്ടത്. അതിനിടെ, ആനയെക്കണ്ടു ഭയന്ന മറ്റു വാഹനങ്ങള്‍ അതിവേഗത്തില്‍ ഞങ്ങളെ മറികടന്നുപോയി. 

ശരിയാണ്, ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് അഭയമാണ് ഈ വഴി. അതേ സമയം, യഥാര്‍ത്ഥ അവകാശികളായ മൃഗങ്ങളുടെ അവകാശം കൂടി വകവെച്ചുകൊടുക്കാന്‍ നാം ശീലിച്ചേ പറ്റൂ. ഈ വഴിയില്‍ സെല്‍ഫി നിരോധിക്കുക തന്നെ വേണം. ഇല്ലെങ്കില്‍ ഉണ്ടാകാനിടയുള്ള ദുരന്തങ്ങള്‍ ഗുരുതരമാവും. പകല്‍ യാത്രകളും നിരോധിക്കപ്പെട്ടേക്കും. 

Follow Us:
Download App:
  • android
  • ios