Asianet News MalayalamAsianet News Malayalam

ഇന്ത്യയിലെ മുന്‍നിര സര്‍വകലാശാലയില്‍ ഒരു മുസ്‌ലിം വിദ്യാര്‍ത്ഥിനിയുടെ ജീവിതം

Muslim women life in Delhi University
Author
Thiruvananthapuram, First Published May 10, 2016, 5:58 AM IST

Muslim women life in Delhi University

ഇന്ത്യയിലെ മുന്‍നിര യൂണിവേഴ്‌സിറ്റികളിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡല്‍ഹി സര്‍വ്വകലാശാല, ഒരുപക്ഷേ, മാറിവരുന്ന ഭരണകൂടങ്ങള്‍ ഏറ്റവുമധികം അധികാരശേഷി ചെലുത്തുന്ന സ്ഥാപനമാണ്. സര്‍ക്കാരുകള്‍ തങ്ങളുടെ വിദ്യാഭ്യാസനയങ്ങളുടെ പരീക്ഷണവേദിയാക്കുകയും  രാഷ്ട്രീയനിലപാടുകളുടെ പ്രചാരണോപാധിയാക്കുകയും ചെയ്യുന്നത് ഡല്‍ഹി സര്‍വ്വകലാശാലയെയാണ്.

അതേ സമയം സര്‍വ്വകലാശാലയില്‍ പ്രബലമായ സവര്‍ണ്ണവും ഉപരിവര്‍ഗ്ഗഉപരിമധ്യവര്‍ഗ്ഗവും ഹിന്ദിമേഖലാകേന്ദ്രിതവുമായ പൊതുബോധം  പ്രാദേശികവും മതപരവും അവര്‍ണ്ണവുമായ എല്ലാ വിധ സ്വത്വഭേദങ്ങളെയും  പാര്‍ശ്വവല്‍ക്കരിക്കുകയും അപരവത്കരിക്കുകയും ചെയ്യുന്നതിനാണ് എക്കാലത്തും ശ്രമിച്ചിട്ടുള്ളത്. ഈ പൊതുബോധം ഹിന്ദുത്വപ്രത്യയശാസ്ത്രത്തിന്റെ ആധിപത്യത്തിനുകീഴില്‍ കൂടുതല്‍ അക്രമാസക്തമായി വരുന്നതാണ് അടുത്ത കാലങ്ങളിലെ അനുഭവങ്ങള്‍ തെളിയിക്കുന്നത്. 

ഇടതുവിദ്യാര്‍ത്ഥി സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന  ഒരു മുസ്ലീം വിദ്യാര്‍ഥിനി എന്ന നിലയില്‍ ഒരേ സമയം രാഷ്ട്രീയപരമായി മുസ്ലീമാകാന്‍ നിര്‍ബന്ധിക്കപ്പെടുകയും അതേ സമയം മുസ്ലീമായി ജീവിക്കാന്‍ ഭയപ്പെടുത്തുകയും ചെയ്യുന്നവയാണ് ഈ അനുഭവങ്ങള്‍ പലതും.

ജെ.എന്‍.യു.വില്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്ന അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിയെ വിലക്കിയതിനെത്തുര്‍ന്നുണ്ടായ സംഭവങ്ങളില്‍ ഭരണകൂടത്തിന്റെ് ഹിന്ദുത്വ അജണ്ടയുടെ പാലകരായിത്തന്നെ പെരുമാറുകയായിരുന്നു പോലീസ്. ഇത് വ്യക്തമാക്കുന്നതാണ് ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായ ഷാക്കിബിന്റെ അറസ്റ്റ്. 

ഉറുദുസാഹിത്യോത്സവത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെ, എസ് എഫ് ഐയുടെ പതാക കൈവശം വെച്ചെന്ന് ആരോപിച്ച് ബിഹാറില്‍ നിന്നുള്ള ഷാക്കിബിനെ  അഞ്ചുമണിക്കൂറോളം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുണ്ടായി. താടിയുണ്ടെന്ന, മുസ്ലീമാണെന്ന കാരണത്താലാണ് സംശയത്തിന്റെ പേരില്‍ പോലീസിന്റെ അറസ്റ്റ്. ഷാക്കിബിന്റെ തന്നെ അഭിപ്രായത്തില്‍ അതൊരു 'തട്ടിക്കൊണ്ടുപോക'ലായിരുന്നു. 

ഇടതുപക്ഷവിദ്യാര്‍ത്ഥികള്‍ക്കിടയിലും മുസ്ലീം വിദ്യാര്ഥികള്‍ക്കിടയിലും ഉണ്ടാക്കിയ ഭീതിയെ കൂടുതല്‍ വളര്‍ത്തുന്നതായിരുന്നു ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലുണ്ടായ ഈ അറസ്റ്റ്. അതേ ദിവസം ജെ.എന്‍.യു. വിഷയത്തില്‍ പ്രതിഷേധിച്ച് 'എത്ര അഫ്‌സല്‍മാര്‍ ജനിക്കുന്നുവോ അവരെയൊക്കെ ഞങ്ങള്‍ കൊല്ലു'മെന്ന് മുദ്രാവാക്യം വിളിച്ച്  പോലീസ് അകമ്പടിയോടെ എബിവിപി  പ്രവര്‍ത്തകരുടെ റാലി കടന്നുപോകുമ്പോള്‍ മുസ്ലീമാണെന്ന് തിരിച്ചറിയാതിരിക്കാന്‍ വേണ്ടി പെട്ടെന്നുള്ള ആന്തലില്‍ തട്ടം വലിച്ചഴിക്കേണ്ടിവന്നവളാണ് ഞാന്‍.

ഈ ദിവസങ്ങളില്‍ തന്നെയാണ് യൂണിവേഴ്‌സിറ്റിയിലെ ഇടതുപക്ഷപ്രവര്‍ത്തകനായ മുസ്ലിം സുഹൃത്തിനെ എ ബി വി പി പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് ഇന്ത്യന്‍ പതാക പിടിപ്പിക്കാന്‍ ശ്രമിച്ചതും 'ഭാരത് മാതാ കീ ജയ്' വിളിക്കാന്‍ നിര്‍ബന്ധിച്ചതും. ഭരണകൂടം അടിച്ചേല്‍പ്പിക്കുന്ന വിദ്യാഭ്യാസനയങ്ങളില്‍ സംസാരിക്കവേ  ക്ലാസില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി മറ്റൊരു മുസ്ലീം സുഹൃത്തിനെ മര്‍ദ്ദിച്ചതും സമാനമായ സന്ദര്‍ഭമാണ്. 'ഹിന്ദിയില്‍ സംസാരിക്കാന്‍ അറിയില്ലേ, നീയെന്താ പാകിസ്താനിയാണോ' എന്നു ചോദിച്ചാണ് അവര്‍ അക്രമിക്കുകയുണ്ടായത്. 

മുസ്ലീങ്ങള്‍ രാഷ്ട്രത്തോടുള്ള തങ്ങളുടെ കൂറ് നിരന്തരം തെളിയിക്കേണ്ടവരാവുകയും രാജ്യത്തിന്റെ സാംസ്‌കാരികവൈവിധ്യത്തെയും ഭരണഘടനാധിഷ്ഠിതമായ മതനിരപേക്ഷതയെയും വെല്ലുവിളിക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയക്കാര്‍ രാജ്യസ്‌നേഹികളായി സ്വയം പ്രഖ്യാപിക്കുകയുമാണ്.

Muslim women life in Delhi University

കഴിക്കുന്ന ഭക്ഷണത്തിന്റെ പേരിലും വസ്ത്രത്തിന്റൊ പേരിലുമൊക്കെ ഇത്തരം ശാരീരികമായ അക്രമങ്ങളിലൂടെയോ മാനസികമായ വിവേചനങ്ങളിലൂടെ കടന്നുപോകുന്നവരാണ് കാമ്പസ്സിലെ മിക്ക മുസ്ലീം വിദ്യാര്‍ഥികളും.   ഒരു മുസ്ലിം വിദ്യാര്‍ഥിക്ക് കാമ്പസ് പരിസരത്ത് താമസസൗകര്യം ലഭിക്കാന്‍ പൊലും പ്രയാസമാകുന്നിടത്തോളം മുസ്ലീംവിരുദ്ധപൊതുബോധം വളര്‍ന്നുവരുന്നു എന്നത് ആശങ്കപ്പെടേണ്ടതാണ്. ഡല്‍ഹിയുടെ നഗരകേന്ദ്രിത ഉപരിവര്‍ഗ്ഗസ്വഭാവത്തിന്റെ നേര്‍പ്പതിപ്പായ ഡല്‍ഹി സര്‍വ്വകലാശാലയ്ക്ക് സവര്‍ണ്ണഹിന്ദുത്വ പൊതുബോധത്തോട് എളുപ്പം ചേര്‍ന്നു നില്‍ക്കാന്‍ കഴിയും. ഈ പൊതുബോധം തന്നെയാണ് എബിവിപി പോലുള്ള ഒരു സംഘടനയെ  ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ പ്രബലമായ അരാഷ്ട്രീയവിദ്യാര്‍ഥി സമൂഹത്തില്‍ സ്വീകാര്യമാക്കുന്നതും.
 
നവലിബറല്‍ ഫാന്റസികളില്‍നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുസ്ലീമിന്റെയോ ദളിതന്റെയോ യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടാനോ താദാത്മ്യപ്പെടാനോ കഴിയുന്നില്ല. ചുറ്റും നടക്കുന്ന പ്രതിഷേധങ്ങളോ പ്രതികരണങ്ങളോ ഭൂരിഭാഗം വരുന്ന ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ പരിഗണനാവിഷയമല്ല. രൊഹിത് വെമുല വിഷയത്തില്‍ പ്രതിഷേധിക്കാന്‍ വളരെ കുറഞ്ഞ ഒരു വിഭാഗം മുന്നോട്ടു വരുമ്പോള്‍ ഡെല്‍ഹി റേപ് വിഷയത്തില്‍ പ്രതിഷേധിക്കാന്‍  വലിയൊരു വിഭാഗം മുന്നോട്ടു വരുന്നതും ഇതു കൊണ്ടുകൂടിയാണ്.പ്രശ്‌നങ്ങള്‍ തങ്ങളെ ബാധിക്കാത്തിടത്തോളം മാറിനില്ക്കുന്ന മധ്യവര്‍ഗ്ഗ നിസ്സംഗത തന്നെയാണ് ഇത് കാണിക്കുന്നത്.

കൃത്യമായി  ഹൈന്ദവവത്കരണം നടന്നു കൊണ്ടിരിക്കുന്ന ഒരു പൊതുമേഖലാസ്ഥാപനമാണ് ഡല്‍ഹി സര്‍വ്വകലാശാല. ജാതിവിവേചനത്തെക്കുറിച്ച് സംസാരിക്കാന്‍ മടിക്കുന്ന ക്ലാസ് മുറികള്‍, ഹിന്ദുമതചിഹ്നങ്ങള്‍ നിരക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകള്‍, പൂജകളും ഭജനകളും നടക്കുന്ന ഹോസ്റ്റലുകള്‍ തുടങ്ങി ഹിന്ദുദേശീയതയോട് ഐക്യപ്പെട്ടുപോവാന്‍ നിര്‍ബ്ബന്ധിക്കുകയും മുസ്ലിം വിഭാഗത്തെ നിരന്തരം സംശയത്തില്‍ നിര്‍ത്തി അപരവത്കരിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുകയാണ്. 

 

ഇവിടെയാണ് ജെ.എന്‍.യു. സമരങ്ങളോട്, എച്.സി.യു. സമരങ്ങളോട്, എഫ്.ടി.ഐ. സമരങ്ങളോട് ഡല്‍ഹി സര്‍വ്വകലാശാലയിലെ മുസ്ലീമിനും ദളിതനും പെണ്‍കുട്ടികള്‍ക്കുമെല്ലാം ഐക്യപ്പെടാന്‍ കഴിയുന്നത്. നമ്മള്‍ കൂടെ നില്‍ക്കുന്നതു ജെ.എന്‍.യു. എന്ന സര്‍വകലാശാലയോടല്ല, അവിടെ ഉയരുന്ന ശബ്ദങ്ങളോടാണ്.പക്ഷേ മധ്യവര്‍ഗ്ഗ സമരങ്ങളുടെ ഭാഗമായി ചിലപ്പൊഴെങ്കിലും നില്‌ക്കേണ്ടിവരും. ഒരു സ്വത്വത്തില്‍  മാത്രമായി ഒരിക്കലും ഒതുങ്ങിനില്ക്കാന്‍ കഴിയില്ല.  മധ്യവര്‍ഗ്ഗസ്ത്രീവിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണെങ്കിലും ഒരു സ്ത്രീയെന്ന നിലയില്‍ 'പിഞ്ച്രാ തോഡ്' സമരങ്ങളുടെ ഭാഗമായി ഞാന്‍ നില്‍ക്കേണ്ടിവരുന്നതും ഇതുകൊണ്ടാണ്.

ഉത്തരേന്ത്യന്‍ ഹിന്ദുബോധത്തില്‍നിന്നുകൊണ്ടുള്ള മുസ്ലീം അപരവത്കരണം കാമ്പസ്സില്‍ വളരെ പ്രകടമായുണ്ടെന്നത് തള്ളിക്കളയാന്‍ കഴിയുന്നതല്ല. യാഥാസ്ഥിതിക മുസ്ലീമോ പുരോഗമന മുസ്ലീമോ എന്തുമാകട്ടെ  പൊതുബോധം മുസ്ലീമിനെ സംശയത്തോടെ, അപകടകാരിയായിത്തന്നെയാണ് കാണുന്നത്. ഇത് സംഘപരിവാര്‍ രാഷ്ട്രീയ അജണ്ടയായിത്തന്നെ രൂപപ്പെടുത്തുന്നതുമാണ്. ഫാസിസ്റ്റുകളെ ചെറുത്തുനില്ക്കാനും പൊതുബോധത്തെ മാറ്റിയെടുക്കാനും പാര്‍ശ്വവല്‍കൃതസമൂഹങ്ങള്‍ പൊതുമണ്ഡലത്തില്‍ വിമര്‍ശനാത്മകമായി ഇടപെടേണ്ടതും പ്രവര്‍ത്തിക്കേണ്ടതും കൂടിയുണ്ട്.

അതേ സമയം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനുപോലും വിലക്കനുഭവിക്കുന്നവരാണ് മുസ്ലീം സമുദായത്തെ പ്രതിനിധീകരിക്കുന്ന വിദ്യാ ര്‍ഥിസംഘടനകളും കശ്മീരില്‍ നിന്നും മറ്റുമുള്ള അരക്ഷിതരും അസംഘടിതരുമായ വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികളും.
 
(ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച 'കലാലയങ്ങള്‍ കലഹിക്കുമ്പോള്‍'  എന്ന പുസ്തകത്തില്‍ നിന്ന്. എഡിറ്റര്‍: അരുന്ധതി. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ സോഷ്യോളജിയില്‍ ബിരുദവിദ്യാര്‍ത്ഥിനിയാണ് ഫാത്തിമ സന)

Muslim women life in Delhi University

കലാലയങ്ങള്‍  കലഹിക്കുമ്പോള്‍

എഡിറ്റര്‍: അരുന്ധതി
വില 150
പ്രസാധനം: ഡി സി ബുക്‌സ്
ISBN 978-81-264-6678-8

പുസ്തകം ഓണ്‍ലൈനായി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം



 

 


 

Follow Us:
Download App:
  • android
  • ios