Asianet News MalayalamAsianet News Malayalam

പെയ്തുതീരാത്ത ഡയാന

Namath on Princess Diana
Author
Thiruvananthapuram, First Published Sep 2, 2017, 5:16 PM IST

ഡയാന വഞ്ചിക്കപ്പെട്ടപ്പോള്‍ ജനത്തിനു നൊന്തു. സാധാരണക്കാരന്റെ ധാര്‍മ്മികതയും നീതിബോധവും നീറിപ്പുകഞ്ഞു. കണ്ണും കണ്ണീരും ഡയാനയെ പിന്‍തുടര്‍ന്നു. മുറിവേറ്റ ഡയാന, വഞ്ചിക്കപ്പെട്ട ഡയാന കൂടുതല്‍ കൂടുതല്‍ ജനമനസ്സിന്റെ  ആഴങ്ങളിലേക്കെത്തുന്ന ആത്മബന്ധമായി. പൊതുമനസ്സിലാഴത്തില്‍ വേരുകളാഴ്ത്തിയ വടവൃക്ഷം. അവരുടെ മരണം ഒരു കപ്പല്‍ഛേദമായതു കൊണ്ടാണ്. സങ്കടക്കടലുകളില്‍ കണ്ണീരിന്‍െ കൊടുങ്കാറ്റടിപ്പിച്ച കപ്പല്‍ഛേദം.

Namath on Princess Diana

കഴിഞ്ഞ ദിവസങ്ങളിലെന്നോ പ്രിന്‍സസ് ഡയാനയുടെ വാര്‍ഷികമായിരുന്നു. എല്‍ട്ടണ്‍ ജോണിന്റെ ഗാനം 'കാന്‍ഡില്‍ ഇന്‍ ദി വിന്‍ഡിന്റെയും. കാറ്റത്തെ മെഴുകുതിരി നാളം. ബ്രിട്ടന്‍ ഒരു പക്ഷെ ലോകവും കണ്ട ഏറ്റവും വികാര നിര്‍ഭരമായ വിടപറച്ചിലിന്റെയും ഇരുപതാം വാര്‍ഷികം. തൊണ്ണൂറ്റിയേഴില്‍  പൊട്ടിവീണ ആ വാര്‍ത്തയ്ക്കു ശേഷം നാളിന്നു വരെ സ്‌പെന്‍സര്‍ പ്രഭ്വി വാര്‍ത്തകളിലോ തലവാചകങ്ങളിലോ ഉണ്ടായിരുന്നു. ഉന്മാദിയായ രാജകുമാരിയായി. തലതെറിച്ചവളായി. ഗൂഢാലോചനക്കാരിയായി. അറുപതുകളുടെ ഐക്കണ്‍ ചെഗുവേരയ്ക്കു പോലുമില്ലാത്ത റീച്ചാണ് പ്രഭ്വിക്ക്. വിഷാദരോഗങ്ങളുടെ ഈ രാജകുമാരി ചുരുട്ടും കടിച്ചു പിടിച്ചിരിക്കുന്ന പൗരുഷത്തെക്കാള്‍ വലിയ വിപണിയാണ്. 

എണ്‍പതുകളുടെ തുടക്കം ആ മുഖം ആദ്യം കാണുമ്പോള്‍ ടിവിയില്ല. മനോരമ കോഴിക്കോട് പ്രിന്റ് ചെയ്തു തുടങ്ങിയിട്ടുണ്ടോയെന്നോര്‍മ്മയില്ല.  ഗൂഗിളമ്മച്ചിക്ക് മനോരമ കോഴിക്കോട് എഡിഷന്റെ കാര്യത്തില്‍ വലിയ താല്പര്യമില്ലെന്നു തോന്നുന്നു. മനോരമ തുടങ്ങിയിട്ടും വലിയ കാര്യമൊന്നുമില്ല. നിറത്തിലുളള അച്ചടി നാനയുടെ സെന്റര്‍സ്പ്രഡില്‍ മാത്രമേയുളളൂ. ഗ്ലോസി വരുന്നത് പിന്നെയുമേറെക്കഴിഞ്ഞാണ്. കുമാരനായിട്ടുമില്ല. ബാലകനാണ്. വളളിനിക്കറാണ്.ഇന്റര്‍നെറ്റ് പൂര്‍വ്വ കേബിളു കാലമാണ്. എന്നിട്ടും പത്രങ്ങളാഘോഷിച്ചു. ഡയാന പത്രവായനക്കാരുടെയും രാജകുമാരിയായി. ബ്ലാക്ക് ആന്‍ഡ് വൈറ്റിലച്ചടിയുടെ ശുഷ്‌കകാലത്തും. മൂന്നിലേറെ ദശകങ്ങള്‍ താണ്ടി ഇവിടെ, യൂറോപ്പിലും ആ ആഘോഷം തുടരുന്നു. മരിച്ചിട്ടു ഇരുപതിലേറെ വര്‍ഷങ്ങള്‍ക്കു ശേഷവും.

ഇന്നലെയും ഡയാനയുടെ അന്ത്യനിമിഷങ്ങളെക്കുറിച്ചും അവസാന വാക്കുകളെക്കുറിച്ചും ഒരു ഫ്രഞ്ച് അഗ്‌നിശമനസേനാ പ്രവര്‍ത്തകന്റെ വെളിപാടുണ്ടായിരുന്നു. ശരാശരി ഇംഗ്ലീഷ് പത്ര ദിവസം  അത്തരം വെളിപാടുകളില്ലാതെ കടന്നു പോകാറില്ല. വാര്‍ത്ത ഡയാന തന്നെയാകണമെന്നില്ല. കാറിലുണ്ടായിരുന്ന പുരുഷ സുഹൃത്തിന്റെ ധനാഢ്യനായ പിതാവ് ലേപനങ്ങളില്‍ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്ന ദേഹം. അല്ലെങ്കില്‍ പഴയ ജോലിക്കാരന്റെ ഓര്‍മ്മക്കുറിപ്പുകള്‍. അല്ലെങ്കില്‍ ഏതെങ്കിലും പാവത്തിന്റെ നന്ദി പ്രകടനം. മരിച്ചിരുപതു വര്‍ഷത്തിനു ശേഷവും മഴ പെയ്തു തീര്‍ന്നിട്ടും മരം പെയ്യുന്നതു പോലെ ഡയാന പെയ്യുന്നു.

എന്തുകൊണ്ട്? ശരാശരി വെയില്‍സുകാരന് ലണ്ടന്‍ നിവാസി, കോക്‌നിയോടുളള മനോഭാവം രാഗദ്വേഷങ്ങള്‍ നിറഞ്ഞതാണ്. ലണ്ടനില്‍ കാണുന്ന കോളനിരാജ്യങ്ങളുടെയെല്ലാം പ്രാതിനിധ്യമുളള ബഹുസ്വരതയേക്കാള്‍ കടുത്ത നിറമുളളതാണ് ഇംഗ്ലീഷ്, വെയില്‍സ്, സ്‌കോട്ടിഷ്, ഐറിഷ് ദേശീയതകള്‍. തനതു സ്വത്വങ്ങളുളളത്. കടുത്ത രാഗദ്വേഷങ്ങളിലും ജന്മം കൊണ്ടു  വെയില്‍സുകാരിയല്ലാത്ത വെയില്‍സ് രാജകുമാരി, ഡയാന ജനപ്രിയയായിരുന്നു. ബ്രിട്ടണകത്തു മാത്രമല്ല പുറത്തും. എന്തുകൊണ്ട്?

മില്യണ്‍ ഡോളര്‍  ചോദ്യമാണത്. ശരിക്കും മില്യണോ ട്രില്യണോ ഡോളര്‍ ചോദ്യം. ഡയാന നിരന്ന പത്രസ്ഥലം, ഡയാന തെളിഞ്ഞു നിന്ന എയര്‍ടൈം ഇതിന്റെയൊക്കെ മതിപ്പുമൂല്യം ട്രില്യണും കടക്കും. കൊണ്ടുപോകില്ല ചോരന്മാര്‍ വാര്‍ത്തകൊടുക്കുംതോറുമേറിടും ഡയാന തന്നെ മഹാവാര്‍ത്ത  എന്നതാണ് പടിഞ്ഞാറന്‍ ഞാറ്റുവേല. പിന്നെയുമെന്തുകൊണ്ട്? പ്രാഥമികമായും ലളിതമാണുത്തരം. വളരെ ലളിതം. സാധാരണക്കാരനു കൈയ്യെത്തിത്തൊടാവുന്ന രാജകുമാരി. താദാത്മ്യം പ്രാപിക്കാവുന്ന രാജകുടുംബാംഗം. പക്ഷെ അപ്പോഴുമൊന്നുണ്ട് രാജകുടുംബത്തില്‍ പൊതുജനമധ്യത്തില്‍ ജീവിക്കുന്നവരും റെബലുകളും വേറെയുമുണ്ടായിട്ടുണ്ട്. ഇപ്പോഴുമുണ്ട്. ഡയാനയുടെ മരണമറിഞ്ഞപ്പോള്‍ രാജകുടുംബം സ്‌കോട്ട്‌ലന്റിലേക്ക് മാറി നില്‍ക്കാന്‍ മാത്രം തിരിച്ചു വന്നില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നു നടപ്പു പ്രധാനമന്ത്രി സന്ദേശമയക്കാന്‍ മാത്രം ജനരോഷമുയരാന്‍ ഡയാന എന്തായിരുന്നു പൊതുജനങ്ങള്‍ക്ക്?

ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ രാജാവ് പ്രജകള്‍ക്കു ദര്‍ശനം കൊടുക്കുന്നത് വര്‍ഷത്തിലൊരിക്കലാണ്. ഇന്ത്യയിലല്ല ലോകത്തെവിടെയും അതു തന്നെയാണ് സ്ഥിതി. രാവിലെ ചായക്കടയിലിരുന്നു കാലിച്ചായയും കുടിച്ച് ബീഡി വലിച്ച് പത്രം വായിക്കുന്നവരെ രാജാവായിട്ടാരും കണക്കാക്കില്ല. തുന്നല്‍ക്കാരില്ലാത്ത കാലത്ത് കോണോന്‍ മാത്രമുടുത്ത കേരള രാജാവിന്റെ വിദേശ ചിത്രത്തിലുമുണ്ടായിരുന്നു സാധാരണക്കാരനില്‍ നിന്നും രാജാവിനെ മാറ്റി നിര്‍ത്തുന്ന ഒന്ന്. അമൂല്യ രത്‌നങ്ങള്‍. ആ വ്യത്യാസപ്പെടുത്തലും അകറ്റിനിര്‍ത്തലും അപ്രാപ്യതയുമാണ് രാജകീയതയുടെ ചേരുവകള്‍. നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും. അങ്ങനെയാണ് അമൃതേത്തും പളളിയുറക്കവുമുണ്ടാവുന്നത്. രാജകീയ പെരുമാറ്റരീതികളുണ്ടാകുന്നത്.  രാജകീയത പൊതുജനസമൂഹ ശരീരത്തില്‍ നിന്നുളള തിരസ്‌കരണി വിദ്യയും കൂടെയാണ്.

അവിടെയാണ് ഡയാന വ്യത്യസ്തയാകുന്നത്. രാജകുടുംബത്തില്‍ നിന്നല്ലാതെയുളള പശ്ചാത്തലം. പ്രഭുവും രാജാവും തമ്മില്‍ നക്ഷത്രവര്‍ഷങ്ങളുടെ അകലമുണ്ട്.  സാധാരണക്കാരനിഷ്ടപ്പെടുന്ന പെരുമാറ്റരീതികള്‍. സഹജാവബോധം. ഡയാന ജനങ്ങളില്‍ നിന്നകന്നു പോയില്ല. തിരസ്‌കരണിവിദ്യയിലൊളിച്ചില്ല. പകരം പറ്റുമ്പോഴെല്ലാം വേലികള്‍ ഭേദിച്ചു കൈനീട്ടി ജനങ്ങളെ തൊട്ടു.പക്ഷെ അതു മാത്രമല്ല. പിന്നെ?

നക്ഷത്രക്കണ്ണുകളുളള ഡയാന രാജകുടുംബത്തിന്റെ മാത്രമല്ല പ്രജകളുടെയൊക്കെ മരുമകളായിരുന്നു. ചാള്‍സ് രാജകുമാരനെക്കാളും ശരാശരി രാജകുടുംബാംഗങ്ങളെക്കാളൊക്കെ സാധാരണക്കാരന്റെ ഹൃദയത്തോട് ചേര്‍ന്നു നിന്നത്. നെഞ്ചത്തൊരു കൈയ്യും വെച്ച് മംഗളം ചൊല്ലി വിളക്കു വെച്ചു സ്വീകരിച്ചത്. അത്രയും ജനപ്രിയയായ ഡയാനയുടെ ജീവിതമാണ് പിന്നീട് ജനപ്രിയ നോവലുകള്‍ പോലെ മാറിമറിഞ്ഞത്. ഡയാന വഞ്ചിക്കപ്പെട്ടപ്പോള്‍ ജനത്തിനു നൊന്തു. സാധാരണക്കാരന്റെ ധാര്‍മ്മികതയും നീതിബോധവും നീറിപ്പുകഞ്ഞു. കണ്ണും കണ്ണീരും ഡയാനയെ പിന്‍തുടര്‍ന്നു. മുറിവേറ്റ ഡയാന, വഞ്ചിക്കപ്പെട്ട ഡയാന കൂടുതല്‍ കൂടുതല്‍ ജനമനസ്സിന്റെ  ആഴങ്ങളിലേക്കെത്തുന്ന ആത്മബന്ധമായി. പൊതുമനസ്സിലാഴത്തില്‍ വേരുകളാഴ്ത്തിയ വടവൃക്ഷം. അവരുടെ മരണം ഒരു കപ്പല്‍ച്ചേതമായതു കൊണ്ടാണ്. സങ്കടക്കടലുകളില്‍ കണ്ണീരിന്‍െ കൊടുങ്കാറ്റടിപ്പിച്ച കപ്പല്‍ച്ചേതം.

എല്‍റ്റണ്‍ ജോണിന്റെ സംഗീത പ്രതിഭയിലെ ഏറ്റവും നല്ല ഗാനമല്ല 'കാന്‍ഡില്‍ ഇന്‍ ദി വിന്‍ഡ'. വികാരവും കണ്ണുനീരും ഏറിയ ഒന്ന്.  പക്ഷെ ആദ്യമായി സംഗീതമിഷ്ടപ്പെടുന്നതോ ഇഷ്ടപ്പെടാത്തതോ ആയ എല്ലാം ഇംഗ്ലീഷുകാരനും എല്‍ട്ടണ്‍ ജോണിനോടു ചേര്‍ന്നത് ഒത്തു പാടിയത് ആ ഒരു ഗാനത്തിലാണ്. ഒരു ജനത മുഴുവന്‍ അണിനിരന്ന് ഒരു സ്വരത്തില്‍ ഏറ്റുപാടിയ ഗാനം. പക്ഷെ ആ ഗാനം എല്‍ട്ടണ്‍ ജോണിന്റെയല്ലായിരുന്നു. ഡയാനയുടെ, ഡയാനയുടെ മാത്രമായിരുന്നു. ഇരുപതു വര്‍ഷങ്ങളായിട്ടും പെയ്തു തീരാത്ത ചാറ്റല്‍ മഴ. ലണ്ടനിലെ മഴ പോലെ നേര്‍ത്ത് മുനിഞ്ഞു പെയ്യുന്ന മഴ. ഡയാന സ്‌പെന്‍സര്‍ പെയ്തു തീര്‍ന്നിട്ടില്ല. അടുത്ത കാലത്തൊന്നും പെയ്തു തീരുകയുമില്ല. ഡയാന എന്ന വാക്കുച്ചരിക്കാത്ത മാധ്യമദിവസവും അടുത്ത കാലത്തൊന്നുമുണ്ടാവില്ല. അമര്‍ രഹേയെന്നു ആം ആദ്മി വിളിക്കുന്നതിന്റെ ആംഗലേയം ഡയാനയാണ്.

Follow Us:
Download App:
  • android
  • ios