Asianet News MalayalamAsianet News Malayalam

കരുതുംപോലെയല്ല, ഫ്രഞ്ച് തെരഞ്ഞെടുപ്പില്‍  നമുക്കുമുണ്ട് കാര്യം!

ഫ്രാന്‍സില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ നമുക്കെന്തു കാര്യം? ഒന്നുമില്ല എന്നാണെങ്കില്‍ തുടര്‍ന്ന് വായിക്കുക. 

Nazeer Hussain Kizhakedathu column on French Election
Author
New York, First Published May 7, 2017, 10:48 AM IST

Nazeer Hussain Kizhakedathu column on French Election

ഇന്ന് മെയ് ഏഴാം തീയതി. ഫ്രാന്‍സിലെ അവസാന ഘട്ട തിരഞ്ഞെടുപ്പ്.  വ്യവസ്ഥാപിത രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥിയും ആദ്യ ഘട്ട തിരഞ്ഞെടുപ്പില്‍ വിജയിച്ചില്ല. മിതവാദിയും തീവ്ര ഇടതു പക്ഷത്തിനും വലതു പക്ഷത്തിനും മധ്യേയുള്ള ഒരു സമീപനം സ്വീകരിക്കുന്ന ഇമ്മാനുവേല്‍ മാക്രോണും, തീവ്ര വലതു പക്ഷ സ്ഥാനാര്‍ഥിയായ ലു പെന്നും ആണ് അവസാന ഘട്ട സ്ഥാനാര്‍ത്ഥികള്‍.

കുടിയേറ്റത്തിനെതിയുള്ള അതി ശക്തമായ നിലപാടാണ് ഫ്രഞ്ച് തിരഞ്ഞെടുപ്പില്‍ ലു പെന്നിനെ വ്യത്യസ്തയാക്കുന്നതു. വര്‍ഷങ്ങളായി തീവ്ര വലതു പക്ഷ സ്വഭാവം പ്രകടിപ്പിക്കുന്ന ഒരു പാര്‍ട്ടി നേതാവിന്റെ മകള്‍. കുടിയേറ്റം ഫ്രഞ്ച് ജീവിതരീതിക്ക് എതിരായതു കൊണ്ട് പൂര്‍ണമായും നിരോധിക്കും എന്നും യൂറോപ്യന്‍ യൂണിയനില്‍  നിന്ന് ഫ്രാന്‍സ് പിന്മാറും എന്നും മറ്റുമാണ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍. മുസ്‌ലിം വിരുദ്ധത തുറന്നു  പ്രകടിപ്പിക്കുന്ന ഒരാള്‍. ഫ്രഞ്ച് ദേശീയത നിലനിര്‍ത്താനായി ഫ്രഞ്ചുകാര്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കണം എന്ന് ആഹ്വാനം. ഇതെല്ലാം കേട്ടിട്ടു ട്രംപ്, മോഡി തുടങ്ങിയവരുടെ നിലപാടുകളോട് സാമ്യം തോന്നുന്നുണ്ടെങ്കില്‍ അത് ഒട്ടും യാദൃശ്ചികം അല്ല. കാരണം പിന്നീട് വിശദീകരിക്കാം.

ഇതിനെല്ലാം വിരുദ്ധമാണ് മക്രോണിന്റെ നിലപാട്, കുടിയേറ്റക്കാരെ സുരക്ഷാ പരിശോധനകള്‍ക്കു ശേഷം സ്വീകരിക്കണം എന്നും, ഫ്രാന്‍സ് യൂറോപ്യന്‍ യൂണിയനില്‍ തുടരണം എന്നും ആണ് നിലപാട്. പഴയ ധനകാര്യ മന്ത്രിയാണ്. ആളുകളെ ഒരുമിപ്പിക്കുന്ന, മധ്യ നിലപാടുകള്‍ സ്വീകരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ഇക്കാലത്തു നേരിടുന്ന പല പ്രശ്‌നങ്ങളും തിരഞ്ഞെടുപ്പ് കാലത്തു അഭിമുഖീകരിക്കുന്നെണ്ടെങ്കിലും, പ്രവചനങ്ങളില്‍ മുന്നില്‍ ഇദ്ദേഹം ആണ്. പക്ഷെ അമേരിക്കയില്‍ തിരഞ്ഞെടുപ്പിന് മുന്‍പ് ഹിലരി ആയിരുന്നു മുന്‍പില്‍ എന്നോര്‍ക്കുക.

ആഴത്തില്‍ അപഗ്രഥിച്ചു നോക്കിയാല്‍ ഫ്രഞ്ച് തിരഞ്ഞെടുപ്പും കഴിഞ്ഞ വര്‍ഷങ്ങളില്‍ മറ്റു രാജ്യങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളും തമ്മില്‍ ചില സാദ്ര്യശ്യങ്ങള്‍ കാണാം. ഇന്ത്യയും അമേരിക്കയും അതില്‍ ഉള്‍പ്പെടും. തീവ്ര വലതു പക്ഷ ഫാസിസ്റ്റുകള്‍ നൂറു കണക്കിന് വര്‍ഷങ്ങളായി സ്വീകരിച്ചു പോരുന്ന ചില അടിസ്ഥാന തത്വങ്ങളെ നന്നായി ഉപയോഗപ്പെടുത്തിയാണ് പല രാജ്യങ്ങളിലും വെറുപ്പിന്റെ രാഷ്ട്രീയം വിജയം നേടുന്നത്. ഫ്രാന്‍സിലും കാര്യങ്ങള്‍ ഇതില്‍ നിന്ന് വ്യത്യസ്തമല്ല. പക്ഷെ അത് മനസിലാക്കുന്നതിന് ജര്‍മനിയില്‍ ഹിറ്റ്‌ലര്‍  ഉള്‍പ്പടെയുള്ള ഫാസിസ്റ്റുകള്‍ അധികാരത്തില്‍ എത്താന്‍ സ്വീകരിച്ച നടപടികള്‍ അറിയുന്നത് നന്നായിരിക്കും.

ഒന്നാമതായി ഫാസിസ്റ്റുകള്‍ ചെയ്യുന്നത് ഒരു ജനതയെ നമ്മളും അവരും എന്ന് രണ്ടായി വിഭജിക്കുകയാണ്.

അവരും നമ്മളും 
ഒന്നാമതായി ഫാസിസ്റ്റുകള്‍ ചെയ്യുന്നത് ഒരു ജനതയെ നമ്മളും അവരും എന്ന് രണ്ടായി വിഭജിക്കുകയാണ്. ഉദാഹരണത്തിന് ജര്‍മനിയില്‍, ജര്‍മനിയില്‍ ആര്യന്‍ വംശജരായ ജര്‍മ്മന്‍ വെള്ളക്കാരും, ജൂതന്മാരും, അമേരിക്കയില്‍ വെളുത്തവരും കറുത്തവരും, ഫ്രാന്‍സില്‍ ഫ്രഞ്ചുകാരും, കുടിയേറ്റക്കാരും , ശ്രീലങ്കയില്‍ തമിഴന്മാരും ബുദ്ധന്മാരും, ഇന്ത്യയില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും എന്നിങ്ങനെ. 

സാധാരണയായി ഒരു കാലഘട്ടത്തില്‍ നടക്കുന്ന അസാധാരണമായ സംഭവങ്ങളെ മുന്‍നിര്‍ത്തിയാണ് ഇവര്‍ ഈ ആശങ്ങളെ പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങുന്നത്. ജര്‍മനിയുടെ കാര്യത്തില്‍ ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം വെര്‍സായി കരാര്‍ മൂലം ഏര്‍പ്പെട്ട സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ആവാം, ഇന്ത്യയില്‍ രാമ ജന്മഭൂമി പ്രശ്‌നം ആവാം, ഫ്രാന്‍സിന്റെ കാര്യത്തില്‍ പാരിസില്‍ നടന്ന ഭീകര ആക്രമണങ്ങള്‍ ആവാം. പക്ഷെ ഈ പ്രശ്‌നങ്ങള്‍ ഒരു നിമിത്തം മാത്രം ആണ്. ഭൂരിപക്ഷത്തേയും ന്യൂനപക്ഷത്തേയും വിഭജിക്കുക എന്നതാണ് ഒന്നാമത്തെ ലക്ഷ്യം. 

ഇന്ത്യയിലെ ഈ വിഭജനം ആഴത്തില്‍ നടന്നത് പല കാരണങ്ങള്‍ കൊണ്ടാണ്. ഒന്നാമത് രാമ ജന്മ ഭൂമി പ്രശ്‌നം. അന്നുവരെ ഒരുമയോടെ കഴിഞ്ഞ ഒരു സമൂഹത്തെ , ഇങ്ങു കേരളത്തില്‍ വരെ വിഭജിക്കാന്‍ വളരെ എളുപ്പത്തില്‍ കഴിഞ്ഞ ഒരു സംഭവം. ഇന്ത്യ നേരിടുന്ന പട്ടിണി, സാക്ഷരത കുറവ്, ശുചിത്യ പ്രശ്‌നങ്ങള്‍, കൂടിയ ശിശു മരണ നിരക്ക്, അഴിമതി  എന്നിങ്ങനെ നാം നേരിടേണ്ട ഒരു പ്രശ്‌നങ്ങളും ഉയര്‍ത്താതെ ഒരു ജനതയുടെ സോഫ്റ്റ് കോര്‍ണര്‍ ആയ മതം ഉപയോഗിച്ച് വളരെ പെട്ടെന്ന് ഒരു വിഭജനം ഇവര്‍ സാധ്യം ആക്കിയെടുത്തു. രാഷ്ട്രീയപാര്‍ട്ടികള്‍ ഏറ്റെടുക്കുന്നത് വരെ ഒരു പ്രാദേശിക പ്രശ്‌നം മാത്രം ആയിരുന്നു ബാബ്‌റി മസ്ജിദ് തര്‍ക്കം. 

രണ്ടാമത്തെ പടി ന്യൂനപക്ഷം ഭൂരിപക്ഷത്തിനു ഒരു ഭീഷണി ആണെന്നു വരുത്തി തീര്‍ക്കുകയാണ്.

ന്യൂനപക്ഷ ഭീതി വിതയ്ക്കല്‍
രണ്ടാമത്തെ പടി ഇങ്ങിനെ വിഭജിക്കപ്പെട്ട ന്യൂനപക്ഷം ഭൂരിപക്ഷത്തില്‍ നിന്ന് വ്യത്യസ്തമാണെന്നും ന്യൂനപക്ഷം ഭൂരിപക്ഷത്തിനു ഒരു ഭീഷണി ആണെന്നും വരുത്തി തീര്‍ക്കുകയാണ്. പലപ്പോഴും കല്ലുവച്ച നുണകള്‍ വിശ്വസനീയമായി അവതരിപ്പിച്ചാണ് ഇത് സാധിക്കുന്നത്. ഉദാഹരണത്തിന് കുടിയേറ്റം മൂലം അനേക ലക്ഷം ആളുകള്‍ക്ക് ജോലി നഷ്ടപെടുന്നുണ്ട് എന്ന് അമേരിക്കയില്‍ ട്രമ്പ് നടത്തിയ പ്രസ്താവന. 

യാഥാര്‍ഥ്യം അമേരിക്കയില്‍ ട്രമ്പ് ഉള്‍പ്പെടെ എല്ലാവരും കുടിയേറ്റക്കാരാണ് എന്നുള്ളതാണ്. ട്രമ്പ് ടവറിന്റെ നിര്‍മാണത്തില്‍ തന്നെ കുടിയേറ്റക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അമേരിക്കയില്‍ വളരെ മനുഷ്യ അധ്വാനം വേണ്ടി വരുന്ന പല കൃഷി സംബന്ധമായ ജോലികളും നിര്‍മാണം ജോലികളിലും കുടിയേറ്റക്കാരില്ലാതെ നടക്കില്ല എന്ന് ഇവര്‍ക്കെല്ലാം അറിയാം. മാത്രമല്ല സിലിക്കണ്‍ വാലിയില്‍ ഉള്ള ഭൂരിഭാഗം കന്പനികളും  കുടിയേറ്റക്കാര്‍ തുടങ്ങിയതോ നടത്തുന്നതോ ആണ്. 

അമേരിക്കയില്‍ ട്രമ്പ് അധികാരത്തില്‍ വരുന്നതിനു ഉപയോഗിച്ച മറ്റൊരു കാര്യം, മുസ്ലിം ഭീകരവാദം ആണ്. അമേരിക്കയില്‍ ഭീകരാക്രമണങ്ങളെക്കാള്‍ വളരെ കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടുന്നത് നിയന്ത്രണം ഇല്ലാതെ തോക്കു വാങ്ങിക്കാന്‍ കഴിയുന്നത് കൊണ്ടുള്ള ആക്രമണങ്ങള്‍ മൂലം ആണ് എന്നുള്ളതാണ് യാഥാര്‍ഥ്യം. പക്ഷെ ഇതില്‍ ഉള്‍പ്പെടുന്നവരില്‍ ഭൂരിപക്ഷവറും വെള്ളക്കാരായതു കൊണ്ട് വിഭജനത്തിന്റെ രാഷ്ട്രീയത്തിന് ഉപയോഗിക്കാന്‍ പറ്റില്ല. ഇങ്ങിനെ തോക്കു വില്‍ക്കുന്ന ആളുകളുടെ അസോസിയേഷന്‍ ആയ NRA ട്രമ്പിനാണ്  പിന്തുണ വാഗ്ദാനം ചെയ്തതും. അമേരിക്കയില്‍ കിടക്കയില്‍ നിന്ന് താഴെ വീണു മരിക്കുന്നവരേക്കാള്‍ കുറവാണ് ഭീകരവാദത്തിന് ഇരയായി മരിക്കുന്നവര്‍ എന്നാണ് കണക്ക്.

ഇന്ത്യയില്‍ മുസ്ലിം ഭീകര വാദം ഒരു വലിയ പ്രശ്‌നം ആണെന്ന് വരുത്തി തീര്‍ക്കുക ആയിരുന്നു വലതു പക്ഷ ഫാസിസ്റ്റുകളുടെ അടുത്ത പടി. ബീഫ് പ്രശ്‌നത്തില്‍ കൊല്ലപ്പെടുന്നവര്‍ അത് അര്‍ഹിക്കുന്നവരാണ് എന്ന ഒരു മനസ്ഥിതി കൊണ്ടുവരാന്‍ ഇത് വഴി കഴിഞ്ഞു. ഇന്ത്യയില്‍ പെണ്‍കുട്ടിയായി ജനിച്ചു എന്ന ഒറ്റക്കാരണത്താല്‍ കോടിക്കണക്കിനു കുഞ്ഞുങ്ങള്‍ അഞ്ചു വയസ് എത്തുന്നതിനു മുന്‍പ് കൊല്ലപ്പെടുന്ന കണക്കുകള്‍ കണ്ടാല്‍ ഇതിലെ ഇരട്ടത്താപ്പ് മനസിലാകും. ബഹു ഭൂരിപക്ഷം ന്യൂനപക്ഷങ്ങളും ഭീകരതയെ എതിര്‍ക്കുന്നവരാണ് എന്നുള്ള കണക്കുകള്‍ വിദഗ്ധമായി മറച്ചു വയ്ക്കപ്പെട്ടു .മുസ്ലിങ്ങളുടെ  ജനസംഖ്യ വര്‍ധന പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടു വരുന്നവര്‍, സാമ്പത്തികമായി പിന്നോക്കം നോക്കുന്ന എല്ലാ ജനവിഭാഗങ്ങളിലും ജനസംഖ്യ വര്‍ധന കൂടുതല്‍ ആണ് എന്നുള്ള കണക്കുകള്‍ സൗകര്യപൂര്‍വം മറച്ചു വച്ചു. 

ഫാസിസ്റ്റുകളുടെ മൂന്നാമത്തെ പടി അതിതീവ്ര ദേശീയബോധം ഉണര്‍ത്തുകയാണ്.

അതിതീവ്ര ദേശീയബോധം
ഫാസിസ്റ്റുകളുടെ മൂന്നാമത്തെ പടി അതിതീവ്ര ദേശീയബോധം ഉണര്‍ത്തുകയാണ്. ഒരു കൂട്ടര്‍ ലോകത്തിലെ മറ്റെല്ലാ വിഭാഗങ്ങളെക്കാളും ഉയര്‍ന്നവര്‍ ആണെന്ന് കാണിക്കുകയാണ് ഈ തീവ്ര ദേശീയബോധത്തിന്റെ അടിസ്ഥാനം. ഉദാഹരണത്തിന് ആര്യന്‍ വംശജര്‍ ബൗദ്ധികമായും ശാരീരികമായും മറ്റുള്ളവരെക്കാള്‍ ഉയര്‍ന്നവര്‍ ആണെന്ന് ഹിറ്റ്‌ലറിന് ജര്‍മന്‍ ജനതയെ വിശ്വസിപ്പിക്കാന്‍ സാധിച്ചു.  വിമാനം മുതല്‍ തല മാറ്റി വയ്ക്കുന്ന പ്ലാസ്റ്റിക് സര്‍ജറി വരെ ലോകത്തു ഇന്നുള്ള ഒട്ടുമിക്ക കണ്ടുപിടുത്തങ്ങളും ആദ്യം നടന്നത് ഇന്ത്യയില്‍ ആണെന്ന വാദങ്ങള്‍ ഈ വിഭാഗത്തില്‍ പെടുത്താം. ചിത്രങ്ങളുടെ പുനര്‍ വായനകളും, പുനര്‍ നിര്‍മിതികളും ഇക്കാലഘട്ടങ്ങളില്‍ നടക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാത്തവര്‍ പെട്ടെന്ന് രാജ്യസ്‌നേഹത്തിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കുകയും, വല്ലഭായ് പട്ടേലിനെ പോലെ ഉള്ള ചിലരെ തങ്ങളുടെ ആരാധ്യ പുരുഷന്മാരായി അവതരിപ്പിക്കുകയും ചെയ്യും.

കര്‍ശനമായ അതിര്‍ത്തികളും തങ്ങളുടെ സംസ്‌കാര സംരക്ഷണങ്ങളും ഫാസിസ്റ്റു രീതിയാണ്. പട്ടാളത്തെ അമിത പ്രാധ്യാന്യം നല്‍കി അവതരിപ്പിക്കുക. അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ കാവല്‍ നില്‍ക്കുന്‌പോള്‍ പരാതി പറയാന്‍ നിങ്ങള്‍ക്ക് എന്ത് അവകാശം എന്ന ഒരു വാദം തങ്ങളുടെ പിഴവുകള്‍ ചോദ്യത്തെ ചെയ്യപ്പെടുമ്പോഴെല്ലാം ഫാസിസ്റ്റുകള്‍ ഉയര്‍ത്തുന്നത് ആദ്യ സംഭവം അല്ല എന്ന് ചുരുക്കം. ട്രമ്പ് മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ വേലി കെട്ടുന്നതും പട്ടാള ബജറ്റ് ഉയര്‍ത്തുന്നതും എല്ലാം ഇതിന്റെ ഭാഗം തന്നെയാണ്.

നുണകള്‍ ഫാസിസ്റ്റുകളുടെ മറ്റൊരു രീതിയാണ്

നുണകള്‍, നുണകള്‍!  
ഫാസിസ്റ്റു നേതാക്കളുടെ ഒരു പ്രശ്‌നം അവര്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളോട് വലിയ മമത പുലര്‍ത്തുന്നില്ല എന്നതാണ്. ഇന്ത്യന്‍ പ്രധാനമത്രി അധികമായി പാര്‍ലമെന്റില്‍ വരാത്തതും, ട്രംപ് സാധാരണയില്‍ കൂടുതല്‍ ആയി  എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ ഇറക്കുന്നതും, ഹിറ്റ്‌ലര്‍ പാര്‍ലമെന്റിനെ നോക്ക് കുത്തിയാക്കി കാര്യങ്ങള്‍ നടപ്പാക്കിയതിനും കാരണം ജനാധിപത്യത്തില്‍ പല കാരണങ്ങളും ചോദ്യം ചെയ്യപ്പെടുന്നത് കൊണ്ടാണ്. ചോദ്യം ചെയ്യപ്പെടുന്നത് ഒട്ടുമേ ഇഷ്ടപെടാത്ത കൂട്ടരാണ് ഫാസിസ്റ്റുകള്‍. 

നുണകള്‍ ഫാസിസ്റ്റുകളുടെ മറ്റൊരു രീതിയാണ്. ജര്‍മനിയില്‍, ഹിറ്റ്‌ലറിന് നുണ പ്രചരിപ്പിക്കാന്‍ ഒരു ഡിപ്പാര്‍ട്‌മെന്റ് തന്നെ ഉണ്ടായിരുന്നു. ഇതിന്റെ തലവന്‍ ആയിരുന്ന ജോര്‍ജ് ഗീബല്‍സിന്റെ പേരില്‍ ഗീബല്‍സിയന്‍ നുണ എന്ന ഒരു പ്രയോഗം തന്നെ പിന്നീട് നിലവില്‍ വന്നു. ഗുജറാത്തിലെ വികസനത്തെക്കുറിച്ചുള്ള ഫോട്ടോഷോപ്പുകള്‍ ഇവിടെ ഓര്‍ക്കുക. വിദ്യാഭ്യാസവും ചിന്താശേഷിയും ഉള്ളവര്‍ വരെ വീണുപോയ ഒരു തന്ത്രം. 

ഫാസിസ്റ്റുകളുടെ നാലാമത്തെ പടി ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യുന്നതാണ്.

ഉന്മൂലനം

ഫാസിസ്റ്റുകളുടെ നാലാമത്തെ പടി ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യുന്നതാണ്. ജര്‍മനിയില്‍ നാസി ക്യാമ്പുകള്‍ ആണ് നമുക്ക് മുന്‍പിലുള്ള ഉദാഹരണം. ഗുജറാത്തില്‍ നടന്ന കൂട്ടക്കൊലകള്‍ ഇത്തരത്തില്‍ ഉള്ള ഉന്മൂലനത്തിന്റെ ഒരു പരീക്ഷണം മാത്രം ആണ്.അമേരിക്കയിലും ഫ്രാന്‍സിലും ശക്തമായ പ്രതിപക്ഷം ഉള്ളത് കൊണ്ട് ഒരു പക്ഷെ കാര്യങ്ങള്‍ ഇവിടം വരെ എത്താനുള്ള സാധ്യത കുറവാണ്, പക്ഷെ ഒരു രാഷ്ട്രീയ കുടുംബത്തില്‍ ജനിച്ചു എന്നുള്ളത് പാര്‍ട്ടി നേതാവാകാനുള്ള കഴിവായി കണക്കുന്ന ഇന്ത്യന്‍ പ്രതിപക്ഷത്തിന്റെ പരാജയം ഒരു പക്ഷെ ഇന്ത്യയില്‍ അടുത്ത പടിയായി ഒരു ഏകാധിപതിയെ സമ്മാനിച്ച് കൂടായ്കയില്ല.

ഈ പറഞ്ഞ ആധുനിക ഫാസിസ്റ്റു നേതാക്കളുടെ ഇടയിലേക്കാണ് ഫ്രാന്‍സിലെ ലു പെന്‍ കടന്നു വരുന്നത്. ലോകത്താകമാനം ഉള്ള വലതു പക്ഷ ചായവില്‍ നിന്നും ലോകം ഒരു തിരിച്ചു പോക്ക് നടത്തുമോ അതോ ഈ വലതു പക്ഷ തീവ്ര ഫാസിസ്റ്റു ചായ്‌വ് ഫ്രഞ്ച് ജനത തുടരാന്‍ അനുവദിക്കുമോ എന്ന് നാളെ അറിയാം.

പറഞ്ഞു വരുമ്പോള്‍, നിങ്ങളുടെ പഞ്ചായത്ത് തിരഞ്ഞെടുപ്പും ഫ്രഞ്ച് തിരഞ്ഞെടുപ്പും തമ്മില്‍ വലിയ വ്യത്യാസം ഒന്നുമില്ല, രംഗപടവും അഭിനേതാക്കളും മാത്രമേ മാറുന്നുള്ളൂ, തിരക്കഥ ഒന്ന് തന്നെ ആണ്.

 

നസീര്‍ ഹുസൈന്‍ എഴുതിയ മറ്റ് കുറിപ്പുകള്‍
 

ട്രംപിനറിയുമോ സ്റ്റീവ് ജോബ്‌സ് ആരെന്ന്?

ആരെങ്കിലും നമ്മുടെ ആണ്‍കുട്ടികള്‍ക്കു ഇക്കാര്യം പറഞ്ഞു കൊടുത്തെങ്കില്‍...

'ഞാന്‍ ഒരു തമിഴ് മലയാളി ഹിന്ദു  മുസ്ലിം ഇന്ത്യന്‍ അമേരിക്കന്‍'

അതിര്‍ത്തി, ഹാ എത്ര വലിയ തമാശ!

കണ്ണാടി ന്യൂറോണുകള്‍ നമ്മളോട് ചെയ്യുന്നത്

ഹബീബയുടെ കറമ്പന്‍ കാമുകന്‍

ആയിരം കോടിയുടെ സിനിമകളും ഈച്ചയാട്ടുന്ന ചായക്കടകളും

ഒരു മുസ്ലിം വേദം വായിക്കുമ്പോൾ...

ആരാണ് ഊളമ്പാറയ്ക്കു പോകേണ്ടത്?​

അഭയാര്‍ത്ഥികള്‍ വെറുതെ ഉണ്ടാവുന്നതല്ല; അവര്‍ക്കെതിരായ കൊലവിളികളും!

Follow Us:
Download App:
  • android
  • ios