Asianet News MalayalamAsianet News Malayalam

അധികാരം കിട്ടിയാല്‍ നമ്മളും ഇങ്ങനെയാവുമോ?

പക്ഷെ രണ്ടാം ദിവസം കളി മാറി. ജയിലര്‍മാര്‍ തങ്ങള്‍ തടവുകാരേക്കാള്‍ അധികാരമുള്ള ആരൊക്കെയോ ആണെന്ന് തോന്നിത്തുടങ്ങി. തടവുപുള്ളികള്‍ ശരിക്കും തടവുപുള്ളികളുടെ മാനസിക അവസ്ഥ കാണിച്ചു തുടങ്ങി. ജയിലര്‍മാരുടെ അധികാരം ചോദ്യം ചെയ്തു കൊണ്ട് കുറെ തടവുകാര്‍ തങ്ങളുടെ സെല്ലിലേക്കുള്ള വാതിലുകള്‍ മേശകളും മറ്റും ഉപയോഗിച്ച് തടഞ്ഞു.

Nazeer Hussain Kizhakedathu column on power structure
Author
Thiruvananthapuram, First Published Aug 23, 2017, 5:18 PM IST

പക്ഷെ രണ്ടാം ദിവസം കളി മാറി. ജയിലര്‍മാര്‍ തങ്ങള്‍ തടവുകാരേക്കാള്‍ അധികാരമുള്ള ആരൊക്കെയോ ആണെന്ന് തോന്നിത്തുടങ്ങി. തടവുപുള്ളികള്‍ ശരിക്കും തടവുപുള്ളികളുടെ മാനസിക അവസ്ഥ കാണിച്ചു തുടങ്ങി. ജയിലര്‍മാരുടെ അധികാരം ചോദ്യം ചെയ്തു കൊണ്ട് കുറെ തടവുകാര്‍ തങ്ങളുടെ സെല്ലിലേക്കുള്ള വാതിലുകള്‍ മേശകളും മറ്റും ഉപയോഗിച്ച് തടഞ്ഞു. ഇതില്‍ രോഷം പൂണ്ട ജയിലര്‍മാര്‍ ചില തടവുകാരെ തീ കെടുത്തുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു. തടവുകാരുടെ പ്രതിഷേധത്തില്‍ പങ്കെടുക്കാതെ ചില തടവുകാര്‍ക്ക് മെച്ചപ്പെട്ട സെല്ലും ഭക്ഷണവും കൊടുത്തു തങ്ങളുടെ കൂടെ നിര്‍ത്തി.

Nazeer Hussain Kizhakedathu column on power structure

സ്‌കൂളില്‍ ഒരുമിച്ചു പഠിച്ചിരുന്നവര്‍ ആണ് അനിലും ജോസെഫും. വര്‍ഷങ്ങള്‍ കഴിഞ്ഞു എംടെക് പഠിച്ച അനില്‍ ഇലക്ര്ട്രിസിറ്റി ബോര്‍ഡില്‍ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആയി. ജോസഫ് പിഎസ്‌സി എഴുതി ഇലക്ട്രിസിറ്റി ബോര്‍ഡില്‍ കാഷ്യര്‍ ആയി കയറി.

വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടു പേര്‍ക്കും ഒരു ഓഫീസില്‍ ജോലി ചെയ്യേണ്ടി വന്നു. കൂട്ടുകാരന്‍ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആയ ഓഫീസില്‍ തന്നെ ജോലി കിട്ടിയ സന്തോഷം പങ്കിടാന്‍ അനിലിനെ കാണാന്‍ എത്തിയ ജോസഫിനെ മാറ്റി നിര്‍ത്തി അനില്‍ പറഞ്ഞു.

'നമ്മള്‍ ഒരുമിച്ചു പഠിച്ചതൊക്കെ ശരിയാണ്, പക്ഷെ ഈ ഓഫീസില്‍ ഞാനാണ് നിന്റെ ബോസ്. എന്നെ ഓഫീസില്‍ നീ സാര്‍ എന്ന് വിളിക്കണം. മറ്റുള്ളവരുടെ മുമ്പില്‍ എന്റെ പേര് വിളിച്ചു സംസാരിക്കരുത'

വളരെ വിഷമത്തോടെ ആണ് ജോസഫ് എന്നോട് ഇത് പറഞ്ഞത്. സാമ്പത്തികമായി വളരെ താഴ്ന്ന നിലയില്‍ നിന്ന് സ്വപ്രയത്‌നം കൊണ്ട് പഠിച്ചു ഉയര്‍ന്നു വന്ന അനിലിന്റെ സ്വഭാവം എങ്ങിനെയാണ് ഇങ്ങിനെ മാറിയത് എന്ന് ഞങ്ങള്‍ എല്ലാവരും അത്ഭുതപ്പെട്ടു. പക്ഷെ കൂട്ടുകാര്‍ എല്ലാവരും കൂടുമ്പോള്‍ അനിലിന് ഈ പ്രശ്‌നം ഇല്ലായിരുന്നു, ഓഫീസില്‍ മാത്രം അനില്‍ വേറൊരാളെ പോലെ പെരുമാറി.

ഇക്കഴിഞ്ഞ ഇന്ത്യ സന്ദര്‍ശനത്തില്‍ തിരുവനന്തപുരത്ത് എന്റെ കൂടെ പഠിച്ച്, ഇപ്പോള്‍ കുറച്ചു ഉയര്‍ന്ന നിലയില്‍ സര്‍ക്കാര്‍ ജോലി ചെയ്യുന്ന ഒരു സുഹൃത്തിനെ അവന്റെ ഓഫീസില്‍ ചെന്ന് കാണാന്‍ പോയപ്പോള്‍ എനിക്ക് സമാന അനുഭവം ഉണ്ടായി. ഇല്ലാത്ത സമയം ഉണ്ടാക്കി പോയ ഞാന്‍ കുറെ ഏറെ കാത്തിരുന്ന് കണ്ട സുഹൃത്ത് ഞാന്‍ കോളേജില്‍ കണ്ട ആളെ ആയിരുന്നില്ല. അധികാരത്തിന്റെ പല പടികളിലുള്ളവര്‍ തമ്മിലുള്ള ഒരു സിംഫണി ആയിരുന്നു ആ ഓഫീസില്‍ ഞാന്‍ കണ്ടത്. താഴെ നിന്ന് മുകളിലേക്കുള്ള ഓരോ പടികളിലും ഉള്ളവര്‍ തങ്ങള്‍ക്ക് മുകളിലുള്ളവരെ ഭയ ഭക്തി ബഹുമാനത്തോടെ അനുസരിക്കുന്ന കാഴ്ച. അധികാരത്തിന്റെ ദുഷിച്ച ആ കാഴ്ച എന്റെ ഉള്ളില്‍ തികട്ടലുണ്ടാക്കി. അഞ്ചു മിനിറ്റ് നേരത്തെ ഹ്ര്വസ സംഭാഷണത്തില്‍ ഞാന്‍ ആ കണ്ടുമുട്ടല്‍ അവസാനിപ്പിച്ച് പുറത്തു കടന്നു. ഓഫീസിനു പുറത്തു വച്ചായിരുന്നു കണ്ടതെങ്കില്‍ ഇങ്ങിനെ ആയിരിക്കില്ല ഈ സുഹൃത്ത് പെരുമാറിയിരിക്കുക എന്ന് ഞാന്‍ കരുതുന്നു. പക്ഷെ പറയാന്‍ കഴിയില്ല ചിലര്‍ അധികാരത്തെ ഓഫീസിന് പുറത്തേക്കും കൊണ്ട് നടക്കും.

'നമ്മള്‍ ഒരുമിച്ചു പഠിച്ചതൊക്കെ ശരിയാണ്, പക്ഷെ ഈ ഓഫീസില്‍ ഞാനാണ് നിന്റെ ബോസ്. എന്നെ ഓഫീസില്‍ നീ സാര്‍ എന്ന് വിളിക്കണം.

വ്യക്തിയുടെ ആന്തര സ്വഭാവമാണോ അതോ ചുറ്റുപാടുകളാണോ ഒരാളെ അധികാരത്തിന്റെ അടിമയാക്കുന്നത് എന്ന് കണ്ടുപിടിക്കാന്‍ നടത്തിയ ഏറ്റവും പ്രശസ്തമായ പരീക്ഷണം 1971 ല്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ സൈക്കോളജി ഡിപ്പാര്‍ട്‌മെന്റിന്റെ ബേസ്‌മെന്റില്‍ പ്രൊഫസര്‍ ഫിലിപ്പ് സിംബാര്‍ഡോ നടത്തിയ സ്റ്റാന്‍ഫോര്‍ഡ് ജയില്‍ പരീക്ഷണം ആണ് (https://en.wikipedia.org/wiki/Stanford_prison_experiment). ഒരുവിധ മാനസിക പ്രശ്‌നവുമില്ലാത്ത പ്രായപൂര്‍ത്തിയായ ഇരുപത്തിനാല് വിദ്യാര്‍ത്ഥികളെ ആണ് അദ്ദേഹം ഈ പരീക്ഷണത്തിന് വേണ്ടി തിരഞ്ഞെടുത്തത്. ഇതില്‍ ഒന്നിടവിട്ട് പന്ത്രണ്ടു പേരെ യൂണിവേഴ്‌സിറ്റിയിലെ ബേസ്‌മെന്റില്‍ സെറ്റ് ചെയ്ത പരീക്ഷണ ജയിലിലെ ജയിലര്‍മാരായും ബാക്കി പന്ത്രണ്ടു പേരെ അവിടത്തെ അന്തേവാസികള്‍ ആയും തിരഞ്ഞെടുത്തു. 14 ദിവസം നീളുന്ന ഈ പരീക്ഷണത്തില്‍ പങ്കെടുക്കുന്നതിന് ഓരോരുത്തര്‍ക്കും ദിവസം15 ഡോളര്‍ ആയിരുന്നു കൂലി.

ഈ പരീക്ഷണം കുറച്ചു യാഥാര്‍ഥ്യബോധത്തോടെ ചെയ്യാനായി പന്ത്രണ്ടു ജയിലര്‍മാര്‍ക്കും ബാറ്റണ്‍ ഉള്‍പ്പെടെ യഥാര്‍ത്ഥ ജയിലിലെ യൂണിഫോം കൊടുത്തു. ശാരീരികമായി ജയിലിലെ അന്തേവാസികളെ ഉപദ്രവിക്കരുത് എന്ന് മാത്രം ആയിരുന്നു ഒരേ ഒരു നിബന്ധന. ഭക്ഷണം നിഷേധിക്കരുത്, പക്ഷെ തടവുകാരെ മാനസികമായി തളര്‍ത്തുന്ന, അവര്‍ ജയിലര്‍മാരുടെ നിയന്ത്രണത്തില്‍ ആണെന്ന് അവരെ തോന്നിപ്പിക്കുന്ന, അവരുടെ സ്വത്വം നിഷേധിക്കുന്ന എല്ലാം ചെയ്യാന്‍ ജയിലര്‍മാര്‍ക്ക് സ്വാതന്ത്ര്യം കൊടുത്തു. തടവുപുള്ളികളെ പേര് വിളിക്കാതെ അവരുടെ നമ്പര്‍ മാത്രം വിളിക്കാനും നിര്‍ദ്ദേശിച്ചു. തടവുകാരുടെ ഐഡന്റിറ്റി ഇല്ലാതെയാക്കി അവരെ ജയിലര്‍മാരെ അനുസരിക്കുന്ന 'വെറും' തടവുപുള്ളികള്‍ ആക്കിത്തീര്‍ക്കുക എന്നതായിരുന്നു നിര്‍ദ്ദേശം.

ജയിലിലെ അന്തേവാസികളെ യഥാര്‍ത്ഥ പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്തു വിലങ്ങ് വച്ചാണ് ജയിലില്‍ കൊണ്ട് വന്നത്. വസ്ത്രം എല്ലാം അഴിച്ചു പരിശോധന നടത്തി യഥാര്‍ത്ഥ ജയില്‍പുള്ളികളെ ജയിലിനുള്ളില്‍ കയറ്റുന്ന പോലെ അവര്‍ക്ക് യൂണിഫോം എല്ലാം കൊടുത്ത് ആദ്യ ദിവസം രാത്രി ജയിലില്‍ അടച്ചു. എല്ലാവരുടെയും ഒരു കാലില്‍ ചങ്ങല ഇട്ടിരുന്നു. ഇതൊരു പരീക്ഷണം ആണെന്ന് എല്ലാവര്ക്കും അറിയാവുന്നത് കൊണ്ട് വളരെ സമാധാനമായി തീരും എന്ന പ്രതീക്ഷയില്‍ അങ്ങിനെ പരീക്ഷണം തുടങ്ങി.

പക്ഷെ രണ്ടാം ദിവസം കളി മാറി. ജയിലര്‍മാര്‍ തങ്ങള്‍ തടവുകാരേക്കാള്‍ അധികാരമുള്ള ആരൊക്കെയോ ആണെന്ന് തോന്നിത്തുടങ്ങി. തടവുപുള്ളികള്‍ ശരിക്കും തടവുപുള്ളികളുടെ മാനസിക അവസ്ഥ കാണിച്ചു തുടങ്ങി. ജയിലര്‍മാരുടെ അധികാരം ചോദ്യം ചെയ്തു കൊണ്ട് കുറെ തടവുകാര്‍ തങ്ങളുടെ സെല്ലിലേക്കുള്ള വാതിലുകള്‍ മേശകളും മറ്റും ഉപയോഗിച്ച് തടഞ്ഞു. ഇതില്‍ രോഷം പൂണ്ട ജയിലര്‍മാര്‍ ചില തടവുകാരെ തീ കെടുത്തുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു. തടവുകാരുടെ പ്രതിഷേധത്തില്‍ പങ്കെടുക്കാതെ ചില തടവുകാര്‍ക്ക് മെച്ചപ്പെട്ട സെല്ലും ഭക്ഷണവും കൊടുത്തു തങ്ങളുടെ കൂടെ നിര്‍ത്തി.

മൂന്നാം ദിവസം ഒരു തടവുകാരന്റെ മാനസിക നില തെറ്റി. അയാള്‍ ഉറക്കെ ഒച്ചവയ്ക്കാനും ശപിക്കാനും ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കാനും തുടങ്ങി. കൂടുതല്‍ കുഴപ്പം ഉണ്ടാകുന്നതിനു മുമ്പ് ആ തടവുകാരനെ ഈ പരീക്ഷണത്തില്‍ നിന്ന് പുറത്തു വിട്ടു. തടവുമാരെ കൂടുതല്‍ ശിക്ഷിക്കാന്‍ ജയിലര്‍മാര്‍ തടവുകാരെ കൊണ്ട് അവരുടെ ജയില്‍ ഐഡി നമ്പര്‍ തുടര്‍ച്ചയായി പറയിപ്പിച്ചു. കിടക്ക എടുത്തു മാറ്റിയും തറയില്‍ ഉറക്കിയും പല പ്രാവശ്യം ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍പ്പിച്ചും തടവുകാരെ ജയിലര്‍മാര്‍ ശിക്ഷിച്ചു കൊണ്ടിരുന്നു.പരീക്ഷണം തുടരവേ പല ജയിലര്‍മാരും വളരെ ക്രൂരമായി തടവുകാരോട് പെരുമാറാന്‍ തുടങ്ങി.

പരീക്ഷണം തുടരവേ പല ജയിലര്‍മാരും വളരെ ക്രൂരമായി തടവുകാരോട് പെരുമാറാന്‍ തുടങ്ങി.

ഈ പരീക്ഷണത്തില്‍ ഏറ്റവും വലിയ പ്രശ്‌നം പരീക്ഷണം നടത്തിയ ഫിലിപ്പ് സിംബാര്‍ഡോ തന്നെ ജയിലര്‍മാരുടെ അധികാരിയായി ഉള്ള റോളില്‍ ആയിരുന്നു എന്നതാണ്. തടവുകാര്‍ പ്രശ്‌നം ഉണ്ടാക്കി തുടങ്ങിയപ്പോള്‍ അവരെ എങ്ങിനെ 'ഒതുക്കാം' എന്നുള്ള ചര്‍ച്ചകളില്‍ ഫിലിപ്പും ഉള്‍പ്പെട്ടിരുന്നു. പരീക്ഷണം നിരീക്ഷിക്കേണ്ട ആള്‍ തന്നെ പരീക്ഷണത്തില്‍ ഭാഗമായി മാറി. അവസാനം ഫിലിപ്പിന്റെ കാമുകി ഫിലിപ്പിനെ അന്വേഷിച്ചു ഈ 'സങ്കല്‍പ്പ' ജയിലില്‍ വന്നപ്പോഴാണ് ഈ പരീക്ഷണത്തിന്റെ അപകടം പരീക്ഷണം നടത്തുന്നവര്‍ക്ക് മനസിലായത്. തങ്ങള്‍ യഥാര്‍ത്ഥത്തില്‍ തടവുകാരോ ജയില്‍ വാര്‍ഡന്മാരോ ഒന്നും അല്ല എന്നറിയാവുന്നവര്‍ തന്നെ സാഹചര്യങ്ങള്‍ കൊണ്ട് പരസ്പരം ആക്രമിക്കുന്ന അവസ്ഥയില്‍ ആറാം ദിവസം ഈ പരീക്ഷണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.

മുകളില്‍ വിവരിച്ച പരീക്ഷണം വളരെ വ്യക്തമായി സാഹചര്യങ്ങളും യൂണിഫോമും ചില ചിഹ്നങ്ങളും അധികാരവും ആയി എങ്ങിനെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന് കാണിക്കുന്നു. കാക്കിയിട്ട പോലീസിനെ കണ്ടാല്‍ ഒരു പേടി നമ്മുടെ ഉള്ളില്‍ വരുന്നതും ഈ അധികാരത്തിന്റെ ചിഹ്നങ്ങളിലൂടെയുള്ള പ്രയോഗത്തെയാണ് കാണിക്കുന്നത്. മനഃശാസ്ത്ര പരീക്ഷണങ്ങളിലെ ഏറ്റവും കുപ്രസിദ്ധ പരീക്ഷണം ആയാണ് ഈ പരീക്ഷണം ഇപ്പോള്‍ അറിയപ്പെടുന്നത്.

അധികാരത്തിന് ഒരു ചാക്രിക സ്വഭാവം ഉണ്ട്. മേല്‍പ്പറഞ്ഞ പോലെ അധികാരത്തില്‍ ഉള്ളവര്‍ പെന്‍ഷന്‍ പറ്റി പെന്‍ഷന്‍ ഓഫീസില്‍ പോകുമ്പോള്‍ അധികാരം ഇവര്‍ക്ക് മേല്‍ പ്രയോഗിക്കപ്പെടുന്നു എന്ന് കാണാം. ചെമ്മനം ചാക്കോ ഭാര്യയുടെ പെന്‍ഷന്‍ വാങ്ങാന്‍ പോയപ്പോള്‍ ഓഫീസിലുള്ളവരുടെ അധികാര സ്വഭാവത്തെ കുറിച്ച് ഒരു കവിത തന്നെ എഴുതിയിട്ടുണ്ട്.

'കയ്യിലെ കാശും കൊടു
ത്തീവിധം തേരാപ്പാരാ
വയ്യെനിക്കേജീസ് ഓഫീസ്
കേറുവാന്‍ ഭഗവാനേ.....'എന്നാണ് അത് തുടങ്ങുന്നത്.

അധികാരത്തിന്റെ ഇത്തരം സ്വഭാവ വിശേഷങ്ങള്‍ വീടിനുള്ളിലും ഒരു പക്ഷെ നാമറിയാതെ പ്രത്യക്ഷമാവുന്നുണ്ട്.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ സ്‌കോളര്‍ഷിപ് കിട്ടാന്‍ ഒരു വരുമാന സര്‍ട്ടിഫിക്കറ്റിന് വേണ്ടി വില്ലേജ് ഓഫീസില്‍ പോയപ്പോള്‍ ആണ് എനിക്ക് ആദ്യമായി വില്ലേജ് ഓഫീസിലെ ഒരാള്‍ക്ക് നമ്മളോട് എങ്ങിനെ ഒക്കെ അധികാരം വെളിവാക്കാന്‍ കഴിയും എന്ന് മനസ്സില്‍ ആയത്. FCI യില്‍ കോണ്‍ട്രാക്ടറുടെ കീഴില്‍ ചുമട്ടു തൊഴിലാളി ആയ എന്റെ ബാപ്പ ഓവര്‍ടൈം ചെയ്തു വളരെ അധികം പൈസ ഉണ്ടാക്കുന്നു എന്നും വരുമാന സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ FCI യിലെ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് വേണം എന്നെല്ലാം പറഞ്ഞു വരുമാന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച ഒരുദ്യോഗസ്ഥനെ, കുറെ നാള്‍ കഴിഞ്ഞു പെന്‍ഷന്‍ പറ്റി രോഗാവസ്ഥയില്‍ ആരും നോക്കാനില്ലാതെ കണ്ടു എനിക്ക് സങ്കടം വന്നിട്ടുണ്ട്. ഇപ്പോഴും നാട്ടില്‍ പോയാല്‍ ആദ്യം കാണുന്നത് അദ്ദേഹത്തെ ആണ്. അദ്ദേഹത്തിന്റെ ഒരേ ഒരു മകള്‍ എന്റെ കോളേജില്‍ പഠിച്ച് അവസാന സെമസ്റ്റര്‍ കഴിഞ്ഞ ദിവസം ഒരു അപകടത്തില്‍ മരിച്ചു പോയത് മുതല്‍ ഞാന്‍ അദ്ദേഹത്തെയും ഭാര്യയെയും നാട്ടില്‍ പോയാല്‍ എപ്പോഴും പോയി കാണുന്നതാണ്. വില്ലേജ് ഓഫീസ് എന്ന ഒരു സ്ഥാപനത്തിന് പുറത്തു ഒരു മകനോട് എന്ന പോലെ എന്നോട് പെരുമാറുന്ന ഇദ്ദേഹം തന്നെയാണോ അന്ന് ഞാന്‍ കണ്ട മനുഷ്യന്‍ എന്ന് ഞാന്‍ പലപ്പോഴും അത്ഭുതപ്പെടുകയും ചെയ്യും.

മേല്‍പ്പറഞ്ഞെതെല്ലാം സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് മാത്രം ബാധകം ആണെന്ന് വിചാരിക്കരുത്. അധികാരത്തിന്റെ ഇത്തരം സ്വഭാവ വിശേഷങ്ങള്‍ വീടിനുള്ളിലും ഒരു പക്ഷെ നാമറിയാതെ പ്രത്യക്ഷമാവുന്നുണ്ട്. ഭര്‍ത്താവു ഭാര്യയോടും, വിവാഹം കഴിഞ്ഞ നാളുകളില്‍ അമ്മായിയമ്മ മരുമകളോടും, കാലം ചെന്ന് കഴിഞ്ഞു മരുമകള്‍ അമ്മായിഅമ്മയോടും , ചെറുപ്പത്തില്‍ മാതാപിതാക്കള്‍ കുട്ടികളോടും മാതാപിതാക്കള്‍ വയസായികഴിഞ്ഞു കുട്ടികള്‍ മാതാപിതാക്കളോടും, 'ഉയര്‍ന്ന' ജാതിക്കാര്‍ താഴെയാക്കി വച്ചിരിക്കുന്നവരോടും , സമ്പന്നര്‍ ദരിദ്രരോടും എല്ലാം ഈ അധികാരത്തിന്റെ പ്രയോഗം നടത്തുന്നുണ്ട്. നമ്മള്‍ അറിയാതെ തന്നെ നാം അധികാരത്തിന്റെ ഉടുപ്പണിയുന്നുണ്ട്, മറ്റുള്ളവരോട് മനസ് തുറന്നു സംസാരിച്ചാല്‍ ഒരു പക്ഷെ അവര്‍ പറഞ്ഞു തരും.

അധികാരത്തിന്റെ അപകടം അത് ബന്ധങ്ങളില്‍ നിന്ന് സ്‌നേഹത്തിന്റെ നൂല്‍ മുറിച്ചു മാറ്റുന്നു എന്നതാണ്. നാമറിയാതെ നടത്തുന്ന അധികാര ഇടപെടലുകള്‍ അറിഞ്ഞു കഴിഞ്ഞാല്‍ അത് മാറ്റാന്‍ എളുപ്പം ആയിരിക്കും.

നിങ്ങളോട് ചില ചോദ്യങ്ങള്‍.

നിങ്ങളുടെ അധികാരവുമായുള്ള തിക്ത അനുഭവം എവിടെ/എങ്ങിനെ ആയിരുന്നു?

നിങ്ങള്‍ ആരോടെങ്കിലും  അധികാരം  പ്രയോഗിക്കുന്നതായി തോന്നുന്നുണ്ടോ?

നോട്ട് 1 : ഈ ജയില്‍ പരീക്ഷണം വായിച്ചിട്ടു കുപ്രസിദ്ധമായ അബു ഗാരിബ് ജയില്‍ എത്ര പേര്‍ക്ക് ഓര്‍മ വന്നു? ഇറാക്കി തടവുകാരെ ക്രൂരമായി പീഡിപ്പിച്ച അബു ഗാരിബ് തടവറയില്‍ നടന്ന കാര്യങ്ങളും ഈ പരീക്ഷണത്തില്‍ നടന്ന കാര്യങ്ങളും മേല്‍പ്പറഞ്ഞ പരീക്ഷണം നടത്തിയ ഫിലിപ്പ് സിംബാര്‍ഡോയെ തന്നെ ഞെട്ടിച്ച കാര്യം ആണ്. പരീക്ഷണം നടന്നത് 1971 ലും അബു ഗാരിബ് 2003 ലും ആയിരുന്നു.(https://en.wikipedia.org/…/Abu_Ghraib_torture_and_prisoner_…)

നോട്ട് 2 : ഒഴിവു ദിവസത്തെ കളി എന്ന സിനിമ കണ്ടപ്പോള്‍ എനിക്ക് മേല്‍പ്പറഞ്ഞ പരീക്ഷണം ആണ് ഓര്‍മ വന്നത്.

Follow Us:
Download App:
  • android
  • ios