Asianet News MalayalamAsianet News Malayalam

അഭയാര്‍ത്ഥികള്‍ വെറുതെ ഉണ്ടാവുന്നതല്ല; അവര്‍ക്കെതിരായ കൊലവിളികളും!

'ചരിത്രം അറിയാതിരിക്കുക എന്നത് ഒരു കുറ്റമല്ല, പക്ഷെ അറിയുന്നവര്‍ തന്നെ നമ്മുടെ കാര്യം വരുമ്പോള്‍ ഒരു നിലപാടും, മറ്റുള്ളവരുടെ കാര്യം വരുമ്പോള്‍ മറ്റൊരു നിലപാടും എടുക്കുന്നത് ഇരട്ടത്താപ്പ് തന്നെയാണ്. സ്വന്തം കാര്യം സിന്ദാബാദ് എന്ന ലഘു തത്വശാസ്ത്രം'. 

Nazeer Hussain Kizhakedathu column on Refugees
Author
New York, First Published May 2, 2017, 7:00 AM IST

Nazeer Hussain Kizhakedathu column on Refugees

ഞങ്ങള്‍ പാരീസ് സന്ദര്‍ശനം കഴിഞ്ഞു വന്ന് മൂന്നോ നാലോ ദിവസം കഴിഞ്ഞാണ്, തിരിച്ചു വരുന്നതിന്റെ തലേ ദിവസം വരെ ഞങ്ങള്‍ കറങ്ങി നടന്ന, ഷാംപ്‌സ് എലീസ് എന്ന തെരുവില്‍ വെടിവപ്പ് നടന്നത്. ഒരു പോലീസ് ഓഫീസറും അക്രമിയും ഉള്‍പ്പെടെ രണ്ടു പേര്‍  കൊല്ലപ്പെടുകയും, രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇതിന്റെ പിറ്റേ ദിവസം ഓഫീസില്‍ വച്ച് ഇതിനെ കുറിച്ച് രണ്ടു സുഹൃത്തുക്കളോട് സംസാരിക്കാന്‍ ഇടവന്നു. ഒരു ശ്രീലങ്കന്‍ തമിഴനും ഒരു പഞ്ചാബിയും. രണ്ടു പേരും ഈ വാര്‍ത്ത കേട്ടപ്പോള്‍ എന്റെ പാരീസ് ട്രിപ്പിനെ കുറിച്ചാണ് ഓര്‍ത്തത് എന്ന് പറഞ്ഞു. 

'ചരിത്രം അറിയാതിരിക്കുക എന്നത് ഒരു കുറ്റമല്ല '

'ഒരു കാര്യത്തില്‍ ഞാന്‍ ട്രംപിനെ അനുകൂലിക്കുന്നു, ട്രംപ് സിറിയന്‍ അഭയാര്‍ത്ഥികളെ അമേരിക്കയില്‍ കയറ്റാതിരുന്നത് വളരെ നല്ല കാര്യം ആണ്. അല്ലെങ്കില്‍ ഇവിടെയും ഇവന്മാര്‍ ഇങ്ങിനെ ചെയ്‌തേനെ.' ഒരു സുഹൃത്ത് പറഞ്ഞു.

'ശരിയാണ്, മുസ്‌ലിംകളെ അഭയാര്‍ത്ഥികള്‍ ആയി കയറ്റിയാല്‍ ആ രാജ്യത്തിന്റെ കാര്യം കട്ടപൊകയാണ'. അടുത്ത ആള്‍ സപ്പോര്‍ട്ട് ചെയ്തു.

'ഇതില്‍ രണ്ടു പ്രശ്‌നം ഉണ്ട്. ഒന്നാമത്, അഭയാര്‍ത്ഥി പ്രശ്‌നം പലപ്പോഴും രാഷ്ട്രീയമാണ്, അതിനെ മതവുമായി കൂട്ടി കുഴക്കുന്നത് തെറ്റാണ്. രണ്ടാമത് വേറെ ഒരു ഗതിയും പരഗതിയും ഇല്ലാതെ ജനിച്ചു വളര്‍ന്ന സ്ഥലവും, ജോലിയും എല്ലാം ഇട്ടെറിഞ്ഞു ഒരാള്‍ കുടുംബവും ആയി നാട് വിടണമെങ്കില്‍ അത്ര മാത്രം ആപല്‍ക്കരമായ സ്ഥിതി വിശേഷം ആയിരിക്കണം അവിടെ. ഞാന്‍ പാരിസില്‍ വച്ച് അനേകം സിറിയന്‍ അഭയാര്‍ത്ഥികളെ കണ്ടു, പലരും ഭാഷ അറിയാതെ, 'സിറിയന്‍ അഭയാര്‍ത്ഥി' എന്നെഴുതിയ ബോര്‍ഡും പിടിച്ചു ഭിക്ഷക്കാരായി നില്‍ക്കുന്നവരാണ്. അവരില്‍ ഒരു പക്ഷെ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ഉണ്ടാവാം. കുറെ പേരെ ഫ്രഞ്ച് ഗവണ്‍മന്റ് പുനരധിവസിപ്പിക്കുന്നുണ്ട്. മറ്റൊന്ന് ഇവര്‍ വളരെ അപകടം പിടിച്ച ഒരു യാത്രയുടെ അവസാനം ആണ് ഇവിടെ എത്തിപ്പെടുന്നത്. പലപ്പോഴും ബോട്ട് മുങ്ങിയും മറ്റും കുട്ടികളും മാതാപിതാക്കളും കൊല്ലപ്പെട്ടവരും ഇവരുടെ കൂട്ടത്തില്‍ ഉണ്ടായിരിക്കാം.  അത് കൊണ്ട് സിറിയന്‍ അഭയാര്‍ത്ഥികളെ അമേരിക്ക സ്വീകരിക്കണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം'- ഞാന്‍ പറഞ്ഞു.

'അത് മണ്ടത്തരം ആണ്. ഇതിലൂടെ അക്രമികള്‍ കയറി വരില്ല എന്ന് നമുക്കറിയില്ലല്ലോ?'  ശ്രീലങ്കന്‍ തമിഴ് സുഹൃത്ത് പറഞ്ഞു. ശ്രീലങ്കയില്‍ നിന്ന് അഭയാര്‍ത്ഥികള്‍ ആയി കാനഡയില്‍ കുടിയേറി പാര്‍ത്തവരാണ് വന്നവരാണ് അവന്റെ അച്ഛനും അമ്മയും.

'നീ തന്നെ അത് പറയുന്നതിലെ വിരോധാഭാസം ഒന്നാലോചിച്ചു നോക്കൂ. ഇതേ ലോജിക് വച്ച് ശ്രീലങ്കയില്‍ നിന്ന് അഭയാര്‍ത്ഥികളെ ഇവിടെ കയറ്റിയില്ല എന്ന് വച്ചിരുന്നെങ്കില്‍ നീ ഇന്ന് ഇത് പറയാന്‍ ഇവിടെ ഉണ്ടാവില്ലായിരുന്നു. ആരെങ്കിലും ശ്രീലങ്കയിലെ പ്രശ്‌നങ്ങള്‍ വച്ച് ഹിന്ദു മതതീവ്രവാദികള്‍ എന്ന് നിങ്ങളെ വിളിച്ചു ഞാന്‍ കേട്ടിട്ടില്ല'. 

'പക്ഷെ അതിനു ഞങ്ങള്‍ ഭീകരര്‍ അല്ലല്ലോ, ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്ക് വേണ്ടി പൊരുതുന്നവരെ എങ്ങിനെ ഐസിസും ആയി താരതമ്യപ്പെടുത്താന്‍ കഴിയും?'

'നിഷ്‌കളങ്കരായ ആളുകളെ കൊല്ലുന്ന എല്ലാവരും ഭീകരര്‍ തന്നെ ആണ്. ലങ്കയിലെ കാട്ടാന്‍കുടിയില്‍ ഒരു പള്ളിയില്‍ 147 മുസ്ലിങ്ങളെ കൊന്ന കാട്ടാങ്കുടി കൂട്ടക്കൊല മുതല്‍ ഇന്ത്യയിലെ രാജീവ് ഗാന്ധി വധക്കേസ് മുതല്‍ അനേകം ഭീകര ആക്രമണങ്ങളില്‍ എല്‍ടിടിഇ പങ്കാളികള്‍ ആയ കാര്യം മറക്കരുത്. പക്ഷെ അതിന്റെ അര്‍ഥം ലങ്കയില്‍ നിന്ന് വന്ന എല്ലാവരും ഭീകരര്‍ ആണെന്നല്ല. ഇങ്ങിനെ വന്നവരിലും ചില തീവ്രവാദികള്‍ നുഴഞ്ഞു കയറിയിട്ടുണ്ടാവാം, ദീപന്‍ എന്ന ഫ്രഞ്ച് സിനിമ ഫ്രാന്‍സില്‍ ഇങ്ങിനെ എത്തപ്പെട്ട ശ്രീലങ്കക്കാരുടെ കഥ പറയുന്ന ഒന്നാണ്. ഫ്രാന്‍സിലെ ഗാര്‍ ഡെ നോര്‍ അറിയപ്പെടുന്നത് തന്നെ ലിറ്റില്‍ ജാഫ്‌ന എന്നാണ്. കാനഡയിലെ സ്‌കാര്‍ബറോയില്‍ ഉള്ള ശ്രീലങ്കന്‍ ഗ്യാങ്ങുകളെ കുറിച്ച് നിനക്കു ഞാന്‍ പറഞ്ഞു തരണ്ടല്ലോ'.

'പക്ഷെ ഇവര്‍ ആരും തങ്ങള്‍ക്കു അഭയാര്‍ത്ഥികള്‍ ആയി അഭയം കൊടുത്ത രാജ്യത്തിന് എതിരെ പ്രവര്‍ത്തിച്ചിട്ടില്ല. ഫ്രാന്‍സില്‍ ഉള്ള വെടിവയ്പ്പിന് ശേഷം സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയം കൊടുക്കരുത് എന്ന് തന്നെയാണ് എന്റെ അഭിപ്രായം. മാത്രം അല്ല മുസ്ലിങ്ങള്‍ ഒരു സ്ഥലത്തു വന്നു കഴിഞ്ഞാല്‍ അവിടെ പെറ്റുപെരുകും, ഉദാഹരണത്തിന് ഫ്രാന്‍സില്‍ ഇപ്പൊള്‍ അഞ്ചു മുതല്‍ പത്തു ശതമാനം വരെ മുസ്‌ലിംകള്‍ ആണ'- അടുത്തത് പഞ്ചാബി സുഹൃത്തിന്റെ ഊഴമാണ് 

'ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് ടോറോന്റോയില്‍ നിന്ന് ബോംബേക്കു തിരിച്ച എയര്‍ ഇന്ത്യയുടെ കനിഷ്‌ക എന്ന വിമാനം  ഖാലിസ്ഥാന്‍  ഭീകരര്‍ ബോംബ് വച്ച് തകര്‍ത്തത്. മരിച്ച 329 പേരില്‍ 269 പേരും കാനേഡിയന്‍ പൗരന്മാര്‍ ആയിരുന്നു. എന്നിട്ടു ആരെങ്കിലും സിഖ് മതം ഭീകര മതം എന്ന് പറഞ്ഞോ?  ഇപ്പോള്‍ കാനഡയിലെ മന്ത്രിസഭയില്‍ വരെ സിഖ് വംശജര്‍ ഇല്ലേ?' 

'ചരിത്രം അറിയാതിരിക്കുക എന്നത് ഒരു കുറ്റമല്ല, പക്ഷെ അറിയുന്നവര്‍ തന്നെ നമ്മുടെ കാര്യം വരുമ്പോള്‍ ഒരു നിലപാടും, മറ്റുള്ളവരുടെ കാര്യം വരുമ്പോള്‍ മറ്റൊരു നിലപാടും എടുക്കുന്നത് ഇരട്ടത്താപ്പ് തന്നെയാണ്. സ്വന്തം കാര്യം സിന്ദാബാദ് എന്ന ലഘു തത്വശാസ്ത്രം'. 

രണ്ടു രാജ്യക്കാര്‍ യുദ്ധം ചെയ്യുമ്പോള്‍ മൂന്നാമത് ഒരു രാജ്യത്തെ സാധാരണ പൗരന്മാര്‍ മരിച്ചു വീഴുന്ന നൂതന യുദ്ധ യാഥാര്‍ത്ഥ്യം.

നൂതന യുദ്ധ യാഥാര്‍ത്ഥ്യങ്ങള്‍
സിറിയയില്‍ അസദ് വിഷവാതകം പ്രയോഗിക്കുമ്പോള്‍ മരിച്ചു വീഴുന്നത് സിറിയക്കാര്‍ തന്നെയാണ്. അധികാരത്തിനു വേണ്ടി മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്ന ഒരു യുദ്ധം. പക്ഷെ മറ്റു യുദ്ധങ്ങളില്‍ നിന്ന് ഇതിനു ഒരു വ്യത്യാസം ഉണ്ട്. സിറിയ സ്വന്തം ആയി അധികം ആയുധങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നില്ല. സിറിയന്‍ അഭയാര്‍ത്ഥികളെ കയറ്റില്ല എന്ന് പറയുന്ന അമേരിക്ക തന്നെയാണ് സിറിയന്‍ റെബലുകള്‍ക്കു ആയുധം കൊടുക്കുന്നത്, കുറച്ച് ആയുധങ്ങള്‍ ഫ്രാന്‍സും ബ്രിട്ടനും കൊടുക്കുന്നുണ്ട്. സിറിയന്‍ ഗവണ്‍മെന്റിനു ആയുധങ്ങള്‍ കൊടുക്കുന്നത് റഷ്യയും. ഇത് ഒരര്‍ത്ഥത്തില്‍ സിറിയയില്‍ അമേരിക്കയും റഷ്യയും നടത്തുന്ന യുദ്ധമാണ്. രണ്ടു രാജ്യക്കാര്‍ യുദ്ധം ചെയ്യുമ്പോള്‍ മൂന്നാമത് ഒരു രാജ്യത്തെ സാധാരണ പൗരന്മാര്‍ മരിച്ചു വീഴുന്ന നൂതന യുദ്ധ യാഥാര്‍ത്ഥ്യം.

ഫ്രാന്‍സിലെ മുസ്‌ലിം ജനസംഖ്യയുടെ പിന്നിലും ഉണ്ട് ഒരു ചരിത്രം. ഫ്രാന്‍സില്‍ ഉള്ള മുസ്ലിങ്ങളില്‍ ഭൂരിഭാഗവും അള്‍ജീരിയയില്‍ നിന്നും വന്നവരാണ്. കാരണം, 132 കൊല്ലം അള്‍ജീരിയ ഫ്രാന്‍സിന്റെ അധീനതയില്‍ ആയിരുന്നു. 1830 മുതല്‍ 1962 വരെ. ഇവിടെ നിന്നും ഫ്രാന്‍സില്‍ കുടിയേറിയവര്‍ ആണ് ഭൂരിപക്ഷവും. ഫ്രാന്‍സിന്റെ പ്രതാപ കാലത്തു ഭൂമിയില്‍ ഉള്ള കരയുടെ എട്ടു ശതമാനത്തോളം കുടിയേറി കയ്യില്‍ വച്ചിരുന്ന ഫ്രാന്‍സ് കുടിയേറ്റത്തിനെതിരെ സംസാരിക്കുന്നതു, ഒരു വലിയ തമാശയാണ്. 

ഫ്രാന്‍സ് പൊതുവെയും പാരീസ് പ്രത്യേകിച്ചും, ന്യൂനപക്ഷങ്ങളെ പെട്ടെന്ന് ഉള്‍ക്കൊള്ളുന്ന ഒരു സമൂഹം ആണ്. അത് കൊണ്ട് തന്നെ പാരിസില്‍ ജാതി മത വര്‍ണ വ്യത്യാസം ഇല്ലാതെ കൂട്ട് കൂടി നടക്കുന്ന അനേകം ആളുകളെ കാണാം. വെളുത്തവരും കറുത്തവരും, മുസ്ലിംകളും ക്രിസ്ത്യാനികളും, പല രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ടവരും ഒരു സമൂഹം എന്ന നിലയില്‍ ഒറ്റക്കെട്ടായി ജീവിക്കുന്ന ഒരു സമൂഹം ആണ് ഫ്രാന്‍സ്.

ആ കെണിയിലേക്കാണ് ചിലപ്പോഴെല്ലാം നാം തല വച്ച് കൊടുക്കുന്നത്. 

ഐസിസിന്റെ ചൂണ്ടകള്‍
ഇതാണ് ഐസിസിനെ പോലെ ഉള്ള ഭീകര സംഘടനകളെ വിളറി പിടിപ്പിക്കുന്നത്. അവര്‍ ആഗ്രഹിക്കുന്നതും, റിക്രൂട്‌മെന്റിന് വേണ്ടി ഉപയോഗിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നതും ആയ കാര്യം, യൂറോപ്പും അമേരിക്കയും മുസ്ലിങ്ങളെ വെറുക്കുന്നു എന്ന് വരുത്തി തീര്‍ക്കുകയാണ്. ഇതിനുള്ള എളുപ്പ വഴി ആണ് ചില ക്രിമിനലുകളെ സ്വാധീനിച്ചു കൊണ്ട് ഒരു വെടി വെയ്‌പോ ബോംബ് സ്‌ഫോടനമോ നടത്തി ആ നാട്ടുകാരെ മുസ്‌ലിംകള്‍ക്ക് എതിരാക്കുന്നത്. ആ കെണിയിലേക്കാണ് ചിലപ്പോഴെല്ലാം നാം തല വച്ച് കൊടുക്കുന്നത്. 

അമേരിക്കയില്‍ ട്രംപ് വന്നത് കൊണ്ടും, ഫ്രാന്‍സില്‍ കുടിയേറ്റത്തിനു എതിരെ സംസാരിക്കുന്ന ലു പെന്‍ അവസാന ഘട്ട വോട്ടെടുപ്പില്‍ കടന്നതു കൊണ്ടും കൂടുതല്‍ സന്തോഷിക്കുന്നത് ഐസിസ് പോലെ ഉള്ള സംഘടനകള്‍ തന്നെ ആണ്. 

ഒന്നോര്‍ത്താല്‍ നമ്മള്‍ എല്ലാവരും കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും ആണ്.

അഭയാര്‍ത്ഥികള്‍ ഉണ്ടാവുന്നത് 
അതിര്‍ത്തികളും കാരണങ്ങളും മാറ്റി പിടിച്ചാല്‍ നമ്മുടെ നാട്ടിലും കാണാന്‍ കഴിയും ഇത് പോലെ ഉള്ളവരെ. തെക്കേ ഇന്ത്യക്കാരും വടക്കേ ഇന്ത്യക്കാരും തിരിച്ചു പോവണം എന്ന് പറഞ്ഞ ശിവസേനയുടെ മുംബയില്‍ ഒരു ഭീകര ആക്രമണം നടന്നപ്പോള്‍ വീരമൃത്യ വരിച്ച സൈനികന്‍  ഒരു മലയാളിയാണ്. സാമ്പത്തിക കാരണങ്ങള്‍ കൊണ്ട് ബീഹാറില്‍ നിന്നും ഒറീസയില്‍ നിന്നും ബംഗാളില്‍ നിന്നുമെല്ലാം കേരളത്തിലേക്ക് നടക്കുന്ന കുടിയേറ്റം അതിര്‍ത്തികള്‍ രാജ്യാന്തരം അല്ല എന്ന കാരണം കൊണ്ടാണ് അധികം വാര്‍ത്ത ആകാത്തത്. 

മട്ടാഞ്ചേരിയില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ മാത്രം അകലെ ഉള്ള പള്ളുരുത്തിയിലേക്കു മാറി താമസിച്ചപ്പോള്‍ ഞങ്ങളും ഒരു കുടിയേറ്റത്തിന്റെ രുചി അറിഞ്ഞതാണ്. മാറ് മറക്കാത്ത വല്യമ്മമാരെയും, തമ്പ്രാനെ എന്ന് വിളിച്ചു ഓച്ഛാനിച്ചു നില്‍ക്കുന്ന ആളുകളെയും കണ്ടത് വലിയ അത്ഭുതം ആയിരുന്നു.

ഒന്നോര്‍ത്താല്‍ നമ്മള്‍ എല്ലാവരും കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും ആണ്. കാരണം രാഷ്ട്രീയമോ സാമ്പത്തികമോ ആവാം, അതിര്‍ത്തികള്‍ രാജ്യാന്തരമോ, അന്തര്‍ സംസ്ഥാനമോ ആവാം. കാരണങ്ങളും അതിര്‍ത്തികളും മാറുന്നു എന്ന് മാത്രം. ആഫ്രിക്കയില്‍ നിന്നാരംഭിച്ച ഒരു വലിയ കുടിയേറ്റത്തിന്റെ ബാക്കിപത്രം ആണ് ഇന്നത്തെ മനുഷ്യന്റെ മുഴുവന്‍ ചരിത്രവും..

നസീര്‍ ഹുസൈന്‍ എഴുതിയ മറ്റ് കുറിപ്പുകള്‍
 

ട്രംപിനറിയുമോ സ്റ്റീവ് ജോബ്‌സ് ആരെന്ന്?

ആരെങ്കിലും നമ്മുടെ ആണ്‍കുട്ടികള്‍ക്കു ഇക്കാര്യം പറഞ്ഞു കൊടുത്തെങ്കില്‍...

'ഞാന്‍ ഒരു തമിഴ് മലയാളി ഹിന്ദു  മുസ്ലിം ഇന്ത്യന്‍ അമേരിക്കന്‍'

അതിര്‍ത്തി, ഹാ എത്ര വലിയ തമാശ!

കണ്ണാടി ന്യൂറോണുകള്‍ നമ്മളോട് ചെയ്യുന്നത്

ഹബീബയുടെ കറമ്പന്‍ കാമുകന്‍

ആയിരം കോടിയുടെ സിനിമകളും ഈച്ചയാട്ടുന്ന ചായക്കടകളും

ഒരു മുസ്ലിം വേദം വായിക്കുമ്പോൾ...

ആരാണ് ഊളമ്പാറയ്ക്കു പോകേണ്ടത്?​

Follow Us:
Download App:
  • android
  • ios