Asianet News MalayalamAsianet News Malayalam

ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

Nee Evideyaanu Ajeesh Mathew
Author
Thiruvananthapuram, First Published Jul 19, 2017, 12:53 PM IST

Nee Evideyaanu Ajeesh Mathew
ഒരു കൗതുകത്തിന് തീവ്ര ഇടതുപക്ഷ സംഘടനയുടെ കൊല്‍ക്കത്താ പ്ലീനത്തിനു പോയ ഒരു മലയാളിയുടെ തീവ്രമായ അനുഭവം. ജയില്‍ ശിക്ഷയും പട്ടിണിയും തുറിച്ചുനോക്കുന്ന ദിവസങ്ങളില്‍നിന്നും രക്ഷപ്പെടുത്തിയ ഒരു ബംഗാളി വൃദ്ധന്റെ ഓര്‍മ്മ. നോട്ടുനിരോധനം കഴിഞ്ഞിട്ടും മാറാതെ പഴ്‌സില്‍ സൂക്ഷിച്ച രണ്ടു അഞ്ഞൂറു രൂപാ നോട്ടുകളുടെ കഥ.  

നക്‌സല്‍ ആഭിമുഖ്യമുള്ള തീവ്ര കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്ലീനം കല്‍ക്കട്ടയില്‍ നടക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ കൂട്ടത്തില്‍ എന്റെ സുഹൃത്തുമുണ്ട് . അല്‍പം വിപ്ലവം എന്നിലുമുണ്ടെന്നറിയാവുന്ന അവന്‍ ചോദിച്ചു.

'പോരുന്നോ കല്‍ക്കട്ടയ്ക്ക് ?'

കല്‍ക്കട്ട! 

വായിച്ചു തുടങ്ങിയ നാള്‍ മുതല്‍ എന്റെ വാഗ്ദത്ത ഭൂമിയാണത്. സത്യജിത്ത് റായിയുടെ, ജെ സി ബോസിന്റെ, അമര്‍ത്യാ സെന്നിന്റെ,മദര്‍ തെരേസയുടെ ഒക്കെ കല്‍ക്കട്ട. ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ടു തന്നെ ഞാന്‍ എന്റെ പേഴ്‌സ് എടുത്ത് സുഹൃത്തിനു മുന്നില്‍ മലര്‍ക്കെ തുറന്നു. രണ്ടു പത്തിന്റെ നോട്ടുകളല്ലാതെ അതിലൊന്നുമില്ല.  വേലയും കൂലിയും ഒന്നുമില്ലാത്ത താനെങ്ങനെ ഇത്രയും ദൂരം, അതിനൊക്കെ ചിലവുകളുള്ളതല്ലേ.

സുഹൃത്ത് ഉറക്കെ ചിരിച്ചു. 'പാര്‍ട്ടി പ്ലീനമാണ്. നമ്മള്‍ പാര്‍ട്ടിയുടെ അതിഥികളായാണ് കല്‍ക്കട്ടയില്‍ പോകുന്നത്. അപ്പോള്‍ നമ്മുടെ ചിലവു വഹിക്കേണ്ടത് പാര്‍ട്ടിയുടെ ചുമതലയാണ്. നീ വരുന്നോ ഇല്ലയോ ?

ഒറ്റവാക്കില്‍ എന്റെ ഉത്തരം പ്രതീക്ഷിച്ചവന്‍ എനിക്കു വിലങ്ങനെ നിന്നു .

പാര്‍ട്ടിയാണ് ചിലവു വഹിക്കുന്നതെങ്കില്‍ നൂറു വട്ടം സമ്മതം. ഞാന്‍ തല മഴവില്ലാകൃതിയില്‍ ഇടത്തേയ്ക്കും വലത്തേയ്ക്കും തിരിച്ചു എന്റെ സമ്മതമറിയിച്ചു. പാര്‍ട്ടി സകല ചിലവുകളും വഹിക്കുമെന്നു പറഞ്ഞാലും നമ്മുടെ കയ്യിലും എന്തെങ്കിലും ദമ്പിടി ഉണ്ടായിരിക്കുന്നതു  നല്ലതാണെന്നെനിക്കു തോന്നി. അപ്പച്ചനാണ് വേള്‍ഡ് ബാങ്ക്. പക്ഷെ നക്‌സലുകളുടെ സമ്മേളനത്തിനു കല്‍ക്കട്ടയ്ക്കു പോകാനാണെന്നു പറഞ്ഞാല്‍ അടിമുടി കത്തോലിക്കാനായ അപ്പച്ചന്‍ ഉറഞ്ഞു തുള്ളും. ഒരുപായം പ്രയോഗിച്ചു.

'അപ്പച്ചാ, സുഹൃത്തിന്റെ പെങ്ങളുടെ കല്യാണം. വയനാടു വരെ പോകണം. ഒരാഴ്ച കഴിഞ്ഞേ വരൂ'

അപ്പച്ചന്‍ ഒന്നും മിണ്ടിയില്ല. മൗനമാണ് അപ്പച്ചന്റെ സമ്മതം. പോകും മുമ്പ് അടുക്കലേയ്ക്കു വിളിപ്പിച്ചിട്ടു അപ്പച്ചന്‍ രണ്ടു നൂറിന്റെ നോട്ട് എന്റെ പോക്കറ്റില്‍ തിരുകി വെച്ചു പറഞ്ഞു. ദൂരയാത്രയല്ലേ ചിലവുണ്ടാവും ഇതിരിക്കട്ടെ!

ഒരു ബോഗി നിറയെ വിപ്ലവം തോക്കിന്‍ കുഴലിലൂടെ വിരിയിക്കാമെന്ന വ്യാമോഹവുമായി കനടക്കുന്ന ബുദ്ധിജീവികള്‍

കല്‍ക്കട്ടയ്ക്കുള്ള ട്രെയിന്‍ പുറപ്പെടാന്‍ സമയമായിരിക്കുന്നു. പ്ലാറ്റ് ഫോം നിറയെ വിയര്‍പ്പിന്റെയും അഴുക്കിന്റെയും ഗന്ധമുള്ള മുഷിഞ്ഞ ജുബ്ബാ ധാരികളെ കൊണ്ടു  നിറഞ്ഞിരിക്കുന്നു.  അതിനിടയില്‍ നിന്നും സുഹൃത്ത് എന്നെ കൈ കാട്ടി വിളിച്ചു. ഞാന്‍ മെല്ലെ അയാളുടെ അടുത്തേയ്ക്കു നടന്നടുത്തു.

ഒരു ബോഗി നിറയെ വിപ്ലവം തോക്കിന്‍ കുഴലിലൂടെ വിരിയിക്കാമെന്ന വ്യാമോഹവുമായി കനടക്കുന്ന ബുദ്ധിജീവികള്‍ക്കിടയില്‍ വിയര്‍പ്പിന്റെ ഗന്ധം ഓക്കാനം വരുത്തുമെന്ന അവസ്ഥയില്‍ ഞാന്‍ ഇരുന്നു. പോകെപ്പോകെ ആ ഗന്ധത്തില്‍ ഞാനും അലിഞ്ഞു ചേര്‍ന്നു എന്നു തോന്നുന്നു.

ജനാല കാഴ്ചകളിലൂടെ ഞാന്‍ പുറത്തേയ്ക്കു മുഖം കുമ്പിട്ടിരുന്നു. കേരള അതിര്‍ത്തി കടന്നൊരു നീളന്‍ മലമ്പാമ്പിനെപോലെ ട്രെയിന്‍ തമിഴ്‌നാട്ടിലേയ്ക്കു പ്രവേശിച്ചു കഴിഞ്ഞതും ഞങ്ങള്‍ ഇരുന്ന കമ്പാര്‍ട്ടു മെന്റിലേയ്‌ക്കൊരു  കറുത്തു തടിച്ചു പൊക്കം കുറഞ്ഞ ഒരാള്‍ കയറി വന്നു. തല മൂത്ത പ്രവര്‍ത്തകന്‍ അയാളോടു ഇംഗ്‌ളീഷില്‍ എന്തൊക്കയോ  കയര്‍ത്തു സംസാരിക്കുന്നു. തമിഴന്‍ വിടാനുള്ള ഭാവമില്ല. അയാള്‍ വലിച്ചിരുന്ന കാജ ബീഡിയിലെ അവസാന പുകയും ആഞ്ഞു വലിച്ചിട്ടു രോഷത്തോടെ സീറ്റില്‍ വന്നിരുന്നു. ട്രെയിന്‍ കോയമ്പത്തൂര്‍ സ്റ്റേഷനില്‍ നിര്‍ത്താന്‍ അയാള്‍ ആരോടൊക്കെയോ ആജ്ഞാപിക്കുന്നതു പോലെ എനിക്കു തോന്നി .

ഞാന്‍ സംശയത്തോടെ സുഹൃത്തിനെ നോക്കി. ഒന്നുമില്ല പരിഭ്രമിക്കേണ്ട' എന്ന അര്‍ത്ഥത്തില്‍ അവന്‍ തലയിളക്കി.

'സാര്‍ നിങ്ങള്‍ ഒന്നുകില്‍ ഇവിടെ ഇറങ്ങണം, അല്ലെങ്കില്‍ ടിക്കറ്റ് എടുത്തിട്ടു യാത്ര ചെയ്യണം'-കറുത്ത തമിഴനൊപ്പം  വെളുത്ത കോട്ടിട്ട മറ്റൊരു തൊപ്പിക്കാരന്‍ കൂടിയുണ്ട് ഇപ്പോള്‍.

'അപ്പോള്‍ നമ്മള്‍ ടിക്കറ്റ് എടുക്കാതെയാണോ കല്‍ക്കട്ടയ്ക്ക് പോകുന്നത് ?'

എന്റെ സ്വാഭാവിക സംശയത്തിനു മറുപടി പറഞ്ഞത് അതു വരെ മിണ്ടാതിരുന്ന് മാവോ സെ തുങ്ങിന്റെ ഗറില്ലാ വാര്‍ഫെയര്‍ വായിച്ചിരുന്ന ഒരാളാണ്. 

'നമ്മള്‍ കരമടയ്ക്കുന്ന നമ്മുടെ പണം കൊണ്ടു ഓടുന്ന നമ്മുടെ വണ്ടിയില്‍ യാത്ര ചെയ്യാന്‍ നമ്മളെന്തിനു ടിക്കറ്റ് എടുക്കണം!'

ഇവരൊക്കെ വലിയ വലിയ ആളുകളാണ്. ഒരു പാടു വായിച്ച് ചിന്തിച്ചും ബുദ്ധിയെ പരുവപ്പെടുത്തിയവര്‍. അവരുടെ ഉത്തരങ്ങളെ ചോദ്യം ചെയ്തു കൂടാ. ഞാന്‍ ജനാലപ്പടിയിലെ കാഴ്ചകളിലേയ്ക്കു മുഖം പൂഴ്ത്തിയിരുന്നു.

'നമ്മള്‍ കരമടയ്ക്കുന്ന നമ്മുടെ പണം കൊണ്ടു ഓടുന്ന നമ്മുടെ വണ്ടിയില്‍ യാത്ര ചെയ്യാന്‍ നമ്മളെന്തിനു ടിക്കറ്റ് എടുക്കണം!'

സ്‌റ്റേഷന്‍ മാസ്റ്ററുമായുള്ള തര്‍ക്കം പരിഹരിച്ചിരിക്കുന്നു. ഞങ്ങള്‍ മുപ്പതോളം വരുന്ന 'അതിവിപ്ലവകാരി'കളെ ഒരടങ്കല്‍ തുകയില്‍ കല്‍ക്കട്ട എത്തിക്കാമെന്നു ഇന്ത്യന്‍ റെയില്‍വേ വാഗ്ദാനം ചെയ്തിരിക്കുന്നു. ട്രെയിന്‍ ചൂളം വിളിച്ചു കൊണ്ടു തിരക്കേറിയതും വിജനമായതുമായ പാതകള്‍ പിന്നിട്ടു മുന്നോട്ടു  യാത്ര തുടരുകയാണ്.

എനിക്കു  നേരെ വെച്ചു നീട്ടപ്പെട്ട ലഹരി ചഷകങ്ങളെ ഞാന്‍ നിഷ്‌ക്കരുണം തമസ്‌കരിച്ചു. ഒരു മനുഷ്യന്‍ പണ്ഡിതനോ പാമരനോ ആയിക്കൊള്ളട്ടെ, അവന്‍ യഥാര്‍ത്ഥ രൂപത്തിലേയ്ക്കു സംക്രമണം നടത്തുന്നത് ലഹരിയിലായിരിക്കുമ്പോഴാണ്. അല്‍പം മുമ്പു  വരെ മൗനത്തിന്റെ വന്‍ വാല്മീകങ്ങള്‍ക്കുള്ളില്‍ ഒളിച്ചിരുന്നവര്‍ വലിയ തോതില്‍ വാചാലരും സമൂഹത്തില്‍ നില നില്‍ക്കുന്ന കടുത്ത ചൂഷണത്തിനെതിരെ  വന്‍ സ്‌ഫോടന ശക്തിയുള്ള സ്വരസ്വതീ വാക്യങ്ങള്‍ ഉള്ളില്‍ ഒളിപ്പിച്ചവരുമായിരുന്നെന്നു ഞാന്‍ ഈ യാത്രയില്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. ഞാന്‍ സുഹൃത്തിനെ നോക്കി രണ്ടോ മൂന്നോ പുകയുടെ ലഹരിയില്‍ അവന്‍ സസുഖം ഉറങ്ങുകയാണ്. വണ്ടി ഇപ്പോഴും ലക്ഷ്യബോധമുള്ള കുതിരയെപ്പോലെ മുന്നോട്ടു പാഞ്ഞു കൊണ്ടേയിരിക്കുന്നു. 

ലഹരിപക്ഷികള്‍  കൊണ്ടുപോയ ബോധ മണ്ഡലം വിട്ടുണര്‍ന്ന ഒരു 'വിപ്ലവകാരി' ജനാലയിലൂടെ പുറത്തേയ്ക്കു നോക്കിയിട്ടു ഉച്ചത്തില്‍ പറഞ്ഞു  .

'കരിങ്കാലി കരുണാകരന്‍ ഭരിക്കുന്ന നാടല്ല  ഇത്.  അല്‍പം തീവ്രത കുറഞ്ഞതെങ്കിലും കമ്മ്യുണിസ്റ്റുകള്‍ ഭരിക്കുന്ന ബംഗാളാണിത. ജ്യോതി ബസു സകല സൗകര്യവും ഒരുക്കിത്തന്നിട്ടുണ്ട് നമ്മുടെ പ്ലീനത്തിന്'.

ട്രെയിന്‍ ഹൗറ ബ്രിഡ്ജ് കടന്നിരിക്കുന്നു. നേതാവ് ഞങ്ങള്‍ മുപ്പതു പേരെയും ഒരുമിച്ചു കൂട്ടി സമ്മേളന നഗരിയില്‍ പാലിക്കേണ്ട ചിട്ടവട്ടങ്ങളെപ്പറ്റി  പറഞ്ഞു ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇന്നലെ രാത്രിയില്‍ ആകാശത്തിനും ഭൂമിക്കും ഇടയില്‍ കറങ്ങി നടന്ന എല്ലാവരും ഇപ്പോള്‍ അനുസരണയുള്ള സഖാക്കളായി ആ നിര്‍ദേശങ്ങള്‍ക്കു ചെവിയോര്‍ക്കുന്നു. ഇന്ത്യ എമ്പാടുമുള്ള പ്രവര്‍ത്തകര്‍ സമ്മേളന നഗരിയിലേക്ക് എത്തി ചേരുന്നുണ്ട്. അക്ഷര സ്‌നേഹികളുടെ പറുദീസായേ വൈജ്ഞാനികളുടെ നഗരമേ ഞാനുമിതാ  നിന്നെ കാണാന്‍ കേള്‍ക്കാന്‍ ഇതാ ഇവിടെ എത്തിയിരിക്കുന്നു.

 സംഘത്തിന്റെ മുന്‍ നിരയിലുണ്ടായിരുന്ന പ്രവര്‍ത്തകനെ കല്‍ക്കട്ടാ പോലീസ് തലങ്ങും വിലങ്ങും തല്ലുകയാണ്.

കല്‍ക്കട്ട തിരക്കുള്ള നഗരമാണെന്നു കേട്ടിരുന്നു. എന്നാല്‍ കേട്ടതിലും അധികമാണ് ഇവിടെ മനുഷ്യര്‍. സൂചി വീഴാന്‍ സ്ഥലം ഇല്ലാത്ത വിധം ആളുകള്‍ തിങ്ങി നിറഞ്ഞയിടം. ആള്‍ക്കൂട്ടത്തില്‍ കൂട്ടം തെറ്റി ദൂരെ മാറി പോകരുതെന്ന്  സുഹൃത്തിന്റെ  പ്രത്യേക നിര്‍ദ്ദേശമുള്ളതിനാല്‍ ഞാന്‍ വളരെ ശ്രദ്ധിച്ചാണ് നടക്കുന്നത്.  പ്ലീനത്തിന്റെ അവസാന ദിവസം  തിരക്കിനിടയില്‍ ഒരു വലിയ ബഹളം.

ഞങ്ങള്‍ നടന്ന  സംഘത്തിന്റെ മുന്‍ നിരയിലുണ്ടായിരുന്ന പ്രവര്‍ത്തകനെ കല്‍ക്കട്ടാ പോലീസ് തലങ്ങും വിലങ്ങും തല്ലുകയാണ്. കാര്യമെന്തെന്നറിയാതെ ഞാന്‍ സുഹൃത്തിനെ നോക്കി. കമ്മ്യൂണിസ്റ്റുകാര്‍ ഭരിക്കുന്ന നാട്ടിലും പോലീസ് മര്‍ദ്ദന യന്ത്രം തന്നെയാണ്. ജ്യോതി ബസുവിന്റെ പോലീസും കരുണാകരന്റെ പോലീസും ഒക്കെ കണക്കാണ്. ഞങ്ങളില്‍ ചിലര്‍  വിരലിലെണ്ണാവുന്ന പോലീസ് കൂട്ടത്തെ ആക്രമിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഒരു ലാത്തി ചാര്‍ജിലേയ്ക്കു കാര്യങ്ങള്‍ വളരെ വേഗം നീങ്ങിയിരിക്കുന്നു. എന്റെ സുഹൃത്തിനെ കോളറിനു പിടിച്ചു പോലീസ് ചാപ്രയിലേയ്ക്കു കയറ്റുന്നതു കണ്ട് ഞാന്‍ ഓടിയടുത്തതും ഒരു ലാത്തി എന്റെ മുതുകിനും പിന്‍ കഴുത്തിനു മുകളിലേയ്ക്കുമായി പൊള്ളി പടര്‍ന്നു കയറി .ജീവന്‍ പറിച്ചെടുക്കുന്ന വേദന ഞാന്‍ ലക്ഷ്യബോധമില്ലാതെ മുന്നോട്ടോടി.

എത്ര ദൂരം മുന്നോട്ടോടിയെന്നറിയില്ല. ഒരു പാടു ചോരച്ചാലുകള്‍ നീന്തിക്കയറിയാണ് പല വിപ്ലവ സൂര്യനും വിരിഞ്ഞിട്ടുള്ളത്. എന്നാല്‍ ഒരു കൗതുകം കൊണ്ടു കല്‍ക്കട്ടാ കാണാന്‍ വന്ന ഞാന്‍ എന്തിനു ബലിയാടാക്കപ്പെടണം. ഇടുങ്ങിയ പാതകള്‍. നിരനിരയായി നില്‍ക്കുന്ന ഇഷ്ടികകളടുക്കിയ വീടുകള്‍. എന്റെ ഓട്ടത്തിന്റെ വേഗം കുറഞ്ഞു വന്നു. ഏതെങ്കിലും പോലീസുകാരന്‍ കൊല്ലപ്പെട്ടിട്ടുണ്ടെങ്കില്‍ കേരളത്തില്‍ നിന്നും പ്ലീനത്തിനു വന്ന താനടക്കം സകലരും പ്രതികളാകും. ഭയം മെല്ലെ നീരാളിയെപോലെ കൈകള്‍ നീട്ടി എന്നിലേയ്ക്കടുക്കുന്നു. ഇവിടെ വെച്ചെന്തെങ്കിലും സംഭവിച്ചാല്‍ നാട്ടില്‍ അപ്പച്ചന്‍ ,അമ്മച്ചി, എന്നെ സ്‌നേഹിക്കുന്നവര്‍... അടുത്തു  കണ്ട കോര്‍പറേഷന്‍ പൈപ്പിനു അരികിലിരുന്നു ദാഹം തീരുവോളം വെള്ളം മോന്തി കുടിച്ചു.

അപ്പച്ചന്‍ തന്ന 200 രൂപ പേഴ്‌സിലുണ്ട്. ജയിലിലായവര്‍ തിരികെ വരാന്‍ മിനിമം രണ്ടാഴ്ച എങ്കിലും എടുക്കും. അതിനു മുന്‍പു നാടെത്തണം. വിശക്കുന്നു.  രാവിലെ സമ്മേളന നഗരിയില്‍ വിതരണം ചെയ്ത ബ്രെഡും പഴവും മാത്രമാണ് കഴിച്ചത്. ഏതു നശിച്ച നേരത്താണോ കല്‍ക്കട്ട കാണണമെന്നു തോന്നിയത്. ഇവിടെ ഒരാള്‍ക്കും ഒന്നിനും സമയമില്ല. എല്ലാവരും അവരവരുടെ ജോലിയുമായി ഓടി നടക്കുന്നു. ഈ നാടിനെയാണോ ഞാന്‍ ഇത്രമേല്‍ സ്‌നേഹിച്ചത് !

പേഴ്‌സ് ലാത്തി ചാര്‍ജില്‍ എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു

അടുത്തു കണ്ട പഴക്കടയിലെ ആപ്പിള്‍ കൂടയില്‍ നിന്നും ഒരാപ്പിള്‍ എടുത്തു കടിക്കാന്‍ തുടങ്ങും മുന്‍പ് ഒന്നുറപ്പു വരുത്താനായി പോക്കറ്റില്‍ പരതി. പേഴ്‌സ് ലാത്തി ചാര്‍ജില്‍ എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. ആപ്പിള്‍ കടക്കാരന്റെ കൂടയില്‍ നിന്നും എടുത്ത ആപ്പിള്‍ അതു  പോലെ തിരികെ വെച്ചിട്ടു മുന്നോട്ടു നടന്നു. അപരിചിതമായ  ഭാഷ. അപരിചിതരായ ആളുകള്‍. അപരിചിതമായ ലോകം.  എനിക്കു മുന്നിലുള്ള വഴി നീണ്ടതും ദുര്‍ഘടം പിടിച്ചതുമാണെന്നു ഞാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഉള്ളില്‍ തിളച്ചു മറിയുന്ന വിശപ്പ്. പൈപ്പുവെള്ളം കുടിച്ചു കുടിച്ചു മതിയായിരിക്കുന്നു. തിരികെ സമ്മേളന നഗരിയിലേയ്ക്കു പോയാലോ? അവിടെ ഏതെങ്കിലും മലയാളികള്‍ ഉണ്ടാവും. അവരോടു സഹായം അഭ്യര്‍ത്ഥിക്കണം.

സമ്മേളന നഗരിയിപ്പോള്‍ പൂരം കഴിഞ്ഞ പൂര പറമ്പു പോലെ വിജനമാണ്. അങ്ങകലെ ഒരു കോണില്‍ ഒരു താടിക്കാരന്‍ ഞങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ ആണെന്നെനിക്കു തോന്നി. ഞാന്‍ ഓടി അയാളുടെ അടുത്തെത്തി  ഉച്ചത്തില്‍ വിളിച്ചു. 
 
'ചേട്ടാ ,ചേട്ടാ ...'

ജഡ പിടിക്കാറായ താടി രോമങ്ങള്‍ തടവി അയാളെന്റെ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി ചോദിച്ചു.

'തൂ മി കോ ? (നിങ്ങളാരാണ് )'

എനിക്കു തെറ്റിയിരിക്കുന്നു. അയാള്‍ ബംഗാളിയാണ്. വിശപ്പും ദാഹവും കാരണം ഞാന്‍ ക്ഷീണിച്ചു അവിടെ തന്നെ ഉറങ്ങി പോയി. ഉണരുമ്പോള്‍ നഗരം വീണ്ടും തിരക്കിലാണ്. ആരോടെങ്കിലും എന്തെങ്കിലും ചോദിക്കണമെന്നുണ്ട്. പക്ഷെ ഭാഷ വലിയൊരു വെല്ലുവിളി തന്നെയാണ്. അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ പോയി കീഴടങ്ങുക. അവര്‍ സമയാസമയം ഭക്ഷണമെങ്കിലും തന്നേക്കും. ഞാന്‍ മുന്നോട്ടു നടന്നു.

ബാംഗ്ലാ ബന്ധു, നിങ്ങള്‍ ആരായിരുന്നു?

'അമര പ്രിയ പുത്രാ ....(എന്റെ പ്രിയപ്പെട്ട മകനെ )'

ആരോ എന്റെ  ചുമലില്‍ സ്പര്‍ശിച്ചു. ഞാന്‍ തിരിഞ്ഞു നിന്നു. വെളുത്ത താടി രോമങ്ങള്‍. നീണ്ടിറങ്ങിയ ചുരുണ്ട മുടികള്‍. എന്റെ ഓര്‍മ്മ ഒരു നിമിഷം നിശ്ചലമായി. പിന്നണിയില്‍ അവ്യക്തമായി ഒരു  പാട്ടു കേള്‍ക്കാം. കുഞ്ഞു നാള്‍ മുതല്‍ കേട്ടു ശീലിച്ച ഒരു ഗാനം.

'രവീന്ദ്ര നാഥ ടാഗോര്‍!'

എന്റെ ചോദ്യത്തിന് ഒരു പൊട്ടിച്ചിരിയായിരുന്നു ആ  വൃദ്ധന്റെ   പ്രതികരണം. അയാളെന്നെ അടുത്തുള്ള റൊട്ടിക്കടയിലേയ്ക്കു കൂട്ടി കൊണ്ടു പോയി ആനക്കാല്‍ വലിപ്പത്തിലുള്ള പൊരിഞ്ഞു പൊന്തിയ റൊട്ടിയും പരിപ്പു  കറിയും വാങ്ങി തന്നു. അത്രയും രുചികരമായ ഭക്ഷണം ഞാന്‍ അതിനു മുന്‍പു കഴിച്ചിട്ടില്ലെന്നു എനിക്കു തോന്നി. എന്റെ മനോഗതം മനസിലാക്കിയിട്ടെന്നവണ്ണം അയാളെന്നെ റെയില്‍വേ സ്റ്റേഷനിലേയ്ക്ക് കൂട്ടി കൊണ്ടു പോയി. അയാളുടെ പഴകി പിഞ്ചിയ തുകല്‍ പേഴ്‌സില്‍ നിന്നും രണ്ടു അഞ്ഞൂറിന്റെ നോട്ടുകള്‍ എന്റെ പോക്കറ്റില്‍ വെച്ചു തന്നു. അറിയാവുന്ന ഹിന്ദിയില്‍ ഞാനയാളോടു പേരു ചോദിച്ചു .

ഒഴുകുന്ന പുഞ്ചിരികള്‍ക്കിടയിലൂടെ അയാളാ പേരു പറഞ്ഞു. 

'ബംഗ്ലാ ബന്ധു'

അതൊരു വിചിത്രമായ പേരായി എനിക്കു തോന്നി. വാഗ്ദത്ത ഭൂമി കാണാതെ മരിച്ചു പോയ മോശയെപ്പോലെ ഒരു പരാജിതനായി കല്‍ക്കട്ടയില്‍ നിന്നും നാട്ടിലേയ്ക്കു ഞാന്‍ വണ്ടി കയറുകയാണ്. കല്‍ക്കട്ടാ റെയില്‍വേ സ്‌റ്റേഷനിലെ കളഞ്ഞു കിട്ടിയ വസ്തുക്കളുടെ ഇടയില്‍ എന്റെ പേഴ്‌സ് ഇരുനൂറു രൂപയുമായി എന്നെ കാത്തിരിക്കുന്നതായി ഞാന്‍ അറിഞ്ഞു. വൃദ്ധന്റെ സമ്മാനം മടക്കി നല്‍കാനായി ഞാന്‍ അയാളെ അവിടെയെല്ലാം  തിരഞ്ഞു നടന്നു. 

നോട്ടുനിരോധനം കഴിഞ്ഞിട്ടും മാറാതെ രണ്ടു അഞ്ഞൂറിന്റെ നോട്ടുകള്‍ ഞാനിപ്പോഴും എന്റെ പേഴ്‌സില്‍ സൂക്ഷിക്കുന്നു. എന്നെങ്കിലുമൊരിക്കല്‍ ബാംഗ്ലാ ബന്ധു എന്ന ആ വൃദ്ധന്‍ എന്റെ മുന്നില്‍ വീണ്ടും പ്രത്യക്ഷപ്പെടും. 

ബാംഗ്ലാ ബന്ധു, നിങ്ങള്‍ ആരായിരുന്നു? നല്ല മനസ്സുള്ള മനുഷ്യപുത്രനോ അതോ ദൈവം  പറഞ്ഞയച്ച മാലാഖയോ?

 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

 

Follow Us:
Download App:
  • android
  • ios