Asianet News MalayalamAsianet News Malayalam

മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!

Nee Evideyaanu Ajeesh Raman
Author
Thiruvananthapuram, First Published Jul 26, 2017, 3:06 PM IST

Nee Evideyaanu Ajeesh Raman
 

ഏറ്റവും പ്രിയപ്പെട്ട സേതുലക്ഷ്മി,

ഇന്നൊരു ശനിയാഴ്ചയാണ്. മുറിയിലെ എല്ലാവരും നാട്ടിലേക്ക് പോയിരിക്കുന്നു. അതുകൊണ്ടാവണം വല്ലാത്ത ഒരുതരം നിശബ്ദതയാണിപ്പോള്‍. നാനൂറിനുള്ളില്‍ കിട്ടുന്ന ഏതെങ്കിലും ഒരു റമ്മിന് ഈ രാത്രിയും നാളത്തെ ഞായറവധിയും കൂട്ടിരിക്കാം എന്ന് കരുതുന്നു. നാലഞ്ചു ദിവസമായി നല്ല മഴയാണ്. ഇടയ്ക്ക് ഒരു ദിവസം ഓഫിസില്‍ നിന്ന് വരുന്ന വഴി കുറെ നേരം നോക്കി. തോരുന്നില്ലെന്നു കണ്ടപ്പോള്‍ ഒരു സഞ്ചി വാങ്ങി. (അതിനിപ്പോള്‍ രണ്ടു രൂപ കൊടുക്കണം) തലയില്‍ കെട്ടി നടന്നു. നന്നായിത്തന്നെ നനഞ്ഞു. വഴികളിലൂടെ, മഴയുടെ നദികളിലൂടെ ഒഴുകി വീട്ടിലെത്തി.

എങ്ങനെ എഴുതി പൂര്‍ത്തിയാക്കിയാലും സേതു. ഇത് ഞാന്‍ നിനക്ക് അയക്കുന്നൊരു കത്താവില്ല. കാരണം എന്നോ വിലാസം നഷ്ടപ്പെട്ട് പോയ നമ്മളിലേക്ക് എങ്ങനെ ഒരു കത്ത് കയറിച്ചെല്ലും..? 

എങ്കിലും നിന്നെക്കുറിച്ചു ഇടയ്ക്കിടെ ഓര്‍ക്കുന്നു, അപ്പോഴെല്ലാം എഴുതുന്നു, മറ്റൊര്‍ത്ഥത്തില്‍ നിന്നെ ഓര്‍ക്കാന്‍ വേണ്ടി മാത്രം ഇപ്പോള്‍ എഴുതുന്നു. മേയ് മഴ പെയ്ത് തോര്‍ന്ന എനിക്ക് ചുറ്റും, നനഞ്ഞ വഴിവിളക്കുകളിലെ വെളിച്ചം. എനിക്ക് മുന്നില്‍ മഞ്ഞപ്പിത്തം പിടിച്ചു കിടക്കുന്ന നഗരം. ഞാനിപ്പോള്‍ റൂമിന്റെ മുകളിലെ വാട്ടര്‍ ടാങ്കിനും മുകളില്‍ മിണ്ടാതെ ഫോണില്‍ തോണ്ടി ഒരു സിഗരറ്റും വലിച്ചു കൊണ്ടിരിക്കുന്നു. ഫോണിലെ 'രണ്ടു കട്ട' കിട്ടുന്ന വൈഫൈ ഓണാക്കി നിന്റെ അണ്‍ ഫ്രണ്ട് ചെയ്ത പ്രൊഫൈലില്‍ കേറി പുതിയ ഫോട്ടോസെല്ലാം നോക്കുന്നു. നീ കുറച്ചു തടിച്ചിട്ടുണ്ടെന്നു തോന്നുന്നു. പിന്നെ നിന്റെ സെല്‍ഫികളില്‍ ആപ്പുകളുടെ മോശമല്ലാത്ത സ്വാധീനമുള്ളതിനാല്‍ തന്നെ ഞാന്‍ സൗന്ദര്യത്തെക്കുറിച്ചു പറയാന്‍ മെനക്കെടുന്നില്ല.

എന്നോ വിലാസം നഷ്ടപ്പെട്ട് പോയ നമ്മളിലേക്ക് എങ്ങനെ ഒരു കത്ത് കയറിച്ചെല്ലും..? 

നിശ്ശബ്ദതയുടെ ശബ്ദം മാത്രമുള്ള രാത്രിയുടെ ശേഷിപ്പില്‍ വെറുതെ ഞാന്‍ നമ്മുടെ പഴയ ചാറ്റ് ബോക്‌സ് തുറന്നു. നിന്നെ ആദ്യം കണ്ടത് എന്നാണെന്നു ഓര്‍മ്മയുണ്ടോ..? സേതുവിനോട് ഞാന്‍ ആദ്യം സംസാരിച്ചതെന്തായിരുന്നു..? 

കഴിഞ്ഞതിനും മുമ്പത്തെ ഡിസംബര്‍ രണ്ടിന്റെ വെയിലില്‍ ക്യാന്റീനില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ചു വരുന്ന തന്നെയും കാത്ത് യൂണിവേഴ്‌സിറ്റി പോര്‍ട്ടിക്കോവിന് മുന്നില്‍, ആ ചെറുമരത്തിനു താഴെ വിജില്‍ ലാല്‍ ചാരി വെച്ച ബൈക്കിന്റെ മുകളില്‍ ഞാനിരുന്നു. 

'എനിക്ക് ഇയാളോട് ഒരു കാര്യം പറയാനുണ്ട്. സംഗതി ഇന്‍ഫോര്‍മലായി എല്ലാവരും പറഞ്ഞു നിനക്കറിയാമായിരിക്കും. അത് ഫോര്‍മലായി പറയാന്‍ ആണ് വന്നത്. എനിക്ക് നിന്നെ ഇഷ്ടമാണ്. ഇഷ്ടം ഇന്‍ ദി സെന്‍സ് പ്രേമം തന്നെയാണ്. സീരിയസായിട്ടാണ്. കല്യാണം കഴിച്ചാല്‍ കൊള്ളാമെന്നുണ്ട്..'

നീ തിരിച്ചൊന്നും പറയാതെ വെറുതേ 'ഇതൊക്കെ എത്ര കേട്ടിരിക്കുന്നു' എന്ന മട്ടില്‍ എന്നെത്തന്നെ നോക്കി നിന്നു. ഒടുവില്‍ സുദീര്‍ഘമായ എന്റെ പ്രഭാഷണം ഞാന്‍ ഇങ്ങനെ ചുരുക്കി: 

'ഞാന്‍ നാളെ IFFKയ്ക്ക് പോവുകയാണ്. മറുപടി പത്തു ദിവസം കഴിഞ്ഞിട്ടു മതി..' 

തിരുവനന്തപുരത്തേക്കുള്ള തീവണ്ടിദൂരം ഒരു തരത്തില്‍ അങ്ങനെ ഒരു രക്ഷപ്പെടല്‍ കൂടിയായി. അവിടത്തെ സിനിമാ കാഴ്ചകളും കഴിഞ്ഞു തിരികെ നാട്ടിലെത്തി ഞാന്‍ നിന്നെ ചാക്കിട്ടു പിടിക്കാനിറങ്ങി. നമുക്കിടയിലുള്ളതെല്ലാം വെര്‍ച്വല്‍ ഹാഷ് ടാഗുകളായ കാലത്ത്, ആദ്യപടിയെന്നോണം ഞാന്‍ ഇപ്പോഴുള്ള ഇതേ ഇവിടെ റിക്വസ്റ്റ് അയച്ചു, മെസ്സേജ് അയച്ചു, മെസന്‍ജറിന്റെ മോളിലേക്ക് സ്‌ക്രോള്‍ ചെയ്തു വിടുമ്പോള്‍ കാണാം ആരംഭദശകങ്ങളിലെ ആദ്യത്തെ എന്റെ മാത്രം മെസ്സേജുകള്‍...! 

സേതുവിനറിയോ ഈ ലോകത്തെ ഏറ്റവും കൂടുതല്‍ ശുഭാപ്തി വിശ്വാസമുള്ളവര്‍ കാമുകികാമുകന്മാരാണ്.

'പ്ലീസ്, ആക്‌സപ്റ്റ്..പ്ലീസ്..'എന്നു അയച്ചിട്ട്, പിന്നെയും പിന്നെയും 'പ്ലീസ്' അയച്ചു കൊണ്ടിരുന്നിട്ടും അതിനൊന്നും റിപ്ലെ ഇല്ലാതിരുന്നിട്ടും സര്‍ക്കാര്‍ ആശുപത്രീന്ന് പനിക്ക് പുറത്തു നിന്ന് വാങ്ങനെഴുതിത്തരണ ഗുളിക പോലെ 'ഒന്നു വീതം മൂന്നുനേരം' പോലെ ഗുഡ്‌മോര്‍ണിംഗും, ആഫ്റ്റര്‍നൂണും, നൈറ്റും.. ഭംഗിക്ക് ടേക്ക് കെയറും ഞാനിങ്ങനെ പറത്തി വിട്ടുകൊണ്ടിരുന്നു. നീ മൈന്‍ഡ് ചെയ്യാതിരുന്ന ചാറ്റ് ബോക്‌സിന്റെ തുടക്കങ്ങള്‍, എന്റെ മാത്രം സംസാരങ്ങളെ, സംഭാഷണങ്ങളെ, സന്ദേശങ്ങളെ അടയാളപ്പെടുത്തി പ്രതിധ്വനികളില്ലാത്ത ശബ്ദങ്ങളെന്ന പോലെ ദാ ഇവിടെയിപ്പോഴും കിടപ്പുണ്ട്. പിന്നെ എപ്പോഴോ 'പിന്നാലെ നടക്കേണ്ട.. ഇതൊന്നും നടക്കൂല' എന്ന് നിന്റെ മെസ്സേജ് വരുന്നു. സന്തോഷം തോന്നി. തനി ചാറന്‍ കാമുകന്മാരെപ്പോലെ 'താന്‍ അത് പറയാന്‍ എങ്കിലും മിണ്ടിയല്ലോ' എന്ന് കരുതി പോസിറ്റീവ് അടിച്ചു പണ്ടാരമടങ്ങി. 

സേതുവിനറിയോ ഈ ലോകത്തെ ഏറ്റവും കൂടുതല്‍ ശുഭാപ്തി വിശ്വാസമുള്ളവര്‍ കാമുകികാമുകന്മാരാണ്. പരസ്പരം കുറച്ചു പൊതുകാര്യങ്ങള്‍ മിണ്ടി അങ്ങനെയൊരു മഞ്ഞുരുക്കലിന് ശേഷം എല്ലാ ആണ്‍പിള്ളേരുടെയും പോലെ ഞാനന്ന് നീയുമായി ഒരു വ്യാജ ഉടമ്പടിയില്‍ ഒപ്പുവച്ചു. 'നമുക്ക് നമുക്ക് നല്ല സുഹൃത്തുക്കളാകാം. അതിനപ്പുറം ഒന്നുമില്ല'. പ്രേമം എന്ന വാക്ക് എന്റെ 'പാതി പ്രേമ കഥയില്‍' ഇനി പറയില്ലെന്ന ഉറപ്പിന്മേല്‍ ഒടുവില്‍ സേതു എന്റെ ഫ്രണ്ട്ഷിപ്പ് റിക്വസ്റ്റ് ആക്‌സപ്റ്റ് ചെയ്യുന്നു.

എന്തൊക്കെയാണെന്നും എന്തിനാണെന്നും ഇപ്പോള്‍ വായിക്കുമ്പോള്‍ എനിക്ക് തന്നെ അധികം നിശ്ചയമില്ലാത്ത ഒരുപാടു ചോദ്യങ്ങള്‍. അതിന് വലിയ താല്‍പര്യമൊന്നും കാണിക്കാത്ത നിന്റെ മറുപടികള്‍. ഒഴിവാക്കാന്‍ 'ഉറക്കം വരുന്നു' എന്ന് പറഞ്ഞു നീ മെല്ലെ ഓഫ്‌ലൈനുകളിലേക്ക് ഊളിയിട്ടിറങ്ങും. പിന്നീട് ഒരു മെസഞ്ചര്‍ ദൂരത്ത് വീണ്ടും കാണുമ്പോള്‍ ഞാന്‍ വല്ലതുമൊക്കെ അയക്കും. നിന്റെ ലിസ്റ്റിലെ വേണ്ടപ്പെട്ട മറ്റുള്ളവര്‍ക്ക് വേണ്ടി 'പച്ച വെളിച്ചം' വീതിച്ചു നല്‍കുമ്പോള്‍ പൊതുവേ വൈകി വരാറുള്ള മെസേജുകള്‍. എന്റെ വിശേഷങ്ങളും കാര്യങ്ങളുമെല്ലാം ഞാന്‍ ഒന്നും രണ്ടും പാരഗ്രാഫുകളിലാക്കി അയക്കുമ്പോള്‍ 'ഉം' എന്നോ 'ആ' എന്നോ 'ഓകെ' എന്നോ ഒക്കെ പറഞ്ഞു നീ വാക്കുകളെ പിശുക്കും. നിന്റെ മറുപടിയിലെ ഒറ്റവാക്കില്‍ ഒരു മഹാസമുദ്രം തുഴയുന്ന എനിക്ക് അതൊന്നും വലിയ വിഷയമായിരുന്നില്ല. ശേഷം കാലത്തില്‍ ഞാന്‍ നിനക്കൊരു 'വെറും അല്ലാത്ത' ഫ്രണ്ട് ആവുന്നു. നിന്റെ അസംഖ്യം സൗഹൃദ ശ്രേണിയിലെ വലിയ തെറ്റില്ലാത്ത ഒരു സംഖ്യയാകുന്നു. ഇത് മുതലെടുത്ത് ഉടമ്പടി ഭേദഗതി വരുത്തി നമ്മളിലെ 'ചങ്കരന്‍ കാമുകന്‍' ഇടയ്‌ക്കൊക്കെ ഓടിക്കേറാന്‍ നോക്കുന്ന മണ്ടയില്ലാത്ത തെങ്ങുകള്‍. അപ്പോള്‍ത്തന്നെ 'ഗുഡ്‌നൈറ്റ്' എന്ന നിന്റെ മെസേജ്. നീ കോറിവിട്ടവയെല്ലാം ഇവിടെയിപ്പോഴും തിരുശേഷിപ്പെന്നപോലെ തന്നെ കിടപ്പുണ്ട്.

'നീ പറ..ഞാന്‍ പറ..നിറപറ..' ആവര്‍ത്തനങ്ങളുടെ വീണ്ടുമാവര്‍ത്തനങ്ങള്‍. 

എപ്പോഴാണ് ഞാനും സേതുവും നല്ല സുഹൃത്തുക്കള്‍ ആകുന്നത്? ആ ഒരു ബിന്ദുവില്‍ കേന്ദ്രികരിച്ച് നമുക്ക് സൗഹൃദത്തിന്റെ ഒരു ബൃഹദ് വൃത്തം വരയ്ക്കാന്‍ പറ്റുന്നു. പ്രണയത്തേക്കാള്‍ നല്ല കുറേ കാര്യങ്ങള്‍ സംവദിക്കാന്‍ പറ്റുന്നു. നിന്റെ ചാറ്റിടങ്ങളില്‍ എനിക്കും നല്ലൊരു സ്ഥലം കിട്ടുന്നു. നീ എന്നോട് അധികം നുണകള്‍ പറയാതിരിക്കുന്നു, എല്ലാത്തിലുമുപരി നമ്മള്‍ കൂടുതല്‍ മനസിലാക്കുന്നു. രാവിലെ ചെന്ന് വൈകുന്നേരത്തിനുള്ളില്‍ ഓടിത്തീര്‍ക്കുന്ന, ഒരേ ക്യാമ്പസിലെ തീര്‍ത്തും വിഭിന്നമായ രണ്ടു ഡിപ്പാര്‍ട്ടുമെന്റുകളെ പറ്റി, ക്ലാസ്സ്മുറികളെ പറ്റി, കലാലയ നടപ്പുകളെ പറ്റി, സിലബസുകളെപ്പറ്റി സംസാരിച്ചുക്കൊണ്ടിരിക്കുന്നു. എനിക്കോര്‍മ്മയുണ്ട്, സേതു അധികമെങ്ങനെ ക്ലാസ്സിനു പുറത്തിറങ്ങാത്ത ഒരാളായിരുന്നു. പഠിക്കുന്ന കോഴ്‌സ് 'ജേര്‍ണലിസം' ആയതുകൊണ്ട് തന്നെ എനിക്കാണെങ്കില്‍ ക്ലാസ്സങ്ങനെ ഉണ്ടാകാറുമില്ല. ഞാനധികവും 'ഫീല്‍ഡ് വര്‍ക്കുകളില്‍' വ്യാപൃതനായിരിക്കും. എന്റെ ഫീല്‍ഡ് വര്‍ക്കുകള്‍ ക്യാന്റീനിലെ പൊടിച്ചായയിലും, ഭരതേട്ടന്റെ കടയിടുക്കിലെ കിങ്‌സിന്റെ പുകയെടുക്കുക്കാത്ത മഞ്ഞപ്പിന്റെ ശേഷിപ്പിലും, കാടുമൂടിയ പാര്‍ക്കിന്റെ കോണുകളിലുമൊക്കെ തകൃതായി പോകും. ഞങ്ങള്‍ കുറച്ചു പേര്‍ സിനിമയും രാഷ്ട്രീയവും ആനുകാലികവും ഒക്കെ സംസാരിക്കും. 

മറുപുറം നീയിപ്പോള്‍ ലാബിലിരുന്നു പ്രോഗ്രാമിങ് ഭാഷയില്‍ ഏതോ കുറെ അരൂപികളോട് ലാപ്പില്‍ നോക്കി സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ടാകണം. ഒരര്‍ത്ഥത്തില്‍ സേതുവും ലാബില്‍ പൊടിപിടിച്ച അവിടെ അധികം ആരും ഓണാക്കാതെ ഒഴിവാക്കിയ ഹാങ്ങ് ആവുന്ന കംപ്യൂട്ടറുകളും ഒരുപോലിരുന്നു എന്നൊക്കെ സിംബോളിക്കലി പറയാം.

നമ്മള്‍ നല്ല ഓണ്‍ലൈന്‍ സുഹൃത്തുക്കളായിരുന്നെങ്കില്‍ കൂടി ക്യാമ്പസില്‍ കാണുമ്പോള്‍ വടുകുന്ദയിലെ പൂരചന്തേല്‍ കണ്ട പരിചയം പോലും കാണിക്കില്ലെങ്കിലും ഇടയ്‌ക്കൊക്കെ കടാക്ഷിക്കാറും ഉടയ്ക്കാറുമൊക്കെയുള്ള കണ്ണുകള്‍, ഉച്ചയ്ക്ക് ക്യാമ്പസിലെ പാര്‍ക്കില്‍ നീ വരുമെന്ന പ്രതീക്ഷയില്‍ ഞാന്‍ അവിടെ അളന്നു തിട്ടപ്പെടുത്തിയ വിസ്തീര്‍ണങ്ങള്‍, ബസ്സിനോടുന്ന നിന്നെക്കാത്ത് പോര്‍ട്ടിക്കോവിലിരുന്ന വൈകുന്നേരങ്ങള്‍.ഒടുവിലെപ്പോഴോ ഇതിന്റെ പകുതിയില്‍, നിനക്കു കൂടി എനിക്ക് ആദ്യം തോന്നിയ ആ ഒന്നു തോന്നുമ്പോള്‍ എന്റെ പാതി പ്രേമം പൂര്‍ണമാകുന്നു. നീ ഏറെക്കുറെ എന്റെ പ്രാണന്റെ പാതിയുമാകുന്നു. എന്നിട്ടും സേതു അത് തുറന്നു പറയാന്‍ മടിച്ചു. ഒടുവില്‍ ഇതേ ഇവിടെ കുറച്ചു മഞ്ഞ മൊട്ടത്തലയന്മാരെ ദൂതയച്ചു നീ കാര്യം പാതി സമ്മതിച്ചു. എല്ലാ പ്രേമത്തിലെയും സ്ഥിരം ക്‌ളീഷെയായ ആരും അറിയില്ലെന്ന ഉറപ്പുകള്‍. 'ആ ഉറപ്പൊഴികെ' ബാക്കിയെല്ലാം അധികം വൈകാതെ ക്യാമ്പസില്‍ കുംഭത്തിന്റെ ആരംഭത്തില്‍ എല്ലാവരും അറിയുകയും ചെയ്യുന്നു.

പിന്നീട് പ്രണയകാലത്തില്‍ അധികം ഒന്നും സംസാരിക്കാനില്ലാത്ത ചാറ്റ് ബോക്‌സുകള്‍. കുറേ മഞ്ഞ മൊട്ടത്തലയന്‍ പടയാളികള്‍ തലയറുത്തിട്ട വാക്കുകള്‍. 'നീ പറ..ഞാന്‍ പറ..നിറപറ..' ആവര്‍ത്തനങ്ങളുടെ വീണ്ടുമാവര്‍ത്തനങ്ങള്‍. 

എന്തുകൊണ്ടാണ് ഞാന്‍ സേതുവിനെ ഇഷ്ടപ്പെട്ടത്..? സേതു എന്നെ ഇഷ്ടപ്പെട്ടത്..?

ഇതുവരെയില്ലാതിരുന്ന പരാതികള്‍, പരിഭവങ്ങള്‍. അടികൂടിയാല്‍ രണ്ടോ മൂന്നോ ദിവസം പണിയില്ലാതിരിക്കുന്ന ചാറ്റ് കോളങ്ങള്‍. വളരെ മലയാളം തര്‍ജ്ജമയില്‍ 'നിന്നെ നഷ്ടപ്പെട്ട് പോയെന്നു തോന്നുമ്പോള്‍' നിനക്ക് വേണ്ടി ചാറ്റ് ബോക്‌സിനു താഴെ വാക്കുകളെ, കൃത്യമായി 'സോറികളെ' പ്രസവം ധരിച്ചും അതിനെ ബാക്ക് സ്‌പെയ്‌സടിച്ചു അബോര്‍ട്ടു ചെയ്തും നിന്റെ ലാസ്റ്റ് സീനും നോക്കിയിരിക്കുന്ന എന്റെ രാത്രികള്‍. വീണ്ടും മിണ്ടാന്‍ തുടങ്ങിയാല്‍ വരുന്ന, തരുന്ന തുരു തുരു ഉമ്മകള്‍. ആ മിണ്ടാത്ത മൊട്ടത്തലയന്മാരുടെ തുള്ളിച്ചാട്ടങ്ങള്‍, മന്ദഹാസങ്ങള്‍, പൊട്ടിച്ചിരികള്‍, പുച്ഛിക്കലുകള്‍, കൂളിംഗ് ഗ്ലാസിടല്‍, കിസ്സടിക്കല്‍, കണ്ണടിക്കല്‍, ഹൃദയങ്ങളെ പരസ്പരം പറത്തിവിടല്‍...! 

പിന്നെയെപ്പോഴോ ഒരാഴ്ചയും അതിലധികവുമൊക്കെ ഒന്നും മിണ്ടാതിരിക്കുന്ന ചാറ്റ്‌ബോക്‌സ്. നമ്മള്‍ നിന്നെയോ എന്നെയോ നമ്മളെത്തന്നെയോ മാത്രം ഉദ്ദേശിച്ചു അന്നേരം പ്രൊഫൈലില്‍ ഇടുന്ന അപ്‌ഡേറ്ററുകള്‍, ഗൂഗിള്‍ ക്വോട്ടുകള്‍,ഇമോജികള്‍. പിന്നീട് മിണ്ടുമ്പോഴും പരസ്പരം നമ്മളിലെല്ലങ്കിലും 'ഞാനും' 'നീയും' ഉണ്ടാകും എന്നു വിചാരിക്കുന്നതിനു ശേഷം വലിയ താല്പര്യമില്ലാത്ത ടോണിലുള്ള കുറച്ചു മെസേജുകള്‍. നിനക്കു വരുന്ന കല്യാണ ആലോചനകളെയൊക്കെ പറ്റിയുള്ള വാചലതകള്‍. അല്ലെങ്കില്‍ പുതിയ സൗഹൃദങ്ങളെപ്പറ്റിയുള്ള പരസ്പരം പറയലുകള്‍. ഭൂതത്തെ കുപ്പിയിലാക്കാനുള്ള കണ്‍കെട്ടുകള്‍. കണ്ടുമുട്ടലുകള്‍, കൂടിച്ചേരലുകള്‍, പിരിഞ്ഞു പോക്കുകള്‍, പറിച്ചെറിയലുകള്‍. ഇതിനൊക്കെയിടയിലുള്ള മെസഞ്ചര്‍ ബോക്‌സിന്റെ കാലദൂരമാണ് നമ്മുടെ രണ്ടുപേരുടെയും ജീവിതം. ഒരു ഗുഡ് ബൈയ്ക്കു ശേഷം ഒന്നും മിണ്ടാതെയുള്ള ചാറ്റിടം. 

എന്തുകൊണ്ടാണ് ഞാന്‍ സേതുവിനെ ഇഷ്ടപ്പെട്ടത്..? സേതു എന്നെ ഇഷ്ടപ്പെട്ടത്..? ഒടുവില്‍ ഒരു പോലെ ഇത് അവസാനിപ്പിച്ചത്..? അത് ഞാന്‍ എഴുതാതിരുന്നതല്ല. എനിക്ക് അറിയില്ല. സത്യമായിട്ടും അറിയില്ല. അറിഞ്ഞാല്‍ ഇതൊരു പ്രണയമാകില്ലെന്നു മാത്രമറിയാം. രണ്ടു പേര്‍ തമ്മിലുള്ള ഏറ്റവും വലിയ സാമ്യം അവര്‍ തമ്മില്ലുള്ള വ്യത്യാസങ്ങളാണ്. ഒന്നും ഒരുപോലെയില്ലാത്ത, ഒരുപോലെ നിലനില്‍ക്കാത്ത ഇവിടെ നമുക്ക് വ്യത്യസ്തരായിത്തന്നെ ജീവിക്കാം. ഇടയ്‌ക്കെപ്പോഴെങ്കിലും ഇങ്ങനെയോര്‍ക്കാം. ഈ മുറിയില്‍ ഇന്ന് ഒറ്റപ്പെട്ടു പോയതിന്റെ വിരസത മാറ്റാനെന്നോണം എഴുതി. ഇപ്പോള്‍ കഴിയുമ്പോള്‍ കൂടുതല്‍ ഒറ്റപ്പെട്ട പോലെ. കുറച്ചധികം ഭാരമുള്ള ഓര്‍മ്മകള്‍, രൂപങ്ങളില്ലാത്ത അക്ഷരങ്ങള്‍, തെളിയാത്ത പേനകള്‍, നമ്മളെ അടയാളപ്പെടുത്തി വച്ച കാലങ്ങള്‍...! 

സേതു എന്നെ ഓര്‍ക്കുമോ എന്നെനിക്കുറപ്പില്ല. എങ്കിലും ഓര്‍ക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. ഒന്നുമില്ലെങ്കിലും മറക്കാന്‍ വേണ്ടിയെങ്കിലും ഓര്‍ക്കുക. എന്റെ നിനക്ക്, ഏറ്റവും പ്രിയപ്പെട്ട കാമുകിയ്ക്ക് ആശംസകള്‍ നേര്‍ന്നു നിര്‍ത്തുന്നു. എവിടെയായാലും സന്തോഷമായിരിക്കുക, നന്മകളുണ്ടാകട്ടെ..!

സ്‌നേഹപൂര്‍വ്വം,

അജീഷ് രാമന്‍ 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

Follow Us:
Download App:
  • android
  • ios