Asianet News MalayalamAsianet News Malayalam

അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?

Nee Evideyaanu Aysha Sana
Author
Thiruvananthapuram, First Published Jul 20, 2017, 7:25 PM IST

Nee Evideyaanu Aysha Sana

വാത്സല്യം ചേര്‍ത്തു കുഴച്ച ഓരോ ഉരുളച്ചോറും വാരിത്തരുമ്പോള്‍ ഹന്നത്ത് ടീച്ചറിന്റെ  കണ്ണുകള്‍ നിറഞ്ഞിരുന്നു. ഹൃദയത്തിനുള്ളില്‍ എവിടെയോനിന്ന് ഉറവയെടുക്കുന്ന ആ കണ്ണീരിന്റെ അര്‍ഥം അന്ന് വെറും ഏഴു വയസ്സുകാരിയായ എനിക്ക് മനസ്സിലായിരുന്നില്ല. എന്തിനാണീ ടീച്ചര്‍ കരയുന്നത് എന്ന സംശയം അന്നും ഉള്ളിലുണ്ടായിരുന്നിരിക്കണം. പക്ഷേ, ഞാനതൊരിക്കലും ടീച്ചറോടു ചോദിച്ചില്ല. 

ഇന്നിപ്പോള്‍ നീണ്ട ഇരുപതിലേറെ വര്‍ഷങ്ങള്‍ക്കിപ്പുറം മുതിര്‍ന്ന പെണ്ണായി, അമ്മയായി നില്‍ക്കുമ്പോള്‍ എനിക്കു മനസ്സിലാവുന്നുണ്ട്, ഹന്നത്ത് ടീച്ചറുടെ ആ കണ്ണീരിന്റെ അര്‍ഥം. ഈ ഓര്‍മ്മക്കുറിപ്പ് ആരെങ്കിലുമൊക്കെ വഴി ഹന്നത്ത് ടീച്ചറിലെത്തുകയും ഭൂമിയുടെ ഏതെങ്കിലുമൊരു കോണില്‍വച്ച് ടീച്ചറെ വീണ്ടും കാണാനാവുകയും ചെയ്താല്‍, കെട്ടിപ്പിടിച്ച് എനിക്കു പറയണം, ടീച്ചര്‍ ആരുമറിയാതെ ഉരുളയൂട്ടി വളര്‍ത്തിയ കുഞ്ഞായിശക്ക് ഇപ്പോഴാണ് ആ നെഞ്ചിലെ മാതൃസ്‌നേഹം മനസ്സിലായതെന്ന്..!

കുട്ടികളുടെ ഏകാന്തത എന്നും കുട്ടികളുടേതു മാത്രമാണ്. യുക്തിരഹിതമായ ആ ഏകാന്തതകള്‍ മുതിര്‍ന്നവര്‍ക്ക് തിരിച്ചറിയാനാകണം എന്നുപോലുമില്ല. പലതുകൊണ്ടും പലപ്പോഴും ഏകാന്തമായിരുന്നു എന്റെ കുഞ്ഞുന്നാളുകള്‍.

അബൂദബിയിലെ ബദാസായിദിലെ  ചെറിയൊരു ഇന്ത്യന്‍ സ്‌കൂളിന്റെ ചുറ്റുവട്ടത്തെവിടെയൊക്കെയോ ആയിരുന്നു സ്‌കൂള്‍ ഇടനേരങ്ങളില്‍ ഒറ്റയ്ക്കു കുഞ്ഞായിശയുടെ നില്‍പ്പ്. അധികമാരോടും മിണ്ടാത്ത, കാരണമില്ലാത്ത പേടികളാല്‍  കഴിവതും ആരുടെയും കണ്ണില്‍പ്പെടാതെ മറഞ്ഞുനിന്ന ഏഴു വയസ്സുകാരി. നാലുപാടും അനന്തമായി നീളുന്ന മരുഭൂമി മാത്രം.

ഇന്നത്തെ ബദാസായിദല്ല, അന്ന്. ഇന്ത്യക്കാര്‍ വളരെ കുറവാണ്. തവിട്ടു ചായമടിച്ച രണ്ടു ചെറിയ വില്ലകള്‍ ചേര്‍ത്തുണ്ടാക്കിയ ഗയാത്തി ഇന്ത്യന്‍ സ്‌കൂളില്‍ അന്ന് വളരെക്കുറച്ചു കുട്ടികളേയുള്ളൂ. എന്റെ കുടുംബത്തിന്റെ കൂടി പങ്കാളിത്തത്തോടെ തുടങ്ങിയതായിരുന്നു ആ കൊച്ചു സ്‌കൂള്‍. ഇന്ത്യയുടെ പലനാടുകളില്‍ നിന്നുള്ള പലഭാഷക്കാരായ കുട്ടികള്‍. അവര്‍ക്കിടയില്‍ ഒറ്റപ്പെട്ടുനിന്ന രണ്ടാം ക്ലാസുകാരി ആയിശയെ ക്ലാസ്ടീച്ചറായ ഹന്നത്ത് മാം ഏതൊരു നിമിഷത്തിലാണ് കണ്ടെടുത്തത് എന്നിപ്പോള്‍ കൃത്യമായി എന്റെ ഓര്‍മ്മയിലില്ല. കൂട്ടില്‍നിന്നു വീണുപോയ കിളിക്കുഞ്ഞിനെ അമ്മപ്പക്ഷി കണ്ടെത്തുന്നതുപോലെ ഒരു നിമിഷമായിരുന്നിരിക്കണം അത്. ഒരു തൂവല്‍സ്പര്‍ശം മാത്രമേ ഓര്‍മ്മയിലുള്ളൂ, ഏതോ ചില കിളിക്കൊഞ്ചലുകളും.

ചെറിയ മുറിയിലായിരുന്നു ഹന്നത്ത് ടീച്ചറുടെയും ഭര്‍ത്താവ് മുബാറക് സാറിന്റെയും താമസം

സ്‌കൂളിനു പിന്നില്‍ത്തന്നെയുള്ള ചെറിയ മുറിയിലായിരുന്നു ഹന്നത്ത് ടീച്ചറുടെയും ഭര്‍ത്താവ് മുബാറക് സാറിന്റെയും താമസം. സ്‌കൂളിലെതന്നെ അക്കൗണ്ടന്റായിരുന്നു മുബാറക് സാര്‍. സ്‌കൂളിലെ ആഘോഷ പരിപാടികളിലൊന്നിലും പങ്കെടുക്കാതെ ഒളിച്ചുമാറിനിന്ന ആയിശയെ ഹന്നത്ത് മാം സ്‌കൂളിനു പിന്നിലെ ആ താമസമുറിയിലേക്കു കൊണ്ടുപോയി പാട്ടും കഥകളും പഠിപ്പിച്ചു തുടങ്ങിയത് എന്നാണെന്നും എനിക്കിപ്പോള്‍ ഓര്‍മ്മയില്ല. പക്ഷേ, അന്നു ടീച്ചര്‍ ചൊല്ലിത്തന്ന പാട്ടുകളും പഠിപ്പിച്ച കണക്കും വാരിത്തന്ന മധുരവും ഉള്ളില്‍ത്തന്നെയുണ്ട്. 

മണല്‍പ്പരപ്പിലെ ആ ഒറ്റമുറി വീടിനു മുന്നിലും ടീച്ചര്‍ നനച്ചുവളര്‍ത്തിയിരുന്ന പത്തുമണിച്ചെടികളുടെ നിറംപോലും ഉള്ളിലുണ്ട്. ചില ഓര്‍മ്മകള്‍ അങ്ങനെയാണ്, കാലം അവയുടെ നിറം കൂട്ടുകയേയുള്ളൂ. 

ആ സ്‌കൂളില്‍ പിന്നീട് എന്റെ എല്ലാ നേട്ടങ്ങള്‍ക്കും പിന്നില്‍ ടീച്ചറായിരുന്നു. എല്ലാ മത്സരങ്ങള്‍ക്കും എന്റെ പേരു കൊടുക്കുന്നതും എന്നെ ഒരുക്കുന്നതും ടീച്ചര്‍ മാത്രമായിരുന്നു. പ്രച്ഛന്നവേഷ മത്സരത്തിനായി ടീച്ചര്‍ പഠിപ്പിച്ചുതന്ന ആ പാട്ടുപോലും ഓര്‍മ്മയിലുണ്ട്. 'കൈ നോക്കാനുണ്ടോ, കൈ.. കൈ നോക്കി ചൊല്ലാം.. മുഖം നോക്കി ചൊല്ലാം'.  ദേഹമാകെ കരിപൂശി ആ പാട്ടും പാടി സ്‌റ്റേജിലെത്തിയ എനിയ്ക്കു കിട്ടിയ കയ്യടികളും മനസ്സിലുണ്ട്.

ഒരുപക്ഷേ, മുതിര്‍ന്നവര്‍ക്കൊക്കെ വളരെ നിസ്സാരമെന്നു തോന്നാവുന്ന അത്തരം വിജയങ്ങളും സമ്മാനങ്ങളുമാണ് ഏതൊരു കുട്ടിയുടെയും ലോകത്തെ വലിയ കിരീടങ്ങള്‍. ജീവിതത്തെ ആത്മവിശ്വാസത്തോടെ കാണാന്‍ അവളെയും അവനെയും ഒരുക്കുന്നത് ആ ചെറിയ ജയങ്ങളാണ്. എനിക്കും അതങ്ങനെത്തന്നെയായിരുന്നു. 

Nee Evideyaanu Aysha Sana

പഴയ ചിത്രം. ചിത്രത്തില്‍ വലതു വശത്തു നില്‍ക്കുന്നതാണ് ഹന്നത്ത് ടീച്ചര്‍.

പക്ഷേ, എന്റെ വിജയങ്ങള്‍ക്കു പിന്നില്‍ താനാണെന്ന് ആരുമറിയാന്‍ ഹന്നത്ത് ടീച്ചര്‍ ഒരിക്കലും ഇഷ്ടപ്പെട്ടില്ല. ഞാന്‍ സമ്മാനം വാങ്ങിയപ്പോഴൊക്കെ ടീച്ചര്‍ ആള്‍ക്കൂട്ടത്തിലിരുന്ന് ആദ്യം കൈയടിച്ചു തുടങ്ങുന്നതും ഏറ്റവും ഒടുവില്‍ മാത്രം കൈയടി നിര്‍ത്തുന്നതും മനസ്സിലുണ്ട്. സമ്മാനം വാങ്ങിയിറങ്ങുന്ന എന്നെ ആരും കാണാതെ മാത്രം ടീച്ചര്‍ ചേര്‍ത്തുപിടിച്ച് അഭിനന്ദിച്ചു. 'മിടുക്കി'യെന്ന് ചെവിയില്‍ പറഞ്ഞുതന്നു. എന്നോടുള്ള വാത്സല്യവും സ്‌നേഹവും അജ്ഞാതമായ ഏതോ കാരണത്താല്‍ ടീച്ചര്‍ മറ്റാരും കാണാതെ ഒളിച്ചുവച്ചു. ഞങ്ങള്‍ മാത്രമാകുന്ന നിമിഷങ്ങളില്‍ ആ വാത്സല്യം നിറഞ്ഞുതുളുമ്പി. 

എനിക്ക് താളബോധമുണ്ടെന്നും നൃത്തം ചെയ്യാന്‍ കഴിയുമെന്നും ആദ്യം പറഞ്ഞത് ടീച്ചറാണ്. ഒളിച്ചുമാറി നില്‍ക്കേണ്ട കുറവുകളൊന്നും കുഞ്ഞായിശക്ക് ഇല്ലെന്ന് ആദ്യം പറഞ്ഞുതന്നതും ടീച്ചറാണ്. ഗണിതപാഠങ്ങളുടെ കൂട്ടലിലും കുറയ്ക്കലിലും പേടിക്കാനൊന്നുമില്ലെന്നും ഏതക്കങ്ങളുടെ പ്രശ്‌നത്തെയും നേരിടാന്‍ എളുപ്പവഴികളുണ്ടെന്നും കാട്ടിത്തന്നതും ഹന്നത്ത് ടീച്ചറായിരുന്നു. സ്വതവേ അന്തര്‍മുഖയായ ഒരു പെണ്‍കുട്ടിയുടെ ഏറെക്കുറെ ശൂന്യമായ ബാല്യത്തെ ആ ചെറിയ ചെറിയ പ്രോത്സാഹനങ്ങള്‍ എത്രത്തോളം നിറമുള്ളതാക്കിയെന്ന് ഇന്നിപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ മനസ്സിലാവുന്നു. 

'സ്‌കൂള്‍ വിട്ടു കഴിഞ്ഞാല്‍ മോള്‍ സ്‌കൂളിനു പിന്നിലൂടെ ആരും കാണാതെ വീട്ടിലേക്കു വരണം, കേട്ടോ...' എന്നായിരുന്നു ടീച്ചര്‍ പറഞ്ഞിരുന്നത്. സ്‌കൂള്‍ വിടാനായി  ഞാന്‍ കാത്തിരിയ്ക്കാന്‍ തുടങ്ങി.

എന്റെ വിജയങ്ങള്‍ക്കു പിന്നില്‍ താനാണെന്ന് ആരുമറിയാന്‍ ഹന്നത്ത് ടീച്ചര്‍ ഒരിക്കലും ഇഷ്ടപ്പെട്ടില്ല.

ഒരിക്കല്‍ മുടി ചീകി പിന്നിത്തന്നുകൊണ്ടിരിക്കെ എന്നോടു ഹന്നത്ത് മാം ചോദിച്ചു, 'ടീച്ചര്‍ ഇവിടുന്നു പോകുമ്പോള്‍ മോള്‍ കൂടെ വരാമോ? മോളുടെ വീട്ടില്‍ വേറെയും കുട്ടികള്‍ ഉണ്ടല്ലോ, ടീച്ചര്‍ക്ക് വേറെ ആരുമില്ല..' 

അന്ന് എന്ത് ഉത്തരം പറയണമെന്നറിയാതെ നിന്ന ഏഴുവയസ്സുകാരിയുടെ നെറ്റിയില്‍ ടീച്ചര്‍ ഉമ്മവച്ചപ്പോള്‍ ഒരു തുള്ളി കണ്ണീരിന്റെ ചൂടുകൂടി പതിഞ്ഞിരുന്നു. ഇന്നിപ്പോള്‍, ഇത്ര കാലത്തിനു ശേഷവും എന്റെ  നെറ്റിയില്‍ വീണ ആ ഒറ്റത്തുള്ളി കണ്ണീര്‍ അവിടെയിരുന്നു പൊള്ളിക്കുന്നുണ്ട്. 

ടീച്ചറും മുബാറക് സാറുമല്ലാതെ ആരും ആ വീട്ടില്‍ ഉണ്ടായിരുന്നില്ല. പക്ഷേ, ചാടിക്കളിച്ച് മണല്‍പറ്റിയ ഉടുപ്പുമായി ചെല്ലുന്ന എനിക്കു മാറ്റിത്തരാന്‍ എപ്പോഴും ആ വീട്ടില്‍ വേണ്ടത്ര കുഞ്ഞുടുപ്പുകള്‍ ഉണ്ടായിരുന്നു. പല പല നിറങ്ങളിലുള്ളവ. മിക്കതും ടീച്ചര്‍ തന്നെ പൂക്കള്‍ തുന്നി പിടിപ്പിച്ചവ .ഒരിക്കല്‍പ്പോലും ആ ഉടുപ്പുകള്‍ എനിക്കു പാകമാകാതെ വന്നിട്ടില്ല. 

ഞാന്‍ അല്ലാതെ, മറ്റു കുട്ടികളാരുമില്ലാത്ത ആ വീട്ടില്‍ കുട്ടികള്‍ ഇഷ്ടപ്പെടുന്ന എല്ലാ മധുരങ്ങളും ഉണ്ടായിരുന്നു. എന്റെ ഇഷ്ടത്തിനനുസരിച്ചുള്ള പലഹാരങ്ങളും കറികളും ഓരോ ദിവസവും ആ ഒറ്റമുറിവീട്ടില്‍ ഒരുങ്ങിയിരുന്നു. സ്വന്തം വീടിനെക്കാളേറെ ഞാന്‍ ഇഷ്ടപ്പെടുന്ന ഇടമായി മാറി അവിടം.

ടീച്ചര്‍ക്ക് ഒരു മകള്‍ ഉണ്ടായിരുന്നുവെന്നും അവള്‍ മരിച്ചുപോയതാണെന്നും മുതിര്‍ന്നവര്‍ ആരോ പറഞ്ഞ് ഒരിക്കല്‍ ഞാന്‍ കേട്ടിരുന്നു. അതു ശരിയെങ്കില്‍, ചേര്‍ത്തുപിടിച്ചുറക്കി കൊതിതീരും മുമ്പേ പോയ അവളുടെ ഏതോ ഛായയാണോ എന്നെ ടീച്ചറുടെ വളര്‍ത്തുമകളാക്കിയത്? എന്നെ ഊട്ടുമ്പോള്‍ ആ ഓര്‍മകളിലാണോ ടീച്ചര്‍ വിതുമ്പിയത്?

അറിയില്ല. അതൊന്നും ചോദിക്കാനുള്ള പാകത കുഞ്ഞായിശക്ക് അന്ന് ഉണ്ടായിരുന്നില്ല.

രണ്ടാം ക്ലാസു മുതല്‍ അഞ്ചാം ക്ലാസുവരെ ടീച്ചര്‍ എനിക്ക് അമ്മയായി. അതിനകം നൂറിലേറെ കുട്ടികളുമായി സ്‌കൂള്‍ വളര്‍ന്നിരുന്നു. അത്ര പേര്‍ക്കിടയില്‍,  കുഞ്ഞായിശയേയും അവളുടെ ടീച്ചറുമ്മയേയും ചേര്‍ത്തുനിര്‍ത്തിയിരുന്ന സ്‌നേഹത്തിന്റെ ഒരദൃശ്യനൂലിഴ തിളങ്ങിനിന്നു. അത് മുറിഞ്ഞത് പൊടുന്നനെയായിരുന്നു. 

ഹന്നത്ത് ടീച്ചറും മുബാറക് സാറും സ്‌കൂളില്‍നിന്ന് പോവുകയാണെന്ന് ഞാനറിഞ്ഞത് മറ്റൊരു ടീച്ചര്‍ പറഞ്ഞാണ്. അത് കേട്ട് വല്ലാതെ പിടഞ്ഞുപോയത് ഓര്‍മ്മയിലുണ്ട്. 

യാത്രപറയാന്‍ ടീച്ചര്‍ എന്റെയരികില്‍ വരാതിരിക്കല്ല എന്നു ഞാനുറച്ചു. പക്ഷേ, അതുണ്ടായില്ല.

യാത്രപറയാന്‍ ടീച്ചര്‍ എന്റെയരികില്‍ വരാതിരിക്കല്ല എന്നു ഞാനുറച്ചു. പക്ഷേ, അതുണ്ടായില്ല. എന്നോടുള്ള യാത്രപറച്ചില്‍ മനഃപൂര്‍വം ഒഴിവാക്കി ഹന്നത്ത് ടീച്ചര്‍ പോയി. എനിയ്ക്കും ടീച്ചര്‍ക്കും അത് താങ്ങാനാവില്ലെന്നു എന്നെക്കാള്‍ ടീച്ചര്‍ക്ക് അറിയാമായിരുന്നിരിക്കണം.

തിരുവനന്തപുരമാണ് നാട് എന്നല്ലാതെ ടീച്ചറെക്കുറിച്ച് അധികമൊന്നും ആര്‍ക്കും അറിയാമായിരുന്നില്ല. അല്ലെങ്കില്‍ത്തന്നെ, ടീച്ചറെ കണ്ടെത്താനുള്ള അന്വേഷണങ്ങളൊക്കെ ഞാന്‍ നടത്തിയതുതന്നെ എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ്? പറഞ്ഞില്ലേ, ആ സ്‌നേഹത്തിന്റെ കടലാഴം തിരിച്ചറിയാന്‍ പിന്നെ എത്രയോ ജീവിതാനുഭവങ്ങള്‍ എനിക്ക് കടക്കേണ്ടിവന്നു!

സ്‌കൂള്‍ വിട്ട നേരത്തു ചുട്ടുപൊള്ളുന്ന മണലില്‍ ചവിട്ടി ടീച്ചറുടെ ഒഴിഞ്ഞ മുറിയ്ക്കു മുന്നില്‍ കരഞ്ഞുനിന്ന ഒരു പത്തു വയസ്സുകാരി ആയിശയാണ് എന്റെ ടീച്ചര്‍ ഓര്‍മ്മയിലെ അവസാന ഫ്രെയിം. ആളില്ലാത്ത ആ വീടിന്റെ മുറ്റത്തെ പത്തുമണിപ്പൂക്കളൊക്കെ വാടിക്കരിഞ്ഞുപോയിരുന്നു!

പ്രിയപ്പെട്ട ഹന്നത്ത് ടീച്ചര്‍,

ആ പത്തു വയസ്സുകാരി ആയിശ അതേ മണല്‍ച്ചൂടില്‍, അതേ മരുഭൂമിയില്‍ നില്‍ക്കുകയാണ് ഇന്നും.

ചെറിയൊരു കാലം ടീച്ചര്‍ തന്ന ആ മാതൃസ്‌നേഹത്തിന്റെ തണലിലാണ് പിന്നീടിങ്ങോട്ടുള്ള ജീവിതത്തിന്റെ ഒത്തിരിയൊത്തിരി ചൂടുകളെ ഞാന്‍ മറികടന്നതെന്നു പറഞ്ഞാല്‍ ടീച്ചറത് വിശ്വസിക്കുമോ? സത്യമാണ് ടീച്ചര്‍, അത്രമേല്‍ വാത്സല്യത്തോടെ ഒരുരുളയും പിന്നെ ഞാന്‍ ഉണ്ടിട്ടില്ല. 

ടീച്ചര്‍ വരുമോ, ഒരിക്കല്‍ക്കൂടി എന്നെയൊന്നു ചേര്‍ത്തുപിടിക്കാന്‍? 

ടീച്ചറുടെ കുഞ്ഞായിശ

................................................................................................

പ്രിയ വായനക്കാരേ, ഹന്നത്ത് ടീച്ചറിനെ പ്രിയ വായനക്കാരേ, ഹന്നത്ത് ടീച്ചറിനെ അറിയാവുന്നവര്‍ webteam@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അറിയിക്കൂ​)

............................................................................................

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

 

Follow Us:
Download App:
  • android
  • ios