Asianet News MalayalamAsianet News Malayalam

മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!

Nee Evideyaanu Basheer Mulivayal
Author
Thiruvananthapuram, First Published Jul 27, 2017, 4:43 PM IST

Nee Evideyaanu Basheer Mulivayal

കോളജ് ജീവിതത്തിന്റെ വര്‍ണ്ണ പകിട്ടില്‍ നിന്ന് വിധി എന്നെ പ്രവാസത്തിലേക്ക് എടുത്തെറിയുകയായിരുന്നു എന്ന് എഴുതിയാല്‍ ശരിയാവില്ല. കാരണം,  ഞാന്‍ തന്നെ ആലോചിച്ചെടുത്ത തീരുമാനമായിരുന്നു. പ്രവാസം. അതിന് കാരണം കോളേജ് ജീവിതമായിരുന്നില്ല. എന്നാല്‍, കോളേജിലേക്ക് തിരിച്ചു പോകാതിരിക്കാന്‍ ഞാന്‍ എന്നെ ബോംബെയിലേക്ക് സ്വയം നാട് കടത്തുകയായിരുന്നു. 

കൂലിപ്പണിക്കിടെ വാപ്പയ്ക്ക് അസുഖം വന്ന് കുറച്ച് ദിവസം കിടപ്പിലായപ്പോയാണ്. വീടിന്റെ അവസ്ഥയെക്കുറിച്ച് എനിക്കല്‍പ്പമെങ്കിലും ബോധ്യം വന്നത്.
പുകയാത്ത അടുപ്പും, അരി കാലിയായ പഴയ കുട്ടുവചെമ്പും, ഉമ്മയുടെ നിറഞ്ഞ മിഴികളും ഉപ്പയുടെ ദീര്‍ഘനിശ്വാസവും, പറ്റുകടക്കാരന്റെ കടത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുമെല്ലാം  നീയാണ് കുടുംബത്തിന്റെ ഭാരം താങ്ങേണ്ടവന്‍ എന്ന  തോന്നല്‍ എന്നിലുണ്ടാക്കി.

'തുക്കിടി സായിപ്പിന്റെ മോനാന്നല്ലെ വിചാരം വെള്ളക്കുപ്പായോമിട്ട് നടക്കാന്‍, പഠിച്ച് കലക്ടറാകാനൊന്നും പോകുന്നില്ല. ഏതെങ്കിലും പീടിയേ നിന്നാല്‍ മീന്‍ മാങ്ങാനുള്ള പയിസേങ്കിലും കിട്ടും' എന്ന ഉമ്മയുടെ പ്രാരബ്ധത്തിന്റെ തീച്ചൂളയില്‍ നിന്നുള്ള പൊട്ടിത്തെറി കേട്ട് കൊണ്ട് അന്ന് കോളേജിലക്കിറങ്ങുമ്പോള്‍ ഞാന്‍ തീരുമാനിച്ചുറച്ചിരുന്നു ഇന്ന് എന്റെ പoനത്തിന്റെ അവസാന ദിവസമാണ് എന്ന്.

പക്ഷെ, കോളജിലെ ഉറ്റ സുഹൃത്തുക്കളോട് പോലും അത് പറയാന്‍ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല. കോളേജ് മാഗസിനില്‍ കഥ അച്ചടിച്ച് വരുന്നത് കാണാനും., കോളേജ് ഡേയില്‍ ഒപ്പന കളിക്കാനുമൊക്കെയുള്ള ആഗ്രഹങ്ങളെ  മനസിന്റെ ശ്മശാനത്തില്‍ ഖബറടക്കി ഞാന്‍ വിങ്ങിപ്പൊട്ടുന്ന ഹൃദയവുമായി മൊകേരി ഗവ. കോളജിന്റെ പടിയിറങ്ങി.

എന്തെങ്കിലും ജോലി ചെയ്യണം. വീട് പോറ്റാന്‍ ബുദ്ധിമുട്ടുന്ന വാപ്പയെ സഹായിക്കണം. അതേ ഉണ്ടായിരുന്നുള്ളൂ മനസ്സില്‍. പക്ഷെ.നാട്ടില്‍ എന്ത് ജോലി ചെയ്താലും കോളേജ് എന്നെ അങ്ങോട്ട് തന്നെ മാടി വിളിക്കും എന്നെനിക്കുറപ്പുണ്ടായിരുന്നു. അത് കൊണ്ട് തന്നെ. ഞാനെന്നെ ബോംബെയിലേക്ക് സ്വയം നാട് കടത്താന്‍ തീരുമാനിച്ചു.

എന്റെ മനസ്സിന്റെ പാളത്തില്‍ ചൂളം വിളിച്ച് കൊണ്ട്. ജയന്തി ജനത എക്‌സപ്രസ്സ് വന്നു നിന്നു.

മെട്രോ സൂപ്പര്‍ മാര്‍ക്കറ്റ്
വുഡ് ഹൗസ്. റോഡ്
കൊലാബ  5
ബോംബെ

എന്ന അകന്ന ബന്ധുവിന്റെ മേല്‍വിലാസവും രണ്ട് ലുങ്കിയും, രണ്ട് ജോഡി പഴയ പേന്റ്‌സും, ഷര്‍ട്ടും ഒരു ട്രാവലിംഗ് ബാഗിലാക്കി ഞാന്‍ തീവണ്ടിയില്‍ കയറി ബോംബെയിലേക്ക് ഉരുണ്ടുരുണ്ട് പോയി. 

ദിവസങ്ങള്‍ക്ക് ശേഷം വിടി സ്റ്റേഷനിലെ മനുഷ്യ മഹാ സമുദ്രത്തില്‍ ഒരു തുള്ളിയായി വണ്ടിയില്‍ നിന്ന് ഞാനും ഇറ്റി വീണു. 

നഗരത്തിന്റെ അപരിചിതമായ ഒച്ചകളും, അസഹ്യമായ ദുര്‍ഗന്ധവും എന്നെ ഭയപ്പെടുത്തിയെങ്കിലും 'തളരരുത്' എന്ന് ഉള്ളില്‍ നിന്ന് നിശ്ചയദാര്‍ഢ്യം എന്നോട് മന്ത്രിച്ചു കൊണ്ടിരുന്നു. വുഡ് ഹൗസ് റോഡിലെ മെട്രോ സൂപ്പര്‍ മാര്‍ക്കറ്റിന് മുന്‍വശത്തുള്ള ചെറിയ പെട്ടിക്കടയുടമയായിരുന്നു ബന്ധു. അവിടെയാണെനിക്ക് ജോലി. എന്നെക്കാള്‍ ഒരു പാട് പ്രായക്കുടുതല്‍ ഉള്ള അയാള്‍ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാതെ മറ്റൊന്നും എന്നോട്.സംസാരിക്കാറില്ല.

വിടി സ്റ്റേഷനിലെ മനുഷ്യ മഹാ സമുദ്രത്തില്‍ ഒരു തുള്ളിയായി വണ്ടിയില്‍ നിന്ന് ഞാനും ഇറ്റി വീണു. 

കാലത്ത് അഞ്ച് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയായിരുന്നു ജോലി. ജോലി കഴിഞ്ഞാലും എവിടെക്കും പോകരുത് എന്നാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം.  ഭാഷയും, ദേശവുമൊന്നും പരിചയമില്ലാത്ത ആളല്ലേ.

ജോലി കഴിഞ്ഞ് നഗരമൊന്നടങ്ങും വരെ  കാത്തിരിക്കണം ഫുട്പാത്തില്‍ ചാക്ക് വിരിച്ച് ഉറങ്ങാന്‍ കിടക്കാന്‍.

റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങളുടെ ഇരമ്പം കേട്ട് ആകാശത്ത് മിന്നുന്ന നക്ഷത്രങ്ങളെ നോക്കി ഞാന്‍ ഫൂട്പാത്തില്‍ കിടക്കും, ആകാശക്കുന്നിന്‍ മുകളിലുള്ള നക്ഷത്രങ്ങള്‍ എന്റെ ദൂരെയുള്ള വീടും വീട്ടുകാരെയും കാണുന്നുണ്ടാകും എന്നോര്‍ക്കുമ്പോള്‍ എനിക്കവയോട് വല്ലാത്തൊരിഷ്ടം തോന്നുമായിരുന്നു ആകാശത്തേക്ക് നോക്കി, നോക്കി വിരഹം കൊണ്ട് നനഞ്ഞ എന്റെ കണ്ണുകളില്‍ ഉറക്കം വഴുതി വീഴും.  അങ്ങനെയുളള ഏറ്റവും വിരസമായ എന്റെ രാത്രിയിലേക്കാണ് അവര്‍ ഒരു ദിവസം ചൂലുമായി കടന്നു വന്നത്. 

അറുപത് , അറുപത്തഞ്ച് വയസ്സ് പ്രായമുള്ള ഒരു വൃദ്ധ.

പല്ലുകള്‍ കൊഴിഞ്ഞ കവിള്‍ ഒട്ടിയിരുന്നുവെങ്കിലും  ആരോഗ്യവതിയായിരുന്ന അവര്‍

ഞാന്‍ ഉറങ്ങാന്‍ കിടക്കുന്ന ഫുട്പാത്ത് കൂടി തൂത്ത് വൃത്തിയാക്കിയ ശേഷം അവര്‍ എന്നോടെന്തൊക്കെയോ സംസാരിച്ചു. ഹിന്ദി അറിയാത്ത ഞാന്‍ ഒന്നും മനസ്സിലാവാതെ അവരെ നോക്കി ചിരിക്കുക മാത്രം ചെയ്തു. പിന്നീടവരെന്നോട് മലയാളത്തില്‍ സംസാരിച്ചു. വീടിനെ പറ്റിയും, വീട്ടുകാരെ പറ്റിയും, നാടിനെ പറ്റിയും , തമിഴ് കലര്‍ന്ന മലയാളത്തില്‍ അവരെന്നോട് ചോദിച്ചറിഞ്ഞു.

എന്തെങ്കിലും പറയാനൊരാളെ കിട്ടാതെ വര്‍ത്താനം മുട്ടനുഭവിച്ച ഞാന്‍ അവസരം കിട്ടിയപ്പോള്‍ അവരുടെ മുന്നില്‍ വര്‍ത്താനത്തിന്റെ കെട്ട് പൊട്ടിച്ച് വിതറി.ഞങ്ങളുടെ ബന്ധം നാള്‍ക്കുനാള്‍ ദൃഢമായി.

എനിക്ക് പനി വന്നപ്പോള്‍ ചുക്ക് കാപ്പി ഉണ്ടാക്കി തന്നും, കാലില്‍ നിന്ന് നീങ്ങിപ്പോയ പുതപ്പ് പുതപ്പിച്ച് തന്നും അവരെനിക്ക് വാത്സല്യ കിണ്ണത്തില്‍ മധുരം വിളമ്പി. കടലാസുകള്‍ പെറുക്കി വില്‍ക്കുന്ന ജോലി കഴിഞ്ഞ് വൈകുന്നേരം വന്നണയുന്ന നേരമായിട്ടും അവരെത്തിയില്ലെങ്കില്‍ എനിക്കും, രാത്രി ജോലി കഴിഞ്ഞ് വി ടെയെങ്കിലും കറങ്ങാന്‍ പോയാല്‍ എന്നെ കാണാതെ അവര്‍ക്കും മനസ്സ് അസ്വസ്ഥമാകുന്ന തരത്തില്‍ ഞങ്ങളടുത്തു.

ദിവസങ്ങള്‍ ആഴ്ചയിലേക്കും, മാസങ്ങളിലേക്കും വളര്‍ന്നപ്പോള്‍ നഗരത്തിന്റെ മടുപ്പിക്കുന്ന മണം ഇല്ലാതായി. ഞാന്‍ ഹിന്ദി സംസാരിച്ച് തുടങ്ങി. അവിടെയെനിക്ക് പുതിയ സുഹൃത്തുക്കളും , പരിചയക്കാരുമായി.ഞാന്‍ ബോംബെ നഗരവുമായി കലര്‍ന്നു.

ബീഡിക്കടയിലെ പണി ഒഴിവാക്കി മെച്ചമുള്ള വേറെ പണിക്ക് നിന്നു. പക്ഷെ. രാത്രി ഉറങ്ങുന്ന സ്ഥലം മാത്രം മാറ്റിയില്ല.

അവരുടെ വാത്സല്യ കണ്‍വെട്ടത്ത് തന്നെ ഞാനുണ്ടാകണമെന്ന് അവരാഗ്രഹിച്ചു. ആ സാമിപ്യം ഞാനും ആസ്വദിക്കുന്നുണ്ടായിരുന്നു. എന്നെ കാണാതായാല്‍ വേവലാതിപ്പെടുന്ന ഒരാള്‍ ഈ നഗരത്തില്‍ ഉണ്ട് എന്നതില്‍ എനിക്കേറെ അഭിമാനവും , സമാധാനവും തോന്നി.

എന്നെ കാണാതായാല്‍ വേവലാതിപ്പെടുന്ന ഒരാള്‍ ഈ നഗരത്തില്‍ ഉണ്ട് എന്നതില്‍ എനിക്കേറെ  സമാധാനവും തോന്നി.

പല ജോലിയില്‍ ഏകദേശം ഒന്നര വര്‍ഷത്തോളം ഞാന്‍ ബോംബെയില്‍ ഉണ്ടായിരുന്നു. നാട്ടിലേക്ക് തിരിച്ച് പോകുമ്പോള്‍ അവരെനിക്ക് ഒരു ടീ ഷര്‍ട്ട് സമ്മാനമായി തന്നു കൊണ്ട് പറഞ്ഞു, 'ഇതിട്ട് കൊണ്ട് പോയി നീ നിന്റെ ഉമ്മയെ കാണണം'. തിരിച്ച് ബോംബെയിലേക്ക്   വരികയാണെങ്കില്‍ അവരുടെ അടുത്ത് ചെല്ലണമെന്നും അവര്‍ പറഞ്ഞു. 

യാത്ര പറയവെ അവരുടെ കണ്ണു നിറഞ്ഞു. നീ എന്റെ സ്വന്തം മകനാണെന്ന് പറഞ്ഞ് തലയില്‍ കൈവെച്ചനുഗ്രഹിച്ചപ്പോള്‍ ഞാനവരുടെ നെറ്റിത്തടത്തില്‍ ഒരു  മുത്തം നല്‍കി.

നാട്ടില്‍ വന്ന് അഞ്ചാറ് മാസങ്ങള്‍ക്ക് ശേഷം എനിക്ക് ഗള്‍ഫിലേക്ക് പോകാനുള്ള വിസ ശരിയായി. ഗള്‍ഫിലേക്ക് പോകുമ്പോള്‍ ബോംബെയിലൂടെയായിരുന്നു യാത്ര.   ബോംബെയിലെത്തിയാലുടനെ മാജിയെ കാണണമെന്നും ദുബായിയില്‍ പോകുന്ന വിവരം പറയണമെന്നും ഞാനാഗ്രഹിച്ചു.

കൊലാബയിലെ വുഡ് ഹൗസ് റോഡില്‍ പോയെങ്കിലും അവരെ അവിടെയൊന്നും കാണാനായില്ല. പകല്‍ അവര്‍ കടലാസും പാട്ടയും പെറുക്കാന്‍ പോകുമേെല്ലാ. രാത്രി പോയി കാണാന്‍ എനിക്കവസരമുണ്ടായിരുന്നില്ല , ഞാന്‍ ദുബായിയില്‍ പോവുകയാണെന്നും അവരെ കാണാന്‍ വന്നിരുന്നെന്നും പറയാന്‍ എന്റെ പഴയ മുതലാളിയോടേല്‍പ്പിച്ച് തിരിച്ച് പോന്നു.

ദുബായിയില്‍ നിന്ന് രണ്ട് വര്‍ഷം കഴിഞ്ഞ് തിരിച്ച് നാട്ടിലേക്ക് പോകുമ്പോള്‍ ഞാന്‍ വീണ്ടും വുഡ് ഹൗസ് റോഡിലെത്തി. ഇപ്രാവശ്യം അവരെ കാണണമെന്നുറച്ച് രാത്രി തന്നെയാണ് പോയത്.

ദുബായിയില്‍ നിന്നും അവര്‍ക്ക് സമ്മാനിക്കാനായി വാങ്ങിയ ഒരുകാശ്മീരി ഷാളും എന്റെ പക്കലുണ്ടായിരുന്നു.

എനിക്ക് നല്‍കിയ സ്‌നേഹത്തിനുള്ള ആദരവായി. മാ ജിക്ക് ഷാളു പുതപ്പിക്കുന്ന രംഗം ഞാന്‍ പലപ്പോഴും മനസ്സില്‍ കണ്ട് സന്തോഷിക്കാറുണ്ടായിരുന്നു.

പക്ഷെ. ആ സ്വപ്നം യാഥാര്‍ത്ഥ്യമായില്ല.. പലരോട് അന്വേഷിച്ചുവെങ്കിലും അവിടെയൊന്നും അവരെ കണ്ടെത്താനായില്ല. ആര്‍ക്കും അങ്ങിനെ ഒരു സ്ത്രീയെ ഓര്‍മ്മ പോലും ഉണ്ടായിരുന്നില്ല.

മേല്‍വിലാസത്തിനപ്പുറമുള്ള അത്തരം ജന്മങ്ങളെ ആരോര്‍ക്കാനാണ്?

എങ്കിലും അവര്‍ക്കണിയിക്കാനുള്ള , അമ്മ മണമുള്ള ഓര്‍മ്മകള്‍ പൊതിഞ്ഞുവെച്ച, ഒരു കാശ്മീരി ഷാള്‍ ഇന്നും ഇടക്കിടെ ഞാനെടുത്ത് നിവര്‍ത്തി നോക്കി വീണ്ടും മടക്കി വെക്കാറുണ്ട്.

 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

Follow Us:
Download App:
  • android
  • ios