Asianet News MalayalamAsianet News Malayalam

നീ എവിടെയാണ്:  22 വര്‍ഷങ്ങള്‍ക്കുശേഷം  നിഷ ഷെറിയെ കണ്ടെത്തി!

ഇതിനു പിന്നാലെയാണ് നിഷയെ തേടി ഇപ്പോള്‍ അമേരിക്കയിലെ ഹൂസ്റ്റണിലുള്ള കൂട്ടുകാരി എത്തിയത്. 

Nee Evideyaanu impact story Nisha Sainu
Author
Thiruvananthapuram, First Published Aug 30, 2017, 4:50 PM IST

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ 'നീ എവിടെയാണ്' പരമ്പരയില്‍ നാലു ദിവസം മുമ്പ് നിഷ എഴുതിയ കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിഷയെ തേടി ഇപ്പോള്‍ അമേരിക്കയിലെ ഹൂസ്റ്റണിലുള്ള കൂട്ടുകാരി എത്തിയത്. 

തിരുവനന്തപുരം: 'ശരിക്കും സന്തോഷം കൊണ്ട് എനിക്ക് എന്ത് പറയണം എന്ന് പോലും അറിയില്ല. നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ഇന്ന് എന്റെ പ്രിയ സുഹൃത്തിനെ കണ്ടെത്തി'-ഇത് നിഷാ സൈനുവിന്റെ വാക്കുകള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ 'നീ എവിടെയാണ്' പരമ്പരയില്‍ നാലു ദിവസം മുമ്പ് നിഷ എഴുതിയ കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിഷയെ തേടി ഇപ്പോള്‍ അമേരിക്കയിലെ ഹൂസ്റ്റണിലുള്ള കൂട്ടുകാരി എത്തിയത്. 

മണര്‍കാട് ഇന്‍ഫന്റ് ജീസസ് കോണ്‍വെന്റ് സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ ഒന്നിച്ചു പഠിച്ച ഷെറി സ്‌കറിയയെക്കുറിച്ചായിരുന്നു നിഷ എഴുതിയത്. അവളെക്കുറിച്ച് നിഷ ഇങ്ങനെ എഴുതി: 'നീല പാവാടയും വെള്ള ബ്ലൗസും ഇട്ട് തലയില്‍ റോസ് റിബ്ബണും കെട്ടിയ ഒരു കൊച്ചു സുന്ദരി. മാമാട്ടിക്കുട്ടി പോലെ മുടി വെട്ടി ഇട്ട ഒരു കുഞ്ഞു മാലാഖ. സമപ്രായം ആയ ഞങ്ങള്‍ എല്ലാവരെയും വച്ച് നോക്കുമ്പോള്‍ വലുപ്പംകൊണ്ട് ഒരുപാട് ചെറുതായിരുന്നു അവള്‍. മനസ്സ് കൊണ്ട് വളരെ വലുതും.

ഇതിനു പിന്നാലെയാണ് നിഷയെ തേടി ഇപ്പോള്‍ അമേരിക്കയിലെ ഹൂസ്റ്റണിലുള്ള കൂട്ടുകാരി എത്തിയത്. 

മിക്ക ദിവസങ്ങളിലും ഉച്ചക്ക് ഉണ്ണാന്‍ വീട്ടില്‍ പോയിട്ട് വരുമ്പോള്‍ പഞ്ചസാര ലായനിയില്‍ ഇട്ട ചെറി പഴങ്ങളോ മിഠായികളോ അവള്‍ ഞങ്ങള്‍ക്കായി കൊണ്ടുവന്നിരുന്നു. സ്‌കൂളിലെ ഉച്ചക്കഞ്ഞി കുടി കഴിഞ്ഞു ഞങ്ങള്‍ കുറച്ചുപേര്‍ ആകാംക്ഷയോടെ അവളുടെ വരവ് നോക്കി ഇരിക്കും'.

ഷെറിയുടെ മാതാപിതാക്കള്‍ അമേരിക്കയിലായിരുന്നു. അമ്മച്ചിയോടും അപ്പച്ചനോടും ഒപ്പം നിന്നാണ് അവള്‍ പഠിച്ചിരുന്നത്. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അവള്‍ അച്ഛനമ്മമാരോടൊപ്പം അമേരിക്കയില്‍ സ്ഥിരതാമസത്തിനായി പോയത്. അതിനെക്കുറിച്ചുള്ള നിഷയുടെ വാക്കുകള്‍: 'ആറാം ക്ലാസ്സില്‍ പിരിഞ്ഞു പോയ അവളുടെ അഡ്രസ് വാങ്ങി വെക്കണം എന്നുള്ള വിവേകം ഒന്നും ആ പ്രായത്തില്‍ തോന്നിയിരുന്നില്ല.. ഫോണ്‍ എന്നൊന്ന് അന്ന് ഉണ്ടായിരുന്നോ എന്ന് സങ്കല്‍പ്പിക്കാന്‍ പോലും ആവില്ല. സ്‌കൂളില്‍ നിന്ന് ടിസി വാങ്ങി അവള്‍ പോവാണെന്നും ആ യാത്ര അമേരിക്കയിലേക്കാണ് എന്നും മാത്രം അന്ന് മനസ്സിലായി'

ഷെറി പോവും മുമ്പ് തനിക്ക് തന്ന വിലപ്പെട്ട സമ്മാനങ്ങളെക്കുറിച്ചും നിഷ എഴുതിയിരുന്നു. 'കുറേ ഉടുപ്പുകളും രണ്ടു ബാഗും മറ്റു ചില സാധനങ്ങളും എനിക്കവള്‍ കൊണ്ട് തന്നു. കൂലിപ്പണി ചെയ്ത് നാല് പെണ്‍ മക്കളെ പഠിപ്പിക്കുന്ന ഒരു അച്ഛന്റെ മോളാണ് ഞാന്‍ എന്ന് അറിഞ്ഞുകൊണ്ടല്ല അവള്‍ അതെനിക്ക് തന്നത്. യൂണിഫോം അല്ലാതെ മാറ്റി ഇടാന്‍ ഒന്നോ രണ്ടോ ഡ്രസ് മാത്രമുള്ള എന്റെ അന്നത്തെ സാഹചര്യത്തില്‍ എനിക്ക് സ്വപനം കാണാന്‍ കഴിയാത്ത സമ്മാനം. എത്ര വര്‍ഷം ഞാന്‍ ആ ബാഗുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നോ.  ഇളം പച്ച നിറവും പിങ്ക് നിറവും ഉള്ള രണ്ടു ഭംഗിയുള്ള ബാഗുകള്‍'

'ഫേസ്ബുക്ക് വന്നപ്പോള്‍  വീട്ടു പേരോ ഫോണ്‍ നമ്പറോ പോലും അറിയാതെ ഒരു പേര് മാത്രം വച്ച് കൊണ്ട് ഞാന്‍ അവളെ എത്രയോ വട്ടം സെര്‍ച്ച് ചെയ്തിരുന്നു. ഒരു തരത്തിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇടയ്ക്ക്  ഷെറിയെ കുറിച്ച് ഒരു ഓര്‍മ ഫേസ്ബുക്കില്‍ എഴുതി. അവിടെ ഉള്ള മീര എന്ന സുഹൃത്താണ് അത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ അയച്ചു കൊടുക്കാന്‍ പറഞ്ഞത്. നീ എവിടെയാണ് കുറിപ്പ് എന്റെ ഒരുപാട് സുഹൃത്തുക്കള്‍ ഷെയര്‍ ചെയ്യുകയും ചെയ്തു'. 

'അങ്ങനെ 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ പരസ്പരം സംസാരിച്ചു'

അങ്ങനെയാണ് സഹപാഠിയായ ജൂലി ഷെറിയുടെ വീട്ടുപേരു പറഞ്ഞു തന്നത്. അത് വെച്ച് സെര്‍ച്ച് ചെയ്തപ്പോ ഷെല്ലി എന്ന ഒരു പ്രൊഫൈല്‍ കണ്ടു. അതില്‍ കയറി നോക്കിയപ്പോള്‍ അത് ഷെറിയുടെ സഹോദരന്റെയാണെന്നു എനിക്ക് മനസ്സിലായി. ഞാന്‍ ഷെല്ലിക്കു മെസ്സേജ് അയച്ചു. 'നീ എവിടെയാണ്' ലിങ്കും അയച്ചു' 

ഷെല്ലി പെട്ടെന്ന് തന്നെ മറുപടി അയച്ചു. ഒപ്പം ഷെറിയുടെ നമ്പറും. 

'അങ്ങനെ 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ പരസ്പരം സംസാരിച്ചു. ആര്‍ട്ടിക്കിള്‍ വായിച്ചപ്പോള്‍ അവള്‍ കരഞ്ഞു പോയി എന്ന് പറഞ്ഞപ്പോള്‍ നിറഞ്ഞത് എന്റെ കണ്ണുകള്‍ മാത്രമല്ല മനസ്സ് കൂടെയാണ്. സന്തോഷം കൊണ്ട്. .ഇത്ര വര്‍ഷം ആയിട്ടും എന്നെ ഓര്‍ത്തതില്‍. ചെറിയ സമയം കൊണ്ട് പരസ്പരം വിശേഷങ്ങള്‍ കൈമാറി. ഫോട്ടോസ് അയച്ചു. കുടുംബ വിശേഷങ്ങള്‍ പറഞ്ഞു. അവള്‍ ഹൂസ്റ്റണില്‍ ആണ്. പേമാരിയും വെള്ളപ്പൊക്കവും കൊണ്ട് ആകെ വലയുന്ന സ്ഥലത്ത്. അറിഞ്ഞപ്പോള്‍ ഒരുപാട് സങ്കടം തോന്നി.  അവളും കുടുംബവും സുരക്ഷിതര്‍ ആണ് എന്നതില്‍ ആശ്വാസവും'-നിഷ പറയുന്നു. 

ഇതാണ് നിഷ സൈനു എഴുതിയ കുറിപ്പ്:  ഷെറിഎന്റെ മാമാട്ടിക്കുട്ടിയമ്മ

'നീ എവിടെയാണ്'

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ രണ്ട് മാസമായി തുടരുന്ന 'നീ എവിടെയാണ്' എന്ന പരമ്പരയില്‍ നൂറോളം പേര്‍ ഇതിനകം പ്രിയപ്പെട്ടവരെക്കുറിച്ച് എഴുതി. അതില്‍ കുറച്ചുപേര്‍ക്ക് വര്‍ഷങ്ങഌയി തിരയുന്ന ഉറ്റവരെ കണ്ടെത്താനും കഴിഞ്ഞു.  

ചണ്ഡിഗഡില്‍ നഴ്‌സായി ജോലി ചെയ്യുന്ന അഞ്ജു ആന്റണി വര്‍ഷങ്ങളായി തിരയുന്ന ഉറ്റ സുഹൃത്ത് സെഫിയെ കണ്ടെത്തിയതായിരുന്നു ഇതിലാദ്യം. ന്യൂസിലാന്‍ഡില്‍ കഴിയുകയായിരുന്ന സെഫിയെ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ വായനക്കാരാണ് കണ്ടെത്തിയത്. 

'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!
 
അതിനു പിന്നാലയാണ്, 22 വര്‍ഷമായി അന്വേഷിച്ചു നടന്ന പ്രിയപ്പെട്ട അധ്യാപികയെ അബൂദാബിയിലുള്ള ആയിഷ സന കണ്ടെത്തിയത്. സന എഴുതിയ കുറിപ്പു വായിച്ചവരാണ് ഹന്നത്ത് മുബാറക്ക് എന്ന അധ്യാപികയെ കണ്ടെത്തിയത്.

അബൂദാബിയിലെ ആയിശ സന കൊല്ലത്തെ ഹന്ന ടീച്ചറെ കണ്ടുമുട്ടിയത് ഇങ്ങനെ!

ഇതിനു ശേഷം ഹന്നത്ത് ടീച്ചര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഓഫീസിലെത്തി സനയുമായി സംസാരിച്ചു. ഇതിനെക്കുറിച്ചുള്ള വീഡിയോ ഇതിനകം ഫേസ്ബുക്കില്‍ മാത്രം 12 ലക്ഷത്തോളം പേരാണ് കണ്ടത്. 

 

സിംഗപ്പൂരിലുള്ള സവിനാ കുമാരി കൂട്ടുകാരി അംജുദയെ കണ്ടെത്തിയത് രണ്ടാഴ്ച മുമ്പാണ്. നീ എവിടെയാണ് കുറിപ്പ് വായിച്ച ഒരാളാണ് സവിനയ്ക്ക് അംജുദയുടെ ഓഫീസിന്റെ നമ്പര്‍ കൈമാറിയത്. 

നീ എവിടെയാണ്: ആറു വര്‍ഷത്തെ തെരച്ചിലിനുശേഷം  അംജുദയ്ക്ക് സവിനയുടെ കോള്‍!

Follow Us:
Download App:
  • android
  • ios