Asianet News MalayalamAsianet News Malayalam

ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?

Nee Evideyaanu KA Saifudheen
Author
Thiruvananthapuram, First Published Jul 24, 2017, 10:08 PM IST

ഷണ്‍മുഖന്‍ ഇപ്പോള്‍ എവിടെയാവും...? അയാളുടെ കുഞ്ഞ് ഇപ്പോഴും ഈ ലോകത്ത് ജീവനോടെ ഇരിക്കുന്നുണ്ടാവുമോ..? അയാളുടെ ഭാര്യയുടെ അവസ്ഥ എന്തായിരിക്കും...?

മെഡിക്കല്‍ കോളജിനരികിലൂടെ പോകുമ്പോഴൊക്കെ  കാഷ്വാലിറ്റിക്ക് പുറത്തെ ഇന്‍ഫര്‍മേഷന്‍ സെന്ററിനു മുന്നില്‍നിന്ന് ഷണ്‍മുഖന്‍ നിലവിളിക്കുന്നതായി തോന്നും. അങ്ങനെ തലയില്‍ കൈവെച്ച് ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് നില്‍ക്കുന്ന നിലയിലായിരുന്നു ഞാന്‍ ഷണ്‍മുഖനെ ജീവിതത്തില്‍ ആദ്യമായി കണ്ടത്. ചിലപ്പോള്‍ അയാളുടെ കരച്ചിലുകള്‍ അവസാനിച്ചിരിക്കണം. എല്ലാവരെയും പോലെ ഷണ്‍മുഖനും തന്റെ ജീവിതത്തിന്റെ പ്രാരബ്ധങ്ങളിലേക്ക് സ്വച്ഛമായി മടങ്ങിയിരിക്കണം. ഒന്നും സംഭവിച്ചില്ലെങ്കില്‍ ഷണ്‍മുഖന്റെ  മകന്‍ ഇപ്പോള്‍ ഒമ്പതിലോ പത്തിലോ പഠിക്കുന്നുണ്ടാവും. എന്തെങ്കിലും സംഭവിച്ചെങ്കിലോ...?

അവനിപ്പോഴും ഒരു നാലര മാസക്കാരനായി ഷണ്‍മുഖന്റെയും ഭാര്യ രമയുടെയും മനസ്സിലുണ്ടാവും.

നിലവിളിച്ചുകൊണ്ട് നില്‍ക്കുന്ന നിലയിലായിരുന്നു ഞാന്‍ ഷണ്‍മുഖനെ ജീവിതത്തില്‍ ആദ്യമായി കണ്ടത്

13 വര്‍ഷം മുമ്പ് പത്രപ്രവര്‍ത്തക ട്രെയിനിയായി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഒരു ശിക്ഷപോലെയായിരുന്നു മെഡിക്കല്‍ കോളജ് ബീറ്റ് തലയില്‍വന്നു വീണത്. മറ്റു പത്രങ്ങള്‍ക്കെല്ലാം പ്രാദേശിക ലേഖകന്മാര്‍ നിര്‍വഹിച്ചിരുന്ന ജോലിയാണ് ജില്ലാ ബ്യൂറോയിലെ പണിയെല്ലാം തീര്‍ത്ത് മെഡിക്കല്‍ കോളജിലേക്ക് ദിവസവും വെച്ചുപിടിച്ച് ഞാന്‍ ചെയ്യേണ്ടിയിരുന്നത്. മൊബൈല്‍ ഫോണ്‍ പോലും അത്യാഡംബരമായിരുന്ന തുടക്ക കാലം.

കാസര്‍കോഡ് മുതല്‍ പാലക്കാടുവരെ കിടക്കുന്ന ആറ് ജില്ലകളുടെ ആതുരാസ്ഥാനമായ കോഴിക്കോട് മെഡിക്കല്‍ കോളജ്. അന്തമില്ലാതെ ഏക്കറു കണക്കിനു നീളത്തിലും വീതിയിലും പരന്നുകിടന്ന ആശുപത്രി സമുച്ചയം.

മോര്‍ച്ചറിയില്‍ പഴമ്പായയില്‍ കെട്ടിക്കൊണ്ടുവന്ന അഴുകിയ മൃതദേഹത്തിന്റെ മേല്‍വിലാസവും ഫോട്ടോയും സംഘടിപ്പിക്കാന്‍ പെട്ട പാടുകള്‍ ചില്ലറയായിരുന്നില്ല. വേര്‍പാടിന്റെ നോവമര്‍ത്തി നില്‍ക്കുന്നവരോട് മരിച്ചയാളിന്റെ മേല്‍വിലാസവും പടവും പരതുന്നതിലെ ഔചിത്യമില്ലായ്മകള്‍ മെല്ലെ മാഞ്ഞുതുടങ്ങിയിരുന്നു. മോര്‍ച്ചറിക്കകത്ത് ശവങ്ങള്‍ വെട്ടിക്കീറുന്നതുകണ്ട് അമ്പരന്ന നാളുകളോട് രാജിയായി വരികയായിരുന്നു. മരണം വെറും ഒറ്റ കോളം വാര്‍ത്ത മാത്രമായി കണ്ടാല്‍ മതിയെന്ന പത്രപ്രവര്‍ത്തന പാഠത്തോട് പാകപ്പെട്ടുവരികയായിരുന്നു

ആറാം വാര്‍ഡില്‍ ബള്‍ബ് ഫ്യൂസായതും 11ാം വാര്‍ഡില്‍ പൈപ്പ് പൊട്ടിയതും മിസ് ആയതിന്റെ പേരില്‍ പതിവായി ചീത്തവിളി കേട്ടുകൊണ്ടിരുന്ന ദിവസങ്ങളിലൊന്നിലാണ് ഞാന്‍ ഷണ്‍മുഖനെ കണ്ടത്. 30 വയസ്സോടടുത്ത് പ്രായമുള്ള ആ ചെറുപ്പക്കാരന്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിനു മുന്നില്‍നിന്ന് നിലവിളിക്കുന്നു. അത് വെറും കരച്ചിലായിരുന്നില്ല, അത്താണിയില്ലാത്ത ഒരു മനുഷ്യന്റെ പൊട്ടിത്തകരല്‍. പാറകള്‍ പിളര്‍ന്ന് ഒരു വെള്ളച്ചാട്ടം കൂലംകുത്തി വരുന്നതുപോലെയായിരുന്നു ആ നിലവിളി.

ചിലപ്പോള്‍ ഒരു വാര്‍ത്ത ഒത്തുവന്നാലോ എന്ന ആകാംക്ഷയിലാണ് ഞാന്‍ ഷണ്‍മുഖനോട് വിവരം ചോദിച്ചത്.

കാഷ്വലിറ്റിക്കു മുന്നില്‍ അത്തരം കാഴ്ചകള്‍ പതിവാണെന്ന് അതിനകം ഞാന്‍ മനസ്സിലാക്കിയിരുന്നു. എന്നിട്ടും ഞാനവിടെ നിന്നു പോയി. പലപ്പോഴും ഞാന്‍ എന്നെയോര്‍ത്ത് കരയാറില്ല. പക്ഷേ, മറ്റൊരാള്‍ കരയുന്നതു കണ്ടാല്‍ എന്റെ കണ്ണുകളെ അടക്കിനിര്‍ത്താനുള്ള പാഠം ഇനിയും ഞാന്‍ പഠിച്ചിട്ടുമില്ല. അതുകൊണ്ട് എനിക്കൊരിക്കലും വികാരങ്ങള്‍ അടക്കിയ ഒരു നല്ല വാര്‍ത്ത വായനക്കാരനാവാന്‍ കഴിയില്ല. അയലന്‍ കുര്‍ദി കടല്‍ത്തീരത്ത് കമിഴ്ന്നു കിടക്കുന്ന വാര്‍ത്ത വായിക്കേണ്ടിയിരുന്നത് ഞാനായിരുന്നെങ്കിലോ എന്നോര്‍ത്ത് വിമ്മിട്ടപ്പെട്ടിട്ടുണ്ട്. അത് വായിക്കുന്നവരുടെ അക്ഷോഭ്യതയോട് പ്രൊഫഷണലായ അസൂയയും തോന്നിയിട്ടുണ്ട്.

ചിലപ്പോള്‍ ഒരു വാര്‍ത്ത ഒത്തുവന്നാലോ എന്ന ആകാംക്ഷയിലാണ് ഞാന്‍ ഷണ്‍മുഖനോട് വിവരം ചോദിച്ചത്. പാലക്കാടന്‍ ജില്ലയിലെ തമിഴ്‌നാടിനോട് ചേര്‍ന്ന ഒരു ഗ്രാമത്തില്‍നിന്നാണ് അയാള്‍ വന്നത്. ഭാര്യക്കും അയാള്‍ക്കും കൂലിപ്പണിയാണ്. നിലംപൊത്താറായ ഒരു കുടിലില്‍ അവര്‍ കഴിയുന്നു. അവരുടെ ഒന്നര വയസ്സു മാത്രം പ്രായമായ കുഞ്ഞ് ശ്വാസതടസ്സവുമായി അത്യാസന്ന നിലയില്‍ കഴിയുന്നു. കുഞ്ഞിന് അടിയന്തിരമായി ഒരു ഓപ്പറേഷന്‍ വേണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ചില മരുന്നുകളും മറ്റ് സാധനങ്ങളും ഉടന്‍ പുറത്തുനിന്നു വാങ്ങിക്കൊടുക്കണം.

ഞാന്‍ അയാളുമായി കുഞ്ഞിനെ കിടത്തിയിരുന്ന വാര്‍ഡിലെത്തി. അവിടെ  പഴകി പിഞ്ഞിയ വസ്ത്രങ്ങള്‍ ധരിച്ച് മെല്ലിച്ച ഒരു രൂപത്തെ ചൂണ്ടി ഷണ്‍മുഖന്‍ പറഞ്ഞു ഭാര്യയാണ്, രമ. വാര്‍ഡില്‍ ഒരു ചെറുപ്പക്കാരന്‍ പി.ജി ഡോക്ടറായിരുന്നു. പത്രക്കാരനായതുകൊണ്ടാവാം ഐ.സി.യുവില്‍ കയറ്റി കുഞ്ഞിനെ കാണിച്ചുതന്നു. മെലിഞ്ഞുണങ്ങിയ ഒരു രൂപം മാത്രം. 'ബേബി ഓഫ് രമ' എന്ന് പേരെഴുതിയ കുഞ്ഞ്.  അതിന് ജീവനുണ്ടെന്നറിയണമെങ്കില്‍ കുറച്ചുനേരം സൂക്ഷിച്ചു നോക്കണം. ഓക്‌സിജന്‍ നല്‍കിയിട്ടും ശ്വാസം വലിച്ചു പുറത്തുവിടാന്‍ ഏറെ പണിപ്പെടുന്ന ഒരു കുഞ്ഞ്.

എന്റെ താല്‍പര്യം കണ്ടിട്ടാവാം ഡോക്ടര്‍ അയാളുടെ മുറിയില്‍ കൊണ്ടുപോയി കാര്യങ്ങള്‍ വിശദമായി പറഞ്ഞു: 'കുഞ്ഞിനെ രക്ഷപ്പെടുത്തണമെങ്കില്‍ ഓപ്പറേഷന്‍ വേണം. അതിന്റെ ശ്വാസനാളം ഇടുങ്ങിപ്പോയിരിക്കുന്നു. ഇപ്പോള്‍ ഓക്‌സിജനും ട്രിപ്പുമൊക്കെ കൊടുക്കുന്നുണ്ട്?..' ഡോക്ടര്‍ മറ്റൊരു രഹസ്യം എന്നോട് വെളിപ്പെടുത്തി.

'സത്യത്തില്‍ ആ കുഞ്ഞിന്റെ പ്രശ്‌നം അതൊന്നുമല്ല, പോഷകാഹരമില്ലാത്തതാണ്.

'സത്യത്തില്‍ ആ കുഞ്ഞിന്റെ പ്രശ്‌നം അതൊന്നുമല്ല, പോഷകാഹരമില്ലാത്തതാണ്. അയാളെയും ഭാര്യയെയും കണ്ടില്ലേ, ആ കോലം കണ്ടാല്‍ അറിയാം അവര്‍ പട്ടിണിയിലാണെന്ന്. ഈ കുഞ്ഞിന് കൊടുക്കാനുള്ള മുലപ്പാലു പോലും ആ സ്ത്രീയുടെ ശരീരത്തിലുണ്ടാവില്ല...'

അവരുടെ ആരുമല്ലാത്ത എന്റെ ആകാംക്ഷ കണ്ടതുകൊണ്ടാവാം ഡോക്ടര്‍ കുടുതല്‍ താല്‍പര്യത്തോടെ പറഞ്ഞു; 'ഞങ്ങളെക്കൊണ്ട് കഴിയുന്നതൊക്കെ ചെയ്യാം. നിങ്ങള്‍ കുറച്ചു പണം സംഘടിപ്പിച്ചു കൊടുക്കൂ. അവരുടെ അത്യാവശ്യത്തിനുള്ളത്..'

പുറത്തുവന്ന് ഞാന്‍ ഷണ്‍മുഖനോട് ചോദിച്ചു 'നിങ്ങള്‍ വല്ലതും കഴിച്ചോ...' അയാള്‍ ഭക്ഷണം കണ്ടിട്ട് ദിവസങ്ങളായിരിക്കുന്നു.

പഴ്‌സ് തപ്പി കിട്ടിയതത്രയും ഷണ്‍മുഖന്റെ കൈയില്‍ കൊടുത്തു. വാര്‍ത്ത അയക്കേണ്ട സമയത്തെക്കുറിച്ചുള്ള ബേജാറില്‍ അധികനേരം അവിടെ നില്‍ക്കാനാവില്ലായിരുന്നു. എന്തെങ്കിലും ആവശ്യം വന്നാല്‍ വിളിക്കാന്‍ ഓഫീസിലെ നമ്പറും കൊടുത്തു. അന്ന് എനിക്ക് മൊബൈല്‍ ഫോണ്‍ ഇല്ലായിരുന്നു.

ഓഫീസിലെത്തി അതുവരെ ആര്‍ജിച്ച ഭാഷയുടെ മുഴുവന്‍ ആര്‍ദ്രതയും ചേര്‍ത്ത് ഷണ്‍മുഖന്റെ നിലവിളിയെക്കുറിച്ച് വാര്‍ത്തയെഴുതി. വാര്‍ഡ് നമ്പറടക്കം എല്ലാം അതില്‍ കൃത്യമായി പറഞ്ഞിരുന്നു.

പിറ്റേ ദിവസം വാര്‍ത്ത വന്നു. 

രാവിലെ  ഓഫീസിലേക്ക് ഒരു ഫോണ്‍ കാള്‍. 'ഷണ്‍മുഖനെ കാണാന്‍ പറ്റുമോ?' 

വിവരങ്ങള്‍ എല്ലാം പറഞ്ഞുകൊടുത്തു. വൈകുന്നേരം ആശുപത്രിയിലെത്തുമ്പോള്‍ ഷണ്‍മുഖന്‍ സന്തോഷവാനായിരുന്നു. ഊരും പേരുമറിയാത്ത ഒരാള്‍ വന്ന് രണ്ടായിരം രൂപ ഷണ്‍മുഖന് കൊടുത്തിട്ടുപോയി. ഡോക്ടര്‍മാരുടെ സഹായവും സഹകരണവും കൂടിയായപ്പോള്‍ ഓപ്പറേഷന്‍ നടത്താന്‍ അത് മതിയായേക്കുമെന്നറിഞ്ഞു.

രാവിലെ  ഓഫീസിലേക്ക് ഒരു ഫോണ്‍ കാള്‍. 'ഷണ്‍മുഖനെ കാണാന്‍ പറ്റുമോ?' 

കുറച്ചുദിവസത്തിനുള്ളില്‍ ഓപ്പറേഷന്‍ നടന്നു. പിന്നെ വാര്‍ത്തകള്‍ക്കിടയിലെവിടെയോ വെച്ച് ഞാന്‍ ഷണ്‍മുഖനെ മറന്നുപോയി. ഒരു ദിവസം വൈകുന്നേരം വി.എസ് അച്യുതാനന്ദന്റെ വാര്‍ത്താ സമ്മേളനം കഴിഞ്ഞ് ബ്യൂറോയിലെത്തിയപ്പോള്‍ ചീഫ് ചോദിച്ചു, 'ആരാ ഈ ഷണ്‍മുഖന്‍..? നാട്ടിലേക്ക് പോകാന്‍ വണ്ടിക്കൂലി ഇല്ലെന്ന്? അയാള്‍ ഉച്ചയ്ക്ക് ഇവിടെ വിളിച്ചുപറഞ്ഞു. കുറച്ചു കാശ് സംഘടിപ്പിച്ചു കൊടുക്കാമോ എന്നു ചോദിച്ചാ വിളിച്ചത്....'

അപ്പോള്‍ വീണ്ടും ഷണ്‍മുഖനെ ഓര്‍മ വന്നു. ഞാന്‍ സംഭവങ്ങള്‍ വിശദമാക്കി. ചീഫ് തന്നെ മുന്‍കൈ എടുത്ത് കുറച്ചു പൈസ സംഘടിപ്പിച്ച് ബസില്‍ കയറി ആശുപത്രിയില്‍ എത്തിയപ്പോള്‍ കുഞ്ഞ് കിടന്ന കട്ടില്‍ ശൂന്യം. ആരൊക്കെയോ അവരെ സഹായിച്ചതായി നഴ്‌സ് പറഞ്ഞു.

കുഞ്ഞിന് എങ്ങനെയുണ്ടെന്ന് നഴ്‌സിനോട് ചോദിച്ചു. 'ഓപ്പറേഷനൊന്നും കുഴപ്പമില്ല. പക്ഷേ, രക്ഷപ്പെടുമോ എന്ന് ദൈവത്തിനറിയാം... ആരൊക്കെയോ കാശ് കൊടുത്തു. അവരു പോയി....'

ഒരുപിടി പച്ചനോട്ടുകള്‍ എന്റെ കൈയിലിരുന്ന് വിറച്ചു. തന്നവര്‍ക്കു തന്നെ ഞാനത് തിരികെ കൊടുത്തു. രാത്രി പതിവുപോലെ ഉമ്മയെ വിളിച്ച് വിവരങ്ങള്‍ പറയുമ്പോള്‍ ഉമ്മ പറഞ്ഞു 'മനുഷ്യര്‍ ഭൂമിയില്‍ ഇനിയുമുണ്ട്?. അതുകൊണ്ടാ എത്ര തോന്ന്യവാസം കാണിച്ചിട്ടും പടച്ചോന്‍ ഈ ഭൂമി നശിപ്പിക്കാത്തത്?..'

ഇന്നും കോഴിക്കോട് മെഡിക്കല്‍ കോളജിനടുത്തുകൂടി പോകുമ്പോള്‍ ഷണ്‍മുഖനെ ഓര്‍മവരും. അയാള്‍ ഇപ്പോള്‍ എവിടെയായിരിക്കും...? ആ കുഞ്ഞ്? രോഗത്തെ അതിജയിച്ച് ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാവുമോ...? പാഠപുസ്തകവും മാറിലടുക്കി അവന്‍ ഏതെങ്കിലും പള്ളിക്കുടത്തിലെ ബെഞ്ചില്‍ ഇപ്പോള്‍ ഇരിക്കുന്നുണ്ടാവുമോ...?

ഓപ്പറേഷന്‍ കഴിഞ്ഞെങ്കിലും നല്ല ഭക്ഷണവും പരിചരണവും കൊടുത്താലേ കുഞ്ഞിനെ രക്ഷിക്കാനാവൂ എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. അത് കൊടുക്കാന്‍ ഷണ്മുഖനും രമയ്ക്കും കഴിഞ്ഞിട്ടുണ്ടാവുമോ...?

അതോ, ആദിവാസി ഊരുകളില്‍നിന്ന് കേള്‍ക്കുന്ന അനേകം പിഞ്ചുകുഞ്ഞുങ്ങളുടെ മരണവാര്‍ത്തക്കിടയില്‍ ബേബി ഓഫ് രമയും മുങ്ങിപ്പോയിട്ടുണ്ടാകുമോ...?

 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

Follow Us:
Download App:
  • android
  • ios