Asianet News MalayalamAsianet News Malayalam

ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

'നീ എവിടെയാണ്'. എന്നോ കണ്ടുമുട്ടി എവിടെയോ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ഓര്‍മ്മയ്ക്കായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഒരുക്കുന്ന പംക്തി.
ഭയചകിതമായ ഒരു രാത്രിയുടെ നെഞ്ചിടിപ്പുകളില്‍ അഭയമായെത്തിയ ജെസി ചേച്ചിയെക്കുറിച്ച് മിനി പിസി എഴുതുന്നു

Nee Evideyaanu Mini PC
Author
Thrissur, First Published Jul 25, 2017, 11:52 PM IST

Nee Evideyaanu Mini PC

ചെറുചാറ്റല്‍മഴ പോലെ തികച്ചും അപ്രതീക്ഷിതമായാണ് ചിലര്‍ നമ്മുടെ ജീവിതത്തിലേക്ക് ഓടിക്കയറി വരിക. അന്നേരം മുറ്റത്ത് ഉണക്കാനിട്ട തുണികളും മറ്റും തിടുക്കത്തില്‍ പെറുക്കിയെടുത്ത് അകത്തേക്കോടുന്ന വീട്ടുകാരിയുടെ വെപ്രാളത്തോടെ ആ മഴയെ പ്രതിരോധിക്കാനല്ലാതെ അത് ആസ്വദിക്കാനുള്ള മാനസികാവസ്ഥയിലായിരിക്കില്ല നമ്മള്‍. പിന്നീട് മഴ മാറി മനസ്സൊതുങ്ങി ഒരിടത്ത് ഇരിക്കുമ്പോഴാവും മുറ്റത്തെ വെള്ളാരംകല്ലുകളുടെ ഉച്ചയിലേക്ക് ചനുചനെ പൊടിഞ്ഞുവീണ, ഉദ്യാനത്തില്‍ പ്രത്യേക ആകൃതിയില്‍ പാതിനനവ് അവശേഷിപ്പിച്ചുപോയ കടന്നുപോയ ആ മഴയെക്കുറിച്ച് ഓര്‍ക്കുക. അത്തരത്തില്‍ ചാറ്റല്‍മഴപോലെ വന്ന് ചെറുനനവുകള്‍ അവശേഷിപ്പിച്ച് കടന്നുപോയ ഒരാള്‍. ജെസി ചേച്ചി! 

ഒരു യാത്രയ്ക്കിടയിലാണ് ജെസിചേച്ചിയെ കാണുന്നത്. ഇപ്പോഴും പേടിയോടെയല്ലാതെ ആ യാത്രയെക്കുറിച്ചോര്‍ക്കാന്‍ എനിക്ക് കഴിയില്ല. ജീവിതത്തില്‍ ആദ്യമായി ഒറ്റയ്ക്കു ചെയ്ത യാത്രയുടെ സകലവിധ പരിഭ്രാന്തികളുടെയും പാരമ്യത്തില്‍ വല്ലാതെ വെന്തുരുകി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഒരു കാവല്‍മാലാഖയെപ്പോലെ ജെസി ചേച്ചി കടന്നുവന്നത്. 2013 ജൂലൈയില്‍ ആണ് ഒരു വീഴ്ചയെ തുടര്‍ന്ന് വളരെ ക്രിട്ടിക്കല്‍ സ്‌റ്റേജിലായ എന്റെ അപ്പയെ പാലക്കാട് പാലന ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുന്നത്. ഇക്കാര്യം അറിയുമ്പോള്‍ ഞാന്‍ ഓഫീസിലും ഹസ്ബന്റ് ജോലി സംബന്ധമായി കട്ടപ്പന ഒരു ഹോസ്പിറ്റലിലുമായിരുന്നു. അദ്ദേഹം വൈകുന്നേരമേ തിരിച്ചെത്തൂ. ഞാനാണെങ്കില്‍ വിവരമറിഞ്ഞ് ഭയങ്കര വിഷമത്തിലായി.

ഇപ്പോഴും പേടിയോടെയല്ലാതെ ആ യാത്രയെക്കുറിച്ചോര്‍ക്കാന്‍ എനിക്ക് കഴിയില്ല.

അപ്പോള്‍ തന്നെ എനിക്ക് പാലക്കാട് എത്തണം. ഒറ്റയ്ക്ക് ഒരിടത്തും പോയി പരിചയമില്ലാത്ത എന്നെ തനിയെ വിടാന്‍ ബിജുചേട്ടന് ധൈര്യവുമില്ല. നാളിതുവരെ ഞാന്‍ എവിടേയ്ക്കും തനിയെ യാത്ര ചെയ്യാത്തതിന് ഒരു കാരണവുമുണ്ട്. വളരെ വൈകിയുണ്ടായ കുട്ടിയാണ് ഞാന്‍. അതുകൊണ്ട് തന്നെ ഒരു അപ്പന്റെയും അപ്പൂപ്പന്റെയും അമിതസ്‌നേഹത്തോടും കരുതലോടും കൂടിയാണ് അപ്പ എന്നെ വളര്‍ത്തിയത്. ആ അമിതസ്‌നേഹവാത്സല്യങ്ങള്‍ കൊണ്ടാവാം ഒട്ടും സ്വയംപര്യാപ്ത ഇല്ലാത്ത ഒരു കുട്ടിയായാണ് ഞാന്‍ വളര്‍ന്നത്. 

കോളേജ് പഠനകാലത്തായിരുന്നു വിവാഹം. അന്ന് എന്നെ ബിജുചേട്ടന് ഏല്‍പ്പിച്ചതോടൊപ്പം എന്നെക്കുറിച്ചുള്ള സകല ആശങ്കകളും കൂടിയാണ് അപ്പ കൈമാറിയത്. അതു മനസ്സിലായതുകൊണ്ടാവാം ബിജുച്ചേട്ടനും എന്റെ എല്ലാകാര്യങ്ങള്‍ക്കും അമിത ശ്രദ്ധ പുലര്‍ത്തി. ഈ ശ്രദ്ധയും സ്‌നേഹവും ഒക്കെ ഒരു വളമായി കണ്ട് ഒരു കാര്യംപോലും സ്വയം ചെയ്യാതെ ഞാനും എന്റെ ആ സാഹചര്യങ്ങളില്‍ സന്തോഷിച്ചു. ജോലി യാത്രകള്‍പോലും ഞങ്ങള്‍ ഒരുമിച്ച് ആണ് നടത്തുന്നത് എന്നുള്ളത് കൊണ്ട് ഒരു സമ്മര്‍ദ്ദവും എനിക്കുണ്ടായിരുന്നില്ല. എന്റെ  ഈ പ്രത്യേക സ്വഭാവത്തെ അമ്മയും ഏട്ടനും സുഹൃത്തുക്കളും ഒക്കെ  വിമര്‍ശിക്കാറുണ്ട്. അപ്പോഴും എന്റെ മനസ്സില്‍ ഒരിക്കലും ഒറ്റയ്‌ക്കൊരു യാത്ര വേണ്ടിവരില്ലെന്നുതന്നെയായിരുന്നു ചിന്ത.

അങ്ങനെ എന്റെ കരച്ചില്‍ കണ്ട് ഓഫീസിലെ സോജി എന്നെ പെരുമ്പാവൂര്‍ നിന്നും ഒരു ചിറ്റൂര്‍ ഫാസ്റ്റ് ബസില്‍ കയറ്റി വിട്ടു. പാലക്കാട് ബസ് സ്‌റ്റോപ്പില്‍ ഏട്ടന്‍ കാത്തുനില്‍ക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും പോകുംവഴി പത്തു മിനിറ്റു കൂടുമ്പോള്‍ വീതം ബിജു ചേട്ടനെയും, ഏട്ടനെയും ഞാന്‍ വിളിച്ചുകൊണ്ടേയിരുന്നു. എന്റെ ഫോണ്‍വിളിയും വെപ്രാളവും കണ്ട് അടുത്തിരുന്ന സ്ത്രീ 'ഇത് ഏത് കാട്ടുമുക്കില്‍ നിന്നാണാവോ' എന്ന ഭാവത്തോടെ എന്നെ നോക്കുന്നുണ്ടായിരുന്നു. 

ഇരുട്ട്. സര്‍വ്വകാല റെക്കോഡുകളും ഭേദിച്ചുള്ള മഴ. എന്റെ സകല ധൈര്യവും ചോര്‍ന്നു

നാലു മണിക്കൂറുകള്‍ക്കുശേഷം ഞാന്‍  പാലക്കാട് എത്തി. അവിടെ ബസിറങ്ങി ഏട്ടനെ കാണുംവരെ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ഞാന്‍. പേടിച്ചുവിളറിയ മുഖത്തോടെ പുറത്തിറങ്ങിയ എന്നെ ഏട്ടനും വൈഫും കുറെ കളിയാക്കി. 'ഓരോ സ്ത്രീകള്‍, ചെറിയ പെണ്‍കുട്ടികള്‍ വരെ ഏതൊക്കെ നാടുകളിലേക്ക് തനിയെ യാത്ര ചെയ്യുന്നു, അപ്പോഴാണ് പാലക്കാട് വരെയെത്താന്‍ ഒരുത്തിയ്ക്ക് പേടി' എന്നു പറഞ്ഞ് ഇതിനുകാരണക്കാരായ അപ്പയേയും ബിജു ചേട്ടനേയും അവര്‍ പതിവുപോലെ കുറ്റപ്പെടുത്തി. 

ഞാന്‍ ചെല്ലുമ്പോഴേയ്ക്കും അപ്പ അപകടനില തരണം ചെയ്തിരുന്നു. 'അപ്പ ഐ.സി.യു.വില്‍ ആയതുകൊണ്ട് കുഴപ്പമില്ല. അല്ലെങ്കില്‍ നീ തനിയെ ആണ് വന്നത് എന്ന് അറിഞ്ഞ് അപ്പയ്ക്ക് അറ്റാക്കുണ്ടായേനെ' എന്ന് ഏട്ടന്‍ പറഞ്ഞ ഫലിതം അപ്പോള്‍ എനിക്ക് ആസ്വദിക്കാന്‍ കഴിഞ്ഞില്ല. 

അന്ന് രാത്രി ബിജുചേട്ടന്‍ എത്തി.  പിറ്റേന്ന് പകല്‍ ബിജുചേട്ടനൊപ്പം പെരുമ്പാവൂര്‍ക്ക് പോകാമെന്നൊരു തീരുമാനത്തിലായിരുന്നു ഞാന്‍ പോന്നത്. പക്ഷേ നാലുമണിയോടെ ബിജുചേട്ടന്റെ അടുത്ത ബന്ധത്തില്‍പ്പെട്ട ഒരു ചാച്ചന്‍ മരിച്ചു. പിറ്റേന്ന് രാവിലെയാണ് സംസ്‌കാരം. അപ്പയുടെ  അടുത്ത് മറ്റാരുമില്ലാത്തതുകൊണ്ട് ഏട്ടനും അമ്മയ്ക്കും കൂടെ വരാന്‍ പറ്റാത്ത അവസ്ഥ. വളരെ വേണ്ടപ്പെട്ട ഒരാളാണ് മരിച്ചിരിക്കുന്നത് എനിക്കാണെങ്കില്‍ പോവാതെ പറ്റില്ല. ഏട്ടനും ചേച്ചിയുമാണെങ്കില്‍ സ്ത്രീകള്‍ ചന്ദ്രനില്‍ വരെ എത്തിയതിനെക്കുറിച്ചുള്ള വിവരണവും കളിയാക്കലും. ഒടുവില്‍ അമ്മപോലും 'മോളെ ഇങ്ങനെ പേടിച്ച് ജീവിച്ചിട്ട് ഒരു കാര്യവുമില്ല' എന്ന് കുറ്റപ്പെടുത്തിയപ്പോള്‍ ഉള്ളില്‍ നിറഞ്ഞ സങ്കടത്തോടും ദേഷ്യത്തോടും കൂടി ഞാന്‍ പോകാന്‍ തന്നെ ഉറച്ചു. 

അങ്ങനെ അഞ്ചരയ്ക്കുള്ള ഒരു പത്തനംതിട്ട ഫാസ്റ്റില്‍ ഏട്ടന്‍ എന്നെ കയറ്റിവിട്ടു. അവരോടുള്ള ദേഷ്യം കൊണ്ട് മുഖം വീര്‍പ്പിച്ചാണ് ഞാന്‍ വണ്ടിയില്‍ കയറിയത്. അപ്പ അറിഞ്ഞിരുന്നെങ്കില്‍ എന്നെ ഒറ്റയ്ക്ക് വിടുമായിരുന്നില്ലല്ലോ എന്ന ചിന്തയും എന്നില്‍ വേദനയുണര്‍ത്തി. ഞാന്‍ ബസില്‍ കയറുമ്പോള്‍ തന്നെ കനത്ത മഴ ആരംഭിച്ചിരുന്നു. കഷ്ടകാലത്തിന് പട്ടിക്കാട് എത്തിയതും ആ വണ്ടി ബ്രേയ്ക്ക് ഡൗണ്‍ ആയി. ഇരുട്ടുകുത്തി വന്ന മഴയില്‍  യാത്രക്കാര്‍ പലരും അതിലെ വന്ന ബസ്സുകളില്‍ കയറി തൃശൂര്‍ക്ക് വച്ചുപിടിച്ചു. ഞാന്‍ സങ്കടത്തോടെ കണ്ടക്ടറോട് എന്തുചെയ്യണമെന്ന് ചോദിച്ചു. പുള്ളി ഒരു പ്രൈവറ്റ് ബസില്‍ എന്നെ കയറ്റിവിട്ടു. ആ ബസ്സിലെ കണ്ടക്ടറോട് പെരുമ്പാവൂര്‍ക്ക് ഉള്ള ബസ് കിട്ടുന്നിടത്ത് നിര്‍ത്തണമെന്ന് ഞാന്‍ പറഞ്ഞു. 

നടക്കാനാവാതെ നില്‍ക്കുമ്പോഴാണ് വെളുത്ത് തടിച്ച് വളരെ ഫാഷനബിളായ ഒരു ചേച്ചി അരികിലേക്ക് വന്നത്.

ആറേമുക്കാലോടെ ശക്തന്‍ സ്റ്റാന്‍ഡിനുമുന്‍പുള്ള ഒരു സ്‌റ്റോപ്പില്‍ എന്നെ അവര്‍ ഇറക്കി വിട്ടു. ഇരുട്ട്. സര്‍വ്വകാല റെക്കോഡുകളും ഭേദിച്ചുള്ള മഴ. എന്റെ സകല ധൈര്യവും ചോര്‍ന്നു. ബിജു ചേട്ടനെ വിളിക്കാനായി മൊബൈല്‍ഫോണ്‍ തിരഞ്ഞപ്പോഴാണ് ഹോസ്പിറ്റലില്‍ വച്ച് ഞാനതു മറന്ന കാര്യം അറിഞ്ഞത്. ഏട്ടന്റെ കുട്ടികള്‍ അതില്‍ ഗെയിം കളിക്കുന്നത് ഞാന്‍ കണ്ടിരുന്നു. ആകെ പരിഭ്രാന്തിപിടിച്ച് ഞാന്‍ ചുറ്റിലും നോക്കി. സ്റ്റോപ്പില്‍ നില്‍ക്കുന്നവരൊക്കെ ഓരോ വണ്ടി വരുമ്പോള്‍ ഓടിക്കേറി പൊയ്‌ക്കൊണ്ടിരിക്കുന്നു. ഏകദേശം മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞതോടെ ഞാന്‍ കരച്ചിലിന്റെ വക്കോളമെത്തി. സ്‌റ്റോപ്പിലെ തിരക്കില്‍ പലരോടും പെരുമ്പാവൂര്‍ ബസ്സ് ഇതിലെയല്ലെ വരുന്നതെന്ന് പാതി കരച്ചിലോടെ ചോദിച്ചു. ഒന്നുരണ്ടു സ്ത്രീകളെ അവിടെ ഉണ്ടായിരുന്നുള്ളു. അതിലൊരാളോട് ഇവിടെയടുത്ത് ബൂത്തുണ്ടാവുമോ ഒന്നു ഫോണ്‍ചെയ്യാനാ എന്നു ചോദിച്ചതിന്  അവര്‍ 'ആവോ അറിയില്ല' എന്നു പറഞ്ഞൊഴിഞ്ഞ് അതുവഴി വന്ന ഒരു ഓട്ടോയില്‍ കയറിപ്പോയി. 

പതിയെ തലകറങ്ങുന്നതായി തോന്നി. എല്ലാം ഇതോടെ തീര്‍ന്നു എന്ന ചിന്തയില്‍ വിളറി വിറങ്ങലിച്ച് ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ നടക്കാനാവാതെ നില്‍ക്കുമ്പോഴാണ് വെളുത്ത് തടിച്ച് വളരെ ഫാഷനബിളായ ഒരു ചേച്ചി അരികിലേക്ക് വന്നത്. അവരെ ഞാനവിടെ നേരത്തെതന്നെ കണ്ടിരുന്നെങ്കിലും കൂടുതല്‍ ശ്രദ്ധിക്കാന്‍ പോയില്ലായിരുന്നു. അവര്‍ അടുത്ത് വന്ന് എങ്ങോട്ടാ പോകേണ്ടതെന്നു ചോദിച്ചു. ഞാന്‍ പെരുമ്പാവൂര്‍ എന്ന് പറഞ്ഞപ്പോള്‍ ഇവിടെ അങ്ങോട്ടേയ്ക്കുള്ള ബസ്സുകള്‍ നിര്‍ത്താറില്ല, കെ.എസ്.ആര്‍.റ്റി.സി സ്റ്റാന്‍ഡിലേക്ക് പോകണം എന്നു പറഞ്ഞു. ഞാനാകെ കിടുകിടെ വിറയ്ക്കാന്‍ തുടങ്ങി. ടെന്‍ഷന്‍ കണ്ട് അവര്‍ പറഞ്ഞു,  ഞാന്‍ ജെസി. എന്റെ ഹസ്ബന്റ് ഇപ്പോ കാറുമായി വരും, ഞങ്ങള്‍ ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുവിടാമെന്ന്. അതുകേട്ടതും എന്റെ പേടി ഇരട്ടിച്ചു. അപരിചിതരായ  ഇവരുടെ കൂടെ കാറില്‍ കയറി പോയാല്‍ എന്താവും സംഭവിക്കുക? വല്ല സെക്‌സ് റാക്കറ്റിലെ കണ്ണിയുമാണെങ്കിലോ?

എന്താവും സംഭവിക്കുക? വല്ല സെക്‌സ് റാക്കറ്റിലെ കണ്ണിയുമാണെങ്കിലോ?

സമയമാണെങ്കില്‍ ഒരു ദാക്ഷിണ്യവുമില്ലാതെ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നു. ഇരുട്ടും മഴയും ഏറിവരുന്നു.എനിക്കാണെങ്കില്‍ വല്ലാതെ തലകറങ്ങുന്നു. ജെസി ചേച്ചിയാണെങ്കില്‍ എന്നോട് എന്തൊക്കെയോ ചോദിക്കുന്നുമുണ്ട്. ഒരു ഓട്ടോയില്‍ കയറി കെ.എസ്.ആര്‍.റ്റി.സി സ്റ്റാന്‍ഡിലേക്ക് പോയിക്കൂടായിരുന്നോ എന്നു പിന്നീട് പലരും ചോദിച്ചു. പക്ഷെ അപ്പോള്‍ എന്റെ മനസ്സില്‍ അമ്മ പറഞ്ഞ കാര്യമായിരുന്നു, 'ഓട്ടോയില്‍ കയറി പരിഭ്രമിച്ച് ബബ്ബബ്ബാ പറഞ്ഞാല്‍ അവര്‍ ചിലപ്പോള്‍ മറ്റെങ്ങോട്ടെങ്കിലും കൊണ്ടുപോകും'. അങ്ങനെ ബോധാബോധങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുമ്പോഴാണ് അവരുടെ ഭര്‍ത്താവിന്റെ കാര്‍ വന്നത്. അതും ഒരു കറുത്ത കാര്‍! 

ബസ് സ്റ്റാന്‍ഡിലെ ആളുകളുടെ എണ്ണം കുറഞ്ഞു വന്നുകൊണ്ടിരുന്നു. ജെസിചേച്ചി ഡോര്‍ തുറന്നുപിടിച്ച് 'വാ...കുട്ടീ....'എന്ന് നിര്‍ബന്ധിക്കുകയും ഒടുവില്‍ അല്‍പ്പം ബലപ്പെട്ട് കൈയില്‍പിടിച്ച് വണ്ടിയില്‍ കയറ്റുകയും ചെയ്തു. എന്റെ മേലാകെ തണുത്തു. പ്രഷര്‍ കുറയുന്നതിന്റെ അസ്വസ്ഥതകള്‍ തലപൊക്കി. വണ്ടി അല്‍പ്പം നീങ്ങിയതും അത് നിര്‍ത്താന്‍ കരഞ്ഞുകൊണ്ട് ഞാന്‍ ആവശ്യപ്പെട്ടു. അവര്‍ വണ്ടി നിര്‍ത്തിയതും ഡോര്‍ തുറന്ന് റോഡരികിലേക്ക് നീങ്ങി ഞാന്‍ ശര്‍ദ്ദിച്ചു. ഉടനെ ചേച്ചി ഒരു ബോട്ടില്‍ വെള്ളമെടുത്തുതന്നു. ഒരുവിധേന വായും മുഖവും കഴുകിയ എന്നെ വീണ്ടും അവര്‍  പിടിച്ചു കാറില്‍ കയറ്റി.അന്നേരം വേവലാതിയോടെ ഞാന്‍ എന്തൊക്കെയാണ് പ്രാര്‍ത്ഥിച്ചത്?

ജെസി ചേച്ചിയുടെ ലിപ്‌സ്റ്റിക്കിട്ട ചുണ്ടുകളും സ്ലീവ്‌ലെസ് ചുരിദാറും ചേട്ടന്റെ മുഖവും...

ഇനിയൊരിക്കലും എനിക്കെന്റെ  ബിജുചേട്ടനെയും മക്കളേയും കാണാന്‍ പറ്റില്ലായിരിക്കുമോ ദൈവമേ? പ്രാര്‍ത്ഥനയ്ക്കും വഴിപാടുനേരലുകള്‍ക്കും അവസാനം കാര്‍ ഒരിടത്തുനിര്‍ത്തി. മഴ അല്‍പ്പം അമര്‍ന്നിരുന്നു. ഒരു ജഡം കണക്കെ കാറില്‍ നിന്നും ചേച്ചിയെന്നെ ഇറക്കി. 

ജെസി ചേച്ചിയുടെ ലിപ്‌സ്റ്റിക്കിട്ട ചുണ്ടുകളും സ്ലീവ്‌ലെസ് ചുരിദാറും ചേട്ടന്റെ മുഖവും...

എങ്ങോട്ടേയ്ക്കുള്ള പോക്കായിരിക്കും ആവോ ഇത്? 

ആ ചേട്ടന്‍ പറഞ്ഞു. 'വിഷമിക്കേണ്ട സ്റ്റാന്‍ഡെത്തി'. 

മുന്നിലിപ്പോള്‍ നിറയെ കെ.എസ്.ആര്‍.റ്റി.സി ബസ്സുകള്‍ അപ്പോഴാണ് ശ്വാസം നേരെ വീണത്. എന്തോ വലിയ അത്യാഹിതത്തില്‍ നിന്നും രക്ഷപ്പെട്ടകണക്കെ അവര്‍ക്കു പുറകെ ഞാന്‍ നടന്നു.  ചേട്ടന്‍ ചേച്ചിയോട് 'ആ കുട്ടിക്ക് കഴിക്കാനെന്തെങ്കിലും വാങ്ങിച്ചുകൊടുക്കൂ ജെസീ' എന്നുപറഞ്ഞു. ഒന്നും വേണ്ട ബസ്സില്‍ കയറ്റിവിട്ടാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞെങ്കിലും നിര്‍ബന്ധിച്ച് ഒരു ലെമണ്‍ ജ്യൂസ് എന്നെയവര്‍ കഴിപ്പിച്ചു. അതൊരുവിധേന കുടിച്ചു തീര്‍ത്തപ്പോഴയ്ക്കും 'ഒരു തിരുവനന്തപുരം ഫാസ്റ്റ് കിടപ്പുണ്ട് വാ' എന്നുപറഞ്ഞ് ആ ചേട്ടന്‍ വിളിച്ചു. എന്നെ വണ്ടിയില്‍ കയറ്റി ഇരുത്തി കണ്ടക്ടറോട് പെരുമ്പാവൂര്‍ സ്റ്റാന്‍ഡില്‍ ഇറക്കണമെന്ന് പ്രത്യേകം പറഞ്ഞ് വണ്ടി സ്റ്റാര്‍ട്ട് ചെയ്തതിനുശേഷമാണ് അവര്‍ പോയത്. 

പോകുംമുമ്പ് വിട്ടിലേക്ക് വിളിച്ചോളൂ എന്നുപറഞ്ഞ് മൊബൈല്‍ ഫോണ്‍ തന്നെങ്കിലും ആ വെപ്രാളത്തില്‍ ആരുടെയും നമ്പര്‍ എനിക്കോര്‍മ്മ വന്നില്ല. അവരിറങ്ങിക്കഴിഞ്ഞും എന്റെ ചിന്ത ബിജുചേട്ടനോട് പെരുമ്പാവൂര്‍ സ്റ്റാന്‍ഡില്‍ വന്നുനില്‍ക്കാന്‍ എങ്ങനെ പറയാന്‍ കഴിയും എന്നതായിരുന്നു. ഒടുവില്‍ അങ്കമാലി എത്തിയപ്പോഴാണ് മനസ്സൊന്ന് സ്വസ്ഥമായി നമ്പര്‍ ഓര്‍ത്തെടുക്കാനായത്. വളരെ നല്ലവനായ കണ്ടക്ടറുടെ ഫോണില്‍ നിന്നും ബിജുചേട്ടനെ വിളിച്ച് ഞാന്‍ കാര്യം പറഞ്ഞു. 

പെരുമ്പാവൂര്‍ സ്റ്റാന്‍ഡില്‍ ഇറങ്ങി ബിജുചേട്ടനെ കണ്ടപാടെ സകല നിയന്ത്രണങ്ങളും വിട്ട് ഞാന്‍ പൊട്ടിക്കരഞ്ഞു. അപ്പോള്‍ എനിക്ക് നല്ല പനി തുടങ്ങിയിരുന്നു.പത്തുദിവസം കഴിഞ്ഞാണ് എന്റെ പനി  കുറഞ്ഞത്. പനിച്ചൂടിനിടെ ആ വിശേഷങ്ങള്‍ പറയുമ്പോഴൊക്കെ ബിജുചേട്ടനും കുട്ടികളും ചോദിക്കും, ആ ചേച്ചിയെ ഒന്നു പരിചയപ്പെടാമായിരുന്നില്ലേ എന്ന്. 

അപ്പോള്‍ ഞാന്‍ ആ സംഭവത്തിലൂടെ പലവട്ടം കടന്നുപോകും. ആ ചേച്ചി എന്തൊക്കെയാണ് എന്നോട് ചോദിച്ചത് ? ഞാന്‍ എന്തൊക്കെയാണ് പറഞ്ഞത് ? എന്തിനായിരുന്നു അവരെപ്പറ്റി സെക്‌സ്‌റാക്കറ്റിലെ കണ്ണിയെന്നൊക്കെ ഞാന്‍ ചിന്തിച്ചത്? തിരിച്ച് അവരും ഇതുവല്ല പുലിവാലുപിടിച്ച കേസാണെങ്കിലോ എന്നുകരുതി എന്നെ ശ്രദ്ധിക്കാതെ പോയിരുന്നെങ്കില്‍ എന്തായേനെ എന്റെ സ്ഥിതി? 

എന്തായാലും ആ സംഭവത്തിന്റെ പേരില്‍ ഏട്ടനും അമ്മയ്ക്കും അപ്പയുടെ ചീത്ത വലിയ തോതില്‍ കിട്ടി.  ക്ഷമാപണത്തോടെ പനിക്കാരിയെ കാണാന്‍ വന്ന ഏട്ടനാണ് എഫ്.ബി.യില്‍ അവരെ തിരഞ്ഞുനോക്കാന്‍ എന്നോട് പറഞ്ഞത്. പക്ഷേ എനിക്ക് എഫ്.ബി.യില്‍ ജെസിചേച്ചിയെ കണ്ടെത്താനായില്ല. ഈ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിലിരുന്ന് ജെസി ചേച്ചി ഇതു വായിക്കുന്നുണ്ടെങ്കില്‍ 2013 ജൂലൈയില്‍ ആ കനത്ത മഴയത്ത് തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിനുമുന്‍പുള്ള ബസ് സ്റ്റോപ്പില്‍, ബസ് കിട്ടാതെ പേടിച്ച് കരഞ്ഞ് കോലാഹലങ്ങള്‍ ഉണ്ടാക്കിയ ആ പിങ്ക് ചുരിദാറുകാരിയെ ഓര്‍ക്കണം. ഒന്നെന്നെ വിവരമറിയിക്കണം. 

 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

Follow Us:
Download App:
  • android
  • ios