Asianet News MalayalamAsianet News Malayalam

മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

Nee Evideyaanu Najeeb Moodadi
Author
Thiruvananthapuram, First Published Jul 29, 2017, 6:58 PM IST

Nee Evideyaanu Najeeb Moodadi

പതിനഞ്ചു കൊല്ലം മുമ്പ്, ഇതുപോലെ ഗള്‍ഫ്  മരുഭൂമിയില്‍ വേനല്‍ കത്തി നില്‍ക്കുന്ന ഒരു ജൂലൈ മാസത്തിലെ വൈകുന്നേരം, പണി കഴിഞ്ഞ് വന്ന് എന്റെ  പലചരക്ക് കടയില്‍ നിന്ന് പെപ്‌സി നുണഞ്ഞ് ഉടലും തൊണ്ടയും തണുപ്പിക്കുമ്പോഴാണ് ആന്ധ്രക്കാരന്‍ രാമയ്യ പറഞ്ഞത്. 

'അണ്ണാ മേം പണി സേസേത് ബില്‍ഡിങ് കാട കൊത്തകാ ഒച്ചിണ്ടേത് ഹാരിസ് മീ കേരളവാളെ...പാപമു'

മൊസൈക്ക് പണിക്കാരനായ രാമയ്യയും കൂട്ടരുംജോലി ചെയ്തു കൊണ്ടിരിക്കുന്ന പുതുതായി നിര്‍മ്മിക്കുന്ന അറബി വീട്ടിന്റെ കാവല്‍ക്കാരനായി മൂന്നുദിവസം മുമ്പ്  എത്തിയ മലയാളിയെ കുറിച്ചാണ് ഈ പറച്ചില്‍. 

നാട്ടില്‍ നിന്ന് പുതിയതായി എത്തിയതാണത്രെ. എയര്‍പോര്‍ട്ടില്‍ നിന്നും കഫീല്‍  നേരെ കൊണ്ടുവന്ന് അവിടെ ഇറക്കിയിട്ടു പോയി. പിന്നീട്  അയാള്‍  അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല, ആദ്യമായി വീടുവിട്ടു പോന്ന  ആ ചെറുപ്പക്കാരന്‍  ആകെ പരിഭ്രമിച്ചിരിക്കുകയാണ്. ഭക്ഷണം  പോലും ശരിക്കില്ല. പകല്‍ രാമയ്യയും കൂട്ടരും അവര്‍ക്ക് കഴിക്കാന്‍  അവിടെ വെച്ചുണ്ടാക്കുന്നതില്‍ ഒരു പങ്ക് അയാള്‍ക്കും കൊടുക്കും. പാസ്‌പോര്‍ട്ടോ പൈസയോ ഫോണോ കയ്യിലില്ലാത്ത, മലയാളമല്ലാത്ത മറ്റൊരു ഭാഷയും അറിയാത്ത അയാളെ  എന്ത് പറഞ്ഞാണ് സമാധാനിപ്പിക്കുക. 

രാമയ്യയുടെ വാക്കുകളില്‍ മരുഭൂമിയില്‍  ഒറ്റപ്പെട്ടുപോയ ആ മനുഷ്യനോടുള്ള സങ്കടം മുറ്റി നിന്നു

രാമയ്യയുടെ വാക്കുകളില്‍ മരുഭൂമിയില്‍  ഒറ്റപ്പെട്ടുപോയ ആ മനുഷ്യനോടുള്ള സങ്കടം മുറ്റി നിന്നു. നിശ്ശബ്ദനായിരുന്നും കരഞ്ഞും, തകര്‍ന്നുപോയ അയാളെ അറിയുന്ന മുറിത്തമിഴിലും ഹിന്ദിയിലും ഒക്കെ ആശ്വസിപ്പിക്കുകയും, തങ്ങള്‍ കഴിക്കുന്ന പട്ടാണിക്കറിയും കുബ്ബൂസും പങ്കുവെച്ചു നല്‍കുകയും അല്ലാതെ, വെറും കൂലിപ്പണിക്കാരും 'ഖാദിം'വിസക്കാരുമായ ഈ പാവങ്ങള്‍ എന്തു ചെയ്യാനാണ്? 

അയാള്‍ കുവൈത്തില്‍  എത്തിയോ എന്ന  വിവരം പോലും അറിയാതെ പരിഭ്രാന്തരായി ഇരിക്കുന്ന വീട്ടുകാരുടെ അവസ്ഥ. പുതുതായി ഉണ്ടാക്കുന്ന 'മന്തക്ക'യില്‍ പണി തീരാത്ത, കറന്റ് പോലും ഇല്ലാത്ത വീടുകളിലൊന്നില്‍ ആ ചെറുപ്പക്കാരന്‍ ഒറ്റക്ക്. അപരിചിതമായ നാട്ടില്‍ പൊള്ളുന്ന വേനലിലേക്കും  ഇരുട്ടിലേക്കും   വലിച്ചെറിയപ്പെട്ട പോലെ ആ മനുഷ്യന്‍. എത്ര പേടിപ്പെടുത്തുന്നതും സങ്കടകരവുമാണ് അയാളുടെ കാര്യം. ഞാന്‍ വെറുതെ  ചിന്തിച്ചു നോക്കി. 

പിറ്റേദിവസം പുലര്‍ച്ചെ രാമയ്യ പണിക്ക് പോകുമ്പോള്‍ കടയില്‍ നിന്ന് മോട്ടാ ചാവലും പച്ചക്കറിയും മസാലപ്പൊടികളും, പിന്നെ അത്യാവശ്യം ചെലവിനുള്ള  ചില്ലറ പൈസയും രാമയ്യയുടെ കോണ്‍ട്രാക്ടറുടെ ഫോണില്‍ നിന്ന് (അന്ന് മൊബൈല്‍ ഫോണ്‍ എല്ലാരുടെ കയ്യിലും ഉണ്ടായിരുന്നില്ല) നാട്ടിലേക്ക് വിളിക്കാനുള്ള കാര്‍ഡും, പിന്നെ ഒരു ലെറ്റര്‍പാഡും കവറും അയാള്‍ക്ക് കൊടുത്തയച്ചു. ഒപ്പം ഒരു എഴുത്തും.

'രാമയ്യയുടെ കൈവശം നാട്ടിലേക്ക് വിളിക്കാനുള്ള കാര്‍ഡ് ഏല്‍പിച്ചിട്ടുണ്ട്. അയാള്‍ കോണ്‍ട്രാക്ടറുടെ ഫോണില്‍  വിളിക്കാനുള്ള സൗകര്യം ചെയ്തുതരും. പേടിക്കണ്ട അറബി അടുത്ത ദിവസം തന്നെ വരുമായിരിക്കും. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ എഴുത്തു കൊടുത്തയക്കുക. ധൈര്യമായിരിക്കുക'

അന്ന് വൈകുന്നേരം പണി കഴിഞ്ഞുവരുമ്പോള്‍ രാമയ്യയുടെ കയ്യില്‍ അയാള്‍ കൊടുത്തയച്ച കത്തുണ്ടായിരുന്നു. എരുമേലി സ്വദേശിയാണയാള്‍. പേര് ഷാനവാസ്. പേടിച്ചും പരിഭ്രമിച്ചും കരഞ്ഞു തളര്‍ന്ന ഉമ്മയേയും ബാപ്പയെയും വിളിച്ചു സംസാരിച്ചതിന്റെ ആഹ്ലാദമുണ്ടായിരുന്നു ആ എഴുത്തില്‍. ഏറെ നാളിന് ശേഷം ഊണ് കഴിച്ചതിന്റെ നിറവും. അയാളുടെ കരച്ചിലും പേടിയും മാറിയതിന്റെ സന്തോഷം  രാമയ്യയും പങ്കുവെച്ചു.

പിറ്റേദിവസം രാമയ്യ വരുമ്പോഴും  ഷാനവാസ് കൊടുത്തയച്ച കത്തുണ്ടായിരുന്നു.

പിറ്റേദിവസം രാമയ്യ വരുമ്പോഴും  ഷാനവാസ് കൊടുത്തയച്ച കത്തുണ്ടായിരുന്നു. അരിയും സാധനങ്ങളും കിടക്കയും പുതപ്പുമൊക്കെയായി അറബി വന്ന സന്തോഷമായിരുന്നു കത്തില്‍.  അയാള്‍ അടിയന്തിരമായി എങ്ങോട്ടോ പോയതായിരുന്നു. ആള്‍ കുഴപ്പക്കാരനല്ല. ഇപ്പോള്‍ സമാധാനമായി. ഷാനവാസ് എഴുതിക്കൊണ്ടിരുന്നു. അക്ഷരങ്ങളിലൂടെയെങ്കിലും, ഈ അപരിചിതമായ ദേശത്ത്  മലയാളത്തിന്റെ  ഒരു ചേര്‍ത്തുപിടിക്കല്‍ അയാള്‍ക്ക് ഉറ്റവര്‍ ആരോ  ഉണ്ടെന്ന തോന്നല്‍ നല്‍കിയിരിക്കാം. 

ഇടക്കിടെ കത്തുകളും മറുപടിയുമായി എനിക്കും ഷാനവാസിനും ഇടയില്‍ നല്ലൊരു സൗഹാര്‍ദ്ദമോ സഹോദര്യമോ  രൂപപ്പെട്ടു. ഷാനവാസിന്റെ എരുമേലിയിലെ വീടും വീട്ടുകാരും എനിക്ക് പരിചിതരായി. ബാപ്പയും ഉമ്മയും ജ്യേഷ്ഠനും അടങ്ങിയ കുടുംബം. ഉത്തരവാദിത്തങ്ങള്‍ സ്വപ്‌നങ്ങള്‍.

വേനല്‍ക്കാലത്തെ രാത്രിയിരുട്ടുവീണ മരുഭൂമിയില്‍ ഒറ്റക്കിരുന്ന്, ഉറ്റവര്‍ക്ക് തണലായി മാറുന്ന കാലത്തെ കുറിച്ച് നെയ്യുന്ന സ്വപ്നങ്ങള്‍ ഷാനവാസിന്റെ കത്തുകളില്‍ നിറഞ്ഞു. ഗള്‍ഫുകാരന്റെ പത്രാസില്‍ നാട്ടില്‍ ചെന്നിറങ്ങുന്നത്.പ്രിയപ്പെട്ടവര്‍ സ്‌നേഹ വത്സല്യങ്ങളോടെ ചേര്‍ത്തു പിടിക്കുന്നത്.

ഏറെ പഠിപ്പില്ലാത്ത, നാടുവിട്ടു പരിചയമില്ലാത്ത ആ നാട്ടുമ്പുറക്കാരന്, കഫീലിനോടൊപ്പം  മെഡിക്കലിനും   ഫിംഗര്‍ എടുക്കാനും പോയപ്പോള്‍ കണ്ട വാഹനങ്ങളും നിരത്തും പലഭാഷകള്‍ സംസാരിക്കുന്ന മനുഷ്യരും ഉള്ളിലുണ്ടാക്കിയത് അത്ഭുതമായിരുന്നു. ഒരു പുലര്‍ച്ചെ ആജാനുബാഹു ആയ ഒരു അറബിപ്പയ്യന്‍ റൂമിലേക്ക് കയറി വന്നു സിഗരറ്റ് ഉണ്ടോ എന്ന് ചോദിച്ചു മര്‍ദിച്ചതത് പുതിയ അനുഭവമായിരുന്നു. സങ്കല്‍പ്പത്തില്‍ ഉണ്ടായിരുന്ന ഗള്‍ഫിന്റെ ചിത്രത്തില്‍ നിന്നും വിപരീതമായ ഒരു ലോകത്താണ് എത്തിപ്പെട്ടതെങ്കിലും, തളരാതെ പിടിച്ചു നില്‍ക്കാനും മോഹങ്ങള്‍ യാഥാര്‍ഥ്യമാക്കുവാനും കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു ഷാനവാസിന്റെ വാക്കുകളില്‍.

അതിനിടെ തൊട്ടടുത്ത വീട്ടില്‍ ഡ്രൈവറായി ഒരു മലയാളി എത്തിയതോടെ ഷാനവാസിന് മിണ്ടാനും പറയാനും ആളായി. എന്നാലും കത്തുകള്‍ മുടക്കിയില്ല. ആദ്യ ശമ്പളം കിട്ടി നാട്ടില്‍ അയച്ചതും വീട്ടുകാരെ വിളിച്ചതും അങ്ങനെ എല്ലാ കുഞ്ഞു കുഞ്ഞു  സന്തോഷങ്ങളും സങ്കടങ്ങളും ഉറ്റ ഒരാളോട് എന്ന പോലെ ഷാനവാസ് എഴുതിക്കൊണ്ടിരുന്നു.ഒരിക്കല്‍ പോലും നേരില്‍ കാണാതെ, എഴുത്തിലൂടെ മാത്രം ഉണ്ടായ ബന്ധത്തിന്റെ  ഇഴയടുപ്പം.

ആയിടെ ഞാന്‍  മൊബൈല്‍ ഫോണ്‍ വാങ്ങുകയും നമ്പര്‍ അറിയിച്ചു കൊടുക്കുകയും  ചെയ്‌തെങ്കിലും  വിളിക്കാന്‍ ഷാനവാസിന് ഫോണുണ്ടായിരുന്നില്ല. രാമയ്യയുടെ അവിടത്തെ പണി അവസാനിച്ചതോടെ ഞങ്ങള്‍ക്കിടയിലുള്ള കത്തെഴുത്തു നിന്നു. അടുത്ത മാസത്തോടെ വീടുപണി തീരുമെന്നും, അത് കഴിഞ്ഞാല്‍ പുറത്തുപോയി ജോലി  ചെയ്‌തോളാന്‍ അറബി സമ്മതിച്ചിട്ടുണ്ടെന്നുമുള്ള  സന്തോഷ വര്‍ത്തമാനം ഉണ്ടായിരുന്നു അവസാന കത്തില്‍. എന്നെങ്കിലും ഒരിയ്ക്കല്‍ നേരില്‍ കാണാം എന്ന പ്രതീക്ഷയും. 

പിന്നീടൊരിക്കലും ഷാനവാസ്  വിളിച്ചിട്ടില്ല.

മാസങ്ങള്‍ക്ക് ശേഷം കടയിലെ തിരക്ക് പിടിച്ചൊരു വൈകുന്നേരം അപരിചിതമായൊരു ലാന്‍ഡ് ഫോണ്‍ നമ്പറില്‍ നിന്നും  വന്ന ഒരു കോള്‍, കുറഞ്ഞ നേരത്തെ ഇടവേളയില്‍ വീണ്ടും രണ്ടുവട്ടം  ഫോണ്‍ ബെല്ലടിച്ചെങ്കിലും എടുത്തു സംസാരിക്കാന്‍ പറ്റിയൊരു സാഹചര്യം അല്ലാത്തതിനാല്‍ തിരക്കൊഴിഞ്ഞ്  അങ്ങോട്ട്  വിളിക്കാം എന്നു വെച്ചു.

തിരക്ക് കഴിയുമ്പോള്‍  അര മണിക്കൂറെങ്കിലും വൈകിയിരുന്നു. നേരത്തെ വന്ന നമ്പറിലേക്ക് തിരിച്ചു വിളിച്ചന്വേഷിച്ചപ്പോള്‍  അപ്പുറത്ത് ഫോണെടുത്ത ആള്‍  പറഞ്ഞു.

'അയാള് പോയല്ലോ.ഇതൊരു 'ബഖാല'യാണ്.ഇത്ര നേരവും അയാള്‍ ഇവിടെ നിന്നിരുന്നു. തിരിച്ചു വിളിക്കുന്നതും കാത്ത്. ഇപ്പൊ അങ്ങോട്ട് ഇറങ്ങിയതേ ഉള്ളൂ'

'പേരെന്തെങ്കിലും പറഞ്ഞോ ആരാണ് എന്ന്...'

'ഷാനവാസ് എന്നാണെന്ന് തോന്നുന്നു. എന്തോ നല്ല ടെന്‍ഷന്‍ പോലെ ഉണ്ടായിരുന്നു. അതുകൊണ്ട് അധികമൊന്നും സംസാരിച്ചില്ല. ഒന്നും മിണ്ടാതെ ഒരു സാധുവിനെപ്പോലെ'

എന്ത് പറയാന്‍ വേണ്ടിയായിരിക്കും ഷാനവാസ് ഏറെക്കാലത്തിന് ശേഷം എന്നെ വിളിച്ചതും,  തിരിച്ചു വിളിക്കുന്നതും കാത്ത് അത്രനേരം നിന്നതും?

പിന്നീടൊരിക്കലും ഷാനവാസ്  വിളിച്ചിട്ടില്ല. അയാളിപ്പോഴും കുവൈത്തില്‍ തന്നെ ഉണ്ടോ? നാട്ടിലേക്ക് തിരിച്ചുപോയോ? അറിഞ്ഞുകൂടാ.

നീണ്ട പതിനഞ്ചു വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. ഒരിക്കലും നേരില്‍ കാണാത്ത, ശബ്ദം പോലും കേള്‍ക്കാത്ത ഒരു സൗഹൃദത്തിന്റെ ഓര്‍മ്മ. ഇങ്ങനെ ഒരുപാട് അനുഭവങ്ങള്‍ കൂടിയാണല്ലോ പ്രവാസം!

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്
 

Follow Us:
Download App:
  • android
  • ios