Asianet News MalayalamAsianet News Malayalam

ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?

Nee Evideyaanu Pooja Raghu
Author
Thiruvananthapuram, First Published Aug 1, 2017, 7:59 PM IST

Nee Evideyaanu Pooja Raghu

കാലവര്‍ഷക്കാറ്റേറ്റ് തറവാട്ടുവീട്ടിലെ ചെറിയ മുറിയുടെ ജനലുകള്‍ തുറന്നുമടച്ചും ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു.

കടല്‍ അടുത്തായതുകൊണ്ട്, മഴക്കാലത്ത് വീട്ടില്‍ എന്നുമൊരു കടലിരമ്പം തങ്ങി നില്‍ക്കാറുണ്ട്. അതിനെ ഭേദിച്ചു കൊണ്ട്, കരി പുരണ്ട അടുക്കളപ്പുറത്തുനിന്ന് അമ്മയും വലിയമ്മയും വിളിച്ചു പറഞ്ഞു,

'പിള്ളേരെ, പ്പോ കൊളത്തിലേക്ക് പോണ്ട, നല്ല മഴ പെയ്യാന്‍ പോന്നാ...!'

അങ്ങേച്ചെരുവിലെ ആകാശത്തിന്റെ ഇരുണ്ട നിറത്തിനപ്പുറം ആ പഴയ വീടിനു ചുറ്റുമുള്ള വേലിക്കെട്ടുകള്‍ക്കുമീതെ പടര്‍ന്നു പന്തലിച്ച ശംഖുമുഖത്തിന്റെയും നീലക്കോളാമ്പിയുടെയും മഷിത്തണ്ടിന്റെയും മുട്ടാമ്പിളിയുടെയുമൊക്കെ  ഇളം പച്ചയും മഞ്ഞയും കലര്‍ന്ന നിറമായിരുന്നു ബാല്യത്തില്‍ ഞങ്ങള്‍ക്ക്. 
അത് കൊണ്ട് തന്നെ, ഞങ്ങള്‍ ആ വേലി ചാടിക്കടന്ന് കുളത്തിലേക്ക് ഓടി.

മഴ കനക്കുമ്പോള്‍ അടുത്തുള്ള തോട്ടില്‍ നിന്ന് ശക്തിയായി വെള്ളം കുളത്തിലേക്ക്  കുത്തി ഒഴുകും. എങ്കിലും കലക്കമില്ലാതെ ശാന്തമായി കുളം നിറഞ്ഞു കിടക്കും. ചെമ്പകവും  ഇലിഞ്ഞിയും ചെമ്പരത്തിയും പുളിമരവുമൊക്കെ കുളത്തിനു  ചുറ്റും തൊട്ടുരുമ്മി തലയുയര്‍ത്തി പച്ച വിരിച്ചു നില്‍പ്പുണ്ടാവും.

ആ കുളമായിരുന്നു ഞങ്ങളുടെ  മൈതാനം. ഞങ്ങള്‍  പരിസരം മറന്ന് കളിക്കുന്ന ഒരു കളിയുണ്ട്, കുളത്തില്‍ എല്ലാവരും ഇറങ്ങും ഒരാള്‍ മാത്രം പടവിലും നില്‍ക്കും, അയാളാണ് കാക്ക. നീന്തി ക്ഷീണിച്ചു ആര് പടവിലേക്ക് കയറിയാലും കാക്ക വന്നു പിടിക്കും. പിന്നെ ആ പിടിച്ചയാളാവും അടുത്ത കാക്ക. അങ്ങനെ പടവിലേക്ക് കയറാതെ ദീര്‍ഘനേരം ആ വെള്ളത്തില്‍ പിടിച്ചു നില്‍ക്കുന്നയാളാണ് വിജയി. അന്നും, എന്നും വിനുവായിരുന്നു അതില്‍ വിജയി.

എത്ര നേരം വേണമെങ്കിലും വെള്ളത്തില്‍ മലര്‍ന്നും ചെരിഞ്ഞും നീന്തികൊണ്ടിരിക്കാനും, ഏറെനേരം ശ്വാസമടക്കി വെള്ളത്തില്‍ മുങ്ങാങ്കുഴിയിട്ടുനില്‍ക്കാനും  വിനുവിനെ പോലെ മറ്റാര്‍ക്കും അന്ന് ഞങ്ങളുടെ കൂട്ടത്തില്‍ സാധിക്കുമായിരുന്നില്ല. എത്രയോ നേരം അവന്‍ ജലപ്പരപ്പില്‍ പിന്നെയും പൊങ്ങി വരുന്നതും കാത്തു ഞങ്ങള്‍ എണ്ണിത്തീര്‍ത്തിട്ടുണ്ട്. 

കുളത്തിന്റെ മുകളില്‍ നിന്ന് ഇവരുടെ കളി കണ്ടു നിന്ന എന്നെ പുറകില്‍ നിന്ന് ഒരാള്‍ ശക്തിയായി തള്ളി.

കുളത്തില്‍ നീന്താന്‍ ആദ്യമൊക്കെ എനിക്ക് പേടിയായിരുന്നു. സമീപമുള്ള തോട്ടിലായിരുന്നു ഞാന്‍ നീന്താറുള്ളത്. ഒരിക്കല്‍ കുളത്തിന്റെ മുകളില്‍ നിന്ന് ഇവരുടെ കളി കണ്ടു നിന്ന എന്നെ പുറകില്‍ നിന്ന് ഒരാള്‍ ശക്തിയായി തള്ളി. അത്രയും ഉയരത്തില്‍ നിന്നു ആദ്യമായി രണ്ടു കറക്കം കറങ്ങി ഞാന്‍ കുളത്തിലേക്ക് വീണു. വെള്ളത്തില്‍ തൊട്ടു തൊട്ടില്ല എന്ന ദൂരമെത്തിയപ്പോള്‍ എന്റെ ശ്വാസം നിന്നതുപോലെ എനിക്ക് തോന്നി. 

ഞാന്‍ കണ്ണ് തുറന്നു.

കടും പച്ച നിറമുള്ള ഒരു കാട് ഞാന്‍ കണ്ടു.

വള്ളിച്ചെടികള്‍ പടര്‍ന്നു പന്തലിച്ച ഒരു പരവതാനി എന്നെ സ്വാഗതം ചെയ്തു.

ഞാന്‍ ഈ കാടിന്റെ ഇങ്ങേയറ്റത്ത് മുങ്ങിത്താഴ്ന്നു മരിക്കാന്‍ പോകുന്നു.

ഒരിക്കലും തിരിച്ചു പോകുവാന്‍ സാധിക്കാത്ത വിധം ഈ വള്ളികള്‍ എന്റെ കഴുത്തില്‍ കുരുക്കിടാന്‍ പോകുന്നു.

ഞാന്‍ നിലവിളിച്ചു . ആരും കേട്ടില്ല. കൈകള്‍ കുഴഞ്ഞു, കാലുകള്‍ തളര്‍ന്നു. ഒരു മഞ്ഞ നിറമുള്ള പൂവ്  മാത്രം എന്നെ നോക്കി ചിരിച്ച പോലെ. ഞാന്‍  കൈയനക്കി, കാലടിച്ച് മെല്ലെ മുകളിലേക്ക് പൊങ്ങി വന്നു. പടവില്‍ ഇരുന്ന് വിനു എന്നെ നോക്കി ചിരിക്കുന്നു. എന്റെ കൈ പിടിച്ചു അവന്‍ എന്നെ കരയിലേക്ക് കേറ്റി.

'എണെ, നീ നീന്താന്‍ പഠിച്ചല്ലാ, ഇനി ഒരീസും നീ മുങ്ങൂല..!'

അവന്‍ ചിരിച്ചു. ഒപ്പം ഞാനും.

ആരാണ് അപ്പുറത്ത് കരയുന്നത്?

വിനു ഞങ്ങളോടൊപ്പമായിരുന്നിട്ടും ഞങ്ങളെ പോലെയല്ലായിരുന്നു. അവന്റെ കണ്ണില്‍ സദാ പ്രതീക്ഷയാണ്, ജീവിതത്തെയും സന്തോഷങ്ങളെയും അതിശയത്തോടെ നോക്കിക്കാണുന്ന അവന്റെ കണ്ണുകളെകുറിച്ച് പിന്നീട് എത്രയോ കാലങ്ങള്‍ക്കുശേഷം  ഓര്‍ത്തപ്പോഴെല്ലാം അതെനിക്കൊരു വിസ്മയമായിരുന്നു. മഴയത്ത് നിലം  പൊത്താറായ വീടിന്റെ വരാന്തയില്‍ പകലന്തിയോളം പണികള്‍ ചെയ്തു ക്ഷീണിച്ച മുഖത്തോടെ മകനെ നീട്ടി വിളിക്കുന്ന അവന്റെ  അമ്മയുടെയും പ്രതീക്ഷ അവന്‍ തന്നെയായിരുന്നു. പേമാരിയില്‍ പലപ്പോഴും എന്റെ കുടക്കീഴിലേക്ക് ഒന്നും പറയാതെ ഓടിക്കയറി എന്നെ നോക്കുന്ന അവന്റെ  കണ്ണുകളെ  എനിക്കിപ്പോഴും അതെ വിസ്മയത്തോടെ ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നുണ്ട്. അവന്‍ നനയാതിരിക്കാന്‍ വേണ്ടി കുടയില്‍ നിന്ന് ഇത്തിരി മാറി പകുതി നനയുന്ന ആ പെണ്ണിനെയും എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. 

പക്ഷെ, ആകാശം പൊട്ടിക്കരഞ്ഞ ആ ദിവസം, ഒരു പ്രളയത്തിന്റെ ആരംഭം പോലെ കാറ്റ് വീശിയിരുന്നു. ഒപ്പം കടല്‍ കൈയ്യത്താദൂരത്തെന്ന പോലെ കൂടുതലുച്ചത്തില്‍ നിലവിളിച്ചു കൊണ്ടിരുന്നു. എല്ലാവരും കുളത്തിലെ കളി കഴിഞ്ഞു പടവിലേക്ക് കയറിയപ്പോള്‍, അവിടെയുള്ള ഉരുളന്‍ കല്ലുകള്‍ പെറുക്കി കുളത്തിലെക്കെറിഞ്ഞ്  ആരുടെ വൃത്തമാണ്  കല്ല് വെള്ളത്തില്‍ വീഴുമ്പോള്‍ വലുതെന്ന മത്സരം തുടങ്ങി. കൈയ്യില്‍ കിട്ടിയ കല്ലുകള്‍ എടുത്തു ഞങ്ങള്‍ കുളത്തിലെക്കെറിഞ്ഞു. മഴ തിമിര്‍ത്തുപെയ്യാന്‍ ഒരുങ്ങി ഇരുട്ടുപടര്‍ന്നിരുന്നു. മഴ പെയ്തു തുടങ്ങിയതും,ഞങ്ങള്‍ കൂട്ടത്തോടെ വീട്ടിലേക്ക് ഓടി.

വൈകുന്നേരമായപ്പോള്‍, മഴ തോര്‍ന്നു.

ഉത്തരത്തിലെ ഓടിനിടയിലൂടെ നൂല് പോലെ വെള്ളമുതിര്‍ന്നു കൊണ്ടിരുന്നു.

ആരാണ് അപ്പുറത്ത് കരയുന്നത്?ചിതറിയ വാക്കുകള്‍ക്കിടയില്‍ ആ ശബ്ദ എനിക്ക് പരിചിതമായി തോന്നി. നനഞ്ഞൊട്ടി എന്റെ  അച്ഛമ്മയുടെ കൈയില്‍ പിടിച്ചു നെഞ്ചു പൊട്ടി കരയുന്നത്  വിനുവിന്റെ അമ്മയായിരുന്നു.

'കുട്ട്യോളാരോ എറിഞ്ഞ കല്ല് ഓന്റെ  കണ്ണിലാ കുത്തി കേറിയെ.

'ന്റെ കുഞ്ഞീന്റെ  കണ്ണെന്റെ ചേച്ചി..!'

'കുട്ട്യോളാരോ എറിഞ്ഞ കല്ല് ഓന്റെ  കണ്ണിലാ കുത്തി കേറിയെ. തുന്നി കെട്ടി കൊണ്ടന്നിട്ടിണ്ട്, ഓനിനി ആ കണ്ണ് കാണൂല്ലെന്റെ ദേവിയെ..!'

അവര്‍ വിതുമ്മിക്കരഞ്ഞു. അവരുടെ ചുമലില്‍ കൈചേര്‍ത്തു എന്തോ പറയാനാഞ്ഞ അച്ഛമ്മയുടെ ആശ്വാസ വാക്കുകള്‍ക്കു  ചെവി കൊടുക്കാതെ, 'ഓന്‍ ഒറ്റയ്ക്കാ'  എന്നും  പറഞ്ഞവര്‍ തിരിച്ചോടി. എല്ലാവരും ഞങ്ങളെ നോക്കി...

'എന്താ പറ്റിയെ..??'

ആര്‍ക്കും അറിയില്ല.

'അപ്പോഴേ പറഞ്ഞല്ലേ, മഴ വരുമ്പോള്‍ പോണ്ട അങ്ങോട്ട്ന്ന്.'

അമ്മ മാത്രം  ഒറ്റയ്ക്ക് പിറുപിറുത്തു.

കണ്ണില്‍ കല്ല് കൊണ്ടപ്പോള്‍ വെള്ളത്തിനടിയിലെ നിശ്ശബ്ദ നിലവറക്കുള്ളില്‍നിന്ന് വേദനകൊണ്ടു പുറത്തേയ്ക്ക് വരാനാവാതെ കൈകള്‍ വെള്ളത്തിന് മീതെ പൊക്കി പിടഞ്ഞു കരഞ്ഞ വിനുവിന്റെ ശബ്ദം അപ്പോള്‍ കേള്‍ക്കാന്‍ ഞാന്‍ വെറുതെ  ശ്രമിച്ചുകൊണ്ടിരുന്നു. കുളത്തിനു മീതെ ഉയര്‍ന്നു പൊന്തിയ അവന്റെ കൈകളില്‍ കൈചേര്‍ത്തു അവനെ പുറത്തേക്ക് വലിക്കാന്‍ എനിക്ക്  വേണ്ടിയിരുന്നത് ഒരു തിരിഞ്ഞു നോട്ടം മാത്രമായിരുന്നെന്ന് ഓര്‍ത്തപ്പോള്‍ എന്റെ ശരീരം വിറച്ചു, കണ്ണുകള്‍ എനിക്കും വല്ലാതെ വേദനിച്ചുതുടങ്ങിരുന്നു അപ്പോള്‍. 

ഒരു കല്ല് വെള്ളത്തില്‍ വീഴുന്ന നിമിഷ നേരത്തെ അത്ഭുതത്തിനുവേണ്ടി  ഞാന്‍ പൊലിച്ചുകളഞ്ഞത്  അവന്റെ ജീവിതത്തിലെ പാതി കാഴ്ചകളെയാണെന്ന ചിന്ത അന്നെന്നില്‍ കുടിയേറി.

പിന്നീട്, വിനു ഞങ്ങളുടെ അടുത്തേക്ക് വന്നില്ല.

കുളത്തിന്റെ  ആഴങ്ങളിലേക്ക് പോയപ്പോള്‍ കണ്ണില്‍നിന്നു പൊടിഞ്ഞ ചുവപ്പ്, ആഴത്തിലെ പച്ചപ്പിന്റെ കാട്ടിലെ ചുവന്ന പൂവ്  പോലെ അവനു തോന്നിയിരിക്കണം. പാതി കാഴ്ചയില്‍ അവന്‍ എന്റെ  മഞ്ഞ പൂവ് കണ്ടിരിക്കണം, അതിന്റെ  പുഞ്ചിരി  കണ്ടു അവന്‍ എന്നെപോലെ കൈകാലുകള്‍ അടിച്ചു മുകളിലേയ്ക്ക് ഉയര്‍ന്നു വരാന്‍ ശ്രമിച്ചിരിക്കണം.

ആ വലിയ കുളത്തിന്റെ നടുവില്‍ തീര്‍ത്തും ഒറ്റപ്പെട്ട ഒരു ഒറ്റകണ്ണനായിട്ട്.

പിന്നീട്, വിനു ഞങ്ങളുടെ അടുത്തേക്ക് വന്നില്ല.

കാളിമ പരന്ന ഒരു കണ്ണുമായി, നോക്കിയാല്‍ കുളത്തിന്റെ  ഒരറ്റം മാത്രം കാണുന്ന അവന്റെ  വീടിന്റെ തിണ്ണയില്‍ ചമ്രം പടിഞ്ഞിരുന്ന കുട്ടി വിനു ഇപ്പോള്‍ വലുതായി. കൂര്‍പ്പിച്ച ചുണ്ടുമായി തലയും കുമ്പിട്ട് എന്റെ കുടയെ കണ്ടില്ലെന്നു നടിച്ചു അവന്‍ വേഗത്തില്‍ മഴ കൊണ്ട് നടന്നു. ഒഴിച്ചിട്ട എന്റെ കുടക്കീഴിലെ മഴയൊഴിഞ്ഞ ഇടം തേടി  പിന്നീടൊരിക്കലും അവന്‍ വന്നുകയറിയില്ല. 

മഴ പെയ്തുകൊണ്ടിരുന്നു.  

ഓര്‍മ്മയുടെ മേച്ചില്‍പ്പുറങ്ങളില്‍ ഇന്നുമെനിക്ക് ആ മഴ തോര്‍ന്നിട്ടില്ല. കുളത്തില്‍ നിന്ന് കയറി വീട്ടിലേക്കോടിയ  ആ കൊച്ചുകുട്ടിയുടെ കുപ്പായം ഇന്നും ഉണങ്ങിയിട്ടില്ല.   കണ്ണടച്ചാല്‍ ഇപ്പോഴും എന്റെ മുന്നില്‍ വീട്ടിലേക്കൊടുന്ന ആ പെണ്‍കുട്ടിയുടെ ദൃശ്യം തെളിയും. 

അവള്‍ ഒരിക്കല്‍ പോലും തിരിഞ്ഞുനോക്കിയതേയില്ല. 

കണ്ണടച്ച് ഓര്‍ത്തുകൊണ്ട് ഇരിക്കുമ്പോള്‍, 'എനിക്ക് മതിയായി' എന്ന് പറഞ്ഞ്  എന്റെ വലതുകണ്‍പീലി തുറക്കാന്‍ തിക്കി തിരക്കും.എങ്കിലും കണ്ണുകള്‍ തുറക്കാതെ  കവിളിലേക്ക് ഒരു നീര്‍തുള്ളി വീഴുംവരെ ഞാന്‍ കാത്തുനില്‍ക്കും.

കവിളുകള്‍ നനഞ്ഞ്  മനസ്സ് പൊള്ളുമ്പോള്‍ അതേ  ചോദ്യം പിന്നെയും ഉള്ളില്‍ പൊങ്ങിവരും,

ആ കല്ലെറിഞ്ഞത്, തിരിഞ്ഞുനോക്കാതെ വീട്ടിലേക്കോടിയ ആ പെണ്‍കുട്ടി ആയിരുന്നോ?

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!​

മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!

ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍

സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!​

ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍​

Follow Us:
Download App:
  • android
  • ios