Asianet News MalayalamAsianet News Malayalam

ചാക്കോ, ഓര്‍മ്മയുണ്ടോ, ഞാനാണ് ആ മെലിഞ്ഞ പയ്യന്‍!

Nee Evideyaanu Suresh C Pillai
Author
Thiruvananthapuram, First Published Jul 15, 2017, 4:49 PM IST

Nee Evideyaanu Suresh C Pillai

നിന്റെ പുഴുപ്പല്ലുകള്‍ ആണ് ഏറ്റവും നല്ല ഓര്‍മ്മ.

പിന്നെ ആ നീല ഉടുപ്പും, കാക്കി നിക്കറും.

നിന്റെ പൊട്ടിച്ചിരികള്‍ ഇപ്പോള്‍ ദാ എന്റെ ചെവിയില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു.

നിനക്ക് ഓര്‍മ്മയില്ലേ റേച്ചലിനെ?

റേച്ചലിന്റെ  അച്ഛന്റെ  ജോലി സ്ഥലം മാറുന്നതു  കാരണം  സ്‌കൂളില്‍ നിന്നും  ടിസി വാങ്ങാന്‍ വന്ന ദിവസം  കൈ നിറച്ചും ഓറഞ്ചു  മുട്ടായിയും കൊണ്ടല്ലേ വന്നത്?

അതുവരെ നമ്മളോട് രണ്ടു പേരോടും  റേച്ചല്‍ സംസാരിച്ചിട്ടില്ല, പക്ഷെ അന്ന് കുറെ സംസാരിച്ചു.

ആണ്‍ കുട്ടികളുടെ ഇടയില്‍ വന്നിരുന്നു സംസാരിച്ചു. എല്ലാവര്‍ക്കും മുട്ടായി തന്നു.

അന്ന് റേച്ചല്‍ പുതിയ ഉടുപ്പായിരുന്നു,ഇട്ടിരുന്നത്, നീ 'തുമ്പീ ' എന്ന് വിളിച്ചു കളിയാക്കിയില്ലേ?.

കൈ വീശി യാത്ര പറഞ്ഞു പോയപ്പോള്‍ നമ്മളുടെ രണ്ടു പേരുടെയും കണ്ണുകള്‍ നനഞ്ഞത് എനിക്ക് നല്ല ഓര്‍മ്മയുണ്ട്.

കൈ വീശി യാത്ര പറഞ്ഞു പോയപ്പോള്‍ നമ്മളുടെ രണ്ടു പേരുടെയും കണ്ണുകള്‍ നനഞ്ഞത് എനിക്ക് നല്ല ഓര്‍മ്മയുണ്ട്.

അന്നാണ്, നമ്മളെല്ലാവരും നല്ല കൂട്ടായത്.

കറുകച്ചാല്‍ ഗവണ്മെന്റ് എല്‍. പി. സ്‌കൂളിന്റെ ഷെഡില്‍ ആണ് നമ്മള്‍ പഠിച്ചത്.

മഴ വരുമ്പോള്‍ ചാറ്റല്‍ അടിച്ചു നനയുന്ന ക്ലാസ് മുറികള്‍. മറകള്‍ ഒന്നും ഇല്ലാത്ത ക്ലാസ് മുറികള്‍.

അന്ന് ഷെഡില്‍ മൂന്നു ക്ലാസുകള്‍ ആണ് ഉണ്ടായിരുന്നത്, 1 B, 2B, 3B.

വാസു സാര്‍ ആയിരുന്നു, ഒന്നാം ക്ലാസ്സില്‍ നമ്മുടെ ക്ലാസ് ടീച്ചര്‍, അന്ന് നമ്മള്‍ അധികം അടുത്തിട്ടില്ല.

നമ്മള്‍ രണ്ടാമത്തെ ബെഞ്ചില്‍ ആണ് ഇരുന്നു കൊണ്ടിരുന്നത്. എനിക്ക് ഒരു നീല കളറുള്ള അലൂമിനിയം പെട്ടി ആയിരുന്നു ഉണ്ടായിരുന്നത്.

നിനക്ക് ഓര്‍മ്മ ഉണ്ടോ, അന്ന് ക്ലാസിലെ ഫോട്ടോ എടുത്തപ്പോള്‍  പൈസ കൊണ്ടു വരാന്‍ താമസിച്ചതു കൊണ്ട്, എനിക്ക് കോപ്പി കിട്ടാതിരുന്നത്.

അന്ന് ലോകത്തിലെ ഏറ്റവും വലിയ വിഷമം ക്ലാസ്സിലെ ഗ്രൂപ്പ് ഫോട്ടോ കിട്ടാതെ ഇരിക്കുന്നത് ആണ് എന്നൊക്കെ വിചാരിച്ച സമയം.

കുറ്റം എന്റെ തന്നെ ആയിരുന്നു, അച്ഛനോട് പൈസ വാങ്ങാന്‍ മറന്നത് ആണ്. അന്ന് കുറെ കരഞ്ഞു.

ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരി വരും.

പക്ഷെ നിനക്ക് ഫോട്ടോ കിട്ടിയിരുന്നു.

നിന്റെ കയ്യില്‍ ആ ഫോട്ടോ ഇപ്പോളും ഉണ്ടെങ്കില്‍,  അതില്‍ ഉയരം കൂടിയ ആ മെലിഞ്ഞ പയ്യന്‍ ആണ് ഈ എഴുതുന്നത്.

നിന്റെ കയ്യില്‍ ആ ഫോട്ടോ ഇപ്പോളും ഉണ്ടെങ്കില്‍,  അതില്‍ ഉയരം കൂടിയ ആ മെലിഞ്ഞ പയ്യന്‍ ആണ് ഈ എഴുതുന്നത്.

രണ്ടാം ക്ലാസ്സില്‍ റേച്ചലിനെ കൂടാതെ, മിനി, തങ്കമണി, ആശ, ലക്ഷ്മി, സുനിത  ഇവരൊക്കെ ഉണ്ടായിരുന്നു. പാവം  ലക്ഷ്മിയുടെ ചെവി പൊട്ടി ഒലിക്കുമായിരുന്നു. പഞ്ഞി ചെവിയില്‍ തിരുകി ആയിരുന്നു വന്നു കൊണ്ടിരുന്നത്.

തങ്കമണി, തമിഴ് നാട്ടില്‍ നിന്നും കല്ലുപൊട്ടിക്കാന്‍ വന്ന തൊഴിലാളികളുടെ മകള്‍ ആയിരുന്നു.

നിനക്ക് ഓര്‍മയില്ലേ, നമ്മുടെ ക്ലാസ്സില്‍ ഉണ്ടായിരുന്ന മെലിഞ്ഞുണങ്ങിയ നസീറിനെ?

അദ്ദേഹം ഇപ്പോള്‍ കേരളം മുഴുവന്‍ അറിയപ്പെടുന്ന ആളാണ്. 'കോട്ടയം നസീര്‍',

നസീറിനെ അവധിക്കു പോകുമ്പോള്‍ കാണാറുണ്ട്, ഒരിക്കല്‍ വീട്ടില്‍ വന്നു. അന്ന് ഒരുമിച്ച് ആഹാരം ഒക്കെ കഴിച്ചു കുറെ സമയം സംസാരിച്ചിട്ടാണ് പോയത്.

പിന്ന നമ്മുടെ ക്ലാസ്സില്‍ ഞാന്‍ കൂടാതെ രണ്ടു സുരേഷും കൂടി ഉണ്ടായിരുന്നു. ആദ്യത്തെ സുരേഷിന്റെ വീട്  കട്ടപ്പന ആയിരുന്നു, അച്ഛന്റെ ബന്ധത്തില്‍ ഒരു വീട്ടില്‍ നിന്നാണ് പഠിച്ചു കൊണ്ടിരുന്നത്.

മൂന്നാമത്തെ സുരേഷ് ഇപ്പോള്‍ അറിയപ്പെടുന്ന ചിത്രകാരന്‍ ആണ്.

പി.റ്റി ആര്‍ട്‌സ് എന്ന പേരില്‍ കറുകച്ചാലില്‍ സുരേഷിന്റെ ഒരു സ്ഥാപനം ഉണ്ട്.

സുരേഷ് എത്ര മനോഹരമായി ചിത്രം വരയ്ക്കുമെന്നോ?

സുരേഷ് രണ്ടു വര്‍ഷം മുന്‍പ് എന്റെ ഒരു ചിത്രം വരച്ചു തന്നു. ഞാന്‍ അത് എനിക്ക് അറിയാവുന്നവരെ എല്ലാം കാണിച്ചു. അത്രയ്ക്ക് അഭിമാനം തോന്നി, സുഹൃത്തിനെ പറ്റി.

വിനോദിനെ ഓര്‍മ്മയില്ലേ? നമ്മള്‍ രണ്ടാം ക്ലാസ്സില്‍ പഠിച്ചപ്പോള്‍ അച്ഛന്‍ മരിച്ച വിനോദിനെ?

കരഞ്ഞു കൊണ്ട് ക്ലാസ്സില്‍ നിന്നും ഇറങ്ങിയ വിനോദിനെ മറക്കാന്‍ പറ്റുമോ?

അന്ന് വീട്ടില്‍ നിന്നും കുട്ടികളെ വിളിക്കാന്‍ വരുമ്പോള്‍ നമുക്ക് എല്ലാവര്‍ക്കും ഭയം ആയിരുന്നില്ലേ?

അച്ഛനോ അമ്മയോ മരിക്കുമ്പോള്‍ ആയിരുന്നു അങ്ങിനെ ആള്‍ വരുന്നത്.

അതിനു ശേഷം അനിലിന്റെ അച്ഛന്‍ മരിച്ചു.

അന്നു മുതല്‍ എല്ലാ പ്രാര്‍ത്ഥനകളും അച്ഛനു വേണ്ടി മാത്രം ആയിരുന്നു.

നിനക്ക് ഓര്‍മ്മയുണ്ടോ, മൂന്ന് ബി യിലെ സാമുവലിന്റെ ഹീറോ പേനാ നമ്മുടെ ക്ലാസ്സിലേക്ക് വീണത്?

ഐസക്ക് സാര്‍ ആയിരുന്നു, രണ്ടാം ക്ലാസ്സില്‍ നമ്മുടെ ക്ലാസ് ടീച്ചര്‍. സ്‌നേഹമുള്ള അധ്യാപകന്‍, കഥകളും തമാശകളും ആയി എന്തു രസമായിരുന്നു സാര്‍.

സാര്‍ ഒരിക്കല്‍ മൂന്നു വയസ്സായ മോളെ ക്ലാസ്സില്‍ കൊണ്ടു വന്നില്ലേ?

അമ്മുക്കുട്ടി ടീച്ചര്‍ തയ്യല്‍ സൂചിയില്‍ നൂലു കോര്‍ക്കാന്‍ പഠിപ്പിച്ചത് ഒക്കെ ഇപ്പോഴും പ്രയോജനം ചെയ്യും.

പിന്നെ ഓണ പരീക്ഷ കഴിഞ്ഞു ഉത്തരം വായിച്ചപ്പോള്‍ 'കോഴി' എന്നത് 'കേഴി' എന്ന് എഴുതി എന്നും പറഞ്ഞ് സാറന്മാര്‍ എല്ലാവരും കൂടി എന്നെ കളിയാക്കിയത്, മറക്കാന്‍ പറ്റുമോ?

നിനക്ക് ഓര്‍മ്മയുണ്ടോ, മൂന്ന് ബി യിലെ സാമുവലിന്റെ ഹീറോ പേനാ നമ്മുടെ ക്ലാസ്സിലേക്ക് വീണത്?

ഞാന്‍ അതെടുത്ത് ഐസക്ക് സാറിന്റെ കയ്യില്‍ കൊടുത്തു. സാമുവല്‍ അതു കണ്ടു.

ഇന്റര്‍വെല്‍ സമയത്ത് (ഇന്റര്‍വെല്‍  എന്നൊക്കെ ഞാന്‍ ഒരു ഗമയ്ക്ക് എഴുതിയതാണ്, നമ്മള്‍ പറഞ്ഞു കൊണ്ടിരുന്നത് 'മൂത്രം ഒഴിക്കാന്‍ വിടുക എന്നായിരുന്നല്ലോ?) സാമുവല്‍ എന്നോട് ചോദിച്ചു: ''നീ എന്തൊരു പണി ആണ് കാണിച്ചത്? എന്റെയല്ലേ പേന, അപ്പോള്‍ എനിക്കല്ലേ തരേണ്ടത്?'

ഞാന്‍ ആലോചിച്ചപ്പോള്‍ ശരിയാണല്ലോ?

എന്നിട്ട് സാമുവല്‍ ഭീഷണിയുടെ സ്വരത്തില്‍ പറഞ്ഞു' 'നീ സാര്‍ കാണാതെ അതെനിക്ക് എടുത്തു തരണം'്.

ഞാന്‍ പേടിച്ചു പോയി.

സാര്‍ ഓഫീസ് റൂമില്‍ പോയപ്പോള്‍ ഞാന്‍ സാറിന്റെ പുസ്തകത്തില്‍ നിന്നും പേനാ എടുത്ത് സാമുവലിന്റെ കയ്യില്‍ കൊടുത്തു.

സാര്‍ തിരികെ വന്നപ്പോള്‍ മേശപ്പുറത്ത്  പേനയില്ല.

രോഷം കൊണ്ട് കണ്ണു ചുവന്നു.

'ആരാണ് എന്നോട് ചോദിക്കാതെ, പേന ഇവിടെ നിന്നും മാറ്റിയത്?'

വിറച്ചു കൊണ്ട് ഞാന്‍ എണീറ്റു. 'ഇവിടെ വാടാ, സ്‌കൂളില്‍ വരുന്നത് കള്ളത്തരം പഠിക്കാനല്ല, തിരിഞ്ഞു നില്‍ക്ക്, നിനക്കുള്ളത് ഞാന്‍ തരാം'.

പാണല്‍ ചെടിയുടെ  കമ്പ് ഒടിയുന്ന വരെ അടികിട്ടി.

ദയനീയതയോടെ നീ എന്നെ നോക്കിയത് ഓര്‍മ്മയില്‍ ഉണ്ട്.

ഞങ്ങള്‍ മുട്ടായി വായിലിട്ട് അലിയിച്ചു കഴിക്കുമ്പോള്‍ നീ പറയാതെ ടിസി യും വാങ്ങി എങ്ങോട്ടേക്കോ പോയി.

നല്ല ഒരു പാഠം ആയിരുന്നു അത്.   അതില്‍ പിന്നെ ഞാന്‍  എന്തും ചോദിച്ചിട്ടേ എടുക്കൂ.

എന്റെ പല്ലുകള്‍ പൊഴിഞ്ഞത് ഓര്‍മ്മയുണ്ടോ?

ക്ലാസ്സില്‍ ആദ്യം പൊഴിഞ്ഞത് എന്റെ പല്ലുകള്‍ ആണ്, അന്ന് മനോജ് പറഞ്ഞു

'സുരേഷ്, നിന്നെ ഇപ്പോള്‍ കാണുമ്പോള്‍ വേറെ ഒരാള്‍ ആയി തോന്നുന്നു എന്ന്'.

നീ അതു  കേട്ട് പുഴുപ്പല്ലുകളും കാണിച്ചു ചിരിച്ചില്ലേ?

നന്നായി ചിത്രം വരക്കുന്ന കുഞ്ഞുമോനെ നിനക്ക് ഓര്‍മ്മയില്ലേ?

അഞ്ചു ക്ലാസ്സുവരെയെ കുഞ്ഞുമോന്‍ ഉണ്ടായിരുന്നുള്ളൂ, പിന്നീട് മലബാറിന് പോയി എന്നാണ് കേട്ടത്.

മനോജിന് കറുകച്ചാലില്‍ കടയാണ് (ബാര്‍ബര്‍ ഷോപ്പ്). അവധിക്കു പോകുമ്പോള്‍ മനോജിനെയും കാണാറുണ്ട്.

എന്നെ ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ലെങ്കിലും അന്ന് നമ്മുടെ ക്ലാസ്സില്‍ ഉണ്ടായിരുന്ന ഗിരീഷ്, സുനില്‍, ചിറയ്ക്കല്‍ നിന്നും വരുന്ന മനോജ്, രാജു, വിജയകൃഷ്ണന്‍, ജഗദീശന്‍, രഘു, രവീന്ദ്രന്‍, സുധീഷ്, ജെയിംസ്, ജോയി വറുഗീസ്, രാഘുനാഥന്‍  ഇവരെ ആരെയെങ്കിലും നിനക്ക് ഓര്‍മ്മ കാണും.

രണ്ടാം ക്ലാസ്സിലെ ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ സമയത്ത് ഒരു ദിവസം, ഒരു പത്രക്കടലാസില്‍ പൊതിഞ്ഞ ഓറഞ്ചു മുട്ടായിയും കൊണ്ട്, നീയും വന്നു.

അന്ന് എങ്ങിനെ ആണ് യാത്ര പറയേണ്ടത് എന്നൊന്നും നമുക്ക് അറിയില്ലായിരുന്നു.

കണ്ണുകള്‍ നിറഞ്ഞിരുന്നു, അതുമാത്രം ഓര്‍മ്മയില്‍ ഉണ്ട്.

ഞങ്ങള്‍ മുട്ടായി വായിലിട്ട് അലിയിച്ചു കഴിക്കുമ്പോള്‍ നീ പറയാതെ ടിസി യും വാങ്ങി എങ്ങോട്ടേക്കോ പോയി.

നിന്റെ വേര്‍പാട് ഒരു വേദനയായി മനസ്സില്‍ കിടന്നു.

നിന്നെയും റേച്ചലിനെയും ഓര്‍ത്ത ഒരു പ്രത്യേക സന്ദര്‍ഭം ഉണ്ട്.

നാലു വര്‍ഷം മുന്‍പ്, ജോലി സംബന്ധമായി 200 കിലോമീറ്റര്‍ അകലെയുള്ള പുതിയൊരു സിറ്റിയിലേക്ക് കുടുംബവും ആയി മാറേണ്ടി വന്നു.

വീട് മാറുന്നതിന്റെ തലേന്ന്, കുട്ടികള്‍ ഉറങ്ങിയിട്ടും, കുറേ  ഏറെ സമയം ഞാന്‍ അവരുടെ കട്ടിലിന്റെ അരികില്‍ ഇരുന്നു.

എന്റെ കുട്ടികള്‍ എന്തു വിഷമിക്കുന്നുണ്ടാവും എന്നോര്‍ത്ത്.

മനസ്സു വല്ലാതെ നീറി.

മാതാപിതാക്കള്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോകുമ്പോള്‍, കുട്ടികളുടെ സ്‌കൂള്‍ മാറ്റുന്നത് കൊണ്ടുള്ള അവരുടെ മനസ്സിലെ വിഷമങ്ങള്‍ നമ്മള്‍ ആലോചിക്കാറുണ്ടോ?

അവരുടെ സുഹൃത്തുക്കള്‍, പ്രിയപ്പെട്ട ടീച്ചര്‍മാര്‍, അവരുടെ സ്വപ്‌നങ്ങള്‍ എല്ലാം മറന്നിട്ട് പുതിയൊരു സ്ഥലത്തേക്ക് പോകാന്‍ നിര്‍ബന്ധിതരാകുന്നവര്‍.

മുപ്പത്തി ഏഴു വര്‍ഷം മുന്‍പ് നീ എന്റെ മനസ്സില്‍ കോറിയിട്ട വേദനയുടെ എത്രയോ മടങ്ങ് ആവും എന്റെ കുട്ടികള്‍ വിഷമിച്ചിട്ടുണ്ടാവുക.

എഴുതി നീണ്ടു പോയതറിഞ്ഞില്ല, വായിച്ചാല്‍ നീ ഇതിന്റെ അടിയില്‍ ഒരു കമന്റ് ഇടണം. ഞാന്‍   അങ്ങോട്ടു വന്ന് കണ്ടുകൊള്ളാം. സ്‌നേഹപൂര്‍വ്വം, 

സുരേഷ്

..........................................................

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍
 

Follow Us:
Download App:
  • android
  • ios