Asianet News MalayalamAsianet News Malayalam

സിദ്ധരാമയ്യയുടെ തന്ത്രങ്ങള്‍ പാളിയത് എങ്ങനെ?

  • സോഷ്യലിസ്റ്റ് രാഷ്ട്രീയം കൊണ്ട് മാത്രം ഇനി തിരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍ പ്രയാസമാണെന്ന പാഠമാണ് കര്‍ണ്ണാടക നല്കുന്നത്.
  • നിധീഷ് എം കെ എഴുതുന്നു
Nidheesh MK on Karnataka assembly election

ബിജെപിയുടെ വര്‍ഗീയവും കേന്ദ്രീകൃതവുമായ പ്രചാരണത്തിനിടയില്‍ സോഷ്യലിസ്റ്റ് രാഷ്ട്രീയം കൊണ്ട് മാത്രം ഇനി അങ്ങോട്ടുള്ള തിരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍ പ്രയാസമാണെന്ന പാഠമാണ് കര്‍ണ്ണാടക നല്കുന്നത്.

Nidheesh MK on Karnataka assembly election

വര്‍ഷം, 2015. സ്ഥലം, കര്‍ണ്ണാടകയിലെ നര്‍ഗുണ്ട്. 

നര്‍ഗുണ്ട് കര്‍ണ്ണാടകയുടെ വടക്കന്‍ മേഖലയിലാണ്. തനി ഇന്ത്യന്‍ ഗ്രാമം. തിങ്ങിനിറഞ്ഞ ട്രാന്‍സ്പോര്‍ട്ട് ബസില്‍ നിന്ന് പുറത്തേയ്ക്ക് നോക്കിയാല്‍ ഉണങ്ങിവരണ്ട പാടങ്ങളുടെ അറ്റമില്ലാത്ത നെടുവരമ്പുകള്‍ക്ക് മുകളിലൂടെ നടന്നുപോകുന്ന കുറിയ മനുഷ്യരെ കാണാം.

ബസിറങ്ങി നില്‍ക്കുന്നത് ഒരു കുഞ്ഞു ടൗണിലേക്കാണ്. രണ്ടുമൂന്നു ചായക്കടയും ഒരു ബാറും വലിയ ഒരു ആര്യവേപ്പും മാത്രം. മരത്തിന്റെ ശിഖരങ്ങള്‍ നിറയെ കര്‍ഷകരുടെ കോലം തൂക്കിയിട്ടിരിക്കുന്നുണ്ടായിരുന്നു. കര്‍ണാടകയിലെ കര്‍ഷകരുടെ സ്ഥിരം വേഷമായ വെള്ള ഷര്‍ട്ടും മുണ്ടും പച്ച ഷാളുമൊക്കെയിടുവിച്ചാണ് കോലം തയ്യാറാക്കിയിരുന്നത്. 

അവിടെ കണ്ടയാളോട് കാര്യം തിരക്കി. വരള്‍ച്ചയാണ്. ഇവിടുത്തുകാരുടെ കാര്യം തിരക്കി നേതാക്കന്മാരാരും വരാറില്ല. എങ്ങാനും വല്ല നേതാക്കളും വന്നാല്‍ അവരിത് കാണുമല്ലോ. ഞങ്ങളുടെ അവസ്ഥയെന്താണെന്ന് അവര്‍  അറിയാന്‍വേണ്ടിയാണ്, അയാള്‍ പറഞ്ഞു.

രണ്ടാഴ്ചയില്‍ ഒരിക്കലായിരുന്നു അന്ന് നര്‍ഗുണ്ടില്‍ വെള്ളം എത്തിയിരുന്നത്. കൃഷിക്കുള്ള വെള്ളം പോട്ടെ, ജനത്തിന് കുടിക്കാന്‍ വെള്ളമുണ്ടായിരുന്നില്ല. കര്‍ക്കടകം തീരാറായിട്ടും മഴയില്ല. സര്‍ക്കാര്‍ 'വരള്‍ച്ച' ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ പട്ടിണിയെ ചെറുക്കാന്‍ ജനങ്ങള്‍ക്ക് കാര്യമായൊന്നും ലഭിച്ചിട്ടില്ല. ജലക്ഷാമം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങളുടെ പ്രതിഷേധം ഏതാണ്ട് 40 വര്‍ഷം പഴക്കമുള്ള മഹാദായി നദീജല തര്‍ക്കത്തിന്റെ കേന്ദ്രമായി നരഗുണ്ടിന്നെ മാറ്റിയിരുന്നു.

വരള്‍ച്ച 2016ലും തുടര്‍ന്നു. കാവേരി യെട്ടിനഹോളെ തുടങ്ങിയ പുതിയ നദീജല  തര്‍ക്കങ്ങള്‍ക്കും കര്‍ഷകരുടെ നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ക്കും ഇക്കാലയളവില്‍ കര്‍ണ്ണാടകം സാക്ഷ്യം വഹിച്ചു. ഈ കാലയളവില്‍ 3000 ത്തില്‍ അധികം കര്‍ഷകര്‍ കര്‍ണ്ണാടകത്തിലാകമാനം ആത്മഹത്യ ചെയ്യുകയും ചെയ്തു. 2017 മെയ് മാസത്തില്‍ മഴ ലഭിച്ചതോടെ പ്രതിസന്ധികള്‍ക്ക് ചെറിയൊരു അയവുവന്നു. ഇതാണ് കര്‍ണ്ണാടകയുടെ ഗ്രാമീണ മേഖലയുടെ ഒരു ചിത്രം. 

2016ന് ശേഷം കര്‍ണ്ണാടകയിലെ ഗ്രാമീണ മേഖലയ്ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കാന്‍ സിദ്ധരാമയ്യ ശ്രമിച്ചു. അന്നു മുതലാണ് തെരഞ്ഞെടുപ്പിനുള്ള ഒരുക്കം കോണ്‍ഗ്രസ് ആരംഭിച്ചതെന്നു പറയാം. 2016ന്ന് മുമ്പും ശേഷവുമുള്ള കര്‍ണ്ണാടകയുടെ ബജറ്റ് വിലയിരുത്തിയാല്‍, സിദ്ധരാമയ്യയുടെ ഗ്രാമീണ മേഖലയിലേക്കുള്ള സാമ്പത്തിക സഹായത്തില്‍ വന്നിട്ടുള്ള മാറ്റം കൃത്യമായി കാണാം. മഹാത്മാ ഗാന്ധി നാഷ്ണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് സ്‌കീം ഒരു ഉദാഹരണമായി എടുത്താല്‍ 2014-15 വര്‍ഷം 11.34 ശതമാനം പ്രതിഫലമേ 15 ദിവസത്തിനുള്ളില്‍ ചെലവഴിച്ചിരുന്നുള്ളൂ, അത് 2017-18 ആയപ്പോഴേക്ക് 85.9 ശതമാനത്തിലേക്ക് കുത്തനെ വളര്‍ന്നു. ആളുകള്‍ക്ക് തൊഴിലവസരം  വര്‍ദ്ധിപ്പിച്ച് നല്‍കുന്നതിനോടൊപ്പം വേഗത്തില്‍ പ്രതിഫലം വിതരണം ചെയ്യാനും സിദ്ധരാമയ്യ സര്‍ക്കാരിന് കഴിഞ്ഞു.

2014-16 വര്‍ഷങ്ങളില്‍ ജലക്ഷാമം രൂക്ഷമാകുകയും കര്‍ഷകരുടെ സമരങ്ങള്‍ ഉയര്‍ന്നുവരികയുടെ ചെയ്ത സാഹചര്യത്തിലാണ് ഗ്രാമീണ മേഖലയില്‍ കൂടുതല്‍ സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഗ്രാമീണ മേഖലയ്ക്കുവേണ്ടി നിരവധി ആശ്വാസ പദ്ധതികള്‍ രൂപീകരിക്കാനും നടപ്പിലാക്കാനും ഈ കാലയളവില്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. പ്രകടനപത്രികയിലെ പദ്ധതികളായ ഒരു രൂപയ്ക്ക് ഒരു കിലോ അരി മുതലായവയ്ക്ക് പുറമെ സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത മൂന്ന് ലക്ഷം രൂപവരെയുള്ള കാര്‍ഷിക വായപ എഴുതിത്തള്ളിയതെല്ലാം അതിന്റെ ഭാഗമാണ്. തന്റെ സോഷ്യലിസ്റ്റ് പ്രതിച്ഛായ കാത്ത് സൂക്ഷിക്കാന്‍ സിദ്ധരാമയ്യയ്ക്ക് ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. ഈയൊരു വെല്‍ഫയര്‍ സ്‌റ്റേറ്റ് മോഡല്‍ അധികാര തുടര്‍ച്ചയുണ്ടാക്കുമെന്നാണ് സിദ്ധരാമയ്യ കരുതിയിരുന്നത്. 

വെല്‍ഫയര്‍ സ്‌റ്റേറ്റ് മോഡല്‍ അധികാര തുടര്‍ച്ചയുണ്ടാക്കുമെന്നാണ് സിദ്ധരാമയ്യ കരുതിയിരുന്നത്. 

എന്തുകൊണ്ട് തോറ്റു?
ബിജെപിയുടെ വര്‍ഗീയവും കേന്ദ്രീകൃതവുമായ പ്രചാരണത്തിനിടയില്‍ സോഷ്യലിസ്റ്റ് രാഷ്ട്രീയം കൊണ്ട് മാത്രം ഇനി അങ്ങോട്ടുള്ള തിരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍ പ്രയാസമാണെന്ന പാഠമാണ് കര്‍ണ്ണാടക നല്കുന്നത്.

കര്‍ണ്ണാടകത്തെ പ്രധാനമായും ആറായി തിരിക്കാം. ബോംബെ കര്‍ണ്ണാടക (ഉത്തരഭാഗം), ഹൈദ്രാബാദ് കര്‍ണ്ണാടക, മധ്യ കര്‍ണ്ണാടക (മലനാട് ഉള്‍പ്പെടെ), തീരദേശ കര്‍ണ്ണാടക, മൈസൂര്‍, ബാഗ്ലൂര്‍.

ഇതില്‍ മൈസൂര്‍, ബംഗളുരു ഒഴികെയുള്ള നാല് ഡിവിഷനുകളിലും ബിജെപിക്ക് വലിയതോതില്‍ ഇത്തവണ സീറ്റ് കൂടിയിട്ടുണ്ട്. ബോംബെ കര്‍ണ്ണാടകയില്‍ 17 സീറ്റുകളോളമാണ് ബീജെപിക്ക് ലഭിച്ചിരിക്കുന്നത്. മധ്യ, മലനാട് മേഖലകളില്‍ 16  സീറ്റുകളോളമാണ് നേട്ടം. തീരദേശത്ത് 13 സീറ്റുകളോളവും ഹൈദ്രാബാദ് കര്‍ണ്ണാടകയില്‍ പത്തോളം സീറ്റുകളുമാണ് ബിജെപി നേടിയത്. 

ഇത് സത്യം പറഞ്ഞാല്‍ ഒട്ടും അത്ഭുതമുണ്ടാക്കുന്നതല്ല. എല്ലാവരേയും ലക്ഷ്യമാക്കിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണ രീതിയല്ല ബിജെപി സ്വീകരിച്ചത്. ഭൂമിശാസ്ത്രപരമായി കോണ്‍സെന്‍ട്രേറ്റഡ് ആയിരിക്കുന്ന കൃത്യമായ ജാതി-മത വോട്ടുകളാണ് അവര്‍ ലക്ഷ്യം വെച്ചത്. 

ഒബിസി വിഭാഗമായ ലിംഗായത്തുകള്‍ അതില്‍ പ്രധാനമാണ്. മൊത്തം ജനസംഖ്യയുടെ 17 ശതമാനത്തോളമുള്ള ലിംഗായത്തുകള്‍ ബോംബെ കര്‍ണ്ണാടകയിലും മധ്യ മേഖലകളിലും ഹൈദ്രാബാദ് കര്‍ണ്ണാടകയിലും പ്രധാനമാണ്. പാര്‍ട്ടിയുടെ ലോക്കല്‍ ലീഡേഴ്‌സിന്റെ എതിര്‍പ്പ് മറികടന്നു ലിംഗായത്ത് നേതാവായ യെദിയൂരപ്പയെ അവര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാണിച്ചു. ഇതുപോലെ ആര്‍ എസ് എസിന്ന് വേരോട്ടമുള്ള തീരദേശ മേഖലയില്‍ ചിലവാകുമെന്ന് ഉറപ്പുള്ള മുസ്ലിം വിരോധമായിരുന്നു പ്രധാന പ്രചാരണ വിഷയം.

വോട്ടര്‍മാര്‍ക്കിടയില്‍നിന്നും തങ്ങളുടെ ആളുകളെ മനസിലാക്കിയാണ് ബിജെപി തെരഞ്ഞെടുപ്പ് തന്ത്രം മെനഞ്ഞത്. വര്‍ഗീയമായ വിഷയങ്ങള്‍ കുത്തിപ്പൊക്കേണ്ടിടത്ത് അങ്ങനെയും ബാക്കിയുള്ളിടങ്ങളില്‍ അതാത് പ്രദേശങ്ങളിലെ വിഷയം ചര്‍ച്ചചെയ്തുമായിരുന്നു ബിജെപിയുടെ പ്രചാരണം. സിദ്ധരാമയ്യ ന്യൂനപക്ഷത്തിന്റെ നേതാവാണെന്നു വരുത്തിതീര്‍ക്കാന്‍ ബിജെപിയുടെ ഒരു നേതാവ് മൊല്ല സിദ്ധരാമയ്യ എന്നുപോലും വിശേഷിപ്പിച്ചു.

പിന്നോക്ക, ദളിത്, ന്യൂനപക്ഷ (അഹിന്ദു) വോട്ടുകളെ പ്രീതിപ്പെടുത്തുന്ന രീതിയിലായിരുന്നു സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം, അതുകൊണ്ട് ആ വോട്ടുകള്‍ തങ്ങളില്‍ സുരക്ഷിതമാണെന്നായിരുന്നു കോണ്‍ഗ്രസ് കരുതിയത്. പക്ഷെ അഹിന്ദ വോട്ടുകള്‍ കര്‍ണ്ണാടകയിലാകമാനം ചിതറിക്കിടക്കുന്ന രീതിയിലാണ്. അതാണ് വോട്ട് ഷെയറില്‍ വലിയ വ്യത്യാസം കാണാത്തത്. കോണ്‍ഗ്രസിസ് (38%) സത്യത്തില്‍ ബിജെപിയേക്കാള്‍ രണ്ടു ശതമാനം കൂടുതല്‍ വോട്ട് ഷെയറുണ്ട് പക്ഷെ ബിജെപിയുടെ സ്‌ട്രൈക്ക് റേറ്റ് കോണ്‍ഗ്രസിന്നെ കടത്തിവെട്ടി. മൊത്തം 222 സീറ്റില്‍ മത്സരിച്ച് 104 സീറ്റ് നേടിയപ്പോള്‍ ബിജെപിയുടെ സ്‌ട്രൈക്ക് റേറ്റ് 46.8%, മൊത്തം 220 സീറ്റില്‍ മത്സരിച്ചു 78 സീറ്റ് മാത്രമേ നേടാനായ കോണ്‍ഗ്രസിന്റേത് 35.5%. ചിതറിക്കിടക്കുന്ന വോട്ട് ഏകോപിപ്പിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല.

ബിജെപിയുടേതിന് സമാനമായ തെരഞ്ഞെടുപ്പ് തന്ത്രമാണ് ജെഡി (എസ്)ന്‍േറത്. വൊക്കലിഗ ജാതിയില്‍പ്പെട്ടവര്‍ തിങ്ങിപ്പാര്‍ക്കുന്ന സൗത്ത് കര്‍ണാടക ജെഡി (എസ്)ന്റെ കുത്തകയാണ്. വെറും 18% വോട്ട് ഷെയറുള്ള ജെഡി(എസ്) 37 സീറ്റുകള്‍ നേടി. ഏതാണ്ട് 34 സീറ്റുകളിലെങ്കിലും കോണ്‍ഗ്രസ് ജെഡി(എസ്) വോട്ടുകള്‍ കൂട്ടിച്ചേര്‍ത്താല്‍ ബിജെപി സ്ഥാനാര്‍ഥി തോല്‍ക്കുമായിരുന്നു, അതായത് ഈ രണ്ടു പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിന് മുമ്പേ മുന്നണിയുണ്ടാക്കിയിരുന്നെങ്കില്‍ ബിജെപി വെറും 70 സീറ്റുകളിലേയ്ക്ക് (ലിംഗായത്ത് വിഭാഗത്തിന് സ്വാധീനമുള്ള സീറ്റുകളുടെ എണ്ണം) ചുരുങ്ങിയേനെ. 

സിദ്ധാരാമയ്യുടെ പാളിച്ചകള്‍ പലതാണ്. മകനെ അധികാരത്തില്‍ എത്തിക്കാന്‍ അദ്ദേഹം തന്റെ പൊളിറ്റിക്കല്‍ കരിയര്‍ തന്നെ നശിപ്പിച്ചു. മകന് സിറ്റിംഗ് സീറ്റായ വരുണ കൊടുത്തു പകരം മത്സരിച്ച രണ്ടു മണ്ഡലങ്ങളില്‍ ഒന്നില്‍ 22000 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു, മറ്റേതില്‍ കഷ്ടി ജയിച്ചു. 

 34 മന്ത്രിമാര്‍ മത്സരിച്ചതില്‍ പകുതിയില്‍ കൂടുതലും തോറ്റു. സര്‍ക്കാരിനെതിരായുള്ള വോട്ടാണ് ബിജെപിക്ക് അനുകൂലമായി മാറിയതെന്ന് ഇത് ചേര്‍ത്ത് വായിക്കുമ്പോള്‍ മനസിലാക്കാം. ഭരണവിരുദ്ധ വികാരം കര്‍ണ്ണാടകയില്‍ പുത്തരിയല്ല. 1989ന് ശേഷം കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടര്‍ച്ചയായി ഭരിച്ചിട്ടില്ല. മിക്കതും അഞ്ച് വര്‍ഷംപോലും തികച്ചിട്ടുമില്ല. എന്നാല്‍ സിദ്ധരമായ്യ സര്‍ക്കാര്‍ തിരികെ വരണമെന്ന് 40 ശതമാനത്തോളം ജനങ്ങള്‍ ഒപ്പീനിയന്‍ പോളുകളിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. 

പഴയ ലോഹ്യ സോഷ്യലൈറ്റായ സിദ്ധരാമയ്യയുടെ 2016ന് ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ ആകര്‍ഷിച്ചിരുന്നുവെന്നായിരുന്നു കണക്കുകൂട്ടല്‍. വരള്‍ച്ച കൈകാര്യം ചെയ്ത രീതി, ക്ഷേമ പ്രവര്‍ത്തനങ്ങള്‍, കന്നഡ ഐഡന്റിറ്റി, അഴിമതിയില്‍ മുങ്ങിയ യെദിയൂരപ്പ എന്ന എതിരാളി എന്നിവയെല്ലാം സിദ്ധരാമയ്യയ്ക്ക് അനുകൂലമായി ഭവിക്കും എന്നും കണക്കുകൂട്ടിയിരുന്നു. മോദിക്ക് പോലും അഴിമതിയെക്കുറിച്ച് പറയുമ്പോള്‍ യെദിയൂരപ്പയ്ക്കുവേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കാനായിരുന്നില്ല എന്നതും വാസ്തവമാണ്. എന്നാലതൊന്നും കോണ്‍ഗ്രസിന് ഗുണകരമായി ഭവിച്ചില്ലെന്നതാണ് കര്‍ണ്ണാടക തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. 

ഭരണവിരുദ്ധ വികാരം കര്‍ണ്ണാടകയില്‍ പുത്തരിയല്ല.

മോദി-അമിത് ഷാ മെഷിനറി ചെയ്തത്
ഇവിടെയാണ് നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ ഇലക്ഷന്‍ മെഷിനറി എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാക്കേണ്ടത്. സത്യത്തില്‍ മോദി തരംഗമാണെന്നും പറയാനാകാത്ത ഇലക്ഷനാണിത്. മോദി തരംഗമായിരുന്നെങ്കില്‍ ജെഡി(എസ്)ന്റെ സീറ്റും നഷ്ടപ്പെട്ടേനെ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 40 സീറ്റ് നേടിയ ജെഡി(എസ്) ഈ തെരഞ്ഞെടുപ്പില്‍ 37 സീറ്റോളമുണ്ട്. നഷ്ടമായത് കോണ്‍ഗ്രസിന് മാത്രമാണ്. 

അമിത് ഷാ 34 ദിവസം ക്യാംപ് ചെയ്ത് സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലേക്കും സ്വയം യാത്ര ചെയ്തു (ഏതാണ്ട് 57000 കിലോ മീറ്റര്‍ നീണ്ട യാത്രയെന്നു ബിജെപി) പോളിങ് ബൂത്ത് മുതല്‍ മേല്‍പ്പോട്ടുള്ള സംഘടനാ ബലം ശക്തിപ്പെടുത്തിയെന്നാണ് അവകാശപ്പെടുന്നത്. മോദി തന്റെ സ്ഥിരം രീതിയായ അവസാന ലാപ്പില്‍ ഹീറോ പരിവേഷത്തില്‍ പ്രത്യക്ഷപ്പെടല്‍ ആവര്‍ത്തിച്ചു. അവസാന രണ്ടാഴ്ച മോദി റാലികളുടെ എണ്ണം കൂടി, മൊത്തം 17 റാലി വരെ നടത്തി. ഈ റാലികളില്‍  പ്രധാനമായും സിദ്ദരാമയ്യയെ ആന്റി-ഹിന്ദു ഫിഗര്‍ ആക്കി വരച്ചു കാണിച്ചു. പ്രാദേശിക അടിസ്ഥാനത്തില്‍ ജാതി-മത വോട്ടുകള്‍ വിഘടിച്ചു പോകാതെ ഏകോപിപ്പിച്ചു. രാഹുല്‍ ഗാന്ധിയെ വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച പ്രഭുകുമാരനാക്കി. ദേശീയതയ്ക്കും വര്‍ഗീയതയ്ക്കും വേണ്ടി വോട്ട് ചോദിച്ചു. കര്‍ണാടകയില്‍ എന്ത് നടക്കണമെങ്കിലും സിദ്ധരാമയ്യ സര്‍ക്കാരിനു 10% കമ്മീഷന്‍ കൊടുക്കണമെന്ന് ആരോപിച്ച് ഭരണവിരുദ്ധ വികാരം ആളിക്കത്തിച്ചു. മോദി പ്രധാനമന്ത്രിയുടെ ഓഫിസിന് നിരക്കാത്ത തരത്തില്‍ ചരിത്രത്തെ വളച്ചൊടിക്കുന്നെന്ന് മാധ്യമങ്ങള്‍ പരക്കെ പറഞ്ഞു. പക്ഷെ ബിജെപിയുടെ റിസള്‍ട്ട് കാണുമ്പോള്‍ ജനം മാധ്യമങ്ങളെക്കാള്‍ വിശ്വാസ്യത മോദിയ്ക്ക് കൊടുക്കുന്നുണ്ടെന്ന് പറയേണ്ടി വരും.

പൈഡ് പൈപ്പറെപ്പോലെ കുഴലൂതിക്കൊണ്ട് മുമ്പേ നടക്കുന്ന മോദിയും പിന്നാലെ അണിനിരക്കുന്ന ജനങ്ങളും.  ഈ അവസ്ഥയാണ് അടുത്തയിടെ തെരഞ്ഞെടുപ്പ് നടന്നിട്ടുള്ള എല്ലാ സംസ്ഥാനങ്ങളില്‍നിന്നും കാണാന്‍ കഴിയുന്നത്. പിന്നാലെ ഇന്ത്യയില്‍ ഇലക്ഷന്‍ നടക്കുന്ന ഫസ്റ്റ്-പാസ്റ്റ്-പോസ്റ്റ്് സിസ്റ്റ്ം ചൂഷണം ചെയ്യാന്‍ കണക്കുകൂട്ടലുകളുമായി അമിത് ഷാ. ഇവര്‍ക്കെതിരെ ജയിക്കാന്‍ സോഷ്യലിസം മാത്രം മതിയായിയെന്ന് വരില്ല, നേരേറ്റീവുകള്‍ സെറ്റ് ചെയ്യാനുള്ള കഴിവും സിസ്റ്റ്ം ഗെയിം ചെയ്യാനുള്ള വഴികളുമൊക്കെ പ്രധാനമാവും. ഇത് മനസിലാക്കിയത് കൊണ്ടാണ് സിദ്ധരാമയ്യ ഇലക്ഷനോട് അടുത്ത് ലിംഗായത്തുകള്‍ക്ക് മതന്യൂനപക്ഷ പദവി കൊടുത്തത്, പക്ഷെ അപ്പോഴേക്കും വൈകിപ്പോയി, അമിത് ഷാ ലിംഗായത്തുകളെ പോക്കറ്റിലാക്കി കഴിഞ്ഞു. ഇലക്ഷന് ശേഷം, വര്‍ഷങ്ങളായുള്ള തങ്ങള്‍ക്കിടയിലെ ശത്രുത മാറ്റി വെച്ച്, കോണ്‍ഗ്രസ്-ജെഡി(എസ്) നേതാക്കള്‍ സര്‍ക്കാര്‍ ഉണ്ടാകാന്‍ നടക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ എംഎല്‍എ മാരെ ബിജെപിയുടെ പ്രലോഭലങ്ങള്‍ക്ക് വിട്ട് കൊടുക്കാതെ കേരളത്തിലെ റിസോര്‍ട്ടുകളിലേയ്ക്ക് അയക്കുന്നത് ഈ തിരിച്ചറിവിന്റെ ഭാഗമാണ്. 

ഇത് തന്നെയാണ് മോദിയെ ചെറുക്കാന്‍ നോക്കുന്ന, വെല്‍ഫയര്‍ സ്‌റ്റേറ്റ് മോഡലിനോട് പ്രിയം കാണിക്കുന്ന, സിപിഎം അടക്കമുള്ള എല്ലാ രാഷ്ട്രീയ കക്ഷികളും പഠിക്കേണ്ട പാഠം. 

(നിധീഷ് എം കെ. മാധ്യമപ്രവര്‍ത്തകന്‍.  ബംഗലുരു ആസ്ഥാനമാക്കി ദക്ഷിണേന്ത്യന്‍ രാഷ്ട്രീയം കവര്‍ ചെയ്യുന്നു)

...............................................................................................................................

എം അബ്ദുള്‍ റഷീദ് എഴുതുന്നു: കര്‍ണാടകയില്‍  സംഭവിച്ചതെന്ത്?
 

Follow Us:
Download App:
  • android
  • ios