Asianet News MalayalamAsianet News Malayalam

'പാഡ്​ ചാലഞ്ച്’​ കാലത്തെ പള്ളിക്കൂട പാഠങ്ങള്‍

pad challenge
Author
First Published Feb 10, 2018, 7:23 PM IST

പാഡ്​മാന്‍ എന്ന അക്ഷയ്​കുമാര്‍ ചിത്രം തുറന്നുവിട്ട ഭുതം സാംസ്​കാരികമായി ഉയര്‍ന്നുനില്‍ക്കുന്നുവെന്ന്​ മേനി നടിക്കുന്ന സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന ഒരു ‘ദുരാചാര’ത്തെ പരസ്യവിചാരണ ചെയ്യുന്ന വിധത്തിലേക്ക്​ വളര്‍ന്നുകഴിഞ്ഞു. പെണ്ണിന്​  തൊട്ടുകൂടായ്​മയും തടവറയും തീര്‍ക്കുന്ന ഈ കാലത്തും പാഡ്​മാന്‍ മുന്നോട്ടുവെക്കുന്ന പ്രമേയത്തെ പെണ്‍പക്ഷമെന്ന്​ ചുരുട്ടികെട്ടുന്നതിന്​ പകരം മനുഷ്യപക്ഷം എന്ന വിശാലവായനക്ക്​ തയാറാകേണ്ടിയിരിക്കുന്നു. പാഡ്​മാന്‍ തുറന്നിടുന്ന ചര്‍ച്ചകളും സംവാദങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ നിറയു​മ്പോള്‍  പള്ളിക്കൂടങ്ങളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍  നമ്മുടെ ഓര്‍മയില്‍ വരുന്നില്ല. വീട്ടകങ്ങളില്‍ നിന്ന്​ പറഞ്ഞുപഠിപ്പിച്ച രഹസ്യാത്മകതയും അശുദ്ധിയും കെട്ടുപിണഞ്ഞ മെന്‍സസ്​ ചിന്തകളുമായി സ്​കൂളുകളില്‍ എത്തുന്ന പെണ്‍ജീവിതങ്ങള്‍ എങ്ങനെ ഈ കാലത്ത്​ അവിടെ കഴിച്ചുകൂട്ടുന്നുവെന്ന്​ പൊതുസമൂഹം ഗൗരവമായി ആലോചിച്ചിട്ടില്ല. അതുകൊണ്ടാണ്​  പെണ്‍സൗഹൃദമല്ലാത്ത പള്ളിക്കൂടങ്ങള്‍ ഇന്നും നാടൊട്ടുക്ക്​ വിദ്യപകരുന്നത്​. വിദ്യ അഭ്യസിക്കാനെത്തുന്ന പെണ്‍കുട്ടിയുടെ ജൈവപരമായ അവസ്​ഥയെ ബുദ്ധിമുട്ടില്ലാതെ മറികടക്കാന്‍ നമ്മുടെ എത്ര സ്​കൂളുകളിലും കോളജുകളിലും സൗകര്യമുണ്ട്​. ​അപ്രതീക്ഷിതമായി കടന്നുവരുന്ന മെന്‍സസ്​ വേദനയില്‍ സാനിറ്ററി പാഡിനായി ഓടുന്ന പെണ്‍കുട്ടികളെ കണ്ട്​ ഊറിച്ചിരിക്കുന്നവര്‍ ഇന്നും ഏറെയാണ്​. ആ കാലത്താണ്​ പാഡ്​മാന്‍ സിനിമ തുറന്നുവെച്ച പാഡ്​ ചാലഞ്ച്​ പ്രസക്​തമാകുന്നത്​.  പാന്‍പരാഗും ഹാന്‍സും ഉള്‍പ്പെടെയുള്ള നിരോധിത ലഹരി വസ്​തുക്കള്‍ യഥേഷ്​ടം ഒളിയും മറയുമില്ലാതെ കൈവശംവെക്കുന്ന കാലത്ത്​,   പെണ്‍കുട്ടിയുടെ നാപ്​കിന്‍ പാഡിനായുള്ള ഓട്ടത്തിന്​ നേരെ പരിഹാസച്ചിരി നടത്തുന്നതിലെ കാപട്യമാണ്​ പാഡ്​ ചാലഞ്ച്​ പൊളിച്ചെഴുതുന്നത്​. ഇതൊരു തിരുത്തായി മാറും വരെ തുടരേണ്ടതുണ്ട്​. ആര്‍ക്കാണ്​ സാനിറ്ററി പാഡിനെക്കുറിച്ച്​ ഇത്ര വേവലാതി? എന്താണ്​ നമ്മുടെ വിദ്യാലയങ്ങളി​ല്‍ പെണ്‍കുട്ടികള്‍ മെന്‍സസ്​ കാലത്ത്​ നേരിടുന്ന പ്രശ്​നങ്ങള്‍? പരിശോധിക്കപ്പെടേണ്ടതുണ്ട്​.

കേരളം പൊതുവിദ്യാഭ്യാസത്തെ ശാക്​തീകരിക്കാനുള്ള ശക്​തമായ പ്രവര്‍ത്തനങ്ങളുമായി ഇറങ്ങിയിരിക്കുകയാണ്​. വിവരസാ​ങ്കേതിക വിദ്യയില്‍ അധിഷ്​ഠിതമായ വിദ്യാഭ്യാസം നല്‍കാന്‍ കഴിയുന്ന വിധം സ്​കൂളുകളെ ഹൈടെക്ക്​ ആക്കാന്‍ സര്‍ക്കാര്‍ നേരിട്ടും പൊതുജനങ്ങളും ചേര്‍ന്ന്​ കോടികളാണ്​ ചെലവഴിക്കുന്നത്​. സ്വകാര്യ വിദ്യാഭ്യാസ സ്​ഥാപനങ്ങള്‍ കൂണുകള്‍ പോലെ മുളച്ചുപൊങ്ങിയതോടെ ശക്​തിക്ഷയം സംഭവിച്ച നമ്മുടെ പൊതുവിദ്യാലയങ്ങള്‍ കാലത്തി​നൊപ്പം സഞ്ചരിക്കണം എന്നതില്‍ തര്‍ക്കമില്ല. അതിനാല്‍ ഹൈടെക്ക്​ പദ്ധതിക്ക്​ പരിഗണനയും ആവശ്യമാണ്​. എന്നാല്‍ ആ ഹൈടെക്ക്​ വിദ്യാലയത്തില്‍ എത്തുന്ന പെണ്‍കുട്ടിയെ ഉള്‍ക്കൊള്ളാന്‍ സ്​കൂള്‍ എത്രമാത്രം ഒരുങ്ങിയിരിക്കുന്നുവെന്നും പരിശോധിക്കപ്പെടണം. പെണ്‍കുട്ടികള്‍ ഹൈസ്​കൂള്‍, ഹയര്‍സെക്കന്‍ഡറി കാലഘട്ടത്തിലാണ്​ ​​​​ഋതുമതിയായി മാറുന്നത്​. മാസത്തില്‍ അപ്രതീക്ഷിതമായി എത്തുന്ന ഈ കാലത്തെ ആതികളും വേദനകളും മറക്കാന്‍ നമ്മുടെ ഈ ഹൈടെക്ക്​ സ്​കൂളുകള്‍ പലതും പര്യാപ്​തമല്ല എന്നതാണ്​ യാഥാര്‍ഥ്യം. ലാപ്​​ടോപ്പും എല്‍.സി.ഡി പ്രൊജക്​ടറും ഡിജിറ്റല്‍ ബോര്‍ഡുകള്‍ വരെ സ്​ഥാപിക്കാന്‍ ഓടുന്ന സ്​കൂളുകളില്‍ ​നോവി​ന്‍റെ നാളുകളില്‍ കണ്ണീരില്‍ ചാലിച്ച വേദനയുമായി പെണ്‍കുട്ടികള്‍ സമയമെണ്ണി തീര്‍ക്കുന്നത്​ എങ്ങനെയെന്ന്​ ആലോചിച്ചിട്ടുണ്ടോ? നാപ്​കിന്‍ ​വെന്‍ഡിങ്​ മെഷീന്‍ പോലും സ്​ഥാപിക്കാത്ത സ്​കൂളുകള്‍, കേടായിപ്പോയ നാപ്​കിന്‍ മെഷീനിന്​ മുന്നില്‍ പോയി വേദനയുടെ കൈ നീട്ടി മടങ്ങുന്നവരും മനുഷ്യജന്മങ്ങളാണെന്ന ചിന്ത വരേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. 

ഓര്‍മയിലെ വേദനയുടെ പ്രതീകമാണിവള്‍

സ്​കൂള്‍ പഠനം കഴിഞ്ഞ്​ കാര്യവട്ടം ഗവണ്‍മെന്‍റ്  കോളജില്‍ ഡിഗ്രിക്ക്​ പഠിക്കുന്ന കാലത്ത്​ കൂട്ടുകാരികളിലൊരാള്‍ പറഞ്ഞ മെന്‍സസ്​ കാലത്തെ സ്​കൂള്‍ അനുഭവം ഇന്നും ഓര്‍മയില്‍  വിങ്ങലായി തങ്ങിനില്‍ക്കുന്നു. അച്​ഛനില്ലാത്ത അവള്‍ക്ക്​ അമ്മയും അനുജനുമാണ്​ കൂട്ട്​. സ്വകാര്യ സ്​ഥാപനത്തിലെ ജോലിയില്‍ നിന്ന്​ കിട്ടുന്ന വേതനം കൊണ്ട്​ വീട്ടുവാടകയും ജീവിത ചെലവുകളും എത്തിപ്പിടിക്കാന്‍ ആ അമ്മ നന്നെ കഷ്​ഠ​പ്പെടുന്നുണ്ടായിരുന്നു. പട്ടിണിയില്ലെങ്കിലും ഇല്ലായ്​മകളുടെ ലോകത്ത്​ നിന്ന്​ പഠന സ്വപ്നങ്ങളുമായാണ്​ അവള്‍ സ്​കൂളിലേക്ക്​ ബസ്​ പിടിച്ചെത്തിയിരുന്നത്​. ജോലിക്ക്​ പോകാനുള്ള അമ്മ അതിരാവിലെ എഴുന്നേറ്റ്​ ഒരുക്കിക്കൊടുക്കുന്ന സ്​നേഹത്തി​ന്‍റെ പൊതിച്ചോറുമായി പഠനോത്സാഹത്തി​ന്‍റെ ബാഗുമായി അവള്‍ സ്​കൂളിലെത്തുമായിരുന്നു. കൂട്ടുകാര്‍ക്കെല്ലാം അവള്‍ പ്രിയപ്പെട്ടവള്‍. വീട്ടകങ്ങളിലെ കഷ്​ടപ്പാടുകള്‍ ഒന്നും തെളിഞ്ഞുനില്‍ക്കാത്ത ചിരിവിടര്‍ന്ന ആ മുഖം പക്ഷെ വേദനയുടെ കയ്​പുനീര്‍ കുടിക്കുന്ന ദിനങ്ങളിലൂടെ കടന്നുപോയത്​ പറഞ്ഞുകഴിഞ്ഞപ്പോള്‍ എ​ന്‍റെ കണ്ണും നിറഞ്ഞിരുന്നു. ജീവശാസ്​ത്രത്തി​ന്‍റെയോ രസതന്ത്രത്തി​ന്‍റെയോ‌ ക്ലാസുകളില്‍ മുഴുകിയിരിക്കു​മ്പോഴായിരിക്കും അടിവയറ്റില്‍ നിന്ന്​ കുത്തിപ്പിടിച്ച വേദന ഉയരുന്നത്​. അപ്പോഴേക്കും ശരീരത്തി​ന്‍റെ നിയ​ന്ത്രണം തെറ്റിതുടങ്ങിയിട്ടുണ്ടാകും. മെന്‍സസ്​ കാലം കൃത്യമല്ലാത്ത അവള്‍ക്ക്​ വേദന തുടങ്ങിയാല്‍ പിന്നെ ഒരു നിമിഷം പോലും ക്ലാസില്‍ ഇരിക്കാന്‍ കഴിയില്ല. ജീവശാസ്​ത്രം പഠിപ്പിക്കുന്ന അധ്യാപകനോട്​ കാര്യം പറഞ്ഞ്​ മനസിലാക്കാന്‍ അവള്‍ ശ്രമിക്കു​മ്പോഴേക്കും വേദന അതി​ന്‍റെ പാരമ്യതയിലേക്ക്​ നീങ്ങിതുടങ്ങിയിട്ടുണ്ടാകും. കൂട്ടത്തില്‍ സൂചന ലഭിക്കുന്ന ആണ്‍കുട്ടികള്‍ അടക്കംപറച്ചിലും പരിഹാസഭാവങ്ങളിലും മുഴുകിയിട്ടുണ്ടാകും. ‘സൈലന്‍സ്’​ എന്ന്​ അധ്യാപകന്‍ ഉച്ചത്തില്‍ ആജ്​ഞാപിക്കും വരെ ആ അടക്കംപറച്ചിലുകള്‍ ക്ലാസില്‍ പരിഹാസത്തി​ന്‍റെ ചെറുഅനക്കങ്ങളായി മുഴങ്ങുന്നുണ്ടാകും.
തൊട്ടുമുമ്പത്തെ ഇന്‍റര്‍വെല്‍ സമയത്ത്​ പോലും അടുത്തുവന്ന്​ കളിതമാശകള്‍ പങ്കിട്ട കൂട്ടുകാരില്‍ പോലും ഒരുതരം പരിഹാസത്തി​ന്‍റെ ചിരിമുഴക്കങ്ങള്‍. ഈ ദിനങ്ങളെയോര്‍ത്ത്​ ശപിക്കുകയും കണ്ണീര്‍പൊഴിക്കുകയും ചെയ്​തത്​ പറയു​മ്പോള്‍ അവളുടെ നിറമിഴികള്‍ ഞാന്‍ തുടച്ചുകൊടുത്തിട്ടുണ്ട്​. മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന്​ പൊതിഞ്ഞുവാങ്ങുന്ന സാനിറ്ററി പാഡുകളിലേക്ക്​ നോക്കി ബ്രെഡെന്ന്​ പരിഹസിക്കുന്നവര്‍ ഒരിക്കലെങ്കിലും ഈ വേദനയുടെ ആ​ഴങ്ങള്‍ അറിഞ്ഞുകാണില്ല. അവര്‍ക്ക്​ ഭക്ഷണപ്പിഴവുകൊണ്ട്​ സംഭവിക്കാവുന്ന വയറുവേദനയേ പരമാവധി സങ്കല്‍പ്പിക്കാനാകൂ. അതിനപ്പുറം ജീവനില്‍ തൊടുന്ന ആ വേദന അവള്‍ക്ക്​ ജീവിതത്തിലെ കയ്​പനുഭവമാണ്​ നല്‍കിയിരുന്നത്​. കൂട്ടുകാരിലൊരാളെ കൂടെ കൂട്ടി ബാഗുമെടുത്ത്​  ശുചിമുറിയുടെ പരിസരത്ത്​ മനംമടുപ്പിക്കുന്ന അനുഭവങ്ങളിലേക്കാണ്​ അവള്‍ വീണ്ടും എത്തിയിരുന്നത്​. അസഹ്യമായ നാറ്റവും ശുചിത്വമില്ലായ്​മയും കാരണം ഭൂരിഭാഗം പെണ്‍കുട്ടികള്‍ വഴി നടക്കാന്‍ മടിക്കുന്ന ശുചിമുറിക്ക്​ മുന്നിലെ  നാപ്​കിന്‍ വെന്‍ഡിങ്​ മെഷീന്‍ കേടായി നില്‍ക്കുന്നുണ്ടാകും. അവളില്‍ നിന്ന്​ വേദനയും സങ്കടവും കണ്ണീര്‍ധാരയായി ഒഴുകും. എന്ത്​ ചെയ്യണമെന്നറിയാതെ ഏറെ നില്‍ക്കും. അപ്പോഴേക്കും കൂട്ടുകാരി നേരെ സ്​റ്റാഫ്​ റൂമില്‍ പോയി അധ്യാപികമാരോട്​ കാര്യം പറയും. അവള്‍ സാനിറ്ററി പാഡിനായി സ്​കൂളില്‍ അന്വേഷണമാകും. ഒടുവില്‍ ആരില്‍ നിന്നെങ്കിലും സംഘടിപ്പിച്ചുവരു​മ്പോഴേക്കും വേദന അവളുമായുള്ള കലഹത്തി​ന്‍റെ അങ്ങേതലയില്‍ എത്തിക്കാണും. വൃത്തിയില്ലാത്ത ശുചിമുറിയില്‍ കയറി കണ്ണീര്‍ വാര്‍ത്തുകൊണ്ട്​ പാഡ്​ വെച്ച്​ പിന്നെ സ്​റ്റാഫ്​ റൂമിലെ ബെഞ്ചില്‍ വന്ന്​ ഒരു കിടപ്പുണ്ട്​. അധ്യാപികമാര്‍ ആശ്വസിപ്പിക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടാകും. വേദനയില്‍പുളഞ്ഞ്​ അവള്‍ കൈകാലുകള്‍ നിവര്‍ത്തിയും വളച്ചും ആശ്വാസത്തിനായി ശ്രമിക്കും. കൂട്ടുകാരി​കളോ അധ്യാപിക​മാരോ നീട്ടുന്ന വെള്ളത്തിന്​ നേരെ വേണ്ടെന്ന്​ പറയുമെങ്കിലും നിര്‍ബന്ധിക്കു​മ്പോള്‍ കുടിക്കുമായിരുന്നു. അതാക​ട്ടെ ചിലപ്പോള്‍ അവളെ കിടക്കുന്നിടത്തുനിന്ന്​ ഛര്‍ദിയിലേക്ക്​ എത്തിക്കും. ഒന്ന്​ മുതല്‍ രണ്ട്​ വരെ മണിക്കൂര്‍ വരെ നീളുന്ന ആ വേദന കുറഞ്ഞുവരു​മ്പോഴേക്കും അവള്‍ സഹനത്തി​ന്‍റെ സകല കൊടുമുടികളും കയറിക്കാണും. പലപ്പോഴും ആ വേദനാനുഭവം വസ്​ത്രത്തില്‍ രക്​തപ്പാടുകള്‍  തീര്‍ത്താണ്​ ഒടുങ്ങുന്നത്​.  ക്രമംതെറ്റിയ ആര്‍ത്തവനാളുകളാണ്​ അവ​ളുടെ ശാപമായി പറയുന്നത്​. ഏത്​ നിമിഷവും അത്​ കടന്നുവരാം. ചിലപ്പോള്‍ ബാഗില്‍ പാഡ്​ കരുതിയിട്ടുണ്ടാകില്ല. അതോടെ കൈവിടും എല്ലാം. ഇതും ഇതിലധികവും നേരിടുന്ന അനേകം പെണ്‍കുട്ടികളില്‍ ഒരുവള്‍ മാത്രമാണ്​ എ​െന്‍റ കൂട്ടുകാരി.  


ഈ  പള്ളിക്കൂടങ്ങള്‍ എന്ത്​ വിദ്യാഭ്യാസമാണ്​ മുന്നോട്ടുവെക്കുന്നത്​ ​?

പൊതുവിദ്യാലയ സംരക്ഷണ യജ്​ഞത്തിലൂടെ സ്​കൂളുകളെ അന്താരാഷ്​ട്ര നിലവാരത്തിലും ഹൈടെക്ക്​ ആക്കു​മ്പോഴും പെണ്‍കുട്ടിയുടെ അടിസ്​ഥാന സൗകര്യത്തില്‍ ആ വിദ്യാലയം എവിടെ നില്‍ക്കുന്നുവെന്ന പരിശോധന വൈകിക്കൂട. ഏതാനും വര്‍ഷങ്ങള്‍ക്ക്​ മുമ്പാണ്​​ സ്​കൂളുകളില്‍ മതിയായ ശുചിമുറികള്‍ ഒരുക്കാന്‍ ഹൈക്കോടതി ഇ​ടപെടുന്നത്​. സാക്ഷരതയിലും പ്രാഥമിക വിദ്യാഭ്യാസം എത്തിക്കുന്നതിലും മേനി പറയുന്ന മലയാളിയുടെ പള്ളിക്കൂട സംസ്​ക്കാരം എത്ര സ്​ത്രീവിരുദ്ധമായിരുന്നുവെന്നതി​ന്‍റെ വിധി പ്രസ്​താവം കൂടിയായിരുന്നു നീതി പീഠത്തില്‍ നിന്നുയര്‍ന്ന തീര്‍പ്പുകള്‍. ആ വിധി പ്രസ്​താവത്തിലേക്ക്​ വഴിവെച്ചതാക​ട്ടെ ഞെട്ടിപ്പിക്കുന്ന പഠന റിപ്പോര്‍ട്ടും. സ്​കുള്‍ വിദ്യാര്‍ഥിനികളില്‍ മൂത്രാശയ രോഗങ്ങള്‍ പെരുകുന്നുവെന്നായിരുന്നു കണ്ടെത്തല്‍. അതിനുള്ള കാരണം തേടിയപ്പോള്‍ ആണ്​ സ്​കൂളിലെ ശുചിമുറികളുടെ ദയനീയ ചിത്രം പുറത്തുവരുന്നത്​. വൃത്തിയില്ലാത്ത ശുചിമുറികളില്‍ പോകാന്‍ പെണ്‍കുട്ടികളില്‍ ​നല്ലൊരു ശതമാനവും മടിക്കുന്നു. വീട്ടില്‍ നിന്നിറങ്ങി തിരികെയെത്തുന്നത്​ വരെ മൂത്രമൊഴിക്കാതെ നടക്കുന്ന പെണ്‍ജീവിതങ്ങള്‍ നമ്മുടെ പള്ളിക്കൂട മുറ്റത്ത്​ ഇന്നും ഉണ്ടെന്നത്​ യാഥാര്‍ഥ്യമാണ്​. കണക്കെടുത്തപ്പോള്‍ ആയിരക്കണക്കിന്​ സ്​കൂളുകളില്‍ മതിയായ ശുചിമുറികള്‍ ഇല്ല. അഞ്ച്​ മിനിറ്റി​ന്‍റെ ഇടവേളയില്‍ കൃത്യം നിര്‍വഹിച്ച്​ ക്ലാസില്‍ മടങ്ങിയെത്താന്‍ കഴിയുന്ന സൗകര്യമില്ലാത്ത സ്​കൂളുകള്‍ നിരവധി. നാപ്​കിന്‍ പ്രത്യേകയിടങ്ങളില്‍ കൂട്ടിവെച്ച്​ കത്തിച്ചുകളയുന്നതിന്​ പകരം കരിച്ചുകളയുന്ന നാപ്​കിന്‍ ഇന്‍സിനേറ്ററിന്​ ഒരു ലാപ്​ടോപി​ന്‍റെ പകുതിപോലും വിലവരില്ല. പ്രവര്‍ത്തനരഹിതമാകുമ്പോള്‍ അവ സര്‍വീസ്​ ചെയ്യാനോ മാറ്റിസ്​ഥാപിക്കാനോ തയാറാകാത്തത്​ സ്​ത്രീവിരുദ്ധതയുടെ പള്ളിക്കൂട അടയാളങ്ങളാണ്​. വൃത്തികേടി​ന്‍റെ പര്യായമായി പെണ്‍കുട്ടികള്‍ വഴി നടക്കാത്ത ശുചിമുറികള്‍. കാര്യങ്ങളില്‍ ഇപ്പോള്‍ ഏറെ പുരോഗതി ഉണ്ടായെങ്കിലും അന്താരാഷ്​ട്ര നിലവാരത്തിലുള്ള സ്​കൂളുകളും ഹൈടെക്ക്​ സ്​കൂളുകളും സ്വപ്​നം കാണുന്ന തലമുറക്ക്​ പ്രാഥമിക കൃത്യം നിര്‍വഹിക്കാനുള്ള മതിയായ സൗകര്യം കൂടെ അവിടെ ഒരുങ്ങ​ട്ടെ. അപ്പോഴാണ്​ നമ്മുടെ വിദ്യാലയങ്ങളില്‍ നിന്ന്​ പെണ്‍സൗഹൃദത്തി​ന്‍റെ മണിമുഴക്കം കേള്‍ക്കുക.

Follow Us:
Download App:
  • android
  • ios