Asianet News MalayalamAsianet News Malayalam

പാക് തടവില്‍നിന്നും ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥനെ അന്ന് രക്ഷിച്ചത് പാക് വ്യോമസേനാ മേധാവി; അതിനു പിന്നിലൊരു കഥയുണ്ട്!


വിങ് കമാൻഡർ അഭിനന്ദന്‍ വര്‍ദ്ധമാന്‍ എന്ന ഇന്ത്യന്‍ എയര്‍ഫോഴ്സ് ഓഫീസര്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലായതു മുതല്‍  ഇന്ത്യക്കാര്‍ ഒരേ പ്രാര്‍ത്ഥനയിലാണ്.  ജനീവാ കരാര്‍ പാലിച്ചുകൊണ്ട് അഭിനന്ദനെ നാളെ ഇന്ത്യയ്ക്ക് കൈമാറും എന്നാണ് ഏറ്റവുമൊടുവില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍  അറിയിച്ചിരിക്കുന്നത്. പണ്ട് നചികേതയെന്ന ഇന്ത്യന്‍ ഫൈറ്റര്‍ പൈലറ്റിനെ   പാക്കിസ്ഥാൻ മോചിപ്പിക്കാന്‍ കാരണമായത് അന്നത്തെ പാക് വ്യോമസേനാ മേധാവിയുടെ ഇടപെടലുകളായിരുന്നു. അതിനു പിന്നില്‍, തികച്ചും അസാധാരണമായ ഒരു കഥയുണ്ട്.  

Pak Air Chief Marshal had saved Indian Fighter Pilot in the Past, there is a story behind that favor
Author
Trivandrum, First Published Feb 28, 2019, 5:39 PM IST

വിങ് കമാണ്ടര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ എന്ന ഇന്ത്യന്‍ എയര്‍ഫോഴ്സ് ഓഫീസര്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലായതു മുതല്‍  ഇന്ത്യക്കാര്‍ ഒരേ പ്രാര്‍ത്ഥനയിലാണ്.  ജനീവാ കരാര്‍ പാലിച്ചുകൊണ്ട് അഭിനന്ദനെ നാളെ ഇന്ത്യയ്ക്ക് കൈമാറും എന്നാണ് ഏറ്റവുമൊടുവില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍  അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ കാർഗിൽ യുദ്ധത്തിനിടെ ഇതിനു സമാനമായ സാഹചര്യത്തില്‍, മരണത്തിനും ജീവനുമിടയില്‍ കഴിഞ്ഞ മറ്റൊരു വ്യോമസേനാ ഉദ്യോഗസ്ഥന്റെ അനുഭവത്തെ ഓർമ്മിപ്പിക്കുന്നതാണ് അഭിനന്ദന്റെ അനുഭവവും. കമ്പംപട്ടി നചികേതയെന്ന ഇന്ത്യന്‍ ഫൈറ്റര്‍ പൈലറ്റിനെ അന്ന്  പാക്കിസ്ഥാൻ മോചിപ്പിക്കാന്‍ കാരണമായത് അന്നത്തെ പാക് വ്യോമസേനാ മേധാവിയുടെ ഇടപെടലുകളായിരുന്നു. അതിനു പിന്നില്‍, തികച്ചും അസാധാരണമായ ഒരു കഥയുണ്ട്.  
 
സ്ക്വാഡ്രൺ ലീഡർ നചികേതയെ വിട്ടയക്കാനുള്ള ശ്രമങ്ങളില്‍ പാക് പക്ഷത്തുനിന്നും ഏറ്റവും പോസിറ്റീവായി ഇടപെട്ടത്, പാക് വ്യോമസേനാ മേധാവിയായിരുന്ന എയര്‍ ഫീല്‍ഡ് മാര്‍ഷല്‍ പര്‍വേസ് മെഹ്ദി ഖുറേഷി ആയിരുന്നു.  അന്നത്തെ വിദേശകാര്യ മന്ത്രി ജസ്വന്ത് സിങ്ങും പാക് വിദേശകാര്യമന്ത്രി സര്‍താജ് അസീസും തമ്മില്‍ നചികേതയുടെ മോചനത്തിനായി ഗൗരവപൂര്‍ണമായ ചര്‍ച്ചകള്‍ നടന്നു. ഒരാഴ്ചത്തെ തടവിനൊടുവിൽ നചികേതയെ വിട്ടയച്ചപ്പോൾ അതിന്റെ ക്രെഡിറ്റ് അന്നത്തെ രണ്ടു വിദേശകാര്യമന്ത്രിമാരും ചേര്‍ന്ന് പങ്കിട്ടെടുത്തെങ്കിലും അത്തരത്തില്‍ ഒരു അനുകൂലസാഹചര്യം ഉണ്ടാക്കിയത് യഥാർത്ഥത്തിൽ പാക്കിസ്താന്റെ അന്നത്തെ വ്യോമസേനാ മേധാവി എയര്‍ ഫീല്‍ഡ് മാര്‍ഷല്‍ പര്‍വേസ് മെഹ്ദി ഖുറേഷിയുടെ ഇടപെടലുകള്‍ ആയിരുന്നു. 1971-ലെ യുദ്ധത്തിൽ ഒരു ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനോടുള്ള അദ്ദേഹത്തിന്റെ കടപ്പാടിന്റെ കഥയാണത്. 


അസാധാരണമായ കടപ്പാട്

1971-ലെ യുദ്ധത്തില്‍ ഇന്ത്യന്‍ പട്ടാളത്തിന്റെ തടവിൽ അകപ്പെട്ടിരുന്നു അന്ന് ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് ആയിരുന്ന  ഖുറേഷി. അന്ന് ക്ഷുഭിതരായ ഇന്ത്യൻ കരസേനാ ഭടന്മാരുടെ ആക്രമണങ്ങളിൽ നിന്നും ഖുറേഷിയെ രക്ഷപ്പെടുത്തി  അദ്ദേഹത്തെ സുരക്ഷിതനായി പാക്കിസ്ഥാനിലേക്ക് മടക്കി അയയ്ക്കാൻ സഹായിച്ചത് ലെഫ്റ്റനന്റ് ജനറല്‍ എച്ച് എസ് പനാഗ് ആയിരുന്നു. അദ്ദേഹത്തോടുള്ള തീർത്താലും തീരാത്ത  ആ കടപ്പാട് വീട്ടുകയായിരുന്നു നചികേതയുടെ മോചനത്തിലൂടെ ഖുറേഷി. 

Pak Air Chief Marshal had saved Indian Fighter Pilot in the Past, there is a story behind that favor

'ലെഫ്റ്റനന്റ് ജനറൽ എച്ച് എസ് പനാഗും, പാക് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ പർവേസ് മെഹ്ദി ഖുറേഷിയും' 

1971 ലെ ബംഗ്‌ളാദേശ് യുദ്ധത്തിലായിരുന്നു സംഭവം നടന്നത്. അന്ന്  സിഖ് റെജിമെന്റിന്റെ നാലാം ബറ്റാലിയന്റെ ചുമതലയുള്ള ഓഫീസറായിരുന്നു എച്ച് എസ് പനാഗ്.  ഡിസംബര്‍ 22 -ന് സന്ധ്യയോടെ അന്നത്തെ കിഴക്കന്‍ പാക്കിസ്ഥാനിലെ ചൗഗാച്ചയില്‍ ഇന്ത്യന്‍ പട്ടാളം മുന്നേറ്റം നടത്തിക്കൊണ്ടിരിക്കെ പാക്കിസ്ഥാന്‍ വ്യോമസേനയുടെ മൂന്ന് F86 സെയ്ബര്‍  വിമാനങ്ങള്‍ ഇന്ത്യന്‍ ബറ്റാലിയനെ അക്രമിക്കാനായി പറന്നുവന്നു. അപ്പോഴേക്കും ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ ഫോളണ്ട് നാട്ട് വിമാനങ്ങള്‍ പാക് ഫോര്‍മേഷനെ വളഞ്ഞാക്രമിക്കാനെത്തി. തിരിച്ചടിയില്‍ പതറിപ്പോയി പാക് വിമാനങ്ങള്‍. ഇന്ത്യന്‍ വിമാനങ്ങളില്‍ നിന്നും പ്രവഹിച്ച 20mm കാനണ്‍ വെടിയുണ്ടകള്‍ പാക് വിമാനങ്ങള്‍ തകര്‍ത്തു. രണ്ടു പൈലറ്റുമാര്‍ പാരച്യൂട്ടുകളില്‍ പറന്നിറങ്ങി. മൂന്നാമത്തെ വിമാനം ഒരുവിധം രക്ഷപ്പെട്ട് ധാക്ക ലക്ഷ്യമാക്കി പറന്നു.  പാക്ക് പൈലറ്റുകള്‍ പാരച്യൂട്ടില്‍ താഴേക്ക് വന്നിറങ്ങുന്നതുകണ്ട് ട്രഞ്ചുകളില്‍ നിന്നും പുറത്തിറങ്ങി അവരെ പിടിക്കാനായി ഇന്ത്യന്‍ സൈനികര്‍ ഓടാന്‍ തുടങ്ങി. അതുകണ്ടുകൊണ്ടു നിന്ന പനാഗിന് സ്ഥിതി പന്തിയല്ല എന്ന് തോന്നി. താന്‍ ഇടപെട്ടില്ലെങ്കില്‍ ആവേശം മൂത്ത് സൈനികര്‍ ആ പൈലറ്റുമാരെ തല്ലിക്കൊന്നു കളഞ്ഞാലോ എന്നും അദ്ദേഹം കരുതി. അദ്ദേഹം ഓടി അടുത്തെത്തിയപ്പോഴേക്കും തോക്കിന്റെ പാത്തികൊണ്ട് അഞ്ചാറ് അടിയും കുത്തുമെല്ലാം കിട്ടിക്കഴിഞ്ഞിരുന്നു ഖുറേഷിയ്‌ക്ക്. തന്റെ പട്ടാളക്കാരോട് മര്‍ദ്ദനം അവസാനിപ്പിക്കാന്‍ പറഞ്ഞ് പനാഗ് അവരെ ഒന്നൊന്നായി പിടിച്ചുമാറ്റി,  ആ പൈലറ്റിനുമേൽ കമിഴ്ന്നുകിടന്ന് ആക്രമണങ്ങളിൽ  നിന്നും അയാളെ രക്ഷിച്ചു പിടിച്ചുകൊണ്ട് പനാഗ് അയാളെ സമാധാനിപ്പിച്ചു. 'നിങ്ങൾ സുരക്ഷിതനാണ്..' എന്നയാളോട് പറഞ്ഞു.

നല്ല ഉയരമുള്ള ഒരാളായിരുന്നു ആ പൈലറ്റ്. തലയില്‍ തോക്കിന്റെ പാത്തികൊണ്ടുള്ള ഇടികിട്ടി മുറിവ് പറ്റി ചോരയൊലിച്ചു കൊണ്ടിരുന്നെങ്കിലും അയാള്‍ പതറാതെ പിടിച്ചു നില്‍ക്കുന്നുണ്ടായിരുന്നു. പ്രോട്ടോക്കോള്‍ പ്രകാരം പനാഗ് അയാളെ ബറ്റാലിയന്‍ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. ഒരു ഡോക്ടര്‍ അയാളുടെ മുറിവുകളില്‍ മരുന്നുവെച്ചുകെട്ടി. പനാഗ് അയാള്‍ക്കൊരു ചൂടുചായ ഓഫര്‍ ചെയ്തു. എന്നിട്ട് പതിവുള്ള ചോദ്യം ചെയ്യലുകള്‍ നടത്തി. 

അയാളുടെ പേര് ഫ്ളൈറ്റ് ലെഫ്റ്റനന്റ് പര്‍വേസ് മെഹ്ദി ഖുറേഷി എന്നായിരുന്നു. പാകിസ്ഥാന്റെ പതിനാലാം നമ്പര്‍ സ്‌ക്വാഡ്രന്റെ കമാന്‍ഡര്‍.   പോക്കറ്റില്‍ നിന്നും കണ്ടെടുത്ത പേഴ്‌സില്‍  സ്വന്തം ഭാര്യയുടെ ചിത്രം മാത്രമുണ്ടായിരുന്നു.  1971 യുദ്ധത്തിലെ ആദ്യത്തെ യുദ്ധത്തടവുകാരനായിരുന്നു ഖുറേഷി. ജനീവാ കരാര്‍ പ്രകാരം രണ്ടു രാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷം പൂര്‍ണ്ണമായും അടങ്ങിയ ശേഷം അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങാനായി. യുദ്ധം തീരാൻ വേണ്ടി ഏകദേശം ഒന്നര വര്‍ഷത്തോളം  ഇന്ത്യയില്‍ തടങ്കലില്‍ കഴിയേണ്ടി വന്നെങ്കിലും  പിന്നീട് അദ്ദേഹം  അദ്ദേഹം മോചിതനായി തിരിച്ചു സ്വന്തം നാട്ടിലേക്കു തന്നെ പോയി.

തുടര്‍ന്ന് 1997-ലാണ് അദ്ദേഹം പാകിസ്ഥാന്റെ എയര്‍ ചീഫ് മാര്‍ഷല്‍ ആവുന്നതും   1971-ല്‍ ഖുറേഷി  നേരിട്ടതിനു സമാനമായ ഒരു സാഹചര്യത്തില്‍ നചികേത അദ്ദേഹത്തിന്റെ മുന്നില്‍ എത്തിപ്പെടുന്നതും. 

നചികേത തടവിലായ കഥ

സംഭവം നടക്കുന്നത് കാര്‍ഗില്‍ യുദ്ധസമയത്താണ്. കാര്‍ഗിലില്‍ പോര്‍മുഖത്ത്  ശത്രുസൈന്യവുമായി പൊരുതിക്കൊണ്ടിരുന്ന ഇന്ത്യന്‍ കരസേനയ്ക്ക് കരുത്തുപകരുക എന്ന ലക്ഷ്യവുമായി ഓപ്പറേഷന്‍ സഫേദ് സാഗര്‍ എന്ന മിഷനില്‍ ആയിരുന്നു അന്ന് ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്.  ഗ്രൂപ്പ് ക്യാപ്റ്റനായിരുന്നു ഇരുപത്താറുകാരനായ  നചികേത. ബറ്റാലിക്ക് സെക്ടര്‍ സംരക്ഷിച്ചുകൊണ്ടിരുന്ന ഒമ്പതാം നമ്പര്‍ സ്‌ക്വാഡ്രണിലായിരുന്നു നചികേത അന്ന്. 1999 മെയ് 27ന് തന്റെ മിഗ് 27 പോര്‍വിമാനത്തില്‍  അദ്ദേഹം  അതിര്‍ത്തിയിലെ ആകാശത്തിലേക്ക് കുതിച്ചുയര്‍ന്നു.   80 എം എം റോക്കറ്റുകളും 30 എം എം  കാനണുകളുമായി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ അക്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണം പുരോഗമിക്കുന്നതിനിടെ അദ്ദേഹത്തിന്റെ വിമാനത്തിന്റെ എഞ്ചിന്‍ തകരാറിലായി. തന്റെ വിമാനം വീണ്ടും സ്റ്റാര്‍ട്ടാക്കാന്‍ അദ്ദേഹം ശ്രമിച്ചു. എന്നാല്‍ ആ ശ്രമം വിജയിക്കണമെങ്കില്‍ ഒരു മിനിമം ഉയരം വേണമായിരുന്നു. അദ്ദേഹം പറന്നുകൊണ്ടിരുന്ന അയ്യായിരം മീറ്റര്‍ ഉയരത്തില്‍ വെച്ച് അത് ചെയ്യുക അസാധ്യമായിരുന്നു. ' നാച്ചി എഞ്ചിന്‍ ഫ്ളെയിം ഔട്ട്.. നാച്ചി റീലൈറ്റിങ്ങ്.. നാച്ചി ഇജക്റ്റിങ്ങ്.. ' മറ്റു പോര്‍വിമാനങ്ങളില്‍ അദ്ദേഹത്തെ അനുഗമിച്ച  സഹപ്രവര്‍ത്തകര്‍ക്ക് ആ മിഗ് 27 വിമാനത്തില്‍ നിന്നും കിട്ടിയ അവസാന സന്ദേശങ്ങള്‍ ഇതായിരുന്നു.  

അവസാനത്തെ വഴി എന്ന നിലക്ക് നചികേത പാരച്യൂട്ടില്‍  ബറ്റാലിക്കിലെ മലനിരകളിലൂടെ താഴേക്ക് പറന്നിറങ്ങവേ പൊട്ടിത്തെറിച്ച അദ്ദേഹത്തിന്റെ വിമാനത്തില്‍ നിന്നുയര്‍ന്ന തീയില്‍ ചക്രവാളങ്ങള്‍ ചുവന്നിരുന്നു. 

പാറക്കെട്ടുകള്‍ നിറഞ്ഞ ഒരിടത്ത് ചെന്നുവീണ് മുകളിലേക്ക് നോക്കിയ നചികേത കണ്ടത് മറ്റൊരു തീഗോളമായിരുന്നു.  തനിക്കു പിന്നാലെ സപ്പോര്‍ട്ടിനായി പറന്നുവന്നു മിഗ് 21 വിമാനത്തില്‍ പറന്നിറങ്ങിയ സഹ സ്‌ക്വാഡ്രണ്‍ ലീഡര്‍ അജയ് അഹൂജയെ, പാക് പട്ടാളം അവരുടെ സ്വദേശി മിസൈലായ അന്‍സാ മാര്‍ക്ക് 1 ഉപയോഗിച്ച് തകര്‍ക്കുന്ന കാഴ്ചയായിരുന്നു അത്. തകരും മുമ്പ് പാരച്യൂട്ടില്‍ പറന്നിറങ്ങിയ അഹൂജയെ പിടികൂടിയ പാക് പട്ടാളം പോയന്റ് ബ്ലാങ്കില്‍ നെഞ്ചിലും തലയിലും വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. 

താമസിയാതെ പാക് ലൈറ്റ് ഇന്‍ഫന്‍ട്രി പട്ടാളം എ കെ 47  തോക്കുകളുടെ നചികേതയെ വളഞ്ഞു. തന്നെ പിടികൂടാന്‍ വന്ന പാക് പട്ടാളത്തെ അവരുടെ മണ്ണിലും തന്റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് തിരിച്ചു വെടിവെച്ച് എതിരിട്ടുനില്‍ക്കാന്‍  നചികേത ശ്രമിച്ചിട്ടും, എന്തുകൊണ്ടോ അദ്ദേഹത്തെ അവര്‍ വധിച്ചില്ല.. ഒടുവില്‍ അദ്ദേഹത്തിന്റെ തോക്കിലെ ഉണ്ടകള്‍ തീര്‍ന്നുപോയപ്പോള്‍  പാക് പട്ടാളം അദ്ദേഹത്തെ പിടികൂടി. അവിടെ നിന്നും ബറ്റാലിക്കിലെ ഒരു രഹസ്യസങ്കേതത്തിലേക്ക് കൊണ്ടുപോയ നചികേതയെ അവിടെ രണ്ടുമണിക്കൂര്‍ സൂക്ഷിച്ച ശേഷം സ്‌കര്‍ഡുവിലേക്ക് മാറ്റി. സ്‌കര്‍ഡുവില്‍ രാത്രി കഴിച്ചുകൂട്ടിയ ശേഷം നചികേതയെ അടുത്ത ദിവസം റാവല്‍പിണ്ടിയിലേക്ക് ഹെലികോപ്റ്ററില്‍ കൊണ്ടുപോയി. 

Pak Air Chief Marshal had saved Indian Fighter Pilot in the Past, there is a story behind that favor

'പാക് വ്യോമസേനാ ഓഫീസർ എയർ കമ്മഡോർ കൈസർ തുഫൈലും ഇന്ത്യൻ ഓഫീസർ ഗ്രൂപ്പ് ക്യാപ്റ്റൻ കമ്പംപട്ടി നചികേതയും' 

ജയിലില്‍ സീനിയര്‍ പാകിസ്താനി ഗ്രൂപ്പ് ക്യാപ്റ്റന്‍ കൈസര്‍ തുഫൈല്‍ ഇടപെടും വരെ അതിക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് വിധേയമായി നചികേത. 1971മുതല്‍ക്കുള്ള അനുഭവം വെച്ച് പാക്കിസ്ഥാന്‍ പട്ടാളത്തിന്റെ പിടിയില്‍ അകപ്പെട്ടുപോവുന്ന ഇന്ത്യന്‍ സൈനികരാരും തന്നെ അങ്ങനെ ജീവനോടെ തിരിച്ചു പോയ ചരിത്രമില്ല. വളരെ ക്രൂരമായ മരണമാവും അവരെ കാത്തിരിക്കുന്നത്.  എന്നാല്‍ നചികേതയ്ക്ക് തടവില്‍ ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വന്നുവെങ്കിലും തിരികെ നാട്ടിലേക്കെത്താനുള്ള ഭാഗ്യം സിദ്ധിച്ചു.  രക്ഷപ്പെട്ടുവന്നതിനു ശേഷവും, തടവില്‍ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളെപ്പറ്റി പിന്നീടോര്‍ക്കാന്‍ പോലും അദ്ദേഹം ആഗ്രഹിക്കുന്നിലായിരുന്നു. മരിച്ചുപോയെങ്കില്‍ എന്ന് അക്കാലത്ത് താനാഗ്രഹിച്ചു പോയിരുന്നു എന്നുമാത്രം അദ്ദേഹം പറഞ്ഞു. ക്യാപ്റ്റന്‍ തുഫൈല്‍ നചികേതയെ വിശദമായി ചോദ്യം ചെയ്തെങ്കിലും അത് രണ്ടു സീനിയര്‍ ഓഫീസര്‍മാര്‍ തമ്മിലുള്ള ഒരു പരസ്പര ബഹുമാനം നിറഞ്ഞ സംഭാഷണം മാത്രമേ നടന്നുള്ളു.  അവര്‍ തമ്മില്‍ 'അച്ഛന്റെ ഹൃദ്രോഗവും, പെങ്ങളുടെ കല്യാണവും ഒക്കെ പറഞ്ഞ് സൗഹൃദം വരെ ആയെന്ന് അദ്ദേഹം ഓര്‍ക്കുന്നു. 

ചോദ്യം ചെയ്യലിന് സമാന്തരമായി അന്നത്തെ വിദേശകാര്യ മന്ത്രി ജസ്വന്ത് സിങ്ങും പാക് വിദേശകാര്യമന്ത്രി സര്‍താജ് അസീസുമായും  നചികേതയുടെ മോചനത്തിനായി ഗൗരവപൂര്‍ണമായ ചര്‍ച്ചകള്‍ നടന്നു.  അന്ന് പാക്കിസ്ഥാന്റെ വ്യോമസേനാ മേധാവിയായിരുന്ന പര്‍വേസ് മെഹ്ദി ഖുറേഷിയുടെ ഇടപെടല്‍ ആ മോചനം സാദ്ധ്യമാക്കി. 

മോചനം 

പാക് മണ്ണിലെ എട്ടുദിവസം നീണ്ടുനിന്ന തടങ്കലിനുശേഷം  ആദ്യം റെഡ്ക്രോസിന്റെ ഇന്റര്‍നാഷണല്‍ കൗണ്‍സിലിനു കൈമാറിയ നചികേതയെ, വാഗാ അതിര്‍ത്തിവഴി  ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു. 

എന്നാല്‍ തിരിച്ചുവന്ന ശേഷവും ആ പാരച്യൂട്ട് ലാന്‍ഡിങ്ങില്‍ ഏറ്റ പരിക്കുകള്‍ നചികേതയെ ദീര്‍ഘകാലം വേട്ടയാടി. അസുഖങ്ങള്‍ ഭേദമാകും വരെ സാധാരണ ഡ്യൂട്ടികള്‍ക്കായി നിയോഗിക്കപ്പെട്ട നചികേതയ്ക്ക് ഒടുവില്‍ 2003 ലാണ് വീണ്ടും പറക്കാനായത്. അദ്ദേഹം ഇന്ന് പറത്തുന്നത്  മിഗ്  27  അല്ല, Ilyushin Il-78 എന്ന മിഡ് എയര്‍ റീഫ്യൂവലിങ്ങ് ട്രാന്‍സ്പോര്‍ട്ട് വിമാനമാണ്. കാര്‍ഗില്‍ യുദ്ധത്തിന് ശേഷം അധികം താമസിയാതെ അദ്ദേഹം ആഗ്രാ എയര്‍ ബേസിലെ എഴുപത്തെട്ടാം സ്‌ക്വാഡ്രനിലേക്ക് മാറി .  പാരാ ലാന്‍ഡിങിനിടെ ഏറ്റ പരിക്കുകള്‍ തന്നെയാണ്  അദ്ദേഹം പോര്‍വിമാനങ്ങള്‍ പറത്തുന്നതില്‍ നിന്നും ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങള്‍ പറത്തുന്നതിലേക്ക് മാറാന്‍ കാരണമായത്. 

കാര്‍ഗില്‍ യുദ്ധത്തിലെ അദ്ദേഹത്തിന്റെ ധീരതയ്ക്ക് വായുസേനാ മെഡല്‍ നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. കാര്‍ഗിലില്‍ ദുരനുഭവം കഴിഞ്ഞ് നചികേത ഇരുപത്താണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. ചണ്ഡീഗഡ് ആസ്ഥാനമായ 48  സ്‌ക്വാഡ്രണില്‍ സര്‍വീസിലുള്ള നചികേത  ഇന്നും പറയുന്നത്, 'ഒരു പൈലറ്റിന്റെ ഹൃദയം എന്നും മിടിക്കുന്നത് കോക്ക്പിറ്റിന്റെ ഉള്ളിലാണ്' എന്നുതന്നെയാണ്. 

യുദ്ധസമാനമായ സാഹചര്യങ്ങളില്‍ അടിയന്തരമായി പാരച്യൂട്ട് ലാന്‍ഡിങ്ങ് നടത്തി ശത്രു സൈന്യത്തിന്റെ പിടിയിലായിട്ടും അവിടെ തടവില്‍ നിരവധി പീഡനങ്ങള്‍ക്ക് വിധേയമാവേണ്ടി വന്നിട്ടും ഒടുവില്‍ അതില്‍ നിന്നെല്ലാം രക്ഷപ്പെട്ട് തിരിച്ചെത്താനായിരുന്നു ഗ്രൂപ്പ് ക്യാപ്റ്റൻ നചികേതയ്ക്ക്.  ഇന്ന് അതേ അവസ്ഥയില്‍ ശത്രുരാജ്യത്തിന്റെ തടവില്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ എന്ന വിങ്ങ് കമാന്‍ഡർ   അകപ്പെട്ടുപോയപ്പോഴും, അദ്ദേഹവും നചികേതയെപ്പോലെ  തീര്‍ത്തും സുരക്ഷിതനായിത്തന്നെ തിരിച്ചെത്തും എന്ന പ്രതീക്ഷ  നമ്മുടെ ഉള്ളില്‍ നിറഞ്ഞു നിന്നതും ഈ ചരിത്രം നമുക്ക് മുന്നിൽ ഉണ്ടായിരുന്നത് കൊണ്ടുതന്നെയാണ്. 
 

Follow Us:
Download App:
  • android
  • ios