Asianet News MalayalamAsianet News Malayalam

കുടജാദ്രിയിലേക്കുള്ള വഴി!

ഒരു പുസ്തകം വായിക്കുക, എന്നിട്ടതിലെ കഥാപാത്രങ്ങളെ മറന്നു കളയാതെ ഉള്ളില്‍ കൊണ്ട് നടക്കുക. പിന്നീട് ഒരു പാട് കാലത്തിനു ശേഷം ആ കഥാപാത്രങ്ങള്‍ക്ക് പിന്നാലെ, അവര്‍ സഞ്ചരിച്ച ഭൂമികകളിലൂടെ അവരെയെങ്ങാനും കണ്ടു മുട്ടിയാലോ എന്ന പ്രതീക്ഷയില്‍ ഒരു യാത്ര പോകുക. ബാലിശമെന്ന് തോന്നാം, അങ്ങനെയൊരു യാത്ര പോകുന്നത് രണ്ട് പെണ്ണുങ്ങളും കൂടിയാണേല്‍ പിന്നെ പറയാനും ഇല്ല. ശുദ്ധ ഭ്രാന്ത് തന്നെ. 

Passage to Kudajadri by Yasmin NK
Author
Thiruvananthapuram, First Published Mar 31, 2017, 9:46 AM IST

Passage to Kudajadri by Yasmin NK

അങ്ങനെയൊരു ഭ്രാന്തായിരുന്നു കുടജാദ്രി മല കയറാനുള്ള പ്രേരണ. എംടിയുടെ 'വാനപ്രസ്ഥം' എന്ന നോവലിലെ മാഷും വിനോദിനിയും. മധുരോദാരവും ഒപ്പം വിഷാദാത്മകവുമായ ഒരു ഓര്‍മ്മയായിരുന്നു എന്നുമത്. അത്‌കൊണ്ട് തന്നെയാവും നമ്മളെവിടാ പോകുന്നേയെന്ന് ചോദിച്ച കൂട്ടുകാരിയോട് കുടജാദ്രീന്ന് പറഞ്ഞതും. തെല്ലും ആലോചിക്കെണ്ടി വന്നില്ല. പുലര്‍ച്ചെയുള്ള വണ്ടിക്ക്  മംഗലാപുരം വരെയുള്ള രണ്ട്  ടിക്കറ്റെടുത്ത് വഴിയില്‍ ഉഡുപ്പിയിലൊ കുന്താപുരത്തോ അതുമല്ലേല്‍ ബൈണ്ടൂരോ  ഇറങ്ങാമെന്ന് മാത്രം ആലോചിച്ചൊരു പോക്ക്. ഉഡുപ്പി എത്തിയപ്പൊഴേക്കും തീവണ്ടി മടുത്തു, എങ്കിലിനി ബസെന്ന് പറഞ്ഞ് ഉഡുപ്പിയിലിറങ്ങി.'കന്നട ഹൊത്തില്ലെ'. അത് മാത്രമാണു കന്നട ഭാഷയിലെ അറിയാവുന്ന ഏക വാചകം. നമുക്ക് ചോയ്ച്ച് ചോയ്ച്ച് പോകാമെന്നായിരുന്നു അതിനുള്ള സമാധാനം.

ഇങ്ങനെയുള്ള അനിശ്ചിതത്വങ്ങളാണു ഒരു യാത്രയെ ജീവസ്സുറ്റതാക്കുക. അടുത്ത നിമിഷം എന്ത് എന്ന് വലിയ ഉറപ്പില്ലാതിരിക്കുക. അടുത്ത വളവ് തിരിഞ്ഞാല്‍ എന്തല്‍ഭുതമാണു നമ്മെ വിസ്മയിപ്പിക്കാന്‍ കാത്തിരിക്കുന്നത് എന്ന ആകാംക്ഷ ഇല്ലെങ്കില്‍ യാത്ര പലപ്പോഴും വിരസമായി പോകും.  

Passage to Kudajadri by Yasmin NK

ഇങ്ങനെയുള്ള അനിശ്ചിതത്വങ്ങളാണു ഒരു യാത്രയെ ജീവസ്സുറ്റതാക്കുക.

ദോശപ്പെരുമ
ഉഡുപ്പിയുടെ ദോശപ്പെരുമ കേള്‍ക്കാത്തവര്‍ വിരളമായിരിക്കും. ഒരു ദേശത്തെ അടുത്തറിയാന്‍ ഏറ്റവും എളുപ്പം അവിടുത്തെ രുചി വൈവിദ്ധ്യങ്ങള്‍ അടുത്തറിയുക എന്നതാണ്. ഏതൊക്കെ ദേശത്ത്, ഏതൊക്കെ കടയില്‍ അവിടുത്തെ തനത് വിഭവങ്ങള്‍ കിട്ടുമെന്ന് അറിഞ്ഞ് വെച്ചാല്‍ യാത്രയിലുടനീളം വയറും ശുഭം, കീശയും ഭദ്രം. ഒപ്പം ഒരു ദേശത്തെ മൊത്തം നെഞ്ചേറ്റുകയും ചെയ്യാം. 

സൗത്തിന്ത്യയിലെ ഏറ്റവും പ്രസിദ്ധിയുള്ള അമ്പലമാണു മൂകാംബികാ ദേവീ ക്ഷേത്രം. മൂകാസുരനെ നിഗ്രഹിച്ച ദുര്‍ഗാ ദേവിയാണു പ്രതിഷ്ഠ. അതിഭയങ്കരമായ തിരക്കാണു അമ്പലത്തിനകത്ത്, നീണ്ട് വളഞ്ഞു കിടക്കുന്ന ക്യൂ. അതിനകത്ത് കുടുങ്ങിയാല്‍ ഒരു ദിവസം മുഴുവന്‍ എടുക്കും എന്നതിനാല്‍ കൂട്ടുകാരി പുറത്ത് നിന്നു തന്നെ പ്രാര്‍ത്ഥിച്ചിറങ്ങി.

രാജ്യത്തുടനീളമുള്ള  അമ്പലങ്ങളിലും പള്ളികളിലും ദര്‍ഗകളിലുമെല്ലാം ഇത് തന്നെയാണു സ്ഥിതി. ആളുകള്‍ തിക്കി തിരക്കുകയാണു ദൈവത്തെ കാണാന്‍. ഇത്രയും സുഖവും സൌകര്യങ്ങളും ഒക്കെ ഉണ്ടാവുമ്പോഴും ആളുകള്‍ക്ക് മനസ്സമാധാനം നഷ്ടപ്പെട്ടെന്ന് തോന്നുന്നത് എന്തുകൊണ്ടാണ്? നഷ്ടപ്പെട്ടുപോയ മന:സുഖം തിരഞ്ഞു വരുന്നവര്‍,അവരോട് കടന്നു പോകൂ, നിങ്ങി നില്‍ക്കൂ എന്ന് അലറുന്ന പരികര്‍മ്മികള്‍. ഇതിനിടയില്‍ മനസ്സമാധാനത്തോടെ ഏകാഗ്രതയോടെ എങ്ങനെ  ദൈവത്തോട് സംവദിക്കാനാണ്.

Passage to Kudajadri by Yasmin NK

അച്ഛന്റെയും അമ്മേടെം പടം ചില്ലിട്ട് തൂക്കിയിരിക്കുന്നു. അവരായിരിക്കും പണ്ട് മാഷിനും വിനോദിനിക്കും കടുമാങ്ങ കൂട്ടി ചോറ് വിളമ്പിക്കൊട്ത്തിരിക്കുക!! 

അഡിഗയുടെ വീട്ടില്‍
കുടജ എന്നു വെച്ചാല്‍ കാട്ടുമുല്ല എന്നും അര്‍ത്ഥമുണ്ട്. മലഞ്ചെരിവുകളില്‍ പൂത്തു സൗരഭ്യം പരത്തുന്ന കാട്ടുമല്ലിപൂക്കളും മഞ്ഞിന്റെ കുളിരും ഇടവിടാതെ വീശിയടിക്കുന്ന കാറ്റും കുടജാദ്രിയെ യാത്രക്കാരുടെ സ്വപ്നഭൂമിയാക്കുന്നു. മുകളിലേക്ക് ജീപ്പില്‍ പോകണം. ഒരാള്‍ക്ക് മുന്നൂറ്റമ്പത് ഉറുപ്യേന്ന് അതിശയിച്ച വിനോദിനിയെ ഓര്‍ത്ത് കൊണ്ട് ഞങ്ങളാ ജീപ്പില്‍ കയറിയിരുന്നു.ഒരു തിരക്കഥ കാണുന്ന ലാഘവത്തോടെ മാറി നിന്ന്, തമിഴും മലയാളവും ഇടകലര്‍ത്തി ജീപ്പിലുള്ളവരോട് സംസാരിച്ച് , കുണ്ടിലും കുഴിയിലും ആടിയുലയുന്ന ജീപ്പിനുള്ളില്‍ ഉരുണ്ട്പിരണ്ട്, ചുവന്ന പൊടിയില്‍ കുളിച്ച്, എതിരെ വരുന്ന ജീപ്പിനുള്ളിലെ പൊടിയില്‍ ചുമന്ന യാത്രക്കാര്‍ക്ക് നേരെ കൈവീശി ആര്‍ത്ത് ചിരിച്ച് ഞങ്ങളാ യാത്ര ആസ്വദിച്ചു.

എത്ര അസൗകര്യങ്ങള്‍ ഉണ്ടായാലും രാത്രി മുകളില്‍ തന്നെ തങ്ങണമെന്നത് വലിയൊരാഗ്രഹമായിരുന്നു. സ്വച്ഛസുന്ദരമായ മലമുകളില്‍ കാടിനു നടുക്ക് അമ്പലവും ചെറിയൊരു വീടും. വര്‍ഷങ്ങള്‍ക്ക് മുമ്പ് കഥാകാരന്‍ കണ്ട അതേ വീട്. അഡിഗയുടെ വീട്. വര്‍ഷങ്ങള്‍ കടന്ന് പോയിട്ടും ആ വീടിനും പരിസരത്തിനും ഒരു മാറ്റോമില്ല.

അച്ഛന്റെയും അമ്മേടെം പടം ചില്ലിട്ട് തൂക്കിയിരിക്കുന്നു. അവരായിരിക്കും പണ്ട് മാഷിനും വിനോദിനിക്കും കടുമാങ്ങ കൂട്ടി ചോറ് വിളമ്പിക്കൊട്ത്തിരിക്കുക!! ഇപ്പൊ ആ വീട്ടില്‍ സുശീലാമ്മയും മക്കളായ നാഗേഷും സീതാറാമുമാണു. ഇന്നു രാത്രി ഞങ്ങളിവിടെ തങ്ങുമെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്കും സന്തോഷമായി. സൂര്യന്‍ പൊന്‍ വല വിരിച്ച കുന്നിന്‍ മേട്ടിലൂടെ ചരല്‍ കല്ലുകളില്‍ ചവിട്ടി  കാറ്റിനോടും കാടിനോടും കിന്നാരം പറഞ്ഞ്  കളിച്ചും ചിരിച്ചും ഞങ്ങള്‍ സര്‍വ്വജ്ഞ പീഠം കയറി.

Passage to Kudajadri by Yasmin NK
 

നിറയെ കാറ്റായിരുന്നു കുന്നിന്‍ മുകളില്‍. അച്ചാലും മുച്ചാലും വീശുന്ന പിശറന്‍ കാറ്റ്.

ജീവിതത്തിന്റെ ആകസ്മികതകള്‍
നിറയെ കാറ്റായിരുന്നു കുന്നിന്‍ മുകളില്‍. അച്ചാലും മുച്ചാലും വീശുന്ന പിശറന്‍ കാറ്റ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് , അതി ദുര്‍ഘടമായ കാനന പാത താണ്ടി കുന്ന് കയറിയ ശങ്കരാചാര്യരെ സ്മരിച്ച്, കാശ്മീരിലെ ശങ്കരാചാര്യ ടെമ്പിളിള്‍ നിന്നും നോക്കിയാല്‍ കാണുന്ന ശ്രീനഗറിന്റെ ഭംഗിയോര്‍ത്ത, രാത്രി നക്ഷത്രങ്ങളെ കണ്ട് ഇവിടെയിരിക്കാന്‍ പറ്റിയാലെന്ത് രസായേനേം എന്നാഗ്രഹിച്ച് ഞങ്ങളാ കുന്നിന്‍ പുറത്തിരുന്നു.

രാത്രി, നിലത്ത് വിരിച്ച പായയില്‍ താഴെനിന്നും   അരിച്ച് വരുന്ന തണുപ്പില്‍ കിടുത്ത്  ചൂളി കിടക്കുമ്പോള്‍ ജീവിതത്തിന്റെ ആകസ്മികതകളെ കുറിച്ചായിരുന്നു ഓര്‍മ്മ വന്നത്. എവിടുന്നോ വന്ന രണ്ട് പേര്‍, മുമ്പ് കണ്ടിട്ടില്ല, പരസ്പരം എഴുതുന്നത് വായിക്കും, അഭിപ്രായം പറയും എന്നല്ലാതെ കൂടുതലൊന്നും തമ്മിലറിയില്ല. പക്ഷെ യാത്ര എന്ന പൊതു വികാരം ഉണ്ടായിരുന്നു ഉള്ളില്‍, പരസ്പര സ്‌നേഹം, വിശ്വാസം, ഒരേ തരംഗ ദൈര്‍ഘ്യമുള്ള കമ്പനങ്ങള്‍. 

ഉറക്കം വരാതെ,  വീട് മേഞ്ഞിരുന്ന പഴകി ദ്രവിച്ച ആസ്ബറ്റോസ് ഷീറ്റില്‍ കാറ്റൂതുന്ന ശബ്ദം കേട്ട് , തണുത്ത് വിറച്ച്  അങ്ങനെ കിടക്കുമ്പൊള്‍ സുശീലാമ്മ എണീറ്റ് വന്ന് രണ്ട് കമ്പിളിപുതപ്പ് ഞങ്ങളുടെ മേലേയിട്ടു. തികച്ചും അന്യരായ ഞങ്ങളോട് അവര്‍ കാണിച്ച  ആ സ്‌നേഹവും കരുതലും കണ്ട്  എനിക്കെന്തൊ കരയണമെന്ന് തോന്നിപ്പോയി അപ്പോള്‍. ഇവ്വിധം നല്ല മനസ്സുള്ള മനുഷ്യര്‍ എല്ലായിടത്തും ബാക്കി നില്‍ക്കുന്നത് കൊണ്ട് മാത്രമാണു ഈ ഭൂമിയിപ്പോഴും ഇങ്ങനെ  കറങ്ങിക്കൊണ്ടിരിക്കുന്നത് !

ശരിക്കും ഒരു ഭ്രാന്തന്‍ സ്വപ്നത്തിന്റെ  സാക്ഷാല്‍ക്കാരം തന്നെ ആയിരുന്നു കുടജാദ്രി.

വഴികളിനിയും ബാക്കിയാണ്  മഞ്ഞും തണുപ്പും വെയിലും മാറി മാറി കളങ്ങള്‍ തീര്‍ക്കുന്ന, കണ്ണീരും  ചിരിയും  സന്തോഷവും അതിരിട്ട വഴിത്താരകള്‍.

Passage to Kudajadri by Yasmin NK

യാസ്മിനും എച്ച്മുക്കുട്ടിയും കുടജാദ്രിയില്‍

പെണ്‍ യാത്രകള്‍:
യാത്രയുടെ ജിന്നുകള്‍!

അവള്‍ ഹിഡുംബി; പ്രണയം കൊണ്ട് മുറിവേറ്റവള്‍!

സ്വപ്നം വിളയുന്ന സോനാര്‍ഗല്ലി

അവളെന്തിനാണ് ഒറ്റക്ക് പോയത്..?

ഏദന്‍തോട്ടം ഇതാ, ഇവിടെയാണ്!

അവള്‍ ജയിലില്‍ പോവുകയാണ്, ഒരിക്കലും കാണാത്ത അച്ഛനെ കാണാന്‍!

കാലാപാനിയിലേക്ക് വീണ്ടും

ഈ പുഴകളൊക്കെ യാത്രപോവുന്നത്  എങ്ങോട്ടാണ്?

ഭക്തര്‍ ദൈവത്തെ തെറി  വിളിക്കുന്ന ഒരുല്‍സവം!

വാ, പെണ്ണുങ്ങളേ, നമുക്കൊരു  യാത്ര പോവാം!

Follow Us:
Download App:
  • android
  • ios