Asianet News MalayalamAsianet News Malayalam

ക്യാമറാക്കാഴ്‍ചയ്‍ക്കു പുറത്തെ പിണറായി

Pinarayi Vijayan
Author
Thiruvananthapuram, First Published May 18, 2016, 8:31 PM IST

പതിഞ്ഞതിനപ്പുറം..

വാര്‍ത്തകള്‍ക്കു വേണ്ടി റിപ്പോര്‍ട്ടര്‍മാര്‍ക്കു പുറകിലും ചിലപ്പോഴൊക്കെ മുമ്പിലുമായിട്ട് ഓടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. കേരളത്തിന്റെ ഒത്തിരി മുഖ്യമന്ത്രിമാരെ ജോലിയുടെ ഭാഗമായി ക്യാമറയില്‍ പതിപ്പിക്കേണ്ടതായി വന്നിട്ടുണ്ട്. ചിലപ്പോള്‍ ഷൂട്ട് കഴിഞ്ഞ് ക്യാമറയും മുക്കാലിയും മടക്കി തിരിച്ചുപോരുമ്പോള്‍ വ്യൂ ഫൈന്‍ഡറില്‍ "പതിഞ്ഞതിനപ്പുറം" മനസില്‍ പതിയുന്ന ചില കാഴ്‍ചകള്‍, ശബ്‍ദങ്ങള്‍, ചില നോട്ടങ്ങള്‍, അതാണ് 'പതിഞ്ഞതിനപ്പുറം..' ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രോഗ്രാം വിഭാഗം ക്യാമറാ ചീഫ് കെ പി വിനോദ് എഴുതുന്ന പംക്തി തുടങ്ങുന്നു.

Pinarayi Vijayan

​​'ദൃഢ കര്‍മ്മേ.. ദൃഢ ഭാവേ'

പുതിയ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ കേരളാ പൊലീസിന്റെ ആപ്‍തവാക്യമാണ് മനസ്സില്‍ വരിക. "മൃദുഭാവേ.. ദൃഢ കര്‍മ്മേ". ഇതില്‍ ചെറിയ മാറ്റം വരുത്തിയാല്‍; 'ദൃഢ കര്‍മ്മേ.. ദൃഢ ഭാവേ' - അതാണ് പിണറായി വിജയന്‍. നലുകളുടെ എണ്ണം മാസം പ്രതി കൂടുന്നതിനാല്‍ പ്രമുഖര്‍ എത്തുന്നടത്ത് ചിലപ്പോള്‍ പത്തും പതിനാലും ചാനലുകള്‍ വരെ കാണും. യോഗം കഴിഞ്ഞ് ഇറങ്ങിവരുന്ന വഴിയില്‍ മുക്കാലികള്‍ നിരത്തിവെച്ച് മാര്‍ഗതടസം വരുത്തി ചോദ്യങ്ങള്‍ ചോദിക്കുന്ന രീതി ഏറിവരുകയാണ് (വ്യക്തിപരമായി അതിനോട് അഭിപ്രായ വ്യത്യാസമുണ്ടങ്കിലും അതിന്റെ ഏറ്റവും പുറകില്‍ പലപ്പോഴും നില്‍ക്കേണ്ടി വന്നിട്ടുണ്ട് എന്നതാണ് സത്യം) സ്ഥാനം ഒഴിഞ്ഞ മുഖ്യമന്ത്രി പലപ്പോഴും ഇതുകണ്ട് പുറകിലത്തേ വഴിയിലൂടെയും വളഞ്ഞ വഴിയിലൂടെയും ഒക്കെ മൊബൈല്‍ ഫോണ്‍ ചെവിയില്‍ വെച്ച് ഓടിമറയുന്നതു കണ്ടിട്ടുണ്ട്. പക്ഷേ, പിണറായി വിജയന്‍ ദൃഢഭാവേ നടന്നു വരുമ്പോള്‍ ചോദ്യം ചോദിക്കാന്‍ വെമ്പല്‍ പൂണ്ടുനില്‍ക്കുന്ന പലരുടെയും നാവ് നിശബ്‍ദമാകുകയും അടുത്തു വരുമ്പോള്‍ മുക്കാലികള്‍ ക്യാമറാമാര്‍ അറിയാതെ മാറിക്കൊടുക്കുകയുമാണ് പതിവ്.

​ ​Pinarayi Vijayan​ ​

​​

കാര്‍ക്കശ്യക്കാരന്റെ മുന്നിലെ റിപ്പോര്‍ട്ടര്‍മാര്‍..
                    
കേരളത്തിലെ രണ്ട് പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ പരസ്യ പ്രസ്‍‌താവനയുമായി കൊമ്പുകോര്‍ക്കുന്ന കാലം. (ഇന്നത്തെ ഫിഡില്‍ കാസട്രോയും നാളത്തെ റൂള്‍ കാസ്‍്ട്രോയും) ഇന്ദ്രപ്രസ്ഥത്തിലെ 'പൊലീസ് ബ്യൂറോയില്‍' നിന്നുള്ള പരസ്യ ശാസനയ്‍ക്കു വഴങ്ങാത്ത കാലം. സഹികെട്ട് കേന്ദ്ര തലസ്ഥാനത്തെ 'പൊലീസ് ബ്യൂറോയില്‍' നിന്ന് അന്നത്തെ ജനറല്‍ പ്രകാശ് കാരാട്ട് രണ്ടു പേരേയു ഇന്ദ്രപ്രസ്ഥത്തിലേക്കു വിളിപ്പിച്ച ദിവസം. 'ഫിഡില്‍' തിരുവനന്തപുരത്തു നിന്നും  'റൂള്‍ കാസ്‍ട്രോ' കൊച്ചിയില്‍ നിന്നും രാത്രി പതിനൊന്നു മണിക്കത്തെ വിമാനത്തിനു തിരിക്കും എന്നറിഞ്ഞ് ചാനല്‍ പടയുടെ തല്‍സമയ വണ്ടികള്‍ എയര്‍പോര്‍ട്ടിന്റെ മുറ്റത്ത് ആകാശത്തേക്ക് പത്തിയും വിരിച്ച് നിലയുറപ്പിച്ചു. ചോദ്യശരങ്ങള്‍ എങ്ങനെ എയ്യണമെന്ന് കൂട്ടായി ആലോചിക്കുന്ന റിപ്പാര്‍ട്ടര്‍മാര്‍. കാറില്‍ നിന്നിറങ്ങുമ്പോഴേ മുക്കാലിവെച്ച് തടയാം എന്നു ചിലര്‍, വേണ്ടെന്ന് മറ്റു ചിലര്‍. അങ്ങനെ സമയം രാത്രി 10.15. പിണറായിയുടെ ഇന്നോവ വന്നുനില്‍ക്കുന്ന ദൃശ്യങ്ങള്‍ എടുക്കാനുള്ള ക്യാമറാന്‍മാരുടെ തിക്കിന്റെയും തിരക്കിന്റെയും മര്‍മ്മരങ്ങള്‍ ഉച്ചസ്ഥായില്‍ എത്തിയ സമയം. പിണറായി കാറില്‍ നിന്നിറങ്ങി 'ദൃഢ ഭാവേ' എയര്‍പോര്‍ട്ടിനുള്ളിലേക്ക്.  അത്രയും നേരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടന തലനാരിഴ കീറി ചര്‍ച്ചചെയ്‍‌തു നിന്നിരുന്ന റിപ്പാര്‍ട്ടര്‍മാരുരുടെ ശബ്‍ദ കോലാഹലത്തില്‍ നിന്നു ആകെ കേള്‍ക്കാനുള്ളത് കാമറാന്‍മാരുടെ ഉന്തലിന്റേയും തള്ളല്ലിന്റേയും ശബ്‍ദം മാത്രം.

പിണറായി ഡോറിനടുത്തെത്തിയപ്പോള്‍ ഒരു ചോദ്യം "തിരിച്ചു വരുമ്പോള്‍ സെക്രട്ടറി ആയിരിക്കുമോ"?-  ഒരു നിമിഷം പിണറായി നിന്നു. പെട്ടെന്ന് ആരവും മര്‍മ്മരങ്ങളും ഒഴിഞ്ഞ് സൂചി വീണാല്‍ കേള്‍ക്കുന്ന നിശബ്‍ദത. രണ്ടടി പിന്നോട്ടുനടന്ന് പിണറായി - "ആര്‍ക്കാണ് അറിയണ്ടത്?, ഓനെ ഒന്നു കാണട്ടെ ".. പലപ്പോഴും തിരക്കില്‍ നിന്നു മാറി സന്ദര്‍ഭത്തിന്റെ മറ്റു ചില കാഴ്‍ചകള്‍ക്കു വേണ്ടി പിന്നില്‍നിന്ന എനിക്ക് വ്യൂ ഫൈന്‍ഡറിന്റെ പുറത്ത് ആ കാഴ്‍ച കാണാന്‍ കഴിഞ്ഞു. കൊച്ചി മാതൃഭുമി ന്യൂസിലെ ബിജു പങ്കജ് ആള്‍ക്കൂട്ടത്തിന്റെ നിഴലുകള്‍ക്കിടയിലൂടെ ഊളിയിടുന്ന കാഴ്‍ച.

Pinarayi Vijayan

റിപ്പോര്‍ട്ടര്‍മാരുടെ പേടിപോലെതന്നെ ഒരു ചാനല്‍തന്നെ പിണറായിയെ പേടിക്കുന്നതും 'പതിഞ്ഞതിനപ്പുറമുള്ള' കാഴ്‍ചയാണ്. മലയാള മനോരമയുടെ പ്രസ്റ്റീജ് പരിപാടിയാണ് അവരുടെ ന്യൂസ് മേക്കര്‍ അവാര്‍ഡ്. മൂന്നാര്‍ ഒഴിപ്പിക്കലിന്റെ വര്‍ഷത്തില്‍ വി എസ് അച്യുതാനന്ദനെ ന്യൂസ് മേക്കറായി കാഴ്‍ചക്കാര്‍ തിരഞ്ഞെടുത്തതിന്റെ അടുത്ത വര്‍ഷം, താമരശ്ശേരി ബിഷപ്പിനെ " നികൃഷ്‌ടജീവി" എന്നു വിളിച്ച് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന വര്‍ഷം ന്യൂസ് മേക്കറായി  തിരഞ്ഞെടുത്തത് പിണറായി വിജയനെ. ഞാനന്ന് മനോരമ ന്യൂസില്‍ ക്യാമറാമാനാണ്. അതുവരെയുള്ള എല്ലാ ന്യൂസ് മേക്കര്‍ അവാര്‍ഡും ലൈവായിക്കാണിച്ചിരുന്ന മനോരമ (വി എസ്സിന്റെ അടക്കം) പക്ഷേ പിണറായിയുടെ പ്രസംഗം ലൈവായിക്കാണിക്കാന്‍ മനോരമ ധൈര്യം കാണിച്ചില്ല. തിരുവനന്തപു രത്തെ കനകക്കുന്നു പാലസില്‍ വെച്ചായിരുന്നു അവാര്‍ഡുദാനം. തല്‍സമയ വണ്ടി പത്തിയര്‍ത്തി വാര്‍ത്ത ആകാശത്തേയ്‍ക്കു തൊടുത്തവിടാന്‍ കനകക്കുന്നിന്റെ മുന്നില്‍ കിടന്നങ്കിലും മനോരമാ ന്യൂസിന്റെ ഇപ്പോഴത്തെ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ റോമി മാത്യുവിന്റെ കമാന്റ് കിട്ടാത്തതിനാല്‍ ആ പ്രസംഗം ആകാശത്തേയ്‍ക്കു തൊടുത്തുവിടാന്‍ കഴിഞ്ഞില്ല പക്ഷെ മനോരമ പേടിച്ച പോലെ ഒന്നും അദ്ദേഹം പറഞ്ഞില്ല.  "ഈ അവാര്‍ഡിനെ മാനിക്കുന്നു പക്ഷെ ഇതല്ല അത്യന്തികം" എന്നു മാത്രമേ പറഞ്ഞുള്ളൂ.

Pinarayi Vijayan

​​

പിണറായിയിലെ ആര്‍ദ്രതയുടെ മിന്നലാട്ടം..

ഈ കാര്‍ക്കശ്യക്കാരന്റെ കണ്ണില്‍ ആര്‍ദ്രതയുടെ മിന്നാലാട്ടവും ഒരിക്കല്‍ കാണാന്‍ കഴിഞ്ഞു. അന്നും ഞാന്‍ മലയാള മനോരമയില്‍. പലപ്പോഴും ആള്‍ക്കൂട്ടത്തിനു നടുവില്‍ വെച്ചാണ് പിണറായി കണ്ടിട്ടുള്ളത്. ഒരിക്കല്‍ നമ്മുടെ എക്‌സികൂട്ടിവ് എഡിറ്റര്‍ കെ പി  ജയദീപ് സാറിനൊപ്പം കണ്ണൂരില്‍ ഒരു ഇന്നോവയുടെ സ്വകാര്യതയില്‍ കണ്ടപ്പോള്‍, വെളുത്ത ഷര്‍ട്ടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആദ്യം ആ സ്വത:സിദ്ധമായ ചിരിയാണ് കേട്ടത്. പക്ഷെ ഒന്നു നിര്‍ത്തി പിന്നെ പറഞ്ഞത് -

"ചെത്തുതൊഴിലാളി മുണ്ടയില്‍ കോരന്റെ മകന്റെ ദാരിദ്യം നിറഞ്ഞ ജീവിതം ഒരു മുണ്ടും ഒരു ഷര്‍ട്ടുമായി, കോളേജില്‍ ചേര്‍ന്ന കാലത്ത്. വെള്ളയാണെങ്കില്‍ ഷര്‍ട്ടിന്റെ എണ്ണം കൂട്ടുകാര്‍ അറിയില്ലല്ലോ.."

ആ ഇന്റര്‍വ്യൂ കഴിഞ്ഞിട്ട് ഒത്തിരി വര്‍ഷങ്ങളായിട്ടും ക്യാമറയില്‍ പതിഞ്ഞതിനപ്പുറം ആ ചിരിയും ആ വാക്കുകളുമാണ്.

 

Follow Us:
Download App:
  • android
  • ios