Asianet News MalayalamAsianet News Malayalam

ആ പൂരമല്ല ഈ പൂരം; ഇത് വടക്കിന്‍റെ വസന്തോത്സവം!

Poorolsavam
Author
First Published Apr 7, 2017, 8:41 AM IST
Poorolsavam കാമന്‍

രണ്ട് വസന്തോത്സവങ്ങളുണ്ട് ഉത്തര കേരളത്തിൽ.  ഒന്നാമത്തേത് ഓണമാണെങ്കില്‍ രണ്ടാമത്തെതാണ് പൂരോത്സവം. മീന മാസത്തിലെ കാര്‍ത്തിക നാള്‍ മുതല്‍ പൂരം നക്ഷത്രം വരെയുള്ള ഒമ്പത് ദിവസമാണ് കോലത്തുനാട്ടിലും അള്ളടം നാട്ടിലും (നീലേശ്വരം ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍) പൂരം ആഘോഷിക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ പെണ്‍കുട്ടികളുടെ ആഘോഷമാണ്‌ പൂരോൽസവം.  ശിവനും കാമദേവനുമായി കോര്‍ത്തിണക്കിയ മിത്താണ് പൂരോത്സവത്തിന്‍റെ അടിസ്ഥാനം. സതീയുടെ വിയോഗത്താൽ മനം നൊന്തു തപസ്സിൽ കഴിയുകയാണ് ശിവന്‍. ആ ശിവന്‍റെ മനസില്‍ പാർവതിയെ കുറിച്ചുളള ഓര്‍മ്മകളും പ്രേമവും വികാരവും ജനിപ്പിക്കാൻ ദേവന്മാരുടെ അഭ്യർത്ഥിച്ചതനുസരിച്ച് പോയ കാമദേവൻ ശിവനെ ഉണർത്താൻ കാമബാണം പ്രയോഗിക്കുന്നു. കാമബാണമേറ്റുണർന്ന ശിവൻ കോപത്താൽ തൃക്കണ്ണു തുറക്കുന്നു. കാമദേവന്‍ ഭസ്‌മമാകുന്നു. അങ്ങനെ ഭസ്മമായിപ്പോയ തന്‍റെ ഭര്‍ത്താവിനെ ജീവിപ്പിക്കാന്‍ കരഞ്ഞപേക്ഷിച്ച രതീദേവിയോട് മഹാവിഷ്ണു പൂക്കൾ കൊണ്ട് കാമവിഗ്രഹം ഉണ്ടാക്കി പൂജിക്കാൻ ആവശ്യപ്പെട്ടു. ഇതാണ് കഥ.

Poorolsavam

പൂരോത്സവത്തിന്റെ പ്രധാന ചടങ്ങ് കാമദേവനെ ആരാധിക്കലാണ്. ഋതുമതികളാകാത്ത പെൺകുട്ടികൾ വ്രതം നോറ്റ് ഈ ദിവസങ്ങളിൽ ചാണകം കൊണ്ട് കാമവിഗ്രഹം ഉണ്ടാക്കി പൂജിക്കും.  ചിലയിടങ്ങളിൽ മണ്ണുകൊണ്ടും ചിലയിടങ്ങളിൽ പൂ മാത്രവും ഉപയോഗിച്ചാണ് കാമനെ ഉണ്ടാക്കുന്നത്. ചടങ്ങുകളില്‍ ആദ്യത്തേത് പൂരം നോമ്പാണ്. തറവാട്ടിലെ മുതിര്‍ന്ന സ്ത്രീയുടെ കൈയ്യില്‍ നിന്നും പൂക്കള്‍ വാങ്ങി കാമദേവനു നേദിക്കുന്ന ചടങ്ങാണിത്. തുടര്‍ന്നുള്ള ഒമ്പത് ദിവസങ്ങളിലും ഈ ചടങ്ങ് നീളും. പൂജാമുറിക്കു പുറമെ കിണര്‍, കുളം എന്നിവയ്ക്ക് സമീപവും പൂവിടും. കാമദേവന്റെ പുനർജനനത്തിനു വേണ്ടിയുളള സങ്കല്പമാണ്‌ പൂവിന്‌ വെളളം കൊടുക്കൽ. കാമനെ ഉണ്ടാക്കുകയും പൂവിടുകയും പൂവിന്‌ വെളളം കൊടുക്കുകയും ചെയ്യുന്ന വ്രതമെടുത്ത കൊച്ചുകുട്ടികളെ പൂരക്കുട്ടികളെന്നാണ്‌ വിളിക്കുക.

Poorolsavam കാമരൂപം

കത്തിക്കാളുന്ന കുംഭ, മീനച്ചൂടിലും പൂത്തുലയുന്ന പൂക്കള്‍ തന്നെയാണ് പൂരോത്സവത്തിന്‍റെ പ്രധാന സവിശേഷത. പൂരാഘോഷം നടക്കുന്ന കാവുകളില്‍ പൂരത്തിന്റെ വരവറിയിച്ച് പൂരപ്പൂക്കള്‍ പൂത്തുലഞ്ഞങ്ങനെ നില്‍ക്കും. പെണ്‍കുട്ടികള്‍ വീടുകളിലും ആചാരസ്ഥാനികന്‍മാര്‍ ക്ഷേത്രങ്ങളിലും പൂവിടും. എല്ലാ പൂക്കളും പൂവിടാനായി ഉപയോഗിക്കാറില്ല. പച്ച നിറത്തിലുള്ള അപൂര്‍വ്വം പൂക്കളിലൊന്നാണ് ജഡപ്പൂവ് എന്ന പൂരപ്പൂക്കള്‍, ചെമ്പകപ്പൂ, മുരിക്കിൻപൂ, നരയൻ പൂ, എരിഞ്ഞി പൂ തുടങ്ങിയ പൂക്കളാണ് ഇതിനായി ഉപയോഗിക്കുക.   ആദ്യ മൂന്ന് നാളുകളില്‍ അത്തപ്പൂക്കള്‍ പോലെ വട്ടത്തില്‍ പൂരപ്പൂക്കള്‍ ഇടുന്നു. പിന്നീടുള്ള ദിവസത്തില്‍ പൂക്കള്‍ കൊണ്ട് കാമദേവന്റെ രൂപം നിര്‍മ്മിക്കുന്നു. മീനം ആദ്യവാരത്തിലാണ് പൂരമെങ്കില്‍ ചെറിയ കാമരൂപവും, മധ്യവാരത്തിലാണ് പൂരമെങ്കില്‍ യുവാവിന്റെ രൂപവും മാസാവസാനമാണ് പൂരമെങ്കില്‍ വൃദ്ധരൂപവുമാണ് തീര്‍ക്കുക.  പലപ്പോഴും മീനമാസത്തില്‍ തന്നെയാവും പൂരോത്സവം നടക്കുക. പക്ഷേ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കുംഭമാസത്തിലും പൂരമെത്തും.

Poorolsavam പൂരപ്പൂക്കള്‍

ഒന്‍പതാംനാളാണ് പൂരംകുളി. ക്ഷേത്രങ്ങളിലും ഭഗവതിക്കാവുകളിലും ഈ ദിവസം ആഘോഷങ്ങളും ചടങ്ങുകളും നടക്കും. പൂരക്കളി, മറത്തുകളി, തുടങ്ങിയ നാടന്‍ കലകള്‍ അരങ്ങേറും. ഈ ദിവസമാണ് വീടുകളിലെ കാമനെ അയക്കല്‍ ചടങ്ങ്. ഉച്ചയ്ക്ക് കാമന് നിവേദിക്കാന്‍ കാമക്കഞ്ഞി ഉണ്ടാക്കും. കുടുംബാംഗങ്ങളെല്ലാം കാമക്കഞ്ഞി കഴിക്കും. വൈകിട്ട് കാമന് നിവേദിക്കാന്‍ പൂരഅടയുണ്ടാക്കും. സന്ധ്യയോടെ പൂക്കള്‍കൊണ്ട് തീര്‍ത്ത കാമദേവരൂപം വാരി പൂക്കൂടയിലാക്കും. തുടര്‍ന്ന് അരിയും അടയും ഇതോടൊപ്പം വച്ചു തൊടിയിലെ വരിക്ക പ്ലാവിന്‍ ചുവട്ടില്‍ നിക്ഷേപിക്കും.  കാമനെ അയക്കുന്ന ചടങ്ങില്‍ കുടുംബാംഗങ്ങളെല്ലാം പങ്കെടുക്കണം. കുരവയിട്ട് ഭക്ത്യാദരപൂര്‍വ്വം നടക്കുന്ന ചടങ്ങിനോടൊപ്പം മുന്നറിയിപ്പുകളോടെയും പ്രാര്‍ത്ഥനകളോടെയുമാണ് കാമനെ പറഞ്ഞയക്കുക.

‘വരും വര്‍ഷവും നേരത്തെ വരണേ കാമാ, നേരത്തെ കാലത്തെ വരണേ കാമാ, കിണറ്റിന്‍ പടമ്മല്‍ പോകല്ലെ കാമാ....' തുടങ്ങിയവയാണ് മുന്നറിയിപ്പുകള്‍

 

Poorolsavam പൂരംകുളി

ഉത്തരമലബാറിലെ മിക്കവാറും ക്ഷേത്രങ്ങളിൽ പൂരം ആഘോഷിക്കും. മാടായിക്കാവിലെ പൂരാഘോഷവും, പൂരം കുളിയും വളരെ പ്രശസ്ത്മാണ്. പൂരോത്സവം പെൺകുട്ടികളുടെ ആഘോഷമാണെങ്കിൽ, പൂരക്കളി യുവാക്കളുടെതാണ്. പണ്ടുകാലത്ത് പെണ്‍കുട്ടികളാണ് പൂരക്കളി കളിച്ചിരുന്നതെന്നാണ് വിശ്വാസം. പൂരക്കളി നിയന്ത്രിക്കുന്നത് പണിക്കരാണ്. സാധാരണയായി ഓരോ കാവിലും ഓരോ പണിക്കരെ നിശ്ചയിച്ച് ആചാരപ്പെടുത്തിയിട്ടുണ്ടാകും. പണിക്കര്‍ പൂരിക്കളിയില്‍ വളരെ വിദഗ്ധനും മുഴുവന്‍ പാട്ടുകളും അറിയുന്നയാളുമായിരിക്കും. പൂരക്കളി പന്തലില്‍ കത്തിച്ചു വച്ച വിളക്കിനും ചുറ്റും ഈണത്തോടെ പാട്ടുപാടി അതീവ ചാരുതയോടെയും, മെയ്‌വഴക്കത്തോടെയുമാണ് പൂരക്കളി അവതരിപ്പിക്കുക. പൂരക്കളി പാട്ടുകള്‍ 18 നിറങ്ങള്‍ അഥവ പൂരമാലകള്‍ എന്നാണ് അറിയപ്പെടുന്നത്. കാമദേവന്റെ പുനര്‍ജനിക്കായി പൂവുകള്‍ കൊണ്ട് കാമവിഗ്രഹം നിര്‍മ്മിച്ച് പൂവിട്ട് നാരായണ സങ്കീര്‍ത്തനം ചെയ്ത് കളിച്ച കളികളാണത്രെ നിറങ്ങള്‍.

Poorolsavam പൂരക്കളി

ഹൃദ്യവും ലളിതമായ പദവിന്യാസത്തോടെയാണ് ഒന്നാം നിറം പൂരമാല. വിവിധ രാഗങ്ങളിലും, ചടുലമായ ചുവടുവയ്പ്പുകളോടെ 18 നിറങ്ങളും കണ്ണിനും കാതിനും ഇമ്പം നല്‍കും. 18 നിറങ്ങള്‍ കഴിഞ്ഞാല്‍ വന്‍ കളികള്‍ എന്നറിയപ്പെടുന്ന ഗണപതിപ്പാട്ട്, രാമായണം, ഇരട്ട, അങ്കം തുടങ്ങിയ കളികളാണ്. ഒടുവില്‍ അതാതു ക്ഷേത്രത്തിലെ ദേവീ ദേവന്മാരെ സ്തുതിച്ചുകൊണ്ട് “പൊലി, പൊലി, പൊലി” എന്ന് പ്രകീര്‍ത്തിച്ചുകൊണ്ടാണ് പൂരക്കളി സമാപിക്കുന്നത്.

Poorolsavam

ക്ഷേത്രങ്ങളില്‍ പൂരോത്സവത്തിന് സമാപനം കുറിച്ച് നടക്കുന്ന ദേവീദേവന്‍മാരുടെ കൂടിക്കാഴ്ചയും കൂടിപിരിയലും പ്രത്യേക ആചാരമാണ്. കൂടിച്ചേരലിന്റെ ഉല്‍സവം കൂടിയാണ് പൂരം. സ്ത്രീയെ ദേവതയ്ക്ക് തുല്യം പരിഗണിച്ചിരുന്ന പോയ കാലത്തിന്റെ നേര്‍ചിത്രം. കുടുംബാംഗങ്ങള്‍ സ്‌നേഹത്തോടെയും സഹകരണത്തോടെയും ഒത്തുചേരുന്ന ഒരുമയുടെ ആഘോഷം. കാമം എന്ന വാക്കിന് കേവലം ലൈംഗിക സുഖത്തിനപ്പുറം സ്നേഹവും കരുതലുമൊക്കെ ഊട്ടിയുറപ്പിക്കുന്ന ആചാരം. ഓരോ തവണയും മുന്നറിയിപ്പുകളോടെ കാമനെ യാത്രയാക്കി അടുത്ത പൂരോത്സവത്തിനായി ഉത്തരകേരളം കാത്തിരിക്കും. ഐശ്വര്യവും സമാധാനവും കൈ നിറയെ സ്നേഹവുമായി നേരത്തെ കാലത്തെ വരണേ കാമാ എന്ന പ്രാര്‍ത്ഥനയുമായി.

Poorolsavam

 

 

Follow Us:
Download App:
  • android
  • ios