Asianet News MalayalamAsianet News Malayalam

വിസി ഹാരിസിനെതിരായ നടപടി:  പ്രതിഷേധം വ്യാപകം

ptoests against VC harris removal
Author
Thiruvananthapuram, First Published Aug 7, 2017, 3:42 PM IST

തിരുവനന്തപുരം: എം.ജി യൂനിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയരക്ടര്‍ സ്ഥാനത്തുനിന്നും പ്രമുഖ അക്കാദമീഷ്യനും എഴുത്തുകാരനുമായ ഡോ. വിസി ഹാരിസിനെ നീക്കം ചെയ്ത സിന്‍ഡിക്കേറ്റ് നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാവുന്നു. കഴിഞ്ഞ ദിവസമാണ് രണ്ട് പരാതികള്‍ ഉണ്ടെന്നു കാണിച്ച് അന്വേഷണം പോലും നടത്തുന്നതിനു മുമ്പ് ഡോ. ഹാരിസിനെ ഡയരക്ടര്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്തത്. കാമ്പസില്‍ കോടികളുടെ കെട്ടിട നിര്‍മാണം നടത്തുന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്കിടയിലാണ് സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച ഡോ. ഹാരിസിനെ നീക്കം ചെയ്തത്. ഹാരിസിനെ സ്ഥാനത്തുനീക്കിയതായി അന്നുതന്നെ വിസി ഡോ. ബാബു സെബാസ്റ്റിയന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഇതിനെതിരെ എസ്എഫ്‌ഐ അടക്കം വിദ്യാര്‍തഥികള്‍ പ്രക്ഷോഭവുമായി രംഗത്തുവരികയും വ്യാപകമായി എതിര്‍പ്പുയരുകയും ചെയ്ത സാഹചര്യത്തില്‍ യൂനിവേഴ്‌സിറ്റി മുന്‍നിലപാടില്‍നിന്ന് മലക്കം മറിയുകയായിരുന്നു. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഡോ. ഹാരിസിനെ താല്‍ക്കാലികമായി മാറ്റി നിര്‍ത്തുക മാത്രമായിരുന്നുവെന്നുമുള്ള വാദത്തിലേക്ക് സര്‍വകലാശാല മാറി. 

ഈ സാഹചര്യത്തിലാണ്, ഡോ. ഹാരിസിന് എതിരായ നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മേഖലകളിലുള്ള പ്രമുഖര്‍ രംഗത്തുവന്നത്. ഇടതുപക്ഷ ബുദ്ധിജീവികള്‍ അടക്കം ഇക്കാര്യത്തില്‍ ഇടതുപക്ഷ സിന്‍ഡിക്കേറ്റിനെതിരെ രംഗത്തു വന്നു. അക്കാദമിക്, സാംസ്‌കാരിക രംഗത്തുള്ള പ്രമുഖരുടെ പ്രതികരണങ്ങള്‍ ഇവയാണ്: 

ഇടതു പക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ ഈ നയം ആവര്‍ത്തിക്കുന്നത് ദു:ഖകരമാണ് 

ബി. രാജീവന്‍ 
ഒരു മൗലിക ചിന്തകനും പ്രതിഭാശാലിയായ ഒരു അധ്യാപകനുമായ വി സി ഹാരിസിനെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ നിന്ന് പുറത്താക്കിയത് അപലപനീയമാണ്. കാരണം ഇതുതന്നെയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ഇന്ന് ഇന്ത്യയൊട്ടാകെ, യൂനിവേഴ്‌സിറ്റികളിലും കലാസ്ഥാപനങ്ങളിലും നടപ്പാക്കിക്കൊണ്ടിരിക്കുന്ന നയം. ആത്മാര്‍ഥതയും സര്‍ഗ ശക്തിയുമുള്ള ധിഷണാ ശാലികളെ അവര്‍ക്ക് ഭയമാണ്. ഇടതു പക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ ഈ നയം ആവര്‍ത്തിക്കുന്നത് ദു:ഖകരമാണ് . ഹാരിസിനോടൊപ്പം.

ഹാരിസിനെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് അപമാനിച്ചിറക്കി വിടുന്നത് സര്‍വകലാശാലയ്ക്ക് നാണക്കേടാണ്.

റോബിന്‍ ഡിക്രൂസ്
സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ ഒരു വിദ്യാര്‍ത്ഥി ആയിരുന്നു ഞാന്‍. ഡോ വിസി ഹാരിസ് എന്റെ അധ്യാപകനും.

ഓരോ മുടന്തന്‍ ന്യായം പറഞ്ഞ് ഡോ ഹാരിസിനെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയ നടപടി നമ്മുടെ അക്കാദമിക് സ്ഥാപനങ്ങള്‍ എത്ര ജീര്‍ണിച്ചവയാണെന്ന് കാണിക്കുന്നു. ലെറ്റേഴ്‌സില്‍ വന്ന കെട്ടിടം പണിക്കാരെ ഇറക്കി വിട്ടു എന്നൊക്കെയാണ് ആരോപണം. ബാലിശമാണിത്.

സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ രണ്ടാമത്തെ ബാച്ചിലെ എംഫില്‍ വിദ്യാര്‍ത്ഥി ആയിരുന്നു ഞാന്‍. യു ആര്‍ അനന്തമൂര്‍ത്തി ആണ് അന്നും വൈസ് ചാന്‍സലര്‍. സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് എന്ന ആശയം എന്തുകൊണ്ട് മറ്റു സര്‍വകലാശാലാ വകുപ്പുകളില്‍ നിന്ന് വ്യത്യസ്തമായിരിക്കുന്നു എന്ന ആശയം അന്തരീക്ഷത്തില്‍ നിറഞ്ഞു നിന്നിരുന്നു. ഹസ്സന്‍ മന്‍സില്‍ എന്ന വാടകക്കെട്ടിടമേ ഉണ്ടായിരുന്നുള്ളു എങ്കിലും പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിന്റെ ആവേശം ആവോളമുണ്ടായിരുന്നു. സാഹിത്യം പഠിക്കുന്നതിനായി സര്‍വകലാശാലാ ചട്ടങ്ങളില്‍ നിന്ന് താരതമ്യേന മുക്തമായി ഒരു സ്ഥാപനം എന്നതായിരുന്നു അന്നത്തെ ആശയം. കവിതയെക്കുറിച്ച് കമലാ ദാസും ബാലചന്ദ്രന്‍ ചുള്ളിക്കാടും എ അയ്യപ്പനും ക്ലാസെടുക്കുന്ന സ്ഥലം. പിഎച്ച്ഡി ഇല്ലാത്ത നരേന്ദ്രപ്രസാദും ഡി വിനയചന്ദ്രനും ഗവേഷകരുടെ മേല്‍നോട്ടം നടത്തുന്ന സ്ഥലം. ഇതൊക്കെ ഉട്ടോപ്യ ആയി അവസാനിച്ചിട്ടുണ്ടാകും. എന്നാലും വ്യത്യസ്തമായ ഒരു സര്‍വകലാശാലാ വകുപ്പെങ്കിലുമായിരുന്നു സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ്. ആ വ്യത്യസ്തതയും മികവും നിലനിറുത്തു്‌നനതില്‍ ഹാരിസിനെപ്പോലുള്ളവര്‍ക്ക് വലിയ പങ്കുണ്ട്.

പണ്ഡിതനും വിദ്യാര്‍ത്ഥികളോടൊപ്പമിരുന്നു പഠിക്കുന്ന വിദ്യാര്‍ത്ഥിയുമായിരുന്നു ഹാരിസ്. സാഹിത്യത്തെയും സമൂഹത്തെയും നിരീക്ഷിക്കുന്നതിന് വ്യക്തമായ വീക്ഷണരീതിയും ഹാരിസിനുണ്ട്. ഒരു ഇടതുപക്ഷ, പുരോഗമനവാദിയായ ബുദ്ധിജീവിയാണ് ഹാരിസ്. ആ ഹാരിസിനെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അപമാനിച്ചിറക്കി വിടുന്നത് സര്‍വകലാശാലയ്ക്ക് നാണക്കേടാണ്.

സര്‍വകലാശാലകള്‍ ബൗദ്ധിക അന്വേഷണങ്ങളുടെ കേന്ദ്രങ്ങളാവണം. വ്യത്യസ്തതകളെയും എതിരഭിപ്രായങ്ങളെയും നിലനിറുത്തുന്നതിലൂടെ മാത്രമേ ഈ അന്വേഷണം ഉണ്ടാവണം. ബൌദ്ധികാന്വേഷണങ്ങള്‍ പലതും പ്രയോജനരഹിതമെന്നോ അരാജകമെന്നോ തോന്നാം. പക്ഷേ, അത്തരം പ്രയോജനരാഹിത്യങ്ങള്‍ക്കുള്ളില്‍ നിന്നാണ് മൗലിക ചിന്ത ഉണ്ടാവൂ. അതിനാണ് സര്‍വകലാശാലകള്‍ എന്ന നാലതിരിനിടയിലുള്ള ലോകം ഉണ്ടാക്കിയിരിക്കുന്നത്.

ഡോ വിസി ഹാരിസിനെതിരായി മഹാത്മാ ഗാന്ധി സര്‍വകലാശാല സ്വീകരിച്ച നടപടികള്‍ നിറുത്തി വയ്ക്കണമെന്ന് ആവശ്യപ്പെടുന്നു.

ഇത്തരമൊരു സാഹചര്യം കേരളത്തില്‍ ഉണ്ടായിക്കൂടാത്തതായിരുന്നു

സുനില്‍ പി ഇടയിടം 
ഡോ.വി .സി .ഹാരിസിനെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ ഡയറക്ടര്‍ പദവിയില്‍ നിന്നും നീക്കാനുള്ള മഹാത്മാഗാന്ധി സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റിന്റെ തീരുമാനം അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്. കേരളത്തിന്റെ ധൈഷണിക ജീവിതത്തിന് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി അനന്യമായ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ഒരാളാണ് ഡോ.വി.സി.ഹാരിസ് .നിരൂപകന്‍, വിവര്‍ത്തകന്‍, നടന്‍ ,സിനിമാ വിമര്‍ശകന്‍, സൈദ്ധാന്തികന്‍ എന്നിങ്ങനെ എത്രയോ മേഖലകളില്‍ അദ്ദേഹം മൗലികമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 

വാസ്തവത്തില്‍ സര്‍വ്വകലാശാല അഭിമാനപൂര്‍വ്വം ഉയര്‍ത്തിപ്പിടിക്കേണ്ട അക്കാദമിക വ്യക്തിത്വമാണ് ഡോ.വി.സി.ഹാരിസിന്റേത്. സാങ്കേതിക മോ ഭരണപരമോ ആയ നിസ്സാര കാരണങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഡോ. വി.സി. ഹാരിസിനെപ്പോലെ ഒരു അക്കാദമിക്കിനെ അദ്ദേഹം വഹിക്കുന്ന പദവിയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നത് നീതീകരിക്കാനാവില്ല. (ഞാന്‍ മനസ്സിലാക്കിയിടത്തോളം ഹാരിസ് മാഷിനെതിരെ സര്‍വ്വകലാശാല വ്യവസ്ഥാപിതമായ രീതിയില്‍ അന്വേണം നടത്തുകയോ അത് ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുകയോ ചെയ്തിട്ടില്ല.). 

ഭരണപരമോ, അക്കാദമിക മോ ആയ കാര്യങ്ങളില്‍ ഭിന്നാഭിപ്രായം പറയുന്നവരെ പുറത്താക്കുന്ന രീതി സര്‍വ്വകലാശാലകള്‍ പിന്‍തുടരേണ്ട അക്കാദമിക ജനാധിപത്യത്തിനോ രാഷ്ട്രീയ നൈതികതയ്‌ക്കോ ഒട്ടും നിരക്കുന്നതല്ല. വിമര്‍ശനാവബോധ നിര്‍മ്മാണമാണ് ഇന്ന് സര്‍വ്വകലാശാലകള്‍ ഏറ്റെടുക്കേണ്ട ഏറ്റവും വലിയ ദൗത്യവും. അസഹിഷ്ണുതയ്‌ക്കെതിരെ രാജ്യമെമ്പാടും ഉയരുന്ന പ്രതിഷേധത്തിന്റെ കേന്ദ്രങ്ങളായി സര്‍വ്വകലാശാലകള്‍ മാറുന്ന സന്ദര്‍ഭത്തില്‍ ഇത്തരമൊരു സാഹചര്യം കേരളത്തില്‍ ഉണ്ടായിക്കൂടാത്തതായിരുന്നു. എം.ജി. സര്‍വ്വകലാശാലാ ഭരണകൂടം ഒട്ടും വൈകാതെ ഇക്കാര്യത്തില്‍ വിവേകപൂര്‍ണ്ണമായ തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളണം.

ആ ഹാരിസിനെയാണ് അധികാരകേന്ദ്രങ്ങള്‍ ഭയക്കുന്നത്. അതില്‍ അത്ഭുതമില്ല.

ബി ഉണ്ണികൃഷ്ണന്‍ 
ആ സാംസ്‌കാരിക ഇടത്തിന്റെ ചരിത്രത്തെ റദ്ദ് ചെയ്യാന്‍ നിങ്ങള്‍ക്കാവില്ല സാറന്മാരേ...

വി സി ഹാരിസിനെ സ്‌കൂള്‍ ഓഫ് ലെറ്റേര്‍സ്സിന്റെ ഡയറക്റ്റര്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ എം ജി യൂണിവേര്‍സ്സിറ്റിയുടെ ഇടതുപക്ഷ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.

എന്തിന്?

രണ്ട് 'വിരട്ടി ഓടിക്കലു'കളാണ് കാരണമായി പറയുന്നത്. 'നാക് വിസിറ്റി'നു മുന്നോടിയായി നടക്കുന്ന മോക്ക് വിസിറ്റിനെത്തിയവരേയും, പുതിയ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ ഓഫ് ലെറ്റേര്‍സ്സില്‍ എത്തിയ യൂണിവേര്‍സ്സിറ്റി ഉദ്യോഗസ്ഥരേയും ഡോ.ഹാരിസ് ആട്ടിപ്പായിച്ചുവെന്നാണ് ആരോപണം.

എന്തിനാവും അത്?

കഥയില്‍ ചോദ്യം പാടില്ലെന്നാണല്ലോ പ്രമാണം. അത്തരം പ്രമാണങ്ങളെ ചോദ്യം ചെയ്യുകയും അപനിര്‍മ്മിക്കുകയും ചെയ്യുന്ന ഒരു സാംസ്‌ക്കാരിക ഇടമാണ് സ്‌കൂള്‍ ഓഫ് ലെറ്റേര്‍സ്സ്. അതിനാല്‍ ചോദ്യങ്ങള്‍ ഉണ്ടാകും, ഉണ്ടായിക്കൊണ്ടേയിരിക്കും.

വ്യക്തികളെ ആട്ടിപ്പായിക്കുന്ന ആളല്ല ഹാരിസ് എന്നത് ആര്‍ക്കാണറിയാത്തത്

ആശയങ്ങളേയും, നിലപാടുകളേയും ബോധ്യങ്ങളേയും വിശ്വാസസംഹിതകളേയുംഅവ എത്രത്തോളം ആപത്ക്കരമാണെങ്കില്‍ പോലും ഒന്നിനേയും ആട്ടിപായിച്ചിട്ടില്ല ഹാരിസ്. അവയോടെല്ലാം ഹാരിസ് എന്നും കാട്ടിയിട്ടുള്ളത് ജനാധിപത്യപരമായ ആതിഥ്യമാണ്; ഈ ആതിഥ്യത്തിനര്‍ത്ഥം 'സ്വീകരിക്കുക' എന്നല്ല. മറിച്ച്, സ്വീകരിക്കുക/തിരസ്‌ക്കരിക്കുക എന്ന ദ്വന്ദ്വത്തെ തന്നെ അട്ടിമറിക്കുന്ന അപനിര്‍മ്മാണമാണ് ആ ഹാരിസിയന്‍ ഹോസ്പിറ്റാലിറ്റിയുടെ പൊരുള്‍.

പുതിയ ഓഡിറ്റോറിയം നിര്‍മ്മിക്കാന്‍ യൂണിവേര്‍സ്സിറ്റി ചുമതലപ്പെടുത്തിയിട്ടൂള്ള 'നിരുപദ്രവകാരികളായ' ഉദ്യോഗസ്ഥരെ ഭത്സിക്കാനും, ആട്ടിപായിക്കാനും ഒരിക്കലും ഹാരിസ് തുനിയില്ല. പകരം, അവര്‍ കൈയില്‍ കൊണ്ടുവന്ന പ്ലാനിനേയും, വരഞ്ഞിട്ട കെട്ടിട സങ്കല്‍പ്പത്തേയും സാധ്യമാക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്ന പ്രത്യശാസ്ത്രധാരണകളെ ഏറ്റവും നിശിതമായി വെളിപ്പെടുത്തി, അവയിലെ വൈരുദ്ധ്യങ്ങളെ അവയ്ക്ക് നേരെതന്നെ നിറുത്തി, നിര്‍വീര്യമാക്കാന്‍ മറ്റാരേക്കാളും ഹാരിസിനു കഴിയും. അതാവും ഹാരിസ് ചെയ്യുക. ആ ഹാരിസിനെയാണ് അധികാരകേന്ദ്രങ്ങള്‍ ഭയക്കുന്നത്. അതില്‍ അത്ഭുതമില്ല.

ഹാരിസിനെ ഡയക്റ്റര്‍ കസേരയില്‍നിന്ന് തിടുക്കപ്പെട്ട് മാറ്റുമ്പോള്‍ വിജയിച്ചു എന്ന് കരുതുന്നവര്‍ തീര്‍ച്ചയായും മാണിസാര്‍ ഇടതുപക്ഷത്തേക്ക് വരുന്നതിനെ അന്തിമവിപ്ലവമായി കാണുന്ന ലളിതമനസ്‌കരാണ്. അവര്‍ക്ക് നല്ല നമസ്‌ക്കാരം.

അരികുകളിലേക്ക് മാറ്റപ്പെടുന്ന, അബോധത്തിലേക്ക് തള്ളപ്പെടുന്ന അപരത്തിന്റെ സര്‍ഗ്ഗാത്മകമായ വിസ്‌ഫോടനശേഷി അവര്‍ അറിയുന്നില്ല. The repressed always returns. Perhaps as a dream. A dream that's more Real than the real. അത്തരം സ്വപ്നങ്ങളുടെ സാധ്യത ഞാന്‍ ഏറ്റവും അറിഞ്ഞത് ഹാരിസിന്റെ ക്ലാസില്‍ ഇരിക്കുമ്പോഴായിരുന്നു.

ഹസ്സന്‍ മന്‍സില്‍ എന്ന പഴയൊരു വാടക കെട്ടിടത്തില്‍. പ്രസാദ് സാറും, ബാലേട്ടനും, രവീന്ദ്രന്‍ മാഷും, വിനയചന്ദ്രന്‍ മാഷും, കൃഷ്ണനും... യു ആര്‍ അനന്തമൂര്‍ത്തി എന്ന് വി സിയും.

It was a totally open, decentered, polyphonous space.

ആ സാംസ്‌ക്കാരിക ഇടത്തിന്റെ ചരിത്രത്തെ റദ്ദ് ചെയ്യാന്‍ നിങ്ങള്‍ക്കാവില്ല, സാറന്മാരെ.

യൂണിവേഴ്‌സിറ്റി എന്ന് പറഞ്ഞാല്‍ വി സി യും സിണ്ടിക്കേറ്റും അവരുടെ കെട്ടിട നിര്‍മ്മാണ സന്നാഹങ്ങളും മാത്രമല്ല.

ടി ടി ശ്രീകുമാര്‍ 

'ഗളഹസ്തം ചെയ്യുംപോല്‍ ഗളഹസ്തം!അല്ലല്ലാ
ഗളഹസ്തം വെറുമൊരു ചൊറികുത്താണോ?'

എന്ന് ചങ്ങമ്പുഴ ചോദിച്ചിട്ടുണ്ട്. 

അതുപോലെ ഒരു ചൊറികുത്താണോ ഈ ഡിപ്പാര്‍ട്ട്‌മെന്റ് ഡയരക്ടര്‍ സ്ഥാനത്ത് നിന്നൊക്കെയുള്ള പുറത്താക്കല്‍ എന്ന് ഗാന്ധി യൂണിവേര്‌സിറ്റിയോട് ചോദിക്കേണ്ടി വരുന്നു. തന്റെ ജീവിതത്തിന്റെ വലിയൊരു കാലം ഗാന്ധി യൂണിവേര്‍സിറ്റിക്ക് വേണ്ടി ഉഴിഞ്ഞു വച്ച ഒരു അധ്യാപകനാണ് പ്രൊഫ. വി സി ഹാരിസ്. 

അദ്ദേഹത്തെ നിസ്സാരമായ ഒരു ആരോപണം അനദ്ധ്യാപക ഉദ്യോഗസ്ഥരില്‍ ഒരാളോട് അപമര്യാദ ആയി പെരുമാറി എന്ന് ഉന്നയിച്ചു യാതൊരു ക്രമപ്രകാരം ഉള്ള വിശദീകരണവും ചോദിക്കാതെ പുറത്താക്കുക എന്ന് പറയുന്നത് സാമാന്യനീതിയുടെ വലിയ നിഷേധമാണ്. അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് പ്രിയങ്കരനാണ്. വിദ്യാര്‍ത്ഥികളാണ് എന്നെ ഈ വിവരം അറിയിച്ചത്. അനദ്ധ്യാപക ജീവനക്കാരില്‍ ചിലര്‍ എന്നോട് പറഞ്ഞത് അങ്ങോട്ട് അധിക്ഷേപിക്കാന്‍ ചെന്നാല്‍ പോലും തിരിച്ചു ചിരി മാത്രം നല്‍ക്കുന്ന അധ്യാപകനാണ് ഹാരിസ്, അതുകൊണ്ട് അദ്ദേഹം എഞ്ചിനീയറോട് മോശമായി പെരുമാറി എന്നൊക്കെ പറയുന്നത് വിശ്വസിക്കാനാവില്ല എന്നാണ്. 

അല്ലെങ്കില്‍ തന്നെ ഹാരീസിന്റെ പേരില്‍ ഉള്ളത് എത്രയോ ചെറിയ ഒരു ആരോപണമാണ്. അത് തന്നെ നേരായി അന്വേഷിക്കുകയോ നിഗമനങ്ങളില്‍ എത്തുകയോ ചെയ്യാന്‍ തുനിഞ്ഞിട്ടില്ല. അദ്ദേഹത്തിന് പറയാനുള്ളത് കേട്ടിട്ടില്ല. ഇതൊക്കെയാണോ സര്‍വകലാശാല ഭരണം കേരളത്തില്‍ എന്ന് മനസ്സിലാവുന്നില്ല. ഹാരിസിനെതിരെ ഗാന്ധി യൂനിവേര്‍സിറ്റിയില്‍ നടക്കുന്ന ഈ അപക്വവും ദുരുപദിഷ്ടവുമായ നടപടി സിണ്ടിക്കേറ്റ് നിര്‍ത്തി വയ്‌ക്കേണ്ടതാണ്. അദ്ദേഹത്തെ ഡയറകടര്‍ സ്ഥാനത്തേക്ക് തിരിച്ചെടുക്കുന്നതിനും അനാവശ്യമായ ഔദ്യോഗിക പീഡനങ്ങളില്‍ സര്‍ഗ്ഗാത്മക ശക്തി ഉള്ള ഒരു അധ്യാപകനെ കുടുക്കി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരെയും കേരളത്തിലെ പൊതുസമൂഹവും പ്രതികരിക്കേണ്ടതാണ്. 

ഇതിന്റെ പിന്നിലെ ഗൂഢാലോചനയെ കുറിച്ചൊന്നും എനിക്കറിയില്ല.പക്ഷെ വൈസ് ചാന്‍സലറുടെതായി വന്ന പ്രസ്താവനയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ തിടുക്കപ്പെട്ട് ഇത്തരം ഒരു നടപടി സ്വീകരിക്കുന്നതിനെ യാതൊരു വിധത്തിലും ന്യായീകരിക്കുന്നില്ല. യൂണിവേഴ്‌സിറ്റി എന്ന് പറഞ്ഞാല്‍ വി സി യും സിണ്ടിക്കേറ്റും അവരുടെ കെട്ടിട നിര്‍മ്മാണ സന്നാഹങ്ങളും മാത്രമല്ല. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അവരെ സഹായിക്കുന്ന ഭരണ നിര്‍വഹണ വിഭാഗവും ഗ്രന്ഥശാലയും ഗവേഷണവും പഠനവും ഒക്കെയാണ്. സമവായത്തോടെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ട് പോകാന്‍ ബാധ്യതപ്പെട്ട സംവിധാനമാണ് സിണ്ടിക്കേറ്റ്. അതുകൊണ്ട് തന്നെ ഈ തെറ്റായ നീക്കത്തില്‍ നിന്ന് ഗാന്ധി സര്‍വകലാശാല പിന്മാറുമെന്നും ഹാരിസിനെ സമാധാനത്തോടെ തന്റെ ഔദ്യോഗിക  അധ്യയന കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ അനുവദിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുകയാണ്. അതിനുള്ള സമ്മര്‍ദ്ദം തീര്‍ച്ചയായും പൊതുസമൂഹത്തില്‍ നിന്ന് കൂടി ഉണ്ടാവേണ്ടതാണ്.

Harris is not a man to misbehave with guests or visiting teams. 

സച്ചിദാനന്ദന്‍
Feel really bad about V C Harris being ousted from the School of Letters in whose growth he played a vital role right from the start when it was conceived by U R Ananthamurthy and headed by G Shankara Pillai. He was one of the more creative people in the School: writer, േൃമnslator, actor, thetare and film activist. I still have great hopes about Sri Raveendranath, the Hon. Education Minister , who has done a lot already to enhance the prestige and populartiy of public education esp at the school level. I hope he will take note and not let this happen on flismy and evidently false grounds. Harris is not a man to misbehave with guests or visiting teams. He may have expressed his views which could well be different as he is insightful and creative; but a creative academic of his stature should never be dismissed for holding a different view on developing the campus ,evolving the ്യെഹlabus or any other academic matter. A Universtiy is meant to nurture creative and critical minds, diverstiy at every level and not to drive them out for their views. At least the critics of intolerance need to be more tolerant and respect differences of opinion. And ironically syndicates have generally been playing a detsructive role in higher education, whatever their hue, putting the validtiy of the very institution in doubt!

ഫാഷിസത്തിനെതിരായി നാഴികക്ക് നാല്‍പതുവട്ടം കൂവുന്നവര്‍ ഫാഷിസ്റ്റ് രീതിയിലാണ് പെരുമാറുന്നത്

സി ബി സുധാകരന്‍
സിണ്ടിക്കേറ്റിലേതെന്നല്ല ഒരുവിധത്തിലുള്ള വിഡ്ഢിക്കോമരങ്ങള്‍ക്കുമൊപ്പം ഒരുകാലത്തും നില്‍ക്കാന്‍ തയ്യാറാകാത്ത ധൈഷണികനാണ് ഞങ്ങള്‍ അറിയുന്ന ഹാരിസ്. അയാള്‍ക്ക് ഒരു കസേരയോടും ഒരിക്കലും ഒരു താല്‍പര്യവും തോന്നിയിട്ടില്ല എന്ന് മുപ്പത്തഞ്ചു വര്‍ഷങ്ങളായി അയാളെ അറിയുകയും മനസ്സിലാക്കുകയും ചെയ്തിട്ടുള്ള ഒരാളെന്ന നിലയില്‍ എനിക്ക് ഉറപ്പിച്ചു പറയുവാനാകും. ഇടതുപക്ഷമെന്നു മേനി നടിക്കുന്ന ചില സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആ പക്ഷമെന്നാല്‍ എന്താണെന്ന്പരിശോധിക്കുന്നത് നന്നായിരിക്കും. 

സ്വന്തം ജീവിതം കൊണ്ട് അത് എന്താണെന്ന് സമൂഹത്തിനെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന മനുഷ്യസ്‌നേഹിയാണ് ഹാരിസ്. സൈദ്ധാന്തികമായും പ്രാവര്‍ത്തികമായും അത് എന്തെന്ന് തിറിച്ചറിവുള്ള കേരളത്തിലെ ചുരുക്കം ചിലരില്‍ ഒരാളാണ് ഹാരിസ്. സിണ്ടിക്കേറ്റിലെ ചില ഇടതുപക്ഷക്കോമരങ്ങളുടെ രഹസ്യ അജണ്ട നടപ്പിലാക്കാന്‍ ഹാരിസ് കൂട്ടുനില്‍ക്കുന്നില്ല എന്നതല്ലാതെ അയാള്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് ഈ രാഷ്ട്രീയ ഭിക്ഷാം ദേഹികള്‍ക്ക് പറയാനാകുമോ? അത്ഭുതപ്പെടുത്തുന്ന വസ്തുത വലതുപക്ഷത്തിന്റെ നോമിനികളായ വി സിക്കും രജിസ്ട്രാര്‍ക്കും ഒപ്പം നിന്ന് ഈ ഇടതുപക്ഷ മാലിന്യങ്ങള്‍ ഹാരിസിനെതിരെ തിരിയുന്നു എന്നതാണ്. അല്ലെങ്കില്‍ അവരുടെ അജണ്ട നടപ്പിലാക്കാന്‍ വിസിയെയും രജിസ്ട്രാറെയും ചട്ടുകങ്ങളാക്കുന്നു. 

അതും നിയമവിരുദ്ധമായി. 

ഇവര്‍ ധരിക്കുന്നത് തങ്ങള്‍ക്കിഷ്ടതു മുള്ളപോലെ എന്തും ചെയ്യാമെന്നാണ്. ഫാഷിസത്തിനെതിരായി നാഴികക്ക് നാല്‍പതുവട്ടം കൂവുന്നവര്‍ ഫാഷിസ്റ്റ് രീതിയിലാണ് പെരുമാറുന്നതെന്ന് ഓര്‍ക്കുന്നത് നന്ന്. ഹാരിസ് എന്ന അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ആവേശമാണ്. അക്കാദമിക സമൂഹത്തിന്റെ ഉറ്റ തോഴനാണ്; സമൂഹത്തിലെ വിശേഷിച്ചും കീഴാളമനുഷ്യര്‍ക്ക് താങ്ങും തണലുമാണ്. അയാള്‍ ഒറ്റക്കല്ല എന്ന് ഈ ശുംഭന്മാര്‍ മനസ്സിലാക്കുന്നത് നന്ന്. അക്കാദമികമായ യാതൊരു ഗുണവുമില്ലാത്ത അക്കാദമിയുടെ ഏഴയലത്തുപോലും അടുപ്പിക്കരുതാത്ത കുറച്ചു നപുംസകങ്ങളാണ് ഹാരിസിനെതിരെ വാളോങ്ങിയിരിക്കുന്നത്. രാഷ്ട്രീയ നേതൃത്വത്തിന്റെ പാദസേവ ചെയ്തു സിന്‍ഡിക്കേറ്റംഗങ്ങളും വിസിയും രജിസ്ട്രാറുമൊക്കെയായവര്‍. അവരുടെ ഹീനകൃത്യത്തെ എന്തുവിലകൊടുത്തും അക്കാദമികസമൂഹം ചെറുക്കും. ധൈഷണികസമൂഹവും ഹാരിസിനൊപ്പമാണ്.

ഈ പാരമ്പര്യത്തിലെ പ്രധാനകണ്ണികളിലൊന്നാണ് ഡോ. വി സി ഹാരിസ് 

മനോജ് കുറൂര്‍

സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിനെപ്പറ്റിയും ചിലത്

സ്വന്തം അനുഭവത്തിലൂന്നിയുള്ള ഒരു കുറിപ്പാണിത് എന്നൊരു മുന്‍കൂര്‍ ജാമ്യത്തോടെ പറയട്ടെ; സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഒരു സ്ഥാപനമാണ് എന്നു പറയുന്നതിനെക്കാള്‍ അതൊരു വികാരമാണ് എന്നോ മാനസികാവസ്ഥയാണ് എന്നോ പറയുന്നതാവും ശരി. 1988 ല്‍ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ആരംഭിക്കുമ്പോള്‍ ഞാന്‍ കോട്ടയം ബസേലിയസ് കോളജില്‍ ബിരുദവിദ്യാര്‍ത്ഥിയായിരുന്നു. യു ആര്‍ അനന്തമൂര്‍ത്തി വൈസ് ചാന്‍സലര്‍ ആയിരിക്കെ, മലയാളവും ഇംഗ്ലീഷും തീയെറ്റര്‍ ആര്‍ട്‌സും തമ്മില്‍ത്തന്നെ സംവാദാത്മകമായി ഇടപെടുന്ന വിഷയങ്ങളായി കണക്കാക്കി, അക്കാദമികരംഗത്തും കലാസാഹിത്യരംഗത്തും പ്രഗല്ഭരായവരെ അധ്യാപകരായി നിയമിച്ചുകൊണ്ട് യാന്ത്രികമായ പഠനത്തിനപ്പുറം സര്‍ഗാത്മകതയ്ക്കും സൈദ്ധാന്തികവിചാരങ്ങള്‍ക്കും ഒരേപോലെ പ്രാധാന്യം നല്കുന്ന മാതൃകാപരമായ സ്ഥാപനമായാണ് അതു രൂപംകൊണ്ടത്. ലെറ്റേഴ്‌സിന്റെ ആദ്യത്തെ ഡയറക്ടറായി ജി ശങ്കരപ്പിള്ള വന്നപ്പോള്‍ അദ്ദേഹം ബസേലിയസ് കോളജിലും ഞങ്ങള്‍ക്കു നാടകത്തെപ്പറ്റി ക്ലാസ്സുകളെടുത്തിരുന്നു. ആ ക്ലാസ്സുകള്‍ നല്കിയ ഊര്‍ജ്ജമാണ് ലെറ്റേഴ്‌സുമായി കൂടുതലടുക്കാന്‍ പ്രേരണയായത്. പിന്നെ ഡയറക്ടര്‍ സ്ഥാനത്ത് ആര്‍ നരേന്ദ്രപ്രസാദ് വന്നു. കലാരംഗവുമായി അദ്ദേഹത്തിനുള്ള അടുപ്പം മൂലം അന്നേ പരിചിതനായതുകൊണ്ട് ലെറ്റേഴ്‌സില്‍ പോവുക എന്നത് എനിക്കൊരു പതിവുപരിപാടിയായിത്തീര്‍ന്നു. കവിതകളെഴുതിയിരുന്നതുകൊണ്ട് ഡി വിനയചന്ദ്രനുമായും അക്കാലത്തുതന്നെ അടുപ്പമുണ്ടായി. ചങ്ങനാശ്ശേരി എസ് ബി കോളജില്‍നിന്ന് എം ഏ കഴിഞ്ഞപ്പോള്‍ വിനയചന്ദ്രന്‍ സാര്‍ അദ്ദേഹത്തിന്റെ കീഴില്‍ ഒഴിവുണ്ട്, പി എച്ച് ഡി ക്ക് രജിസ്റ്റര്‍ ചെയ്യൂ എന്നു പറഞ്ഞെങ്കിലും അതു ലെറ്റേഴ്‌സില്‍ എം ഫില്‍ പഠനം കഴിഞ്ഞതിനുശേഷം മതി എന്നു തീരുമാനിക്കുകയായിരുന്നു. കാരണമുണ്ട്. 

സാഹിത്യസാംസ്‌കാരികരംഗത്ത് പലതരം സിദ്ധാന്തങ്ങള്‍ കേരളത്തില്‍ പ്രചാരം നേടിവരുന്ന കാലമാണ്. Post tsructuralism, decontsruction, neomarxism തുടങ്ങിയ സിദ്ധാന്തങ്ങള്‍ പഠിപ്പിക്കാന്‍ പി പി രവീന്ദ്രന്‍, വി സി ഹാരിസ്, കെ എം കൃഷ്ണന്‍, പി ഗീത തുടങ്ങിയവര്‍, കവിതയ്ക്ക് ഡി വിനയചന്ദ്രന്‍, സാഹിത്യത്തിനെന്നപോലെ നാടകത്തിനും നരേന്ദ്രപ്രസാദ്, പി ബാലചന്ദ്രന്‍ എന്നിവര്‍, വ്യാകരണത്തിന് എന്‍ എന്‍ മൂസ്സത്, ഭാരതീയസിദ്ധാന്തങ്ങള്‍ക്ക് വത്സലാകുമാരി എന്നിവരാണ് ഞങ്ങള്‍ക്ക് അധ്യാപകരായി അന്നവിടെ ഉണ്ടായിരുന്നത്. മേല്പറഞ്ഞ സിദ്ധാന്തങ്ങള്‍ക്കൊപ്പം ആഫ്രിക്കന്‍ സാഹിത്യവും ഗവേഷണരീതിശാസ്ത്രവും സിലബസിലുണ്ടായിരുന്നു. 199495 കാലത്ത് അങ്ങനെയവിടെ എം ഫില്‍ വിദ്യാര്‍ത്ഥിയായി.

ഹസന്‍ മന്‍സില്‍ എന്ന പഴമയും പ്രൗഢിയുമുള്ള കെട്ടിടത്തിലിരുന്ന് ഈ ക്ലാസ്സുകളിലും സെമിനാര്‍ ചര്‍ച്ചകളിലും പങ്കുകൊണ്ടതു മാത്രമല്ല, അധ്യാപകവിദ്യാര്‍ത്ഥിബന്ധത്തിന്റെ അധികാരരഹിതമായ ഊഷ്മളതകൂടി അനുഭവിക്കാനായി എന്നതാണ് ലെറ്റേഴ്‌സിനെ ഇത്ര പ്രിയപ്പെട്ടതാക്കുന്നത്. ഒ വി വിജയനും ആനന്ദും സച്ചിദാനന്ദനും പൊന്‍കുന്നം വര്‍ക്കിയുമൊക്കെയായി നിരവധി പ്രമുഖര്‍ ഇക്കാലങ്ങളില്‍ സംസാരിക്കാന്‍ ലെറ്റേഴ്‌സിലെത്തിയിരുന്നു. പിന്നെ അവിടെത്തന്നെ ഡി വിനയചന്ദ്രന്റെ കീഴില്‍ ഗവേഷണവിദ്യാര്‍ത്ഥിയായി ചേര്‍ന്നപ്പോള്‍ ലെറ്റേഴ്‌സുമായുള്ള ബന്ധം തുടരാനുമായി.

പിന്നെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ എം ഏ കോഴ്‌സുകളും ആരംഭിച്ചു. പ്രിയപ്പെട്ട ഹസന്‍ മന്‍സില്‍ വിട്ട് സ്ഥാപനം സര്‍വകലാശാലയുടെ പ്രധാന ആസ്ഥാനത്തേക്കു മാറി. ലെറ്റേഴ്‌സിന്റെ പുതിയ കെട്ടിടവുമായുമുണ്ട്, എനിക്കൊരു ആത്മബന്ധം. ഞാന്‍ ചെണ്ടകൊട്ടുകയും വിനയചന്ദ്രന്‍ സാര്‍ കവിതചൊല്ലുകയും നരേന്ദ്രപ്രസാദ് സാര്‍ പ്രഭാഷണം നടത്തുകയും ചെയ്തുകൊണ്ടാണ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്! സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ പിന്നീടുവന്ന അധ്യാപകരുമായും അവിടത്തെ പല കാലങ്ങളിലെ വിദ്യാര്‍ത്ഥികളുമായും അന്നുമിന്നും അടുത്ത സൗഹൃദമുണ്ട്. അവരില്‍ ആദ്യമായി കാണുന്നവര്‍ തമ്മില്‍പ്പോലും ആ വൈകാരികബന്ധമുണ്ടെന്നതു മറ്റൊരു കൗതുകം.

സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് പഠിപ്പിച്ച മറ്റൊരു പാഠമുണ്ട്. അവിടെ ഡയറക്ടര്‍മാരായും അധ്യാപകരായും പ്രവര്‍ത്തിച്ചവരില്‍നിന്നു പഠിച്ചതാണ് അത്. അധികാരം പ്രയോഗിക്കാനുള്ളതല്ല, പ്രയോഗിക്കാതിരിക്കാനുള്ളതാണ് എന്നാണ് അവരില്‍ മിക്കവരും തെളിയിച്ചത്. ഒപ്പം കലയെയും സാഹിത്യത്തെയും സമകാലികസിദ്ധാന്തങ്ങളെയും കേവലം അക്കാദമികവിഷയങ്ങളാക്കാതെ അവയെ സമൂഹത്തിലെ പ്രധാന പ്രശ്‌നങ്ങളുമായും പ്രക്ഷോഭങ്ങളുമായും വരെ ഇണക്കിച്ചേര്‍ക്കാനാണ് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ശ്രമിച്ചുകൊണ്ടിരുന്നത്. രൂപംകൊണ്ടപ്പോള്‍ മുതലുള്ള ഈ പുതിയ പാരമ്പര്യത്തിലെ പ്രധാനകണ്ണികളിലൊന്നാണ് ഡോ. വി സി ഹാരിസ് എന്നുകൂടി പറയട്ടെ. സാഹിത്യവും സാംസ്‌കാരികസിദ്ധാന്തങ്ങളും നാടകവും സിനിമയും ഒരേ ആവേശത്തോടെ കൊണ്ടുനടക്കുകയും സാമൂഹികസാംസ്‌കാരികപ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടുകയും ചെയ്യുന്ന പ്രിയപ്പെട്ട ഹാരിസ് സാര്‍!

ഇത് പുനര്‍വിചിന്തനം ചെയ്യപ്പെടേണ്ടതാണ്. 

എംബി മനോജ്
സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ ഒരു അതിഥി അധ്യാപകനായും ഫ്‌ലാറ്റ് ഷിപ്പിലുമായി ഞാന്‍ നാലു വര്‍ഷം പഠിപ്പിച്ചിട്ടുണ്ട്. അവിടെത്തന്നെ പി.ജിയും റിസര്‍ച്ചും ചെയ്തു. ഒരു ഘട്ടത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുതിയ ബില്‍ഡിംഗിന്റെ ഒരു പ്രൊപ്പോസല്‍ ചോദിച്ച സന്ദര്‍ഭത്തില്‍ സ്‌ക്കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ
സ്‌കെച്ചും പ്ലാനും കാണാനിടയായി. ഒരു തിയറ്ററും ഒക്കെ ഉള്‍പ്പെടുന്ന ഒരു മാതൃകാ സ്‌കെച്ചും പ്ലാനും ആയിരുന്നു അത്.തയ്യാറാക്കിയത് പ്രമുഖ ശില്പി എം വി ദേവന്‍ ആയിരുന്നു. 

ഒരു നല്ല തീയറ്റവും ലെറ്റേഴ്‌സിന്റെ ഇന്നത്തെ കണ്‍സ്ട്രക്ഷനോട് ചര്‍ന്നു നില്ക്കുന്ന ബില്‍ഡിംഗും ആണ് വരേണ്ടത്. അത് നാടകപ്രവര്‍ത്തനങ്ങള്‍ക്കും സിനിമ ,ഇതര അക്കാദമിക് മേഖലയിലും ഏറെ സഹായകമാകും. പ്രശസ്തനായ ഹാരിസ് മാഷിനെ ലെറ്റേഴ്‌സിന്റെ ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റുവാനള്ള തീരുമാനം അപലനീയമാണ്. പുനര്‍വിചിന്തനം ചെയ്യപ്പെടേണ്ടതാണ്. അവിടുത്തെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അക്കാദമിക് സമൂഹത്തിനും ഐക്യദാര്‍ഡ്യം.

എല്ലാം കൂടി ആലോചിക്കുമ്പോള്‍ ഒരു അന്തോണിയോണി സിനിമയിലൂടെ സഞ്ചരിക്കുന്നതു പോലെ.

ജി പി രാമചന്ദ്രന്‍

മണ്ണാര്‍ക്കാട് ദശകങ്ങള്‍ക്കു മുമ്പ് നടന്ന ഒരു ചലച്ചിത്രാസ്വാദനക്യാമ്പില്‍ വെച്ചാണ് ഹാരിസ് മാഷിനെ പരിചയപ്പെടുന്നത്. ജോണിനു ശേഷമുള്ള ഒഡേസ നടത്തിയ ആ ക്യാമ്പ് പത്തു പതിമൂന്ന് ദിവസമുണ്ടായിരുന്നു. ഛലം ബെനുരാഗറും ബംഗ്ലാദേശില്‍ നിന്നുള്ള സഖാക്കളും എല്ലാമെത്തിയ ആ ക്യാമ്പ് അവ്യവസ്ഥകളുടെ ഒരു മഹാകാശം തന്നെ തുറന്നിട്ടു. പല ക്ലാസുകളും നയിച്ചത് ഹാരിസ് മാഷായിരുന്നു. അത്ഭുതത്തോടെ കേട്ടിരുന്നു. പിന്നീട് ചലച്ചിത്ര അക്കാദമിയില്‍ ഞങ്ങള്‍ രണ്ടു പേരും ജിസി അംഗങ്ങളായിരുന്നു. അപ്പോഴാണ് കൂടുതല്‍ അടുത്തത്. എത്രയോ വര്‍ഷങ്ങള്‍ ഓപ്പണ്‍ ഫോറങ്ങള്‍ അര്‍ത്ഥവത്താക്കി തീര്‍ത്തത് അദ്ദേഹമാണ്. ഇടക്ക് ചില വര്‍ഷങ്ങള്‍ അദ്ദേഹം മേളകള്‍ക്കും വന്നിരുന്നില്ല.

കഴിഞ്ഞ വര്‍ഷം ക്രിസ്പിന്റെ നേതൃത്വത്തില്‍ ഡെയ്‌ലി ബുള്ളറ്റിന്‍ ചെയ്യുന്ന ടീമിന്റെ ഒപ്പമായിരുന്നു അദ്ദേഹം. അതിന്റെ തൊട്ടുപിന്നാലെ അജു കെ നാരായണന്‍, ചെറി ജേക്കബ് എന്നിവരുടെ സിനിമാപഠനങ്ങള്‍ പ്രകാശനം ചെയ്യാനാണ് ഞാന്‍ എംജിയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെത്തുന്നത്. സ്‌നേഹവും വാത്സല്യവും പതിവു കുസൃതികളുമായി അദ്ധ്യക്ഷ പദവിയുടെ കനമൊന്നുമില്ലാതെ ഹാരിസ് മാഷ് മുഴുവന്‍ സമയവുമുണ്ടായിരുന്നു.

അന്ന് അവിടത്തെ പ്രകാശനപ്രഭാഷണം ആരംഭിക്കുന്നതിനു മുമ്പ് എംജി സര്‍വകലാശാല യില്‍ നിന്ന് ഞാന്‍ തൊട്ടു മുമ്പുള്ള ദിവസം നേരിട്ട ഒരു ദുരനുഭവം വിവരിക്കേണ്ടി വന്നു. ഏതോ ബിരുദതല പാഠപുസ്തകത്തില്‍ എന്റെ ഒരു ലേഖനം ഉള്‍പ്പെടുത്താന്‍ ബന്ധപ്പെട്ട കമ്മിറ്റി തീരുമാനിച്ച് ഞാന്‍ കരാറില്‍ ഒപ്പുവെച്ച് സാക്ഷിയെയും ചാര്‍ത്തി അയച്ചു കൊടുത്തിരുന്നു. ഏതാനും ആഴ്ചകള്‍ക്കു ശേഷം വിചിത്രമായ ഒരറിയിപ്പു കിട്ടി.താങ്കളുടെ ലേഖനം പഠിപ്പിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നു. അദ്ധ്യക്ഷനായ ഹാരിസ് മാഷ് അടക്കം എല്ലാവരും കൂട്ടച്ചിരി മുഴക്കി. അതവിടെ അവസാനിച്ചു എന്ന് കരുതിയിരിക്കുകയായിരുന്നു.
കുറച്ചു ദിവസങ്ങള്‍ ക്കു ശേഷം രണ്ടു കാര്യങ്ങള്‍ സംഭവിച്ചു. ഈ പുസ്തകത്തിന് അവാര്‍ഡ് കൊടുത്ത തീരുമാനത്തിനെതിരെ ഏതോ നിക്ഷിപ്ത താല്പര്യക്കാരന്‍ കേസും കുന്നായ്മയും വാര്‍ത്താസൃഷ്ടിയുമായിറങ്ങിയിരിക്കുകയാണ്.

ഇപ്പോഴിതാ ഏതോ എഞ്ചിനീയറന്മാരുടെ കുത്തിത്തിരിപ്പുകളെ തുടര്‍ന്ന് ഡോ. വി സി ഹാരിസിനെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയരക്ടര്‍ സ്ഥാനത്തു നിന്ന് ഇറക്കി വിട്ടിരിക്കുന്നു.

എല്ലാം കൂടി ആലോചിക്കുമ്പോള്‍ ഒരു അന്തോണിയോണി സിനിമയിലൂടെ സഞ്ചരിക്കുന്നതു പോലെ.

പ്രതിഭകളെ യൂണിവേഴ്‌സിറ്റികള്‍ക്ക് ആവശ്യമില്ല എന്നാണോ?

അശോകന്‍ ചെരുവില്‍

പ്രതിഭകളെ യൂണിവേഴ്‌സിറ്റികള്‍ക്ക് ആവശ്യമില്ല എന്നാണോ? ശക്തമായി പ്രതിഷേധിക്കുന്നു.

മന്ത്രി രവീന്ദ്രനാഥ് കാര്യങ്ങള്‍ മനസ്സിലാക്കണം..ഇടപെടണം.

വി.കെ ജോസഫ് 
ഹാരീസിനെപ്പോലെ ഒരു അക്കാദമീഷ്യനെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത തരത്തില്‍ എംജി യൂണിവേസിറ്റി അധഃപതിച്ചോ..വൈസ് ചാന്‍സലര്‍ ആയിട്ടുള്ള കക്ഷിയെ എല്ലാവര്‍ക്കും അറിയാം..അയാള്‍ ഒരു വെറും മാനേജര്‍ മാത്രമാണ്..ഒരു അക്കാദമീഷ്യന്‍ അല്ല..പക്ഷെ നല്ല ശക്തമായ ബന്ധങ്ങള്‍ രണ്ടു മുന്നണിയിലും ഉണ്ട്..
പക്ഷേ മന്ത്രി രവീന്ദ്രനാഥ് കാര്യങ്ങള്‍ മനസ്സിലാക്കണം..ഇടപെടണം.

ഞാന്‍ ഹാരീസിനൊപ്പം..കുട്ടികള്‍ക്കൊപ്പം..

ഇതെന്താ വെള്ളരിക്കാപ്പട്ടണമോ?

ഉമര്‍ തറമേല്‍
ഡോ .വി .സി ഹാരിസിനെ ലെറ്റേഴ്‌സിന്റെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പിരിച്ചുവിടുകയോ?ഇതെന്താ വെള്ളരിക്കാപ്പട്ടണമോ?ബഷീറിന്റെ സ്ഥലപുരാണത്തില്‍,പൗരന്മാര്‍ മൂരാച്ചി പോലീസിന്റെ മൂക്ക് ചെത്തി ഉപ്പിലിടും. സര്‍ക്കാരിനെയൊക്കെ അങ്ങ് ചുമ്മാ അസ്റ്റു ചെയ്യും,പിരിച്ചുവിടും. അതുപോലെയൊക്കെയുള്ള തമാശായിരിക്കുമല്ലേ.
 

Follow Us:
Download App:
  • android
  • ios