magazine
By രചിത രവി | 07:06 PM January 08, 2018
'യുവജനോത്സവ മോഹിനിയാട്ടം  ആണിന്റെ പെണ്ണുടല്‍ കാഴ്ചയായി ചുരുങ്ങി'

Highlights

  • രചിത രവി എഴുതുന്നു
  • എന്തൊക്കെയാണോ ശക്തമായി കുടഞ്ഞെറിയാന്‍ ശ്രമിക്കുന്നത്.
  • അതിനെയാണ് യുവജനോത്സവ മോഹിനിയാട്ട വേദികള്‍ മുറുകെ പിടിക്കുന്നത്.
  • അത് നിരാശജനകമാണ്

തൃശ്ശൂരില്‍ വെച്ചു നടക്കുന്ന സംസ്ഥാന യുവജനോത്സവത്തില്‍ HSS മോഹിനിയാട്ടത്തില്‍ വിധികര്‍ത്താവായിരുന്നു പ്രശസ്ത നര്‍ത്തകിയും കലാമണ്ഡലത്തില്‍ പിജി കോഴ്‌സ് കോ ഓര്‍ഡിനേറ്ററുമായ രചിത രവി. യുവജനോല്‍സവ മോഹിനിയാട്ടത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് വിമര്‍ശനാത്കമായ അഭിപ്രായമാണ് അവര്‍ക്കുള്ളത്. യുവജനോല്‍സവ മോഹിനിയാട്ടങ്ങള്‍ മാറണ്ടേ വഴികളെക്കുറിച്ച പറയുന്ന ഈ കുറിപ്പ് ഗൗരവവായനയ്ക്കായി സമര്‍പ്പിക്കുന്നു

തൃശ്ശൂരില്‍ വെച്ചു നടക്കുന്ന സംസ്ഥാന യുവജനോത്സവത്തില്‍ HSS മോഹിനിയാട്ടത്തില്‍ വിധികര്‍ത്താവായി ഇന്നലെ പോയിരുന്നു. യുവജനോത്സവ വേദികളാണ് കലകളുടെ സമകാലവും ഭാവികാലവും നിര്‍ണയിക്കുന്നതെന്ന ചിന്ത ലവലേശം ഇല്ലാത്തതുകൊണ്ട് വലിയ മാനസിക അസ്‌കിതയില്ലാതെ 40 'വര്‍ണങ്ങള്‍' ഇരുന്നു സശ്രദ്ധം തന്നെ കണ്ടു. അതില്‍ നാലഞ്ച് ഇനങ്ങള്‍ ആശയപരമായും സാങ്കേതികപരമായും അവതരണമികവിനാലും നിലവാരം പുലര്‍ത്തി എന്നതും ആദ്യമേ എടുത്തു പറയട്ടെ.  യുവജനോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെയും അതിനായി ഉത്സാഹിക്കുന്ന രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും മാനസികനില എനിക്കത്ര പരിചയമില്ല, എങ്കിലും അവരെ വേണ്ട വിധം മാനിച്ചുകൊണ്ടുതന്നെ ചില അഭിപ്രായങ്ങള്‍ പറയട്ടെ.. മത്സരശേഷം ഫലപ്രഖ്യാപനത്തിനു തൊട്ടുമുമ്പ് പറഞ്ഞ ചില കാര്യങ്ങളെ ഞാനര്‍ത്ഥമാക്കാത്ത രീതിയില്‍ വ്യാഖ്യാനിച്ചവര്‍ക്കു കൂടിയുള്ള കുറിപ്പായി ഇതിനെ കാണണമെന്ന അപേക്ഷ കൂടിയുണ്ട്.

മോഹിനിയാട്ടത്തിലെ എണ്ണമറ്റ ശൈലിഭേദങ്ങള്‍ കണ്ട് ആശയക്കുഴപ്പത്തിലായവര്‍ക്ക് യുവജനോത്സവ മോഹിനിയാട്ടം കണ്ണിനു കുളുര്‍മ്മയേകും എന്നതില്‍ തര്‍ക്കമില്ല. ഒറ്റക്കളരിയില്‍ ഒരേ സമയം അഭ്യസിച്ചവരേക്കാള്‍ ഇണക്കമുള്ള ചലന ഭാവ നിര്‍മിതികളാണ്  യുവജനോത്സവ മോഹിനിയാട്ടം സമ്മാനിക്കുന്നത്. അതിനാടകീയമായ ശൃംഗാര ചിരി, ഷീല മോഡല്‍ കണ്‍ചിമ്മല്‍, നാണിച്ചു മുഖം പൊത്തല്‍, കാല്‍നഖചിത്രം, പിന്നിലേക്കു നടന്ന് മുഖം വെട്ടിച്ചുള്ള തിരിഞ്ഞുനോട്ടം എന്നീ ചേഷ്ടകളെ രേഖാമൂലം നിരോധിക്കാതെ രക്ഷയില്ല. ലജ്ജാവതികളായ കുറെ നായികമാരുടെ ഇക്കിളി ശൃംഗാര സ്മരണകളില്‍ തന്നെയാണ് യുവജനോത്സവ മോഹിനിയാട്ടം അഭിരമിക്കുന്നത്.മോഹിനിയാട്ട ശരീരത്തില്‍ അനന്തമായ ഭാവ ചലന നിര്‍മിതികളെ സ്വപ്നംകണ്ടു പ്രവര്‍ത്തിക്കുന്ന മുഖ്യധാരാ കളരികളുടെയും   നര്‍ത്തകരുടെയും മുഖത്തേക്കുകൂടിയാണ് ഈ ചെളി തെറിക്കുന്നത്.
 
ആശയപരമോ സാങ്കേതികപരമോ ആയ ഒരു നവീകരണവും യുവജനോത്സവ വേദികളില്‍ സംഭവിക്കുന്നില്ല. പുരാണങ്ങളിലെ പ്രശസ്തരും അപ്രശസ്തരുമായ സ്ത്രീ കഥാപാത്രങ്ങളുടെ ജീവിതത്തില്‍ തകര്‍ന്ന നിമിഷങ്ങളിലെ വിലാപവും നെഞ്ചത്തടിയും അതിനു പിന്‍പറ്റുന്ന സാഹിത്യവും സംഗീതവും പക്കമേളത്തിന്റെ അനൗചിത്യപരമായ പിന്തുടരലും നാടോടി നൃത്തങ്ങളില്‍ അനുവര്‍ത്തിക്കുന്ന അതിനാടകീയതയെ ഓര്‍മ്മിപ്പിക്കുന്നു. വര്‍ണത്തിന് ഒരു ഘടനയുണ്ട്... സാഹിത്യത്തിലെ ഓരോ വരിയും അതിന്റെ അവതരണത്തില്‍ പദാര്‍ത്ഥത്തില്‍ തുടങ്ങി, വാക്യാര്‍ത്ഥത്തിലൂടെ ആവശ്യമെങ്കില്‍ മനോധര്‍മ സഞ്ചാരികളിലൂടെ വീണ്ടും പദാര്‍ത്ഥത്തില്‍ നൃത്ത ചാരിയിലൂടെ, തട്ടമിട്ടിലൂടെ പറഞ്ഞു പൂര്‍ത്തിയാക്കുന്നു എന്ന ഘടന. എന്നാല്‍ ചിലയിടങ്ങളില്‍ പദാനുപദ അര്‍ത്ഥം ആദ്യമേ ചെയ്യാതെ പ്രസ്തുത സാഹിത്യം മുന്നോട്ടു വെക്കുന്ന ഒരു ഭാവശില്‍പ്പത്തെ സൂക്ഷമമായ സ്ഥിതിയാലോ ഗതിയാലോ ഒരു നെടുവീര്‍പ്പിനാലോ പൂര്‍ണമായും അങ്കുരിപ്പിക്കുക എന്ന രീതിയും ചെയ്യാറുണ്ട്. ഇതില്‍ ആദ്യത്തേത് കളരിശീലവും രണ്ടാമത്തേത് അരങ്ങുശീലവും ആണ്. സമ്പന്നമായ അരങ്ങനുഭവങ്ങളില്‍ നിന്നു മാത്രമേ രണ്ടാമത്തേത് സാധ്യമാകൂ. ഇന്നലെ അവതരിപ്പിച്ച വര്‍ണങ്ങളില്‍ ചിലത് പദാര്‍ത്ഥാഭിനയത്തെ പൂര്‍ണമായും കൈവിട്ട് രണ്ടാമത്തെ രീതി പിന്തുടര്‍ന്നതായി തോന്നി. 10 മിനുറ്റ് വര്‍ണങ്ങള്‍ മാത്രം പഠിച്ച ബാലന്‍സ്ഡ് അല്ലാത്ത മോഹിനിയാട്ടശരീരങ്ങള്‍ക്ക് പറ്റിയ പണിയല്ല അതെന്ന്  പറയേണ്ടതില്ലല്ലോ.

അതിനാടകീയമായ ശൃംഗാര ചിരി, ഷീല മോഡല്‍ കണ്‍ചിമ്മല്‍, നാണിച്ചു മുഖം പൊത്തല്‍, കാല്‍നഖചിത്രം, പിന്നിലേക്കു നടന്ന് മുഖം വെട്ടിച്ചുള്ള തിരിഞ്ഞുനോട്ടം എന്നീ ചേഷ്ടകളെ രേഖാമൂലം നിരോധിക്കാതെ രക്ഷയില്ല.

മോഹിനിയാട്ടത്തിന്റെ ശരീരഭാഷ അല്‍പം സങ്കീര്‍ണമാണ്. അസാമാന്യമായ മെയ് വഴക്കമുണ്ടെങ്കിലേ ഭംഗിയായ അവതരണം സാധ്യമാകൂ. ശരീരത്തിന്റെ ലംബമായ ചലനങ്ങളില്‍ വര്‍ത്തുളമായ ഹസ്ത നേത്ര ചലനവും വര്‍ത്തുള ചലനങ്ങളില്‍ ലംബമായ ഹസ്തചലനവും മോഹിനിയാട്ട അടവുകളില്‍ കാണാം. ശരീരമെന്ന ഒറ്റ പിണ്ഡത്തിലെ അംഗങ്ങളില്‍ സംഭവിക്കുന്ന വ്യത്യസ്ത ചലനനിര്‍മിതികളിലാണ് മോഹിനിയാട്ട സ്വഭാവം അടയാളപ്പെടുന്നത്. അരക്കുവായു കൊടുത്ത് അമര്‍ന്നിരുന്നു പരിശീലിക്കുന്ന ചുഴിപ്പുകളുടെയും ഉലച്ചിലുകളുടെയും ഫലമായാണ് കേവല ശരീരത്തില്‍ നിന്നും സവിശേഷ ശരീരമായി മോഹിനിയാട്ട ശരീരം മാററപ്പെടുന്നത്. ഇത്തരത്തില്‍ കൃത്യതയുള്ള നര്‍ത്തന രൂപങ്ങളും യുവജനോത്സവ വേദിയില്‍ കാണാന്‍ സാധിച്ചില്ല.

സ്ത്രീശരീരം, സ്ത്രീയുടെ വാക്ക്, സ്ത്രീ ശൃംഗാരം, ലൈംഗികത ഇതൊക്കെത്തന്നെയാണ് സ്വാതിതിരുന്നാളിന്റെയും തമ്പിയുടെയും ശൃംഗാര കൃതികള്‍ ആഘോഷമാക്കിയത്. സദാചാരവാദികള്‍ ജീവാത്മാവ് ,പരമാത്മാവ്  എന്ന് എന്തൊക്കെയോ മറുവാദം പറയുന്നുവെങ്കിലും ഇതൊന്നുമല്ലാതെ അതില്‍ മറ്റൊന്നുമില്ല. അതേ ആണ്‍ബോധത്തില്‍ നിലനില്‍ക്കുന്ന പെണ്ണത്തമാണ് യുവജനോത്സവമോഹിനിയാട്ടം കാഴ്ചവെക്കുന്നത്. പെണ്ണുടലിന്റെ രസതന്ത്രം അവര്‍ കൃത്യമായി മനസിലാക്കിയിട്ടില്ലല്ലോ എന്ന സഹതാപമാണ് എനിക്കു തോന്നുന്നത്. ഹൃദയത്തില്‍ തൊടാത്ത ഒരു വാക്കും അവളുടെ വിരല്‍ത്തുമ്പില്‍ പോലും സ്പര്‍ശിക്കുന്നില്ല. ലൈംഗികതയും പ്രണയവും തുറന്നു പറയാന്‍ പുരാണങ്ങളിലെ ഒരു സ്ത്രീയും മടിച്ചിട്ടില്ല.

ലൈംഗികതയും പ്രണയവും തുറന്നു പറയാന്‍ പുരാണങ്ങളിലെ ഒരു സ്ത്രീയും മടിച്ചിട്ടില്ല.

ആണിന്റെ പെണ്ണുടല്‍ കാഴ്ചയായി മാത്രം യുവജനോത്സവ മോഹിനിയാട്ടം ചുരുങ്ങിപ്പോയിരിക്കുന്നു. നമുക്കു മുന്നേ നടന്ന, നടക്കുന്ന, അവരെ പിന്തുടരുന്ന ദീര്‍ഘദര്‍ശിത്വമുള്ള കുറെ നര്‍ത്തകിമാര്‍ ഇവിടെയുണ്ട്. എന്തൊക്കെയാണോ ശക്തമായി കുടഞ്ഞെറിയാന്‍ ശ്രമിക്കുന്നത് അതിനെയാണ് യുവജനോത്സവ മോഹിനിയാട്ട വേദികള്‍ മുറുകെ പിടിക്കുന്നത്. അത് നിരാശജനകമാണ്.

കണ്‍ചിമ്മി തുറക്കുന്നതിനപ്പുറം സവിശേഷമായ ഉപാംഗാഭിനയ പാരമ്പര്യം വിശേഷിച്ചും നേത്രാഭിനയ രീതിയും സാത്വികാഭിനയ പൂര്‍ണതയും വേണ്ട വിധം പിന്തുടരുന്ന കേരളീയ കലകള്‍ക്ക് ഇടയില്‍ തന്നെയാണ് മോഹിനിയാട്ടവും നിലനില്‍ക്കുന്നത് എന്നുകൂടി പറയട്ടെ...

യുവജനോത്സവ മോഹിനിയാട്ടമല്ല ഈ കലയുടെ നാളെകള്‍ നിര്‍ണയിക്കുന്നത് എന്ന് തിരിച്ചറിയുന്നുണ്ടെങ്കിലും ഒരു വലിയ സദസിനുമുന്നില്‍ അവതരിപ്പിക്കപ്പെടുന്നതിനാല്‍ ഇതാണ് മോഹിനിയാട്ടം. അല്ലെങ്കില്‍ ഇത്രേ ഉള്ളു മോഹിനിയാട്ടം എന്ന് പരിണമിച്ചേക്കാവുന്ന പൊതുധാരണയില്‍ ആശങ്കപ്പെടുന്നതു കൊണ്ടാണ് ഇത്രയും പറഞ്ഞത്. ഞാന്‍ അഭ്യസിച്ച കളരിയിലും എന്നെ പഠിപ്പിച്ച ഗുരുനാഥന്മാരിലും  സത്യസന്ധമായ ഒരു നിഷ്‌കളങ്കത ഉണ്ടായിരുന്നു. ഈ കലയെ പ്രാണനു തുല്യം സ്‌നേഹിച്ചവരുണ്ടായിരുന്നു. അവരുടെ ഓര്‍മയിലും ആ കളരിയുടെ ധൈര്യത്തിലുമാണ് ഇത്രയും പറഞ്ഞത്.

കുറിപ്പ്: നാല്‍പത് പുതിയ വര്‍ണ സാഹിത്യവും സംഗീതവും രാവിലെ മുതല്‍ ഒറ്റയടിക്ക് കേട്ടപ്പോള്‍ ഒരു സ്വാതി പദം കേള്‍ക്കാന്‍ തോന്നി എന്ന് ഞാന്‍ പറഞ്ഞതു തന്നെയാണ്. സാഹിത്യസംഗീതപരമായ അപാര ശ്രവ്യാനുഭൂതി സ്വാതി കൃതികളില്‍ കാണാം. എന്നാല്‍ സ്വാതി കൃതികളേ മത്സരത്തിനു ചെയ്യാവൂ എന്ന് ആരോ അതിനെ വളച്ചൊടിച്ചു. മുകളില്‍ ഇത്രയും വിശദമായ കുറിപ്പെഴുതിയ നിലക്ക് ഇനി ഞാന്‍ അങ്ങനെയല്ല പറഞ്ഞത് എന്ന് വിശദീകരിക്കേണ്ടതില്ലല്ലോ.നേരെ കേട്ടവര്‍ക്കും വളഞ്ഞ് കേട്ടവര്‍ക്കും സ്‌നേഹം. 

Show Full Article


Recommended


bottom right ad