Asianet News MalayalamAsianet News Malayalam

മഴ മണക്കുന്ന വീട്!

  • ആ മഴ ഇനിയും തോര്‍ന്നിട്ടില്ല
  • ഷഫീന ഷെഫി എഴുതുന്നു
rain notes Safeena Shefi
Author
First Published Jul 12, 2018, 6:29 PM IST

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.

rain notes Safeena Shefi

തുറന്നിട്ട ജാലകത്തിനിപ്പുറം, ആവി പറക്കുന്ന കാപ്പിയുമേന്തി, മഴ കാണുമ്പോള്‍, ചുറ്റും പെയ്യുന്നതെല്ലാം ഓര്‍മ്മകളാണ്. ജനല്‍ ചില്ലില്‍ പറ്റിപ്പിടിച്ച് സപ്തവര്‍ണ്ണത്തില്‍ തിളങ്ങുന്ന മഴതുള്ളികളെ പോലെ മനസ്സിന്റെ അകത്തളത്തില്‍ ചേര്‍ന്നൊട്ടിയ ഓര്‍മ്മകള്‍.

പതിനേഴു വര്‍ഷങ്ങള്‍ക്കപ്പുറം ഞങ്ങള്‍ താമസിച്ചത് കിഴക്ക് കരിംകുളത്തായിരുന്നു. മുന്‍ഭാഗങ്ങളില്‍ നിരന്നു നില്‍ക്കുന്ന വയലോരങ്ങള്‍. പടിഞ്ഞാറ് പുഴ. പെരുമഴയത്ത്, ഞങ്ങളുടെ ആ പഴയ വീട്. ആറു വര്‍ഷത്തോളം എന്റെ ബാല്യം പിച്ചവെച്ചോടിയ കൊച്ചു ലോകം. ഒരുമ്മറ കോലായിയും രണ്ടു റൂമുകളും വളരെ നീളം കുറഞ്ഞൊരു ഹാളും പിന്നെ അടുക്കളയുമുള്ള ഓടിട്ട കൊച്ചുവീട്. അവിടെ ഉപ്പയും ഉമ്മയും താത്തയും ഞാനുമടക്കം നാല് മനുഷ്യ ജന്മങ്ങള്‍. പിന്നെ, മൊട്ടന്‍ എന്ന് പേരിട്ടു വിളിച്ച ഒരു പൂച്ച. നാലോ അഞ്ചോ ആടുകളും ഒരു പശുവും. തീര്‍ന്നു, ഞങ്ങളുടെ ലോകം.

അല്‍പം മാറി കുഞ്ഞാമ്മയും എളാപ്പയും മൂന്ന് മക്കളും താമസിക്കുന്ന പുല്ലുപൊതിഞ്ഞു നില്‍ക്കുന്നൊരു വീട്. അതിനപ്പുറത്തായി ചെറുത്ക്കയും ഭാര്യ വിച്ചാളു താത്തയും മൂന്നു മക്കളും താമസിക്കുന്ന മറ്റൊരു ഓല വീട്. അന്നത്തെ ഞങ്ങളുടെ അയല്‍പക്കങ്ങള്‍.

ഉമ്മറകോലായയില്‍ കത്തിച്ചു വെച്ച ചിമ്മിണി വിളക്കിനെ ശക്തിയായി ഊതി കെടുത്തുന്ന കാറ്റിന്റെ അകമ്പടിയോടെയാണ് മഴയെത്തുക. പതിയെ  അത് പെയ്തിറങ്ങും. രാത്രി മുഴുവന്‍ മഴയാവും. ആകാശച്ചീളുകള്‍ ഒളിഞ്ഞു നോക്കാറുണ്ടായിരുന്ന ഓടിന്റെ വിടവിലൂടെ അന്നേരം ചില മഴനൂലുകള്‍ ഊര്‍ന്നിറങ്ങും. പിന്നെ ഉമ്മച്ചി നിരത്തുന്ന പാത്രങ്ങളില്‍ മഴ താളം പിടിച്ച് താരാട്ടാവും. കുളിരു പെയ്യുന്ന ആ രാത്രികളില്‍ കമ്പിളി പുതപ്പിനടിയിലെ ഞൂണ്ടു കിടത്തത്തിനു വല്ലാത്തൊരു സുഖമായിരുന്നു.

ആകാശച്ചീളുകള്‍ ഒളിഞ്ഞു നോക്കാറുണ്ടായിരുന്ന ഓടിന്റെ വിടവിലൂടെ അന്നേരം ചില മഴനൂലുകള്‍ ഊര്‍ന്നിറങ്ങും.

നേരം ഏറെ പുലര്‍ന്നിട്ടും പോകാന്‍ കൂട്ടാക്കില്ല മഴ. മുറ്റത്തെ ചെടികളെയും പൂക്കളെയും തഴുകിത്തലോടി ചെളിപ്പാടുകള്‍ ചിതറി തെറിപ്പിച്ച് മാമ്പഴത്തിന്റെയും പേരക്കയുടെയും മധുരം കവര്‍ന്നെടുത്ത് അവള്‍ മടങ്ങുന്നത് അത്രയും പതുക്കെയാണ്. ശേഷം ഒളിഞ്ഞു നോക്കാനെത്തുന്ന മഞ്ഞുവരവുകളെ പ്രതീക്ഷിച്ച്, തുണികള്‍ അയലിലിട്ട് തിരികെ കയറുന്ന ഉമ്മച്ചിയോട് കുസൃതി കാട്ടി അവള്‍ പിന്നെയും വരും. കാലമിത്രയായിട്ടും മഴയുടെ കുസൃതിക്ക് മാത്രം മാറ്റമില്ല.

മഴക്കാലവും മഴവെള്ളപാച്ചിലും ഞങ്ങള്‍ കുട്ടികള്‍ക്ക് ഉത്സവം തന്നെ ആയിരുന്നു. കുഞ്ഞാമ്മയുടെ വീട്ടില്‍,  ഞങ്ങള്‍ കുട്ടികള്‍, വീടിനെ പൊതിഞ്ഞ പുല്ലില്‍ നിന്നൂര്‍ന്നിറങ്ങുന്ന ഓരോ മഴത്തുള്ളിയെയും ഈര്‍ക്കിലില്‍ ശേഖരിച്ച് കൈ വെള്ളയില്‍ ഓരോ തുള്ളിയായ് പകര്‍ത്തി ചിത്രപ്പണികള്‍ തീര്‍ത്ത് മൈലാഞ്ചിയെന്ന് വിളിക്കും. 

തോരാത്ത മഴ പുഴയിലെ ജലനിരപ്പുയര്‍ത്തുന്നത് ആകാംക്ഷയോടെ നോക്കി നില്‍ക്കും. പുഴ നിറഞ്ഞാല്‍ അത് പതിയെ വയലിലേക്കൊഴുും. വയലില്‍ നിന്നല്‍പം ഉയര്‍ന്ന് പൊന്തി നില്‍ക്കുന്ന കരഭാഗത്താണ് ഞങ്ങളുടെ വീട്. വയലില്‍ അരയോളവും പിന്നെ കഴുത്തറ്റവും വെള്ളം കയറി തുടങ്ങിയാല്‍ ശേഷം തോട്ടത്തിലേക്കും ഞങ്ങളുടെ വീടിന്റെ അകത്തളങ്ങളിലേക്കും വെള്ളം നിരക്കും. മീന്‍പിടുത്തക്കാരെക്കൊണ്ട് നിറയുന്ന സമയം. ചൂട് ചോറും മുളകിട്ട പുഴമീന്‍ കറിയും പിന്നെ തോരാമഴയും ഇന്നും നിറം മങ്ങാത്ത ഓര്‍മ്മകള്‍.

അങ്ങനെ ഒരു മഴവെള്ളപ്പാച്ചിലിന്റെ സമയത്തായിരുന്നു എന്നെ വായിച്ചിയും (ഉമ്മയുടെ ഉപ്പ ) വല്ലിമ്മയും ഉമ്മയുടെ നാടായ വാണിമേലിലേക്ക് കൊണ്ടു പോകുന്നതും അവിടെ ഭൂമിവാതുക്കല്‍ സ്‌കൂളില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കുന്നതും. താത്ത പിറന്ന് പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം പിറന്നതിനാല്‍ എന്നെ ഒരുപാട് ലാളിച്ചിരിക്കണം. എന്നും  സാധാരണയില്‍ കവിഞ്ഞ കുസൃതിക്കാരി ആയിരുന്നു ഞാന്‍. വീട്ടില്‍ നിന്നുള്ള മാറിനില്‍പ്പ് എന്നെ ഏറെ തളര്‍ത്തി. തേങ്ങലുകള്‍ ഉള്ളിലൊതുക്കാനും ആരും കാണാതെ ഇരുട്ടില്‍ മഴയോടൊപ്പം കരയാനും ഞാന്‍ അന്നേ ശീലിച്ചിരുന്നു.

ഉള്ളിലെ ദു:ഖം കാരണമാവും ആ മഴയ്‌ക്കെപ്പോഴും വിഷാദഭാവമാണെന്ന് തോന്നും. ഉള്ളാകെ മൗനം നിറയും. 

അന്നേരം കരിംകുളവും പുഴയും വയലുമെല്ലാം ഒന്നായി നിറഞ്ഞൊഴുകുകയായിരിക്കും. 

വെള്ളത്തില്‍ ഒലിച്ചു വരുന്ന കറുത്ത രോമമുള്ള തൊപ്പന്‍ പുഴുക്കളെ മാത്രമായിരുന്നു പേടി.

ഉപ്പയും എളാപ്പയും താത്താനെയും ശിഹാബ്ക്കയെയും വടിയും കുത്തിപിടിച്ച്, വരമ്പേത് കുഴിയേത് എന്ന് തപ്പിപ്പിടിച്ച് സ്‌കൂളിലേക്ക് പോവുന്നുണ്ടാവും. ഞാനും വാശി പിടിച്ച് അവര്‍ക്കൊപ്പം പോകുമായിരുന്നു. ഉപ്പയുടെ തോളില്‍ കാലിട്ടിരുന്ന് ആ കൈകളില്‍ എന്റെ കൈകള്‍ ചേര്‍ത്തു പിടിച്ച് ചുറ്റിലും പായുന്ന മഴവെള്ളത്തെ ആവോളം കണ്ടൊരു യാത്ര.

തോട്ടത്തില്‍ നിന്നും വയലിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മാവില്‍ പടര്‍ന്നു പിടിച്ച പാഷന്‍ ഫ്രൂട്ടില്‍ നിന്നും ചിലത് വീണ് ഒലിച്ചു വരുമ്പോള്‍ ഞാന്‍ അതിനായി വാശിപിടിക്കുമായിരുന്നു. കയ്യിലെ വടി നീട്ടിയേന്തി ഓരോ ഫാഷന്‍ ഫ്രൂട്ടും തോണ്ടി എടുക്കുമ്പോള്‍ ഞാന്‍ ഉപ്പയുടെ തോളിലിരുന്ന് ആവേശത്തോടെ കൈകൊട്ടിച്ചിരിക്കും. വെള്ളത്തില്‍ ഒലിച്ചു വരുന്ന കറുത്ത രോമമുള്ള തൊപ്പന്‍ പുഴുക്കളെ മാത്രമായിരുന്നു പേടി. ദൂരെ നിന്ന് അവയെ കാണുമ്പോഴേ ഞാന്‍ ഉപ്പയെ മുറുകെ പിടിച്ചിരിക്കും. 

പതിയെ ഉമ്മയുടെ നാടുമായും നാട്ടിലെ ശീലങ്ങളുമായി ഞാനും ഇണങ്ങി തുടങ്ങി. തോരാ മഴയില്‍ മുറ്റത്ത് ഉറവ പൊട്ടുന്നതും തെളിനീരുറവ ഒലിച്ചു പായുന്നതും അതിശയത്തോടു കാണും. വയനാട്ടില്‍ ഒഴുകിയെത്തിയ മഴവെള്ള പാച്ചിലിന്, എളാപ്പ കുടിച്ചിരുന്ന അതേ പാല്‍ച്ചായയുടെ നിറമായിരുന്നെങ്കില്‍ ഇത് തെളിനീരുറവ ആയിരുന്നു. കിണറ്റിലെ ജലനിരപ്പ് ഇത്രത്തോളമുയരുന്നത് വയനാട്ടില്‍ കണ്ടിട്ടേയില്ലായിരുന്നു. കയ്യിലെ കോപ്പ കൊണ്ട് കിണറ്റിലെ വെള്ളം കോരിയെടുക്കുന്നത് കൗതുകമായിരുന്നു. കിണറിനോടൊപ്പം എന്റെ മനസ്സും നിറഞ്ഞൊഴുകും. 

എന്നാല്‍ ഒന്നരവര്‍ഷത്തിനപ്പുറം ഞാനവിടെ നിന്നില്ല.

മറ്റൊരു മഴക്കാലത്ത്, ഓണം വെക്കേഷന്, വയനാട്ടില്‍ എത്തിയ ഞാന്‍ തിരികെ പോകാന്‍ കൂട്ടാക്കിയില്ല. അന്ന് ഞങ്ങള്‍ കരിംകുളത്തുനിന്ന് ഒരു കിലോമീറ്ററോളം മാറി റോഡരികില്‍ പുതിയ സ്ഥലം വാങ്ങുകയും കോണ്‍ക്രീറ്റ് വീട് കെട്ടുകയും ചെയ്തിരുന്നു. രണ്ടാം ക്ലാസ് പകുതിയില്‍ എന്നെ പനങ്കണ്ടി ജി.എച്ച്.എസ്.എസില്‍ ചേര്‍ത്തു്. സ്‌കൂളിലേക്കുള്ള മുക്കാല്‍ മണിക്കൂറോളം നീണ്ട കാല്‍നടയാത്ര ആയിരുന്നു അന്നേറ്റവും ഹരം. കുടയ്ക്ക് മുകളില്‍ മഴത്തുള്ളികള്‍ നൃത്തം വയ്ക്കുമ്പോള്‍ ഉള്ളിലേക്കാഴ്ന്നിറങ്ങുന്ന വല്ലാത്തൊരു കുളിരുണ്ട്. രാവിലെ പെയ്യുന്ന മഴയോട് മാത്രം ചെറിയൊരു നീരസം തോന്നാറുണ്ട്. മറ്റൊന്നുമല്ല, ശീതകാറ്റില്‍ നനഞ്ഞൊട്ടിയ യൂണിഫോമുമായി ക്ലാസ്സില്‍ ഇരിക്കുന്നതിനെ കുറിച്ചോര്‍ത്ത്.

മഴയുടെ സംഗീതവും ഞങ്ങളുടെ പാട്ടും മത്സരിച്ചങ്ങനെ പെയ്യും. 

ക്ലാസ് മുറിയിലെ ആസ്ബറ്റോസിന് മുകളില്‍ മഴ താളം പിടിച്ചു തുടങ്ങിയാല്‍ പിന്നെ തൊട്ടടുത്ത ക്ലാസ്സിലെ ശബ്ദം പോലും കേള്‍ക്കില്ല. മരം കൊണ്ട് നിര്‍മ്മിച്ച ജനല്‍ പാളികള്‍ ശക്തിയില്‍ ആഞ്ഞടിക്കും. ക്ളാസ്സിലാകെ കാറ്റ് പടരും. അരണ്ട വെളിച്ചം നിറയും. ഭയപ്പാടുകളില്‍ നിന്നുയരുന്ന ആര്‍പ്പുവിളികളും ആഹ്ലാദത്തിന്റെ കൂവലുകളും ഒന്നിച്ചുയരും. തണുത്തു വിറയ്ക്കുന്ന കാറ്റില്‍ ഞങ്ങള്‍ കുട്ടികള്‍ ബെഞ്ചില്‍ തിങ്ങിയിരുന്നു അശ്വമേധം കളിച്ചു തുടങ്ങും. മഴയുടെ സംഗീതവും ഞങ്ങളുടെ പാട്ടും മത്സരിച്ചങ്ങനെ പെയ്യും. 

സ്‌കൂള്‍ വിട്ടാലാകട്ടെ ഒരോട്ടമാണ്. റോഡിലെ കുഴികളിലെല്ലാം തളം കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ എടുത്തു ചാടി പരസ്പരം വെള്ളം തെറിപ്പിച്ച് യാത്ര. കുടയുണ്ടെങ്കിലും, മഴയെ അടുത്തറിഞ്ഞ്, സ്‌നേഹിച്ച് താലോലിച്ച് പരസ്പരം പുണര്‍ന്നു വീട്ടിലെത്തുമ്പോഴേക്കും, നനയാത്ത ഒരു മുടിനാരിഴപോലും ബാക്കി ഉണ്ടാവില്ല. ചൂടു വെള്ളവുമായി കുളിമുറിയിലേക്ക് ഉന്തി വിട്ടാലും അവസാനം പച്ചവെള്ളം തന്നെ ഒഴിക്കണം. അത് നിര്‍ബന്ധമാണ്. ശേഷം കുളിയൊക്കെ കഴിഞ്ഞ് ആവി പറക്കുന്ന കാപ്പിയുമായി ജനലരികില്‍ വന്ന് വീണ്ടും മഴയുടെ കുളിരിനെ നുകര്‍ന്നു തുടങ്ങും.

അതെ എന്റെ കാപ്പിപാത്രം കാലിയായിരിക്കുന്നു. മഴയുടെ സംഗീതം പിന്‍വലിയുന്നു. മഴനൂലുകള്‍ നേര്‍ത്തു നേര്‍ത്തൊടുവില്‍ പാടെ മാഞ്ഞിരിക്കുന്നു. അവിടവിടെയായ് ഓരോ തുള്ളികള്‍ മാത്രം ഉറ്റി വീഴുന്നുണ്ടിപ്പോഴും. ഓര്‍മ്മയുടെ മരങ്ങള്‍ പെയ്യുന്ന നേരമാണിത്. 

 

ഇനിയും തോരാത്ത മഴകള്‍

സുനു പി സ്‌കറിയ: മഴയുടെ സെല്‍ഫ് ഗോള്‍!

ധന്യ മോഹന്‍പെരുമഴയത്തൊരു കല്യാണം!

ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍

ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ...

നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു  വീട്

കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു;  കടല്‍ ഞങ്ങളെയും!

ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല

സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!

കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?

ജാസ്‌ലിന്‍ ജെയ്‌സന്‍: മഴയ്ക്കും മഞ്ഞിനുമൊപ്പം  ആയിരം അടി മുകളില്‍!

സഫീറ മഠത്തിലകത്ത്: സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം

ഹാഷ്മി റഹ്മാന്‍: കനലെരിഞ്ഞുതീര്‍ന്നൊരു മഴ

ഡോ. ഹസനത് സൈബിന്‍: ചാരായം മണക്കുന്നൊരു മഴ!

ഷാദിയ ഷാദി: മഴയെ എനിക്ക് ഭയമായിരുന്നു

ശരത്ത് എം വി: പറയാതെ പോയൊരു പ്രണയം; പെയ്യാതെ പോയ മഴ!

രോഷ്‌ന ആര്‍ എസ്: ആലിംഗനത്തിന്റെ ജലഭാഷ!

നിച്ചൂസ് അരിഞ്ചിറ: ചാപ്പപ്പുരയിലെ മഴക്കാലങ്ങള്‍

ശരണ്യ മുകുന്ദന്‍: വയല്‍ പുഴയാവുംവിധം

ഗീതാ സൂര്യന്‍​: മഴയില്‍ നടക്കുമ്പോള്‍  ഞാനുമിപ്പോള്‍ കരയും​

റീന പി ടി: മഴയെടുത്ത ഒറ്റച്ചെരിപ്പ്

ഫസീല മൊയ്തു: ആ മഴ ഉമ്മയുടെ കണ്ണീരായിരുന്നു!

മനു ശങ്കര്‍ പാതാമ്പുഴ: കഞ്ഞിക്കലവും മണ്‍ചട്ടികളും കൊണ്ട് മഴയെ തടഞ്ഞു, അമ്മ!​

ഫൈസല്‍ സറീനാസ്: ഫോണിലൊരു മഴ!

ഫാത്തിമ വഹീദ അഞ്ചിലത്ത് :  ആ കടലാസ് തോണികള്‍  വീണ്ടും എന്നെ അഞ്ചു വയസ്സുകാരിയാക്കുന്നു​

ഉമൈമ ഉമ്മര്‍: ഉരുള്‍പ്പൊട്ടിയ  മണ്ണിലൊരുവള്‍ മഴ അറിയുന്നു!

ശംഷാദ് എം ടി കെ: മഴ എന്നാല്‍ ഉമ്മ തന്നെ!

സാനിയോ: മഴപ്പേടികള്‍ക്ക് ഒരാമുഖം​

നിജു ആന്‍ ഫിലിപ്പ് : മീന്‍രുചിയുള്ള മഴക്കാലങ്ങള്‍​

മാഹിറ മജീദ്: മഴയെന്ന് കേള്‍ക്കുമ്പോള്‍  ഉള്ളില്‍ അവള്‍ മാത്രമേയുള്ളൂ, ആ കുടയും...

ശംസീര്‍ ചാത്തോത്ത്: ക്രിക്കറ്റ് മുടക്കുന്ന ദുഷ്ടന്‍ മഴ!

അനാമിക സജീവ്‌ : വീട്ടിലെത്തുമ്പോള്‍ ഒരു വടി കാത്തുനില്‍പ്പുണ്ടായിരുന്നു!

രാരിമ എസ്: അന്നേരം എല്ലാ കണ്ണീരും പെയ്തുതോര്‍ന്നു

ജയ ശ്രീരാഗം: മഴയിലൂടെ നടന്നുമറയുന്നു, അച്ഛന്‍!​​

രേഷ്മ മകേഷ് : പിഞ്ഞിപ്പോയൊരു ഒരു മഴയുറക്കം!

ശിശിര : പെരുമഴയത്ത്, വിജനമായ വഴിയില്‍ ഒരു പെണ്‍കുട്ടി

പ്രശാന്ത് നായര്‍ തിക്കോടി: ഭൂമിയില്‍ ഏറ്റവും മനോഹരമായ  പുലരിയുടെ തലേന്ന്

മന്‍സൂര്‍ പെരിന്തല്‍മണ്ണ: മഴയുടെ മലപ്പുറം താളം!

റിജാം റാവുത്തര്‍: മറ്റൊന്നും പോലെയല്ല ഈ മഴമേളം!​

Follow Us:
Download App:
  • android
  • ios