Asianet News MalayalamAsianet News Malayalam

കാടു കടന്ന് സ്കൂളിലെത്താനാവാതെ വിദ്യാര്‍ത്ഥികള്‍; ഡ്രൈവറുടെ വേഷം കൂടി ധരിച്ച് അധ്യാപകന്‍

''പല വിദ്യാര്‍ത്ഥികളും വളരെ ദൂരെ നിന്നാണ് സ്കൂളിലെത്തുന്നത്. കാട് കടന്നും വരുന്നവരുണ്ട്. ആറ് മുതല്‍ പത്ത് കിലോമീറ്റര്‍ വരെ ദൂരെയാണ് പലരും താമസിക്കുന്നത്. ഈ വഴിയത്രയും നടന്ന് സ്കൂളിലെത്തുക സാധ്യമല്ല. ഈ കാരണം കൊണ്ടുതന്നെ പല കുട്ടികളും പഠനം പാതിവഴിയിലുപേക്ഷിക്കുകയാണ്. അപ്പോഴാണ് ഇതിന് എന്തെങ്കിലും പരിഹാരം കാണണമെന്ന് എനിക്ക് തോന്നുന്നത്.'' രാജാറാം പറയുന്നു.

rajaram teacher turns driver
Author
Karnataka, First Published Jan 24, 2019, 12:17 PM IST

കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ ബാരാളി സ്കൂളില്‍ പല വിദ്യാര്‍ത്ഥികളും ഇടയ്ക്ക് വച്ച് പഠനം നിര്‍ത്തുന്നവരായിരുന്നു. സ്കൂളിലെത്താനുള്ള ബുദ്ധിമുട്ടായിരുന്നു ഇതിന് പ്രധാന കാരണം. പക്ഷെ, പ്രദേശവാസി കൂടിയായ അധ്യാപകന്‍റെ സഹായത്തോടെ സ്കൂള്‍ ഈ പ്രശ്നത്തെ മറികടന്നു. എങ്ങനെയെന്നല്ലേ? ഈ അധ്യാപകന്‍ തന്നെ ഡ്രൈവറുടെ വേഷവുമിട്ടു തുടങ്ങി. 

രാജാറാം എന്നാണ് അധ്യാപകന്‍റെ പേര്. രണ്ട് ജോലികളാണ് രാജാറാമിന്. ഒന്ന്, എല്ലാ അധ്യാപകരേയും പോലെ തന്നെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുക, രണ്ട്, കുട്ടികളെ സ്കൂളിലേക്കും തിരികെ വീട്ടിലേക്കും എത്തിക്കുന്ന ഡ്രൈവറാവുക. അതുകൊണ്ട് തന്നെ സ്കൂളിലെത്താനുള്ള പ്രയാസത്തിന്‍റെ പേരില്‍ ആരും പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നില്ല. 

''പല വിദ്യാര്‍ത്ഥികളും വളരെ ദൂരെ നിന്നാണ് സ്കൂളിലെത്തുന്നത്. കാട് കടന്നും വരുന്നവരുണ്ട്. ആറ് മുതല്‍ പത്ത് കിലോമീറ്റര്‍ വരെ ദൂരെയാണ് പലരും താമസിക്കുന്നത്. ഈ വഴിയത്രയും നടന്ന് സ്കൂളിലെത്തുക സാധ്യമല്ല. ഈ കാരണം കൊണ്ടുതന്നെ പല കുട്ടികളും പഠനം പാതിവഴിയിലുപേക്ഷിക്കുകയാണ്. അപ്പോഴാണ് ഇതിന് എന്തെങ്കിലും പരിഹാരം കാണണമെന്ന് എനിക്ക് തോന്നുന്നത്.'' രാജാറാം പറയുന്നു.

ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള സ്കൂളില്‍ ആകെയുള്ളത് അന്‍പത് കുട്ടികളാണ്. സയന്‍സും ഗണിതവും പഠിപ്പിക്കുന്ന അധ്യാപകനാണ് രാജാറാം. നിരന്തരം വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളോട് വിദ്യാഭ്യാസത്തിന്‍റെ ആവശ്യകതയും പ്രാധാന്യവും ബോധ്യപ്പെടുത്താനുള്ള ശ്രമം നടത്തുന്നുണ്ട് രാജാറാം. പക്ഷെ, അപ്പോഴും ഇത്തരം യാത്രാപ്രശ്നങ്ങളെ എങ്ങനെ മറികടക്കും എന്നതിന് മറുപടിയുണ്ടായിരുന്നില്ല. 

''ഇതൊരു ഒറ്റപ്പെട്ട സ്ഥലമാണ്. പലരും വളരെ പാവപ്പെട്ട വീട്ടിലെ കുട്ടികളാണ്. അതുകൊണ്ടുതന്നെ സ്കൂള്‍ പഠനം ഉപേക്ഷിക്കുന്നത് രക്ഷിതാക്കളെ സംബന്ധിച്ച് പ്രാധാന്യമുള്ള വിഷയമായിരുന്നില്ല. പക്ഷെ, അവര്‍ പഠനം മതിയാക്കി രക്ഷിതാക്കളോടൊപ്പം പണിക്കിറങ്ങുന്നത് എനിക്ക് സമ്മതിക്കാനാവുമായിരുന്നില്ല. പല പെണ്‍കുട്ടികളും സ്കൂളിലേക്കെത്താന്‍ നല്ല റോഡ് സൗകര്യം ഇല്ലാത്തതിന്‍റെ പേരില്‍ പഠനമുപേക്ഷിക്കുന്നുണ്ട്. പലര്‍ക്കും കാട്ടിലൂടെ നടന്നുവേണം സ്കൂളിലെത്താന്‍. വിദ്യാര്‍ത്ഥികള്‍ പഠനം പാതിവഴിയിലുപേക്ഷിക്കുന്നതിന്‍റെ ഭാഗമായി സ്കൂള്‍ അടച്ചുപൂട്ടലിന്‍റെ വക്കിലെത്തി'' എന്നും രാജാറാം പറയുന്നു. 

അപ്പോഴാണ് പൂര്‍വ വിദ്യാര്‍ത്ഥിയായ വിജയ് ഹെഡ്ജേ രക്ഷകന്‍റെ രൂപത്തിലെത്തി അവര്‍ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തത്. ബംഗളൂരുവില്‍ ബിസിനസ് നടത്തുന്ന വിജയ് ഒരു ബസ് വാങ്ങാന്‍ സഹായവുമായി രാജാറാമിനെ സമീപിച്ചു. 

മറ്റൊരു പൂര്‍വ വിദ്യാര്‍ത്ഥിയായ ഗണേഷ് ഷെട്ടിയും സഹായിച്ചു. അങ്ങനെ സ്കൂള്‍ ബസ് വാങ്ങാനുള്ള തീരുമാനമായി. പക്ഷെ, അടുത്ത പരീക്ഷണം ഉത്തരവാദിത്തബോധമുള്ള ഒരു ഡ്രൈവറെ കിട്ടുക എന്നതായിരുന്നു. ഒരു ഡ്രൈവറെ നിയമിക്കാനുള്ള സാമ്പത്തികവുമില്ല. അങ്ങനെയാണ് ഡ്രൈവര്‍ ജോലിയും രാജാറാം തന്നെ ഏറ്റെടുക്കുന്നത്. 

'സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന ചെറിയ ശമ്പളം കൊണ്ട് ഒരു ഡ്രൈവര്‍ക്ക് 7000 രൂപ സാലറി കൊടുക്കാനുള്ള കഴിവെനിക്കില്ല. അതുകൊണ്ട് ഞാന്‍ ഡ്രൈവിങ് ലൈസന്‍സെടുത്തു. കുട്ടികളെ സ്കൂളിലെത്തിക്കാന്‍ തുടങ്ങി' എന്നാണ് രാജാറാം പറയുന്നത്.

നാല് ട്രിപ്പുകളാണ് രാജാറാമിനുള്ളത്. 9.30 ആകുമ്പോഴേക്കും എല്ലാ കുട്ടികളും സ്കൂളിലെത്തിയോ എന്ന് അദ്ദേഹം ഉറപ്പു വരുത്തുന്നു. ശേഷം ഡ്രൈവറുടെ വേഷമഴിച്ചുവെച്ച് അധ്യാപകനായി മാറുന്നു. 

50 -ല്‍ നിന്ന് 90 പേരായി സ്കൂളില്‍ കുട്ടികളുടെ എണ്ണം വര്‍ധിച്ചു. വിദ്യാര്‍ത്ഥികളുടെ എണ്ണം കൂട്ടുന്നതിനായി വിദ്യാര്‍ത്ഥിനികള്‍ക്ക് നല്ല ശുചിമുറി സൗകര്യം, വിദ്യാര്‍ത്ഥികള്‍ക്ക് കായിക പരിശീലനം നടത്താനുള്ള സ്ഥലം അങ്ങനെ പല ആലോചനകളും നടപ്പിലാക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ രാജാറാം. 

സാമ്പത്തികമാണ് പ്രശ്നം. പൂര്‍വ വിദ്യാര്‍ത്ഥികളുടെയും മറ്റും സഹകരണമുണ്ടെങ്കില്‍ എല്ലാം നടക്കുമെന്നാണ് വിശ്വാസമെന്നും സ്കൂളിനേയും വിദ്യാര്‍ത്ഥികളേയും ഒരുപാട് ഇഷ്ടപ്പെടുന്ന ഈ അധ്യാപകന്‍ പറയുന്നു. 

Follow Us:
Download App:
  • android
  • ios